മലബാര്‍ കലാപം പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കും എതിരായിരുന്നുവെന്ന് ഡോ.കെ.എന്‍. പണിക്കര്‍ എഴുതിയിട്ടുണ്ട്. പ്രഭു എന്നതുകൊണ്ട് പണിക്കരുദ്ദേശിച്ചത് മലബാറിലെ ഹിന്ദു ജന്മിയെയാണ്. രാജവാഴ്ച എന്നതു കൊണ്ടുദ്ദേശിച്ചത് ബ്രിട്ടീഷ് ഭരണത്തെയും. പ്രഭുത്വവും രാജവാഴ്ചയും എതിര്‍ക്കപ്പെടേണ്ടവയാണ്. എതിര്‍പ്പിലൂടെ നേടാന്‍ ഇച്ഛിക്കുന്നത് ജനാധിപത്യമായിരിക്കണമല്ലോ. അപ്പോള്‍ ആ സമരം ഒരു സ്വാതന്ത്ര്യ സമരമാകുന്നു.
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മലബാര്‍ കലാപം പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ എന്ന തന്റെ പുസ്തകത്തില്‍ ഡോ പണിക്കര്‍ എന്താണ് കണ്ടെത്തുന്നത്? അത് സ്വാതന്ത്ര്യ സമരമാണ് എന്നാണോ? മലബാര്‍ കലാപം സ്വാതന്ത്ര്യ സമരമായിരുന്നുവോ?
പണിക്കരുടെ പ്രസ്തുത ഗ്രന്ഥം പതിനെട്ടാം ശതകത്തില്‍ ടിപ്പുസുല്‍ത്താനും പത്തൊമ്പതാം ശതകത്തില്‍ ബ്രിട്ടനും ഭരിച്ച മലബാറിലെ സാമ്പത്തിക പ്രശ്‌നങ്ങളാണ് ആദ്യഭാഗത്ത് പ്രധാനമായും വിശദമായും പ്രതിപാദിക്കുന്നത്.
മലബാറില്‍ നിലനിന്ന സാമ്പത്തികാസമത്വങ്ങളെക്കുറിച്ച് പണിക്കര്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ടിപ്പുവിന്റെ നികുതി നിരക്കുകളേക്കാള്‍ ഉയര്‍ന്നതായിരുന്നു ബ്രിട്ടന്റേത് എന്നതാണ് മലബാറിലെ ബ്രിട്ടീഷ് വിരോധത്തിനടിസ്ഥാനം എന്ന് സ്ഥാപിക്കാന്‍ പണിക്കര്‍ ശ്രമിക്കുന്നു. ടിപ്പു ഏറ്റവുമൊടുവില്‍ പിരിച്ചത് 20,09,655 രൂപയ്ക്ക് തുല്യമായ 6,69,885 മൈസൂര്‍ നാണയമായിരുന്നുവത്രെ. 1792 ല്‍ ആണ് മലബാര്‍ ബ്രിട്ടീഷ് അധീനതയിലായത്. 1801 മുതല്‍ 1853 വരെയുള്ള ബ്രിട്ടന്റെ ഭൂനികുതി പിരിവുകണക്ക് പണിക്കര്‍ ഇക്കാണുംവിധം രേഖപ്പെടുത്തിയിരിക്കുന്നു.(പേജ്: 19, 20)
1801 മുതല്‍ 1853 വരെയുള്ള ബ്രിട്ടന്റെ ഭൂനികുതി പിരിവുകണക്ക്
1801-1808 18,59,942/-
1808-1813 17,11,958/-
1813-1818 16,93,248/-
1818-1823 16,91,155/-
1823-1828 16,23,628/-
1828-1833 15,77,764/-
1833-1838 16,10,460/-
1838-1843 16,41,455/-
1843-1848 16,45,418/-
1848-1853 16,22,206/-
1792 ല്‍ ടിപ്പു പിരിച്ച 20,09,695 രൂപയെക്കാള്‍ വളരെ വളരെ കുറവായിരുന്നു ബ്രിട്ടീഷുകാര്‍ 19, 20 നൂറ്റാണ്ടുകളില്‍ പോലും പിരിച്ചെടുത്തത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നെല്‍ക്കൃഷിയുടെയും പറമ്പുകൃഷിയുടെയും വര്‍ദ്ധന ഇക്കാലം കൊണ്ട് ക്രമത്തില്‍ 34 ഉം 43 ഉം ശതമാനമായിരുന്നു എന്നും പണിക്കര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നുണ്ട്. പത്തൊമ്പതാം ശതകത്തിന്റെ ആദ്യപകുതിയിലും ബ്രിട്ടന്റെ നികുതിനിരക്കുകള്‍ മാറ്റമില്ലാതെ തുടര്‍ന്നു.
