കോണ്‍ഗ്രസ്സിന്റെ രണ്ടാമത്തെ മുസ്ലീം പ്രസിഡന്റായ റഹിമത്തുള്ള എം.സയാനിയാണ് 1896ല്‍ കല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്. (കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ആദ്യത്തെ മുസ്ലീം ബദറുദ്ദീന്‍ തയാബ്ജിയാണ്. 1887ല്‍ കോണ്‍ഗ്രസ്സിന്റെ മൂന്നാമത്തെ പ്രസിഡന്റും ആദ്യത്തെ മുസ്ലീം പ്രസിഡന്റുമായത് തയാബ്ജിയാണ്.) റഹിമത്തുള്ള തന്റെ അധ്യക്ഷ പ്രസംഗത്തില്‍ കോണ്‍ഗ്രസ്സിനോടുള്ള മുസ്ലീം സമീപനവും അവരുടെ നിസ്സഹകരണത്തിനു പിന്നിലെ കാരണങ്ങളും വിശദീകരിക്കുന്നുണ്ട്: ”ബ്രിട്ടീഷുകാര്‍ വരുന്നതിനുമുമ്പ് മുസ്ലീങ്ങളായിരുന്നു ഇവിടുത്തെ ഭരണാധികാരികള്‍. ആ നിലയ്ക്കുള്ള എല്ലാ ആനുകൂല്യങ്ങളും അവര്‍ക്ക് ലഭിച്ചിരുന്നു. സുല്‍ത്താന്മാരും കൊട്ടാരവാസികളും ഭൂവുടമകളും ഉദ്യോഗസ്ഥരും എല്ലാം മുസ്ലീങ്ങളായിരുന്നു. ഭരണഭാഷ അവരുടേതായിരുന്നു, ജന്മാവകാശമെന്ന പോലെ എല്ലാ കാര്യങ്ങളിലും സ്വാധീനവും അധികാരവും അവര്‍ക്കുണ്ടായിരുന്നു. ഹിന്ദുക്കള്‍ ഭൂരിഭാഗവും അവരുടെ ആശ്രിതരായിരുന്നു. നിര്‍ഭാഗ്യത്താല്‍ ബ്രിട്ടീഷ് ഭരണം വന്നതോടെ മുസ്ലീങ്ങളും ഹിന്ദുക്കളുടെ നിലവാരത്തിലേക്കു താണു. ഈ സാഹചര്യത്തില്‍ ഒരു ‘സംവേദനാത്മക സമൂഹം’ ആയതിനാല്‍ മുസ്ലീങ്ങള്‍ക്ക് ഭരണാധികാരികളോടോ സഹപ്രജകളായിത്തീര്‍ന്ന ഹിന്ദുക്കളോടോ പൊരുത്തപ്പെട്ടു പോകാന്‍ കഴിഞ്ഞില്ല.” (സാവര്‍ക്കര്‍, വിക്രം സമ്പത്ത്, പേജ് 393).
ഇംഗ്ലീഷ് വിദ്യാഭ്യാസത്തോട് മുസ്ലീങ്ങള്‍ കാണിച്ച അസഹിഷ്ണുതയെക്കുറിച്ചും വിക്രം സമ്പത്ത് വിശദീകരിക്കുന്നുണ്ട്. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പാക്കിയപ്പോള്‍ അത് സ്വീകരിക്കാന്‍ ഹിന്ദുക്കള്‍ തയ്യാറായി. മുസ്ലീങ്ങള്‍ മടിച്ചുനിന്നു. അവരുടെ മനസ്സില്‍ ഉല്‍ക്കര്‍ഷബോധം ഉണ്ടായിരുന്നു. ഹിന്ദുക്കളേക്കാള്‍ ഉയര്‍ന്നവരാണെന്ന ധാരണയും ഉണ്ടായിരുന്നു. നേരത്തെ മുസ്ലീം ഭരണാധികാരികളുടെ കീഴിലായിരുന്നതിനാല്‍ ഹിന്ദുക്കള്‍ക്ക് അത്തരം അബദ്ധ ധാരണകളൊന്നുമില്ലായിരുന്നു. ഫലമോ ഹിന്ദുക്കള്‍ പഠിച്ചു മുന്നേറിയപ്പോള്‍ മുസ്ലീങ്ങള്‍ പിന്തള്ളപ്പെട്ടു. കണക്കുകള്‍ ഇത് ശരിവെക്കുന്നു. 1867-ല്‍ 88 ഹിന്ദുക്കള്‍ എം.എയും ബി.എയും വിജയിച്ചപ്പോള്‍ ഒരൊറ്റ മുസ്ലീമും ഈ പരീക്ഷകളില്‍ വിജയിച്ചില്ല.
