കേരളത്തില്‍ മാത്രമല്ല ദേശീയ തലത്തിലും കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിസന്ധികളില്‍ നിന്ന് പുതിയ പ്രശ്‌നങ്ങളിലേക്ക് എത്തിപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. തലമുറമാറ്റം, യുവാക്കള്‍ക്ക് പ്രാമുഖ്യം നല്കാന്‍ എന്നൊക്കെ പറഞ്ഞുകൊണ്ട് അവര്‍ നടത്തുന്ന നീക്കങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് കുറിയ്ക്കാനിരിക്കുമ്പോള്‍ കേരളത്തിലെ മാത്രമല്ല പഞ്ചാബിലെയും രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും തര്‍ക്കങ്ങളും വഴക്കുകളും മുന്നിലുണ്ട്. ഇന്ത്യയുടെ ഈ ഏറ്റവും പഴയ പാര്‍ട്ടി എങ്ങോട്ടാണ്? ഏതാനും നാള്‍ക്കകം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു എന്നതുകൂടി ഓര്‍ക്കുമ്പോഴാണ് അവരുടെ ദുരവസ്ഥയില്‍ ദുഃഖമേറുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് കേരളത്തിലെ കോണ്‍ഗ്രസ്സില്‍ അഴിച്ചുപണിയുണ്ടായത്. ശരിയാണ്, തുടര്‍ച്ചയായ രണ്ടാമത്തെ കനത്ത പരാജയമാണ് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായത്. അത് സംഘടനയെ വല്ലാതെ ഉലച്ചു എന്നതും വസ്തുതയാണ്. മുഖം രക്ഷിക്കാന്‍ നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുക മാത്രമായിരുന്നു അവര്‍ക്ക് മുന്നിലുള്ള പോംവഴി. എന്നാല്‍ അതിനവര്‍ സ്വീകരിച്ച രീതി എല്ലാവര്‍ക്കും സന്തോഷം പകരുന്നതായിരുന്നോ? കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ നെടുംതൂണുകളായിരുന്ന ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു ഹൈക്കമാന്‍ഡിന്റെ നീക്കങ്ങള്‍. എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായിരുന്നിട്ടും ഉമ്മന്‍ ചാണ്ടിയോട് ഒന്നുമാലോചിച്ചില്ല. പത്രങ്ങളിലൂടെ അറിയേണ്ടുന്ന അവസ്ഥ അവരെപ്പോലുള്ള നേതാക്കള്‍ക്കുണ്ടായി. പിസിസി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും (കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ്) തീരുമാനത്തിലും അതായിരുന്നു അവസ്ഥ. പിന്നീട് ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചപ്പോഴും മറ്റൊന്നല്ല സംഭവിച്ചത്. എന്നാല്‍ ഇതിങ്ങനെ പോകാനാവില്ല എന്ന് അപ്പോള്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തുറന്നടിച്ചു. ഭാവിയില്‍ കൂടുതല്‍ കൂടിയാലോചനകള്‍ നടത്താമെന്ന് അവര്‍ക്ക് കെ.സുധാകരന്‍ ഉറപ്പുനല്‍കി എന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ‘അവരുടെയൊക്കെ അഭിപ്രായമാരായും, തീരുമാനം തങ്ങള്‍ എടുക്കു’മെന്ന് തുറന്നുപറയുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും നാം ഇതിനിടയില്‍ കാണുകയുണ്ടായി. മറ്റു പിസിസി ഭാരവാഹികളുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇതുവരെയുള്ള ഒരു ചിത്രം സൂചിപ്പിച്ചുവെന്നേയുള്ളൂ.
