അകത്തിരിക്കുന്നത് ഒരു സ്ത്രീയാണ് എന്നത് മാത്രമാണ് വാതില്‍പ്പടിയില്‍ എത്തിയപ്പോഴുള്ള ഒറ്റനോട്ടത്തില്‍ വേലായുധന് മനസ്സിലായത്.
അവള്‍ ഒച്ച കേട്ട് തിരിഞ്ഞു നോക്കി.
മാധവി.
‘നീ ഇവിടെ!’ വേലായുധന്‍ അത്ഭുതത്തിന്റെ ആകാശം തൊട്ടു.
‘തീവണ്ടിക്ക് വന്നു’. പിന്നീട് അല്പസമയം അവള്‍ക്കൊന്നും പറയാനായില്ല. കണ്ണുകളില്‍ നിന്ന് നീരരുവികള്‍ വിറയ്ക്കുന്ന കവിളിണകളെ നനവുള്ളവയാക്കി. കണ്ണുതുടച്ച്, മനോധൈര്യം സംഭരിച്ച് അവള്‍ ചോദിച്ചു ‘സുഖാണോ?’
വേലായുധന്‍ ഉള്ളിനെ മറച്ചുകൊണ്ടൊരു ചിരിവിടര്‍ത്തി. പിന്നെ അതേ എന്ന് തലയാട്ടി.
‘നീ ഒറ്റയ്ക്ക്?’
‘ഉം, വീണ്ടും പട്ടാമ്പിക്ക് പോകാന്‍ തുടങ്ങി’
അവള്‍ ഒരുപാട് സംസാരിച്ചു. നാടിന്റെ ഗതിയുടെ നേര്‍ചിത്രം ശബ്ദരൂപയായി അവിടെ പ്രത്യക്ഷപ്പെട്ടു. ഏറനാടിതാ കണ്‍മുന്നില്‍. താനിവിടെ എത്തിയിട്ട് വര്‍ഷം ഒന്ന് തികയാന്‍ പോകുന്നു എന്നത് വേലായുധന്‍ അപ്പോഴാണറിഞ്ഞത്. മാധവി കയ്യിലെ മാതൃഭൂമി അയാള്‍ക്ക് നേരെ നീട്ടി.
ഹോസ്ദുര്‍ഗ് താലൂക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഒന്നാം വാര്‍ഷികത്തിന്റെ വാര്‍ത്ത മുന്‍പേജില്‍. കേളപ്പന്‍ യോഗാധ്യക്ഷനായി കാഞ്ഞങ്ങാട് നടന്ന സമ്മേളനത്തില്‍ കവി കുഞ്ഞിരാമന്‍ നായര്‍ കേളപ്പന് നല്‍കിയ മംഗളപത്രം ഉള്‍പേജില്‍.
എങ്ങനെയെന്നറിഞ്ഞില്ല ഒറ്റയുഷസ്സിങ്കല്‍
ഞങ്ങള്‍തന്‍ കണ്‍കള്‍ക്കിന്ന് രണ്ടുണ്ടായി സൂര്യോദയം.
ആദ്യത്തേതനാദ്യന്ത കളിപ്പൊന്‍ പന്താകിയ ദിവാകരന്‍
രണ്ടാമത്തേതോ പങ്കിലമുഖങ്ങളെ ദേശാഭിമാനം കൊണ്ടു
കുങ്കുമം പൂശിച്ചോരീ കേരളനേതാവത്രേ
‘അപ്പോ കേളപ്പജി ജയിലില്‍ നിന്നിറങ്ങി !’. വേലായുധന് അതൊരാശ്വാസം നല്‍കുന്ന അറിവായി.
‘ഗുരുവായൂരില്‍ ക്ഷേത്രപ്രവേശന സമരം നടത്താന്‍ കേളപ്പനെ അധികാരപ്പെടുത്തീന്ന് പത്രത്തിലുണ്ട്’. മാധവി അത് പറഞ്ഞപ്പോള്‍ ഇതൊക്കെ അവള്‍ ശ്രദ്ധിക്കുന്നു എന്നതില്‍ വേലായുധന് സന്തോഷം തോന്നി. ആന്ധ്രാകേസരി ടി. പ്രകാശം പങ്കെടുത്ത യോഗത്തിലെ ഒന്നാം പ്രമേയത്തില്‍ സമരനായകനായി കേളപ്പനെ തെരഞ്ഞെടുത്തു. രണ്ടാം പ്രമേയത്തിന്റെ വാര്‍ത്ത ജനിപ്പിച്ച അമ്പരപ്പില്‍ വേലായുധന്റെ നെറ്റി ചുളിഞ്ഞു.