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷമുണ്ടായ ചില സംഭവവികാസങ്ങളും ഇന്ത്യയിലെ ഇസ്ലാമിക സമൂഹത്തിന്റെ ചിന്താഗതികള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. അവസാനത്തെ മുഗള്‍ ചക്രവര്‍ത്തിയായ, പ്രത്യേകിച്ച് അധികാരങ്ങളോ സ്ഥാനമാനങ്ങളോ ഇല്ലാതിരുന്ന ബഹദൂര്‍ഷാ ഷഫര്‍ ചക്രവര്‍ത്തിയെ പേരിന് മുന്‍നിര്‍ത്തിയാണല്ലോ ഒന്നാം സ്വാതന്ത്ര്യസമരം നടന്നത്. ആ സമയത്തും സമരത്തില്‍ പങ്കെടുക്കാതെ മാറിനിന്ന വിഭാഗമായിരുന്നു ഇനായത്ത് അലിയുടെ നേതൃത്വത്തിലുള്ള വഹാബി പ്രസ്ഥാനം. ഇന്ത്യയില്‍ ഒരു ഇസ്ലാമിക മതരാജ്യം – ദാര്‍ ഉല്‍ ഇസ്ലാം – സ്ഥാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതിനാല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഹിന്ദുക്കളോടൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ അവര്‍ ആഗ്രഹിച്ചില്ല. വഹാബികളുടെ ഇത്തരം വേറിടല്‍ മനോഭാവത്തെക്കുറിച്ച് ഹിന്ദുക്കള്‍ അജ്ഞരായിരുന്നു.
1857നും 1877നും ഇടയിലുള്ള 20 വര്‍ഷ കാലയളവില്‍ മുസ്ലീം സമുദായം ഒരു തരത്തിലുമുള്ള പൊതുപ്രവര്‍ത്തനത്തിന്റെയും ഭാഗമായിരുന്നില്ല. മുസ്ലീം സമൂഹത്തെ അതിന്റെ നിശ്ചലാവസ്ഥയില്‍ നിന്ന് മുന്നോട്ടു കൊണ്ടുവരാന്‍ തയ്യാറായത് സര്‍ സയ്യ്ദ് അഹമ്മദാണ്. മുസ്ലിം സമുദായത്തിനും ബ്രിട്ടീഷുകാര്‍ക്കുമിടയിലുള്ള ഒരു കണ്ണിയായി നിന്നുകൊണ്ട് അദ്ദേഹം ആധുനിക വിദ്യാഭ്യാസം മുസ്ലീങ്ങള്‍ക്കു ലഭ്യമാക്കാനായി പരിശ്രമിച്ചു. മുസ്ലീങ്ങളെ ബോധവല്‍ക്കരിക്കുന്നതിനു വേണ്ടി എഴുതിയ ‘ദി ലോയല്‍ മുഹമ്മദന്‍സ് ഓഫ് ഇന്ത്യ’ എന്ന പ്രബന്ധത്തില്‍ മുസ്ലീങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിശ്വസിക്കാവുന്ന ഒരു സമൂഹമുണ്ടെങ്കില്‍ അത് ക്രിസ്ത്യാനികളാണെന്നും അതുകൊണ്ടുതന്നെ ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയില്‍ ഏറ്റവും വിശ്വസിക്കാവുന്ന സമൂഹം മുസ്ലീങ്ങളാണെന്നും സര്‍ സയ്യദ് അഭിപ്രായപ്പെട്ടു. ഈ തത്വത്തിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലീഷുകാരോടുള്ള പ്രതിബദ്ധതയുടെ കൂടി അടിസ്ഥാനത്തിലാണ് 1877-ല്‍ അലിഗഢില്‍ മൊഹമ്മദന്‍ ആംഗ്ലോ-ഓറിയന്റല്‍ കോളേജ് സ്ഥാപിക്കുന്നത്. 