ചാണ്ടിയും ചെന്നിത്തലയും
ഇവിടെ നാം കാണുന്നത് ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും ദയനീയ മുഖമാണ്. അതിനേക്കാള്‍ പരിതാപകരമാണ് മുന്‍ പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അവസ്ഥ. അദ്ദേഹം ഒരിടത്തും ചര്‍ച്ച ചെയ്യപ്പെടുന്നു പോലുമില്ല. ഇവര്‍ മൂന്നുപേരും ഇന്നിപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ അഭയാര്‍ത്ഥികളായിരിക്കുന്നു. ഉമ്മന്‍ ചാണ്ടിക്ക് വേണമെങ്കില്‍ എഐസിസി ജനറല്‍ സെക്രട്ടറിയാണ് എന്ന് പറയാം. എന്നാല്‍ സ്വന്തം തട്ടകത്തിലെ കാര്യം പോലുമറിയാനാവാത്ത ഒരാളെ ആരാണ് കോണ്‍ഗ്രസില്‍ കാര്യമായെടുക്കുക. എന്തിനിവര്‍ ഇങ്ങനെ അപമാനിതരായി കോണ്‍ഗ്രസ് കൂടാരത്തില്‍ കഴിഞ്ഞുകൂടണം എന്ന് ആര്‍ക്കും തോന്നിപ്പോകും. ഈ അപമാനം കേട്ടും സഹിച്ചും കഴിയുന്നതിനേക്കാള്‍ ഭേദം രാജിവെച്ചു പോകുന്നതാണ് എന്നാണ് കേരളത്തിലെ അവരുടെ ബാക്കിയുള്ള അടുത്ത അനുയായികള്‍ പറയുന്നത്. സംശയമില്ല, അതിനേക്കാള്‍ നിരാശനാണ് ചെന്നിത്തല. അത് അദ്ദേഹത്തിന്റെ വാക്കുകളില്‍ മാത്രമല്ല മുഖത്തും പ്രകടമാണ്. സംസ്ഥാനത്ത് എവിടെച്ചെന്നാലും ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും ഇന്നും ഒരു സ്ഥാനമുണ്ടല്ലോ. അത് തിരിച്ചറിയാന്‍, അതിനെ അംഗീകരിക്കാന്‍ തയ്യാറല്ലാത്ത ഒരു കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ കമിഴ്ന്നു കിടക്കണോ എന്ന ചോദ്യം ഈ രണ്ടുപേരുടെയും മനസ്സിലും അനവധി വട്ടം ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ടാവും.
എന്താണവര്‍ക്ക് ചെയ്യാനാവുക എന്ന ചോദ്യത്തിന് പ്രസക്തിയില്ല. യഥാര്‍ത്ഥത്തില്‍ എന്താണവര്‍ക്ക് ചെയ്യാനാവാത്തത് ? ഇന്ത്യയില്‍ മറ്റൊരിടത്തും മത്സരിച്ചു ജയിക്കാനാവാതെ വന്നപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് അഭയം നല്കിയവരാണിവര്‍. അന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ‘നോ’ എന്ന് പറഞ്ഞിരുന്നുവെങ്കില്‍ രാഹുല്‍ ലോകസഭ കാണുമായിരുന്നോ? തങ്ങളെ നശിപ്പിച്ചിട്ട് കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധിയും പരിവാരവും ശ്രമിക്കുമ്പോഴും ‘നോ, ഇത് കടന്നുപോയി’ എന്ന് പറയാന്‍ മാത്രമല്ല ചില ശക്തമായ പരസ്യ പ്രതികരണങ്ങള്‍ നടത്താനും ഇവരിന്നും കരുത്തരാണ് എന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞുനടക്കുന്നത്. പക്ഷെ അവര്‍ അതിന് മുതിരുന്നില്ല. കെ.സുധാകരനും വി.ഡി.സതീശനും ചെന്ന് കണ്ടു സംസാരിക്കുമ്പോള്‍ നാവടക്കേണ്ടുന്ന അവസ്ഥയിലേക്ക് അവര്‍ എന്തുകൊണ്ട് നീങ്ങുന്നു? കോണ്‍ഗ്രസുകാരുടെ മനസ്സില്‍ അത്തരം ചിന്തകളുണ്ട്, പിന്നെ രാഷ്ട്രീയ കേരളം ഇതൊക്കെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയല്ലേ?
