“I shut my eyes in order to see” എന്നു പറഞ്ഞത് ഫ്രഞ്ച് പോസ്റ്റ് ഇംപ്രഷനിസ്റ്റ് ചിത്രകാരനായ പോള്‍ ഗോഗിനാണ്(Paul Gauguin).- കാണാനായി അദ്ദേഹം മിഴികള്‍ പൂട്ടിയതുകൊണ്ടാണ് ലോകത്തിനു മഹാനായ ഒരു ചിത്രകാരനെ കിട്ടിയത്. ജീവിച്ചിരുന്ന കാലത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഗോഗിന്‍ മരണശേഷമാണ് കൊണ്ടാടപ്പെട്ടത്. പാബ്ലോ പിക്കാസോയെപ്പോലെ വളരെയധികം ചിത്രകാരന്മാരെ ഗോഗിന്‍ സ്വാധീനിച്ചിട്ടുണ്ട്.
ഗോഗിന്റെ കാര്യം പറഞ്ഞതുപോലെ കണ്ണുപൂട്ടി സ്വന്തം ഉള്ളറകളിലേക്ക് നോക്കിയ മഹാപ്രതിഭയാണ് ഈയിടെ അന്തരിച്ച ശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍. യൂണിവേഴ്‌സിറ്റി കോളേജിലെ വിരസമായ ക്ലാസുകളെ ഒഴിവാക്കി പത്മനാഭന്‍ ലൈബ്രറികളില്‍ ചെലവഴിച്ചുവെന്ന് മാതൃഭൂമിയിലെ (സപ്തംബര്‍ 25) ലേഖനത്തില്‍ പറയുന്നു. ”ക്ലാസ് മുറികളില്‍ ഇരുന്ന് ഉറക്കം തൂങ്ങുന്നവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ അവര്‍ക്ക് അവരുടെ സ്വപ്‌നങ്ങളെങ്കിലും നഷ്ടപ്പെടുന്നില്ലല്ലോ.” എന്നെഴുതിയ് കവി സച്ചിദാനന്ദനാണെന്നാണ് ഓര്‍മ്മ. സച്ചിദാനന്ദനും ഒരു അദ്ധ്യാപകനായിരുന്നു. ഇതെഴുതുന്നയാളും അദ്ധ്യാപകനായിരുന്നു. എങ്കിലും നമ്മുടെ അദ്ധ്യാപകരില്‍ ബഹുഭൂരിപക്ഷവും വിഭവദരിദ്രന്മാര്‍ ആണെന്ന സത്യം പറയാതെ വയ്യ. മറ്റു രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി സ്വകാര്യ കോളേജുകളില്‍ പണം കൊടുത്ത് അദ്ധ്യാപകരാവുന്നവരാണ് നമ്മുടെ കോളേജ് ലക്ചറന്മാരില്‍ ഏതാണ്ട് എഴുപതു ശതമാനമെങ്കിലും. സര്‍ക്കാര്‍ കോളേജ് അദ്ധ്യപകരില്‍ നല്ലൊരു പങ്കും പലവിധം ഇളവുകള്‍ വഴി ജോലി സമ്പാദിക്കുന്നവരാണ്. അതൊക്കെ നമ്മുടെ അദ്ധ്യാപകരുടെ നിലവാരം കുറയ്ക്കുന്നതിന് വലിയൊരു അളവു വരെ കാരണമാകുന്നു. മറ്റു രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികള്‍ പോലെ നമ്മുടെ കലാശാലകള്‍ ബൗദ്ധിക കേന്ദ്രങ്ങള്‍ ആകാത്തതിനു പ്രധാനകാരണം ഈ നിയമന വിട്ടുവീഴ്ചകളാണ്. പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്ന കാര്യത്തില്‍ പഴയ കാലത്തെ കലാശാലകള്‍ കേരളത്തില്‍ വലിയ പങ്ക് വഹിച്ചിരുന്നു; ഇന്നു സ്ഥിതി വളരെ മോശവും.
താണു പത്മനാഭന്‍ പഠിക്കുന്ന കാലത്തെ യൂണിവേഴ്‌സിറ്റി കോളേജ് ഇന്നത്തെ പോലെയല്ല. എങ്കിലും പത്മനാഭന്റെ ബൗദ്ധികാഭിനിവേശത്തെ തൃപ്തിപ്പെടുത്താന്‍ തക്ക നിലവാരമുള്ള അദ്ധ്യാപകര്‍ അവിടെ ഉണ്ടായിരുന്നോ എന്നു സംശയം. അദ്ധ്യാപകരുടെ ധൈഷണികശേഷി പോലെ പ്രധാനമാണ് അവരുടെ മനോഭാവവും. എത്രമാത്രം അറിവുള്ള ആളായാലും അതുപകര്‍ന്നു കൊടുക്കുന്ന കാര്യത്തില്‍ ഉത്തരവാദിത്വവും താല്പര്യവുമുള്ള ആളല്ല അധ്യാപകനെങ്കില്‍ കുട്ടികള്‍ക്ക് അതു പ്രയോജനം ചെയ്യില്ല. നേരെ തിരിച്ച് വലിയ അറിവില്ലെങ്കിലും കുട്ടികളോട് ഉത്തരവാദിത്വമുള്ളയാളാണ് അദ്ധ്യാപകനെങ്കില്‍ അയാള്‍ക്ക് വലിയ പ്രചോദനമായി വര്‍ത്തിക്കാനാവും.
ഏതെങ്കിലും സിനിമാതാരമോ കായികതാരമോ മരിച്ചാല്‍ കണ്ണുനീര്‍കൊണ്ട് അഭിഷേകം ചെയ്യുന്ന പൊതുസമൂഹം ലോകം അറിയുന്ന ഒരു മഹാശാസ്ത്രജ്ഞന്‍ വിടവാങ്ങിയപ്പോള്‍ അതില്‍ ഒരു താല്പര്യവും കാണിച്ചില്ല എന്നതു ഖേദകരമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതും മോടിപ്പിടിപ്പിക്കുന്നതുമെല്ലാം ശാസ്ത്രജ്ഞന്മാരാണ്. ഇന്നു നമ്മള്‍ അനുഭവിക്കുന്ന സുഖസൗകര്യങ്ങളെല്ലാം ഓരോ ശാസ്ത്രജ്ഞന്മാരുടെ തലച്ചോറില്‍ വിടര്‍ന്നവതന്നെ. ശാസ്ത്രമേഖലയില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് സമൂഹം കൂടുതല്‍ ആദരവ് നല്‍കിയാലേ കൂടുതല്‍ ആള്‍ക്കാര്‍ ആ രംഗത്തേയ്ക്ക് വരുകയുള്ളൂ. കേരളം ഇന്നു ചലച്ചിത്രതാരങ്ങളുടെ പിറകെ നടന്നു നേരം കളയുകയാണ്. എന്തിനും ഏതിനും സിനിമാതാരങ്ങള്‍ തന്നെ വേണം എന്നതാണ് സ്ഥിതി. ഇതു മാറേണ്ടിയിരിക്കുന്നു. ക്രിക്കറ്റും സിനിമയും മാത്രം പോര. ശാസ്ത്രജ്ഞരും വ്യവസായികളും ഒക്കെ സമൂഹപുരോഗതിക്ക് അനിവാര്യമാണ്.
മാതൃഭൂമിയില്‍ എസ്.ജോസഫിന്റെ ‘അത്രമാത്രം’ എന്ന കവിത വായിച്ചു. കവിത എന്ന് ഇതിനെ വിളിച്ചാല്‍ കവിതയെ പിന്നെ എന്തുവിളിക്കും എന്ന സംശയം വായനക്കാര്‍ക്ക് ഉണ്ടായേക്കാം. ഇത്രമാത്രം മോശപ്പെട്ട രചനകള്‍ കവിത എന്ന പേരില്‍ മാതൃഭൂമി പോലുള്ള പ്രസിദ്ധീകരണങ്ങളില്‍ കൊടുക്കുന്നത് നമ്മുടെ സാംസ്‌കാരികാവബോധത്തെത്തന്നെ തെറ്റായ രീതിയില്‍ സ്വാധീനിക്കുമെന്നു പറയാതിരിക്കുന്നതെങ്ങനെ? ഒരു പത്രറിപ്പോര്‍ട്ടിനു പോലും ഇതിനെക്കാള്‍ ധ്വന്യാത്മകമാകാനാവും. കവിയുടെ സുഹൃത്ത് മരിച്ചത്രേ! കവി പ്രതികാരം ചെയ്യാന്‍ പോകുന്നു പോലും! കവിയ്ക്ക് ഒരു പെണ്‍കുട്ടിയെ പോലെ സുഹൃത്തിനെ ഇഷ്ടമായിരുന്നത്രേ! എന്തൊക്കെയാണോ എന്തോ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ഹാ, കഷ്ടം എന്നു മാത്രമേ ഇതിനെക്കുറിച്ചു പറയാന്‍ കഴിയൂ.
കവിതയെക്കുറിച്ചൊക്കെ നന്നായി വര്‍ത്തമാനം പറയുന്ന ആളാണ് ആലങ്കോട് ലീലാകൃഷ്ണനെങ്കിലും കവിതയില്‍ വലിയ പുതുമയൊന്നുമില്ല. കവിയുടെ ‘കലപ്പച്ചാലില്‍ നിന്ന്’ എന്ന കവിതയും എസ്. ജോസഫിന്റേതുപോലെ വന്ധ്യം തന്നെ. അന്തകന്‍വിത്തൊക്കെ (Terminator seed) ഇപ്പോള്‍ മുനയൊടിഞ്ഞ കുന്തമാണ്. നമ്മുടെ പരിസ്ഥിതിസംഘങ്ങള്‍ ധാരാളം നുണകള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതില്‍ ഒരു പെരുംനുണയായി മാറിക്കഴിഞ്ഞു ഈ അന്തകവിത്ത്. പക്ഷെ ലീലാകൃഷ്ണന് ഇപ്പോഴും നേരം വെളുത്തിട്ടില്ല. മാതൃഭൂമിയില്‍ത്തന്നെയുള്ള എ.ജെ. മുഹമ്മദ് ഷഫീറിന്റെ ‘ഉറങ്ങുന്ന നദികളുടെ നഗരം’ നല്ല പരിശ്രമമാണെങ്കിലും ഏകാഗ്രതയില്ലാത്തതിനാല്‍ പരാജയം തന്നെ. അദ്ദേഹത്തിന്റെ ‘ഉറങ്ങുന്ന നദികളുടെ നഗരം’ ആദ്യവരികളില്‍ ചില കാവ്യസൂചനകളൊക്കെ തരുന്നുണ്ട്. എന്നാല്‍ തുടര്‍ന്ന് എന്താണാവോ കവി ഉദ്ദേശിക്കുന്നത്? ആര്‍ക്കും പിടികിട്ടില്ല. നഗരങ്ങള്‍ നരകമായിത്തീരുന്നതിനെക്കുറിച്ച് എത്രയോ കവിതകള്‍ വന്നു കഴിഞ്ഞു. അവയുടെ മേന്മയൊന്നും ഈ കവിതയ്ക്കില്ല.
ഷേക്‌സ്പിയറിന്റെ ഗീതകങ്ങള്‍ പ്രസിദ്ധമാണ്. അവയൊക്കെ മെച്ചപ്പെട്ട കവിതകള്‍ തന്നെയാണ്. സോണെറ്റ്‌സ് (Sonnets) എന്നു വിളിക്കപ്പെടുന്ന 14 വരി കവിതകളാണവ. ഇറ്റാലിയന്‍ കവിയായിരുന്ന പെട്രാര്‍ക്കിനെ (Francesco Petrarca) അനുകരിച്ചാണ് ഇംഗ്ലീഷില്‍ സോണെറ്റ് എത്തുന്നത്. മൂന്ന് തരം സോണറ്റുകളെക്കുറിച്ച് ഇംഗ്ലീഷ് സാഹിത്യത്തില്‍ പറയുന്നുണ്ട്. അതില്‍ ഷേക്‌സ്പിയറിന്റെ സോണറ്റുകള്‍ അയാംബിക് പെന്റാമീറ്റര്‍ ((Iambic Pentameter) എന്നു വൃത്തത്തില്‍ നാല് വരി വീതമുള്ള മൂന്നു ചതുഷ്പദി (Quatrains)കളും ഒരു ഈരടിയും(Couplet) ചേര്‍ന്നതാണ്. ഷേക്‌സ്പിയറിന്റെ ഗീതകങ്ങള്‍ തര്‍ജ്ജമ ചെയ്യുമ്പോള്‍ ആ കാവ്യരൂപത്തെ പരിചയപ്പെടുത്താനുതകുന്ന രചനാസംവിധാനം സ്വീകരിക്കാനായില്ലെങ്കില്‍ അതൊരു പരാജയമാണ്.
മാതൃഭൂമിയില്‍ സച്ചിദാനന്ദന്‍ ഷേക്‌സ്പിയറിന്റെ എട്ട് സോണറ്റുകള്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നു. ഇംഗ്ലീഷിലെ വൃത്തഘടന നമുക്ക് സ്വീകരിക്കുക സാധ്യമല്ല. എങ്കിലും ഗീതകങ്ങള്‍ 14 വരിയെന്ന രൂപഘടന നിലനിര്‍ത്തേണ്ടത് വിവര്‍ത്തകന്റെ കടമയാണ്. എത്ര വലിയ കവിയാണെങ്കിലും അതിനുകഴിഞ്ഞില്ലെങ്കില്‍ വിവര്‍ത്തനകര്‍മ്മത്തിലെ പരാജയം എന്നേ പറയാന്‍ പറ്റൂ. ആകെ രണ്ടു ഗീതകങ്ങളേ പതിനാലു വരിയില്‍ നിര്‍ത്താന്‍ വിവര്‍ത്തകനാവുകയുള്ളൂ. നല്ല കവിയാണു ഷേക്‌സ്പിയറെങ്കിലും അദ്ദേഹത്തിന്റെ 154 സോണറ്റുകള്‍ ഉള്ളടക്കത്തിലെ ആവര്‍ത്തനം മൂലം വിരസമാണ്. അവ മലയാളി വായനക്കാരെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ഒരു പരിചയപ്പെടലൊന്നുമല്ല. എങ്കിലും വിശ്വകവിയായ ഷേക്‌സ്പിയറെ പരിചയപ്പെടുത്തുമ്പോള്‍ യഥാര്‍ത്ഥ സ്വരൂപം വായനക്കാരനു കിട്ടാനുതകുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. ഇവിടെ സച്ചിദാനന്ദനിലെ കവിയും വിവര്‍ത്തകനും പരാജയപ്പെട്ടിരിക്കുന്നു.