1947ലെ ഭാരതവിഭജനത്തിന്റെയും പാകിസ്ഥാന്‍ രൂപീകരണത്തിന്റെയും പ്രഭവകേന്ദ്രമായി മാറിയത് അലിഗഢ് പ്രസ്ഥാനമാണ്. ബ്രിട്ടീഷുകാരോട് എതിര്‍പ്പുള്ള മുസ്ലീങ്ങള്‍പോലും കോണ്‍ഗ്രസ്സിനോട് സഹകരിക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
മുസ്ലീങ്ങളെയും ബ്രിട്ടീഷുകാരെയും അടുപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത് ഇംഗ്ലീഷുകാരായ ചില ഉദ്യോഗസ്ഥരാണ്. ഇക്കൂട്ടത്തില്‍ 1883-ല്‍ അലിഗഢ് കോളേജിന്റെ പ്രിന്‍സിപ്പലായി വന്ന തിയോഡര്‍ബക്ക് പ്രധാന പങ്കുവഹിച്ചതായി ‘വിഭജനത്തിന്റെ ദുഃഖകഥ’ എന്നു പുസ്തകത്തില്‍ ഹോ.വേ. ശേഷാദ്രിജി ചൂണ്ടിക്കാണിക്കുന്നു: ”ചുരുങ്ങിയ കാലത്തിനകം സര്‍ സെയ്ദിന്റെ ‘സുഹൃത്തും ദാര്‍ശനികനും മാര്‍ഗദര്‍ശകനും’ ആകുന്നതില്‍ ബെക്ക് വിജയിച്ചു. അലിഗഢ് പ്രസ്ഥാനത്തിന് ഹിന്ദുവിരുദ്ധവും കോണ്‍ഗ്രസ് വിരുദ്ധവുമായ ദുഷിച്ച വ്യതിയാനമുണ്ടാക്കുന്നതിന് തിരശ്ശീലക്കുപിന്നില്‍ പ്രവര്‍ത്തിച്ച കൈകള്‍ അദ്ദേഹത്തിന്റേതായിരുന്നു. തന്റെ തന്ത്രം നടപ്പാക്കുന്നതിന് ബെക്ക് ഒന്നാമതായി ചെയ്തത് അലിഗഢ് കോളേജിന്റെ ജിഹ്വയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഗസറ്റിന്റെ പത്രാധിപത്യ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഗസറ്റിന്റെ ഓരോ ലക്കത്തിലും പൊതുവെ ഹിന്ദുക്കള്‍ക്കെതിരായും കോണ്‍ഗ്രസ്സിനെതിരെ പ്രത്യേകിച്ചും വിഷം ചീറ്റാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ഉദ്ദേശ്യം സ്പഷ്ടമായിരുന്നു. മുസ്ലീങ്ങളെ ഹിന്ദുക്കളില്‍ നിന്ന് അകറ്റിനിര്‍ത്തുക. ബ്രിട്ടീഷുകാരോട് ചേര്‍ന്നുനിന്ന് കോണ്‍ഗ്രസ്സിനെ എതിര്‍ക്കാന്‍ അദ്ദേഹം മുസ്ലിങ്ങളെ ആഹ്വാനം ചെയ്തു.”
