എ.ബി. രഘുനാഥന്‍ നായര്‍ എന്ന നിരൂപകനെ എത്രപേര്‍ ഓര്‍ക്കുന്നുണ്ടെന്ന് എനിക്കറിയില്ല. എന്നാല്‍ എന്റെ ഓര്‍മ്മയില്‍ അദ്ദേഹം പച്ചപിടിച്ചു നില്‍ക്കുന്നത് ‘ഉപ്പുപ്പാന്റെ കുയ്യാനകള്‍’ എന്ന കൃതിയുടെ പേരിലാണ്. 1989-ല്‍ ആ കൃതി പുറത്തുവന്നപ്പോള്‍ വലിയ പ്രകമ്പനങ്ങളാണ് കേരളത്തിലുണ്ടായത്. എന്താണ് ആ കൃതിയുടെ ഉള്ളടക്കം എന്നറിയാന്‍ ഒന്നെടുത്തു വായിച്ചു നോക്കാമെന്നു വച്ചാല്‍ കേരളത്തിലെ ഒരു ലൈബ്രറിയിലും പുസ്തകമുണ്ടാവാനിടയില്ല. സംഘടിതമായ ആക്രമണമാണ് അന്ന് ഈ കൃതിക്കെതിരെയുണ്ടായത്. ഗ്രന്ഥകാരനെതിരെ ഭീഷണിയും തെറിവിളിയുമുണ്ടായി. അവതാരിക എഴുതിക്കൊടുത്തതിന് ഗുപ്തന്‍ നായര്‍ സാറിനെതിരെയും അക്കാലത്ത് വലിയ ആക്രമണമുണ്ടായി. ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരെ വിമര്‍ശിച്ചാല്‍ കേരളത്തില്‍ വലിയ എതിര്‍പ്പുണ്ടാകാറുണ്ട്. ശങ്കരക്കുറുപ്പിനെതിരെ അഴിക്കോട് ഒരു പുസ്തകമെഴുതിയപ്പോഴും പ്രശ്‌നങ്ങളുണ്ടായി. എന്നാലും ആ പുസ്തകത്തെ (ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു) ആരും വായനശാലകളില്‍ നിന്ന് എടുത്തു മാറ്റിയില്ല.
‘ഉപ്പുപ്പാന്റെ കുയ്യാനകള്‍’ എന്ന കൃതിയ്‌ക്കെതിരെ വലിയ ആക്രമണങ്ങള്‍ ഉണ്ടാകാന്‍ കാരണം അത് ബഷീറിനെ വിമര്‍ശിക്കുന്നു എന്നതാണ്. ബഷീര്‍ മലയാള സാഹിത്യത്തില്‍ അദ്ദേഹത്തിന്റെ പ്രതിഭയ്ക്കപ്പുറം ആഘോഷിക്കപ്പെടുന്ന എഴുത്തുകാരനാണ്. സാഹിത്യത്തിലെ സുല്‍ത്താനെന്നൊക്കെ സ്തുതിപാഠകരും പ്രീണന രാഷ്ട്രീയക്കാരും വാഴ്ത്തുന്ന ബഷീറിന്റെ കൃതികളെ വിമര്‍ശനപരമായി സമീപിക്കുക എന്നത് ഇന്ന് ഒട്ടൊക്കെ അസാധ്യമായ കാര്യമാണ്. ആരെങ്കിലും അതിനു തുനിഞ്ഞാല്‍ അന്ന് രഘുനാഥന്‍ നായര്‍ക്കു നേരിട്ടതിലും വലിയ വിപത്തുകള്‍ അവര്‍ക്കു നേരിടേണ്ടിവരും.
എന്റെ വായനയുടെ തുടക്കക്കാലത്തുതന്നെ ബഷീറിന്റെ കൃതികള്‍ എനിക്കു പരിചയിക്കേണ്ടി വന്നിരുന്നു. കാരണം കുട്ടിക്കാലത്ത് വീട്ടിലുണ്ടായിരുന്ന തീരെ ചെറിയ പുസ്തകശേഖരത്തില്‍ ആകെ രണ്ടു നോവലുകളെ ഉണ്ടായിരുന്നുള്ളൂ. അതിലൊന്ന് പാറപ്പുറത്തിന്റെ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ മറ്റേത് ബഷീറിന്റെ ‘ന്റുപ്പുപ്പാക്കൊരാനയുണ്ടാര്‍ന്ന്’. ‘ന്റുപ്പുപ്പാക്കൊരാനയുണ്ടാര്‍ന്ന്’ എന്ന തലക്കെട്ട് വളരെ സവിശേഷമായി തോന്നിയെങ്കിലും അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മാത്രമായിരുന്ന എന്റെ ആസ്വാദനതലത്തെ കാര്യമായി സ്പര്‍ശിക്കുന്ന ഒന്നും ആ കൃതിയില്‍ നിന്നും എനിക്കു ലഭിച്ചില്ല എന്നത് പറയാതെ വയ്യ. മുതിര്‍ന്ന ശേഷം ബഷീര്‍ കൃതികളുടെ രണ്ടു ഭാഗങ്ങളടങ്ങിയ വലിയ സമാഹാരം മുഴുവന്‍ വാങ്ങി വായിച്ചു നോക്കിയിട്ടും എന്നിലെ വായനക്കാരനെ കാര്യമായി തൃപ്തിപ്പെടുത്തുന്ന ഒന്നും അതിലില്ലായിരുന്നു. മലയാളസാഹിത്യത്തില്‍ ബഷീറിനു ലഭിക്കുന്ന വലിയ അംഗീകാരം എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ബഷീറിന്റെ ഒരു കഥപോലും വായിക്കാത്തവര്‍ അദ്ദേഹത്തെ വെറുതെ പുകഴ്ത്തുന്നതു കണ്ടിട്ടുണ്ട്. അതിനുപിറകില്‍ ഇന്നു കേരളത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയത്തിന്റെ ബീജം ഉണ്ടായിരുന്നുവെന്ന് എനിക്ക് ഇപ്പോള്‍ തിരിച്ചറിയാനാവുന്നു.
ഇത്രയും എഴുതേണ്ടി വന്നത് രഘുനാഥന്‍ നായരുടെ ‘വിലാസിനിയുടെ യാത്രാ മുഖങ്ങള്‍’ എന്ന ജീവചരിത്രകൃതി അദ്ദേഹം എനിക്ക് അയച്ചു തന്നതു കൊണ്ടാണ്. ഏഷ്യയിലെ ഏറ്റവും വലിയ നോവല്‍ എഴുതിയ വിലാസിനി എന്ന മൂര്‍ക്കനാട്ടു കൃഷ്ണന്‍കുട്ടി മേനോന്‍ കേരളത്തില്‍ വേണ്ടത്ര പരിഗണന ലഭിക്കാതെപോയ എഴുത്തുകാരനാണ്. നാലായിരത്തിലധികം പുറങ്ങളുള്ള വിലാസിനിയുടെ ‘അവകാശികള്‍’ ലോകത്തിലെ തന്നെ ഏറ്റവും വലിയ നോവല്‍ ആണെന്നു തോന്നുന്നു. അതു പ്രസിദ്ധീകരിച്ചത് മലയാളത്തിലായതിനാല്‍ ആരും ശ്രദ്ധിക്കുന്നില്ല എന്നേയുള്ളൂ. ഇക്കാര്യം ലോകസമക്ഷം കൊണ്ടുവരാന്‍ മലയാളികളായ നമ്മള്‍ ശ്രമിക്കുന്നില്ല എന്നതു ദുഃഖകരം. ഇവിടെ സാഹിത്യം, കല ഇവയൊക്കെ ഏതാണ്ട് അസ്തമിച്ച മട്ടാണ്.
ലോകത്തിലെ ഏറ്റവും വലിയ നോവലായി പൊതുവെ പറയുന്നത് ഫ്രഞ്ച് നോവലിസ്റ്റായ മാര്‍സെല്‍ പ്രൂസ്തിന്റെ (Marcel Proust) പൊയ്‌പോയകാലം തേടി (Remembrance of the things past) ആണ്. 13 ഭാഗങ്ങളായി എഴുതിയ ഈ കൃതിയ്ക്ക് 3200 പുറങ്ങളുണ്ട്. 4000 പേജുകള്‍ ഉള്ള ‘അവകാശികള്‍’ വലിയ നോവലുകളെക്കുറിച്ചുള്ള ലിസ്റ്റില്‍ എവിടെയുമില്ല. ഈ സത്യം ലോകത്തെ അംഗീകരിപ്പിക്കാന്‍ നമുക്കു കഴിഞ്ഞാല്‍ അതു മലയാളികള്‍ക്കെല്ലാം അഭിമാനിക്കാന്‍ കഴിയുന്ന കാര്യമാണ്. പ്രൂസ്തിന്റെ ഒറിജിനല്‍ കൃതിയ്ക്ക് ഫ്രഞ്ചുഭാഷയില്‍ 3200 പേജുകളേയുള്ളു. In search of Lost Time എന്ന പേരില്‍ അത് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ 4200 പേജുണ്ടെന്നു പറയപ്പെടുന്നു. മൂലകൃതിയ്ക്ക് വിലാസിനിയുടെ നോവലിന്റെ അത്രയും പേജുകളില്ല. തര്‍ജ്ജമ പരിഗണിക്കേണ്ട കാര്യമില്ലല്ലോ. അക്കാര്യം വാദിച്ചുറപ്പിക്കാന്‍ നമുക്കായാല്‍ ലോകത്തിലെ ഏറ്റവും വലിയ നോവല്‍ നമ്മുടേതാണ്.
ഏറ്റവും വലിയ നോവല്‍ എഴുതി എന്നതു മാത്രമല്ല വിലാസിനിയുടെ സാഹിത്യ സംഭാവന. അതിവിപുലമായ ഒരു കൃതിസഞ്ചയം അദ്ദേഹത്തിന്റേതായുണ്ട്. ഊഞ്ഞാല്‍, നിറമുള്ള നിഴലുകള്‍ തുടങ്ങിയ മഹത്തായ നോവലുകള്‍ കൂടാതെ ഏറ്റവും പ്രത്യേകതയുള്ളവ അദ്ദേഹത്തിന്റെ തര്‍ജ്ജമകളാണ്. അതില്‍ ഏറ്റവും എടുത്തു പറയേണ്ടത് ജാപ്പനീസ് നോവലിസ്റ്റായ യാസുനാരി കവാബത്തയുടെ ഉറങ്ങുന്ന സുന്ദരിക (Sleeping Beauties) ളുടെ ‘സഹശയനം’ എന്ന മലയാള തര്‍ജ്ജമയാണ്. 1968-ല്‍ നൊബേല്‍ സമ്മാനം നേടിയ കവാബത്തയെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയത് എം.കെ. മേനോനാണ്. യൂറോപ്യന്‍ ഫിക്ഷനെ കടന്നു നില്‍ക്കുന്ന ജപ്പാന്‍കാരുടെ എഴുത്തുലോകം വിലാസിനിയുടെ വിവര്‍ത്തനത്തിനുമുമ്പ് മലയാളികള്‍ക്ക് ഏതാണ്ട് അജ്ഞാതമായിരുന്നു.
പേര്‍ഷ്യന്‍ എഴുത്തുകാരനായ സദ്ദേഖ് ഹിദായത്തിന്റെ (Sadegh Hedayat) The Blind Owlഎന്ന കൃതിയെ ‘കുരുടന്‍ മൂങ്ങ’ എന്ന പേരില്‍ മലയാളികള്‍ക്കു പരിചയപ്പെടുത്തിയതും സ്പാനിഷ് നോവലിസ്റ്റായ ജൂവാന്‍ റള്‍ഫോ(Juan Rulfo)-യുടെ വിഖ്യാത ആഖ്യായിക പെഡ്രോ പരാമോ (Pedro Paramo) വിവര്‍ത്തനവും വിലാസിനിയുടെ സവിശേഷ സംഭാവനകളില്‍ പെട്ടവയാണ്. ഈ കൃതികള്‍ മലയാളത്തിലേയ്ക്ക് അവതരിപ്പിച്ചതിന്റെ പിറകിലും ലോകത്തിലെ ഏറ്റവും വലിയ നോവല്‍ എഴുതിയതിന്റെ പിന്നിലുമെല്ലാം വ്യക്തമായ ചില ലക്ഷ്യങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഏതെങ്കിലും ഇംഗ്ലീഷ് കൃതിയോ യൂറോപ്യന്‍ കൃതിയോ പരിചയപ്പെടുത്താതെ ജാപ്പനീസ് മെക്‌സിക്കന്‍ കൃതികളെ പരിഭാഷപ്പെടുത്തിയത് യൂറോപ്പിനപ്പുറമുള്ള സാഹിത്യലോകവുമായി മലയാളി പരിചയപ്പെടണം എന്ന വ്യക്തമായ ഉദ്ദേശ്യത്തോടുകൂടിത്തന്നെയാണ്. മലയാളത്തിന്റെ തല ഉയര്‍ന്നു നില്‍ക്കണമെന്നുള്ള വാശിയാണ് അവകാശികള്‍ എഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇതൊക്കെക്കൊണ്ടു മലയാള ഭാഷയേയും സാഹിത്യത്തേയും ലോകത്തിന്റെ നെറുകയിലെത്തിക്കാമെന്ന് വിലാസിനി മോഹിച്ചു. അദ്ദേഹത്തിന്റെ മഹായജ്ഞത്തിന് സാഹിത്യത്തിനപ്പുറം മറ്റു പല പരിഗണനകളുമുള്ള മലയാളികള്‍ വേണ്ടത്ര പിന്തുണ നല്‍കിയില്ല. ആ വേദന മരണം വരെ അദ്ദേഹത്തെ വേട്ടയാടിയിരുന്നു.
