Tuesday, February 7, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home അഭിമുഖം

ധൈഷണിക ചരിത്രത്തിലെ അപൂര്‍വ്വ വ്യക്തിത്വം

അഭിമുഖം തുടര്‍ച്ച: ഡോ.എ.എം.ഉണ്ണികൃഷ്ണന്‍/കല്ലറ അജയന്‍

Print Edition: 22 October 2021

എന്നെ അത്ഭുതപ്പെടുത്തിയ അദ്ദേഹത്തിന്റെ ഒരു രചനയാണ് ശങ്കരാചാര്യരുടെ ദേവീ മാനസപൂജാ സ്‌തോത്രത്തിന്റെ തര്‍ജ്ജമ. അത്ഭുതപ്പെടുത്തി എന്ന് പറയാന്‍ കാര്യം ഇത്ര തെളിമയോടു കൂടി സംസ്‌കൃതത്തിലെ ടിപ്പണി ഉള്‍പ്പെടെ തര്‍ജ്ജമ ചെയ്തിരിക്കുന്നത് അധികം കണ്ടിട്ടില്ല. തര്‍ജ്ജമയില്‍ പലരും പല കാര്യങ്ങളിലും അവ്യക്തത സൃഷ്ടിക്കാറുണ്ട്. സംസ്‌കൃത കൃതികളായാലും ഇംഗ്ലീഷ് കൃതികളായാലും തര്‍ജ്ജമ ചെയ്യുന്ന എല്ലാവര്‍ക്കും എല്ലാ ഭാഗങ്ങളും വഴങ്ങുകയില്ലല്ലോ. അങ്ങനെ ഒരു വഴങ്ങായ്ക വരുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ ആ ഭാഗം ഒഴിവാക്കിക്കളയും. പക്ഷേ ശങ്കരാചാര്യരുടെ ഈ സ്‌തോത്രം അതിമനോഹരമായ കവിതയാണ്. ശങ്കരാചാര്യര്‍ ഒരു വലിയ കവിയാണ് എന്നുള്ള കാര്യം അരക്കിട്ടുറപ്പിക്കുന്ന ഒരു സംഗതിയാണ് ദേവീ മാനസപൂജാ സ്‌തോത്രം. അതിന്റെ തര്‍ജ്ജമയില്‍ ചട്ടമ്പിസ്വാമികള്‍ ഒരു അക്ഷരം പോലും സംശയം ഉണ്ടാകാത്ത രീതിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഞാന്‍ സംസ്‌കൃതം പഠിച്ചിട്ടുള്ള ആളല്ല. മലയാളം പഠിക്കുന്ന കൂട്ടത്തില്‍ ഒരല്പം പഠിച്ചിട്ടുണ്ട് എന്നെയുള്ളു. സംസ്‌കൃതത്തെക്കുറിച്ച് നമുക്ക് തെളിമയുള്ള ഒരറിവില്ല. പക്ഷേ എങ്കിലും അദ്ദേഹം ഈ കൃതി-തര്‍ജ്ജമ ചെയ്തിരിക്കുന്ന രീതി സംശയത്തിന്റെ ഒരു കണികപോലും ഇല്ലാത്ത തരത്തിലാണ്. സംസ്‌കൃതത്തില്‍ സാധാരണ മാത്രം അറിവുള്ള ഒരാള്‍ക്ക് അങ്ങനെ പറ്റില്ല. നല്ല തെളിമയോടെ വളരെ ലാളിത്യത്തോടെ ഒരു കാര്യം അവതരിപ്പിക്കണം എന്നുണ്ടെങ്കില്‍ വലിയ അറിവ് വേണം. സാങ്കേതികത്വം ആവശ്യത്തിലധികം പറഞ്ഞു പല കാര്യങ്ങളെയും മറച്ചു പിടിക്കുന്ന രീതി അറിവിന്റെ കുറവു കൊണ്ടുണ്ടാകുന്നതാണ്. പക്ഷെ ഇത്രയും തെളിമയുള്ള രീതിയിലുള്ള അദ്ദേഹത്തിന്റെ തര്‍ജ്ജമ – സംസ്‌കൃത കൃതികള്‍ അദ്ദേഹം അധികം തര്‍ജ്ജമ ചെയ്തതായി കണ്ടിട്ടില്ല – സംസ്‌കൃതത്തില്‍ അഗാധ പണ്ഡിതനായിരുന്നു അദ്ദേഹം എന്നുള്ളത് നമുക്ക് ഉറപ്പിക്കാന്‍ കഴിയും ഈ ഒരു തര്‍ജ്ജമ വായിക്കുമ്പോള്‍. അതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?

