ഫെബ്രുവരി പന്ത്രണ്ടിന്റെ പ്രഭാതം. മുന്നില്‍ പ്രൗഢപ്രതാപത്തിന്റെ ചരിത്രഭൂമി. ചെവിയില്‍ മാമാങ്കത്തിന്റെ പോര്‍വിളി. തിരുനാവായ ആ മണ്‍കുടം കണ്ടുണര്‍ന്നു. നിള സത്യത്തിന്റേയും അഹിംസയുടേയും പരീക്ഷകന്റെ ചിതാഭസ്മം ഏറ്റുവാങ്ങാന്‍ നമസ്‌കാരപൂര്‍വ്വം കിടന്നു.
മറ്റിടങ്ങളില്‍ ഗാന്ധിജിയുടെ ബന്ധുക്കളും ഭരണാധിപന്മാരും ചെയ്ത കര്‍മ്മം കേരളത്തില്‍ തന്റെ കൈകളിലൂടെയായതില്‍ കേളപ്പന്‍ കൃതജ്ഞതാഭരിതനായി. ഭാരതപ്പുഴയില്‍ മുങ്ങി നിവര്‍ന്ന് മണ്‍കുടുക്ക പൊതിഞ്ഞ പട്ടുതുണിമാറ്റി. ചിതാഭസ്മം വെള്ളത്തില്‍ ഒഴുക്കി. പഞ്ചഭൂതങ്ങള്‍ ലയിച്ചു. ഇതിഹാസത്തിന്റെ അദ്ധ്യായം മറിഞ്ഞു. ഇനി ആ ജീവിത പാഠങ്ങളുടെ അധ്യായം, അറിവായി, ആദര്‍ശമായി നമുക്കിടയില്‍ ജീവിക്കും.
പത്തുദിവസങ്ങള്‍ക്കപ്പുറം കേളപ്പന്‍ എരഞ്ഞിപ്പാലത്തെ ബാലികാസദനത്തിലെത്തി. ബുദ്ധിവളര്‍ച്ചയിലെ വെല്ലുവിളികളെ സധൈര്യം നേരിടാന്‍ കരുത്തേകുന്ന തണലിടം. വി. ആര്‍. നായനാരുടെ സ്‌നേഹാലയം. ഒരിക്കല്‍ താന്‍ അവിടം സന്ദര്‍ശിക്കാമെന്ന ഗാന്ധിജിയുടെ വാക്ക് നായനാര്‍ക്ക് വലിയൊരു പ്രതീക്ഷയായിരുന്നു. അത് പാലിക്കാനാവാതെ മഹാത്മാവ് പോയി. ഈ കൂടാരത്തിനകത്ത് ഗാന്ധിജിയുടെ പാദസ്പര്‍ശം കിനാവുകണ്ട നായനാര്‍ക്ക് മഹാത്മാവിന്റെ മരണം ആഘാതമായി.
കേളപ്പന്‍ തിരുനാവായയില്‍ ഒഴുക്കാനായി സ്വീകരിച്ച ചിതാഭസ്മത്തില്‍ നിന്നും അല്പഭാഗമെടുത്ത് കരുതിയിരുന്നു. ഈ ബാലികാസദനത്തിന്റെ മുറ്റത്തെ പാരിജാതച്ചോട്ടില്‍ പ്രതിഷ്ഠിക്കാന്‍. പ്രതിഷ്ഠ നടത്തി, തിരികൊളുത്തി കേളപ്പന്‍ നായനാരോട് പറഞ്ഞു.
‘നമുക്കിത് കെടാതെ കാക്കണം. ഗാന്ധിജി ഇനി എന്നുമുണ്ടാകും ഇവിടെ’.
നായനാരുടെ കണ്ണില്‍ നിന്ന് കവിളിലേക്കുതിര്‍ന്ന നീര്‍ച്ചാലുകള്‍ കേളപ്പന്‍ തുടച്ചു. കുട്ടികള്‍ കൈകൂപ്പി പാടി.