ഷാജി ഷണ്‍മുഖം ആലപ്പുഴക്കാരനായ കവിയാണ്. പ്രസിദ്ധീകരണങ്ങളിലൊക്കെ നിരന്തരമെഴുതാറുണ്ട്. അദ്ദേഹത്തിന്റെ രണ്ടു സമാഹാരങ്ങള്‍ എനിക്ക് അയച്ചുതന്നിരിക്കുന്നു. എന്റെ എം.എ ഇംഗ്ലീഷ് പഠനകാലത്ത് കീറ്റ്‌സിനെ പഠിപ്പിച്ച ഗുരുവുമാണദ്ദേഹം. അയച്ചുതന്ന രണ്ടു പുസ്തകങ്ങളും വായിക്കാന്‍ ‘ശരീരം, ഗണ്‍, വാര്‍ഫ്രണ്ട്’ എന്ന സമാഹാരം ഞാന്‍ വായനക്ക് വിധേയമാക്കി. Modern problems require modern solutions” എന്നത് അമേരിക്കന്‍ കോമഡിഷോയുടെ meme (ഇന്റര്‍നൈറ്റ് തമാശ) ആണ്. “Chappelle Show’ എന്ന പേരില്‍ പ്രസിദ്ധമായ കോമഡി പരിപാടി അമേരിക്കയില്‍ നല്ല പ്രചാരം ഉള്ളതാണ്. ഈ വാചകം ഇവിടെ ആവര്‍ത്തിച്ചത് പുതുകാലത്തെ ജീവിതത്തെ കാവ്യവല്‍ക്കരിക്കുമ്പോള്‍ പഴയ ആഖ്യാനരീതികള്‍ സാധ്യമല്ല എന്നു കാണിക്കാനാണ്.
ഷാജി ഷണ്മുഖത്തിന്റെ കവിത പുതിയ കാലത്തോട് രൂപപരമായിത്തന്നെ സംവദിക്കുന്നവയാണ്. ഈ പംക്തിയില്‍ അവയുടെ നാനാര്‍ത്ഥങ്ങള്‍ വിവരിക്കുക സാധ്യമല്ല. കൂടുതല്‍ വിപുലമായ എഴുത്ത് അനിവാര്യമാണ്.
”ഈ നിത്യയുദ്ധക്കളത്തില്‍ വിരാമമില്ലാത്ത ഈ തന്ത്രത്തോപ്പില്‍ എന്തിനുമേതിനും സജ്ജനായി (ശരീരം ഗണ്‍നിലയ്ക്കയാണു ഞാന്‍” എന്നിങ്ങനെ വാര്‍ഫ്രണ്ട്) നിലനില്പിനുവേണ്ടി യുദ്ധം ചെയ്യേണ്ടി വരുന്ന, പുതിയകാലത്തെ ഒറ്റപ്പെട്ട മനുഷ്യന്റെ ചെറുത്തുനില്പിന്റെ പ്രതീകമായി മാറുകയാണ് വന്ദ്യഗുരുവിന്റെ കവി.
കവിതയില്‍ ഗണ്‍, വാര്‍ഫ്രണ്ട് പോള്‍ റോബ്‌സണ്‍, ബോബ് മാര്‍ലി, മാര്‍ട്ടിന്‍ ലൂതര്‍, പ്രൊമിത്യൂസ് എന്നിവരൊക്കെയുണ്ട്. (കൂട്ടത്തില്‍ ഭഗത്‌സിംഗും ഖുദിറാം ബോസും മുഹമ്മദ് റാഫിയുമുണ്ട്). ലോകത്തിന് ഈ പോസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഏജില്‍ (Post Information Age) ഏതെങ്കിലും ഒരു ചെറിയ പ്രാദേശിക ഖണ്ഡത്തില്‍ ഒതുങ്ങാനാവില്ലെന്ന സൂചനകളാണിവയൊക്കെ. എല്ലാ കവിതകളും ചര്‍ച്ച അര്‍ഹിക്കുന്ന മെച്ചപ്പെട്ട രചനകള്‍ തന്നെ.