Thursday, May 19, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

കണ്ണീരുണങ്ങാത്ത ഓര്‍മ്മകളിലെ പ്രേമഗായകന്‍

കല്ലട ഷണ്‍മുഖന്‍

Print Edition: 16 August 2019

ആ കണ്ണീര്‍പുരണ്ട സ്മരണയ്ക്കു എണ്‍പത്തിമൂന്ന് തികഞ്ഞപ്പോള്‍, പ്രേമഗായകനായ, മലയാള കവിതയുടെ മണി നാദമായിരുന്ന ഇടപ്പള്ളി രാഘവന്‍പിള്ളയ്ക്ക് 110-ാം ജന്മവാര്‍ഷികം. മലയാള കവിതയില്‍ കാല്പനിക പ്രസ്ഥാനത്തിന് ഗണ്യമായ സംഭാവനനല്‍കിയ ഇടപ്പള്ളി കവികളില്‍ ഒരാളായ രാഘവന്‍പിള്ള 1909 ജൂണ്‍ 30 നാണ് (കൊല്ലംവര്‍ഷം 1084 ഇടവം 17) ജനിച്ചത്. പഴയ തിരുവിതാംകൂറിലെ എക്‌സൈസ് വകുപ്പില്‍ ശിപായിയായിരുന്ന ഇടപ്പള്ളി ഇളമക്കര പാണ്ഡവത്തുവീട്ടില്‍ നീലകണ്ഠപ്പിള്ളയുടേയും വടക്കന്‍ പറവൂര്‍ കോട്ടുവഞ്ചി കിഴക്കേപ്രം മുറിയില്‍ താഴോത്തു വീട്ടില്‍ മീനാക്ഷിയമ്മയുടേയും പ്രഥമ പുത്രനാണ്. രാഘവന്‍പിള്ളയുടെ ബാല്യകാല ദശയില്‍ത്തന്നെ രോഗതുരയായ മാതാവ് മരിച്ചു. തുടര്‍ന്ന് പിതാവ്, ഇടപ്പള്ളിയിലെ മറ്റൊരു കരയായ വടക്കേക്കുന്നംതോപ്പില്‍ ഭവനത്തില്‍ നിന്നും പുനര്‍വിവാഹം നടത്തി. പിതാവിന്റെ നിര്‍ബന്ധപ്രകാരം രാഘവന്‍പിള്ളയും അനുജനും രണ്ടാനമ്മയുടെ ഭവനത്തിലേക്ക് മാറി താമസിക്കേണ്ടി വന്നു. രണ്ടാനമ്മയുമൊത്തുള്ള കുടുംബ ജീവിതത്തില്‍ പൊരുത്തപ്പെടാനാകാതെ അനുജനായ ഗോപാലപിള്ള പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ നാടുവിട്ടു. ഒപ്പം, രണ്ടാനമ്മയുമൊത്തുള്ള കുടുംബജീവിതത്തിലെ അസ്വാസ്ഥ്യങ്ങള്‍ നിരന്തരം അനുഭവിക്കേണ്ടി വന്ന രാഘവന്‍പിള്ള വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ അപ്രസന്നനും ഏകാകിയും അന്തര്‍മുഖനും വ്രണിതഹൃദയനുമായിരുന്നു.

