വായിച്ചഭിപ്രായം അറിയിക്കണമെന്ന അഭ്യര്‍ത്ഥനയോടെ *’എന്റെ ചിറകുകളിലെ തൂവലിന്റെ’ ഒരുകോപ്പി ഞാന്‍ മുന്‍ചീഫ്‌സിക്രട്ടറി സി.പി.നായര്‍ക്കും അയച്ചുകൊടുത്തു. ദശകങ്ങള്‍ക്കുമുമ്പ് അദ്ദേഹം ഒറ്റപ്പാലത്ത് എന്റെ മേലുദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ മറുപടി കാത്തുകാത്തു ഞാന്‍ നിരാശനായി.
മരണംവരെ സ്‌നേഹാദരങ്ങളോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന എന്റെ ഒരേയൊരു മേലുദ്യോഗസ്ഥനാണ് സി.പി.നായര്‍. സ്ഥലംമാറ്റംകിട്ടി ഒറ്റപ്പാലം ആര്‍.ഡി.ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ച് അധികനാളായിട്ടില്ല. പ്രശസ്ത നാടകകൃത്തായ എന്‍.പി. ചെല്ലപ്പന്‍നായരുടെ മകന്‍ സി.പി.നായര്‍ ഒറ്റപ്പാലം സബ്ബ്കലക്ടറായി വരുന്നുവെന്ന വിവരം ഓഫീസില്‍ പരന്നു. കലക്ടറാഫീസില്‍ നിന്ന് വാര്‍ഷിക പരിശോധനക്കുള്ള നോട്ട്‌സ് എടുക്കാന്‍ സ്റ്റാഫ് വന്നിരുന്നു. പുതിയ കലക്ടറാണ് ഇന്‍സ്‌പെക്ഷനു വരുകയെന്നും അറിവായി. പൈപ്പ്‌വലിക്കുന്ന, മാധവമേനോന്‍ എന്ന ഉഗ്രപ്രതാപിയായ കലക്ടര്‍ മുഖ്യമന്ത്രി പട്ടം താണുപ്പിള്ളയുമൊത്ത് ഒരുകാലത്ത് രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിച്ചിട്ടുള്ളയാളും അടുപ്പമുള്ളയാളുമാണെന്നും കേട്ടു. ഇന്‍സ്‌പെക്ഷന്‍ ദിവസം എന്റെ സീറ്റില്‍നിന്ന് കൊടുക്കേണ്ട ഒരുസ്റ്റേറ്റുമെന്റ് ഉടന്‍ തയ്യാറാക്കിക്കൊടുക്കാന്‍ കലക്ടറുടെ സ്റ്റാഫ് ആവശ്യപ്പെട്ടു. ഒരുപിടിയുംകിട്ടാതെ ഞാന്‍ വിഷമിച്ചു. ഒടുവില്‍ ധൃതിയില്‍ ഞാന്‍ ഒന്ന് തയ്യാറാക്കിക്കൊടുത്തു. അതില്‍ വലിയ തെറ്റുപറ്റിയിട്ടുണ്ടെന്നു എനിക്കറിയാമായിരുന്നു. കലക്ടര്‍ വിളിക്കുന്നതായി പ്യൂണ്‍ വന്നുപറഞ്ഞപ്പോള്‍ ഞാന്‍ ഉള്ളാലെ ഉറപ്പിച്ചു. കനത്തശിക്ഷ കിട്ടിയതുതന്നെ. ഞാന്‍ മുറിയിലേക്കു കടന്നുചെന്നു. പുതിയ സബ്ബ്കലക്ടറും കലക്ടറും എന്നെ ഗൗരവത്തോടെ നോക്കി. പെട്ടെന്ന് സബ്ബ്കലക്ടര്‍ കലക്ടറോടു എന്തോ മന്ത്രിക്കുന്നതായി തോന്നി. കണ്ണടക്കുള്ളിലൂടെ എന്നെ ഒന്നു സൂക്ഷിച്ചു നോക്കിക്കൊണ്ടു കലക്ടര്‍ എന്നോടു പൊയ്‌ക്കോളാന്‍ ആംഗ്യംകാണിച്ചതിനാല്‍ ഞാന്‍ മടങ്ങി. കലക്ടറുടെ കോപാഗ്നിയില്‍നിന്ന് അന്നെന്നെ രക്ഷിച്ചത് പുതിയ സബ്ബ്കലക്ടറാണ്. അന്നദ്ദേഹം എന്നോടു കാണിച്ച ദയതന്നെയാണ് പിന്നീടു എന്നോടുള്ള സ്‌നേഹവും കാരുണ്യവുമായി മാറിയത്. വൈകാതെ പ്രമോഷനായി എനിക്കു സ്ഥലംമാറ്റം കിട്ടി. ഒരിക്കല്‍ ഔദ്യോഗികയാത്രക്കിടയില്‍, നടന്നുപോകുന്ന എന്നെ കണ്ട സബ്ബ്കലക്ടര്‍ ജീപ്പ്‌നിര്‍ത്തി കുശലപ്രശ്‌നങ്ങള്‍ ആരാഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. എന്റെ ഉള്ളിന്റെയുള്ളില്‍ അദ്ദേഹത്തോടുള്ള സ്‌നേഹാദരങ്ങള്‍ ഇരട്ടിച്ചു. ഒറ്റപ്പാലത്തുനിന്നു അദ്ദേഹത്തിനു പെരിന്തല്‍മണ്ണക്കു മാറ്റമായി.
അക്കാലത്താണ് താഷ്‌ക്കന്റ് കരാറില്‍ ഒപ്പിട്ട നമ്മുടെ പ്രധാനമന്ത്രി ലാല്‍ബഹാദൂര്‍ശാസ്ത്രി സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചത്. ലോകം ആ കരാറിനെ വാനോളം പുകഴ്ത്താനിടയായത് എനിക്കൊട്ടും സഹിച്ചില്ല. എന്നില്‍ ആളിക്കത്തിയ ധാര്‍മ്മികരോഷം ‘താഷ്‌ക്കന്റ ്കരാര്‍ – പുതിയ വെളിച്ചത്തില്‍’ എന്നപേരില്‍ ഒരു ലേഖനമായി രൂപാന്തരപ്പെട്ടു. ‘മധുസൂദനന്‍’ എന്ന തൂലികാനാമത്തില്‍ അത് വളരെ ആശങ്കയോടെ ‘കേസരി’ വാരികയ്ക്കു അയച്ചുകൊടുത്തു. അവരതു വളരെ പ്രാധാന്യം നല്‍കി പ്രസിദ്ധീകരിക്കുകയും ചെയ്തു. ആ ലേഖനം സി.പി.നായരെക്കൊണ്ടു വായിപ്പിക്കണമെന്ന് എന്തുകൊണ്ടോ എനിക്കതിയായ ആഗ്രഹംതോന്നി. ഞാന്‍ പെരിന്തല്‍മണ്ണയ്ക്കു ബസ്സ്‌കയറി. അവിടെ ചെന്നപ്പോഴാണ് സബ്ബ്കലക്ടറുടെ ബംഗ്ലാവ് മക്കരപ്പറമ്പിലാണ് നിലകൊള്ളുന്നതെന്നറിയുന്നത്. ചെന്നപ്പോള്‍ ആഫീസര്‍ സര്‍ക്കീട്ടിലാണ്. തിരിച്ചുവരാന്‍ 12 മണി കഴിയുമെന്നറിഞ്ഞു. ഞാന്‍ കാത്തിരുന്നു. എന്നെക്കണ്ടപ്പോള്‍ അദ്ദേഹം വിസ്മയത്തോടെ ചിരിച്ചു. സ്‌നേഹപൂര്‍വ്വം സംസാരിച്ചു. വന്നകാര്യം അന്വേഷിച്ചു. ഇരിക്കാനും പറഞ്ഞു. ഒടുവില്‍ മടിച്ചുമടിച്ച് ഞാന്‍ ആ ലേഖനം പുറത്തെടുത്തു. അത് ഞാനെഴുതിയതാണെന്നും വായിച്ചഭിപ്രായം പറയണമെന്നും അഭ്യര്‍ത്ഥിച്ചു. കടുത്ത ശിക്ഷ അര്‍ഹിക്കുന്ന അച്ചടക്ക ലംഘനമാണ് ഞാന്‍ കാട്ടിയതെന്ന് ഇന്നു ഞാനറിയുന്നു.
സര്‍ക്കീട്ടുകഴിഞ്ഞ് പരിക്ഷീണിതനായിവന്ന അദ്ദേഹത്തിനു വേണമെങ്കില്‍ എന്നോടു പിന്നീടുവരൂ എന്നോ, അല്ലെങ്കില്‍ വായിച്ച് സൗകര്യംപോലെ അറിയിക്കാമെന്നോ പറഞ്ഞൊഴിയാമായിരുന്നു. എനിക്കു ഒരു കാപ്പി വരുത്തിത്തന്നു. ചിരിച്ചുകൊണ്ടു ആ വാരിക കയ്യില്‍വാങ്ങി ഇരുന്നയിരുപ്പില്‍തന്നെ അതു വായിച്ചുതീര്‍ത്തു. ഒടുവില്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. ”വളരെ നന്നായിട്ടുണ്ട്. ശക്തമായി വിഷയം അവതരിപ്പിച്ചിരിക്കുന്നു. ഇനിയും എഴുതിക്കൊണ്ടിരിക്കണം”.
പിന്നീട് കുറേക്കാലം അദ്ദേഹത്തെ കണ്ടിട്ടില്ല. അദ്ദേഹം തിരുവനന്തപുരത്തേക്കു സ്ഥലംമാറ്റമായിപ്പോയി എന്നറിഞ്ഞു. അപ്രതീക്ഷിതമായി ഒരുദിവസം മാവേലിക്കരയിലെ കമലാലയത്തിലെ എന്‍.പി.ചെല്ലപ്പന്‍നായരില്‍നിന്ന,് തന്റെ മകന്‍ പരമേശ്വരന്‍നായരും കീരിക്കാട്ടില്‍ പെരുവനയില്‍ കെ.പി.ശങ്കരന്‍നായരുടെ മകള്‍ സരസ്വതിയും തമ്മില്‍ 17-11-68ന് ഞായറാഴ്ച 10.15 മുഹൂര്‍ത്തത്തില്‍ മാവേലിക്കര ശ്രീകൃഷ്ണസ്വാമി അമ്പലത്തില്‍വെച്ച് നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാനുള്ള ക്ഷണപത്രം കിട്ടിയപ്പോള്‍ ഞാന്‍ വിസ്മയിച്ചു. സി.പി.നായര്‍ അന്ന് തിരുവനന്തപുരം ജില്ലാകലക്ടര്‍. എനിക്കു അത്യധികം സന്തോഷവും അഭിമാനവുംതോന്നിയ ഒരുദിവസമായിരുന്നു അത.് ഇന്നത്തെപ്പോലെ ടെലഫോണോ മൊബൈല്‍ഫോണോ സര്‍വ്വസാധാരണമായിരുന്നില്ല. വല്ലപ്പോഴും ഞാനയക്കുന്ന കത്തുകള്‍ക്കു സ്വന്തംകൈപ്പടയില്‍ മുടങ്ങാതെ, വൈകാതെ മറുപടി ലഭിച്ചിരുന്നു.
