ഞങ്ങളുടെ അഭിവന്ദ്യകുടുംബസുഹൃത്ത് വി.എം.കൊറാത്ത് അച്ഛന് (വി.ടി. ഭട്ടതിരിപ്പാട്) ഒരിക്കല്‍ എഴുത്തിലൂടെ ചില വിശദീകരണങ്ങള്‍ ആവശ്യപ്പെട്ടു (19-6-75). വി.ടി. ആസ്തികന്‍ തന്നെയല്ലേ, ‘ഇനി നമുക്ക് അമ്പലങ്ങള്‍ക്കു തീ കൊളുത്തുക’ എന്ന് എഴുതാന്‍ പ്രേരകമായ വികാരവും സാഹചര്യവും എന്തായിരുന്നു, വി.ടിയുടെ യുക്തിവാദം എന്ത് എന്ന മൂന്നുകാര്യത്തിലാണ് മറുപടിക്ക് അപേക്ഷിച്ചത്. അതിന് അച്ഛന്‍ അയച്ച മറുപടിയാണിത്. 24-6-75-ല്‍ കൊറാത്തിന് അയച്ച എഴുത്ത് പകര്‍ത്തുന്നു. പത്രപ്രവര്‍ത്തന പാരമ്പര്യത്തിലെ പ്രമുഖരിലൊരാളായ കൊറാത്തിനോടും ആ പാരമ്പര്യത്തില്‍ നിന്നു വിരമിച്ച കേസരി സഹപത്രാധിപര്‍ ടി. വിജയനോടുമുള്ള സ്‌നേഹാദരം കൂടിയാണിത് – വി.ടി. വാസുദേവന്‍
പ്രിയപ്പെട്ട കൊറാത്ത്,
നേരു പറയട്ടെ, ദേവ്യുപാസന ചെയ്തുകൊണ്ടാണ് ഞാനും വളര്‍ന്നുവന്നത്. അതാകട്ടെ ഈശ്വരസാക്ഷാല്‍ക്കാരത്തെ മുന്‍നിര്‍ത്തിയായിരുന്നില്ല താനും. സമൂഹമദ്ധ്യത്തില്‍ ആദരണീയമായ ഒരു വ്യക്തിത്വം കൈവരണമെന്നു മാത്രമായിരുന്നു എന്റെ അഭിലാഷം. ബ്രാഹ്മണ്യവും ജന്മിത്തവുമൊക്കെ പേരിന് എടുത്തുകാണിയ്ക്കാമെങ്കിലും തലമുറ തലമുറയായി പണത്തിലും ജ്ഞാനത്തിലും കാണെക്കാണെ ക്ഷീണിച്ചുവന്ന എന്റെ തറവാടിന്റെ സ്ഥിതി കാരണം ‘കിഴിഞ്ഞവന്‍’ എന്ന അപകര്‍ഷതാ ബോധം എന്നെ അവശനാക്കി. മറ്റു മാര്‍ഗ്ഗമൊന്നുമില്ലാത്തതിനാല്‍ ഞാന്‍ ഉപാസകനായി മാറി എന്നതാവും ശരി. എന്തായാലും ഞാന്‍ കൈക്കൊണ്ടുപോന്ന ആ ഉപാസനാവൃത്തിയാകട്ടെ ഉള്ളുനീറി ചെയ്ത തപസ്യയുടേതായ എല്ലാ ക്ലേശസഹിഷ്ണുതകളും ഉള്‍പ്പെട്ടതായിരുന്നു. പിന്നീടൊക്കെ ശാന്തിയിലും അശാന്തിയിലും എന്റെ മനസ്സ് നീറുമ്പോഴെല്ലാം പണ്ട് ഞാന്‍ അനുഷ്ഠിച്ച ആ പ്രാര്‍ത്ഥന കടന്നുവരാറുണ്ട് – ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ ആണെങ്കില്‍ക്കൂടി.