ഇടപ്പള്ളിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ സ്വതഃസിദ്ധമായ കവിതാ വാസന പ്രകടിപ്പിച്ചുതുടങ്ങി. ഇടപ്പള്ളി സാഹിത്യസമാജത്തിലെ അംഗത്വവും, മേലേത്ത് അച്ചുതമേനോന്‍, ഇടപ്പള്ളി കരുണാകരമേനോന്‍ തുടങ്ങിയ പ്രഗല്‍ഭരായ വ്യക്തികളുമായുള്ള സഹവര്‍ത്തിത്വവും അദ്ദേഹത്തിന്റെ ജന്മവാസനയെ പരിപോഷിപ്പിച്ചുപോന്നു. ഇക്കാലത്താണ് ഇടപ്പള്ളി കവികളില്‍ മറ്റൊരാളായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുമായി രാഘവന്‍പിള്ള പരിചയപ്പെടുന്നത്. കൊല്ലവര്‍ഷം 1102-ല്‍ തേഡ് ഫാറം ജയിച്ച രാഘവന്‍പിള്ള ഇളമക്കരയിലെ പ്രശസ്തമായൊരു ധനിക കുടുംബത്തില്‍ ട്യൂഷന്‍ മാസ്റ്ററായി പ്രവര്‍ത്തിച്ചുകൊണ്ട്, അവരുടെ തന്നെ സഹായത്താല്‍ എറണാകുളത്തുള്ള ഹൈസ്‌ക്കൂളില്‍ (എസ്.ആര്‍.വി.എച്ച്.എസ്.) വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. സ്‌കൂള്‍ ഫൈനല്‍ പരീക്ഷയില്‍ വിജയിയായതോടെ ആ ഭവനത്തിലെ കാര്യസ്ഥ പദവികൂടി സ്വീകരിച്ചുകൊണ്ട് അവിടെത്തന്നെ സ്ഥിരതാമസമാക്കി.

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ പ്രേമബദ്ധനായി കഴിഞ്ഞിരുന്നു രാഘവന്‍പിള്ള. അതുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ കൊല്ലവര്‍ഷം 1110 മാണ്ടടുപ്പിച്ച് ഇടപ്പള്ളി വിടുകയും തിരുവനന്തപുരത്തെ ഭാഷാഭിവര്‍ദ്ധിനി ബുക്ക് ഡിപ്പോയുമായി ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്ന് ചില സുഹൃത്തുക്കളുടെ സഹായത്താല്‍ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന പ്രതിവാരപത്രം ‘ശ്രീമതിയില്‍ കണക്കപ്പിള്ളയായി നിയമിതനായി. ശ്രീമതിയുടെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ കേരള കേസരി പത്രത്തില്‍ ഗുമസ്തപ്പണി നോക്കി. ഇക്കാലയളവുകളില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളരാജ്യം, ചിത്രവാരിക എന്നിവയിലൂടെ രാഘവന്‍പിള്ളയുടെ കവിതകള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.

പ്രേമതാരള്യവും, വിഷാദാത്മകതയും, മൃത്യുചിന്തയുമാണ് രാഘവന്‍പിള്ളയുടെ കവിതകളുടെ മുഖമുദ്രകള്‍. തിരുവനന്തപുരത്ത് താമസിക്കവേ, മഹാകവി ഉള്ളൂരുമായി പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ പ്രശംസനീയമായ മുഖവുരയോടെ 1110 മിഥുനത്തില്‍ പ്രഥമ സമാഹാരമായ ‘തുഷാരഹാരം’ പ്രകാശിപ്പിച്ചു. കേരള കേസരി പത്രത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ തിരുവനന്തപുരത്തുള്ള ജീവിതം മതിയാക്കി പ്രശസ്ത വക്കീലായിരുന്ന വൈക്കം നാരായണപിള്ളയുടെ നിര്‍ബന്ധപ്രകാരം കൊല്ലത്തെത്തി അദ്ദേഹത്തിന്റെ വസതിയില്‍ താമസമാരംഭിച്ചു. ഇക്കാലത്ത് രണ്ടാമത്തെ കൃതി ഹൃദയസ്മിതവും തുടര്‍ന്ന് നവ സൗരഭവും പ്രസിദ്ധീകരിച്ചു. ജന്മദേശമായ ഇടപ്പള്ളി വിട്ടെങ്കിലും കൗമാരത്തില്‍ മൊട്ടിട്ട പ്രേമം ഇടപ്പള്ളിയുടെ മനസ്സില്‍ അണയാതെ ജ്വലിച്ചു നിന്നു. തന്റെ സ്വകാര്യ ജീവിതത്തിലെ ഏക സാന്ത്വനമായിരുന്ന പ്രേമവും നിഷ്ഫലമായെന്നറിഞ്ഞതോടെ അടിപതറിയ ജീവിതം അവസാനിപ്പിക്കുവാന്‍ കരയാനായി പിറന്നൊരാകാമുകന്‍ തീരുമാനിക്കുകയായിരുന്നു. വൈക്കം നാരായണപിള്ളയുടെ വസതിയില്‍ തന്നെ രാഘവന്‍പിള്ള ജീവനൊടുക്കി. 27-ാം വയസ്സില്‍ കൊല്ലവര്‍ഷം 1111 മിഥുനം 21 നായിരുന്നു ആ ദാരുണാന്ത്യം