രഘുനാഥന്‍നായര്‍ വിലാസിനിയെന്ന മഹാപ്രതിഭാശാലിയെ കേരളം തിരിച്ചറിയണമെന്ന ലക്ഷ്യത്തോടുകൂടിത്തന്നെയാണ് അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതാന്‍ തുനിഞ്ഞത്. പ്രതിഭകളെ തിരിച്ചറിയാന്‍ കഴിവില്ലാത്ത കേരള സമൂഹം വിലാസിനിയുടെ ജീവിതകഥയേയും അതെഴുതിയ എഴുത്തുകാരനേയും കാര്യമായി ശ്രദ്ധിച്ചില്ല.
”വാഴാനി മലയുടെ ചരിവിറങ്ങി വന്ന മകര നിലാവ് കൊയ്ത്തുകഴിഞ്ഞ കിഴക്കേപ്പാടത്ത് വെണ്‍പട്ടുവിരിച്ചപ്പോള്‍….” എന്നിങ്ങനെ തുടങ്ങുന്ന ഈ ജീവചരിത്രകൃതി ഒരു നോവല്‍ വായിക്കുന്നതുപോലെ നമുക്കു വായിച്ചുപോകാം.
308 പുറങ്ങളും 45 അധ്യായങ്ങളുമുള്ള ‘വിലാസിനിയുടെ യാത്രാമുഖങ്ങള്‍’ ആ മഹാനായ നോവലിസ്റ്റിന്റെ ജീവിതത്തെ സാമാന്യം വിപുലമായിത്തന്നെ പഠനവിധേയമാക്കുന്നുണ്ട്. നോവലിസ്റ്റുമായി വളരെ അടുത്തബന്ധം രഘുനാഥന്‍ നായര്‍ക്കുണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതത്തിലെ സങ്കീര്‍ണതകളെ അടുത്തുനിന്നുതന്നെ കാണാന്‍ എഴുത്തുകാരനു കഴിഞ്ഞു. അത് കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ജീവചരിത്രകാരനു പ്രാപ്തി നല്‍കിയിരിക്കുന്നു. വിലാസിനിയുടെ അപ്രകാശിതങ്ങളും അപൂര്‍ണ്ണങ്ങളുമായ രചനകളുടെ കൈയെഴുത്ത് പ്രതികളുടെ അവകാശം പൂര്‍ണ്ണമായും ഗ്രന്ഥകാരനില്‍ നിക്ഷിപ്തമാണെന്നു പറയുമ്പോള്‍ നോവലിസ്റ്റുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുപ്പം എത്രമാത്രമായിരുന്നു എന്നു നമുക്ക് ഊഹിക്കാം. ഈ കൃതിയുടെ പാരായണത്തില്‍ നിന്നും വിലാസിനിയെന്ന ബഹുമുഖ പ്രതിഭയുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു എന്നതിനെക്കാളുപരി മലയാളസാഹിത്യം യഥാര്‍ത്ഥ പ്രതിഭകളെ തമസ്‌കരിക്കുകയും അല്പവിഭവന്മാരെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന ഗതികേടിനെക്കുറിച്ചുള്ള ബോധ്യം എന്നില്‍ ഉറയ്ക്കുകയും ചെയ്യുന്നു.
ഏറ്റവും സവിശേഷമായ ഒരറിവു കൂടി പങ്കുവെക്കേണ്ടിയിരിക്കുന്നു. അതു മലയാളത്തിലെ കൈകൊട്ടിക്കളിപ്പാട്ടുകളുടെ കുലപതിയായിരുന്ന മച്ചാട്ടിളയതുമായി വിലാസിനിയ്ക്കുള്ള ബന്ധുത്വമാണ്. ഈ ജീവചരിത്രകൃതി വായിച്ചില്ലായിരുന്നെങ്കില്‍ അക്കാര്യം ഒരിക്കലും അറിയുമായിരുന്നില്ല എന്നു തോന്നുന്നു. സംസ്‌കൃത പണ്ഡിതനും കൈകൊട്ടിക്കളിപ്പാട്ടാചാര്യനുമായിരുന്ന മച്ചാട്ട് ഇളയതിന്റെ മകന്റെ മകളായിരുന്നു വിലാസിനിയുടെ അമ്മ കൊച്ചു നാരായണിയമ്മ. സി.രാധാകൃഷ്ണന്റെ ‘തീക്കടല്‍ കടഞ്ഞു തിരുമധുരം’ വായിച്ചപ്പോഴാണ് അദ്ദേഹം തുഞ്ചെത്തെഴുത്തച്ഛന്റെ കുടുംബത്തിന്റെ ഇങ്ങേ തലയ്ക്കലെ ഒരു കണ്ണിയാണെന്നു മനസ്സിലായത്. അതുപോലെ നമ്മുടെ പല എഴുത്തുകാരും വലിയ പാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ചക്കാരാണെന്ന അറിവു അവരൊന്നും കേവലം യാദൃച്ഛികതയല്ല എന്നു നമുക്ക് കാട്ടിത്തരുന്നു.
Comments