ഈ പട്ടികയും കണക്കും പരിശോധിച്ചാല്‍ പണിക്കരുടെ വാദങ്ങളെയും നിഗമനങ്ങളെയും ഖണ്ഡിക്കാന്‍ ആവശ്യമായ വസ്തുതകള്‍ കണ്ടെത്താം. അത് ഇപ്രകാരം-
1. ടിപ്പുവിന്റെ നികുതിനിരക്കിനേക്കാള്‍ വളരെ കുറവായിരുന്നു വര്‍ഷങ്ങള്‍ക്കുശേഷം 1801ലെ ബ്രിട്ടീഷ് നികുതിനിരക്ക്.
2. പത്തൊമ്പതാം ശതകം മുഴുവന്‍ ബ്രിട്ടീഷ് നിരക്കുകള്‍ മാറ്റമില്ലാതെ തുടര്‍ന്നു.
3. ഒരു നൂറ്റാണ്ടുകൊണ്ട് രൂപയുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവും കാര്‍ഷികോല്പന്നങ്ങളുടെ അളവിലുണ്ടായ വര്‍ധനവും കൃഷിഭൂമിയുടെ വിസ്തീര്‍ണത്തിലുണ്ടായ വര്‍ധനവും ബ്രിട്ടീഷുകാര്‍ പരിഗണിച്ചിട്ടില്ല, നികുതിവര്‍ദ്ധനവ് വരുത്തിയിട്ടുമില്ല.
സ്വന്തക്കാര്‍ക്ക് നികുതിയിളവുകള്‍ നല്‍കുകയും നികുതിനിര്‍ണ്ണയത്തില്‍ പാകപ്പിഴകള്‍ വരുത്തുകയും ചെയ്തിരിക്കാം ബ്രിട്ടന്‍. അത് അസാധാരണമായ കുറ്റകൃത്യമോ വിവേചനമോ ആയി ഗണിക്കേണ്ടതില്ല. ബ്രിട്ടീഷ് ഇന്ത്യയിലെ ഇതര ഭാഗങ്ങളിലും തിരുവിതാംകൂര്‍ അടക്കമുള്ള നാട്ടുരാജ്യങ്ങളിലും സര്‍വ്വസാധാരണമായിരുന്നു അത്. ഇരുപതാം ശതകത്തില്‍ മാത്രമാണ് ബ്രിട്ടന്‍ നികുതി വര്‍ധിപ്പിച്ചത്. അത് ലോകമഹായുദ്ധത്തിന്റെ ചെലവ് വഹിക്കാന്‍ വേണ്ടിയായിരുന്നു. നികുതി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ലെവി ചുമത്തലും അവശ്യ വസ്തുക്കളുടെ വില വര്‍ദ്ധിപ്പിക്കലും ഉണ്ടായി രാജ്യമെങ്ങും. രാജ്യമെങ്ങും എന്നല്ല, ബ്രിട്ടീഷ് സാമ്രാജ്യത്തിലെങ്ങും എന്നാണ് പറയേണ്ടത്. മലബാറില്‍ മാത്രമായി ബ്രിട്ടന്‍ സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല എന്ന് വ്യക്തമാക്കാനാണ് ഇത്രയും കാര്യങ്ങള്‍ രേഖപ്പെടുത്തുന്നത്.