മലബാര്‍ലഹള കര്‍ഷകലഹള ആണെന്ന് മൊയ്തുമൗലവി പ്രമേയം അവതരിപ്പിച്ചു എന്ന്. വര്‍ഗീയലഹളയാണെന്ന് എല്‍.എസ് പ്രഭു അടക്കമുള്ളവര്‍ വാദിച്ചതോടെ കോലാഹലമായത്രേ.
‘കര്‍ഷകലഹള ?’ വേലായുധന്‍ സ്വയമറിയാതെ ആ ചോദ്യം മാധവിക്ക് മുമ്പില്‍ ഉച്ചത്തില്‍ ഉയര്‍ന്നു.
‘അങ്ങനെയൊക്കെയാണ് ചര്‍ച്ച’. മാധവി കൈമലര്‍ത്തി.
അവള്‍ പോയ്ക്കഴിഞ്ഞശേഷം സെല്ലിലെത്തി. അന്ന് മനസ്സ് മുഴുവന്‍ കാഞ്ഞങ്ങാട്ടു നടന്ന ചര്‍ച്ചയായിരുന്നു. തിളച്ചുമറിഞ്ഞ ചിന്തകളില്‍ അച്ഛന്‍, അമ്മ, ശങ്കരമേനോന്‍, മാധവിയുടെ കുടുംബം, തുവ്വൂരിലെ കിണര്‍, കത്തിയ പുരകള്‍, നിസ്സഹായരുടെ അലര്‍ച്ചകള്‍, തക്ബീര്‍ വിളികള്‍. വേലായുധന്‍ അന്ന് ഉറങ്ങിയില്ല.
തടവ് പീഡനം അഞ്ചാറു മാസക്കാലം പിന്നിട്ടിരിക്കണം. ഒരിക്കല്‍ക്കൂടി സന്ദര്‍ശന മുറിയില്‍ മാധവി പ്രത്യക്ഷപ്പെട്ടു.
അനുസരണക്കേടെന്ന കുറ്റം ചാര്‍ത്തി ചങ്ങലയ്ക്കിട്ട് കൈകാലുകളില്‍ നല്‍കിയ പ്രഹരങ്ങളുടെ പാടുകള്‍, ഉദ്യോഗസ്ഥരായ സായിപ്പന്മാരെ ബഹുമാനിക്കാത്തതിന് പൊരിവെയിലത്ത് നിര്‍ത്തിയപ്പോള്‍ മുഖത്ത് പൊങ്ങിയ കരുവാളിപ്പുകള്‍, ചകിരി തല്ലിത്തല്ലി കൈവെള്ളയില്‍ വീണ മുറിപ്പാടുകള്‍ വേലായുധന് മാധവിയില്‍ നിന്ന് മറച്ചുപിടിക്കാന്‍ ഇപ്രാവശ്യം കുറച്ചധികമുണ്ടായിരുന്നു. മറച്ചുപിടിക്കാനാവാത്തവിധം ശോഷിച്ചു പോയ ശരീരത്തെ അയാള്‍ പാടുപെട്ട് അവള്‍ക്കു മുന്നില്‍ വീണുപോവാതെ നിര്‍ത്തി.
അവളുടെ കരച്ചിലിന് ദൈര്‍ഘ്യം കുറച്ചു കൂടുതലായതിന് കാരണം ഈ കാഴ്ചകള്‍ തന്നെയായിരുന്നു. കരച്ചിലൊടുങ്ങിയപ്പോള്‍ അവള്‍ പറഞ്ഞുതുടങ്ങി.
‘ഞാന്‍ വന്നത് ഒരനുവാദം ചോദിക്കാനാണ്. തോന്ന്യാസമായിപ്പോകുമോന്ന് പേടീണ്ട് ‘.
‘നീ പറയ്’. വേലായുധന്‍ അവള്‍ക്ക് ധൈര്യം പകര്‍ന്നു.