♠ചട്ടമ്പിസ്വാമികള്‍ അങ്ങ് സൂചിപ്പിച്ചതുപോലെ നവോത്ഥാനത്തിന്റെ തുടക്കക്കാരില്‍ അഗ്രഗണ്യന്‍ തന്നെയാണ്. ഏതാണ്ട് ഈ വീക്ഷണമാണ് നമ്മുടെ സമൂഹത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത് അഥവാ പ്രചരിപ്പിക്കപ്പെടുന്നത്. പക്ഷേ അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളേയും കേട്ടുകേള്‍വികളേയും അടിസ്ഥാനമാക്കി ഉണ്ടായ ഈ അഭിപ്രായ രൂപവത്കരണത്തിന് പുറത്ത് മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത ചരിത്ര സംഭാവനകള്‍ നല്‍കിയ അത്ഭുത പുരുഷനാണ് ചട്ടമ്പിസ്വാമികള്‍ എന്ന തിരിച്ചറിവാണ് ചട്ടമ്പിസ്വാമി പഠനങ്ങള്‍ എന്ന പേരില്‍ ഒരു ബൃഹദ്ഗ്രന്ഥം തയ്യാറാക്കാന്‍ എനിക്ക് പ്രേരകമായത്. അത് ഞാന്‍ രചിക്കുന്ന ഗ്രന്ഥമല്ല. എഡിറ്റ് ചെയ്യുന്നതാണ്. പുസ്തകത്തിന്റെ ഘടന ആദ്യം തന്നെ ഒന്ന് വ്യക്തമാക്കാം. ഇത് 217 പ്രൗഢ പ്രബന്ധങ്ങള്‍ ഉള്‍പ്പെടുന്നതാണ്. മൂന്ന് ഭാഗങ്ങളായിട്ടാണ് പുസ്തകത്തെ വിഭജിച്ചിട്ടുള്ളത്. അതില്‍ തന്നെ 18 വിജ്ഞാനീയങ്ങള്‍ ആയിട്ട് വിഷയാടിസ്ഥാനത്തില്‍ പ്രബന്ധങ്ങളെ സംവിധാനം ചെയ്തിരിക്കുന്നു. സന്യാസി ശ്രേഷ്ഠന്‍, ആചാര്യ ശ്രേഷ്ഠന്‍ എന്ന നിലയില്‍ മാത്രം പലരും മനസ്സിലാക്കുന്ന ചട്ടമ്പിസ്വാമികള്‍ കേരളത്തിന്റെ ധൈഷണിക ചരിത്രത്തിലെ അപൂര്‍വ്വവും അനന്വയവുമായ വ്യക്തിത്വത്തിന്റെ ഉടമയാണ് എന്നതാണ് ഈ പുസ്തകം നമുക്ക് വ്യക്തമാക്കിത്തരുന്നത്. അദ്ദേഹം മലയാളവും തമിഴും സംസ്‌കൃതവും മാത്രം അറിയാമായിരുന്ന വ്യക്തിയാണ്.