കുടിയൊഴിപ്പിക്കലും പാട്ടം പിരിക്കലുമാണ് ജനങ്ങളെ ദുരിതത്തിലാക്കിയ മറ്റു കാര്യങ്ങള്‍. കാണങ്ങള്‍, പലതരം പാട്ടങ്ങള്‍, ജന്മം തുടങ്ങിയ വിവിധയിനം ഭൂവുടമ ബന്ധങ്ങള്‍ 19, 20 ശതകങ്ങളില്‍ മലബാറില്‍ നിലനിന്നിരുന്നു. ഭൂമി ഏറെയും ചില സവര്‍ണ്ണ ഹിന്ദുക്കളുടെ ഉടമസ്ഥതയിലായിരുന്നു. എന്നാല്‍ കുടിയാന്മാരുടെ എണ്ണം ലക്ഷക്കണക്കിനായിരുന്നു. 1901ല്‍ 2,82,704 കുടിയാന്മാര്‍ ഉണ്ടായിരുന്നു മലബാറില്‍. (പേജ്: 39) ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരുന്നു. ആനുപാതിക വര്‍ദ്ധനവ് കൃഷിഭൂമിയുടെ വിസ്തീര്‍ണത്തിലോ ഉത്പാദനത്തിലോ ഉണ്ടായില്ല. ഇത് മലബാറിലെ ദാരിദ്ര്യത്തിന് ആക്കം കൂട്ടി. ഭൂമിയുടെ മൂല്യം വര്‍ധിച്ചതോടെ ഭൂവുടമകള്‍ ശുഷ്‌കാന്തിയോടെ ഉടമസ്ഥത മുറുകെപ്പിടിച്ചുതുടങ്ങുകയും ചെയ്തു. തത്ഫലമായി, കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ കോടതികളിലെത്തിത്തുടങ്ങി. 1842-52 ദശകത്തില്‍ വിവിധ കോടതികളിലുണ്ടായിരുന്ന കുടിയൊഴിക്കല്‍ വ്യവഹാരങ്ങളുടെ ഒരു പട്ടിക കെ.എന്‍പണിക്കര്‍ തന്റെ ഗ്രന്ഥത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. (പേജ്: 54)
1842-52 കാലത്തെ വ്യവഹാരങ്ങള്‍
മുസ്ലിമിനെതിരെ ഹിന്ദു -232
ഹിന്ദുവിനെതിരെ ഹിന്ദു -680
ഹിന്ദുവിനെതിരെ മുസ്ലിം -73
മുസ്ലിമിനെതിരെ മുസ്ലിം -55
കുടിയൊഴിപ്പിച്ചു കിട്ടാനായി ഭൂവുടമകള്‍ കൊടുത്ത കേസുകളാണോ കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്ന ഭൂവുടമയ്‌ക്കെതിരെ കുടികിടപ്പുകാര്‍ കൊടുത്ത കേസുകളാണോ ഇവ എന്ന് ലേഖകന്‍ വ്യക്തമാക്കിയിട്ടില്ല. ഏതു വിധത്തിലുള്ള കേസുകളാണെങ്കിലും ഹിന്ദുക്കളുടെ വ്യവഹാരങ്ങളാണ് ആകെയുള്ളതില്‍ ഏറെയും എന്ന് മനസ്സിലാക്കാനാവുന്നുണ്ട്.
മാപ്പിളലഹളകള്‍
പത്തൊമ്പതാം ശതകത്തില്‍ നിരവധി കലാപങ്ങള്‍ മലബാറില്‍ ഉണ്ടായിട്ടുണ്ട് എന്നും അവയെ മാപ്പിളലഹളകള്‍ എന്ന് വിളിക്കുന്നു എന്നും വിവിധ ഗ്രന്ഥങ്ങളില്‍ കാണാം. ‘ബ്രിട്ടീഷ് ഭരണഭാഷയില്‍ മാപ്പിളലഹളകള്‍ എന്ന് പറയുന്ന’ എന്നാണ് അവയെപ്പറ്റി കെ. എന്‍. പണിക്കര്‍ പറയുന്നത്. (പേജ്: 70) അതിനര്‍ത്ഥം നാട്ടുകാര്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്നാണ്! ഈ കലാപങ്ങളില്‍ ഒത്തുചേര്‍ന്നത് മുഖ്യമായും പാവപ്പെട്ട കര്‍ഷകരും കര്‍ഷക തൊഴിലാളികളും കമ്മാളരും ചെറുകിട കച്ചവടക്കാരും ആയിരുന്നു എന്നും പണിക്കര്‍ വിശദീകരിക്കുന്നുണ്ട്. മാപ്പിളലഹള