കേളപ്പന് പുസ്തകത്തെ ഒന്നുകൂടി വെളിച്ചത്തിലേക്ക് നീക്കിപ്പിടിച്ചു. ഇതാ ഇങ്ങ് ഏറനാട്ടിലും രക്തച്ചൊരിച്ചിലിന് തുര്‍ക്കി കാരണമായിരിക്കുന്നു. ചിന്ത കടല്‍കടന്ന് വരും മുമ്പ് അദ്ദേഹം വായന തുടര്‍ന്നു.
അടിസ്ഥാനപരമായി യുദ്ധങ്ങള്‍ ജയിക്കേണ്ടത് ശത്രുവിനെ വഞ്ചിച്ചാണ്. ശത്രുരാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന മൂല്യവത്തായ എല്ലാത്തിനെയും ദുഷ്പ്രചരണത്തിലൂടെ നിര്‍വീര്യമാക്കി പ്രദേശത്തെ അസ്ഥിരപ്പെടുത്തി എതിരാളിയെ തകര്‍ക്കാമെന്ന പഴയകാലം തൊട്ട് പ്രചാരമുള്ള യുദ്ധനീതി.
ജര്‍മ്മനി ഫ്രാന്‍സിലും ബ്രിട്ടനിലും ഈ രീതിശാസ്ത്രം പ്രയോഗിച്ചെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല. അങ്ങനെയാണ് റഷ്യയിലേക്ക് തിരിയുന്നത്. സാര്‍ ഭരണകൂടത്താല്‍ നാടുകടത്തപ്പെട്ട ലെനിനും ട്രോട്‌സ്‌കിയും ലണ്ടനില്‍വച്ച് ഒരുമിക്കുന്നു. കാലിഫോര്‍ണിയന്‍ സ്വര്‍ണ്ണഖനി മുതലാളിമാര്‍ അടക്കമുള്ളവരുടെ പണം പറ്റിയാണ് അവര്‍ ഇന്‍സ്‌ക്ര എന്ന ബോള്‍ഷെവിക് മെന്‍ഷവിക് പ്രസിദ്ധീകരണം നടത്തിക്കൊണ്ടുപോയത്. മുതലാളിത്തത്തിന്റെ പണം പറ്റുന്ന ശീലം ഒരു ദശകം പിന്നിടുമ്പോഴാണ് അവരെ സ്വാധീനിക്കാനുള്ള കൈസറിന്റെ വരവ്. റഷ്യന്‍ ഭാഷ അറിയാവുന്ന നൂറുകണക്കിന് അമേരിക്കക്കാരെ പരിശീലിപ്പിച്ച് മാര്‍ക്‌സിസ പ്രചാരണത്തിനായി റഷ്യയിലേക്ക് അയച്ചു. അമേരിക്കന്‍ ബാങ്കിംഗ് സ്ഥാപനമായ കുന്‍, ലോബ് ആന്‍ഡ് കോ യുടെ മേധാവി ജേക്കബ് ഷിഫ് എന്ന ജൂതനാണ് പണം ഇറക്കിയത്. സാര്‍ ഭരണകൂടത്തിനെതിരെ രാജ്യദ്രോഹം നടത്താന്‍ കമ്മ്യൂണിസ്റ്റുകളെ പ്രേരിപ്പിച്ചു. പതിനേഴില്‍ വിപ്ലവം പൊട്ടി വിരിഞ്ഞു.
വിപ്ലവമല്ല, പട്ടാള അട്ടിമറി. മുതലാളിത്തത്തിന്റെ പണംകൊണ്ട്, സാമ്രാജ്യത്വത്തിന്റെ പ്രേരണ കൊണ്ട് നടത്തിയ അട്ടിമറി. കേളപ്പന്‍ പുസ്തകം മടക്കി തിരിഞ്ഞുകിടന്നു.
പിറ്റേന്ന് ഉച്ചഭക്ഷണത്തിനുശേഷം സെല്ലിന് പുറത്തെ മരത്തണലില്‍ വട്ടംകൂടിനിന്ന് തടവുകാരോട് കേളപ്പന്‍ ചോദിച്ചു.