അസ്തിത്വത്തിനായുള്ളതല്ല എന്റെ പ്രാര്‍ത്ഥന. സുഖദുഃഖങ്ങള്‍ സങ്കല്പഭേദങ്ങളാണ്. എന്റെ പക്വതക്കുറവ്, അഹന്ത, അക്ഷമത എല്ലാം എന്നെ വേദനിപ്പിക്കുന്നു. അപ്പോഴെല്ലാം പ്രാപഞ്ചികമായ വൈരുദ്ധ്യങ്ങളോടു താദാത്മ്യം കൈവരാനുള്ള ശ്രമം പ്രാര്‍ത്ഥനയിലൂടെ നേടിയെടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.
ഞാന്‍ ഒരാസ്തികനോ നാസ്തികനോ എന്നു തീര്‍ത്തുപറയാന്‍ വയ്യ. കാരണം ഇതു രണ്ടും വ്യക്തമായി വേര്‍തിരിക്കാവുന്ന മഹാവ്യക്തികള്‍ ഇവിടെ വളരെ പരിമിതമായിട്ടു മാത്രമേ എനിക്കു കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. നിഗ്രഹാനുഗ്രഹശക്തിയോ ഇഷ്ടാനിഷ്ടങ്ങളോ ഉള്ള ഒരീശ്വരന്‍ എന്റെ സങ്കല്പത്തിലില്ല.
ഈശ്വരനും ഞാനും രണ്ടല്ല എന്നുതന്നെയാണ് എന്റെ വിശ്വാസം. ആസ്തികനും നാസ്തികനും ഒരേ വേദിയിലിരുന്നു സത്യാന്വേഷണം നടത്തുന്നുവെങ്കില്‍ നന്ന്. നമ്മുടെ ജീവിതാവലോകന പ്രക്രിയ തന്നെ അത്തരത്തിലുള്ളതായിരുന്നു. മതം തന്നെ ഇന്ത്യയില്‍ വ്യക്തിനിഷ്ഠമല്ല, ആശയാവലംബിയാണ്. ക്രാന്തദര്‍ശികളായ നമ്മുടെ പൂര്‍വ്വാചാര്യന്മാര്‍ ജീവിതത്തെ വസ്തുനിഷ്ഠമായും ആത്മനിഷ്ഠമായും നോക്കിപ്പഠിക്കുകയും വിലയിരുത്തുകയും ചെയ്തുപോന്നിട്ടുണ്ട്. ഒരു നാണയത്തിന്റെ ഇരുപുറങ്ങളെന്നപോലെ രണ്ടിനേയും തുല്യ ഗൗരവത്തോടെ ആദരിക്കാന്‍ അവര്‍ മറന്നില്ല. ലൗകികം, വൈദികം എന്നു വിശേഷിപ്പിക്കുന്ന രണ്ടിന്റേയും പൂര്‍ണ്ണതയെ മുന്‍നിര്‍ത്തി ദര്‍ശനങ്ങള്‍ ആവിഷ്‌ക്കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. സത്യം, ധര്‍മ്മം, സമഭാവന എന്നിവക്ക് സ്വര്‍ഗ്ഗകാമമോക്ഷങ്ങളേക്കാള്‍ പ്രാധാന്യം കല്പിക്കുകയും ചെയ്തു.
പ്രകൃതിയുടെ പ്രതിഭാസങ്ങളെ കീഴടക്കുവാനല്ല, ആരാധിക്കാനാണ് അവര്‍ അഭിലഷിച്ചത്. കീഴടക്കല്‍ അഹന്തയുടേതാണ്. ആരാധിക്കല്‍ വിനയത്തിന്റേയും. ജനനമരണങ്ങളാല്‍ അനിശ്ചിതമായ ജീവിതത്തിന് രണ്ടാമത്തേതായ വിനയമാണ് ഭൂഷണം. ഈശ്വരന്‍, മതം, ജാതി ഇങ്ങനെ സാമൂഹ്യജീവിതത്തിന്റെ എല്ലാ വഴിത്തിരിവിലും ശങ്കിച്ചുനില്‍ക്കുമ്പോഴെല്ലാം ഈ അന്വേഷണമാര്‍ഗ്ഗം എനിക്കു വഴി കാണിച്ചിട്ടുണ്ട്.
