സമൂഹമെന്ന യാഥാര്‍ത്ഥ്യത്തെ മനുഷ്യമനസ്സിലേയ്ക്ക് കൊണ്ടുവരാനുള്ള ഏറ്റവും നല്ല ഉപാധിയാണ് സാഹിത്യം. പ്രത്യേകിച്ചും നോവല്‍. ചുറ്റുപാടും നടക്കുന്ന ചലനങ്ങളും മാറ്റങ്ങളുമെല്ലാം കൃത്യമായി പ്രതിഫലിപ്പിക്കുന്ന ആ കണ്ണാടി കാലാതീതമാണ്. ഈ കണ്ണാടിയില്‍ പതിഞ്ഞ മലയാളത്തിന്റെ ചില ചിത്രങ്ങള്‍ ഒട്ടുംമങ്ങാതെ ചരിത്രത്തിന്റെ ഭാഗമായി നിലനിര്‍ത്താന്‍ ചില എഴുത്തുകാര്‍ക്ക് കഴിഞ്ഞു. അവരുടെ ആ കണ്ണാടിയില്‍ പ്രതിഫലിച്ച ബിംബങ്ങള്‍ക്ക് ചരിത്രസത്യം വിളിച്ചുപറയാനുള്ള ശേഷിയുണ്ടായിരുന്നു. എത്രതന്നെ വെള്ളപൂശാന്‍ ശ്രമിച്ചാലും ആ ചരിത്രസത്യങ്ങള്‍ അവയിലൂടെ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരികയാണ്.
എല്ലാ മനുഷ്യരും സുന്ദരന്മാരും സുന്ദരികളുമാണെന്ന് വിശ്വസിച്ച പൊന്നാനിക്കാരനായ പി.സി. കുട്ടികൃഷ്ണന്‍ (ഉറൂബ്) തന്റെ തൂലികയിലൂടെ വരച്ചുവെച്ച ചിത്രങ്ങള്‍ മനസ്സിന് വൈകൃതംബാധിച്ച ഒരുകൂട്ടം ആളുകളുടെ കൊടും ക്രൂരതകളുടെ നേര്‍ക്കാഴ്ചകളായിരുന്നു. സുന്ദരികളും സുന്ദരന്മാരും’എന്ന നോവലിലൂടെ ആ വൈകൃതങ്ങളുടെ ആഴവും പരപ്പും ഉറൂബ് കാണിച്ചുതരുന്നു.
ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ മലബാറിന്റെ പശ്ചാത്തലത്തില്‍ ഒട്ടനവധി മനുഷ്യരുടെ ജീവിതങ്ങള്‍ വരച്ചുകാണിക്കുകയാണ് ഉറൂബ്. കേരളീയ സമൂഹത്തിലെ മാറ്റങ്ങളുടെ കഥപറയുന്ന നോവലാണ് സുന്ദരികളും സുന്ദരന്മാരും. തന്റെ കാലഘട്ടത്തിലെ സാമൂഹ്യ ചുറ്റുപാടുകളെ ശ്രദ്ധയോടെ നിരീക്ഷിക്കുകയും കണ്ടെത്തലുകളെ നെല്ലും പതിരും വേര്‍തിരിച്ച് ഈ കൃതി ആവാഹിക്കുകയും ചെയ്തിരിക്കുന്നു. നിരവധി ചരിത്ര സംഭവങ്ങളിലൂടെയാണ് നോവല്‍ കടന്നുപോകുന്നത്. സ്വാതന്ത്ര്യസമരം, ഖിലാഫത്ത് പ്രസ്ഥാനം, രണ്ടാംലോകമഹായുദ്ധം, തൊഴിലാളി സംഘടനാ പ്രവര്‍ത്തനം തുടങ്ങി അക്കാലത്തെ സാമൂഹ്യപരിവര്‍ത്തനങ്ങളുടെ അടയാളപ്പെടുത്തലുകള്‍ ഇതില്‍ കാണാന്‍ കഴിയും.
‘ലഹളയിലുണ്ടായ കുട്ടി’ – വിശ്വനാഥന്‍. അവന്റെ മനഃസംഘര്‍ഷങ്ങളും യാത്രകളുമാണ് നോവലിന്റെ കേന്ദ്രപ്രമേയം. കൊടും പട്ടിണിയും കഷ്ടപ്പാടുകളുംകൊണ്ട് ക്ലേശപൂര്‍ണ്ണമായിരുന്നു അവന്റെ ബാല്യകാലം. മാപ്പിളലഹളയുടെ ആഴവും പരപ്പും അത് മനുഷ്യമനസ്സുകളിലേല്‍പ്പിച്ച മുറിവും ഇരുമ്പന്‍ ഗോവിന്ദന്‍നായര്‍, കുഞ്ചുകുട്ടി, വിശ്വനാഥന്‍, രാമന്‍ നായര്‍, മാധവിഅമ്മ എന്നിവരിലൂടെ തുറന്നുകാണിക്കാന്‍ ഉറൂബിന് കഴിയുന്നു.
തെക്കിനിത്തറയില്‍ ചിന്താശൂന്യയായിരിക്കുന്ന കുഞ്ചുകുട്ടിയോടാണ് പങ്കുമ്മാന്‍ ലഹളയുടെ കാര്യം ആദ്യം സൂചിപ്പിക്കുന്നത്.
“കുഞ്ചുകുട്ടി! ”
“ഉം?.”
“അവരതാ വര്ണു!”
“ആര്?”
“ഖിലാഫത്തുകാര്!”
“ആര്?”
“ലഹളക്കാരേയ്. ഇല്ലത്തെ പത്തായപ്പുരയിലേയ്ക്കു വന്നുതുടങ്ങിയെന്നോ വന്നുവെന്നോ ഒക്കെ കേട്ടു.”
മലബാറിനെ ഞെട്ടിച്ച ലഹളയുടെ മായ്ക്കാന്‍ കഴിയാത്ത ചിത്രം ഉറൂബ് പറഞ്ഞുതുടങ്ങുന്നത് ഇങ്ങനെയാണ്.
ലഹളയെ സംബന്ധിച്ച് നാട്ടിന്‍പുറങ്ങളില്‍ പറഞ്ഞുകേട്ട കഥകള്‍ കുഞ്ചുകുട്ടിയിലും പങ്കുമ്മാനിലും ആശങ്കകള്‍ നിറയ്ക്കുന്നു. ഇരുമ്പന്‍ ഗോവിന്ദന്‍ നായരുടെ സഹായത്തോടെ ആ കുടുംബം ഒരു കൊച്ചുഭാണ്ഡക്കെട്ടും കയ്യിലെടുത്ത് വീട് പൂട്ടിയിറങ്ങുന്നു. വലിയ കെട്ടുറപ്പും കാവലാളുമുള്ള പണിക്കരുടെ വീട്ടിലാണ് അവര്‍ അഭയംതേടിയത്. ഇതുപോലുള്ള നിരവധി അഭയാര്‍ത്ഥികള്‍ അപ്പോള്‍ അവിടെയെത്തിയിരുന്നു. പ്രമാണിയായ പണിക്കര്‍ അവരെ സംരക്ഷിക്കേണ്ടത് തന്റെ ബാധ്യതയായി കരുതി. പോലീസ് സഹായത്താല്‍ ലഹളക്കാരെ തുരത്താന്‍ കഴിയുമെന്ന് പണിക്കര്‍ പ്രതീക്ഷിക്കുന്നു. പക്ഷേ പണിക്കരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി ലഹളക്കാര്‍ ആ വീടിന്റെ മുന്‍വശത്തുമെത്തിച്ചേരുന്നു. അവരുടെ കൈകളിലെ പന്തങ്ങള്‍ നാല് ഭാഗത്തുനിന്നും വീടിന്റെ മുകളിലേയ്ക്ക് വന്നുവീഴുന്നു.
“അതാ തീ പിടിച്ചുകഴിഞ്ഞു. ഗോവിന്ദന്‍ നായര്‍ കവണ താഴ്ത്തിട്ട് നാലുപുരയിലേയ്‌ക്കൊരോട്ടം. അവിടെ നിലവിളിയും പരക്കം പാച്ചിലുമാണ്. വടക്കിനിക്കെട്ടിലെ അഴിക്കൂട്ടിനുള്ളിലൂടെ പുക തള്ളിത്തള്ളിവരുന്നു. കുട്ടികളുടെ കരച്ചില്‍. അമ്മമാരുടെ മാറത്തടി. ഓടുന്ന തിരക്കില്‍ കുട്ടികള്‍ ചവിട്ടിമെതിക്കപ്പെടുന്നു. എന്റെ അമ്മ്…….. ആ ഇളംകണ്ഠം മുഴുവനാക്കിയില്ല.
“എന്റെ കുട്ടീ!”
“അമ്മേ….”
“മോനേ…”
“എന്റെ മോളേ…”
“ഹയ്യോ!”
“കൊന്നോ?”
“ചവിട്ടൊല്ലേ!”
“തലമുടി വിടിന്‍!”
“ഹെന്റെ പിരടി!”
ശബ്ദബഹളം. പുക കൂടുതല്‍ വണ്ണത്തില്‍ തള്ളി വരുന്നു. കഴുക്കോലുകള്‍ കത്തി ‘ചടേ-പടേ’ എന്നു പൊട്ടിത്തെറിക്കുന്നു. ഒരോടും കുറേ കണലുംകൂടി നടുമുറ്റത്ത്-ലഹളയുടെ കാഠിന്യം ഉറൂബ് തുറന്ന് കാണിക്കുകയാണ്. അവിടെനിന്ന് കുഞ്ചുകുട്ടിയേയും കൂട്ടി രക്ഷപ്പെട്ടോടിയ ഗോവിന്ദന്‍ നായര്‍ പിന്നീട് ലഹളക്കാരുടെ കൈകളില്‍പ്പെടുകയും മതം മാറി സുലൈമാനായി മാറുകയും ചെയ്യുന്നു. ഒറ്റപ്പെട്ടുപോയ കുഞ്ചുകുട്ടി ഒരഭയാര്‍ത്ഥിയായി നാട് മുഴുവന്‍ അലഞ്ഞു നടക്കുന്നു.
കല്ലായിയിലെത്തി മരത്തടിക്കച്ചവടക്കാരനായി മാറിയ സുലൈമാന്‍ അഞ്ചുമക്കളുടെ ഉമ്മയായ ഖദീജയെ വിവാഹം കഴിച്ച് ജീവിതത്തെ മറ്റൊരു വഴിയിലൂടെ കൊണ്ടുപോകുമ്പോഴും ഭൂതകാല സംഭവങ്ങള്‍ സുലൈമാന്റെ മനസ്സിനെ എരിയിച്ചു. ആത്മഹത്യയുടെ ആഴപ്പരപ്പുകളില്‍ നിന്ന് താന്‍ രക്ഷിച്ചെടുത്തത് സ്വന്തം മകനായ വിശ്വനാഥനെത്തന്നെയാണെന്ന് പിന്നീട് മനസ്സിലാക്കിയപ്പോഴും ഇരുമ്പന്‍ ഗോവിന്ദന്‍ നായര്‍ എന്ന സുലൈമാന്റെ ഹൃദയം തേങ്ങുകയായിരുന്നു.
ഇരുമ്പന്‍ ഗോവിന്ദന്‍ നായരുടെ സുലൈമാനിലേയ്ക്കുള്ള പരിവര്‍ത്തനവും ‘ചാര്‍ത്തപ്പെട്ട കുട്ടിയായി വിശ്വന്‍ മാറുന്നതും ആ കാലഘട്ടത്തിലെ ചരിത്രത്തിന്റെ തന്നെ സൂചനകളാണ്. ‘ഈ നോവലിനെ ചരിത്രനോവല്‍ എന്നു തന്നെ പറയാം’എന്ന എം.അച്ച്യുതന്റെ നിരീക്ഷണം ഇവിടെ ഏറെ പ്രസക്തമാണ്. അസുന്ദരമായൊരു സത്യത്തെ ലോകത്തോട് വിളിച്ചുപറയാനുള്ള മാര്‍ഗ്ഗമായി സുന്ദരികളേയും സുന്ദരന്മാരേയും ഉറൂബ് ഉപയോഗപ്പെടുത്തി. മലയാളമുള്ളിടത്തോളം കാലം ഈ ചരിത്രസത്യം ചര്‍ച്ച ചെയ്യപ്പെടുമെന്നും ആ ക്രാന്തദര്‍ശി കരുതിയിരിക്കാം.