എന്റെ ഉള്ളില്‍തട്ടിയ മറ്റൊരു അനുഭവമുണ്ടായി. 1995 ഡിസംബര്‍15-നു ഷൊര്‍ണ്ണൂര്‍ വെച്ചു എന്റെ അമ്മ മരിച്ചു. മാതൃഭൂമിയിലെ ചരമകോളത്തില്‍ വാര്‍ത്ത വന്നിരുന്നു. കെ.എസ.്‌വേണുഗോപാല്‍, റിട്ടയേര്‍ഡ് തഹസില്‍ദാര്‍, ഷൊര്‍ണൂര്‍ എന്ന വിലാസത്തില്‍ പത്രവാര്‍ത്ത വായിച്ച് തിരുവനന്തപുരത്തുനിന്ന് അദ്ദേഹം എനിക്കു ഒരു അനുശോചനസന്ദേശം അയക്കുകയുണ്ടായി. ‘എന്ദരോ മഹാനുഭാവുലു’ എന്ന തന്റെ മഹത്തായ ആത്മകഥയില്‍ എന്നെപ്പറ്റി ഏതാനും നല്ലവാക്കുകള്‍ എഴുതിക്കണ്ടതില്‍ എനിക്കുണ്ടായ അത്ഭുതവും സന്തോഷവും പറഞ്ഞറിയിക്കാന്‍ വയ്യ.
ദശകങ്ങള്‍നീണ്ട ഒരുകാലഘട്ടത്തില്‍ സെക്രട്ടറിയേറ്റിലും കേരളത്തിലും നടന്ന സംഭവങ്ങളേയും അവയിലുള്‍പ്പെട്ട വ്യക്തികളേയും നമുക്കതില്‍ ഒരു മായക്കണ്ണാടിയിലെന്നപോലെ വ്യക്തമായി കാണാന്‍ കഴിയും. മലയാളത്തിലെഴുതപ്പെട്ട ഏറ്റവും മഹത്തായ സര്‍വ്വീസ് സ്റ്റോറിയും ആത്മകഥയുമാണത്. വിലപ്പെട്ട, സത്യസന്ധമായ ഒരു ചരിത്രരേഖ കൂടിയാണത്. എഴുതിത്തെളിയാന്‍ ആഗ്രഹിക്കുന്ന യുവതീയുവാക്കള്‍ മനോഹരമായ മലയാളഭാഷ സ്വായത്തമാക്കാന്‍ ഈ ആത്മകഥ മനസ്സിരുത്തി ഒന്ന് വായിച്ചാല്‍ മതിയാവും. നമ്മുടെ ജനനേതാക്കളുടെ ആത്മകഥകളിലെല്ലാം ഒരു വില്ലനായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള സി.പി.രാമസ്വാമി അയ്യരുടെ മഹത്വം ഇന്നത്തേയും ഭാവിയിലേയും സത്യാന്വേഷികളായ വായനക്കാര്‍ക്കുമുമ്പില്‍ അനാവരണം ചെയ്തിട്ടുണ്ട് ഈ കൃതിയില്‍. പരദേശിയായ അദ്ദേഹം ഇന്നാട്ടിലെ ഏതു നേതാവിനേക്കാളും തിരുവിതാംകൂറിനും കേരളത്തിനും നല്‍കിയ കനത്തസംഭാവനകളെ സത്യസന്ധമായി രേഖപ്പെടുത്തിയിട്ടുള്ളത് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. വിശ്വഭാരതിയില്‍പോയി സംസ്‌കൃതം പഠിക്കാനും ശങ്കരവേദാന്തത്തില്‍ ഗവേഷണം നടത്താനും താന്‍ മോഹിച്ചിട്ടുണ്ടെന്നു ഒരിക്കല്‍ അദ്ദേഹം പറഞ്ഞതോര്‍ക്കുന്നു. മഴപ്പാറ്റകള്‍ പൊടിയുംപോലെയാണ് ഇന്ന് കേരളത്തില്‍ അവാര്‍ഡുകള്‍. പക്ഷെ മഹത്തായ ഈ ആത്മകഥക്കു ഒരു അവാര്‍ഡും പ്രഖ്യാപിച്ചു കണ്ടില്ല. കത്തുകളിലൂടെമാത്രം പരിചയപ്പെട്ട പ്രശസ്ത നിരൂപകനായ എം.കെ.സാനുമാഷെ ഒരിക്കല്‍ സന്ദര്‍ശിക്കാനിടയായപ്പോള്‍, വയലാര്‍ അവാര്‍ഡ് നിര്‍ണ്ണയിക്കുമ്പോള്‍ സി.പിനായരുടെ ആത്മകഥ പരിഗണിക്കണമെന്നു ഞാന്‍ അഭ്യര്‍ത്ഥിച്ചു. മലയാളത്തിലെ ഏറ്റവും വലിയ അവാര്‍ഡുകളിലൊന്നാണല്ലോ വയലാര്‍ അവാര്‍ഡ്. സാനുമാസ്റ്റര്‍ നിസ്സഹായനായി കൈമലര്‍ത്തി: ”അവാര്‍ഡ് നിര്‍ണ്ണയത്തില്‍ തനിക്കു യാതൊരുപങ്കുമില്ല. ഒരു കമ്മിറ്റിയാണ് തീരുമാനമെടുക്കുന്നത്. അവരുടെ തീരുമാനം ഞാന്‍ പ്രഖ്യാപിക്കുന്നു എന്നുമാത്രം”. ഒരു അവാര്‍ഡുപോലും ആ ഗ്രന്ഥത്തിനു ലഭിക്കുകയുണ്ടായില്ല. തീര്‍ച്ചയായും അതില്‍ സാംസ്‌കാരിക- സാഹിത്യകേരളം ലജ്ജിക്കുക തന്നെവേണം.
രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം ഒട്ടും പ്രതീക്ഷിച്ചിരിക്കാതെയാണ് അദ്ദേഹത്തില്‍നിന്ന് ഒരു നീണ്ട കത്ത്കിട്ടിയത്. ‘എന്റെചിറകുകളിലെ തൂവലിനെ’പ്പറ്റിയാണ് അതില്‍ പറയുന്നത്. വള്ളുവനാടിനെ അത്യധികം സ്‌നേഹിച്ച വേണാടിന്റെ ആ മഹാനായ പുത്രനില്‍നിന്ന് എനിക്കു ലഭിച്ചിട്ടുള്ള അമൂല്യനിധിയായ ആ കത്തിനോടൊപ്പം പലപ്പോഴായി അദ്ദേഹത്തില്‍നിന്ന് എനിക്കു ലഭിച്ചിട്ടുള്ള ചില കത്തുകള്‍കൂടി ഇതോടൊപ്പം പകര്‍ത്താതിരിക്കാന്‍ എനിക്കു പറ്റുന്നില്ല.
സി.പി.നായര്‍
7/5/98
പ്രിയപ്പെട്ട വേണു,
സ്‌നേഹപൂര്‍വ്വം അയച്ച കത്തുകിട്ടി. ഒറ്റപ്പാലം തുക്ടിക്കച്ചേരിയും തുക്ടിസായ്‌വിന്റെ ചേംബറില്‍നിന്നും കാണാവുന്ന ഭാരതപ്പുഴയും വില്വാദ്രിയും, വള്ളുവനാടിന്റെ സൗന്ദര്യവും ഒന്നും ഞാന്‍ മറന്നിട്ടില്ല. (നിളാദേവി, നിത്യം നമസ്‌തേ എന്ന് മനസാ സ്തുതിച്ചുകൊണ്ടാണ് ഞാന്‍ എന്നും രാവിലെ മുറിയില്‍ കാലുകുത്തിയിരുന്നത്!)
ഒറ്റപ്പാലം വിട്ടിട്ട് മുപ്പത്തിരണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞു. അന്നത്തെ യുവാവായ, സൗന്ദര്യോപാസകനായ സബ്കലക്ടര്‍ ഇന്നു വൃദ്ധനായി, ജീവിതത്തിന്റെ മുറിപ്പാടുകളേറ്റു ദുഃഖിതനായി.
പക്ഷേ, മറഞ്ഞുപോയ ഒരു പൊന്‍കിനാവുപോലെ വള്ളുവനാട് മനസ്സില്‍ ഇന്നുമുണ്ട്- മഹാകവി പി.യുടെ കവിത വായിക്കുമ്പോള്‍ വിശേഷിച്ചും!
മുപ്പത്തിയാറുവര്‍ഷത്തെ ഉത്സവക്കളി കഴിഞ്ഞു, കളിയച്ഛന്‍ വെറുതെ വീട്ടില്‍ ചടഞ്ഞുകൂടിയിരിക്കുന്നു. പുതിയ ദിനചര്യയുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നു.
മാവേലിക്കരയുണ്ടായിരുന്ന തറവാട് വേദനിപ്പിക്കുന്ന ഒരു ഓര്‍മ്മ മാത്രമായി. ഇനി ഇവിടെ, തലസ്ഥാനനഗരിയില്‍, അനേകായിരം മുഖമില്ലാത്ത പെന്‍ഷന്‍കാരില്‍ ഒരാളായി ജീവിതക്ലേശങ്ങളുമായി മല്ലിട്ടുകഴിയുകതന്നെ!
സമയമുള്ളപ്പോള്‍ എഴുതുക
നന്മനേരുന്നു
സസ്‌നേഹം,
പ്രിയപ്പെട്ട വേണു,
പുസ്തകം വായിച്ചുതീര്‍ന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും കത്തെഴുതാത്തതിനു മാപ്പ്, മാപ്പ്, വേണു നോവലിസ്റ്റിന്റെ ക്രാഫ്റ്റ് മനസ്സിലാക്കിയിരിക്കുന്നു–ശൈലി കുറേക്കൂടി സ്വാഭാവികം (നോവലിനു ചേര്‍ന്നത്) ആക്കണം. നോവലിനു യോജിച്ച പ്രമേയങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
വൈകാരികാംശം- കലയുടെ വികാസപരിണാമത്തില്‍, പാത്രചിത്രീകരണത്തില്‍, ശൈലിയില്‍ കുറച്ചുകൂടി വേണമെന്നു തോന്നുന്നു.
പുസ്തകം ഒരു പഹയന്‍ വായിക്കാന്‍ കടംവാങ്ങിയിട്ടു മാസങ്ങളായിരിക്കുന്നു. ഓനെ ഓടിച്ചിട്ടുപിടിക്കണം.
പഴമനസ്സില്‍ ഒരുസംശയം-
വേണുവിന്റെ സര്‍ഗ്ഗപ്രതിഭ(Creative genius) കിടക്കുന്നത് ലേഖനങ്ങളിലല്ലേ?
കൈയക്ഷരത്തിനു 47 വര്‍ഷങ്ങള്‍ക്കുശേഷവും ഒരു മാറ്റവുമില്ല!
സ്‌നേഹപൂര്‍വ്വം,
ഏറ്റവും പ്രിയപ്പെട്ട വേണു,
ഈ കത്ത് എന്നാണു വേണുവിന്റെ കൈയിലെത്തുക എന്നു നിശ്ചയമില്ല. തപാല്‍വകുപ്പിലെ ജീവനക്കാര്‍ ‘ചിട്ടപ്പടിസമരത്തിലാണത്രെ!’ ഈ നഗരത്തില്‍തന്നെയുള്ള മാതൃഭൂമി ആപ്പീസിലേക്കു അയച്ചകത്ത് രണ്ടാഴ്ച വൈകിയാണു പത്രാധിപരുടെ കൈയിലെത്തിയത്!
വേണുവിന്റെ സുദീര്‍ഘമായ കത്തുവായിച്ച് കണ്ണും മനസ്സും നിറഞ്ഞു. നന്മ ഭൂമുഖത്തുനിന്നും പൂര്‍ണ്ണമായി ഇല്ലാതായിട്ടില്ലെന്നറിഞ്ഞു സന്തോഷംതോന്നുന്നു. എന്റെ സാഹിത്യജീവിതത്തിലെ ഹംസഗാനമാണ് ‘എന്തരോ മഹാനുഭാവലു’. അതുപോലെയൊന്ന് ഇനി എഴുതുക സാധ്യമല്ല. വയസ്സ് 73 കഴിഞ്ഞിരിക്കുന്നു. എന്നെപ്പറ്റിയുള്ള പ്രശംസ കുറച്ചധികമായിപ്പോയി എന്നൊരു പരാതിയുണ്ട്. വേണു പുസ്തകം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടതില്‍ ഏറെ ചാരിതാര്‍ത്ഥ്യവും തോന്നുന്നു. നന്ദി, വേണു, വളരെനന്ദി.
ഒറ്റപ്പാലം ദിനങ്ങള്‍- 1964 ഒക്ടോബര്‍മുതല്‍ 1965 ഒക്ടോബര്‍വരെ- എന്റെ മനസ്സില്‍ നിത്യഹരിതമായി മരണംവരെയുണ്ടാവും. ഇത്രയേറെ സ്‌നേഹം എനിക്ക് ഒരിടത്തുനിന്നും കിട്ടിയിട്ടില്ല.- ഗോപാലന്‍നായര്‍ എന്ന സാധുമനുഷ്യന്‍ മുതല്‍ സമാരാധ്യനായ ഗോവിന്ദമേനോന്‍ വക്കീല്‍വരെ അത്രമാത്രം സ്‌നേഹം- അഹൈതുകമായ സ്‌നേഹം – എനിക്കു നല്‍കി.
സ്വാമി വിവേകാനന്ദനെക്കുറിച്ച് ഒരു ദീര്‍ഘലേഖനം പൂജനീയ പി.പരമേശ്വരനു വേണ്ടി എഴുതി. ഒരു ബൃഹദ്ഗ്രന്ഥത്തിനുവേണ്ടിയാണ്. അതുതന്നെ കലാകൗമുദിവാരികയിലും വന്നു.
വേണുവിനു നന്മനേരുന്നു
സ്‌നേഹത്തോടെ,
27/6/14
പ്രിയപ്പെട്ട വേണു,
കത്ത് കിട്ടിയിട്ട് കുറച്ച് ദിവസങ്ങളായി. ഒരു Viral fever ന്റെ അനിവാര്യമായ ക്ഷീണം മൂലമാണു മറുപടി വൈകിയത്. സദയം ക്ഷമിക്കുക. വേണുവിന്റെ ഈര്‍ഷ്യയും, നിരാശയും, പരിഭവവും ഒക്കെ എനിക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. വീഴ്ച എന്റേതുതന്നെ എന്നു സമ്മതിക്കുന്നു. പ്രായം 74 കഴിഞ്ഞു. ശ്രവണശക്തിയും ഓര്‍മ്മശക്തിയും കുറഞ്ഞു. വേറെയും പാരതന്ത്ര്യങ്ങള്‍ ഏറെ. പഴയതുപോലെ എഴുതാനും വായിക്കാനുമൊന്നും വയ്യ. ഇത്രയും ആമുഖമായി.
ഇനിപുസ്തകങ്ങളിലേക്ക്
(1) ഇ.എം.എസ്സിനെക്കുറിച്ചുള്ള പുസ്തകം എനിക്കു കിട്ടിയതായി ഓര്‍ക്കുന്നതേയില്ല.
(2) ‘മതപരിവര്‍ത്തനഭീഷണി’നഷ്ടപ്പെട്ടു. പുസ്തകങ്ങള്‍ കെട്ടിപ്പെറുക്കി പഴയ വീട്ടില്‍നിന്നും ഇങ്ങോട്ടുകൊണ്ടുവന്നതിനിടയില്‍ നഷ്ടപ്പെട്ടതാവണം. വേറെ നാലു പുസ്തകങ്ങളും കാണാനില്ല.
(3) ‘എന്റെ ചിറകുകളിലെ തൂവല്‍’ ഭാഗ്യവശാല്‍ കൈവശമുണ്ട്. ആരോഗ്യം അല്‍പ്പം മെച്ചപ്പെട്ടാലുടന്‍ അത് വായിച്ചുതുടങ്ങുകയായി.
സ്‌നേഹപൂര്‍വ്വം.