മനുഷ്യനന്മയ്ക്കുതക്കുന്ന എല്ലാചര്യാമര്യാദകളും ഇവിടെ പുലര്‍ന്നുപോരണമെന്നുള്ളതാണ് എന്റേയും പരമമായ ജീവിതാഭിലാഷം. ഇതിന്റെ ഉറപ്പിനും പ്രചോദനത്തിനും വേണ്ടിയുള്ള അലച്ചിലില്‍ യുക്തിവാദം എനിക്കു സഹായകമായിട്ടുണ്ട്. നന്മതിന്മകളും നീതിന്യായങ്ങളും ധര്‍മ്മാധര്‍മ്മങ്ങളും വിലയിരുത്തിയത് അതിന്റെ വെളിച്ചത്തിലാണ്. ഈശ്വരന്‍ എന്ന സങ്കല്പത്തെ സമീപിക്കാനുള്ള കല്‍പ്പടവുകളാണ് ധര്‍മ്മാധര്‍മ്മങ്ങളും നീതിന്യായങ്ങളുമെല്ലാം. ‘ജീവോ ജീവസ്യ ജീവനം’ എന്ന സിദ്ധാന്തം ശ്രദ്ധേയമാണ്. അതീവ വിനയത്തോടെ സഹജീവികളെ സമീപിക്കുക എന്നതാണ് എന്റെ സ്വഭാവം. എന്തിനേയും എതിര്‍ക്കുകയും സങ്കുചിതത്വം മുഖമുദ്രയാക്കുകയും ചെയ്യുന്ന യുക്തിവാദത്തോട് എനിക്കു യോജിപ്പില്ല. സത്യാന്വേഷണമല്ല അവര്‍ ചെയ്യുന്നത്. വിഗ്രഹഭഞ്ജനം ചെയ്തു പ്രശസ്തി നേടുന്നതിനാലാണ് അവരുടെ ഉന്നം.
ചുരുക്കത്തില്‍ വിചാരവും വാക്കും പ്രവൃത്തിയും പൊരുത്തപ്പെടുത്താന്‍ ഇനിയുമിനിയും ശ്രദ്ധിക്കുവാന്‍ കഴിയണമെന്ന് ഞാനാഗ്രഹിക്കുന്നു. ഇക്കാര്യത്തില്‍ മഹാത്മജിയാണ് എന്റെ മാര്‍ഗ്ഗദര്‍ശി. അദ്ദേഹം ഉന്നയിച്ച ജീവിതസിദ്ധാന്തങ്ങളെ സ്വാംശീകരിക്കുവാന്‍ ഞാന്‍ ശ്രമിച്ചുപോന്നിട്ടുണ്ട്. ദേശീയപ്രസ്ഥാനത്തിലൂടെ സാമൂഹ്യസേവനത്തിന് എനിക്ക് പ്രചോദനം നല്‍കിയത് അദ്ദേഹമാണ്.
‘ഇനി നമുക്ക് അമ്പലം തീ കൊളുത്തുക’ എന്ന ലേഖനത്തിന്റെ പകര്‍പ്പ് ഇതുസഹിതം അയക്കുന്നു. ഞാന്‍ എന്തിനെയാണ് എതിര്‍ത്തിട്ടുള്ളതെന്ന് അതു വായിച്ചാലറിയാം. എല്ലാ ഔദ്ധത്യത്തിനോടും എനിക്കെതിര്‍പ്പുണ്ട്. അത് ഇതിലും നിഴലിച്ചുകാണാം. കത്തു കുറച്ചധികം നീണ്ടുപോയി. ചുരുക്കത്തില്‍ ഒന്നും അറത്തു മുറിച്ചുപറയാന്‍ വയ്യാത്തവിധം അജ്ഞനാണ് ഞാനിപ്പോള്‍.
‘ഇനി നമുക്ക് അമ്പലം തീ കൊളുത്തുക’ എന്ന എന്റെ പ്രസ്താവനയില്‍ പറഞ്ഞതിങ്ങനെയാണ് (1933 ഏപ്രില്‍ 28): കേരളത്തില്‍ എവിടെ നോക്കിയാലും അഹംഭാവംകൊണ്ട് തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന പള്ളികളും അമ്പലങ്ങളുമാണ് കാണുന്നത്. ഇതു കണ്ടുകണ്ട് മടുത്തു. അസമത്വത്തിന്റേയും അന്ധവിശ്വാസത്തിന്റേയും ശവക്കല്ലറകളെ നമുക്കു പൊളിച്ചുകളയണം. അതേ, അമ്പലങ്ങളുടെ മോന്തായങ്ങള്‍ക്കു തീവെയ്ക്കണം.