“നീണ്ട കരച്ചിലുകള്‍, ഊഷ്മള നെടുവീര്‍പ്പുകള്‍, അവിച്ഛിന്നമായി ഉദ്ഗളിച്ച് പരിക്ഷീണമായി, പരിതപ്തമായി, ആ മുരളിക തകരുകയായിരുന്നു. തികഞ്ഞ ആദര്‍ശവാദിയും വികാരഭരിതനുമായിരുന്ന രാഘവന്‍പിള്ള, സ്വയം ഒരു സങ്കല്പലോകം സൃഷ്ടിച്ച്, നിരാശയെ പ്രതിഷ്ഠിച്ച്, അവിടെനിന്നും മരണദിനത്തിന്റെ മണിനാദം മുഴക്കി, മലയാള കാവ്യലോകത്തിന് കണ്ണീര്‍ പുരണ്ട സ്മരണയാകുകയായിരുന്നു. മഹത്തായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രാക്തനനഗരമായ കൊല്ലത്തിന് പ്രേമഗായകനായ ഇടപ്പള്ളിയുടെ ദുരന്ത ദുഃഖം നെഞ്ചിലേറ്റേണ്ടി വന്നത് കാവ്യാരാധകരായ സുമനസ്സുകള്‍ക്കെന്നും കുത്തിനോവിക്കുന്ന അനുഭവമായി.

പണവും പ്രതാപവുമുള്ള വീട്ടിലെ യുവതിക്ക് രാഘവന്‍പിള്ള തന്റെ പ്രണയം സമര്‍പ്പിച്ചതോടെ ജീവിതം ദുരന്തപൂര്‍ണ്ണമാകുകയായിരുന്നു. ‘കവി തന്നെ വിശേഷിപ്പിച്ച അപങ്കിലമായ പ്രേമസര്‍വ്വസ്വത്തെ ധീരോദാത്തനായ ഒരു നായകന്റെ പൗരുഷത്തോടുകൂടി എന്തുകൊണ്ട് സ്വായത്തമാക്കാന്‍ കഴിഞ്ഞില്ലെന്ന് സംശയം ഉയര്‍ത്തിയവര്‍ ഏറെയുണ്ട്.
‘ഉള്‍ക്കരുത്തൊന്ന് കരസ്ഥമെങ്കി-
ലൊക്കെയും സാധ്യമെന്ന്’ കവി തന്നെ വെളിപ്പെടുത്തിയതില്‍ നിന്നും, യാഥാര്‍ത്ഥ്യങ്ങളോട് മല്ലിടുവാനുള്ള കരുത്ത് അദ്ദേഹത്തിന് ഇല്ലായിരുന്നുവെന്നു വേണം കരുതാന്‍. എന്നാല്‍ പ്രേമനൈരാശ്യത്തില്‍ നിന്നും മോചനം നേടാന്‍ ചങ്ങമ്പുഴ കത്തിലൂടെ അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചതും വിഫലമായി.

