അക്കിത്തത്തിന്റെ കുട്ടിക്കവിതകളിലൂടെ കടന്നുപോകുമ്പോള്‍ മഹാകവിയുടെ ഉള്ളില്‍ എക്കാലത്തും ഉണ്ടായിരുന്ന *ഓനിച്ചുണ്ണിയെയും ആ ഉണ്ണിയെ പ്രോത്സാഹിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ധര്‍മ്മിഷ്ഠനായ മുത്തച്ഛനെയും കാണാം. ആ കവിതകള്‍ക്ക് രസനീയത നല്‍കുന്നത് ഈ ഉണ്ണി-മുത്തച്ഛ പാരസ്പര്യമത്രേ.
അക്കിത്തം എന്ന പേര് കേള്‍ക്കുന്നതിനു മുമ്പുതന്നെ, മഹാകവിയെ കാണാനും പരിചയപ്പെടാനും അവസരം ലഭിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ അദ്ദേഹത്തിന്റെ ഒരു കവിതാശകലം എന്റെ ചുണ്ടുകളില്‍- മനസ്സിലും- തത്തിക്കളിക്കാന്‍ തുടങ്ങിയിരുന്നു.
”അച്ചന്റോടെ വിളക്കാണ്,
അയ്യപ്പന്റെ വിളക്കാണ്,
അമ്മ പുറപ്പാടാവാന്‍ കാത്തീ
നമ്മള് ചുമ്മാ നില്‍പ്പാണ്….”
കവിത: അയ്യപ്പന്‍വിളക്കിന്റെ അല
എനിക്ക് എട്ടോ പത്തോ വയസ്സ്. അച്ഛന്റെ വീട്ടില്‍ ഒരു അയ്യപ്പന്‍വിളക്ക്, കവിതയില്‍ പറയുന്നപോലെ നടക്കുന്നു. ഉറക്കമൊഴിച്ചിരുന്ന്, തുടക്കം തൊട്ടൊടുക്കംവരെ മുടക്കം കൂടാതെ കണ്ട വിളക്ക്. അതിനുമുമ്പും ശേഷവും **’മുഴുവന്‍ വിളക്കു’കളടക്കം പലതിനും പോയിട്ടുണ്ട്. അതൊന്നും ‘അച്ചന്റോടത്തെ വിളക്കു’ പോലെ അടുത്തിരുന്ന്, സൂക്ഷ്മമായി ഒറ്റയൊരു ചടങ്ങും വിടാതെ കണ്ടാസ്വദിച്ചിട്ടില്ല. വിളക്കിന്റെ വിശേഷങ്ങളെല്ലാം – പാലക്കൊമ്പെഴുന്നളളിപ്പ്, ഉടുക്കുകൊട്ടിപ്പാട്ട്, അയ്യപ്പന്റെയും വാവരുടെയും തുള്ളല്‍, വെട്ടും തടവും….. പാതി ഉറക്കത്തില്‍ കണ്ണടയുമ്പോഴും കണ്ണും നട്ടിരുന്ന് കണ്ടു. ഉടുക്കുകൊട്ടിപ്പാട്ടും, വെട്ടുംതടവുമൊക്കെ ബാലകരായ ഞങ്ങള്‍ ഞങ്ങളുടേതായ രീതിയില്‍ അനുകരിക്കുന്ന കാലം. അതിന്റെ ‘ത്രില്‍’ അങ്ങനെ ഉള്ളില്‍ തളംകെട്ടിനില്‍ക്കുമ്പോഴാണ്, ഈ കവിത എന്നിലേയ്ക്ക് എത്തുന്നത്.
കവിത വായിച്ചു വിശദീകരിച്ചു തന്നത് ഏട്ടന്മാരില്‍ ഒരാളാണ്. വിളക്കിന് പോവാന്‍ പുറപ്പെട്ടുനിന്നത്, കൂടെ വരാനുള്ളവരെ കാത്ത് അക്ഷമനായി അങ്ങോട്ടുമിങ്ങോട്ടും നടന്നത്, എന്റെ തിടുക്കത്തെ ഗൗനിക്കാതെ (മനഃപൂര്‍വം!?) അവര്‍ യാത്ര പുറപ്പെടാന്‍ വൈകിക്കുന്നത്… ശരിക്കും ‘മുള്ളിന്മേലായിരുന്നുവല്ലോ’ എന്റെ നില്‍പ്പ്.
”ഏട്ടായീ മണി പത്തായീ
പതിനൊന്നായീ പന്ത്രണ്ടായീ
പതിമൂന്നിന്റെ പുറത്തായീ…”
മണി അങ്ങനെ അന്ന് പതിനൊന്നും പന്ത്രണ്ടും കഴിഞ്ഞ് പതിമൂന്നിന്റെ പുറത്താവുമ്പോള്‍ എനിക്കുണ്ടായത് കലശലായ അശാന്തിയും അക്ഷമയുമായിരുന്നു. ആ വെമ്പലും വെപ്രാളവും എത്ര കിറുകൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു കവിതയില്‍. ആരാണ് ഇതെല്ലാം ‘പാട്ടിലാക്കി’യത് എന്ന് അതിശയിക്കാന്‍ പോലും നില്‍ക്കാതെ ആ വരികള്‍ അക്കാലങ്ങളില്‍ ഞാന്‍ മൂളിനടന്നു.
പിന്നെ കുറെ കഴിഞ്ഞാണ്, ഏട്ടന്‍ മറ്റൊരു കവിതയുമായി വന്നു. ‘ഗുരുവായൂരെ ആന.’ അക്കിത്തം എന്ന പേര് കണ്ണില്‍പ്പെടുന്നത് അപ്പോഴാണ്. ‘അയ്യപ്പന്‍വിളക്ക്’ എഴുതിയ കവിയുടെ കവിത എന്ന മുഖവുരയോടെ, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന കവിതയുമായി ഏട്ടന്‍. കവിയുടെ പേരുണ്ട്, കവിതയോടൊപ്പം: അക്കിത്തം അച്യുതന്‍ നമ്പൂതിരി.
”ഗുരുവായൂരമ്പലം കണ്ടൂ ഞാന്‍
ഗുരുവായൂരപ്പനെക്കണ്ടൂ ഞാന്‍
അപ്പനെച്ചുറ്റി പ്രദക്ഷിണം
വെയ്ക്കുന്നൊ-
രാനക്കിടാവിനെക്കണ്ടൂ ഞാന്‍.”