ലോകത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയും ലോക ചരിത്രത്തെയും ദര്‍ശനത്തെയും എന്തിന് ശാസ്ത്രത്തെയും വരെ മറ്റുള്ളവരുടെ സഹായത്തോടുകൂടി സസൂക്ഷ്മം ഗ്രഹിച്ച് സ്വകീയമായ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്ന് അതിന്റെ അടിസ്ഥാനത്തില്‍ മലയാളത്തില്‍ ആദ്യമായി ഗവേഷണ പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് ഒട്ടേറെ വിജ്ഞാനശാഖകള്‍ ആരംഭിക്കാന്‍ സാധിച്ചത് ചട്ടമ്പിസ്വാമികള്‍ക്കാണ്. അങ്ങനെ വരുമ്പോള്‍ അദ്ദേഹം നമ്മള്‍ അറിയുന്ന സംഭാവനകള്‍ മാത്രം ചെയ്ത ആളായിട്ടല്ല തിരിച്ചറിയപ്പെടുന്നത്. അങ്ങനെ ഒരാളെ യഥായോഗ്യം മനസ്സിലാകാതെ പോകുന്നത് കേരള സമൂഹത്തിന് ഏറ്റവും വലിയ നഷ്ടം ഉണ്ടാക്കും. ഇങ്ങനെ ഉള്ള ആളുകളുടെ സംഭാവനകള്‍ തമസ്‌കരിക്കപ്പെടുന്നതു കൊണ്ട് മറ്റു ചില ആളുകള്‍ക്ക്, സംഘങ്ങള്‍ക്ക്, സംഘടനകള്‍ക്ക് ചില സൗകര്യങ്ങള്‍, പ്രയോജനങ്ങള്‍ തരപ്പെടുത്താന്‍ പറ്റും. അത് ആശാസ്യമല്ല. അപകടം വരുത്തുന്നതാണ് എന്നത് ഒരു കാരണം. പക്ഷേ പ്രധാനപ്പെട്ട കാരണം ആദ്യമേ സൂചിപ്പിച്ചു, കേരളത്തിന്റെ വിജ്ഞാന മണ്ഡലങ്ങളെ വികസിപ്പിക്കാന്‍ ചട്ടമ്പിസ്വാമികള്‍ക്ക് മുന്‍പുള്ള ഒരാള്‍ക്കും അദ്ദേഹം ചെയ്തതുപോലെ കഴിഞ്ഞിരുന്നില്ല. പിന്നീട് വന്ന പലരും പല വിജ്ഞാന മേഖലകളെ മുന്നോട്ടുകൊണ്ടു പോയിട്ടുണ്ടെങ്കിലും ചട്ടമ്പിസ്വാമി ചെയ്തതുപോലെ ബഹു വിജ്ഞാനമേഖലകള്‍ക്ക് തുടക്കം കുറിക്കുകയോ അവയെ ശരിയായ രീതിയില്‍ ആധുനിക വിജ്ഞാനത്തിന്റെ നിലവാരം വച്ച് നോക്കിയാല്‍ പോലും സ്വീകാര്യമായ വിധത്തില്‍ പ്രതിഷ്ഠിക്കുന്നതിന് സാധിക്കുകയോ ചെയ്തിട്ടില്ല. ഇതെല്ലാം നമ്മുടെ വരുംതലമുറകള്‍ അറിയുമ്പോള്‍ കേരളത്തിന്റെ ചരിത്രത്തില്‍ ലോക ചരിത്രവുമായി തുലനപ്പെടുത്താവുന്ന സംഭാവനകള്‍ പാശ്ചാത്യ ദേശത്ത് ഉണ്ടാകുന്നതിനു മുന്‍പോ ഉണ്ടായ കാലത്തോ തന്നെ കൈവരിക്കാന്‍ നമുക്കും സാധിച്ചിരുന്നു എന്ന ആത്മവിശ്വാസം, എനിക്കും. ഇതൊക്കെയാണ് ഈ ഗ്രന്ഥം സംവിധാനം ചെയ്യുന്നതിന്റെ പിന്നിലുള്ള പ്രേരണകളില്‍ ആദ്യം പറയാന്‍ തോന്നുക.

കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രഥമഗണനീയനാണ് ചട്ടമ്പിസ്വാമികള്‍. അദ്ദേഹത്തെക്കുറിച്ച് അങ്ങ് വളരെ ഗഹനമായ ഒരു ഗ്രന്ഥം തയ്യാറാക്കിയിരിക്കുകയാണല്ലോ. എന്താണ് അതിനെ കുറിച്ച് അങ്ങേയ്ക്ക് പറയാനുള്ളത്?
♠ ചട്ടമ്പിസ്വാമികള്‍ തന്റെ രചനകളിലൂടെ, ഗദ്യ രചനകളിലൂടെ, വിപ്ലവ രചനകളിലൂടെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവുമായിട്ട് അദ്ദേഹം സാധിച്ചത് ഒരു കൗണ്ടര്‍ മോഡേണിറ്റിയെ സൃഷ്ടിക്കുക എന്നതായിരുന്നു. അതിന്റെ സാധ്യതകള്‍ എന്തൊക്കെയാണ് എന്ന് ‘ചട്ടമ്പി സ്വാമി പഠനങ്ങള്‍’ എന്ന ഞാന്‍ എഡിറ്റു ചെയ്ത പുസ്തകത്തില്‍ ഇരുന്നൂറിലധികം ഗവേഷകര്‍, മനീഷികള്‍, പണ്ഡിതര്‍, കവികള്‍, ചരിത്രകാരന്മാര്‍, സന്ന്യാസി ശ്രേഷ്ഠന്മാര്‍ പ്രതിപാദിക്കുന്നുണ്ട്. ഇത് മലയാള ഭാഷയിലെ ഒരു അപൂര്‍വ്വ ഗ്രന്ഥമാണ് എന്ന് ഞാന്‍ വിനയത്തോടു കൂടി പറയട്ടെ. എന്തുകൊണ്ടെന്നാല്‍ ഒരു കേരളീയനെ കുറിച്ച് ഇതുവരെ ഇങ്ങനെ ഒരു പുസ്തകം ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ ധൈഷണിക സംഭാവനകളെ പുരസ്‌കരിച്ച് ഒരേ സമയത്ത് അനേകര്‍ കൂലങ്കഷമായി ചിന്തിച്ചു ഗഹനമായി വിചിന്തനം നടത്തി എത്തിച്ചേരുന്ന നിഗമനങ്ങളുടെ അവതരണമാണ് ഈ ഗ്രന്ഥത്തില്‍. അവയ്ക്ക് ഐകരൂപ്യമുണ്ടായിരിക്കുന്നു എന്നതും നമ്മള്‍ ശ്രദ്ധിക്കണം. എന്താണ് ആ ഐകരൂപ്യം? ചട്ടമ്പിസ്വാമിയെ പോലെ ഒരാള്‍ അദ്ദേഹത്തിനു മുന്‍പോ പിന്‍പോ കേരളത്തില്‍ ഉണ്ടായിട്ടില്ല, ജന്‍മം കൊണ്ടിട്ടില്ല എന്നതാണ്. ഈ തിരിച്ചറിവ് ഈ ബോധ്യം നാം കൈവരിക്കുന്നതോടുകൂടി കേരളത്തിന്റെ ധൈഷണിക ചരിത്രം പുനര്‍രചിക്കപ്പെടും. ചരിത്രം തിരുത്തി എഴുതും.