ചങ്ങമ്പുഴ

‘നിസാരമായൊരു പെണ്ണുമൂലം
നിത്യനിരാശയില്‍ നിന്റെ കാലം
അഖിലം പാഴാക്കയെന്നതാണോ
ജീവിതധര്‍മ്മം? ഒന്നോര്‍ത്തുനോക്കൂ’, ഈ കത്തിനും അദ്ദേഹത്തെ തടുത്തു നിര്‍ത്താനായില്ല.
രാഘവന്‍പിള്ള തന്റെ കാമുകിയുടെ പിതാവും പ്രമുഖ അഭിഭാഷകനുമായ വി.എന്‍. നാരായണപിള്ളയുടെ ഗൃഹത്തിലായിരുന്നു താമസം. നാരായണപിള്ള, രാഘവന്‍പിള്ളയോട് അതിരറ്റ സ്‌നേഹം പ്രകടിപ്പിച്ച് പോരുകയും ചെയ്തിരുന്നു. നാരായണപിള്ളയുടെ ഭാര്യാവീട് ഇടപ്പള്ളിയിലായിരുന്നു. ആ പരിചയം വച്ചാണ് രാഘവന്‍പിള്ള കൊല്ലത്തെത്തിയത്. അതിന് മുമ്പേ അദ്ദേഹത്തിന്റെ കാവ്യസൗരഭം മലയാളമനസ്സുകളില്‍ പടര്‍ന്നു കയറിയിരുന്നു. നവസൗരഭം, ഹൃദയസ്മിതം, തുഷാരഹാരം, മണിനാദം ഇവയിലെ വരികള്‍ ഉരുവിടാത്ത കാവ്യാസ്വാദകരില്ല.

പ്രണയമധുവൂറി നിന്ന വികാരഭരിതമായ ഹൃദയത്തിന്റെ കിളിക്കൊഞ്ചലായിരുന്നു ആ കാമുകഗായകന്റെ ഗാനാലാപം. അസ്വതന്ത്രതകളുടെയും അസമത്വങ്ങളുടെയും ആശയശ്യംഖല ഖണ്ഡിച്ച് കുതിച്ചുപായുവാനുള്ള ഒരു വെമ്പലും അതില്‍ സ്ഫുരിച്ചിരുന്നു. ആ വെമ്പല്‍ അദ്ദേഹത്തെ ആത്മാഹുതിയിലെത്തിക്കുകയായിരുന്നു. പരാജയമനോഭാവത്തിന്റെ പശ്ചാത്തലത്തില്‍ ഭാവനാവിരചിതവും കൃത്രിമവുമായ ഒരന്തരീക്ഷത്തില്‍ ക്ഷീണചിത്തനായി, ഹൃദയമുരുകി, ഓമനിച്ചു വളര്‍ത്തിയിരുന്ന ആദര്‍ശങ്ങളുടെ യജ്ഞവേദിയിലദ്ദേഹം ആത്മാവിനെസമര്‍പ്പിച്ചു. നാരായണപിള്ളയുടെ ആനന്ദവിലാസം വീടിനോട് ചേര്‍ന്നുള്ള വക്കീല്‍ ഓഫീസിന്റെ ഉത്തരത്തിലാണ് ആ മഹാകവി ജീവനൊടുക്കിയത്.

ഉത്ക്കടമായ പ്രേമത്തെ ഒരു വേള ആശ്ലേഷിക്കുകയും അതേ സമയം അദ്ദേഹത്തിന്റെ മൃദുലഹൃദയത്തെ നിഷ്ഠൂരമായ ലോകയാഥാര്‍ത്ഥ്യങ്ങള്‍ ശോകാത്മകമായി രൂപാന്തരപ്പെടുത്തിയപ്പോള്‍ നിരാശയോടെ വേണ്ടെന്ന് വെക്കുകയും മരണത്തെ ആനന്ദാനുഭവമായി വിശേഷിപ്പിക്കുകയും ചെയ്ത ഭാവപരിണാമങ്ങള്‍ അദ്ദേഹത്തിന്റെ കവിതകളില്‍കൂടിതന്നെ വായിച്ചെടുക്കാവുന്നതാണ്.

‘അനഘചൈതന്യത്തികവാം പ്രേമത്തില്‍
കനകം പൂശുന്ന കിരണമേ!
ഇരുള്‍തിങ്ങുമെന്റെ ഹൃദയത്തിലെന്താ-
ണിനിയും നിന്‍കാന്തി ചൊരിയാത്തു….’ എന്നു പാടിയ കവിക്ക്
പിന്നീടുണ്ടായ വീണ്ടുവിചാരമാണിത്:
‘അഴകിന്റെ തൂവെള്ളി കിണ്ണമെല്ലാം
അഴലു നിറഞ്ഞവയായിരുന്നു….
സ്ഫടികാഭമാകുമരുവികള്‍ തന്ന-
ടിയെല്ലാം പങ്കിലമായിരുന്നു’…
‘മധുരമാമാശകള്‍ മണ്ണടിഞ്ഞു
മരണത്തിന്‍ചുണ്ടില്‍ ചിരിപൊഴിഞ്ഞു’…
കവി പിന്നീട് മരണത്തെ സ്വാഗതം ചെയ്യുകയായിരുന്നു.

‘.മരണമേ! മമസ്വാഗതം ഭൂവില്‍മേ-
ലമരണമെന്നതാശിപ്പതില്ല ഞാന്‍
ധരണിയാമിരുള്‍ക്കുണ്ടില്‍ നിന്നേക്കും
ശരണമേകുക, ശാശ്വതാനന്ദമേ!’

മരണത്തിന്റെ ശാശ്വതാനന്ദത്തില്‍ പ്രേമഗായകനായ ഇടപ്പള്ളി അലിഞ്ഞു ചേര്‍ന്നു.
ചുരുങ്ങിയ കാലഘട്ടത്തിനകം ഏതാനും സ്വച്ഛന്ദഗീതങ്ങള്‍കൊണ്ടു മാത്രം തന്റെ യശഃസ്തംഭം പ്രതിഷ്ഠിക്കുവാന്‍ ഇടപ്പള്ളിക്ക് കഴിഞ്ഞു. രാഘവന്‍പിള്ളയുടെ ഹൃദയം മൃദുവും ക്ഷിപ്ര സ്പര്‍ശിയുമായിരുന്നു. ഉദാരമായ ആ ഹൃദയം തൊട്ടാവാടിയായി രൂപാന്തരപ്പെടുവാന്‍ സാരമായ കാരണങ്ങളൊന്നും ചിലപ്പോള്‍ വേണ്ടിയിരുന്നില്ലെന്ന് തട്ടായത്ത് പരമേശ്വരപണിക്കര്‍ അനുസ്മരിച്ചിട്ടുണ്ട്. അതേ കാരണത്താല്‍ രാഘവന്‍പിള്ളയുടെ കവിത വിഷാദാത്മകമാണെന്നും പരാജയപ്രസ്ഥാനത്തില്‍ ഉള്‍പ്പെട്ടതാണെന്നുമുള്ള വിമര്‍ശകമതവും അനുസ്മരിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ വിഷാദാത്മകത്വം അകൃത്രിമരമണീയമാണ്. സ്വജീവരക്തം കൊണ്ട് അതിന് അദ്ദേഹം ആത്മാര്‍ത്ഥത കൂട്ടി. ലൗകികജീവിതത്തില്‍ ഉണ്ടാകുന്ന പരാജയങ്ങള്‍ കവിതാ വിഷയമാക്കുന്നതില്‍ കവി പ്രദര്‍ശിപ്പിച്ച സാമര്‍ത്ഥ്യവും സൂക്ഷ്മദൃഷ്ടിയും സമുദായമാലിന്യങ്ങളെ ദൂരീകരിച്ച് ശുദ്ധമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നതിന് പര്യാപ്തമായിരുന്നു. തന്മൂലം ജനതയുടെ ഉറങ്ങിക്കിടന്ന ചിന്താശക്തിയെ ഉണര്‍ത്തിവിടുന്ന പരാജയപ്രസ്ഥാനക്കാര്‍ മനുഷ്യ സമൂഹത്തിന്റെ വിജയപതാക പിടിച്ചുകൊണ്ട് മുന്നണിയില്‍ നടക്കുന്ന യോദ്ധാക്കള്‍ ആകുന്നുവെന്ന് പരമേശ്വരപണിക്കര്‍ പറയുന്നു.