എന്ന പേരിനെ ചോദ്യം ചെയ്യുകയും നിരാകരിക്കുകയും ചെയ്യാന്‍ ശ്രമിക്കുന്നയാള്‍ സ്വാഭാവികമായും ലഹളയിലുണ്ടായ ഇതരമതസ്ഥപങ്കാളിത്തം വെളിപ്പെടുത്തും എന്ന് വായനക്കാര്‍ പ്രതീക്ഷിച്ചേക്കും. എന്നാല്‍ കലാപങ്ങളിലെ ഹിന്ദുപങ്കാളിത്തത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ വാദങ്ങളും നിലപാടുകളും ഗ്രന്ഥത്തിലെ വിവിധഭാഗങ്ങളില്‍ കാണാം. ഈ കലാപങ്ങളില്‍ ഹിന്ദു പങ്കാളിത്തം ഒട്ടും ഉണ്ടായിരുന്നില്ല, എന്നാല്‍ കളവുകളിലും കൊള്ളകളിലും ഹിന്ദുക്കള്‍ പങ്കെടുത്തിരുന്നു എന്ന് പണിക്കര്‍ തനിക്കെതിരെ തന്നെ വാദിക്കുന്നുമുണ്ട്. കലാപം, കൊള്ള, കളവ് എന്നീ മൂന്നിനങ്ങള്‍ ഒന്നിച്ചാണോ വെവ്വേറെയാണോ സംഭവിച്ചിരുന്നത്, പീഡിത വര്‍ഗ്ഗത്തിന്റെ വര്‍ഗ്ഗ സമരമായിരുന്നു നടന്നത് എങ്കില്‍ എന്തുകൊണ്ട് ഹിന്ദുക്കള്‍ അതില്‍ പങ്കെടുത്തില്ല, എന്തുകൊണ്ട് മാപ്പിളമാര്‍ അവരെ കൂടെ കൂട്ടിയില്ല എന്നീ കാര്യങ്ങള്‍ പണിക്കര്‍ സ്പര്‍ശിക്കുന്നേയില്ല. പകരം വേറെ ചിലതു പറയുന്നു.
‘മാപ്പിളമാര്‍ക്കു മാത്രമേ തങ്ങളുടെ അസംതൃപ്തിയെ പ്രവൃത്തി പഥത്തിലേക്ക് പകരാന്‍ കഴിഞ്ഞുള്ളൂ എന്നത് കലാപങ്ങളുടെ മതപരമായ പശ്ചാത്തലത്തിന് അടിവരയിടുന്നുണ്ട് എങ്കിലും അത് അവയുടെ മതപരമായ ഉള്ളടക്കത്തെ വെളിവാക്കിക്കൊള്ളണമെന്നില്ല. മതവും കലാപവും തമ്മിലുള്ള ബന്ധത്തെ അത് സൂചിപ്പിക്കുന്നു. എന്നാല്‍ സാധാരണമായി ആ ബന്ധത്തെ മതത്തിന്റെ ന്യായീകരണസ്വഭാവവുമായി ബന്ധപ്പെടുത്തിക്കാണാറില്ല. ലൗകികദുരിതങ്ങള്‍ക്കെതിരെ വെച്ചുകാട്ടുന്ന മരണാനന്തര ജീവിതത്തിലെ ശാശ്വതികാനന്ദം, അസമത്വത്തിനും അനീതിക്കുമെതിരായ ധാര്‍മികമൂല്യങ്ങള്‍, വിശ്വാസത്തിന്റെ ശത്രുക്കളോ അവരുടെ സഹായികളോ ആയ മര്‍ദ്ദകര്‍ക്കെതിരായ വിശുദ്ധയുദ്ധം -ഇങ്ങനെ മതത്തിന്റെ ചില വിശ്വാസസംഹിതകള്‍ വഴിയാണ് ഈ ബന്ധം സാക്ഷാല്‍ക്കരിക്കപ്പെട്ടത്. ഈ ഘടകങ്ങളെ ഇണക്കിച്ചേര്‍ക്കുന്ന ചിലതുണ്ട്. അവയില്‍ പ്രധാനം, സാമൂഹ്യവത്കരണപ്രക്രിയയുടെ സ്വഭാവം, ജനകീയ സംസ്‌കാരത്തിന്റെ സ്വാധീനം, പാരമ്പര്യ ബുദ്ധിജീവികളുടെ പങ്ക് എന്നിവയത്രെ. ഇമ്മട്ടിലുള്ള മാധ്യസ്ഥങ്ങള്‍ ഏര്‍പ്പെടുന്ന പ്രക്രിയ അത്യന്തം സങ്കീര്‍ണ്ണമാണ്. പത്തൊമ്പതാം ശതകത്തിലെ കലാപങ്ങളുടെ വിശകലനം ഈ പ്രക്രിയയില്‍ ശ്രദ്ധയൂന്നാനും ഗ്രാമീണരുടെ അസംതൃപ്തി പ്രക്ഷോഭമായി രൂപം പൂണ്ടതില്‍ മതത്തിന്റെ സ്വാധീനം എന്തായിരുന്നു എന്ന് ചൂണ്ടിക്കാട്ടാനും ഉതകും.’