‘രഘുപതി രാഘവ രാജാറാം പതീത് പാവന സീതാറാം’
ഗാന്ധിജിയില്ലാത്ത ദിനങ്ങള്‍, വേനല്‍, മഴ, ശൈത്യം.
ആലുവയിലെ ഐക്യകേരള സമ്മേളന ഹാളിലെ അധ്യക്ഷക്കസേരയിലിരിക്കുമ്പോള്‍ വേദിയില്‍ പൂമാലയിട്ട ഗാന്ധിജിയുടെ ചിത്രം. മുന്നില്‍ വിളക്ക്. ഗാന്ധിജിയില്ലാത്ത ഒരു വര്‍ഷം കടന്നുപോയിരിക്കുന്നു. കേളപ്പന്‍ മുന്നില്‍ വന്നു.
‘നാം മുന്നോട്ട് വെക്കുന്ന ആവശ്യം സത്യസന്ധവും നീതിപൂര്‍വകവുമായ ഒന്നാണെങ്കില്‍ അതിന് വിട്ടുവീഴ്ചയില്ലാത്തവണ്ണം അടിയുറച്ച് നില്‍ക്കണം. ഇത് ഗാന്ധിജി നമുക്ക് പഠിപ്പിച്ചു തന്ന പാഠമാണ്. പശ്ചിമതീരത്തെ മലയാളനാടുകളെല്ലാം ചേര്‍ത്തുള്ള കേരള സംസ്ഥാനമാണ് നമ്മുടെ ആവശ്യം. തിരുവിതാംകൂറും കൊച്ചിയും മലബാറും മാത്രമല്ല, കര്‍ണാടകത്തിലും നീലഗിരിനാട്ടിലും മലയാളം സംസാരഭാഷയാണ്. ഇതെല്ലാം ചേര്‍ത്തുള്ള കേരളമാണ് നമ്മുടെ സ്വപ്‌നം. അതില്‍ നമ്മള്‍ അടിയുറച്ചു നിന്നേ പറ്റൂ’.
ആഴ്ചകള്‍ അധികം കഴിയേണ്ടി വന്നില്ല. തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്ന് തിരുകൊച്ചി സംസ്ഥാനം ഉടലെടുത്തു. ഐക്യകേരള കമ്മിറ്റി നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നത് കണ്ട് കേളപ്പന്‍ ദുഃഖിതനായി. മലയാളനാട് തിരുകൊച്ചിയും മലബാറുമായി പിളര്‍ന്നു തന്നെ. ഇനിയും പ്രസ്ഥാനത്തിന്റെ അധ്യക്ഷസ്ഥാനത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം രാജി സമര്‍പ്പിച്ചു.
നവംബറില്‍ പാലക്കാട്ട് ചേര്‍ന്ന ഐക്യകേരളസമ്മേളനത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നെങ്കിലും എം.പി.ഗോവിന്ദന്‍ തന്റെ നിലപാടുകള്‍ അവിടെയവതരിപ്പിച്ചു എന്നും തന്റെ നിലപാടുകള്‍ ചേര്‍ത്ത് ഭേദഗതി വരുത്തി എന്നുമറിഞ്ഞപ്പോള്‍ കേളപ്പന്‍ അഭിമാനം കൊണ്ടു.
നിലപാടുകളില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കല്‍ ഗാന്ധിജിരഹിത ഭാരതത്തിന്റെ രീതി ആയി മാറിക്കഴിഞ്ഞിരിക്കുന്നു. പൂര്‍ണ്ണസ്വരാജ് എന്നാല്‍ രാഷ്ട്രീയ സ്വാതന്ത്ര്യം എന്നാണ് കോണ്‍ഗ്രസുകാര്‍ കരുതിയത്. ബ്രിട്ടീഷുകാര്‍ക്ക് പകരം ഇന്ത്യക്കാര്‍ ഭരണാധികാരികളായാല്‍ പൂര്‍ണസ്വരാജ് നേടാനാകും എന്നായിരുന്നു വിശ്വാസം. ആത്മനിയന്ത്രണത്തിലൂടെ ലോകഭോഗങ്ങളെല്ലാം ഉപഭോഗിക്കുന്നതാണ് പൂര്‍ണ്ണസ്വരാജ് എന്ന ഗാന്ധിപാഠം സഹപ്രവര്‍ത്തകര്‍ ഉള്‍ക്കൊണ്ടിട്ടില്ല എന്ന അറിവുമായി ദിനവാര്‍ത്തകള്‍ കടന്നെത്തുകയാണ്.