അമ്പലങ്ങള്‍ക്കു തീവെയ്ക്കുകയോ? പല ഹൃദയങ്ങളിലും ഒരു കത്തിക്കാളല്‍ ഉണ്ടായേക്കും. ഇതിനു മറ്റാരുമല്ല, നമ്മുടെ മതഭ്രാന്തു തന്നെയാണ് ഉത്തരവാദി.
ഹരിജനങ്ങളെ നാം മൃഗങ്ങളാണെന്നു വിചാരിക്കുന്നു. ഒരു കരിങ്കല്ലിനെ നാം ദേവനാണെന്നു കരുതുന്നു. ഈ വ്യസനകരമായ വിശ്വാസത്തെ – മതഭ്രാന്തിനെ – കൈവെടിഞ്ഞേ കഴിയൂ. എന്റെ സഹോദരീ സഹോദരന്മാരേ, നമുക്കു കരിങ്കല്ലിനെ കരിങ്കല്ലായിത്തന്നെ കരുതുക. മനഷ്യനെ മനുഷ്യനായും.
ഇനിയും ആ അന്ധവിശ്വാസത്തിന്റെ ചുറ്റും കണ്ണുകെട്ടി ശയനപ്രദക്ഷിണം വെയ്ക്കാതെ, ഈ മതഭ്രാന്തിനെ പൂജിക്കാതെ, വങ്കത്തങ്ങളെ പുറത്തേക്കെഴുന്നള്ളിക്കാതെ നമുക്കു ജീവിക്കുക.
ഞാന്‍ എല്ലാവരോടും ഊന്നിപ്പറയുന്നു, അമ്പലങ്ങള്‍ക്കു തീ വെയ്ക്കുക എന്നുവെച്ച് ആരും വ്യസനിക്കുകയും പേടിക്കുകയും വേണ്ട.
ഞാനൊരു ശാന്തിക്കാരനായിരുന്നെങ്കില്‍ വെച്ചുകഴിഞ്ഞ നിവേദ്യം വിശന്നുവലയുന്ന കേരളത്തിലെ പാവങ്ങള്‍ക്കു വിളമ്പിക്കൊടുക്കും. ദേവന്റെ മേല്‍ ചാര്‍ത്തിക്കഴിഞ്ഞ പട്ടുതിരുവുടയാട അര്‍ദ്ധനഗ്നരായ പാവങ്ങളുടെ അര മറയ്ക്കാന്‍ ചീന്തിക്കൊടുക്കും. പുകഞ്ഞു തുടങ്ങിയ ധൂപം അമ്പലത്തിലുള്ള പെരുച്ചാഴികളെ – നമ്പൂതിരി, പട്ടര്‍ തുടങ്ങിയ വര്‍ഗ്ഗങ്ങളെ – പുറത്തോടിച്ചുകളയുവാനാണ് ഉപയോഗിക്കുക. കത്തിച്ചുവെച്ച കെടാവിളക്കാവട്ടെ നമ്മുടെ വിഡ്ഢിത്തത്തിന്റെ കറുത്ത മുഖത്തെ വീണ്ടും തെളിയിച്ചു കാണിക്കുവാനല്ല, അതിന്റെ തല തീക്കത്തിക്കുവാനാണ് ഞാന്‍ ശ്രമിക്കുക. അത്ര വെറുപ്പു തോന്നുന്നു എനിക്ക് അമ്പലങ്ങളോട്. നമുക്ക് അനാചാരങ്ങളെ കെട്ടുകെട്ടായി നശിപ്പിച്ചുകളയാന്‍ ഒരു എളുപ്പമാര്‍ഗ്ഗമുണ്ട്. അതാണ് അമ്പലങ്ങള്‍ക്കു തീവെയ്ക്കുക. ക്ഷേത്രപ്രവേശനകാലത്താണ് ഞാനിതെഴുതിയത് എന്നും ഓര്‍ക്കുക.
താങ്കളുടെ വി.ടി.