ബി.ജെ.പിയ്ക്ക് ഇന്ത്യയുടെ ഭൂപടമേ അറിയൂ; ജനങ്ങളെ അറിയില്ല എന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കണ്ടെത്തിയിരിക്കുന്നു. അദ്ദേഹം ജനങ്ങളെ അറിയുന്ന ഒരു നേതാവിനെ തിരഞ്ഞുപിടിച്ച് കോണ്‍ഗ്രസ്സിലെത്തിക്കുകയും ചെയ്തിരിക്കുന്നു. ജെ.എന്‍. യു വീരന്‍ കനയ്യകുമാറാണ് കോണ്‍ഗ്രസ്സുകാരുടെ പുതിയ ഹീറോ! ജെ.എന്‍.യുവില്‍ സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റായിരിക്കെ രാജ്യദ്രോഹപ്രസംഗം നടത്തി കോണ്‍ഗ്രസ്സുകാര്‍ക്കും ഇടതന്മാര്‍ക്കും ഇസ്ലാമിസ്റ്റുകള്‍ക്കും ഒരുപോലെ ഹരമായ കനയ്യ തനിക്ക് ജനങ്ങളെ അടുത്തറിയാമെന്ന് തെളിയിച്ചത് ബീഹാറിലെ തിരഞ്ഞെടുപ്പിലാണ്. ബീഹാറിലെ ബഹുസഹായി മണ്ഡലത്തില്‍ നിന്നും സി.പി.ഐ ടിക്കറ്റില്‍ മത്സരിച്ച് ബഹുനിലയില്‍ പൊട്ടിയതാണ് അനുഭവം. ജനം കനയ്യയെ ചവറ്റുകുട്ടയിലിട്ടപ്പോഴാണ് രാഹുല്‍ പൊടിതട്ടിയെടുത്ത് കോണ്‍ഗ്രസ്സില്‍ കസേര നല്‍കിയത്. കോണ്‍ഗ്രസ് വലിയൊരു കപ്പലാണ് എന്നാണ് ഈ അവസരത്തില്‍ കനയ്യ പ്രസംഗിച്ചത്. പൊട്ടിത്തെറിവക്കിലെത്തിയ കപ്പല്‍. അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ വാര്‍ഷികത്തില്‍ നടത്തിയ രാജ്യദ്രോഹ പ്രസംഗത്തിന്റെ ആവേശമൊന്നും ഈ പ്രസംഗത്തില്‍ കണ്ടില്ല. സ്വാതന്ത്ര്യസമരത്തിന്റെ നായകത്വം വഹിച്ച കോണ്‍ഗ്രസ്സിന് ഇനി പറയാനുള്ളത് രാജ്യദ്രോഹികളെ സ്വീകരിച്ചതിന്റെ പാരമ്പര്യമാണ്.
കനയ്യയെന്ന ദേശദ്രോഹ പ്രസംഗകനെ തോളിലേറ്റിയ കോണ്‍ഗ്രസ്സിനോട് മത്സരിക്കാന്‍ തങ്ങളുണ്ടെന്ന് പ്രഖ്യാപിച്ചത് കേരള മുഖ്യമന്ത്രി വിജയന്‍ സഖാവാണ്. കനയ്യ എന്ന അഫ്‌സല്‍ ഗുരു ശിഷ്യന്‍ കോണ്‍ഗ്രസ്സുകാരുടെ തോളിലാണെങ്കില്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ മസ്തിഷ്‌കത്തില്‍ പാകിസ്ഥാന്‍ സ്രഷ്ടാവ് മുഹമ്മദാലി ജിന്നയെ പ്രതിഷ്ഠിക്കുകയാണ് കേരളത്തിലെ ഇടതു ഭരണത്തിന്‍ കീഴിലെ വിദ്യാഭ്യാസവകുപ്പ്. കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ ആസ്ഥാനമായ കണ്ണൂരിലെ സര്‍വ്വകലാശാലയാണ് ജിന്നയേയും പെരിയോറിനെയും എം. എ വിദ്യാര്‍ത്ഥികള്‍ പഠിക്കണമെന്നു നിബന്ധന വെച്ചിരിക്കുന്നത്. രാജ്യസ്‌നേഹികളായ സവര്‍ക്കറെയും ഗുരുജി ഗോള്‍വല്‍ക്കറെയും അവര്‍ പാഠ്യപദ്ധതിയുടെ പടിക്കുപുറത്താക്കുകയും ചെയ്തു. രാജ്യദ്രോഹ പ്രചരണത്തില്‍ രാഹുലിനെ തോല്പിച്ചേ അടങ്ങു എന്നാണ് വിജയന്‍ സഖാവിന്റെ നിലപാട്.
Comments