22/10/2017
പ്രിയപ്പെട്ട വേണു, സ്‌നേഹം നിറഞ്ഞ കത്തുകിട്ടി. ഈ വൃദ്ധന്റെ (77+) കാര്യത്തില്‍ വേണു എടുക്കുന്ന താല്‍പ്പര്യത്തിനു ഞാന്‍ ഹൃദയംനിറഞ്ഞ നന്ദിരേഖപ്പെടുത്തുന്നു.
അച്ഛന്റെ ചരിത്രകഥകള്‍ എന്‍.ബി.എസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.- എന്റെ ദീര്‍ഘമായ അവതാരികയോടെ. ‘എന്‍.പി.യുടെ ചരിത്രകഥകള്‍’ , രണ്ടുപതിപ്പായി. മികച്ചകഥകളുടെ സമാഹാരമാണു എന്‍.പ.ിയുടെ തെരഞ്ഞെടുത്ത കഥകള്‍.
എന്റെ ഏതാനും ലേഖനങ്ങള്‍ വര്‍ക്കലയിലെ സാഹസികനായ ഒരു സുഹൃത്തു പ്രസിദ്ധീകരിച്ചു. (പുസ്തകം ഇന്ന് വേണുവിന് അയച്ചിട്ടുണ്ട്). ഭേദപ്പെട്ട വേറെ കുറെ ലേഖനങ്ങള്‍ കെ.പി.സി.സി.യുടെ പ്രസിദ്ധീകരണവിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിനു കൊടുത്തു. ഡിസംബറിനുമുമ്പു പുറത്തുവരും(രണ്ടുകൂട്ടരും പ്രതിഫലമൊന്നും തരുന്നില്ല.! പുസ്തകം അച്ചടിച്ചുകിട്ടിയല്ലൊ, അത്രയും നന്ന് എന്ന് സമാധാനിക്കുന്നു.).
ശരീരസുഖം കമ്മിയാണ്. Vertigo arthritis, Urinary problems. യാത്ര നിഷിദ്ധം -തീവണ്ടി വിശേഷിച്ചും. ഒറ്റപ്പാലം, കണ്ണടയുംമുമ്പ് ഒന്നുകൂടി കാണണമെന്നുണ്ട്. നടക്കുമെന്നു തോന്നുന്നില്ല. കവിമാഷ് വര്‍ണ്ണിച്ച ”കൊച്ചുപാടങ്ങള്‍, പുഴയെ
ഉറ്റുനോക്കുന്ന കുന്നുകള്‍”
ഒക്കെ ഇന്നും മനസ്സിലുണ്ട്, 52വര്‍ഷത്തിനുശേഷവും! വള്ളുവനാട് എന്ന ഗ്രാമീണ കന്യക!
വേണുവിനും കുടുംബത്തിനും നന്മനേരുന്നു.
12/4/2016
പ്രിയപ്പെട്ട വേണു, ഇന്നലെ ഒരു കിത്താബ് അയച്ചിട്ടുണ്ട്- ഒരു ലേഖനസമാഹാരം- കിട്ടിക്കാണുമെന്നു വിശ്വസിക്കുന്നു.
‘ആമ്രപാലി’ വന്നെത്തി. കൈയോടെ വായിച്ചുതീര്‍ത്തു. വേണുവിന്റെ പരിഭാഷ ഒന്നാന്തരം. പരിഭാഷയാണെന്നു തോന്നുകയേയില്ല. ഈ ആമ്രപാലി തന്നെയല്ലേ ‘അംബപാലി’ എന്നപേരില്‍ സര്‍ദാര്‍ കെ.എം. പണിക്കര്‍ പണ്ടെഴുതിയ കവിതയുടെ നായിക!
‘ഇന്നംബപാലിതന്‍ ഗേഹത്തിലാണുപോ-
ലുണ്ണുവാന്‍, ബുദ്ധനെഴുന്നള്ളുന്നു’.
എന്നാണ് തുടക്കമെന്നു തോന്നുന്നു. അറുപതാണ്ടുമുമ്പെങ്ങോ വായിച്ച കവിതയാണ്. വാസവദത്തയേയും പിംഗളയേയും മഗ്ദലനമറിയത്തെയും പോലെ ‘ഒരു വാരനാരി’ ആയിരുന്നത്രെ അംബപാലി. ആ കോടീശ്വരി ഭഗവാന്റെ സാന്നിദ്ധ്യത്തില്‍ പവിത്രയായി ഒരു സന്യാസിനിയായെന്നോ മറ്റോ ആ കഥ.
മൂന്നുമാസം മുമ്പൊരിക്കല്‍ (അത്യപൂര്‍വ്വം) ഒരു യാത്ര നടത്തി- കണ്ണൂരിലേക്ക്. ഷൊര്‍ണ്ണൂരും പട്ടാമ്പിയും പള്ളിപ്പുറവുമൊക്കെ കടന്നുപോയപ്പോള്‍ മനസ്സ് ഗൃഹാതുരമായി.- പഴയ നല്ലനാളുകള്‍ ഓര്‍മ്മവന്നു. ഒപ്പം വള്ളുവനാടിനെ ഏറെ സ്‌നേഹിച്ച പാവം ‘കവിമാഷിനെയും’.
രത്‌നഗര്‍ഭേ മറക്കാ നിന്‍
മുലപ്പാലിന്റെ മാധുരി;
വാത്സല്യത്തിന്‍ കടം ബാക്കി
വച്ചുപോകുന്നു, ധാത്രീ, ഞാന്‍!
നിറുത്തട്ടെ വേണു. ക്ഷീണം കലശല്‍. അടുത്തമാസം വൃദ്ധന് 78 തികയുന്നു. (വേണു ആദ്യം കാണുമ്പോള്‍ 24!)
സ്‌നേഹത്തോടെ,
12/6/18
പ്രിയപ്പെട്ട വേണു,
കത്തിനു നന്ദി. ഞാന്‍ നോവല്‍ വായന നിറുത്തിയിട്ടു രണ്ടുപതിറ്റാണ്ടായി. തകഴിയും പൊറ്റെക്കാട്ടും വിജയനും പുനര്‍ജനിച്ചു വന്നാലും അവരുടെ പുതിയ നോവലുകള്‍ ഞാന്‍ വായിക്കുകയില്ല. രണ്ടുലക്ഷം കോപ്പികള്‍ ചെലവായ പെരുമ്പടവത്തിന്റേയും ബെന്യാമിന്റേയും കെ.ആര്‍. മീരയുടേയും നോവലുകള്‍ ഞാന്‍ വായിച്ചിട്ടില്ല. വായിക്കാന്‍ യാതൊരു ഉദ്ദേശവുമില്ല.
പ്രകാശന്റെ നോവലുകള്‍ വായിച്ചതും അഭിപ്രായം എഴുതി അയച്ചതും അയാളോടുള്ള സ്‌നേഹവാത്സല്യങ്ങള്‍ കൊണ്ടുമാത്രമാണ്.
എനിക്ക് 78 കഴിഞ്ഞു. ഇനിയുള്ളകാലം ആത്മീയഗ്രന്ഥങ്ങള്‍ മാത്രമേ വായിക്കാനുദ്ദേശിക്കുന്നുള്ളൂ (ഇപ്പോള്‍ ദശോപനിഷത്തുകള്‍ക്കു മഹാത്മാവായ മൃഢാനന്ദസ്വാമി എഴുതിയ വ്യാഖ്യാനങ്ങള്‍ വായിക്കുന്നു).
പുസ്തക നിരൂപണത്തോട് പൊതുവെ ആനുകാലികങ്ങള്‍ക്ക്അലര്‍ജി ആണ്; വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്നവ, അവരുടെ സ്വന്തംപാനലില്‍ ഉള്ള കൂലിയെഴുത്തുകാരുടെ വകയാണ് (കാരണം വ്യക്തം). ശരീരത്തിനും ബുദ്ധിക്കും കടുത്തക്ഷീണം അനുഭവപ്പെടുന്നു. വേണു, ഒരുതരത്തിലുള്ള പടപ്പുറപ്പാടിനും വിപ്ലവത്തിനും ഇനി ഞാനില്ല. എന്റെ കാലവും പ്രസക്തിയും കഴിഞ്ഞുവെന്നു ഞാന്‍ മനസ്സിലാക്കുന്നു. എനിക്കു യാതൊരുവിധ പരിഭവവും കുണ്ഠിതവുമില്ല.
വേണുവിനെ നിരുത്സാഹപ്പെടുത്തുന്നതു ക്ഷമിക്കണം.
സ്‌നേഹത്തോടെ,
7/7/14
പ്രിയപ്പെട്ട വേണു,
ഇന്നു വെളുപ്പിന് ‘എന്റെ ചിറകുകളിലെ തൂവല്‍’ വായിച്ചുതീര്‍ന്നു.
സ്ഥൂലമായി പറഞ്ഞാല്‍ ഈ ബൃഹദ്ഗ്രന്ഥത്തെ രണ്ടായി വിഭജിക്കാമെന്നു തോന്നുന്നു.
സുദീര്‍ഘമായ ഒരാത്മഗതം എന്നുവിശേഷിപ്പിക്കാവുന്ന ഒരുഭാഗം പല അദ്ധ്യായങ്ങളിലായി വ്യാപിച്ചുനില്‍ക്കുന്നു. ഇതില്‍ ദാര്‍ശനിക സ്വഭാവമുള്ള, തികച്ചും ശ്രദ്ധേയമായ അനവധി പരാമര്‍ശങ്ങളുണ്ട്. ഒപ്പം വിശ്വചരിത്രാംശങ്ങളെക്കുറിച്ചുള്ള ദിങ്് മാത്രമായ സൂചനകളും. ഹൃദ്യമായ കാവ്യാത്മകമായ ശൈലി. പലപ്പോഴും എന്റെ പ്രിയപ്പെട്ട കവി കുഞ്ഞിരാമന്‍നായരുടെ – അവിസ്മരണീയനായ കവിമാഷിന്റെ – സൗന്ദര്യദേവതയെ തിരഞ്ഞുപോയ അവധൂതന്റെ ആത്മകഥയടങ്ങിയ ‘കവിയുടെ കാല്‍പ്പാടുകള്‍’, ‘എന്നെ തിരയുന്ന ഞാന്‍’, ‘നിത്യകന്യകയെത്തേടി-‘ ചിന്താമേദുരമായ, ശോകാര്‍ദ്രമായ, സാന്ദ്രമായ പുസ്തകങ്ങള്‍ ഓര്‍മ്മവന്നു. ഹൃദയസ്പര്‍ശിയായ, അവ്യാഖ്യേയമായ സാന്ദ്രമായ ഒരു ഗൃഹാതുരത്വം ഇതാ ആത്മാലാപങ്ങളെ ചൂഴ്ന്നുനില്‍ക്കുന്നു. മിസ്റ്റിസിസത്തിന്റെ മിന്നലാട്ടങ്ങളും ധാരാളം. പ്രകൃതി എന്ന ചിരന്തനമായ അമ്മയെ ആരാധിക്കുന്ന, പുസ്തകങ്ങളെ ആവേശത്തോടെ സ്‌നേഹിക്കുന്ന വിജ്ഞാനദാഹിയായ, അന്തര്‍മുഖനായ, ഹൃദയത്തില്‍ ക്ഷോഭവും പ്രതിഷേധവും അലതല്ലുന്ന, ഏറെ Sensitive ആയ ഒരു വ്യക്തിത്വം ഓരോ പേജിലും നിറഞ്ഞുനില്‍ക്കുന്നു. ആകെക്കൂടി ഹൃദ്യമായ ഒരു വായനാനുഭവം.
ഭാരതീയചരിത്ര- സംസ്‌കാരവിദ്യാര്‍ത്ഥികള്‍ക്കു വളരെ വിലപ്പെട്ട ഒരുരേഖയാണു രണ്ടാംഭാഗം. ആറു സഹസ്രാബ്ധങ്ങളെങ്കിലും പഴക്കമുള്ള സനാതനധര്‍മ്മം എന്ന സൂര്യതേജസ്സിനെ തല്ലിക്കെടുത്തുവാന്‍ ഇസ്ലാം, ക്രൈസ്തവമതാനുയായികളായ ഭ്രാന്തന്മാര്‍ കുറഞ്ഞതു 1200വര്‍ഷമായി നടത്തിയ മനുഷ്യത്വരഹിതയത്‌നം, അതിന്റെ അവിശ്വസനീയമായ, നടുക്കുന്ന വിശദാംശങ്ങളോടുകൂടി വേണു അവതരിപ്പിക്കുന്നു. വിപുലമായ വായനയില്‍നിന്നു സ്വാംശീകരിക്കപ്പെട്ട വിജ്ഞാനത്തിന്റെ അമൂല്യമായ, അപൂര്‍വ്വമായ, ഇതരാലഭ്യമായ അംശങ്ങള്‍. ക്രിസ്തുവിന്റെ അജ്ഞാത ജീവിതത്തെക്കുറിച്ചുള്ള ഹിന്ദു-ബുദ്ധtradition-ഒരു ഉദാഹരണംമാത്രം. ഓരോ വിദ്യാര്‍ത്ഥിയുടേയും ചരിത്രപണ്ഡിതന്റേയും ഗവേഷകന്റേയും ഗ്രന്ഥശേഖരത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ കടന്നിരിക്കാവുന്ന ഒരു ഒന്നാന്തരംso wise book
വേണുവിന്റെ മാസ്റ്റര്‍പീസാണ് ഈ പുസ്തകം എന്നെനിക്കു തോന്നുന്നു. (ലത്തീന്‍ ഭാഷയില്‍ (Magnum Opus) ബൃഹദ്ഗ്രന്ഥമെന്നു ഏകദേശ പരിഭാഷ. ഒ.വി.വിജയന്റെ കഥയോടൊപ്പം ദൗര്‍ഭാഗ്യം വേട്ടയാടിയ നാലപ്പാട്ടു കമലയുടെ കഥകൂടി ചേര്‍ക്കാമായിരുന്നു. മഹാനായ വലിയമ്മാവന്റേയും അമ്മയുടേയും ഭൗതികാവശിഷ്ടം എരിഞ്ഞടങ്ങിയ നാലപ്പാട്ടു പുരയിടത്തില്‍ ചന്ദനവും രാമച്ചവും ചേര്‍ത്തു ജ്വലിപ്പിച്ച ചിതയില്‍ എരിഞ്ഞടങ്ങുന്നതിനുപകരം തിരുവനന്തപുരത്തെ പാളയത്തെ പള്ളിയുടെ ഖബറിസ്ഥാനില്‍ ഒരു പഴന്തുണിക്കെട്ടായി വെട്ടിമൂടപ്പെടാന്‍ വിധിക്കപ്പെട്ട, അന്ത്യദിനങ്ങളില്‍ വിഷ്ണുസഹസ്രനാമത്തിലും ദേവീമാഹാത്മ്യത്തിലെ അര്‍ഗ്ഗളാസ്തുതിയിലും ആശ്വാസം കണ്ടെത്തിയ പ്രിയപ്പെട്ട ‘ആമ്യോപ്പോളുടെ’…..
ഒരുസംശയം ബാക്കി നില്‍ക്കുന്നു. മേല്‍സൂചിപ്പിച്ച രണ്ടുഭാഗങ്ങളും ഒരൊറ്റ പുസ്തകത്തില്‍ കൂട്ടിച്ചേര്‍ക്കണമായിരുന്നോ? അവയുടെ വിഭിന്നസ്വഭാവവും ഓരോന്നും ഏറെക്കുറേ സ്വയംപൂര്‍ണ്ണമാണെന്നതും അങ്ങനെ ഒരു സംശയത്തിനിട നല്‍കുന്നു. ഈ സന്ദേഹം, പക്ഷെ പുസ്തകത്തിന്റെ മൂല്യവത്തയെ, പ്രസക്തിയെ, പ്രയോജനത്തെ ബാധിക്കുന്നില്ലെന്ന് എടുത്തുപറയട്ടെ.
ഈ കുറിപ്പ് രണ്ടുവര്‍ഷം വൈകിപ്പോയി. വൃദ്ധനോടു പരിഭവിക്കരുത്.
സ്‌നേഹത്തോടെ,
സി.പി. നായര്‍
ആ വലിയ മനുഷ്യന്റെ ഓര്‍മ്മയ്ക്കുമുമ്പില്‍ എന്റെ സാഷ്ടാംഗപ്രണാമം
* 2012ല്‍ പ്രസിദ്ധപ്പെടുത്തിയ എന്റെ പുസ്തകമാണ് “എന്റെ ചിറകുകളിലെ തൂവല്‍”