ഗാന്ധി ആശ്രമത്തില്‍ ചര്‍ക്കയുടെ ശബ്ദങ്ങള്‍ക്ക് കാതോര്‍ത്തുകൊണ്ട് കേളപ്പന്‍ അടുത്ത് നില്‍ക്കുകയായിരുന്ന ശങ്കരപ്പിള്ളയോട് പറഞ്ഞു. ‘സ്വാശ്രയത്വം വ്യക്തിക്കും സമൂഹത്തിനും രാഷ്ട്രത്തിനും ഒരുപോലെ ബാധകമാണ്. സ്വന്തം പരിമിതികളെ തിരിച്ചറിയുകയും അവയെ മറികടക്കാന്‍ അന്തര്‍ലീനമായിക്കിടക്കുന്ന കഴിവുകളെ വികസിപ്പിച്ചെടുക്കുകയും ആണത്. അതിന്റെ പരിശീലനത്തിന് ആത്മനിയന്ത്രണം വേണം. അധികാരം, പണം, പദവി എന്നിവയെയെല്ലാം ആത്മാവിന്റെ നിയമത്തെക്കൊണ്ട് നിയന്ത്രിച്ചു നിര്‍ത്തണം. ഏറ്റവും കുറവ് ഭരിക്കുന്ന സര്‍ക്കാര്‍ ഉണ്ടാവണം. അപ്പോഴാണ് ഭരണം ഉത്തമമാകുന്നത്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ പുതിയ ഭരണം ഗാന്ധിമാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചാണ് പോകുന്നത്’.
ശങ്കരപ്പിള്ള ആശ്ചര്യപ്പെട്ടു. ചിലര്‍ ചര്‍ക്കയുടെ കറക്കം നിര്‍ത്തി അദ്ദേഹത്തെ ശ്രദ്ധിച്ചു. കേളപ്പന്‍ നിര്‍ത്തിയില്ല. മനോവേദനയുടെ അംശം കലര്‍ന്ന വാക്കുകള്‍.
‘ഉല്‍പാദനം പരമാവധി കൂട്ടി ഉപഭോഗത്തെ വര്‍ദ്ധിപ്പിക്കുകയും അങ്ങനെ പരമാവധി ഉപഭോഗിക്കുകയും ചെയ്യുന്ന സാമ്പത്തിക വ്യവസ്ഥയാണ് വികസനമെന്ന് കമ്മ്യൂണിസവും ക്യാപിറ്റലിസവും ഒരുപോലെ വിശ്വസിക്കുന്നു. ഇന്ത്യയുടെ പോക്ക് ഈ വഴിയിലൂടെയാണ്. ഏതാനും പേരുടെ ആര്‍ത്തി നിറവേറ്റാനല്ല, എല്ലാവരുടേയും മിനിമം ആവശ്യം നിറവേറ്റപ്പെടുന്നതാണ് പൂര്‍ണ്ണസ്വരാജ് എന്നത് മറന്നുപോയിരിക്കുന്നു’. ചുമരിലെ ഗാന്ധിചിത്രത്തിലേക്ക് നോക്കി കേളപ്പന്‍ കണ്ണുപൂട്ടി. കറങ്ങുന്ന ചര്‍ക്കകള്‍ക്ക് വേഗം കുറഞ്ഞു. ചിലത് ഞരങ്ങി. നൂറ്റെടുത്ത നൂല്‍ചുറ്റുകള്‍ ഭംഗിയായി അട്ടിനില്‍ക്കുന്നതില്‍ നിന്ന് ഒന്നെടുത്ത് കേളപ്പന്‍ വെറുതെ മണപ്പിച്ചു.