മലയാളത്തില്‍ ചരിത്രരചനാ പദ്ധതിക്ക് തുടക്കം കുറിച്ചതും ചട്ടമ്പിസ്വാമികള്‍ ആണ്, പ്രാചീന മലയാളത്തിലൂടെ. അന്നോളം കെട്ടുകഥകളെയും കടങ്കഥകളെയും ഊഹാപോഹങ്ങളെയും ഒക്കെ ചരിത്രമാണ് എന്ന് വിശ്വസിക്കാന്‍ വിധിക്കപ്പെട്ട സമൂഹമായിരുന്നു നമ്മുടേത്. കേരളോത്പത്തിയും കേരളമാഹാത്മ്യവും ഒക്കെയായിരുന്നു നമ്മുടെ ചരിത്രഗ്രന്ഥങ്ങള്‍. ഇവയൊക്കെ തട്ടിക്കളഞ്ഞിട്ട് എന്താണ് ചരിത്രം എന്ന് അദ്ദേഹം നെല്ലും പതിരും തിരിച്ച് കാണിച്ചു തന്നു, ധൈര്യപൂര്‍വ്വം വിളിച്ചു പറഞ്ഞു. അപ്പോള്‍ കേരളത്തിന്റെ ധൈഷണിക ചരിത്രത്തെ തിരുത്തുന്ന, സാഹിത്യ ചരിത്രത്തെ പൊളിച്ചെഴുതുന്ന അനേകം വൈജ്ഞാനിക മേഖലകളുടെ സംസ്ഥാപകന്‍, സമുദ്ഘാടകന്‍ എന്ന സ്ഥാനം അര്‍ഹിക്കുന്ന വ്യക്തിയാണ് ചട്ടമ്പിസ്വാമികള്‍. സന്ന്യാസി, ഋഷി മാത്രമല്ലായിരുന്നു അദ്ദേഹം. അതോടൊപ്പം അദ്ദേഹം ജീവിത ലീല കൊണ്ട് ഈ മഹാ കൃത്യങ്ങള്‍ കൂടി നിര്‍വഹിച്ചതിനു ശേഷം കേരളത്തെ അനുഗ്രഹിച്ചതിനുശേഷമാണ് ഭൗതികശരീരം വെടിഞ്ഞത് എന്നുള്ള യാഥാര്‍ത്ഥ്യം മലയാളി മനസ്സിലാക്കുന്നു, ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് മനസ്സിലാക്കാം. ആ അറിവ് അവര്‍ക്ക് മറ്റു ഭാഷകളിലൂടെ മൊഴിമാറ്റം ചെയ്തുമൊക്കെ ലോകത്തെ അറിയിക്കാനുള്ള അവസരം കൂടിയാണ് കൈവന്നിട്ടുള്ളത്.