‘ഞാന്‍ പൊയ്‌ക്കോട്ടേ, ഗുരുവായൂര്?’ അവള്‍ അയാളുടെ കണ്ണില്‍ ഉയരാനിരിക്കുന്ന ഭാവത്തെ കാത്ത് അവിടെത്തന്നെ ശ്രദ്ധ കൂര്‍പ്പിച്ചു.
‘എന്താ, കണ്ണനെ കാണാനാ?’
‘കണ്ണനേം കാണണം, കേളപ്പജീന്റെ കൂടെ സമരത്തിലും കൂടണം’.
വേലായുധന്‍ ഒട്ടും അമാന്തിച്ചില്ല. അവളെ ഇരുകൈകള്‍കൊണ്ടും തന്നിലേക്കടുപ്പിച്ചു. പൊടുന്നനെയുള്ള ആലിംഗനത്തില്‍ പകച്ചെങ്കിലും മാധവി ആ സുഖത്തില്‍ അല്പമങ്ങനെ നിന്നു.
പിടിവിട്ട് പുറംതിരിഞ്ഞു നോക്കിയശേഷം വേലായുധന്‍ മാധവിയുടെ കവിളില്‍ ഒരു ചുംബനം നല്‍കി.
‘പോണം’
നാലു കണ്ണുകളിലും ആനന്ദക്കണ്ണീര്‍ നിറഞ്ഞു.
കേളപ്പജിയുടെ നേതൃത്വത്തില്‍ മന്നത്ത് പത്മനാഭന്‍, ഡോക്ടര്‍ രുഗ്മിണിഅമ്മ, സി.കുട്ടന്‍നായര്‍ എന്നിവരടങ്ങുന്ന നിവേദകസംഘം സാമൂതിരി രാജാവിനെ കാണാന്‍ തീരുമാനിച്ചെങ്കിലും അനുമതി കിട്ടിയില്ല. ക്ഷേത്രത്തില്‍ വരുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി ഉത്തരവാദി ആയിരിക്കുമെന്ന് സാമൂതിരി കേളപ്പന് മറുപടിക്കത്തയച്ചിരിക്കുകയാണ്.
വീരാംഗനയായി മാധവി മടങ്ങി. അന്നുരാത്രി വേലായുധന്‍ സുഖമായുറങ്ങി. തന്നെപ്പോലിതാ തന്റെ പാതിയും. ചേരേണ്ടവയെ ചേര്‍ത്തുനിര്‍ത്തുന്ന പ്രകൃതീ, നിനക്കെന്റെ പ്രണാമം.
ഏതാനും നാള്‍ കടന്നുപോയി. കയറുപിരിക്കല്‍ പണിയിലേര്‍പ്പെട്ട ഒരു ദിവസം അത് തീര്‍ത്തു ഉച്ചഭക്ഷണം വാങ്ങാന്‍ പാത്രമടുക്കാന്‍ സെല്ലിലെത്തിയപ്പോള്‍ അകത്ത് പുതിയൊരാള്‍.
‘ഞാനിപ്പോള്‍ വന്നതാ. പേര് സുബ്ബയ്യ’. അയാള്‍ സ്വയം പരിചയപ്പെടുത്തി.
‘എവിടുന്നാ, എന്താ കേസ്?’ വേലായുധന്‍ തിടുക്കപ്പെട്ടു. രണ്ടുപേരും ഭക്ഷണവിതരണസ്ഥലത്തേക്ക് നടക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു.
‘ഗുരുവായൂര്‍ന്നാ. സമരസ്ഥലത്തൂന്ന്.’
പൊടുന്നനെ കുളിര്‍മഴ പെയ്‌തൊരനുഭൂതിയില്‍ വേലായുധന്‍ നിന്നു. വിടര്‍ന്നുനിന്ന കണ്‍പോളകളില്‍ക്കിടയിലൂടെ അയാളെ നോക്കി. പിന്നീട് ചോദിച്ചു.
‘സമരം തുടങ്ങി?’
‘ഉം’
ഭക്ഷണശേഷം സെല്ലിനകത്തിരുന്ന് സുബ്ബയ്യ സമരവിശേഷങ്ങള്‍ പങ്കിട്ടു.