സ്വാതന്ത്ര്യസമരത്തിന്റെ മണം. മൂവര്‍ണ്ണക്കൊടിയുടെ മണം.
സത്യത്തിന്റെ നിറം. അഹിംസയുടെ നിറം.
‘ഈയൊരവസ്ഥയില്‍ സര്‍ദാര്‍ പട്ടേല്‍ പ്രധാനമന്ത്രി ആവാതിരുന്നത് സ്വാഭാവികം’. ഇത് പറഞ്ഞയാളെ നോക്കി കേളപ്പന്‍ അനങ്ങാതെ തെല്ലിട നിന്നു. പിന്നെ തലയാട്ടി. ശരിയാണ് എന്നതാണ് ആ തലയാട്ടലിന്റെ അര്‍ത്ഥമെന്ന് ചുറ്റുമുള്ളവര്‍ക്കെല്ലാം മനസ്സിലായി.
ആനപ്പണി മതിയാക്കി രാമുണ്ണിയോട് യാത്ര പറഞ്ഞിറങ്ങിയ മധ്യാഹ്നത്തില്‍ വീട്ടില്‍ വന്ന് കയറി ഉണ്ണാനിരുന്ന വേലായുധന്‍ മാധവിയോട് പറഞ്ഞു. ‘കേളപ്പജി കെപിസിസി പ്രസിഡണ്ട് സ്ഥാനം രാജിവച്ചു. കോണ്‍ഗ്രസിന്റെ പോക്ക് ശരിയല്ലെന്ന് തോന്നുന്നൂന്ന്. എത്ര കൃത്യായിട്ടാ കാര്യങ്ങള്‍ ഇവരൊക്കെ തിരിച്ചറിയുന്നത്’.
‘ഗാന്ധിജി പണ്ടേ ഉപേക്ഷിച്ചതാ. അവര്‍ ഇപ്പോള്‍ ഗാന്ധിജിയേയും ഉപേക്ഷിച്ചല്ലോ’. മാധവി ചോറുവിളമ്പി. ‘നിങ്ങള്‍ടെ രണ്ടാള്‍ടെയും ഇനിയുള്ള പരിപാടിയെന്താ? ‘ ചിരിച്ചുകൊണ്ടാണ് ചോദ്യം.
‘വരികയല്ലേ ജനാധിപത്യത്തിന്റെ ഉത്സവം’.
‘എന്ത്’?
‘തെരഞ്ഞെടുപ്പ്’
‘നാം നമുക്ക് വേണ്ടി നമ്മെ ഭരിക്കുന്നവരെ തീരുമാനിക്കുന്ന ഏര്‍പ്പാടാണ്. ചിന്തിച്ച് വോട്ട് ചെയ്യണം.
കേളപ്പജിയല്ലാതെ മറ്റൊരാളെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവൂലല്ലോ’. വേലായുധന്‍ ലഘുലേഖ നല്‍കി ഓരോ വീട്ടിലും പറഞ്ഞു.
വനിതാ സംഘത്തെ നയിച്ച് കൊണ്ട് മാധവിയും പറ്റാവുന്നത്രയും പ്രചാരണപരിപാടികളില്‍ പങ്കുകൊണ്ടു. വീട്ടില്‍ അമ്മ കിടപ്പിലാണ്. അതിനാല്‍ മാധവിക്ക് വേലായുധനെപ്പോലെ മുഴുവന്‍ സമയവുമിറങ്ങാന്‍ സാധിച്ചില്ല.
കേശവമേനോന്‍ എഴുത്തില്‍ മുഴുകി. മൊയ്തു മൗലവി നിശബ്ദനായി. കേളപ്പജി കൃപലാനിയുടെ കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്.
‘മറ്റന്നാള്‍ കേളപ്പജി നമ്മുടെ താലൂക്കില് പ്രചാരണത്തിന് വരുന്നുണ്ട് പോലും. ഉച്ചഭക്ഷണം ഇവ്ടാക്കിയാലോ?’. വളരെ ആവേശത്തോടെയാണ് വേലായുധന്‍ മാധവിയോട് ചോദിച്ചത്. മാധവിക്ക് സന്തോഷം. അമ്മ പായയില്‍ കിടന്ന് കൈയ്യടിച്ചു. പിറ്റേന്ന് വളപ്പിലേക്കിറങ്ങി വേലായുധന്‍ വെണ്ടയും പയറും പറിച്ചു. ചേനയും ചെമ്പും കിളച്ചു. മാധവി നെല്ല് സൂക്ഷിച്ചിരുന്ന ചാക്കില്‍ നിന്ന് കുറച്ചെടുത്ത് പുഴുങ്ങി ഉരലിലിട്ടിടിച്ചു. ഉണക്കിയ മുളകും കുരുമുളകും പൊടിയാക്കി വെച്ചു.
വൈകുന്നേരം വേലായുധന്‍ പറഞ്ഞു. വാഴയില നാളെ മുറിക്കാം. പൂവന്‍പഴം പഴുത്തതില്ല. കുഞ്ഞിക്കൊട്ടേട്ടനോട് ചോദിക്കാം. വേലായുധന്‍ പുറത്തേക്കിറങ്ങി.
സന്ധ്യയ്ക്ക് തിരിച്ചു കയറുമ്പോള്‍ വേലായുധന് പോകുമ്പോഴുണ്ടായിരുന്ന ആവേശത്തിന് അല്പം മങ്ങലേറ്റിട്ടുള്ളതായി മാധവിക്ക് തോന്നി. വേലായുധന്‍ കീശയില്‍ നിന്നും ഒരു കടലാസെടുത്ത് മാധവിക്ക് നീട്ടി. മാധവി അത് തുറന്ന് നോക്കി.
‘കേളപ്പജീടെ കത്താണ്. എനിക്ക് തവന്നൂര്‍ന്ന് കൊടുത്തയച്ചത്’.
മാധവി വായിച്ചു.
‘പ്രിയ വേലായുധന് നമസ്‌കാരം,
താങ്കള്‍ പ്രചാരണരംഗത്ത് സജീവമാണെന്നറിയുന്നു. നന്ദി. നാളെ ഞാന്‍ നിങ്ങളുടെ നാട്ടിലാണ്. താങ്കളുടെ ഭവനത്തിലെ ഉച്ചയൂണിനുള്ള ക്ഷണം സസന്തോഷം സ്വീകരിക്കുന്നു. പക്ഷെ മറ്റൊരു കാര്യം പറയാനാണ് ഈ കുറിപ്പ്. താങ്കള്‍ നന്നായി പ്രസംഗിക്കുന്നുണ്ട് എന്ന് കേട്ടു. അതിനാല്‍ നാളെ രാവിലെ പാലക്കാട്ടെത്തണം. വാഹനം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. കുറച്ചുദിവസം പാലക്കാട് ഭാഗത്ത് താങ്കള്‍ ശ്രദ്ധിക്കണം. പൊന്നാനി ഭാഗത്ത് ഞാനുണ്ടാകും.
സസ്‌നേഹം കെ കേളപ്പന്‍’.
”കേളപ്പജി ആദ്യമായി വീട്ടിലെത്തുന്നു. പക്ഷേ ഞാനുണ്ടാവില്ല’. വേലായുധന്റെ ശബ്ദം നേര്‍ത്തിരുന്നു.
‘നാളെക്കഴിഞ്ഞു പോകാമെന്ന് പറഞ്ഞയക്കാമായിരുന്നില്ലേ?’