ചട്ടമ്പിസ്വാമികളുടെ മൗലിക രചനകള്‍ പോലെ പ്രധാനപ്പെട്ടത് തന്നെയാണ് അദ്ദേഹം വിവര്‍ത്തനം ചെയ്ത കൃതികളും. ചിലതൊക്കെ മൗലികം, വിവര്‍ത്തനം എന്ന് വേര്‍തിരിക്കാമോ എന്ന് പോലും സംശയിക്കാവുന്നതാണ്. പ്രധാനമായും സംസ്‌കൃതത്തില്‍ നിന്നും തമിഴില്‍ നിന്നുമാണ് ആ വിവര്‍ത്തനങ്ങള്‍ വന്നിരിക്കുന്നത്. വിവര്‍ത്തനത്തിന് പ്രത്യേകമായ ഉദ്ദേശ്യം സ്വാമിക്ക് ഉണ്ടായിരുന്നു എന്ന് അനുമാനിക്കണം. അതായത് നമ്മുടെ സമൂഹത്തില്‍ ജനസാമാന്യത്തിന് ഇന്ന് വളരെ പ്രാധാന്യത്തോടുകൂടി കൈവരേണ്ട ഏറ്റവും അത്യാവശ്യമായ അനുഭവം അനുഭൂതിയാണ്. അറിവിനെ അനുഭൂതിയായിട്ടും അനുഭവമായിട്ടും കിട്ടണം അഥവാ കൈവരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ താല്പര്യം എന്നുവേണം നമ്മള്‍ വിചാരിക്കാന്‍. ശങ്കരാചാര്യ സ്വാമികളുടെ ദേവിമാനസപൂജാ സ്‌തോത്രം സംസ്‌കൃതത്തില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റി. അതുപോലെ തമിഴില്‍നിന്നും അദ്ദേഹം ചില വിവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പതിനേഴാം നൂറ്റാണ്ടില്‍ തമിഴില്‍ ഉണ്ടായ ശൈവ സിദ്ധാന്തത്തിന്റെ ആധികാരിക ഗ്രന്ഥം എന്ന് ചിലര്‍ വിശേഷിപ്പിക്കുന്ന ‘ഒഴുവിലൊടുക്കം’ എന്ന കൃതിയാണ്. പിന്നെ തിരുനല്‍വേലി കൊടകനല്ലൂര്‍ സുന്ദര സ്വാമികള്‍ രചിച്ച ‘നിജാനന്ദവിലാസം’. ഇതൊക്കെയാണ് പ്രധാനപ്പെട്ട വിവര്‍ത്തനങ്ങള്‍. നിജാനന്ദവിലാസം രചിച്ച സ്വാമികളും ചട്ടമ്പിസ്വാമികളും സമകാലികനായിരുന്നു എന്നുള്ളതും മനസ്സിലാക്കണം. 25 വര്‍ഷം അവര്‍ ഒരേ സമയം ഭൂമിയില്‍ ഉണ്ടായിരുന്നു. പക്ഷെ ഒഴുവിലൊടുക്കം രചിച്ച ‘കണ്ണൂടയ വളളലാര്‍’ പതിനേഴാം നൂറ്റാണ്ടുകാരനാണ്. പൗരാണിക രചനകള്‍ ആണെങ്കിലും നിത്യ പ്രസക്തമായ യാഥാര്‍ത്ഥ്യത്തെ അഥവാ പാരമാര്‍ത്ഥിക സത്യത്തെ, അനുഭൂതി പകരുന്ന ഈ രചനകളെ മലയാളികള്‍ അറിഞ്ഞിരിക്കണം, അവയുടെ പൊരുള്‍ സ്വന്തമാക്കണം എന്നതാണ് സ്വാമികളുടെ പരിഭാഷാപരിശ്രമത്തിന് പിന്നിലുള്ള താല്പര്യം.

താങ്കള്‍ സൂചിപ്പിച്ച ദേവി ‘മാനസപൂജാ സ്‌തോത്രം’ എന്ന കൃതി അതിനു ചില സവിശേഷതകള്‍ ഉണ്ട്. അത് വൈദിക രീതിയില്‍ നിന്ന് വ്യത്യസ്തമായ ഒരു ക്രമം ദീക്ഷിക്കുന്ന ശ്രീചക്രപൂജയെ സംബന്ധിച്ചുള്ളതാണ്. അത് സ്വാമികള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍, കവികളില്‍ കവിയായ ശങ്കരാചാര്യ സ്വാമികളുടെ രചനയെ മലയാളീകരിക്കുമ്പോള്‍ അതിന്റെ കാവ്യഭംഗി ഒട്ടും ചോര്‍ച്ച ഉണ്ടായില്ല എങ്കില്‍ അതിന്റെ കാരണം ചട്ടമ്പിസ്വാമികള്‍ തന്നെ ഒരു സഹജ കവിയാണ് എന്നതാണ്. അദ്ദേഹം കാവ്യരചനാ വൃത്തിയില്‍ ഏര്‍പ്പെട്ടതിന്റെ ഒട്ടേറെ ഉദാഹരണങ്ങളും അനുഭവങ്ങളും നമുക്ക് പറയാന്‍ സാധിക്കും. ചെറുപ്പകാലത്ത് അദ്ദേഹം കാവ്യശിക്ഷണം, തുഞ്ചത്തെഴുത്തച്ഛന്റെ ആദ്ധ്യാത്മിക രാമായണം കിളിപ്പാട്ട് വായിച്ചു വ്യാഖ്യാനിക്കുന്നത്, പ്രത്യേകിച്ച് അതിന്റെ പാരായണം, ഗുരുനാഥനായ പേട്ടയില്‍ രാമന്‍പിള്ള ആശാനേയും മറ്റുള്ളവരേയും വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ കാവ്യരചനാ ശേഷിയെ വളരെയധികം പരിപോഷിപ്പിച്ചിട്ടുണ്ടാകണം. ധാരാളം കവിതകള്‍, നിമിഷ കവനങ്ങള്‍, സമസ്യാപൂരണങ്ങള്‍ അദ്ദേഹത്തിന്റേതായിട്ട് ഉണ്ടായിരുന്നു. വളരെ അസാധ്യമാണ് എന്നു തോന്നുന്ന അക്ഷരങ്ങളില്‍ തുടങ്ങുന്ന സമസ്യകള്‍ പോലും അദ്ദേഹം പൂര്‍ത്തിയാക്കിയതിന്റെ വിവരണം നമുക്ക് ജീവചരിത്രങ്ങളില്‍ നിന്ന് കിട്ടും.

പെരുനെല്ലി കേശവന്‍ വൈദ്യര്‍, വെളുത്തേരി കൃഷ്ണന്‍ വൈദ്യര്‍, സ്വാമികളുടെ ഈ രണ്ട് കവി ശിഷ്യന്മാര്‍ ശ്രീനാരായണ ഗുരുവിന്റെ സുഹൃത്തുക്കളായിട്ടുള്ള ആ രണ്ട് പ്രഗത്ഭമതികള്‍ ആയിരുന്നു കാവ്യരചനയില്‍ ചട്ടമ്പിസ്വാമികളെ ഏറ്റവും കൂടുതല്‍ പ്രേരിപ്പിച്ചതും സഹായിച്ചതും. സ്വാമികള്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് കിട്ടനും കേശവനും (കൃഷ്ണന്‍ വൈദ്യനും കേശവന്‍ വൈദ്യനും) എന്റെ രണ്ടു ചിറകുകള്‍ ആയിരുന്നു എന്ന്. കവി വേഷംകെട്ടാന്‍ എന്നെ അവരാണ് പ്രേരിപ്പിച്ചത്. അവര്‍ രണ്ടുപേരും പോയതില്‍ പിന്നെ, (രണ്ടുപേരും അകാലത്തില്‍ മരിച്ചതായിരുന്നു. അകാലം എന്നുദ്ദേശിക്കുന്നത് ചെറുപ്പകാലത്ത്. അകാലം എന്ന ഒരു കാലം യഥാര്‍ത്ഥത്തില്‍ മരണത്തിന് ഇല്ല. മരിക്കുന്ന കാലം ശരിയായ കാലമാണ് എന്നുള്ളതാണ് അതിന്റെ നേരായിട്ടുള്ള അര്‍ത്ഥം. പക്ഷേ നല്ല ആരോഗ്യത്തോടെ ചെറുപ്പത്തോടെ ഇനിയും ഏറെക്കാലം ജീവിച്ചിരിക്കാം എന്ന് കരുതി ഇരിക്കുമ്പോള്‍ മരിക്കുന്നതിന് ആണ് നമ്മള്‍ അകാലം എന്ന് പറയുന്നത്. അത് അകാലമാണെങ്കില്‍ അകാലത്തില്‍ മരിച്ചു പോയവരാണ് ഇവര്‍ രണ്ടുപേരും. ഞാന്‍ കവി വേഷംകെട്ടി പറക്കാറില്ല’ എന്ന് സ്വാമികള്‍ പറഞ്ഞിട്ടുണ്ട്.

