ഇന്നു ഞാനൊന്നും മിണ്ടാ-
തിരുന്നുകൊള്ളട്ടെ, മൗനം
മുഖരമാകട്ടെ, പണ്ടു
പറയാതെ മാറ്റിവച്ച
വാക്കുകള്‍ മാത്രമിന്നു
വാചാലമായിടട്ടെ
ചില കാര്യങ്ങള്‍ തിരഞ്ഞു
തിരിച്ചുപോകട്ടെ എന്റെ
മടിയില്‍ നിന്നൂര്‍ന്നു വഴിയി-
ലെങ്ങോ വീണുപോയ
മഞ്ചാടിമണികള്‍ വീണ്ടും
തേടിനോക്കട്ടെ
തുണിയൊന്നു വെള്ളം നന-
ച്ചെടുക്കട്ടെ, മാറാല
തുടയ്ക്കട്ടെ, മനസ്സിന്റെ
മച്ചിന്‍ പുറങ്ങളില്‍
കേറിനോക്കട്ടെ, പഴയ
കുടുക്കയൊന്നെുടുത്തതു
പൊട്ടിച്ചു നോക്കീടട്ടെ
എണ്ണിനോക്കട്ടെ,കൂട്ടി-
വെച്ചയിഷ്ടങ്ങള്‍,കളഞ്ഞു
പോയെന്നു തീര്‍പ്പിട്ട
സ്വപ്നങ്ങള്‍ മഴവില്ലു
തീര്‍ത്തിട്ടു മാഞ്ഞു
മറഞ്ഞ വര്‍ണ്ണങ്ങളും.
ചെന്നുനില്‍ക്കട്ടെ നില-
ക്കണ്ണാടിമുന്നില്‍, കണ്ടു
തിരിച്ചറിയട്ടെ,യതില്‍
തെളിയുന്ന മുഖങ്ങളാ-
മുഖങ്ങളില്‍ കുറിയിട്ട
നിഴലുകള്‍ വെളിച്ചങ്ങളും.
തിരിയൊന്നു നീക്കി വെട്ടം
തെളിക്കട്ടെ, യെന്നിട്ടു
കാണട്ടെ വീണ്ടുമെന്‍
വിരലില്‍ വിരല്‍ കോര്‍ത്തു
പിടിച്ചേറെ ദൂരം താണ്ടി-
യിടയ്ക്കു പിടിവിട്ടു
പൊയ്‌പോയ കരങ്ങളെ.
ഒരുമാത്ര മാത്രയല്ലീ-
യിടവേള, ഞാനൊട്ടൊ-
ന്നിരിക്കട്ടെ, തിരക്കുകള്‍
മാറ്റിവെക്കട്ടെ, ശ്വാസം
നേരെയാക്കട്ടെ, തുലാ-
സ്സിന്‍ തട്ടു രണ്ടും തീര്‍ത്തു
മൊഴിച്ചിട്ടു നന്നായി-
ത്തുടയ്ക്കട്ടെ, കറുപ്പിലും
വെളുപ്പിലും വരച്ചിട്ട
ചിത്രങ്ങള്‍ മായിച്ചു
ചുമരുകള്‍ വൃത്തിയാ-
യൊരുക്കിവെച്ചീടട്ടെ.
ഞാനൊന്നിരുന്നുകൊള്ളട്ടെ.