ഭാഷാപരമായി പണിക്കര്‍ പ്രകടിപ്പിച്ചിരിക്കുന്ന ഈ വക്രതയുടെ ഉദ്ദേശ്യം ഗ്രന്ഥത്തിന്റെ തുടര്‍വായനയിലൂടെ വെളിപ്പെട്ടേക്കും.
മലബാറുമായി വാണിജ്യ ബന്ധം ഉണ്ടായിരുന്ന അറബികള്‍ ഇസ്ലാം മതം സ്വീകരിച്ചതോടെ മലബാറിലും ഇസ്ലാം മതം കടന്നു വന്നിരിക്കണമല്ലോ. ഇന്നാട്ടിലെ ഇസ്ലാം മത സാന്നിധ്യത്തിന്റെ ആദ്യരേഖ ഒമ്പതാം ശതകത്തിലെ തരിസാപ്പള്ളി ശാസനമാണത്രെ. ആ ശാസനത്തിന് യഹൂദരും മുസ്ലിങ്ങളും സാക്ഷികളാണ്. പതിനാറാം ശതകത്തില്‍ കേരളത്തിലെത്തിയ പോര്‍ച്ചുഗീസ് സഞ്ചാരി ബര്‍ബോസ പറയുന്നത് രാജ്യത്തെ ജനവിഭാഗങ്ങളുടെ അഞ്ചില്‍ ഒരു ഭാഗം ഉണ്ട് എന്ന് തോന്നിക്കും വിധം മലബാറിലുടനീളം മുസ്ലിങ്ങള്‍ വേരുറപ്പിച്ചു കഴിഞ്ഞിരുന്നു എന്നാണ് എന്ന് പണിക്കര്‍ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അതേ നൂറ്റാണ്ടില്‍ തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍ എന്ന രചനയില്‍ ഷെയ്ഖ് സൈനുദ്ദീന്‍ മൊത്തം ജനസംഖ്യയുടെ പത്തു ശതമാനം മുസ്ലിങ്ങള്‍ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടത്രെ. തീരദേശങ്ങളിലെ മാപ്പിള വാസകേന്ദ്രങ്ങള്‍ മാത്രം നിരീക്ഷിച്ചിട്ടുണ്ടാക്കിയ കണക്കുകളായിരിക്കാം ഇവ. പതിനാറാം നൂറ്റാണ്ടിനു മുന്‍പ് ഉള്‍നാടുകളില്‍ മാപ്പിളമാര്‍ വസിക്കുന്നതായി കണ്ടിട്ടില്ല എന്ന് പണിക്കര്‍ തന്നെ വ്യക്തമാക്കുന്നുണ്ട് (പേജ്:71). ബ്രിട്ടീഷുകാരുടെ വിപ്രതിപത്തി നിമിത്തം തീരദേശത്തെ തൊഴില്‍ മേഖലകളില്‍ നിന്ന് മാപ്പിളമാര്‍ പുറത്തായതോടെ അവര്‍ക്ക് തൊഴില്‍ തേടി കിഴക്കോട്ടു നീങ്ങേണ്ടി വന്നതോടെയാണ് അവിടങ്ങളിലും മാപ്പിള സാന്നിധ്യം വ്യാപിച്ചത്. ബ്രിട്ടീഷ് സെന്‍സസ് അനുസരിച്ച് അക്കാലത്തെ മലബാറിലെ ജനസംഖ്യകണക്ക് താഴെപ്പറയുന്ന പ്രകാരമാണ്.
മാപ്പിളമാരുടെ ഈ വംശവര്‍ദ്ധനവില്‍ ഗണ്യമായ സംഭാവന അവര്‍ണ്ണജാതി ഹിന്ദുക്കളില്‍ നിന്നുണ്ടായ മതപരിവര്‍ത്തനം വഴിയായിരുന്നു. ഈ മാപ്പിള ജനതയുടെ 60% ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളിലാണ് വസിച്ചിരുന്നത്.
മലബാറിലെ ഏറ്റവും വലിയ ജന്മിമാരുടെ കണക്ക് ജില്ലാ കളക്ടറായിരുന്ന തോമസ് വാര്‍ഡന്‍ 1803 ല്‍ പരിശോധിക്കുകയുണ്ടായി എന്ന് പണിക്കര്‍ വിവരിക്കുന്നു. 103 പ്രമുഖ ജന്മിമാരില്‍ 8 പേരേ മാപ്പിളമാരായി ഉണ്ടായിരുന്നുള്ളൂ. ഒരാള്‍ തീയനും മറ്റെല്ലാവരും സവര്‍ണ്ണ ഹിന്ദുക്കളുമായിരുന്നു. ഉപജീവനത്തിന് മാപ്പിളമാര്‍ കൃഷിയെയും കച്ചവടത്തെയും ആശ്രയിച്ചിരുന്നു. അവരില്‍ വലിയൊരു വിഭാഗം മതപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നു. പൊതു വിദ്യാഭ്യാസത്തില്‍ വിമുഖരായിരുന്ന മാപ്പിളമാര്‍ മദ്രസ്സ വിദ്യാഭ്യാസത്തിനു പ്രാമുഖ്യം കൊടുത്തിരുന്നു. അവിടെ നിന്ന് അവര്‍ക്കു ലഭിച്ചത് മത വിദ്യാഭ്യാസമായിരുന്നു (പേജ്: 74-75).
മലബാറിലെ വാണിജ്യവ്യാപാരങ്ങളുടെ കുത്തകക്കാരായിരുന്ന അറബികളുമായുള്ള ബന്ധവും സൗഹൃദവും ഇസ്ലാമികസാഹോദര്യവും വഴി മുസ്ലിങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യം വരെ വലിയ പ്രാമാണ്യം അനുഭവിച്ചിരുന്നു എന്ന വസ്തുത പണിക്കര്‍ വളരെ സന്തോഷത്തോടെ രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ നമ്പൂതിരിമാരുമായുള്ള ബന്ധവും ആധുനിക വിദ്യാഭ്യാസപ്രാപ്തിയും വഴി നായന്മാര്‍ പ്രാമാണ്യം നേടിയത് പണിക്കരുടെ ദൃഷ്ടിയില്‍ മ്ലേച്ഛമാണുതാനും. ബ്രിട്ടീഷുകാര്‍ക്ക് മാപ്പിളമാരോടുള്ള അവിശ്വാസവും മാപ്പിളമാര്‍ക്ക് ആധുനിക വിദ്യാഭ്യാസത്തോടുള്ള വിപ്രതിപത്തിയും നിമിത്തം മാപ്പിളമാര്‍ പയ്യെപ്പയ്യെ സര്‍ക്കാരുദ്യോഗങ്ങളില്‍ നിന്ന് പുറത്താവുകയുണ്ടായി പത്തൊമ്പതാം ശതകത്തില്‍. തുറമുഖപ്രദേശങ്ങളില്‍ തിങ്ങിപ്പാര്‍ത്തിരുന്ന മാപ്പിളമാര്‍ക്ക് ബ്രിട്ടീഷുകാരുടെ അപ്രിയം നിമിത്തം തൊഴിലുകള്‍ ഇല്ലാതായിത്തീരുന്ന പ്രതിസന്ധിയെയും അഭിമുഖീകരിക്കേണ്ടി വന്നു. ജീവിതമാര്‍ഗം തേടി കിഴക്കോട്ടു വ്യാപിച്ച അവര്‍ക്ക് ഹിന്ദുജന്മിമാരുടെ ഭൂമിയില്‍ കൃഷി ചെയ്യേണ്ടി വന്നു. എണ്ണത്തില്‍ കുറവാണെങ്കിലും ഭൂവുടമകളില്‍ മുസ്ലിങ്ങളും ഉണ്ടായിരുന്നു. മതപരിവര്‍ത്തനം നിമിത്തം മാപ്പിളമാരുടെ അംഗസംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കുകയുമുണ്ടായിട്ടുണ്ട് അക്കാലത്ത്. ഭൂവുടമസ്ഥതയില്‍ അവര്‍ സ്വാഭാവികമായും തീരെ പിന്നാക്കമായിരുന്നു.
ബ്രിട്ടീഷുകാരുടെ അപ്രിയത്തിനു മാപ്പിളമാര്‍ പാത്രമായത് ടിപ്പുസുല്‍ത്താന്റെ സഹായികള്‍ എന്ന നിലയിലായിരുന്നുവത്രെ. മൈസൂര്‍ ആക്രമണങ്ങളെത്തുടര്‍ന്ന് പല ഹൈന്ദവമുഖ്യന്മാരും ജന്മികളും പീഡനങ്ങള്‍ ഭയന്ന് മലബാറില്‍ നിന്ന് പലായനം ചെയ്ത സാഹചര്യത്തില്‍ മാപ്പിളസമൂഹത്തിന് സുല്‍ത്താന്മാരില്‍ നിന്ന് ഏറെ നേട്ടങ്ങള്‍ ലഭിക്കാനിടയായി എന്ന തെറ്റിദ്ധാരണയില്‍ നിന്ന് ഉടലെടുത്ത സമീപനമായിരുന്നു അത് എന്നാണ് പണിക്കരുടെ കണ്ടെത്തല്‍. പ്രഥമദൃഷ്ട്യാ തന്നെ പിശകായ നിരീക്ഷണമാണിത്. ബ്രിട്ടനും മൈസൂരും തമ്മില്‍ നടന്ന യുദ്ധങ്ങളില്‍ മൈസൂര്‍ പക്ഷത്തു നിന്നവരോടാണ് ബ്രിട്ടന് ശത്രുതയും വിരോധവും ഉണ്ടാകാനിടയുള്ളത്. ഹിന്ദുക്കള്‍ അത് ചെയ്തിരുന്നുവെങ്കില്‍ ബ്രിട്ടന് ഹിന്ദുക്കളോട് വിരോധം ഉണ്ടാകുമായിരുന്നു. മൈസൂര്‍ സുല്‍ത്താന്‍ മുസ്ലിം ആയതുകൊണ്ട് മലബാര്‍ മാപ്പിളമാര്‍ സുല്‍ത്താന്‍ പക്ഷത്തു നിന്നു എന്നത് പരക്കെ അറിയപ്പെടുന്ന കാര്യമാണ്. ഹിന്ദുക്കള്‍ സ്വാഭാവികമായി മറുപക്ഷത്തായിരുന്നിരിക്കും. നാട്ടുരാജാക്കന്മാര്‍ തന്നെ സുല്‍ത്താനെതിരെ ബ്രിട്ടനെ സഹായിച്ചിട്ടുണ്ട്. ടിപ്പുവിന്റെ നികുതിപിരിവും അതിനോടുള്ള വ്യാപകമായ എതിര്‍പ്പും രൂപപ്പെട്ടത് പില്‍ക്കാലത്താണ്. അപ്പോള്‍ പോലും മതപരിവര്‍ത്തനവും മതവിവേചനവും മാപ്പിളമാര്‍ക്ക് ആശ്വാസകരമായിരുന്നിരിക്കണം.
നാടുവിട്ട ഹിന്ദുക്കളുടെ ഭൂമി മാപ്പിളമാര്‍ കൈവശപ്പെടുത്തിയതായി അക്കാലത്തെ ജോയിന്റ് കമ്മീഷണര്‍മാര്‍ രേഖപ്പെടുത്തിയിട്ടുള്ളതായി പണിക്കര്‍ പറയുന്നുണ്ട് (പേജ്: 75). ചരിത്രകാരന്മാരും അതംഗീകരിച്ചിട്ടുണ്ട്. പക്ഷെ പണിക്കര്‍ ഈ വിഷയത്തില്‍ പൂര്‍വ്വരേഖകള്‍ അംഗീകരിക്കാന്‍ തയ്യാറല്ല (ഈ ഗ്രന്ഥം ബ്രിട്ടീഷ് രേഖകളെ അടിസ്ഥാനപ്പെടുത്തിയാണ് അദ്ദേഹം എഴുതിയിട്ടുള്ളത് എന്നോര്‍ക്കുക). ഭൂവുടമകളുടെ നാടുവിടല്‍ എത്രമാത്രം വ്യാപകമായിരുന്നു, ഇവര്‍ നാടുവിട്ട സാഹചര്യത്തില്‍ എന്ത് ക്രമീകരണമാണ് പകരമായി ഉണ്ടായത് എന്നീ ചോദ്യങ്ങള്‍ ചോദിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. വ്യാപകമായ നാടുവിടല്‍ ഉണ്ടായിട്ടില്ല എന്നും മാപ്പിളമാരിലേക്ക് ഭൂമി കൈമാറ്റം നടന്നിട്ടില്ല എന്നും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നു അദ്ദേഹം. മലബാറിലെ ഭൂമിയുടെ ഭൂരിഭാഗവും ചുരുക്കം ചില സവര്‍ണ്ണരുടെ കൈവശം ആയിരുന്നു എന്ന് പണിക്കര്‍ തന്നെ നേരത്തെ പറഞ്ഞു വെച്ചിട്ടുള്ളത് ഓര്‍ക്കുക. ആ ചുരുക്കം പേര്‍ നാട് വിട്ടോടിയാല്‍ തന്നെ ഭൂമി അനാഥമാകുകയും കാലക്രമേണ അന്യാധീനപ്പെട്ടുപോവുകയും ചെയ്യും എന്നതാണ് വസ്തുത.