ഇതുപോലെ തന്നെ ശ്രീനാരായണഗുരുവുമൊത്ത് അണിയൂര്‍ ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച യാത്രയില്‍ എത്രയോ രചനകള്‍ ഇതുപോലെ നടത്തിയിട്ടുണ്ട്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ അവര്‍ ആല്‍ത്തറയിലും വഴിയമ്പലത്തിലും ഒക്കെ വിശ്രമിക്കുന്ന സന്ദര്‍ഭങ്ങളില്‍ കാവ്യരചന നടത്തുന്നതായി ജീവചരിത്രങ്ങളില്‍ നിന്ന് നമുക്ക് വായിക്കാം. അതിന്റെ അര്‍ത്ഥം സഹജ കവിയാണ് ചട്ടമ്പിസ്വാമികള്‍ എന്നാണ്. ആ കവിത്വ സിദ്ധി അനായാസേന അദ്ദേഹത്തിന് പ്രയോഗിക്കാന്‍ സാധിക്കും. ശങ്കരാചാര്യ സ്വാമികളുടെ ആയാലും സുന്ദര സ്വാമികളുടെ ആയാലും കണ്ണൂടയ വള്ളലാറിന്റെതായാലും കൃതികള്‍ പരിഭാഷപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന് പ്രയോജനപ്പെടുന്നത്. മറ്റൊരുകാര്യം ശങ്കരാചാര്യരുടെയും അതുപോലുള്ളവരുടെയും അനുഭൂതി സ്വാനുഭൂതിയായി കൈവരുന്ന ഒരു നിലവാരം ചട്ടമ്പിസ്വാമികള്‍ക്ക് ഉണ്ടായിരുന്നിരിക്കണമല്ലോ. അപ്പോള്‍ അവര്‍ക്ക് ആ കാവ്യ പ്രചോദിത മുഹൂര്‍ത്തത്തില്‍ അനുഭവിക്കാനായ ആ ആനന്ദം, ആ പ്രഹര്‍ഷം ആ വിഷയത്തെ ധ്യാനിക്കുന്ന സമയത്ത് സ്വാമികള്‍ക്കും ഉണ്ടാവുകയും അവരെ അനുഗ്രഹിച്ച സരസ്വതി അതേ വിധത്തില്‍ സ്വാമിജിയേയും ആവേശിക്കുകയും ചെയ്ത ഒരു ലക്ഷണം അഥവാ പ്രതീതിയാണ് ഈ വിവര്‍ത്തനങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

സംസ്‌കൃതത്തിലും തമിഴിലും മലയാളത്തിലും ചട്ടമ്പിസ്വാമികളുടെ പാണ്ഡിത്യം അഗാധമായിരുന്നു. വളരെ ആഴമുള്ള അറിവ് അദ്ദേഹം ആര്‍ജ്ജിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് പദ ദാരിദ്ര്യമോ പ്രയോഗ വൈകല്യമോ ഒന്നും ഉണ്ടാവുകയില്ല. ഈ കാരണങ്ങള്‍ കൊണ്ടാണ് ചട്ടമ്പിസ്വാമിയുടെ രചനകള്‍ ഇത്രമാത്രം വിശിഷ്ടങ്ങളായിരിക്കുന്നത്. ദേവി മാനസ പൂജാസ്‌തോത്രത്തെകുറിച്ച് പറയുന്നതിനുമുമ്പ് തമിഴില്‍ നിന്നുണ്ടായ ഈ രണ്ടു കൃതികളെ കുറിച്ച് കൂടി ഞാന്‍ സൂചിപ്പിക്കട്ടെ. അക്കൂട്ടത്തില്‍ മനോനാശം അഥവാ ശുദ്ധാദ്വൈത ഭാവന എന്ന പേരില്‍ സ്വാമികളുടെതായിട്ട് ഒരു ഗ്രന്ഥം ഉണ്ടായിട്ടുണ്ട്. അത് അപൂര്‍ണ്ണമായി ഇരിക്കുന്നു എന്നൊക്കെ പറവൂര്‍ കെ.ഗോപാലപിള്ള എന്ന സ്വാമിജിയുടെ ആദ്യത്തെ ജീവചരിത്രകാരന്‍ പ്രസ്താവിച്ചിട്ടുണ്ട്. അത് മനോനാശം അഥവാ ശുദ്ധാദ്വൈത ഭാവന എന്ന കൃതി നിജാനന്ദവിലാസത്തില്‍ ഉള്‍പ്പെടുന്നതാണ്. അതു നിജാനന്ദവിലാസത്തിലെ എട്ടാം നിരൂപണത്തിന്റെ സ്വതന്ത്ര വിവര്‍ത്തനമാണ് എന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. അത് സംബന്ധിച്ചിട്ടുള്ള വിശദമായ പ്രതിപാദനം ചട്ടമ്പിസ്വാമി പഠനങ്ങള്‍ എന്ന ഈ വരാന്‍പോകുന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിജാനന്ദവിലാസത്തെയും ദേവി മാനസപൂജാ സ്‌തോത്രത്തെയുംകുറിച്ചുള്ള വിശദമായ പഠനങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. ശ്രീചക്ര പൂജയെക്കുറിച്ച്, ശ്രീവിദ്യാ ഉപാസനയെക്കുറിച്ച് ഒക്കെയും പ്രത്യേകം പ്രത്യേകം പ്രബന്ധങ്ങള്‍ ഉണ്ട്.