‘റഷ്യന്‍ വിപ്ലവത്തിന്റെ പിതാവ് ആരാണെന്നറിയുമോ?’
തടവുകാര്‍ മുഖാമുഖം നോക്കി. ചിലര്‍ തലചൊറിഞ്ഞു. ഉത്തരം വന്നില്ല.
‘ജര്‍മ്മനി’. കേളപ്പന്‍ തന്നെ ഉത്തരം പറഞ്ഞു.
അത്ഭുതത്തോടെ തുറിച്ചുനോക്കുന്നവര്‍ക്ക് മുന്നില്‍ സ്വതസിദ്ധമായ ഗൗരവത്തെ പുഞ്ചിരികൊണ്ട് നൈര്‍മല്യപ്പെടുത്തി അദ്ദേഹം തുടര്‍ന്നു.
‘വിപ്ലവം ഒരു വ്യവസായമാണ്. എണ്ണപ്പാടം മുതല്‍ സ്വര്‍ണ്ണഖനി വരെയുള്ള സാധ്യതകള്‍. ട്രോട്‌സ്‌കിയെപ്പോലുള്ള മുന്‍നിര വിപ്ലവകാരികള്‍ ജൂതന്മാര്‍ ആയിരുന്നു. ലെനിന്റെ പൂര്‍വപിതാക്കന്മാര്‍ ജൂതന്മാര്‍ ആയിരുന്നു. വ്യവസായ കുടുംബങ്ങളായിരുന്നു.
ഒടുവിലവര്‍ കൈസറിനെ ചതിച്ചു. ജര്‍മനിയെ നശിപ്പിച്ചുകളഞ്ഞു. ലെനിന്‍ ട്രോട്‌സ്‌കിയെ തുരത്തി. സ്റ്റാലിനും ബുഖാരിനും ചേര്‍ന്ന് ട്രോട്‌സ്‌കിയെ കൊന്നു. സ്റ്റാലിന്‍ ബുഖാരിയെ കൊന്നു’.
മരം ചാരിനിന്ന് കേളപ്പന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത മത്തായിക്കുട്ടി എന്ന തടവുകാരന്‍ പറഞ്ഞു. ‘പട്ടാള സേവനത്തിനിടെ മീശമനുഷ്യനെ, അതായത് സ്റ്റാലിനെ, വിമര്‍ശിച്ചതിന് എഴുത്തുകാരനായ സോള്‍ഷെനിറ്റ്‌സിനെ നാടുകടത്തിയത് പത്രത്തില്‍ ഉണ്ടായിരുന്നു ഇന്നലെ’.
‘വാര്‍ലം ശാലമോവ് ഏഴ് വര്‍ഷമായി കൊലീമയെന്ന ഗുലാഗില്‍ തടവിലാണ്. വിമര്‍ശനങ്ങള്‍ സഹിക്കാവുന്നതിനുമപ്പുറമാണ് അവര്‍ക്ക്’. കേളപ്പന്റെ പിറകില്‍നിന്ന് വെയില്‍ കൊള്ളുന്ന കുട്ടിപ്പാച്ചു കൂട്ടിച്ചേര്‍ത്തു.
ബോള്‍ഷെവിക് റഷ്യ അവരുടെ ഇന്ത്യയിലെ ആശയപ്രചരണം നടത്തുന്നത് പൂര്‍ണ്ണമായും ശത്രുവിന്റെ ശത്രുവിനെ അവന്റെ രാജ്യത്തില്‍ തന്നെ സൃഷ്ടിക്കുക എന്ന ജര്‍മ്മന്‍ ശൈലിയില്‍ കയറിപ്പിടിച്ചാണ്. ബോള്‍ഷെവിക് ഭരണത്തിന്റെ ആദ്യ പത്ത് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ബ്യൂറോ ഓഫ് മുസല്‍മാന്‍ കമ്മ്യൂണിസ്റ്റ് ഓര്‍ഗനൈസേഷന്‍ നാല്‍പതുലക്ഷം പരസ്യപ്രചരണ ലഘുലേഖകള്‍ പ്രിന്റ് ചെയ്തു.