“സമ്പത്തിന്റേയും സമുദായത്തിന്റേയും കിങ്കരന്മാരായ അസമത്വങ്ങളും അസ്വാതന്ത്ര്യങ്ങളും വ്യക്തികളെ ശ്വാസം മുട്ടിക്കാതിരുന്നുവെങ്കില്‍, ധിഷണാ വിലാസത്തിന് മുമ്പില്‍ പാരമ്പര്യമഹിമ വിലങ്ങടിച്ച് നില്‍ക്കാതിരുന്നുവെങ്കില്‍, മനുഷ്യത്വത്തിന് മാനവസമുദായത്തിന്റെ ഉപരിതലത്തിലേക്കുയരുവാന്‍ കഴിവുണ്ടായിരുന്നുവെങ്കില്‍27 -ാം വയസ്സില്‍ ആത്മാഹൂതി ചെയ്ത രാഘവന്‍പിള്ളയില്‍ നിന്നും മലയാളസാഹിതിക്ക് ദീര്‍ഘകാലം വിലപ്പെട്ട സംഭാവനകള്‍ ലഭിക്കുമായിരുന്നു.

‘അങ്കുശമില്ലാത്ത ചാപല്യമേ മന്നി-
ലംഗനയെന്നു വിളിക്കട്ടെ നിന്നെ ഞാന്‍’
പ്രേമകാമുകനായ ഇടപ്പള്ളിയുടെ വേര്‍പാട് വിശ്വവശ്യമായൊരു പ്രണയകാവ്യത്തിന് വിത്തുപാകി-അതാണ് ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണന്‍. പ്രേമഗായകാ, അങ്ങയുടെ ആത്മശാന്തിക്കായി 110-ാമതു ജന്മവാര്‍ഷിക നിറവിലും വേര്‍പാടിന്റെ 83-ാം വര്‍ഷത്തിലും മുളങ്കാടകത്തെ സ്മൃതിമണ്ഡപത്തില്‍ കൈരളിയുടെ കണ്ണീരുണങ്ങാത്ത സ്മരണാഞ്ജലിയര്‍പ്പിച്ച് വിടചൊല്ലട്ടെ!

Tags: ഇടപ്പള്ളി രാഘവന്‍പിള്ളചങ്ങമ്പുഴതുഷാരഹാരം
Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മന്ത്രമഴ പൊഴിയുന്ന കൊട്ടിയൂര്‍

കുഴിമാന്താന്‍ കുഴിമന്തി

കോമരം (വെളിച്ചപ്പാട്)

സ്വത്ത് വിവരവും നികുതിക്കെണികളും

പി.സി.ജോര്‍ജ്ജ് – ജിഹാദികളുടെ കണ്ണിലെ കരട്‌

ആത്മബോധമുണര്‍ത്തിയ അനന്തപുരി ഹിന്ദു മഹാസംഗമം

Kesari Shop

  • വിവേകപീഠം - വിശേഷാൽ പതിപ്പ് 2020 ₹100.00
  • കേസരി വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്) ₹8,000.00
  • കേസരി ആജീവനാന്ത വരിസംഖ്യ ₹20,000.00
Follow @KesariWeekly

Latest

പ്രകൃതി അഥവാ ഈശ്വരന്റെ നിയമം.

ശ്രീനാരായണ ഗുരുവും മോദിയും

കണികാണും കണിക്കൊന്ന

കെടുകാര്യസ്ഥതയുടെ പാപഭാരം

ഒരു ദേശത്തിന്റെ കഥയായി മാപ്പിള കലാപം

ഒവൈസിമാരുടെ അങ്കലാപ്പ്‌

ദുര്‍ഗ്രാഹ്യമായ സ്ത്രീഹൃദയം

ശിഷ്യനായി മണ്ഡനമിശ്രന്‍ (നിര്‍വികല്പം 15)

വിശുദ്ധി ചക്രം

മന്ത്രമഴ പൊഴിയുന്ന കൊട്ടിയൂര്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies