ഒറ്റ വാക്കുരയ്ക്കാതെ
നീ മറഞ്ഞതില്‍പ്പിന്നെ
പറ്റിയിട്ടില്ലെന്‍ മൗനവല്മീകം വെടിഞ്ഞീടാന്‍
ദുഃഖസാഗരഗീതി നെഞ്ചോരത്തില്ലെന്നാലും
ചിക്കെന്ന് വറ്റിപ്പോയെന്‍ വാക്കിന്റെ കുറ്റാലങ്ങള്‍
കീരിയും പാമ്പും പോലെ നമ്മളീ വീട്ടില്‍ നിത്യം
പോരടിച്ചവര്‍, ജയം തോല്‍വിയും രുചിച്ചവര്‍,
നാലാള് കേട്ടാല്‍ നാണക്കേടാണ്; ദാമ്പത്യത്തിന്‍ –
ചേലാര്‍ന്ന മുഖംമൂടിയ്‌ക്കെത്ര പൊയ്നിറങ്ങളോ?
പരസ്ത്രീലാവണ്യത്തില്‍ ഭ്രമിച്ചേ നടന്നു നീ
പരിഹാസത്തിന്‍ കനല്‍ വാക്കൊളിയെനിക്കേകി
കറുത്തിട്ടല്ലേ; മൂക്ക് പരന്നിട്ടല്ലേ; കവിള്‍,
തുടുത്തിട്ടില്ലാ; ചിരിത്തുണ്ടിനും ചന്തം പോരെ-
ന്നനിഷ്ടം കനക്കും നിന്മുഖത്തെത്തിറയാട്ടം
കണ്ടുകണ്ടെന്‍ കണ്ണിലും വെറുപ്പിന്‍ കനലാട്ടം
ഒറ്റ രാവിലും സ്‌നേഹപാന
പാത്രമായ്, ജീവ–
സ്സുറ്റ ഗാനമായ് ചുണ്ടത്തൊട്ടി
നിന്നിട്ടേയില്ല
മെത്തയില്‍ പ്രേമോഷ്മള വീഞ്ഞായിപ്പതഞ്ഞില്ല
നിദ്രയില്‍ പുല്കാനെത്തും സ്വപ്നമായ്, ജീവല്‍ക്കോശ–
തന്ത്രിയില്‍ കാമോന്‍മാദ
ലാവയായ്പ്പുകഞ്ഞില്ല,
ഹൃദ്ദലങ്ങളില്‍ സൂര്യതേജസ്സായ്
തെളിഞ്ഞില്ല
എന്നിട്ടുമെന്തേ നിത്യനിദ്രയില്‍ ലയിച്ചിട്ടും
കൊത്തി നീ വലിക്കുന്നതെന്‍കരള്‍ നടുത്തുണ്ടം?