അടിസ്ഥാനപരമായി യുദ്ധങ്ങള്‍ ജയിക്കേണ്ടത് ശത്രുവിനെ വഞ്ചിച്ചാണ്. ശത്രുരാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന മൂല്യവത്തായ എല്ലാത്തിനെയും ദുഷ്പ്രചരണത്തിലൂടെ നിര്‍വീര്യമാക്കി പ്രദേശത്തെ അസ്ഥിരപ്പെടുത്തി എതിരാളിയെ തകര്‍ക്കാമെന്ന പഴയകാലം തൊട്ട് പ്രചാരമുള്ള യുദ്ധനീതി.
തലേന്ന് വായിച്ച പുസ്തകത്തിലെ പ്രധാന വരികള്‍ കേളപ്പന് വീണ്ടും തികട്ടിവന്നു.
വാര്‍ഡന്‍ വന്ന് എല്ലാവരോടും സെല്ലുകളിലേക്ക് പോകാന്‍ ആംഗ്യം കാണിക്കുന്നതിനിടെ കേളപ്പന്‍ പറഞ്ഞു.
‘സൂക്ഷിക്കണം അവര്‍ നമുക്കിടയിലെത്തി’. വേലായുധനും മാധവിയോട് ഇതുതന്നെയാണ് പറഞ്ഞത്. ‘ക്വിറ്റിന്ത്യാ പ്രമേയത്തെ എതിര്‍ത്തുള്ള പ്രചാരണങ്ങളുമായി അവര്‍ ഒരുവശത്തുണ്ട്. ബ്രിട്ടീഷ് പോലീസിന്റെ അടിച്ചമര്‍ത്തല്‍ മറുവശത്തും’.
അഹിംസയുടെ ആദര്‍ശക്കാര്‍ ജയിലിലായപ്പോള്‍ സമരം വിധ്വംസകമായിരിക്കുന്നു. കോണ്‍ഗ്രസ് നിയമവിരുദ്ധമാക്കപ്പെട്ടു. അഖിലകേരള ഗ്രാമ സേവാസംഘം എന്ന പേരില്‍ സംഘടനാപ്രവര്‍ത്തനം ഊര്‍ജ്ജസ്വലമായി. ത്രിവര്‍ണ്ണപതാക പുതിയ രൂപത്തില്‍ നാടെമ്പാടും പാറിപ്പറന്നു. ദേശീയ വിദ്യാര്‍ത്ഥി സംഘം, ദേശീയ തൊഴിലാളി സംഘം, ദേശീയ മഹിളാ സമാജം തുടങ്ങിയ സംഘടനകള്‍ തീക്ഷ്ണസമരങ്ങളുതിര്‍ത്തു.
‘കരോ യാ മരോ’
മൂന്നു വര്‍ഷങ്ങള്‍ ചടുലമായി ഈ മുദ്രാവാക്യത്തിലൂടെ കടന്നുപോയി. താലൂക്ക് പദയാത്രകള്‍, ലഘുലേഖകളുടെ വിതരണം, നൂല്‍നൂല്‍പ്പ്, ചുമരെഴുത്ത്.