ഒക്ടോബര്‍ ഇരുപത്തൊന്നിന് കണ്ണൂരില്‍ നിന്നും ടി.സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെ നേതൃത്വത്തില്‍ ജാഥ പുറപ്പെട്ടു. വളണ്ടിയര്‍ ക്യാപ്റ്റന്‍ ആയി ഊര്‍ജ്ജസ്വലനായ പുതിയ ഒരു ചെറുപ്പക്കാരന്‍ എത്തിയിട്ടുണ്ടത്രേ. എ.കെ. ഗോപാലന്‍. കേളപ്പജി വഴി മധ്യത്തില്‍ പലയിടത്തും ചേര്‍ന്ന് ആവേശം നിറച്ചു.
ഏറനാട് താലൂക്കില്‍ ജാഥ ആക്രമിക്കപ്പെടുമെന്ന പേടി തോന്നിയത്രേ. അതിനാല്‍ ഫറോക്കില്‍ നിന്ന് തിരൂര്‍ വരെ ജാഥ തീവണ്ടിയിലാക്കി.
‘ഇരുപത്തൊന്നിലെ മുറിപ്പാട് പത്തുവര്‍ഷങ്ങള്‍ക്കിപ്പുറവും ഉണങ്ങാതെ നില്‍പ്പുണ്ട്. ഭയം ഒഴിയാബാധയായി ഏറനാടിനെ മൂടിയിരിക്കുന്നു. ഒരു നാട് ഒരു മതത്തിന്റെ അതിരുകളാല്‍ വരയ്ക്കപ്പെടുകയോ. മനുഷ്യര്‍ മനുഷ്യരെ ഭയന്ന് സഞ്ചാരവഴി മാറ്റേണ്ടി വരികയോ? നാം ഏതു കാലത്താണ് ജീവിക്കുന്നത് സുബ്ബയ്യ?’ വേലായുധന്‍ നിരാശ കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു.
‘ഞാനും അതേ ചിന്തയിലാണ്. കേളപ്പജിയും ഈ വേദന പങ്കിടുകയുണ്ടായി. അധിനിവേശം മതരൂപിയായി ആ മണ്ണിനെ കീഴടക്കിയിരിക്കുന്നു’. സുബ്ബയ്യയുടെ മുഖത്തും വിഷാദത്തിന്റെ കാര്‍മേഘക്കൂട്ടം.
ജാഥ കണ്ണന്റെ നാട്ടിലെത്തിയപ്പോള്‍ ജനസമുദ്രത്തിന്റെ വരവേല്‍പ്പ്. നവംബര്‍ ഒന്നിന് സത്യഗ്രഹം തുടങ്ങി. മുപ്പതുവാര അകലെ വേലികെട്ടി രണ്ടു ഗേറ്റുകളിലും കാവല്‍. വാകച്ചാര്‍ത്ത് തുടങ്ങുമ്പോള്‍ രണ്ടുപേര്‍ വീതം ശുഭ്രവസ്ത്രധാരികളായി അകത്തു കയറി സമരത്തിനെത്തും. രാത്രി വൈകുംവരെ സംഘങ്ങള്‍ മാറിമാറി ഹരേകൃഷ്ണ വിളികള്‍ മുഴക്കും. വൈകുന്നേരങ്ങളില്‍ കിഴക്കേ ആല്‍ത്തറയില്‍ പൊതുയോഗം. അവിടെ ക്ഷേത്രപ്രവേശനം ഇല്ലാത്തവര്‍ക്കടക്കം വിവാഹം, പേരുവിളി, ചോറൂണ്, പുരാണപാരായണം.
ഭക്തിയുടെ ഊഷ്മളതയില്‍ ആറാടി ഒരു സമരമുറ.
‘സമരമിപ്പോള്‍ രണ്ടു മാസം പിന്നിട്ടു. വേലി പൊളിച്ചു എന്നാരോപിച്ചാണ് എന്നെ പിടിച്ചത്. സന്ധ്യാനേരത്ത് ഭജനയുമായി സമരക്കാര്‍ സമീപപ്രദേശങ്ങളില്‍ ചുറ്റി വരാറുണ്ട്. അങ്ങനെ നടന്നപ്പോള്‍ കല്ലേറ് വന്നു. രക്ഷപ്പെടാന്‍ ഓടിയനേരം വേലിമേല് വീണു. അപ്പോഴാ എന്നെ പിടിച്ചത്’. സുബ്ബയ്യ വേലായുധന്റെ മനസ്സിനെ ഗുരുപവനപുരിയില്‍ എത്തിച്ചുകൊണ്ടേയിരുന്നു.