ഇങ്ങനെ തുടങ്ങുന്നു കവിത. ശ്ശെടാ ഇതുമതേ, ‘എന്റെ സ്വന്തം’ അനുഭവം തന്നെയാണല്ലോ. അച്ഛന്റെ വീട് ഗുരുവായൂരടുത്താണ്. നടന്നുപോയി കുളിച്ചുതൊഴാം. അച്ഛന്റെ യോ അവിടത്തെ ഏട്ടന്മാരുടെയോ കൂടെ പോവാറുണ്ട്. അമ്പലത്തിനകത്ത് ആന പതിവുദൃശ്യം. ശീവേലിക്കു എഴുന്നള്ളിക്കുന്നതാവാം, അല്ലെങ്കില്‍ മതില്‍ക്കകത്ത് വടക്കുകിഴക്കേ മൂലയില്‍ ചങ്ങലയ്ക്കിട്ട്. (ഇപ്പോള്‍ മതില്‍ക്കകത്ത് അങ്ങനെ ആനയെ കെട്ടിയിടുന്നത് കാണാറില്ല). തൊട്ടടുത്ത് ആനപ്പിണ്ടമുണ്ടാവും. ആനവയറ്റില്‍ നിന്ന് പിന്‍കുടുമക്കാര്‍ പട്ടന്മാര്‍ ഉരുട്ടി വെളിയിലേയ്ക്ക് തള്ളുന്നതാണ് പിണ്ടങ്ങള്‍ എന്ന് കവിതയില്‍ അക്കിത്തം. എനിക്കു നന്നേ ബോധിച്ച
‘കണ്ടുപിടുത്തം.’
അച്യുതന്‍ നമ്പൂതിരി
ആരാണ് ഈ അക്കിത്തം അച്യുതന്‍ നമ്പൂതിരി? അക്കാലംതൊട്ട് എന്റെ വായനകളില്‍ തട്ടിത്തടയുകയായി അക്കിത്തം അച്യുതന്‍ നമ്പൂതിരി. വീട്ടില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് വരുന്നുണ്ട്. ജയകേരളവും തപാലില്‍ കിട്ടിയിരുന്നു. രണ്ടിലും അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ കവിതകള്‍ കാണാം. ആ കവിതകളുടെയെല്ലാം അകത്തളങ്ങളിലേയ്ക്കു അത്രത്തോളം കടന്നുചെല്ലാനായി എന്നു പറഞ്ഞുകൂടാ. എന്നാലും ഒന്നും വായിക്കാതെ വിട്ടിരുന്നില്ല.
ബാലസാഹിത്യം, മുതിര്‍ന്നവര്‍ക്കുള്ള സാഹിത്യം എന്ന വേര്‍തിരിവ് ആര് നോക്കുന്നു? കണ്ണില്‍പ്പെട്ടതും കയ്യില്‍ക്കിട്ടിയതും വിടാതെ വായിച്ചുതളളിയിരുന്ന കാലം. നാട്ടിലെ പ്രൊഗ്രസ്സീവ് ലൈബ്രറിയില്‍നിന്ന് ഇഷ്ടംപോലെ പുസ്തകങ്ങള്‍ എടുക്കാം. അക്കിത്തത്തിന്റെ കൃതികള്‍ പലതും അവിടെനിന്നെടുത്ത് വായിക്കാന്‍ സാധിച്ചു.
അങ്ങനെ സ്‌കൂള്‍/കോളേജ് കാലം കഴിഞ്ഞു. ചെറിയൊരു ഇടവേളയ്ക്കുശേഷം ജോലികിട്ടി- മാതൃഭൂമി പത്രത്തില്‍. വായന എല്ലായ്‌പ്പോഴും കൂട്ടിനുണ്ടായിരുന്നു. 1977-78 കാലത്താണ്- ‘അക്കിത്തത്തിന്റെ കുട്ടിക്കവിതകള്‍’ എന്ന കവിതാസമാഹാരം നിരൂപണം ചെയ്യാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍നിന്ന് കിട്ടി. കുട്ടികള്‍ക്ക് വേണ്ടി അദ്ദേഹം രചിച്ച കവിതകള്‍ ഒന്നിച്ചുവെച്ചു വായിച്ചപ്പോള്‍ ഒരു സവിശേഷത ശ്രദ്ധയില്‍പ്പെട്ടു: ബാല്യ-കൗമാരങ്ങളുടെ കളിമ്പം, സ്വപ്നങ്ങള്‍, ഉല്‍ക്കണ്ഠകള്‍, ആശങ്കകള്‍, പ്രതീക്ഷകള്‍, പ്രത്യാശകള്‍, അനുഭവങ്ങള്‍, സങ്കടങ്ങള്‍, വ്യഥകള്‍…. എല്ലാം ഈ കവി സൂക്ഷ്മമായി നിരീക്ഷിച്ച് രസകരമായി ആവിഷ്‌കരിക്കുന്നു. അദ്ദേഹത്തിന്റെ ഈരടികള്‍ കുട്ടികളുടെ മനസ്സിലും ഹൃദയത്തിലും ബുദ്ധിയിലും കടന്നുചെന്ന് തൊട്ടുതലോടുന്നു. അവരുടെ പരിചയത്തില്‍പ്പെടുന്ന വിഷയങ്ങള്‍, അവരുടെ ഭാവനകള്‍ക്ക് പറന്നെത്താവുന്ന ഉയരങ്ങള്‍-എല്ലായിടവും കവിക്കറിയാം. ഇത്രത്തോളം വിഷയ-ഭാവ-താള വൈവിധ്യം ഇതര ബാലസാഹിത്യകാരന്മാരില്‍ കണ്ടതായി തോന്നിയില്ല. തന്റെ സമകാലീനരായ പല എഴുത്തുകാരെയുംപോലെ ഇതിഹാസ-പുരാണകഥകള്‍ പുനരാഖ്യാനം ചെയ്‌തോ ഇതിഹാസ-പുരാണകഥാപാത്രങ്ങളെ വല്ലാതെ ആശ്രയിച്ചോ അല്ല ഈ കവി ആശയം ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത്. ചുറ്റും നടക്കുന്ന സംഭവങ്ങളെയും നിത്യേന കാണുന്ന മനുഷ്യരെയും നാടന്‍ചൊല്ലുകളെയും മറ്റുമാണ് അക്കിത്തം കൂട്ടുപിടിക്കുന്നത്. (ഇതൊരു രചനാതന്ത്രമാണ്. മുതിര്‍ന്നവര്‍ക്കായി എഴുതുന്ന കൃതികളിലും ഈ തന്ത്രം ഫലപ്രദമായി അക്കിത്തം പ്രയോഗിക്കുന്നുണ്ട്). അയ്യപ്പന്‍വിളക്കിന്റെ കാര്യം എടുക്കുക. അയ്യപ്പന്‍വിളക്ക് എന്ന അനുഷ്ഠാനകല കാണാത്ത കുട്ടികള്‍ ഉണ്ടാവാം എന്നത് ശരിതന്നെ. ഒരു പൂരമോ, ഉത്സവമോ സ്‌കൂള്‍/വായനശാലാവാര്‍ഷികമോ കാണാത്തവര്‍ നാട്ടിന്‍പുറത്തായാലും നഗരപ്രദേശത്തായാലും കുട്ടികള്‍ക്കിടയില്‍ ഉണ്ടാവില്ലല്ലോ. വിളക്കായാലും ഇത്തരം ഉത്സവങ്ങളായാലും പരിപാടികളില്‍ മാറ്റമുണ്ടാകാം. അതുളവാക്കുന്ന ഉത്സാഹവും ആഹ്ലാദവും കുട്ടികളെ സംബന്ധിച്ച് ഏറെക്കുറെ സമാനമാണല്ലൊ. ‘അയ്യപ്പന്‍വിളക്കിന്റെ അല’ എന്ന കവിത ആ അനുഭവങ്ങളിലേക്ക് അവരെ എത്തിക്കുന്നു.
പോകാന്‍ താന്‍ എപ്പഴേ റെഡിയായിട്ടും അമ്മ ഒരുങ്ങിപ്പുറപ്പെടാന്‍ വൈകുന്നതിലുള്ള ക്ഷമകേടും ഇരിക്കപ്പൊറുതിയില്ലായ്മയുമെല്ലാം ഏതു പരിപാടിക്കായാലും ബാല്യങ്ങള്‍ അനുഭവിക്കുന്നതാണ്. മണി ‘പതിമൂന്നിന്റെ പുറത്താവുന്നതി’ലെ സാരസ്യം നോക്കുക.
ഗുരുവായൂരെ ആനയെ അക്കിത്തത്തിന്റെ കവിത വായിക്കുന്ന എല്ലാവരും കണ്ടിട്ടുണ്ടാവും എന്നു കരുതുക വയ്യ. എന്നാല്‍ ഏതെങ്കിലും ആനയെ കണ്ട് കണ്ണ് വിടര്‍ന്നു നില്‍ക്കാത്ത ബാലകര്‍ എവിടെയെങ്കിലും ഉണ്ടാവുമോ? ആനയും ആനപ്പിണ്ടവും അവരുടെ മനസ്സിലുണര്‍ത്തുന്ന വികാരങ്ങള്‍ ‘ഗുരുവായൂരെ ആന’ വായിക്കുമ്പോള്‍ പുനര്‍ജ്ജനിക്കുന്നു. ആനയുടെ മുമ്പില്‍ ഉണ്ടാകാവുന്ന ഭയവും കൗതുകവും. ഗുരുവായൂര്‍ ഒരു നിമിത്തം മാത്രം!
അച്ഛന്‍, മുത്തച്ഛന്‍, ആട്ടിന്‍കുട്ടി, നായ്ക്കുട്ടി, പൂച്ച, പാമ്പ്, കൂണ്, അമ്പിളി അമ്മാവന്‍, പാറ്റകള്‍, ശര്‍ക്കര, ഓണക്കാലം, തൃശ്ശൂര്‍പൂരം ഇങ്ങനെയൊക്കെയാണ് ഈ കവിയുടെ വിഷയങ്ങള്‍. മറ്റു പലരും കൈകാര്യം ചെയ്തവയാവാം ഇവ ഏതാണ്ടൊക്കെ. അക്കിത്തം ഇവ അവതരിപ്പിക്കുന്നത് പുതുമയുള്ള ഒരാംഗിളിലൂടെയാവും. കുട്ടികള്‍ക്ക് ആസ്വദിക്കാനാവുന്ന പുതുമ.
ഓണപ്പാട്ടിലെ പുതുമ
ഓണം മലയാളികള്‍ക്കൊക്കെയുള്ള പൊതുവിഷയമാണല്ലോ. എത്രയെത്ര കഥകളും പാട്ടുകളുമുണ്ട് ഓണത്തപ്പനെയും മാവേലിയെയും പറ്റി. അക്കിത്തവും എഴുതിയിട്ടുണ്ട് അങ്ങനെ ചിലതൊക്കെ. അക്കൂട്ടത്തില്‍ ‘ഓണം വന്നപ്പോള്‍’ എന്ന കുട്ടിക്കവിത നേരത്തെ പറഞ്ഞ അക്കിത്തം അവതരിപ്പിക്കുന്ന ആംഗിളിന്റെ പുതുമകൊണ്ട് വേറിട്ടുനില്‍ക്കുന്നു. മാവേലിയുടെ വരവ് ഉണ്ടാക്കുന്ന ‘കഷ്ടപ്പാടാണ്’ കവിത പറയുന്നത്. കണ്ണെഴുത്ത് ഉരക്കടലാസ്സിട്ടാലും പോവുന്നില്ല, ബഹുവര്‍ണ്ണക്കാഴ്ച കണ്ട് കണ്ണിന്റെ നില പരുങ്ങലായി, ഉപ്പേരിയും പപ്പടവും തിന്ന് തിന്ന് രുചിയൊക്കെ പറപറന്നു, നേന്ത്രപ്പഴത്തോട് പൊരുതി കോന്ത്രപ്പല്ല് മുഴുവന്‍ തകര്‍ന്നുപോയി…. ഇങ്ങനെ സമൃദ്ധിയും ആഹ്ലാദവുംകൊണ്ട് വീര്‍പ്പുമുട്ടിച്ച് വിഷമത്തിലാക്കിയ, നാം പതിവായി കേള്‍ക്കുന്ന ഓണക്കവിതകളില്‍നിന്ന് വ്യത്യസ്തമായ, ഒരോണപ്പാട്ടാണിത്.
അവതരിപ്പിക്കുന്ന സന്ദര്‍ഭം, സംഭവം, വസ്തു- കുട്ടികള്‍ക്ക് ഒട്ടും അപരിചിതത്വം ഉള്ളതാവില്ല. അവിടന്ന് പോകുന്നത് അവര്‍ ഓര്‍ത്തിട്ടില്ലാത്ത രസനീയമായ ഒരു തലത്തിലേക്ക്. പാതയിലൂടെ ഒരു കുമ്പ വരുന്നതാവും ആദ്യം കാണുക. അതിന്റെ പിന്നാലെയുണ്ട് വിറയ്ക്കുന്ന കൊമ്പന്‍മീശയും ഒപ്പം ചെമ്പന്‍മിഴികളും.
”ഓഹോ, അവയുടെ പിന്നിലൊ
രാളു-
ണ്ടോര്‍ത്തീലക്കഥ നമ്മളിലാരും”
എന്ന് പിന്നാലെ ഒരു നര്‍മം. കഴിഞ്ഞില്ല, മീശയ്ക്കും ചെമ്പന്‍മിഴികള്‍ക്കും ഇടയില്‍ നിന്ന് ”ഓരോലോലന്‍ ചിരി” ഉയരുന്നതുകൂടി അക്കിത്തം കാട്ടിത്തരും. കുഞ്ഞുങ്ങളോട് ചെമ്പന്‍മീശക്കാരനുള്ള ഇഷ്ടം എടുത്തുപറഞ്ഞശേഷമേ കവിതയ്ക്ക് സമാപിക്കാനാവൂ. ”കുതുകംതാനിബ്ഭൂമിയിലാകേ!” (തെരുവില്‍ ഒരു നിമിഷം)
പക്ഷിശാസ്ത്രം, പട്ടണപ്പേരുകള്‍, പനിനീര്‍പ്പൂവ്, അമ്പിളിയമ്മാവന്‍, കടല്, നെഹ്‌റു, പൂശാരിരാമന്‍, ചാത്തു, ഡ്രൈവര്‍ കുളന്തൈ… തന്റെ കുട്ടിവായനക്കാര്‍ക്ക് ലോകത്തിലെ എല്ലാ കൗതുകങ്ങളും കാട്ടിത്തരുന്നു. ഒരു സംഗതിയും ഈ വായനക്കാരെ ഒരതിര് വിട്ട് വേദനിപ്പിക്കരുതെന്നതില്‍ താന്‍ കരുതലെടുക്കുകയും ചെയ്യുന്നു. വേദന, ദുഃഖം, നൈരാശ്യം- ആ കറുത്ത ഭാഗങ്ങളിലേയ്ക്ക് കടക്കുകയേ ഇല്ല എന്നല്ല, അതെല്ലാം ജീവിതത്തില്‍ എല്ലാവരും നേരിടേണ്ടിവരുന്നതല്ലേ, കണ്ടില്ലെന്നു നടിക്കാനാവില്ലല്ലോ. അവ കുട്ടികളെ കരയിപ്പിക്കാതെയും ഭയപ്പെടുത്താതെയും താന്‍ ആവിഷ്‌കരിക്കുന്നു. ദുഃഖത്തിന്റെ, ഭയത്തിന്റെ, തുംഗശൃംഗം ദൂരെനിന്ന് ചൂണ്ടിക്കാണിച്ചുകൊടുത്തിട്ട് തന്റെ പ്രിയപ്പെട്ട വായനക്കാരെ അങ്ങോട്ട് കൂട്ടിക്കൊണ്ടുപോവാതെ കവി തിരിച്ചുനടത്തുന്നു. കല്ലും കരടും മുരടും കൊമ്പന്‍ കാളകളും വമ്പന്‍ നായകളും ഉള്ളതാണ് ലോകം. അവിടെ, പക്ഷേ, ”ഞങ്ങളെ നോക്കിവളര്‍ത്താന്‍ ഒരു പടച്ചോനുമുണ്ട്” എന്ന ആശ്വാസം അക്കിത്തം പങ്കുവെയ്ക്കാതിരിക്കില്ല. (പടച്ചോന്‍ സഹായം)
കുളക്കടവില്‍ ”മിന്നിക്കൊണ്ടുള്ള പാമ്പുവള.” ഭയപ്പെടുത്തുന്നതുതന്നെ സംശയമില്ല. അവിടെ പാമ്പിന്റെ സാന്നിധ്യം ഉണ്ടാവണമല്ലോ. ”കണ്ണും തലയും നാവും വെളിയില്‍കാട്ടി ഒരു ചേര” കിടക്കുകയാണ്. ചേര മനസ്സില്‍ കരുതുന്നു. ”ഉണ്ണികളേ എനിക്ക് വിഷസഞ്ചികളില്ല, തലയില്‍ പടവും ഇല്ല. ഞാനൊരു പാവമാണ്.” (പാമ്പുവള)
കത്തുന്ന തീ കണ്ടിട്ട് അത് തിന്നാനുള്ളതാണെന്നുകരുതി അതിലേയ്ക്ക് എടുത്തുചാടുകയാണ് പാറ്റകള്‍. നിങ്ങള്‍ എന്താണിച്ചെയ്യുന്നതെന്ന് അറിയുന്നുണ്ടോ?
”നിങ്ങളൊടൊന്നും പറയാനില്ലിനി
നിഖിലേശ്വരനോടല്ലാതെ
അറിവുണ്ടാകുംവരെയിനിയാര്‍ക്കും
ചിറകില്ലാതെയിരിക്കട്ടേ!”
(പാറ്റകളോട്)
എന്ന് അക്കിത്തം, അക്കിത്തത്തെ വായിക്കുന്ന ഉണ്ണികള്‍!
അന്യന്റെ വേദന തന്റെയും
മറ്റുള്ളവര്‍ വേദനിക്കുന്നത് കാണാന്‍ തനിക്ക് ഇഷ്ടമില്ല.
”ഒരു ദുര്‍മണമേറ്റാല്‍ ചുളിയും മൂക്കും
ഒരു ദൂനത കണ്ടാലുരുകും മിഴികളും” (വൈലോപ്പിള്ളിയുടെ ആശയം) ആണ് ഉള്ളത്. ”വേദന എന്നു പറയുമ്പോള്‍ ആദ്യം ഉദ്ദേശിക്കുന്നത് സഹാനുഭൂതിയാണ്, എനിക്കുള്ള വേദന അന്യന്മാര്‍ക്കുമുണ്ട് എന്ന വേദന, വേദനം, വേദം” (ഞാന്‍ നിസ്സഹായന്‍: ഐന്‍സ്റ്റീന്‍ എന്ന ലേഖനം- സ്ഥായിഭാവം) അക്കിത്തത്തിന്റെ സഹജസ്വഭാവമാണിത്.
”പയ്യിനെത്തല്ലാം തെച്ചിപ്പൂവാരേഴൊന്നാല്‍, വെണ്ണ-
നെയ്യുരുളയാല്‍ മാത്രമെറിയാം വേണ്ടീടുകില്‍.”
(പശുവും മനുഷ്യനും) എന്നാണ് താന്‍ ശീലിച്ച പാഠം. ഇതില്‍നിന്നു വ്യത്യസ്തമായി ചില ‘വിപ്ലവ’കവിതകളില്‍ മറ്റൊരക്കിത്തത്തെ കാണാതെയല്ല. അത് ആ കവിതയുടെ വളര്‍ച്ചയിലെ അപ്രധാനമായ ഒരു ഘട്ടം മാത്രം.
കുട്ടിക്കാലത്തെ ഒരനുഭവം, ഒരു സ്വകാര്യ സംഭാഷണത്തിനിടെ അക്കിത്തം പങ്കുവെച്ചത് ഈയവസരത്തില്‍ ഓര്‍മവരുന്നു. കുട്ടികളും മുതിര്‍ന്നവരും കുളത്തില്‍ കുളിക്കുകയാണ്. കടവിലുണ്ട്, ഒരെമ്പ്രാന്തിരിയമ്മ കറുത്ത ചരടില്‍ കോര്‍ത്ത കോണകമുടുത്ത് കുളിക്കുന്നു. കോണക്കുന്തന്മാരെ ഉണ്ണികള്‍ കണ്ടിട്ടുണ്ട്. ഒരമ്മയെ കോണകമുടുത്ത് കാണുന്നത് അതാദ്യം. കുസൃതിത്തവും അത്രതന്നെ കലാകാരത്വവുമുള്ള അച്യുതനുണ്ണി ആ ദൃശ്യം കരിക്കട്ടകൊണ്ട് ചുമരില്‍ വരച്ചിട്ടു. ആരെയാണ് ചിത്രീകരിച്ചിട്ടുള്ളതെന്ന് കണ്ടവര്‍ക്കൊക്കെ പിടികിട്ടി. കുട്ടികളും മുതിര്‍ന്നവരും ചിരിയോടുചിരി! എമ്പ്രാന്തിരിയമ്മ, പക്ഷേ, അതുകണ്ട് കരയുകയാണുണ്ടായത്. ആ കരച്ചില്‍ അച്യുതനുണ്ണിയെയും കരയിച്ചു. മറ്റുള്ളവരുടെ വേദന തന്റെയും വേദനയാണെന്ന് തിരിച്ചറിഞ്ഞ മുഹൂര്‍ത്തം. (ഈ സംഭവം അക്കിത്തം ഒരു ലേഖനത്തില്‍ എഴുതിയിട്ടുമുണ്ട്.)
ഓനിച്ചുണ്ണിയും മുത്തച്ഛനും
അക്കിത്തത്തിന്റെ ഉള്ളില്‍ എല്ലാക്കാലത്തും ഒരു ഓനിച്ചുണ്ണി ഉണ്ടായിരുന്നു എന്ന് കുട്ടിക്കവിതകള്‍ വായിക്കുമ്പോള്‍ തോന്നും. വിഷയങ്ങള്‍ കണ്ടെത്താനും സമപ്രായക്കാര്‍ക്ക് രുചിക്കുന്ന തരത്തില്‍ ആവിഷ്‌കരിക്കാനും തന്നെ പ്രാപ്തനാക്കുന്നത് ആ ഉണ്ണിയുടെ സാന്നിധ്യമാണ്. ”അമ്പത്തിയഞ്ച് വയസ്സിലിരുന്ന് അഞ്ചുവയസ്സിലേയ്ക്ക് ഓടുന്നു” അദ്ദേഹം. (വമ്പനും കൊമ്പനും) ഉണ്ണിയോടൊപ്പം ”താടിമ്മീശ നരച്ച” ഒരു മുത്തച്ഛനും കൂടി ഉണ്ട് എന്നും കരുതണം. കുസൃതിയും കന്നത്തരവും കാണുകയും രസിക്കുകയും ചെയ്യുന്ന മുത്തച്ഛന്‍. അത് ഉണ്ണിക്ക് പ്രോത്സാഹനം തന്നെ. കുറുമ്പ് കഴുവേറിത്തരമാവാതെ നോക്കാന്‍ ദയാശീലനും ധര്‍മ്മിഷ്ഠനുമായ ഈ മുത്തച്ഛന്‍ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. എമ്പ്രാന്തിരിയമ്മയുടെ ചിത്രം വരച്ച സംഭവത്തില്‍ മുത്തച്ഛന്റെ ഇടപെടലാണ് ഉണ്ണിക്ക് പശ്ചാത്തപിക്കാന്‍ കാരണമായതെന്ന് എനിക്ക് തോന്നുന്നു.
ഡ്രൈവര്‍ കുളന്തൈ, ചാത്തു (കണ്ടവരുണ്ടോ)! ആനപ്പുറത്തുനിന്ന് മൂക്കും കുത്തി വീഴുന്ന ‘ഞാന്‍’ (ഉത്സവപ്പിറ്റേന്ന്) അല്ലിമലര്‍ക്കാവില്‍ ഒറ്റയ്ക്ക് കൂത്തുകാണാന്‍ പോയി വഴിതെറ്റി കണ്ണു മഞ്ഞളിച്ചുപോയ ഉണ്ണി (കൂത്തുകാണാന്‍) ഇവരെപ്പോലെ അപകടങ്ങളില്‍ച്ചെന്നുപെടാവുന്ന കഥാപാത്രങ്ങള്‍ കുട്ടിക്കവിതകളില്‍ ഏറെയാണ്. അപകടം ഒഴിവാകുന്നത് ഈ മുത്തച്ഛന്റെ കരുതല്‍ കൊണ്ടുതന്നെ.
‘ഡ്രൈവര്‍ കുളന്തൈ’ നോക്കുക. അബദ്ധത്തില്‍പ്പെട്ടാണെങ്കിലും ഷൊര്‍ണ്ണൂരില്‍നിന്ന് കഞ്ചിക്കോടുവരെ തീവണ്ടി എഞ്ചിന്‍ ഓടുന്നത് ഒരു പ്രശ്‌നവുമുണ്ടാക്കാതെയാണല്ലോ. ഒരുപക്ഷേ, ഡബ്ള്‍ ലൈന്‍ ഇല്ലാത്ത കാലത്ത്! നിര്‍ത്തിയിട്ടിരുന്ന വണ്ടിയുടെ എഞ്ചിന്‍മുറിയില്‍ കയറിച്ചെന്ന് അവിടത്തെ കുറ്റിക്കൊളുത്തുകളില്‍ കൈ സഞ്ചരിച്ചതേ കുട്ടിക്ക് ഓര്‍മ്മയുള്ളൂ. വണ്ടി കുതിച്ചുപായാന്‍ തുടങ്ങി. വണ്ടിയില്‍ താന്‍ മാത്രം. ആളുകള്‍ പുറത്തുനിന്ന് എന്തോ ആംഗ്യം കാട്ടുന്നു, എന്തോ വിളിച്ചുപറയുന്നു, കുട്ടിക്ക് എന്തുചെയ്യാനൊക്കും!
”എഞ്ചിന്‍മുറിയില്‍ ഞാനേക, നത്തീവണ്ടി-
യെന്നെയുംകൊണ്ടു കുതികുതിക്കേ
എന്തിനിച്ചെയ്യേണ്ടുവെന്നുള്ള ഭീതിയാല്‍
കുന്തിച്ചിരുന്നു കരഞ്ഞുപോയ് ഞാന്‍…”
നെല്പാടങ്ങളും കരിമ്പനത്തോപ്പും കാടും മലയും പുഴയും കടന്ന് വണ്ടി പായുകതന്നെ. എതിരേ ഒരു വണ്ടിയും വന്നില്ല, വഴിയില്‍ ഒരു തടസ്സവും ഉണ്ടായില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
”കുന്തിച്ചിരുന്നുഞാന്‍ കണ്ണുതുറന്നപ്പോള്‍
കഞ്ചിക്കോട്ടെത്തിക്കഴിഞ്ഞിരുന്നു.”
കുട്ടിയുടെയും വണ്ടിയുടെയും സുരക്ഷ അക്കിത്തത്തിന്റെ ഉള്ളില്‍ ഉണ്ണിയോടൊപ്പം പാര്‍ക്കുന്ന മുത്തച്ഛന്‍ തന്നെ ഏറ്റെടുത്തു എന്ന് ഉറപ്പ്!
‘കണ്ടവരുണ്ടോ’ എന്ന കവിതയും അത് ആദ്യമായി അവതരിപ്പിക്കപ്പെട്ട ഒറ്റപ്പാലം സാഹിത്യപരിഷത് സമ്മേളനത്തില്‍ വായിച്ചുകേട്ട ‘കളിയച്ഛന്‍’ (പി.കുഞ്ഞിരാമന്‍ നായര്‍) എന്ന കവിതയും ചേര്‍ത്തുവെച്ചുനോക്കുക. അങ്കുശംകൊണ്ട് നിയന്ത്രിക്കപ്പെടാത്ത കൗമാരചാപല്യം ഘോര ഗുരുശാപം ഏറ്റുവാങ്ങുന്നതാണ് രണ്ടാമതു പറഞ്ഞ കവിതയില്‍. അക്കിത്തത്തിന്റെ ചാത്തു അത്തരമൊരു പതനത്തില്‍ എത്തുന്നില്ല. തലയില്‍കേറ്റിയിരുത്തിയതുകൊണ്ട് കഴുവേറിത്തരമുള്ള ചാത്തു. പൈക്കളെ മേയ്ക്കാന്‍ പോവാത്തതിന് അവന്‍ മുത്ത്യേമ്മയുടെ കയ്യില്‍ നിന്ന് ചന്തിക്കൊരു പെടവാങ്ങുന്നു. ആള് ഒളിച്ചോടുന്നു. മുത്ത്യേമ്മ ആ ചാത്തുവിനെ അന്വേഷിച്ചു നടക്കുകയാണ്. രണ്ടു കവിതകളിലെയും കുറ്റത്തിന്റെയും ശിക്ഷയുടെയും രൂപവും ഭാവവും രണ്ട് കവികളുടെയും വ്യക്തിത്വത്തിലേയ്ക്ക് വെളിച്ചം വീശുന്നതാണ്. അക്കിത്തത്തിന്റെ ചാത്തുവിന് കളിയച്ഛനിലെ ശിഷ്യന്‍ ചെയ്തപോലുള്ള അനുസരണക്കേട് ചെയ്യാനാവില്ല.
ഉത്സവപ്പിറ്റേന്നില്‍ ഒരു ട്വിസ്റ്റ് ആണ്. അത് അക്കിത്തത്തിന്റെ മറ്റ് പല കുട്ടിക്കവിതകളെയുംപോലെ മുതിര്‍ന്നവരെയും രസിപ്പിക്കും. ആനപ്പുറത്ത് കേറിയിരിക്കുക കൗമാരത്തിന് കിട്ടാവുന്ന വലിയൊരു സൗഭാഗ്യമാണല്ലോ. സമപ്രായക്കാരില്‍ അസൂയ ഉളവാക്കാവുന്ന സൗഭാഗ്യം. ഉത്സവത്തിന് ആനപ്പുറത്തിരുന്ന് കോലം പിടിക്കുക, വെണ്‍കൊറ്റക്കുട ചൂടിക്കുക, ആലവട്ടം/വെഞ്ചാമരം വീശുക- ഇതിന്റെയെല്ലാം ഗമ ഒന്നു വെറെ. താന്‍ ആനപ്പുറത്ത് കേറിയതും ഇതൊക്കെ ചെയ്തതും കണ്ടുവോ എന്ന് സുഹൃത്തുക്കളോട് ചോദിക്കുന്നു ഉണ്ണി. ആരും കണ്ടവരില്ല എന്ന് സുഹൃത്തുക്കള്‍ ഒറ്റസ്വരത്തില്‍. ഒടുവിലെ ചോദ്യം.
”മൂക്കും കുത്തി ഞാന്‍ കീഴ്‌പ്പോട്ടുരുണ്ടതും
കണ്ടവരില്ലേ, കണ്ടവരില്ലേ?”
ഉടന്‍ കിട്ടി ഉത്തരം.
”മൂക്കും കുത്തി നീ കീഴ്‌പ്പോട്ടുരുണ്ടതു
കണ്ടവരുണ്ടേ, കണ്ടവരുണ്ടേ!”
മുതിര്‍ന്നവരെ അനുവാചകരായിക്കണ്ട് അക്കിത്തം എഴുതുന്ന കവിതകളിലും ‘കുട്ടികള്‍’ കടന്നുവരുന്നുണ്ട്. അച്ഛന്‍, മുത്തച്ഛന്‍, സഹധര്‍മ്മിണി, പരിചയക്കാര്‍- ഇങ്ങനെ വ്യക്തി-കുടുംബബന്ധങ്ങളെ കേന്ദ്രീകരിച്ചാണ് കവിതകളില്‍ വലിയൊരു വിഭാഗം. അതിനാല്‍ കുട്ടികള്‍ കടന്നുവരുക സ്വാഭാവികവും.
‘ഇടിഞ്ഞുപൊളിഞ്ഞ ലോക’ത്തില്‍
”പുള്ളീര്‍ക്കരമുണ്ടിടയില്‍ക്കെട്ടി തുള്ളിക്കൊണ്ടൊരു പൊന്നുണ്ണി”യെയും ദയയുടെ തുള്ളിക്കായി തെണ്ടിനടക്കുന്ന പാവം കുട്ടിയെയും കാണാം. കണ്ണുതിരുമ്മി എണീറ്റ് തൊണ്ണുതുറന്ന് ചിരിക്കുന്ന പൈതല്‍ (പട്ടാമ്പിയിലെ അദ്വൈതി), മനസ്സില്‍ തുള്ളിച്ചാടിയ കൗമാരം (ക്രിയാകേവലം), തെക്കിനിപ്പടിയില്‍ കാലുംതൂക്കിയിട്ട് ദുഃഖിച്ചിരിക്കുന്ന ശൈശവം (ഓണം കഴിഞ്ഞപ്പോള്‍) ….. ഇനിയും, വീണയും മനുഷ്യനും, ആണ്ട മുളപൊട്ടല്‍, ഓതിക്കന്‍, നെഹ്‌റു അമ്മാമന്‍, എന്റെയും നിന്റെയും, ക്ഷണഭംഗുരം, കുടുംബത്തിനുള്ളില്‍, കുളിയും കുറിയും, കയറും കാലവും, വിവേകാനന്ദം, അല്പന്‍, മിന്നാമിനുങ്ങിനെത്തേടി, മരണമില്ലാത്ത മനുഷ്യന്‍…. ഇങ്ങനെ ഒട്ടേറെ കവിതകളില്‍ കുട്ടികളുടെ സാന്നിദ്ധ്യം അനുഭവിക്കാം. ഓത്തുപഠിക്കുന്ന ബാലകന്മാര്‍ അനുഭവിക്കുന്ന ശിക്ഷാവിധികള്‍ ചില കവിതകളില്‍ തികട്ടി തികട്ടി വരുന്നതായും കാണാം.
”കുട്ടികളയ്യാ, നിര്‍വൃതിപെയ്യും
കുട്ടികളല്ലോ ദൈവങ്ങള്‍.” (ജാതകര്‍മ്മം)
എന്നതാണല്ലോ തന്റെ ദര്‍ശനം!
തെളിനീരൊഴുക്ക്
അക്കിത്തത്തിന്റെ കാവ്യശൈലിയെക്കുറിച്ച് കൂടി: ഒരു തെളിനീരൊഴുക്കിനോട് ഉപമിക്കാവുന്നതാണ് ആ ശൈലി. ആദ്യകാഴ്ചയില്‍ത്തന്നെ അടിത്തട്ട് വരെ തെളിഞ്ഞുകാണും. ഒരു ദുര്‍ഗ്രഹതയുമില്ല, കലക്കമില്ല. നേരെ അങ്ങ് ഇറങ്ങിച്ചെല്ലാമെന്നു തോന്നാം. ആ തോന്നലില്‍ ഇറങ്ങിയാലോ? ഒഴുക്കിന്റെ ഊക്കിനോടൊപ്പം ആഴവുംകൂടി നമ്മെ കുഴക്കിക്കളയും. അര്‍ത്ഥതലങ്ങളുടെ ഗാംഭീര്യമാണ് ഉദ്ദേശിക്കുന്നത്. പ്രത്യക്ഷത്തിലെ ലാളിത്യംകൊണ്ട് ആ വരികള്‍ നമ്മെ വശീകരിക്കും; ശക്തിയോടെ അത് നമ്മെ ഒരാശയത്തിലേക്ക് നയിക്കും. നേരിട്ട് കാണുന്നതിനും അപ്പുറത്തേക്ക് അഗാധങ്ങളിലേക്കാണ് അര്‍ത്ഥം നീളുന്നതെന്ന് നാം അറിയാന്‍ പോകുന്നതേയുള്ളു.
”അരിവെപ്പോന്റെ തീയില്‍ച്ചെ-
ന്നീയാംപാറ്റ പതിക്കയാല്‍
പിറ്റേന്നിടവഴിക്കുണ്ടില്‍
കാണ്മൂ ശിശുശവങ്ങളെ.”
(ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം)
എന്ന ഒരൊറ്റ ഉദാഹരണമേ തല്‍ക്കാലം എടുക്കുന്നുള്ളു.
കുട്ടികള്‍ക്കുള്ള കവിതകളിലും കാണാം, ഇപ്പറഞ്ഞ തെളിമയും ആഴവും. എന്നാല്‍ ആ വിഭാഗത്തില്‍പ്പെട്ട വായനക്കാര്‍ക്ക് ‘തലകറക്കം’ ഉണ്ടാവാതെ നോക്കുന്നുണ്ട്, അക്കിത്തം.
”മോരില്‍ കലക്കിയ മുത്തഞ്ഞ മൂക്കോളം
മോന്താന്‍ മടിച്ചു പറഞ്ഞതല്ല,
എല്ലാര്‍ക്കും കൂടിയിട്ടുള്ളൊരു മുത്തശ്ശി
കല്ലായിപ്പോയാല്‍ കടുപ്പമല്ലേ?”
(മുത്തശ്ശി)
എന്ന വരികള്‍ ശ്രദ്ധിച്ചില്ലേ? വക്താവിന്റെ ഉള്ളിലിരിപ്പ് അവ്യക്തമല്ല. മുത്തഞ്ഞ കഷായം കുടിക്കല്‍ എങ്ങനെയും ഒഴിവാക്കണം. പെട്ടെന്ന് മനോഗതി പിടികിട്ടിയില്ലെങ്കിലും വായനക്കാരന്‍ അവിടെത്തന്നെ ചെന്നെത്തും.
”ഭാരിച്ച ജീവിതം മുതുകത്തേറ്റി
പാരിലരിച്ചു നടന്നല്ലോ
ഇത്തിരിദിവസം മുമ്പേ നീയെ-
ന്നിപ്പോള്‍ കണ്ടാല്‍തോന്നില്ല.”
(അഹങ്കരിക്കരുത്)
ഇതാണ് മറ്റൊന്ന്.
”അട നിവേദിക്കണം മച്ചിലെ തേവര്‍ക്കും
അണക്കിലയ്യപ്പനും വേണ്ടപോലെ.”
(നാളത്തെ പ്രാരബ്ധം)
അണക്കിലയ്യപ്പന്‍-അണ്ണാക്കിലെ അയ്യപ്പന്‍. തീറ്റക്കൊതിയന്മാരോട് ചേര്‍ത്ത് പറയുന്ന നാട്ടുപ്രയോഗം. ഇത്തരം നാട്ടുപ്രയോഗങ്ങള്‍ അക്കിത്തത്തിന്റെ ലഘുകവിതകളില്‍ മാത്രമല്ല ‘ഗുരു’ കവിതകളിലും സുലഭമാണ്. പഞ്ചപുറത്തിടുക, തമ്പേറടിക്കുക, ഇതെന്തു ശനി!, തീയൊണ്ടമ്മാനമാടുക, തുപ്പല്‍കുടിച്ച് ദാഹംതീര്‍ക്കുക, തിത്തിത്യുരുള-പരിചയമില്ലാത്തവയാണെങ്കിലും അര്‍ത്ഥം ഗ്രഹിക്കാന്‍ പ്രയാസമില്ലാത്ത ഇമ്മാതിരി പ്രയോഗങ്ങള്‍ ഇടശ്ശേരിക്കവിതകളിലും കാണാം.
”തറയെപ്പറ്റിപ്പറയെപ്പറ്റിയു-
മറിയാനുള്ള തിടുക്കത്തില്‍
പാതയിലൂടെ പ്രാഞ്ചിപ്രാഞ്ചി-
പ്പാഞ്ഞിടുമുണ്ണികളീഞങ്ങള്‍.”
(മഴക്കാറിനോട്)
എന്നതില്‍ പാഠ്യപദ്ധതികളിലെ കെട്ടുപാടുകള്‍ ഉണ്ണികളുടെ ദൈനംദിനജീവിതത്തിന്റെ സുഗമമായ ഗതിയെ ബാധിക്കുന്നതിന്റെ സൂചനയുണ്ട്. ”കുട്ടികള്‍ക്ക് ആലോചനാമൃതമായ ആശയഘടനയുടെ ഒരു തലം നിബന്ധിക്കാന്‍” അക്കിത്തം മനസ്സിരുത്തുന്നുണ്ടെന്ന് ഡോ.എം.ലീലാവതി (അക്കിത്തം കവിതകളുടെ അവതാരിക).
ചൊല്‍പ്രപഞ്ചം
ബാലകുതൂഹലങ്ങള്‍ക്ക് വായിച്ചുരസിക്കുന്നതോടൊപ്പം ഇടയ്ക്കിടെ നുണഞ്ഞുകൊണ്ടിരിക്കാനും പറ്റിയ ചൊല്ലുകള്‍ അക്കിത്തം നിര്‍ലോഭം ഒരുക്കുന്നുണ്ട്.
”കാഴ്ചകള്‍ കണ്ടുനടക്കുന്നവരേ
കാര്യം നമ്മള്‍ പറഞ്ഞേക്കാം
കാണണമെന്നു വിചാരിക്കുന്നതു
കാണാന്‍ ചെന്നാല്‍ക്കാണില്ല.”
(മുന്നറിയിപ്പ്)
”നാളെ വരുമച്ഛന്‍, നാളെ വരുമച്ഛന്‍!
കൊണ്ടുവരും നെയ്യലുവത്തുണ്ടമപ്പോളച്ഛന്‍!”
(കാത്തിരിപ്പ്)
”പറയുവതൊന്നും കേള്‍ക്കില്ലെങ്കില്‍-
ക്കരയും ഞാനങ്ങുച്ചത്തില്‍.”
(ഉമ്മറം കാവല്‍)
”വീണ്ടിയുമായ് വന്നീമുത്തശ്ശിയമ്മയെ
വീണ്ടെടുക്കാഞ്ഞാല്‍ക്കടുപ്പമാണേ.”
(മുത്തശ്ശി)
”വാക്കിലെ ഗുട്ടന്‍സറിയാത്തവരുടെ
വാക്കെങ്ങനെ ഞാന്‍ ശരിവെയ്ക്കും” (പൊരുളറിയില്ല)
”തെല്ലിടപൂത്താങ്കോലുകളിച്ചതു
പൊല്ലാപ്പായിത്തീര്‍ന്നു!”
(ഇടയന്‍)
”വയറുണ്ടങ്ങനെ ശിവശംഭോ!”
”ചന്തിക്കൊന്നു കൊടുത്തില്ലേന്നും
വാഴടെനാരാണ്ടാണേ.”
(കണ്ടവരുണ്ടോ?)
”കാപ്പിവിളിക്ക്ണ് കോവാലാ
തോശവിളിക്ക്ണ് കോവാലാ
കാപ്പീം തോശേം കൂടി വിളിക്ക്ണ്
കോവാലാ കോവാലാ.”
(അയ്യപ്പന്‍വിളക്കിന്റെ അല)
എത്ര വേണമെങ്കിലുമുണ്ട് ഉദ്ധരിക്കാന്‍ ചൊല്ലുകളുടെ ഒരു പ്രപഞ്ചം തന്നെ. സമയവും സന്ദര്‍ഭവുമനുസരിച്ച് ഇവ ഓര്‍ത്തുചൊല്ലുന്നത് രസകരമായ അനുഭവമാകും.
ചുരുക്കത്തില്‍ അക്കിത്തത്തിന്റെ കുട്ടിക്കവിതകള്‍ എഴുതുന്നത്, അദ്ദേഹത്തിന്റെ ഉള്ളില്‍ എക്കാലത്തും ഉണ്ടായിരുന്ന ഓനിച്ചുണ്ണിയാണ്. ആ ഓനിച്ചുണ്ണി സാഹസികത്വത്തിന്റെയും ധാര്‍മ്മികതയുടെയും അതിര് വിടാതെ നോക്കുന്നത് ആ ഉണ്ണിയോടൊപ്പം അക്കിത്തത്തിലുള്ള മുത്തച്ഛനും. ഈ ഉണ്ണി-മുത്തച്ഛ പാരസ്പര്യം അക്കിത്തം കവിതകളെ കുട്ടികള്‍ക്ക് അഭിഗമ്യമാക്കുന്നു; അവരുടെ ഭാവനകള്‍ക്ക് ചിറക് വിരിച്ച് പറക്കാന്‍ പ്രാപ്തി നല്‍കുന്നു. അവരെ അപകടങ്ങളില്‍ ചെന്ന് ചാടാതെ നോക്കുകയും ചെയ്യുന്നു.
*ഓനിച്ചുണ്ണി-ഉപനയനം ചെയ്യുന്ന ഉണ്ണി, നമ്പൂതിരി ബാലന്‍.
**കാല്‍വിളക്ക്, അരവിളക്ക്, മുഴുവന്‍വിളക്ക് എന്നിങ്ങനെ അയ്യപ്പന്‍വിളക്ക് നടത്താറുണ്ട്. മുഴുവന്‍ വിളക്ക് ക്ഷേത്രങ്ങളില്‍ അതല്ലെങ്കില്‍ ദേശവിളക്കായി മാത്രം, വീടുകളില്‍ പതിവില്ല.