‘കേളപ്പജിയും സംഘവും ജയില്‍മോചിതരായി നാളെ വരും’. രണ്ടാഴ്ചമുമ്പ് കിട്ടിയ ലാത്തിച്ചാര്‍ജ് കൊണ്ട് നീരുവെച്ച വലതുകാല്‍ കസേരയിലേക്ക് കയറ്റിവെച്ച് അസ്വസ്ഥപ്പെടുന്ന മാധവിയെ സന്തോഷഭാവത്തില്‍ വേലായുധന്‍ അറിയിച്ചു. വേലായുധന്‍ തപാലാപ്പീസ് പിക്കറ്റിംഗിന് പോയി വന്നതേയുണ്ടായിരുന്നുള്ളൂ. പിക്കറ്റിംഗ് ലാത്തിച്ചാര്‍ജിലാണ് കലാശിച്ചത്. പോലീസിന് ആരെയും പിടികിട്ടിയില്ല. ‘നാളെ വടകരയില്‍ സ്വീകരണം’. കാല്‍വിരലില്‍ നിന്ന് തൊലി അടര്‍ന്നു പോയുണ്ടായ മുറിവിലേക്ക് വെള്ളം പകര്‍ന്നു കൊണ്ട് വേലായുധന്‍ തുടര്‍ന്നു.
‘ഞാന്‍ പോകുന്നു കേളപ്പജിയെ കാണാന്‍. നിനക്ക് നടക്കാന്‍ വയ്യല്ലോ’
മാധവി മ്ലാനം തടം കെട്ടിയ മുഖത്തെ താഴ്ത്തി കാലിലെ നീര് തടവി.
പിറ്റേന്ന് വേനല്‍മഴ കൊണ്ട് നനഞ്ഞ പുലര്‍കാലത്ത് പാതിവെളിച്ചത്തില്‍ത്തന്നെ വടകര ലക്ഷ്യംവെച്ച് ഇറങ്ങി. നെടിയിരിപ്പ് വരെ നടന്നു. മുറിവുള്ള കാല്‍വിരല്‍ നിലംതൊടുമ്പോഴുണ്ടാകുന്ന വേദനയെ, ആദ്യമായി കേളപ്പജിയെ കാണുന്ന രംഗത്തെക്കുറിച്ചുള്ള സങ്കല്പത്തില്‍ മുക്കിത്താഴ്ത്തി. കേളപ്പജി, സി.കെ. ഗോവിന്ദന്‍ നായര്‍, തറമ്മല്‍ കൃഷ്ണന്‍ എന്നിവര്‍ക്കുള്ള സ്വീകരണം നാടിനെ ഇളക്കിമറിക്കും.
ചെറൂരെത്തി വടക്കോട്ടുള്ള ഏതെങ്കിലും വണ്ടിയെ പ്രതീക്ഷിച്ച് അല്പം നിന്നു. പ്രതീക്ഷ നശിച്ചു നടക്കാനോങ്ങുമ്പോഴാണ് ഒരു ജീപ്പ് മുന്നില്‍ വന്നു നിന്നത്. ഉള്ളില്‍ നിന്ന് ഒരാള്‍ പുറത്തേക്ക് തലനീട്ടി. പരിചിതമായ മുഖം.
കുഞ്ഞബ്ദുള്ള ഹാജി.
‘ഉം. എങ്ങോട്ടാ? വടക്കോട്ടാണെങ്കില്‍ കേറിക്കോ’. രൂപത്തിലെന്നപോലെ ശബ്ദത്തിലും പ്രായമേറിയിരിക്കുന്നു.
‘അതെ. വടകരക്ക് പോണം’
‘ങ്കില് ഫറോക്ക് തീവണ്ടിയാപ്പീസില് വിടാം’. വേലായുധന്‍ ജീപ്പിലേക്ക് ആവേശത്തോടെ കയറി.
‘നീ ചരക്ക് കൊണ്ട് വരവ് നിര്‍ത്ത്യേപ്പിന്നെ കച്ചോടൊക്കെ കുറഞ്ഞു. യുദ്ധം വന്നേപ്പിന്നെ സാധനങ്ങള്‍ടെ ആവശ്യം കൊറഞ്ഞു. കയറ്റ്മതിയെല്ലാം ഇല്ലാണ്ടായില്ലേ’. കുഞ്ഞബ്ദുല്ല ഹാജി പ്രാരാബ്ധങ്ങളുടെ കെട്ടഴിച്ചുകൊണ്ട് വാഹനത്തെ മുന്നോട്ട് പായിച്ചു. അരീക്കോട്ടു നിന്നും ചരക്കുകളെടുത്ത് ഫറോക്കിലെത്തിച്ച പഴയ നിത്യവൃത്തികളെ ഓര്‍ത്തെടു ത്തുകൊണ്ട് വേലായുധന്‍ മൂളിക്കൊണ്ടിരുന്നു. ലഹളമായ്ച്ചുകളഞ്ഞ തന്റെ ജീവിതവൃത്തിയുടെ പഴമയിലൂടെ ഓര്‍മ്മയുടെ കാളവണ്ടിയാത്ര അവസാനിച്ചത് ഹാജിയാരുടെ ഒരു ചോദ്യത്തിലായിരുന്നു.
