‘യുറേക്കാ’ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ട് ആര്‍ക്കമിഡീസ് തെരുവിലൂടെ ഓടിനടന്നപോലെ ഇവിടെ ഒരാള്‍ ‘കണ്ടു പിടിച്ചേ’ എന്ന് ആര്‍ത്തട്ടഹസിക്കുകയാണ്. അത് നമ്മുടെ മുഖ്യന്‍ വിജയന്‍ സഖാവാണ്. തെണ്ണൂറു കൊല്ലം മുമ്പ് കാണാതായ ഒരു കുറുവടി കണ്ടുകിട്ടിയതിന്റെ ആഹ്ലാദത്തിലാണദ്ദേഹം. ആര്‍ക്കമിഡീസിനെ ഭ്രാന്തന്‍ എന്ന് വിളിച്ചവര്‍ക്ക് പിന്നീട് അദ്ദേഹത്തിന്റെ പ്ലവനതത്ത്വം അംഗീകരിക്കേണ്ടിവന്നു. എന്നാല്‍ വിജയന്‍ സഖാവിന് ഭ്രാന്താണേ എന്നു പറയാന്‍ ഒരു കുട്ടിക്കുപോലും ധൈര്യം വരില്ല. പറഞ്ഞാല്‍ വിവരമറിയുകയും ചെയ്യും. തൊണ്ണൂറുവര്‍ഷം മുമ്പ് ഗുരുവായൂര്‍ സത്യഗ്രഹത്തിനു പുറപ്പെട്ട എ.കെ.ജിയെ തല്ലിയ കുറുവടിയാണ് വിജയന്‍ സഖാവ് കണ്ടെത്തിയത്. അതു ചിലരുടെ കയ്യിലുണ്ട് എന്നദ്ദേഹം തീര്‍ത്തു പറയുകയും ചെയ്യുന്നു. ഇത്ര ഉറപ്പിച്ചു പറയണമെങ്കില്‍ അദ്ദേഹം അത് കണ്ടെത്തി എന്നതില്‍ സംശയിക്കേണ്ടതില്ലല്ലോ. ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ നവതി ആഘോഷം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഈ ‘യുറേക്കാ’ പ്രഖ്യാപനം ഉണ്ടായത്. ഈ കുറുവടിയും അന്വേഷിച്ച് സഖാവ് നടക്കാന്‍ തുടങ്ങിയിട്ട് ചില്ലറകാലമൊന്നുമല്ല കഴിഞ്ഞത്. ബ്രണ്ണന്‍ കോളേജില്‍ താന്‍ കടന്നു പോന്ന വടിവാളുകള്‍ക്കിടയില്‍ എവിടെയെങ്കിലും ഈ കുറുവടിയുണ്ടോ എന്ന് പ്രത്യേകം അന്വേഷിച്ചതാണ്. അവിടെ കണ്ടില്ല. അടിയന്തരാവസ്ഥാകാലത്ത് തന്നെ അറസ്റ്റുചെയ്തുകൊണ്ടുപോയി ഇടിച്ച് ഇഞ്ചപ്പരുവത്തിലാക്കിയ പോലീസിന്റെ കയ്യില്‍ ഈ കുറുവടിയുണ്ടോ എന്നു പരതി നോക്കി; കണ്ടില്ല. എന്നിട്ടൊന്നും സഖാവ് അന്വേഷണം നിര്‍ത്തിയില്ല.
മുഖ്യമന്ത്രിയായപ്പോള്‍ ഇതു കണ്ടെത്താന്‍ പറ്റിയ ഒരാളെ ഡി.ജി.പിയായി ഇറക്കുമതി ചെയ്തു. അദ്ദേഹം തപ്പി സംഗതി കണ്ടെത്തി. അതു ഉറപ്പുവരുത്താന്‍ തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ മറ്റൊരു പോലീസ് ഓഫീസറെ കൂടെ വിട്ടു. രണ്ടുപേരും ചേര്‍ന്ന് ഇത് ആ കുറുവടി തന്നെയാണെന്ന് ഉറപ്പുവരുത്തി ഫോട്ടോ എടുത്തു സഖാവിന് നല്‍കിയിട്ടുണ്ടാവും. കൂട്ടത്തില്‍ വാളുംപിടിച്ച് ടിപ്പുവിന്റെ സിംഹാസനത്തില്‍ തങ്ങള്‍ ഇരിക്കുന്നതിന്റെ ഫോട്ടോയും എടുത്ത് ഈ ഉദ്യോഗസ്ഥര്‍ സംതൃപ്തിയടഞ്ഞു. ഏതു പുരാവസ്തുവും ഒറിജിനലും ഡ്യൂപ്ലിക്കേറ്റുമായി തരാതരം പോലെ കിട്ടുന്ന മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു ശേഖരത്തില്‍ നിന്നാണെന്നു കേള്‍ക്കുന്നു, ഈ കുറുവടി കണ്ടെത്തിയത്. പ്രതിഫലമായി മാവുങ്കലിന്റെ വീടിന് പോലീസ് കാവലും ഏര്‍പ്പെടുത്തി. ആരുടെ കയ്യില്‍ നിന്നാണ് കുറുവടി കണ്ടുകിട്ടിയത് എന്ന് തുറന്നു പറയാന്‍ പറ്റാത്ത അവസ്ഥയാണല്ലോ ഇപ്പോഴുള്ളത്. അതുകൊണ്ടാണ് ”കുറുവടി ഇപ്പോഴും ചിലരുടെ കയ്യിലുണ്ട്” എന്നു സഖാവ് പറഞ്ഞത്. രാഷ്ട്രീയത്തില്‍ മതം ഇടപെടുന്നതാണ് വര്‍ഗ്ഗീയത എന്നാണല്ലോ സഖാക്കള്‍ ഇതുവരെ നമ്മെ പഠിപ്പിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ വിജയന്‍ സഖാവ് പറയുന്നത് മതത്തില്‍ രാഷ്ട്രീയം നടത്തിയ ഇടപെടലുകള്‍ മെച്ചപ്പെട്ട സമൂഹത്തെ സൃഷ്ടിച്ചുവെന്നാണ്. ഇതും സഖാവിന്റെ കണ്ടെത്തലാണ്. ഇനി എന്തൊക്കെ കണ്ടെത്തലുകള്‍ നാം കാണാനിരിക്കുന്നു.