കേരളത്തില്‍ കോണ്‍ഗ്രസ്സിനുള്ളത് വെറും 21 എംഎല്‍എമാരാണ്. അതില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പെടുകയും ചെയ്യും. ഈ പാര്‍ട്ടിയെ പിളര്‍ത്താന്‍ ഇന്നത്തെ നിലക്ക് മൂന്നിലൊന്ന് സാമാജികരുടെ പിന്തുണ മതി. അതായത് ഏഴുപേരുണ്ടെങ്കില്‍ പാര്‍ട്ടി പിളരും; സ്പീക്കര്‍ക്ക് ആ പിളര്‍പ്പ് അംഗീകരിക്കേണ്ടിയും വരും. ഇന്നിപ്പോള്‍ ചെന്നിത്തല – ഉമ്മന്‍ചാണ്ടിമാര്‍ക്ക് മുന്നിലുള്ള സാധ്യത അതുതന്നെയാണ്. അത്തരത്തില്‍ പാര്‍ട്ടിയെ പിളര്‍ത്തുമെന്ന് പറയുകയും അതിന് തയ്യാറാവുകയും ചെയ്യുക. അപ്പോഴല്ലാതെ ഹൈക്കമാന്‍ഡ് ഇവരെ വിലവെക്കും എന്ന് കരുതിക്കൂടാ. അത് ആ നേതാക്കള്‍ക്ക് അറിയാത്തതല്ല. ഇത്തരം വിഷയങ്ങളില്‍ അവര്‍ക്ക് രണ്ടുപേര്‍ക്കുമുള്ള പ്രാഗല്‍ഭ്യം പറഞ്ഞറിയിക്കേണ്ടതുമില്ല. എന്നിട്ടും എന്താണിവര്‍ തലകുനിച്ചു നാണക്കേടുകള്‍ ഏറ്റുവാങ്ങി കഴിഞ്ഞുകൂടുന്നത്? പിളര്‍ത്തിക്കഴിഞ്ഞാല്‍ എന്താണ് മറ്റു പോംവഴി എന്നതിന് മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളിലേക്ക് നോക്കിയാല്‍ മതിയല്ലോ. എത്രയോ ഓപ്ഷനുകള്‍…….അത് തീരുമാനിക്കേണ്ടത്, നിലപാട് വ്യക്തമാക്കേണ്ടത് ചാണ്ടിയും ചെന്നിത്തലയും തന്നെയാണ്. ഒരു കാര്യം ഓര്‍ക്കുക, രണ്ടുപേര്‍ അവരായിട്ടുണ്ട്; ഇനി വേണ്ടത് വെറും അഞ്ചു എംഎല്‍എ മാരെ. ആ അഞ്ചു എംഎല്‍എമാരെ കൂടെകിട്ടാത്ത അവസ്ഥയിലേക്ക് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമെത്തിനില്‍ക്കുന്നു എന്ന് കേരളത്തെക്കൊണ്ട് പറയിക്കണോ? അതാണ് യാഥാര്‍ത്ഥ്യമെന്ന് മറുപക്ഷം പറഞ്ഞുനടക്കുന്നു എന്നതും ഓര്‍മിപ്പിക്കേണ്ടതില്ലല്ലോ.
സെമി കേഡറിലേക്കത്രെ!