‘കുട്ടികളെത്ര്യാ?’
‘ഇല്ല. ഹാജിയാര്‍ടെ മോന്‍ അബൂബക്കറ്?’
‘ലഹളക്കാലത്ത് പട്ടാളക്കാര് പിടിച്ചോണ്ടോയി കൊന്നു’. വളരെ അലസമായാണ് ഹാജ്യാര് അത് പറഞ്ഞത്. ‘ഒരു കണക്കിന് ഇല്ലാണ്ട് നില്‍ക്കുന്നത് തന്നെയാ നല്ലത്’.
ഫറോക്ക് തീവണ്ടിയാപ്പീസിന് മുന്നിലെത്തിയപ്പോള്‍ ഹാജിയാര്‍ വണ്ടി നിര്‍ത്തി. വേലായുധന്‍ ഇറങ്ങി. ഹാജിയാര്‍ പറഞ്ഞു. ഞാന്‍ ‘കോഴിക്കോട്ടേക്കാ. ഏതായാലും വന്ന സ്ഥിതിക്ക് ഞമ്മടെ ഗോഡൗണില്‍ കേറി നോക്കീട്ട് പോവാം’
അയാള്‍ ഗോഡൗണിന്റെ ഭാഗത്തേക്ക് നടന്നു.
ഇറങ്ങി സ്റ്റേഷനിലേക്ക് നടക്കവേ എതിര്‍ദിശയില്‍ വന്നൊരാള്‍ വേലായുധനോട് പറഞ്ഞു. ‘വടക്കോട്ടാണോ. വണ്ടി പോയി. എന്‍ജിന്‍ തകരാറായി പാലത്തിന്റടുത്ത് നില്‍പ്പുണ്ട്. കോഴിക്കോട് പോയാ ചെലപ്പോ കിട്ടും’.
എങ്ങനെ കോഴിക്കോട്ടെത്താനാണ്. വേലായുധന്‍ നിരാശയോടെ തിരിഞ്ഞുനടന്നു. ഭാഗ്യം, കുഞ്ഞബ്ദുള്ള ഹാജിയാരുടെ വണ്ടി അവിടെത്തന്നെയുണ്ട്. വേലായുധന്‍ ജീപ്പിനടുത്തെത്തിയപ്പോള്‍ ഹാജിയാരും എത്തി.
‘എന്നെ കോഴിക്കോട്ടാക്കേ്വാ? ചിലപ്പോ വണ്ടി കിട്ടും. വണ്ടി വഴീല് കുടുങ്ങീട്ടാണത്രേ ഉള്ളത്’.
‘ഇജ്ജ് കേറ്’.
രണ്ടുപേരും കയറി. ജീപ്പ് അതിവേഗത്തിലാണ് പാഞ്ഞത്. ഫറോക്ക് പാലത്തിലൂടെ നീങ്ങവേ വേലായുധന്‍ കേളപ്പനെ ഓര്‍ത്തു. അദ്ദേഹത്തിന്റെ മകന്‍ ഈ പാലം തകര്‍ക്കാന്‍ ബോംബ് വെച്ചയാളാണ്. പദ്ധതി നടന്നില്ല. ഒളിവിലാണ്. ഒളിവിലുള്ള മകന്റെ അച്ഛനായ കേളപ്പന്‍, തൂക്കിലേറ്റപ്പെട്ട മകന്റെ അച്ഛനായ ഹാജിയാര്, പിറക്കാത്ത മകന്റെ അച്ഛനായ താന്‍. ലോകം ഇങ്ങനെയൊക്കെയാണ്.