അലിഗഢില്‍ ആരംഭിച്ച മുസ്ലീം-ബ്രിട്ടീഷ് സൗഹൃദം പടിപടിയായി മുന്നോട്ടുപോയി. 1905-ല്‍ ബംഗാള്‍ വിഭജനം നടന്നപ്പോള്‍ അതിനെതിരെ ഹിന്ദുക്കളും മുസ്ലീങ്ങളും ചേര്‍ന്ന് ശക്തമായ പ്രക്ഷോഭം നടത്തി, ഒടുവില്‍ വിഭജനം റദ്ദുചെയ്യേണ്ടി വന്നെങ്കിലും വിഭജനം മുസ്ലീങ്ങള്‍ക്ക് അനുകൂലമായതായിരുന്നുവെന്ന് അവരെ ബോദ്ധ്യപ്പെടുത്താന്‍ ബ്രിട്ടീഷുകാര്‍ക്കു കഴിഞ്ഞു. കിഴക്കന്‍ ബംഗാളിലെ പ്രമുഖ മുസ്ലീം നേതാവായ നവാബ് സലീമുള്ള വിഭജനത്തിന് അനുകൂലമായിരുന്നു. ഒരു രാഷ്ട്രത്തിനുള്ളില്‍ മറ്റൊരു രാഷ്ട്രമുണ്ടാക്കാനുള്ള അലിഗഢ് പ്രസ്ഥാനത്തിന്റെ ആദ്യവിജയമായിരുന്നു ബംഗാള്‍ വിഭജനം. ദേശീയശക്തിയുടെ ശക്തമായ ഉയര്‍ത്തെഴുന്നേല്പിന്റെ ഫലമായി മാത്രമാണ് വിഭജനം റദ്ദാക്കേണ്ടിവന്നത്. എന്നാല്‍ 1906 ഡിസംബര്‍ 30-ന് ഡാക്കയില്‍ ചേര്‍ന്ന മുസ്ലീം നേതാക്കളുടെ യോഗം ബംഗാള്‍ വിഭജന വിരുദ്ധ പ്രക്ഷോഭത്തെ അപലപിക്കുകയാണ് ചെയ്തത്. ഈ യോഗത്തില്‍ വെച്ചാണ് ബ്രിട്ടീഷുകാരെ പിന്തുണക്കുന്നതിനും മുസ്ലീം താല്പര്യം സംരക്ഷിക്കുന്നതിനുമായി ഓള്‍ ഇന്ത്യാ മുസ്ലിം ലീഗ് രൂപീകരിക്കുന്നത്. കോണ്‍ഗ്രസ്സുമായി ചേര്‍ന്നുള്ള സ്വാതന്ത്ര്യസമരത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നതിന് ലീഗ് തുടക്കത്തില്‍തന്നെ പ്രാധാന്യം നല്‍കി.
ഈ സാഹചര്യത്തിലാണ് പിന്നീട് അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായ സിയാവുദ്ദീന്‍ അഹമ്മദ് ലണ്ടനില്‍ ഇന്ത്യാഹൗസില്‍ താമസിച്ചിരുന്ന അബ്ദുള്ള സുഹ്രവര്‍ദ്ദിക്കെഴുതിയ കത്തില്‍, സാവര്‍ക്കറും ശ്യാംജിയും നടത്തുന്ന സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അവിടെയുള്ള മുസ്ലിം വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.
1909-ലെ മിന്റോ-മോര്‍ലി പരിഷ്‌ക്കാരങ്ങള്‍ മുസ്ലീങ്ങള്‍ക്ക് നിയമനിര്‍മ്മാണ കൗണ്‍സിലുകളില്‍ പ്രത്യേക നിയോജകമണ്ഡലങ്ങള്‍ അനുവദിച്ചതും മുസ്ലീം വേറിടല്‍ മനോഭാവത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു. ജനസംഖ്യാനുപാതികമായി മുസ്ലീങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതിനേക്കാള്‍ മണ്ഡലങ്ങള്‍ അനുവദിച്ചുകൊണ്ടാണ് ഈ പരിഷ്‌ക്കാരത്തിലൂടെ ബ്രിട്ടീഷുകാര്‍ അവരെ പ്രീണിപ്പിച്ചത്.
ഇതിന്റെ തുടര്‍ച്ചയാണ് 1916-ലെ ലഖ്‌നോ ഉടമ്പടി. ആ വര്‍ഷം ഡിസംബറില്‍ ലഖ്‌നോവില്‍ വെച്ചു നടന്ന കോണ്‍ഗ്രസ്സിന്റെയും മുസ്ലീം ലീഗിന്റെയും സംയുക്തസമ്മേളനം നിയമനിര്‍മ്മാണ കൗണ്‍സിലുകളില്‍ മുസ്ലീങ്ങള്‍ക്ക് അനുവദിച്ചിരുന്ന സംവരണത്തിന്റെ കാര്യത്തില്‍ യോജിപ്പിലെത്തി. ഇതിനുപകരം മുസ്ലീങ്ങള്‍ കൂടുതലായി സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാമെന്ന ധാരണയുമുണ്ടായി. മുസ്ലിം വേറിടല്‍ മനോഭാവത്തിലേക്കു നയിച്ച സംഭവവികാസങ്ങളില്‍ ചിലതു മാത്രമാണ് മുകളില്‍ സൂചിപ്പിച്ചത്. ഇത്രയും സങ്കീര്‍ണ്ണമായ ഒരു ചരിത്രനിമിഷത്തില്‍ നിന്നുകൊണ്ടാണ് കോണ്‍ഗ്രസ് ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ചേര്‍ന്നതും അതിന്റെ ദുരന്തഫലങ്ങള്‍ അനുഭവിച്ചതും.
സ്വാമി ശ്രദ്ധാനന്ദന്റെ അനുഭവങ്ങള്‍
ഖിലാഫത്ത് പ്രക്ഷോഭത്തിലും കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്ത, ആര്യസമാജത്തില്‍ പെട്ട ഒരു സന്യാസിശ്രേഷ്ഠനായിരുന്നു സ്വാമി ശ്രദ്ധാനന്ദ. 1856-ല്‍ പഞ്ചാബിലെ ജലന്ധറില്‍ ജനിച്ച ശ്രദ്ധാനന്ദന്‍ മഹാത്മാ മുന്‍ഷിറാം എന്ന പേരിലും അറിയപ്പെടുന്നു. സ്വാമി ദയാനന്ദ സരസ്വതിയുമായുള്ള സമ്പര്‍ക്കമാണ് അദ്ദേഹത്തെ സാമൂഹ്യസേവനത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചത്. ഭാരതീയ ആശ്രമ സമ്പ്രദായ പ്രകാരമുള്ള ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ നാല് അവസ്ഥകളിലൂടെയും കടന്നുപോയ വ്യക്തിയാണ് ശ്രദ്ധാനന്ദന്‍. വിദ്യാഭ്യാസത്തിനുശേഷം അഭിഭാഷകനായി ജോലി ആരംഭിച്ചെങ്കിലും പിന്നീട് മുഴുവന്‍സമയവും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഉഴിഞ്ഞുവെക്കുകയായിരുന്നു.
സാധാരണക്കാര്‍ക്കിടയില്‍ വിദ്യാഭ്യാസം വ്യാപകമാക്കുന്നതിനുള്ള ഗുരുകുലങ്ങള്‍ സ്ഥാപിക്കുന്നതിലായിരുന്നു ആദ്യകാലങ്ങളില്‍ സ്വാമിയുടെ ശ്രദ്ധ. ഇതിനു സഹായം തേടിയാണ് ഒരിക്കല്‍ അദ്ദേഹം കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തത്. 1919-ല്‍ ജാലിയന്‍വാലാ ബാഗിലെ കൂട്ടക്കൊലയ്ക്കുശേഷം അമൃതസറില്‍ കോണ്‍ഗ്രസ് സമ്മേളനം നടത്താന്‍ തീരുമാനിച്ചെങ്കിലും അത് ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. സ്വാമി ശ്രദ്ധാനന്ദനാണ് ആ സമ്മേളനം നടത്തി വിജയിപ്പിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളിലും ഖിലാഫത്ത് പ്രക്ഷോഭത്തിലും പങ്കെടുത്തെങ്കിലും മതംമാറ്റപ്പെട്ട ഹിന്ദുക്കളെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശുദ്ധീകരണ പ്രസ്ഥാനവും ഒപ്പം ആരംഭിച്ചു. മലബാറിലെ മാപ്പിളലഹളയ്ക്കുശേഷം അദ്ദേഹം കേരളത്തില്‍ വരികയും ലഹളക്കാലത്ത് മതംമാറ്റപ്പെട്ട 2000 ഹിന്ദുക്കളെ തിരിച്ചു കൊണ്ടുവരികയും ചെയ്തു. വൈക്കം സത്യഗ്രഹത്തിനു മുന്നോടിയായി അയിത്തം തുടച്ചുനീക്കാനുള്ള ചില പ്രവര്‍ത്തനങ്ങള്‍ക്കും സ്വാമി നേതൃത്വം നല്‍കി.
(തുടരും)