എന്തോ ചില വലിയ ഒരു വിപ്ലവം നടത്താന്‍ പോകുന്നു എന്നാണ് കെ സുധാകരനും വി.ഡി.സതീശനും അവര്‍ക്കൊപ്പമുള്ളവരും പറഞ്ഞുനടക്കുന്നത്. അതിലൊന്ന് ‘ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ്’ എന്നതാണ്. ഇതൊക്കെ ആദ്യമേ തന്നെ ചെന്നിത്തലയും ചാണ്ടിയും തള്ളിക്കളഞ്ഞിട്ടുണ്ട്. ആദ്യം പാര്‍ട്ടി പിന്നെ ഗ്രൂപ്പ് എന്നാക്കി നിലപാട് മാറ്റി എന്നതാണ് ഇപ്പോഴത്തെ നയം. ഇന്നിപ്പോള്‍ യഥാര്‍ത്ഥത്തില്‍ നാം കാണുന്നത് മൂന്നാമതൊരു ഗ്രുപ്പ് പിറന്നതാണ്, കെ സുധാകരന്റെ ഗ്രുപ്പ്. വേറൊന്ന് കൂടി സംഭവിച്ചിട്ടുണ്ട് എന്നത് സമ്മതിക്കാതെ വയ്യ; ഗ്രൂപ്പുകാര്‍ കുറെ അങ്ങോട്ടുമിങ്ങോട്ടും മാറി. ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും ഗ്രൂപ്പുകളില്‍ പെട്ടവര്‍ സുധാകരനൊപ്പമെത്തി. ഇതിലെന്ത് മാറ്റമാണ് പ്രതീക്ഷിക്കാവുന്നത്?
ഇതിനുപിന്നാലെയാണ് ‘സെമി കേഡര്‍ പാര്‍ട്ടി’യാക്കുമെന്ന പ്രഖ്യാപനം. എന്താണിതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നത് ഇനിയും വ്യക്തമല്ല. സ്വതവെ ദുര്‍ബല, പോരെങ്കില്‍ അനവധി പ്രശ്‌നങ്ങളും എന്നതാണിപ്പോഴത്തെ അവസ്ഥ. അപ്പോഴാണ് ചരിത്രം തിരുത്തുമെന്നും മറ്റുമുള്ള പ്രഖ്യാപനം. എന്താണ് സെമി കേഡര്‍ എന്ന് ചോദിച്ചതിന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന് പോലും മറുപടിയില്ലായിരുന്നു; തനിക്കറിയില്ല അതെന്നാണ് അദ്ദേഹം പറഞ്ഞത്. സിപിഎമ്മില്‍ നിന്നും ആര്‍എസ്എസ്സില്‍ നിന്നുമൊക്കെ ചിലതൊക്കെ എടുത്ത് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നവരോട് വേറെന്ത് പറയുവാന്‍ കഴിയും. പണ്ട് ആര്‍എസ്എസ്സിന്റെ ശാഖകള്‍ കണ്ട് അതൊക്കെ പാര്‍ട്ടിയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ സിപിഎമ്മിലുണ്ടായിരുന്നല്ലോ. കണ്ണൂരിലും മറ്റും നാം അത് കണ്ടതാണ്. അതൊക്കെ എവിടെയെത്തി എന്നതും ചരിത്രമാണ്. കെ.സുധാകരന്‍ പണ്ട് ജനതാ പാര്‍ട്ടിയില്‍ ആര്‍എസ്എസ്സുകാര്‍ക്കൊപ്പമുണ്ടായിരുന്നു-ജനസംഘക്കാര്‍ക്കൊപ്പം. കുറെ നല്ല പാഠങ്ങള്‍ അന്ന് കിട്ടിയിട്ടുണ്ടാവണം. അതിനപ്പുറം സുധാകരന്റെ സ്വപ്‌നങ്ങളും എത്തിപ്പെടാന്‍ പോകുന്നില്ല.
ബിഷപ്പിന്റെ വാക്ക് കേട്ട് പരിഭ്രാന്തരായവര്‍
അല്ല, ഇവര്‍ക്കെങ്ങിനെ രക്ഷപ്പെടാന്‍ കഴിയും? പാലായിലെ കത്തോലിക്കാ ബിഷപ്പ് ‘ലവ് ജിഹാദി’നും ‘നാര്‍ക്കോട്ടിക് ജിഹാദി’നുമെതിരെ സംസാരിച്ചപ്പോള്‍ കോണ്‍ഗ്രസ്സുകാരുടെ മനസ്സിന്റെ അടിത്തറ ഇളകുന്നത് നാം കണ്ടതല്ലേ. പാലാ ബിഷപ്പ് സ്വന്തം മത സമൂഹത്തിന് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടിയത്. ‘ലവ് ജിഹാദ് ‘ എന്ന് ഹിന്ദു പ്രസ്ഥാനങ്ങള്‍ വളരെ മുന്‍പ് പലവട്ടം പറഞ്ഞപ്പോഴൊക്കെ എതിര്‍ത്തവര്‍ക്ക് ബിഷപ്പ് പറഞ്ഞപ്പോള്‍ അതിനെ അന്നത്തേതു പോലെ എതിര്‍ക്കാന്‍ കഴിയുന്നില്ല. അതിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദ് കൂടി ആയപ്പോള്‍ കോണ്‍ഗ്രസ്സുകാരാണ് വിയര്‍ത്തു പരവശരായത്. ജിഹാദികള്‍ക്കെതിരെ, മത ഭീകരര്‍ക്കെതിരെ ബിഷപ്പ് തുറന്നു പറഞ്ഞപ്പോള്‍ എന്താണ് കോണ്‍ഗ്രസ്സുകാര്‍ക്ക് ഇത്ര പ്രയാസം? എന്തിനാണ് മുസ്ലിം ലീഗും മറ്റും ഇത്രയ്ക്ക് ടെന്‍ഷന്‍ അനുഭവിക്കുന്നത്? അവര്‍ക്ക് ആ ജിഹാദി സംഘങ്ങളെ പരസ്യമായി തള്ളിപ്പറയാനുള്ള ആര്‍ജ്ജവമല്ലേ ഉണ്ടാവേണ്ടിയിരുന്നത്. അത് ആ സമുദായ നേതൃത്വത്തിന്റെ കൂടി ഉത്തരവാദിത്തമായിരുന്നില്ലേ. ഒരു ക്രൈസ്തവ ബിഷപ്പ് എന്തെങ്കിലും സ്വസമുദായത്തോട് പറയുന്നത് കേള്‍ക്കുമ്പോള്‍ പോലും ഞെട്ടിവിറക്കുന്നവരാണ് ഈ കോണ്‍ഗ്രസ്സുകാര്‍ എന്നതല്ലേ ഇപ്പോഴത്തെ ബേജാര്‍ കാണിച്ചുതരുന്നത്?
യഥാര്‍ത്ഥത്തില്‍ ഇവര്‍ ഇപ്പോഴും ജിഹാദി സംഘങ്ങളെയാണ് താലോലിക്കുന്നത്. അത് ദേശീയതലത്തില്‍ പലവട്ടം നാം കണ്ടതാണ്. പാകിസ്ഥാനുവേണ്ടിയും ചൈനക്ക് വേണ്ടിയും താലിബാനുവേണ്ടിയുമൊക്കെ കൈപൊക്കുന്നവരെ- അതൊക്കെ കേരളത്തിലും ആവര്‍ത്തിക്കപ്പെടുകയാണ്.
ദേശീയ തലത്തിലോ,ഇതിനേക്കാള്‍ …….
ഇന്ത്യയില്‍ കോണ്‍ഗ്രസിന് കുറച്ചെങ്കിലും സംഘടനയുള്ള സംസ്ഥാനം കേരളമാണ് എന്നാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പറയാറുള്ളത്. മറ്റൊരു സംസ്ഥാനത്തും ഇത്രത്തോളം പോലുമില്ലെന്നര്‍ത്ഥം. ഇവിടെ ഇതാണ് സ്ഥിതിയെങ്കില്‍ ദേശീയ തലത്തിലെ കാര്യങ്ങള്‍ വിവരിക്കണോ. കോണ്‍ഗ്രസിന് ഒരു അധ്യക്ഷനില്ലാതായിട്ട് വര്‍ഷം കുറച്ചായി. ഗുലാം നബി ആസാദും കപില്‍ സിബലുമടക്കമുള്ള ജി 23 ഗ്രൂപ്പുകളൊക്കെ പലവട്ടം പരസ്യമായി ബഹളമുണ്ടാക്കിയെങ്കിലും ഒരു തീരുമാനവും സോണിയ എടുക്കുന്നില്ല. അവരെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് ഒരു കോക്കസ് കളികള്‍ നടത്തുന്നു. സംഘടനാ യന്ത്രം താറുമാറാവുന്നു. അടുത്ത് നടക്കാനിരിക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ടായിരുന്നത് പഞ്ചാബിലാണ്. അതെ പഞ്ചാബില്‍ മാത്രം. കര്‍ഷക സമരമൊക്കെ സംഘടിപ്പിച്ച് അധികാരത്തില്‍ തുടരാമെന്ന പ്രതീക്ഷ അസ്ഥാനത്താണ് എന്ന് അവര്‍ തന്നെ നടത്തിയ സര്‍വേയില്‍ കണ്ടുവത്രെ. അങ്ങിനെയാണ് ഏറെ അനുഭവമുള്ള, കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് രക്ഷകനായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ പുറത്താക്കാനും പകരക്കാരനെ നിയമിക്കാനും തീരുമാനിച്ചത്.
നവജ്യോത് സിങ് സിദ്ധു പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായത് മുതല്‍ ഈ മാറ്റം പ്രതീക്ഷിച്ചതാണ്. അവസാനം എന്താണുണ്ടായത്? അമരീന്ദര്‍ സിംഗ് പുറത്തുവന്നു; എന്നിട്ട് നടത്തിയ പ്രസ്താവന അടുത്ത പത്ത് വര്‍ഷക്കാലം ആ പാര്‍ട്ടിയെ വേട്ടയാടുമെന്ന് തീര്‍ച്ചയാണ്. ‘സിദ്ധു ഒരു ദേശീയ വിപത്താണ്, ആന്റി നാഷണല്‍’ ആണ്, അയാള്‍ക്ക് പാക് പട്ടാള മേധാവിയുമായി ബന്ധമുണ്ട്………..’. പഞ്ചാബില്‍ മാത്രമാവില്ല ആ പ്രസ്താവന കോണ്‍ഗ്രസിനെ വേട്ടയാടുക; രാജ്യമെമ്പാടും. അത്തരമൊരാളെ പിസിസി അധ്യക്ഷനും ഭാവി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായി നിലനിര്‍ത്തുന്ന രാഹുല്‍ – സോണിയ പ്രഭൃതികളുടെ താല്പര്യവും രാജ്യം ചര്‍ച്ചചെയ്യുമെന്ന കാര്യത്തില്‍ സംശയമുണ്ടോ?
പഞ്ചാബില്‍ നിന്ന് ഇതാണ് കാണുന്നതെങ്കില്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ആടിയുലയുകയാണ്. രണ്ടിടത്തും നേതൃമാറ്റമാണ് ആവശ്യമായി ഉയരുന്നത്. അതൊക്കെ ഏതെങ്കിലും ഘട്ടത്തില്‍ ഹൈക്കമാന്‍ഡ്, രാഹുല്‍, സമ്മതിച്ചതാണ്. എന്നാല്‍ പിന്നീട് അതില്‍ നിന്ന് അവര്‍ പിന്നാക്കം പോയി. ഇപ്പോള്‍ വിമതന്മാര്‍ കലാപക്കൊടി ഉയര്‍ത്തുന്നു. സംഘടനക്ക് ഒരു നേതൃത്വമില്ല എന്നത് മാത്രമല്ല ആരും പറഞ്ഞാല്‍ കേള്‍ക്കാത്ത അവസ്ഥയുമായി. ഇതിനിടയില്‍ ഈ പാര്‍ട്ടി എങ്ങിനെ രക്ഷപ്പെടും എന്നതാണ് കോണ്‍ഗ്രസ്സുകാര്‍ ചിന്തിക്കുന്നത്. ആത്മാഭിമാനമുള്ള കോണ്‍ഗ്രസ്സുകാര്‍ ബിജെപിയെ ഒക്കെ പ്രതീക്ഷയോടെ കാണുന്നതും മറ്റൊന്നും കൊണ്ടല്ല.