സ്റ്റേഷനിലിറക്കി നല്ലൊരു സലാമും നല്‍കി ഹാജിയാര്‍ മറഞ്ഞു. വണ്ടി എത്തിയിട്ടില്ല. ഒരു മണിക്കൂറെങ്കിലും എടുക്കും. കുഴപ്പമില്ല, വടകരയില് പരിപാടി തുടങ്ങാന്‍ ധാരാളം സമയമുണ്ട്. വേലായുധന്‍ പതുക്കെ പുറത്തേക്കിറങ്ങി. നഗരം ഉച്ചവെയിലിലേക്ക് ലയിക്കുകയാണ്. മെയ്മാസപ്പൂക്കളാല്‍ നഗരം അങ്ങിങ്ങ് ചുവന്നിരിക്കുന്നു. തലേന്നത്തെ മഴ നല്‍കിയ നനവ് മണ്ണിനെ കുതിര്‍ത്തു വെച്ചിട്ടുണ്ട്. ഹോട്ടലോ ചായക്കടയോ ഉണ്ടെങ്കില്‍ വല്ലതും കഴിക്കണം.
മിഠായിത്തെരു ഭാഗത്തേക്ക് നടന്നു. സാമൂതിരിയുടെ നാണയമടിച്ചിരുന്ന കമ്മട്ടം, സ്വീറ്റ്മീറ്റ് എന്ന് യൂറോപ്യന്മാര്‍ വിളിക്കുന്ന ഹല്‍വ, പോര്‍ച്ചുഗീസുകാര്‍ പണിഞ്ഞ കെട്ടിടങ്ങള്‍. ചരിത്രത്തിലെ ഹുസൂര്‍റോഡ്.
അഞ്ജുമാന്‍ പാഴ്‌സി അഗ്‌നിക്ഷേത്രം. ഒരു നൂറ്റാണ്ടായി ഉരുക്കും തുണിയും സ്വര്‍ണവും അടങ്ങുന്ന വ്യവസായങ്ങളാല്‍ കോഴിക്കോടന്‍ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയ സൗരാഷ്ട്രീയരുടെ ക്ഷേത്രം. തുറമുഖത്ത് തൊഴിലാളിസമരം തുടങ്ങിയതോടെ വ്യവസായം തകര്‍ന്ന് പാഴ്‌സികള്‍ ഈ മഹാനഗരത്തെ ഉപേക്ഷിച്ചുതുടങ്ങി.
ക്ഷേത്രത്തിന് വടക്ക് ഹോട്ടലിന്റെ ബോര്‍ഡ്കണ്ട് അങ്ങോട്ട് നടക്കവേ വിജനമെന്നു തോന്നിച്ച ക്ഷേത്രവരാന്തയില്‍ ഒരു ആളനക്കം. മുഷിഞ്ഞ വസ്ത്രങ്ങളും ചെമ്പിച്ച മുടിയുമായി കൂനിക്കൂടി ഇരിക്കുന്ന ആ രൂപം ഒരു സ്ത്രീയുടേതാണെന്ന് മനസ്സിലായി. കണ്ണ് രൂപത്തില്‍ നിന്നും തിരിച്ചെടുത്ത് രണ്ടടി മുന്നോട്ടുവച്ചു. എന്താണ് വീണ്ടും അങ്ങോട്ടുതന്നെ നോക്കാന്‍ തോന്നിയത് എന്നറിയില്ല, നോക്കി. അവഗണിക്കേണ്ടതല്ല ആ രൂപം എന്ന് അപ്പോള്‍ തന്നോട് പറഞ്ഞതാരാണ് ? അങ്ങോട്ട് നടന്നു.
കഠിനമായ നാറ്റമുണ്ട്. എന്നാലും അടുത്തേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു. അടുത്തു പോയി പതുക്കെ മുതുകില്‍ തൊട്ടു. രൂപം തലയുയര്‍ത്തി വികൃതമായി ചിരിച്ചു.
വേലായുധന്‍ ഏങ്ങിക്കരഞ്ഞു. ആ സ്ത്രീയെ മാറോടുചേര്‍ത്തു. അഴുക്ക് വേലായുധന്റെ വെള്ള വസ്ത്രത്തിലേക്ക് പടര്‍ന്നു.
ഹോട്ടലില്‍ പോയി ഭക്ഷണം വാങ്ങി അവര്‍ക്ക് കൊടുത്തു. ആര്‍ത്തിയോടെ അവരത് വാങ്ങി കഴിച്ചുകൊണ്ടിരിക്കുന്നത് നോക്കി വേലായുധന്‍ കണ്ണീരൊലിപ്പിച്ചുകൊണ്ടിരുന്നു.
വടകരയാത്ര ഉപേക്ഷിച്ച് കൊണ്ടോട്ടിയിലേക്ക് പോകുന്ന ജീപ്പിനകത്ത് എല്ലാം മറന്നിരിക്കുമ്പോള്‍ വടക്ക് വടകരയില്‍ ജനസഹസ്രത്തിന്റെ ആര്‍പ്പുവിളികളും സ്‌നേഹപ്രകടനങ്ങളും കേളപ്പനേയും സംഘത്തേയും പൊതിഞ്ഞു കെട്ടുകയായിരുന്നു.
ജയിലില്‍വെച്ച് തനിക്ക് കിട്ടിയ എ ക്ലാസ് ഭക്ഷണം കേളപ്പജി മൂന്നാം ക്ലാസ് തടവുകാര്‍ക്ക് കൊടുത്തതും അവര്‍ക്ക് നല്‍കപ്പെട്ടിരുന്ന പടച്ചോറ് വാങ്ങിക്കഴിച്ച് തൃപ്തിയടഞ്ഞതും സി.കെ.ഗോവിന്ദന്‍ നായര്‍ പ്രസംഗത്തില്‍ പറഞ്ഞു. ജയിലില്‍ വെച്ച് ചര്‍ക്കയില്‍ നൂല്‍ നൂറ്റതും ഗീതയും ഉപനിഷത്തും പാരായണം ചെയ്തതും തറമ്മല്‍ കൃഷ്ണന്‍ അയവിറക്കി.
ഭക്ഷ്യക്ഷാമം രൂക്ഷമായിരിക്കുന്ന കാലത്തിലേക്കാണ് തങ്ങള്‍ ജയില്‍ മോചിതരായി എത്തിയതെന്നും അതിനു പരിഹാരം കാണുന്നതിനായിരിക്കണം നമ്മുടെ പ്രവര്‍ത്തനമെന്നും കേളപ്പന്‍ ജനസഹസ്രത്തോട് പറഞ്ഞു. മധ്യവര്‍ത്തികളെ ഒഴിവാക്കി നെല്ലുല്‍പ്പാദകരുടേയും ഉപഭോക്താക്കളുടേയും സഹകരണത്തോടെ പി സി സി സൊസൈറ്റികള്‍ രൂപീകരിക്കണം. നിത്യോപയോഗ വസ്തുക്കള്‍ കരിഞ്ചന്തയില്‍ പോകരുത്.
സാമ്രാജ്യത്വത്തിന്റെ കല്‍ത്തുറുങ്കുകളില്‍ വെച്ച് ഒട്ടും മങ്ങാത്ത ഓജസ്സുമായാണ് തങ്ങളുടെ നേതാവ് പുറത്തെത്തിയിരിക്കുന്നതെന്ന് കണ്ട് ജനം കയ്യടിച്ചു.
കേളപ്പജി ഒന്നുകൂടി ഉറക്കെ ആവര്‍ത്തിച്ചു.
‘കരോ യാ മരോ’.
(തുടരും)
Comments