സുബ്ബയ്യക്ക് തമിഴ് വശമുണ്ടായിരുന്നതിനാല്‍ ദിവസേന പത്രത്തിലെ വിവരങ്ങള്‍ രണ്ടുപേരും അറിഞ്ഞുകൊണ്ടിരുന്നു. എ.കെ ഗോപാലന് മര്‍ദ്ദനമേറ്റതും സത്യഗ്രഹികള്‍ ക്ഷേത്രനടയില്‍ എത്തിയതും പത്രത്തില്‍ വന്നു.
വീണ്ടും പത്തു മാസങ്ങള്‍ പത്തുയുഗങ്ങള്‍ പോലെ കഴിച്ചു. സുബ്ബയ്യയും ക്ഷീണിച്ചു. മാധവിക്ക് എന്തായിക്കാണും. സുബ്ബയ്യ അവളെ പരിചയപ്പെട്ടിട്ടുണ്ടായിരുന്നില്ല.
കേളപ്പന്‍ നിരാഹാരം തുടങ്ങിയ കാര്യം തമിഴ് പത്രത്തിലെ വലിയ വാര്‍ത്തയിലൂടെ വേലായുധന്‍ അറിഞ്ഞു. എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിച്ച് കേരളത്തിന്റെ മഹാത്മാവായ കേളപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ ഗാന്ധിജി സാമൂതിരിപ്പാടിനോട് ആവശ്യപ്പെട്ടു. സാമൂതിരി വഴങ്ങിയില്ല.
‘നമുക്കും സത്യസമരത്തിന് സമയമായി’. വേലായുധന്‍ സുബ്ബയ്യയോട് പറഞ്ഞു.
‘അതെ’. സുബ്ബയ്യയുടെ മറുപടി വേലായുധനില്‍ ആവേശം വിതച്ചു.
ജയിലധികൃതര്‍ ഭക്ഷണത്തിന് നിര്‍ബന്ധിച്ചത് അഞ്ചാം നാള്‍ മാത്രം. രണ്ടുപേരും വഴങ്ങിയില്ല. സഹതടവുകാര്‍ക്ക് ആശങ്ക പെരുകി. ആറാംനാള്‍ രാവിലെ ഒരു കൈയില്‍ തമിഴ് പത്രവും മറുകയ്യില്‍ ഒരു പാത്രത്തില്‍ എന്തോ പാനീയവുമായി ജയില്‍ സൂപ്രണ്ട് അടുത്തേക്ക് വന്നു. വെള്ളം കുടിക്കില്ലെന്ന അര്‍ത്ഥത്തില്‍ ഇരുവരും തലയാട്ടി. സൂപ്രണ്ട് പത്രം നീട്ടി. സുബ്ബയ്യ അത് വാങ്ങി നിവര്‍ത്തി. വാര്‍ത്ത വായിച്ച് ശാന്തസ്വരത്തില്‍ വേലായുധനോട് പറഞ്ഞു.
‘ഗാന്ധിജിയുടെ പിറന്നാളാണിന്ന്. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് കേളപ്പജി ഇന്ന് ഉപവാസം നിര്‍ത്തും. ആവശ്യങ്ങള്‍ക്ക് നിവൃത്തിയുണ്ടാക്കാന്‍ ഗാന്ധിജി ഇടപെടാമെന്ന ഉറപ്പില്’.
വേലായുധന്‍ പുഞ്ചിരിച്ചു. സൂപ്രണ്ട് ഒപ്പമുണ്ടായിരുന്ന വാര്‍ഡന്റെ കയ്യിലുണ്ടായിരുന്ന ഗ്ലാസുകളിലേക്ക് പാത്രത്തിലെ പാനീയം പകര്‍ന്നു.
അമ്പലനടയില്‍ കേളപ്പനും ജയില്‍വരാന്തയില്‍ വേലായുധസുബ്ബയ്യമാരും ഒരേസമയം നാരങ്ങാനീര് നുണഞ്ഞ് ചുണ്ടുകള്‍ കൊണ്ട് മന്ത്രിച്ചു.
‘ഭാരത് മാതാ കീ ജയ്’
Comments