‘പറ്റില്ല. ആദ്യമായാണ് അദ്ദേഹം നേരിട്ടൊരുകാര്യം ആവശ്യപ്പെടുന്നത്. ഇതൊക്കെ ധാര്‍മിക വഴിയില്‍ നമ്മുടെ താല്‍പര്യങ്ങളെ പരിമിതപ്പെടുത്താനുള്ള പരീക്ഷണങ്ങളാണ്. നീ മൂന്നു ജോഡി വസ്ത്രങ്ങള്‍ തയ്യാറാക്കി വെക്കൂ’.
കൂടെയുള്ളത് അത്രത്തോളമൊന്നും വേരുപിടിക്കാത്ത ഒരു പാര്‍ട്ടി. പിന്തുണയ്ക്കുന്നത് താന്‍ ഏറെ വിമര്‍ശിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍. എതിര്‍ നില്‍ക്കുന്നത് തന്റെ മൂന്നു ദശകങ്ങളിലെ വിയര്‍പ്പുപ്പ് പുരണ്ടിരിക്കുന്ന പ്രസ്ഥാനം.
ഗാന്ധിജി തനിക്കൊപ്പമാണെന്ന് കേളപ്പന്‍ വിശ്വസിച്ചു. പ്രചാരണത്തിന്റെ അവസാനദിവസം പാലക്കാട് കൊട്ടിക്കലാശജാഥയ്ക്ക് തയ്യാറായിരിക്കുമ്പോഴാണ് മലപ്പുറത്തുനിന്നും ഒരാള്‍ വേലായുധനെ തേടിയെത്തിയത്. ബസ്സിറങ്ങി ഓടിക്കിതച്ചാണ് അയാള്‍ അടുത്തെത്തിയത്.
‘വീട്ടിലേക്ക് ഉടന്‍ ചെല്ലാന്‍ പറഞ്ഞു. അമ്മയ്‌ക്കെന്തോ വയ്യായ്ക’. ജാഥയുടെ കാര്യങ്ങളെല്ലാം കൂടെയുള്ളവരെ ഏല്‍പ്പിച്ച് ഉടന്‍ ഇറങ്ങി. മലപ്പുറത്തേക്കുള്ള ബസ് കയറി.
ബസ്സിറങ്ങുമ്പോള്‍ പ്രവര്‍ത്തകരുടെ ജീപ്പ് കാത്തുനില്‍പ്പുണ്ടായിരുന്നു. കവലയിലിറങ്ങി വഴിയിലൂടെ നടന്നു. വരമ്പില്‍ നിന്നും വീട്ടുവളപ്പിലേക്കുള്ള മണ്‍പടവുകള്‍ കയറുമ്പോള്‍ മുറ്റത്തെ ആള്‍ക്കൂട്ടം കാഴ്ചയിലെത്തി.
മുറ്റത്തെത്തിയപ്പോഴാണ് അകത്തുനിന്ന് മാധവിയുടെ കരച്ചില്‍കേട്ടത്. പിറകില്‍ നിന്ന് ആരോ പറഞ്ഞു. ‘അമ്മ പോയി. ഉച്ചയ്ക്കായിരുന്നു’.
ഇരുട്ടില്‍ ചിതയെരിഞ്ഞുയരുന്ന തീനാളങ്ങളെ കണ്ടപ്പോള്‍ വേലായുധന്‍ കത്തിയമരുന്ന പഴയ വീടുകണ്ടു. അതിനകത്ത് ചാരമായെരിഞ്ഞ അച്ഛനെ ഓര്‍ത്തു. അച്ഛനോടൊപ്പം കത്തിയമര്‍ന്ന ബോധവും ബുദ്ധിയും നഷ്ടപ്പെട്ട് മുപ്പതാണ്ടുകള്‍ ജീവിച്ചുതീര്‍ത്ത ശരീരമാണ് കത്തുന്നത്. ഭീതിദമായ ഒരു ലഹളയുടെ രക്തസാക്ഷി.
സംസ്‌കാരം കഴിഞ്ഞിറങ്ങുമ്പോള്‍ കുഞ്ഞിക്കൊട്ടന്‍ പറഞ്ഞു. ‘കേളപ്പജീം കൂട്ടരുമുണ്ടായിരുന്നു ഉച്ചമുതല്‍ കുറേനേരം’.
വേലായുധന്‍ തലയാട്ടി മുന്നോട്ടു നടന്നു.
പതിമൂന്നു ദിവസം വീട്ടില്‍ നിന്നിറങ്ങിയില്ല. അതിനിടെ തിരഞ്ഞെടുപ്പ് ഫലം വന്നു.
കേളപ്പന്‍ ലോകസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ആഹ്ലാദപരിപാടികള്‍ നടന്നു. വേലായുധനും മാധവിയും വീട്ടിലിരുന്ന് കാര്യങ്ങളെല്ലാം കേട്ടു.
മഴക്കാലം ഏറെക്കുറെ പിന്‍വാങ്ങി കഴിഞ്ഞു എന്ന് തോന്നിയ ഒരു ദിവസം മാധവി പറഞ്ഞു. ‘നമുക്ക് നെടിയിരുപ്പ് വരെ ഒന്നുപോയാലോ?’
വേണമെന്ന് വേലായുധന് തോന്നി. അന്നുതന്നെ ഉച്ചയൂണിനു ശേഷം പുറപ്പെട്ടു. പുള്ളിക്കല്ലു വരെ നടന്നു. മൊറയൂര്‍ക്കു പോകുന്ന ഒരു ജീപ്പ് കിട്ടി.
മാധവി ആദ്യമായാണ് നെടിയിരിപ്പില്‍ വരുന്നത്.
മുന്നില്‍ വീടിന്റെ അസ്ഥികൂടം. തറക്കല്ല് അവിടവിടെ ഇളകിക്കിടക്കുന്നു. അതിന് മുകളിലും ചുറ്റിലും കാടുമൂടിയിട്ടുണ്ട്. വള്ളികള്‍ പടര്‍ന്നുകയറിയ ചുമരുകളുടെ അവശിഷ്ടങ്ങള്‍. ചെടിപടര്‍പ്പുകള്‍ വകഞ്ഞ് മുന്നോട്ടു നടക്കാന്‍ തുനിഞ്ഞപ്പോള്‍ വേലായുധനെ മാധവി തടഞ്ഞു.
‘വേണ്ട പാമ്പുകളുണ്ടാവും’.
‘സാരമില്ല, അവരറിയണം ഇതെന്റേതാണെന്ന്. അച്ഛനുമമ്മയും എനിക്കും കൂടി വേണ്ടി വിയര്‍ത്ത് ഉയര്‍ത്തിയതാണെന്ന്’.
തറയുടെ വടക്കുഭാഗത്തെ കുഴിയും സമീപമുള്ള മണ്‍തറയും കാട്ടി വേലായുധന്‍ പറഞ്ഞു.
‘ദാ അവിടെയാണ് ഞാന്‍ കാളകളെ കെട്ടിയിരുന്നത്’.
‘ഉം’
ചുമരുകളുണ്ടായിരുന്നു എന്ന് തോന്നിപ്പിച്ച ചതുരക്കളത്തിനുള്ളില്‍ നിന്ന് കാടുകള്‍ പറിച്ചുമാറ്റി വൃത്തിയാക്കുമ്പോള്‍ മാധവിയും കൂടി. അല്‍പസമയം കൊണ്ട് അവിടം വെടിപ്പായി മാറിയപ്പോള്‍ വേലായുധന്‍ ആവേശം കൊണ്ടു.
‘ഇവിടെയായിരുന്നു അച്ഛന്‍ കിടന്നിരുന്നത്. അമ്മയും’.
‘ഉം’
അടുക്കളയും പൂജാമുറിയും കൂടി വൃത്തിയാക്കിയശേഷം വേലായുധന്‍ പറഞ്ഞു.
‘നമുക്ക് ഒരിടം വരെ പോകാനുണ്ട്, വാ’.
Comments