മറ്റൊരു കാര്യം കൂടെ സൂചിപ്പിച്ചുകൊള്ളട്ടെ. ചട്ടമ്പിസ്വാമികള്‍ ചിത്രകാരനെന്ന നിലയില്‍ വളരെ പ്രഗത്ഭനായിരുന്നു. രാജാ രവിവര്‍മ്മയുടെ ശിഷ്യനായ മുകുന്ദ രാജ് അദ്ദേഹത്തിന്റെ ശിഷ്യനായ ചിത്രമെഴുത്ത് കെ.എം വര്‍ഗീസ് തന്നെ ഈ കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ചട്ടമ്പിസ്വാമികള്‍ വരച്ച ശ്രീചക്രവും ശ്രീവിദ്യയും ചില സ്ഥലങ്ങളില്‍ പൂജിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ച് പന്മന ആശ്രമത്തില്‍ ലഭ്യമാണ്. അതിന്റെ ഫോട്ടോയും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ചട്ടമ്പിസ്വാമികള്‍ കവിയാണ്, പരിഭാഷകനാണ്, ചിത്രകാരനാണ്. അതൊക്കെയും വൈദികേതരമായ ഉപാസനയിലൂടെ സാമാന്യജനത്തിന് അതായത് വൈദിക വൃത്തിക്ക് അവകാശമില്ലാത്ത എന്നാല്‍ അര്‍ഹതയുള്ള മനുഷ്യര്‍ക്ക് പ്രാപ്യമാക്കുക എന്നുള്ള ലക്ഷ്യമാണ് ആചാര്യസ്വാമികളുടെ കൃതി വിവര്‍ത്തനം ചെയ്തപ്പോള്‍ അനുവര്‍ത്തിച്ചത്. അത് അദ്ദേഹത്തിന് സമുന്നതനായ കവിയുടെ സിദ്ധിവിശേഷം കൊണ്ട് മൗലിക രചന പോലെ ആയിത്തീര്‍ന്നിരിക്കുന്നു. ഇതേ സവിശേഷത തന്നെ നമുക്ക് നിജാനന്ദവിലാസത്തിന്റെയും ഒഴുവിലൊടുക്കത്തിന്റെയും വിവര്‍ത്തനങ്ങളില്‍ കാണാന്‍ സാധിക്കും. ഈ പറഞ്ഞതിന്റെ പൊരുള്‍ ഒറ്റവാക്യത്തില്‍ സംഗ്രഹിക്കുകയാണെങ്കില്‍ മലയാളത്തില്‍ വളരെ പ്രധാനപ്പെട്ട രചനകളെ ക്ലാസിക് ഭാഷകളില്‍ നിന്ന് മൊഴിമാറ്റി എടുക്കുന്ന ഒരു പദ്ധതിയും സ്വാമികള്‍ മുന്നോട്ടു കൊണ്ടുപോയിരുന്നു എന്നുള്ളതാണ് നമ്മുടെ ജ്ഞാനമണ്ഡലത്തിന് അദ്ദേഹത്തിന്റെ ബഹുവിധമായ സംഭാവനകളില്‍ ഇവിടെ പരിഗണനാ വിഷയം ആയിരിക്കുന്നത്.
(അവസാനിച്ചു)

Share4TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

അയ്യപ്പധര്‍മ്മത്തിന്റെ അഗ്നിശോഭ

ഭാരതത്തിന്റെ ‘മണികിലുക്കം’

ഭൂമിയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം

ജെ.എന്‍.യുവിലെ ‘ശാന്തിശ്രീ’

വിശ്വവ്യാപകമാകുന്ന ഭാരതീയത

ഭാരതീയതയുടെ വിശൈ്വകദൗത്യം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies