ഭാവനയ്ക്ക് അതിരില്ല എന്ന് എനിക്കു മനസ്സിലായത് ബെന്യാമിന്റെ രണ്ടു നോവലുകള്‍ വായിച്ചപ്പോഴാണ്; മഞ്ഞവെയില്‍ മരണങ്ങളും മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങളും. നോവലെഴുത്തുകാരന് എന്തും സങ്കല്പിക്കാം. കൃത്രിമമായി ഒരു രാജ്യം തന്നെ സൃഷ്ടിക്കാം. സ്വര്‍ഗവും നരകവും എഴുത്തുകാര്‍ സൃഷ്ടിച്ചിട്ടുണ്ട്. ആര്‍.കെ. നാരായണ്‍ കൃത്രിമമായി സൃഷ്ടിച്ച മാല്‍ഗുഡി എന്ന സ്ഥലപ്പേര് പിന്നെ യാഥാര്‍ത്ഥ്യമായതായി കേട്ടിട്ടുണ്ട്. കര്‍ണാടകത്തിലെ ഷിമോഗജില്ലയില്‍ അരസലു(Arasalu) എന്ന ചെറിയ റെയില്‍വെസ്റ്റേഷന്റെ പേര് എഴുത്തുകാരന്റെ ബഹുമാനാര്‍ത്ഥം മാല്‍ഗുഡി എന്ന് മാറ്റി സര്‍ക്കാര്‍ വിജ്ഞാപനം തന്നെ പുറപ്പെടുവിച്ചു.
ജോനാഥന്‍ സ്വിഫ്റ്റ് (Jonathan Swift) ലില്ലിപ്പുട്ട് (Lilliput),ബ്രോബ്ഡിങ്ങ് നാഗ്(Brob dingnag) എന്നീ രണ്ടു രാജ്യങ്ങള്‍ തന്നെ സൃഷ്ടിച്ചു കളഞ്ഞു എന്നു മാത്രമല്ല വായനക്കാര്‍ക്ക് വിശ്വാസ്യതയുണ്ടാക്കുന്നതിനായി സ്ഥലങ്ങളുടെ ഒരു സാങ്കല്പികമേപ്പ് കൂടി അദ്ദേഹം കൃതിയില്‍ വരച്ചു ചേര്‍ത്തു. മാര്‍കേസിന്റെ ‘മക്കൊണ്ടയും വില്യം ഫോക്‌നറുടെ ‘യാക്‌ന പട്ടോഫ’യും പ്രശസ്തങ്ങളായ സാങ്കല്പിക ഇടങ്ങളാണ്. പട്ടോഫ നോര്‍ത്ത് വെസ്റ്റേണ്‍ മിസ്സിസ്സിപ്പിയിലാണെന്ന് നോവലിസ്റ്റ് സ്ഥാപിക്കുന്നു. ‘മാക്കൊണ്ട’ എഴുത്തുകാരന്റെ സ്വന്തം ജന്മസ്ഥലമായ അരക്കറ്റാക്ക (Aracataca) തന്നെ. ഇങ്ങനെയും സങ്കല്പിക്കാന്‍ എഴുത്തുകാരന് അധികാരമുണ്ട്. അതാര്‍ക്കും ചോദ്യം ചെയ്യാനവകാശമില്ല.
എഴുത്തുകാരന്‍ ഇത്തരം സങ്കല്പങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ആ കൃതിയ്ക്കുള്ളിലെങ്കിലും നിലനില്‍ക്കുന്ന ഒരു യുക്തിയെ അതു തൃപ്തിപ്പെടുത്തണം. ദില്ലി സെക്രട്ടറിയേറ്റിനു മുന്‍പില്‍ വേലുത്തമ്പി പ്രതിമയുണ്ടെന്നോ ദിവാന്‍ മാധവറാവു ദില്ലിയിലെ ദിവാനായിരുന്നെന്നോ കൊച്ചിന്‍ ഷിപ്‌യാര്‍ഡ് മുംബൈയിലാണെന്നോ വാസ്‌കോഡഗാമ ഇന്ത്യയില്‍ വന്നത് 1248ലാണെന്നോ ഒക്കെ സങ്കല്പിക്കാന്‍ എഴുത്തുകാരന് അവകാശമുണ്ടോ? യുക്തിയ്ക്കു തീരെ നിരക്കാത്ത അത്തരം സങ്കല്പങ്ങളെ വായനക്കാര്‍ നിരാകരിക്കും എന്നാണ് എന്റെ വിശ്വാസം.
ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങളുടെ കഥ നടക്കുന്നത് ദീഗോഗാര്‍ഷ്യയിലാണ്. ദീഗോഗാര്‍ഷ്യ നമ്മുടെ അറിവില്‍ അമേരിക്കയുടെ ഒരു മിലിറ്ററി ബെയ്‌സ് മാത്രമാണ്. അവിടെ കാര്യമായി സിവിലിയന്‍ ജനസമൂഹമുള്ളതായി അറിവില്ല. ആകെ 4000 പേര്‍ മാത്രമേ അവിടെ പട്ടാളക്കാരല്ലാതെയുള്ളതായി വായിച്ചറിഞ്ഞിട്ടുള്ളൂ. അവര്‍ തന്നെ പലതരത്തില്‍ മിലിറ്ററിയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ ചെയ്യുന്ന സിവില്‍ ഉദ്യോഗസ്ഥ കുടുംബങ്ങളുമാണ് എന്നാണ് കേട്ടിട്ടുള്ളത്. ബെന്യാമിന്റെ ദീഗോഗാര്‍ഷ്യയില്‍ ഗ്രാമങ്ങള്‍, നഗരങ്ങള്‍, തമിഴ്‌സെറ്റില്‍മെന്റുകള്‍ മലയാളി സെറ്റില്‍മെന്റുകള്‍ ഒക്കെയുണ്ട്. ദീഗോഗാര്‍ഷ്യയില്‍ പോയിട്ടില്ലാത്തതിനാല്‍ കൃത്യമായും ഇതിനെ ഖണ്ഡിക്കാനുള്ള ധൈര്യം എനിക്കില്ല. ഇന്റര്‍നെറ്റിനെ മാത്രം വിശ്വസിച്ച് നോവലിസ്റ്റിനെ വിമര്‍ശിക്കാന്‍ വയ്യ. ഒരുപക്ഷെ ബെന്യാമിന്‍ അവിടെ പോവുകയും ഇതൊക്കെ നേരിട്ടറിയുകയും ചെയ്തിട്ടുണ്ടാവും. ദീഗോഗാര്‍ഷ്യയ്ക്ക് നിത്യമായ കേരളബന്ധം! ലക്ഷദ്വീപുകാര്‍ ഇവിടെ വന്നു പോകുന്നതുപോലെ അവര്‍ എന്നും കേരളത്തില്‍ വന്നുപോകുന്നു. അങ്ങനെയൊക്കെ സങ്കല്പിച്ചാല്‍ വായനക്കാര്‍ വകവച്ചുതരുമോ? വകവച്ചുതരും എന്നതിന്റെ തെളിവല്ലേ അദ്ദേഹത്തിന്റെ അടുത്ത കൃതിക്ക് വയലാര്‍ സമ്മാനം വച്ചുനീട്ടിയത്.
മഞ്ഞവെയിലിലെ ഉള്ളടക്കം ടി.ഡി. രാമകൃഷ്ണന്റെ രണ്ടു നോവലുകളുടെ കൂട്ടിക്കെട്ടലാണ്; ‘ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ’ യും ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായിക’യുടെയും. ഫ്രാന്‍സിസ് ഇട്ടിക്കോര ‘അല്‍കെമിസ്റ്റും’ ‘ഡാവിന്‍സികോഡും’ പാശ്ചാത്യ ലോകത്ത് ഇളക്കിവിട്ട നിഗൂഢശക്തികളിലുള്ള അമിത വിശ്വാസത്തിന്റെ പ്രതിഫലനമാണ്. കൂട്ടത്തില്‍ ക്രിസ്ത്യന്‍ ആത്മീയതയുടെ പ്രകാശനവും. സായിപ്പിന് സാത്താനിക് വേര്‍ഷിപ്പും നിഗൂഢാത്മകശക്തികളെ ഉപാസിക്കലുമൊക്കെ വലിയ കാര്യമാണെങ്കിലും നമുക്ക് അതൊക്കെ അഥര്‍വ്വത്തിന്റെ കാലം മുതലേയുണ്ട്. നമ്മുടെ ഏറ്റുമാനൂര്‍ ശിവകുമാറും പി.വി. തമ്പിയുമൊക്കെ എഴുതിയ മാന്ത്രിക നോവലുകള്‍ കൈകാര്യം ചെയ്തത് ഇതൊക്കെത്തന്നെയല്ലേ?ഉള്ളടക്കം ഭാരതീയമാണെന്നേയുള്ളൂ. രാമകൃഷ്ണന്‍ ‘ഡാവിന്‍സികോഡി’ ന്റെ ചുവടുപിടിച്ച് ക്രിസ്ത്യന്‍ നിഗൂഢതാ നീതികളെ പ്രയോജനപ്പെടുത്തി. അതൊക്കെത്തന്നെ ബെന്യാമിന്‍ പകര്‍ത്തിയിരിക്കുന്നു. ‘ഫ്രാന്‍സിസ് ഇട്ടിക്കോരയും ഡാന്‍ ബ്രൗണിന്റെ ഡാവിന്‍സികോഡും തന്നെയാണ് ബെന്യാമിന്റെ മുഖ്യപ്രചോദനങ്ങള്‍ എന്ന കാര്യത്തില്‍ സംശയമില്ല. ‘സുഗന്ധി’ യിലെ സംഘകാല ചരിത്രകഥകള്‍ കൂടി നോവലിസ്റ്റ് പകര്‍ത്തിയിരിക്കുന്നു. അതെന്തിനാണോ എന്തോ! ദീഗോഗാര്‍ഷ്യയിലെ സംഭവങ്ങള്‍ക്കു സംഘകാലബന്ധം ഉണ്ടാക്കിയ നോവലിസ്റ്റിന്റെ ഭാവന അപാരം തന്നെ!
‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങളി’ ലെത്തുമ്പോള്‍ ആഖ്യായികാകാരന്റെ ഭാവന മറ്റൊരുതരം കൂട്ടിക്കെട്ടലിലേയ്ക്കു പോകുന്നു. അവിടെ ഇന്നത്തെ കേരളത്തിനു വേണ്ട ചേരുവകളൊക്കെയുണ്ട്. ചെഗുവേര, കമ്മ്യൂണിസ്റ്റ് ജീവിതത്തെക്കുറിച്ചുള്ള സഹതാപം, ക്രിസ്തീയ ജീവിത പരിസരം അങ്ങനെ ഒരുപാടു സംഗതികളുടെ അകാലികമായ കൂട്ടിക്കെട്ടലുകള്‍. കൂട്ടത്തില്‍ മന്നം ഷുഗര്‍മില്‍ സമരത്തില്‍ ആളുകളെ വെടിവച്ചു തള്ളിയ ഒരു സംഭവത്തെക്കുറിച്ചു പറയുന്നു. അങ്ങനെ 31 പേര്‍ കൊല്ലപ്പെട്ട ഒരു സമരം സ്വതന്ത്ര കേരളത്തില്‍ നടന്നിട്ടുണ്ടോ? അതുവെറും ഭാവനയാണെന്ന് നോവലിന്റെ അവസാനം സൂചിപ്പിക്കുന്നുമുണ്ട്. അതെന്തിനാണെന്നു മനസ്സിലാകുന്നില്ല. ചരിത്ര വസ്തുതകളെ ഇങ്ങനെ വളച്ചൊടിക്കാന്‍ ഒരു നോവലിസ്റ്റിന് അധികാരമുണ്ടോ? തീര്‍ച്ചയായും ഇല്ല. ചരിത്രത്തെ വ്യത്യസ്തമായി വ്യാഖ്യാനിക്കാമെന്നല്ലാതെ ഇല്ലാത്ത കാര്യങ്ങള്‍ ചരിത്രമെന്ന വ്യാജേന അവതരിപ്പിക്കുന്നത് പുതിയ സമൂഹത്തോടു ചെയ്യുന്ന കുറ്റകൃത്യമാണ്.
‘മാന്തളിര്‍ കുഞ്ഞൂഞ്ഞ്’ എന്ന മഹാനായ കമ്മ്യൂണിസ്റ്റ് ഒടുവില്‍ അഭയം തേടുന്നത് ക്രിസ്ത്യന്‍ ആത്മീയതയിലാണ്. കുഞ്ഞൂഞ്ഞിന്റെ മകന്‍ കോംറേഡ് ജിജിന്‍ ഒടുവില്‍ എഴുതിവച്ചിട്ടുപോകുന്നത് ‘സ്റ്റാലിനെകൊല്ലുക’ എന്നാണ്. ടിയാനെന്‍മെന്‍ സ്‌ക്വയര്‍ സംഭവത്തില്‍ കുഞ്ഞൂഞ്ഞ് പൊട്ടിത്തെറിക്കുന്നുമുണ്ട്. ചെഗുവേരയുടെ പടംവച്ചുള്ള കവര്‍ പേജൊക്കെ പുസ്തകത്തിനുണ്ടെങ്കിലും കമ്മ്യൂണിസ്റ്റുകള്‍ക്ക് ”ഇട്ടൊരു പണി” യാണ് നോവലിസ്റ്റിന്റെ ഉന്നം. അതിനുബദലായി ഉയര്‍ന്നു വരുന്നതോ ക്രിസ്തീയതയും. എങ്കിലും കടുത്ത വര്‍ഗ്ഗീയ നിലപാടില്‍ നിന്നാണു നോവലിസ്റ്റ് എഴുതുന്നതെന്നു പറയാന്‍ പറ്റില്ല. ആനുഷംഗികമായി ക്രൈസ്തവതയെ സൂചിപ്പിച്ചു പോകുന്നുവെന്നല്ലാതെ അതൊരു ബദല്‍ എന്ന രീതിയില്‍ കൃത്യമായി അവതരിപ്പിക്കപ്പെടുന്നില്ല.
നോവലിന്റെ ആദ്യഭാഗങ്ങളൊക്കെ ഒരു സാമൂഹ്യരചനയെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് പുരോഗമിക്കുന്നത്. എന്നാല്‍ അവസാനമാകുമ്പോള്‍ അതൊക്കെ നഷ്ടപ്പെട്ട് വ്യക്തിപരമായ ദുഃഖങ്ങളുടെയും നഷ്ടപ്പെടലുകളുടേയും കഥയായി ചുരുങ്ങുന്നു. ആവിഷ്‌കാരത്തില്‍ പുതുമകൊണ്ടുവരാന്‍ എഴുത്തുകാരന്‍ പരമാവധി ശ്രമിക്കുന്നു. പല ഇന്‍ഡോ ആംഗ്ലിക്കന്‍ എഴുത്തുകാരും പാശ്ചാത്യ എഴുത്തുകാരും ചെയ്യുന്ന രീതികളെല്ലാം ബെന്യാമിന്‍ അനുസരിക്കുന്നു. ഓരോ അധ്യായത്തില്‍ നിന്നും കുറച്ചു വരികളെടുത്ത് അധ്യായത്തിനുമുന്‍പില്‍ ചേര്‍ത്തിരിക്കുന്നു; ഒരു ആമുഖം പോലെ. നോവലിന്റെ പേജ് എണ്ണം വര്‍ദ്ധിപ്പിക്കാമെന്നല്ലാതെ അതുകൊണ്ട് സര്‍ഗ്ഗാത്മകമായി എന്തെങ്കിലും പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല. പാശ്ചാത്യ കൃതികളില്‍ അങ്ങനെ ഉണ്ടല്ലോ എന്നാവും അതിനുള്ള സമാധാനം. പടിഞ്ഞാറുള്ള ചില കൃതികളില്‍ കണ്ടിട്ടുള്ള രീതിയില്‍ ഫാമിലിട്രീ (കുടുംബത്തിന്റെ അംഗങ്ങളുടെ തലമുറതിരിച്ചുള്ള പട്ടിക) യും കൊടുത്തിരിക്കുന്നു. ഏറ്റവും അരോചകമായി തോന്നിയ സംഗതി നിസ്സാര സംഭവങ്ങള്‍ക്കു പോലും തലക്കെട്ടുകൊടുത്തിരിക്കുന്നു എന്നതാണ്. എല്ലാം പുതുമ സൃഷ്ടിക്കാനുള്ള വ്യഗ്രതയില്‍ നിന്നും ഉണ്ടായതായിരിക്കാം.
ആവിഷ്‌കാരത്തില്‍ ചില പുതുമകളൊക്കെ ഉണ്ടെങ്കിലും ‘മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ മെച്ചപ്പെട്ട ഒരു രചനയല്ല. എന്തൊക്കെയോ കുറെ പഴയസംഭവങ്ങളെ തലങ്ങും വിലങ്ങും വാരിവലിച്ച് അവതരിപ്പിച്ചിരിക്കുന്നു എന്നേയുള്ളൂ. ഒരു ആഖ്യായികയ്ക്കു വേണ്ട ഏകാഗ്രതയോ സംഭവങ്ങളുടെ പരസ്പരബന്ധത്തിലൂടെ രൂപപ്പെടുന്ന വികാസമോ ഈ കൃതിയ്ക്കില്ല. എങ്കിലും ഒരെഴുത്തുകാരന്റെ സ്പര്‍ശം ചിലയിടങ്ങളില്‍ നമുക്ക് അനുഭവപ്പെടുന്നുണ്ട് എന്നതു സമ്മതിക്കാതെവയ്യ. ചില സത്യങ്ങള്‍ നോവലിസ്റ്റ് വിളിച്ചു പറയുന്നുണ്ട്. പേജ് 356ല്‍ ”പ്രണയം, വിരഹം, ഏകാന്തത, ഒറ്റപ്പെടല്‍, ഭീതി, മരണം എന്നിവയ്‌ക്കൊന്നും മാര്‍ക്‌സിസത്തില്‍ ഉത്തരമില്ല….” എന്നിങ്ങനെ പറയുന്നതില്‍ ഒരു തിരിച്ചറിവുണ്ട്. എന്നാല്‍ ലോകം എന്നേ ഉപേക്ഷിച്ചു കഴിഞ്ഞ വിമോചന ദൈവശാസ്ത്രം അതിനുബദല്‍ ആണെന്ന സൂചന പലയിടത്തുമുണ്ട്. ലിബറേഷന്‍ തിയോളജിയുടെ ഉത്ഭവസ്ഥാനമായ ലാറ്റിനമേരിക്കയില്‍ ക്യൂബ ഒഴിച്ചാല്‍ ഒരിടത്തും രണ്ടുമില്ല, മാര്‍ക്‌സിസവും വിമോചന ദൈവശാസ്ത്രവും കാലഹരണപ്പെട്ട ഒന്നിനു ബദലായി കാലഹരണപ്പെട്ട മറ്റൊന്ന് എന്നേ പറയാനാവൂ. അതിലൂം ഉറച്ചുനില്‍ക്കാന്‍ ഇന്നത്തെ കേരളീയ പരിസരത്ത് നോവലിസ്റ്റിന് ധൈര്യമില്ല. അതുകൊണ്ടാണ് സെന്റിമെന്റല്‍ മാര്‍ക്‌സിസവും ചെയുടെ ചിത്രവും.
വര്‍ഷങ്ങള്‍ക്കുമുന്‍പ് മാങ്കുഴി രാജേന്ദ്രന്‍ എന്ന എഴുത്തുകാരന്‍ അദ്ദേഹത്തിന്റെ ഒരു നോവലിന്റെ കഥ എന്നെ പറഞ്ഞ് കേള്‍പ്പിച്ചു. മറ്റൊരു നോവല്‍ എനിക്കുവായിക്കാനും തന്നു. കഥ പറഞ്ഞുകേള്‍പ്പിച്ച നോവലിന്റെ ഒരു കോപ്പി അയച്ചുതരാമെന്ന് പറഞ്ഞെങ്കിലും എന്തുകൊണ്ടോ അയച്ചില്ല. പിന്നെ ഒരിക്കലും അദ്ദേഹത്തെ കണ്ടിട്ടുമില്ല. ഇപ്പോള്‍ എവിടെയാണെന്നറിയില്ല. വര്‍ഷങ്ങള്‍ക്കുശേഷം ബെന്യാമിന്റെ ‘ആടുജീവിതം’ വായിച്ചപ്പോള്‍ അത്ഭുതപ്പെട്ടു പോയി. മാങ്കുഴി രാജേന്ദ്രന്‍ പറഞ്ഞ കഥയും ആടുജീവിതത്തിലെ കഥയും ഒന്നു തന്നെ. അതിനും ഒരു പത്തുവര്‍ഷം മുന്‍പ് ഗള്‍ഫില്‍ നിന്നും അവശനിലയില്‍ നാട്ടില്‍ തിരിച്ചെത്തിയ എന്റെ ഒരു ബന്ധു ഗള്‍ഫില്‍ അനുഭവിച്ച ദുരിതങ്ങള്‍ ഭയപ്പാടോടെ എന്നോടു പറഞ്ഞത് ആടു ജീവിതത്തിലെ നായകന്റേതിനേക്കാള്‍ ഭീകരമായിരുന്നുവെന്ന് ഇപ്പോള്‍ ഞാനോര്‍ക്കുന്നുണ്ട്. അയാളുടെ ഗള്‍ഫ് ജീവിതത്തിന്റെ വിശദാംശങ്ങള്‍ ചോദിക്കുന്നതുപോലും അദ്ദേഹത്തെ ഭയപ്പെടുത്തുന്നു എന്നു പറയുമ്പോള്‍ എന്തായിരുന്നു സ്ഥിതി എന്നു നമുക്ക് ഊഹിക്കാമല്ലോ. അത്തരം നിര്‍ദ്ദയമായ ജീവിതത്തിലൂടെ കടന്നുവന്ന ആയിരക്കണക്കിന് ഗള്‍ഫ് പ്രവാസികളുണ്ട്. അക്കഥ കടലാസിലെഴുതി പ്രശസ്തനാവാനുള്ള ഭാഗ്യമുണ്ടായത് ബെന്യാമിനായിരുന്നുവെന്നത് യാദൃച്ഛികം. വായനക്കാരനെ പിടിച്ചിരുത്തുന്നു എന്നതുകൊണ്ടു മാത്രം ഒരു കൃതി മഹത്താണെന്നു പറയാനാവില്ല.
വായനക്കാരുടെ എണ്ണം വച്ചുനോക്കിയാല്‍ മലയാളത്തിലെ ഏറ്റവും മഹത്തായ കവിത രമണനാണ്. നോവല്‍ മുട്ടത്തുവര്‍ക്കിയുടെ ഏതെങ്കിലുമൊരു കൃതിയായിരിക്കും. രമണന്‍ ഒരു മോശം കൃതി അല്ലെങ്കിലും മഹത്തായ കൃതിയാണെന്ന് ഇന്നാരും കരുതുന്നുണ്ടെന്നു തോന്നുന്നില്ല. ആശാനും വൈലോപ്പിള്ളിയും ഇടശ്ശേരിയും ഇന്നു ചങ്ങമ്പുഴയെ തീര്‍ച്ചയായും കടന്നു നില്‍ക്കുന്നു. അവര്‍ക്കൊന്നും രമണനോളം വായനക്കാരില്ല എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കേ തന്നെ അവരുടെ കൃതികളുടെ സാഹിത്യമൂല്യം നമുക്ക് അംഗീകരിക്കാതെ വയ്യ. ധാരാളം പേര്‍ വായിച്ചു എന്നത് കൃതിയുടെ മൂല്യം അളക്കാനുള്ള ഉപാധിയല്ല. മാര്‍സെയില്‍ പ്രൂസ്തിനും തോമസ് മന്നിനും ഹെര്‍മന്‍ ഹെസ്റ്റേയ്ക്കും ജയിംസ് ജോയിസിനും മഹാകവി ഉള്ളൂരിനും വള്ളത്തോളിനും ഒക്കെ വായനക്കാര്‍ കുറവാണെന്നു കരുതി അവരുടെ രചനയുടെ സര്‍ഗ്ഗാത്മക മൂല്യത്തെ കുറച്ചു കാണാന്‍ കഴിയുമോ?