അടുത്ത ഒഴികഴിവ് പണിക്കര്‍ കണ്ടെത്തുന്നത് ഇപ്രകാരമാണ് (പേജ്: 76)
‘ഇനി ഭൂമി കൈവശമായി എന്നുതന്നെ ഇരിക്കട്ടെ. ജന്മിക്കു കൊടുത്തിരുന്ന പാട്ടം കരമിനത്തില്‍ ടിപ്പു ഈടാക്കിയിരുന്നതിനാല്‍ അതുകൊണ്ടുള്ള പ്രയോജനം പരിമിതമായിരുന്നു.’
കരം പിരിവ് മാപ്പിളമാര്‍ക്കു മാത്രം ബാധകമായ വിധം നടപ്പിലാക്കി ടിപ്പു എന്ന മട്ടിലാണ് പണിക്കരുടെ നിരീക്ഷണം. നികുതിപിരിവ് -അത് ടിപ്പുവാകട്ടെ, ബ്രിട്ടീഷുകാരാകട്ടെ ചെയ്യുന്നത് ജനങ്ങള്‍ക്ക് അതൃപ്തികരം തന്നെയാണ്. അതിനെതിരെ ഹിന്ദുക്കളെ അപേക്ഷിച്ച് മാപ്പിളമാര്‍ തീവ്രമായി പ്രതികരിച്ചു എന്നത് മതസ്പര്‍ദ്ധയ്ക്ക് കാരണമാകുകയില്ല. എന്നുതന്നെയല്ല, ഹിന്ദുക്കള്‍ അതൊരാശ്വാസമായി കാണുകയും ചെയ്യുമായിരുന്നു.
മലബാര്‍ കൈവശപ്പെടുത്തിയ കാലത്ത് ബ്രിട്ടീഷുകാര്‍ മാപ്പിളമാരോട് സഹാനുഭൂതി കാട്ടുകയും അനുനയത്തോടെ പെരുമാറുകയും ചെയ്തുപോന്നിരുന്നതായി പണിക്കര്‍ രേഖപ്പെടുത്തിയിട്ടുണ്ട് (പേജ്: 76). പുരുഷാന്തരം എന്ന നികുതി മാപ്പിളമാര്‍ക്ക് ഒഴിവാക്കിക്കൊടുത്തു, നായന്മാരായ ഭൂപ്രഭുക്കളില്‍ നിന്ന് സംരക്ഷണം നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു എന്നിവയാണ് പണിക്കര്‍ അതിനുള്ള തെളിവായി മുന്നോട്ടു വെച്ചിട്ടുള്ളത്. എന്നാല്‍ നികുതി പിരിക്കുന്നതിലും ക്രമസമാധാനപാലനത്തിലും തടസ്സമുണ്ടാക്കുകയും സര്‍ക്കാരുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും കച്ചേരികള്‍ ആക്രമിക്കുകയും മറ്റും ചെയ്തുപോന്നുവത്രേ മാപ്പിളമാര്‍. ‘മാപ്പിളക്കലാപങ്ങള്‍’ രാഷ്ട്രീയ പരിതഃസ്ഥിതിയുടെ സൃഷ്ടിയാണ് എന്ന മുന്‍ നിലപാടില്‍ നിന്ന് ബ്രിട്ടീഷുകാര്‍ വ്യതിചലിക്കുകയും മാപ്പിളമാരുടെ അപരിഷ്‌കൃതത്വത്തിന്റെയും നൈസര്‍ഗികമായ അക്രമ വാസനയുടെയും സൃഷ്ടിയാണ് അവ എന്ന നിഗമനത്തില്‍ അവര്‍ എത്തിച്ചേരുകയും ചെയ്തു എന്ന് പറയുന്നു പണിക്കര്‍. ഉണ്ണിമൂത്തമൂപ്പന്‍, ചെമ്പന്‍ പോക്കര്‍, അത്തന്‍ഗുരുക്കള്‍ എന്നീ മാപ്പിള നേതാക്കള്‍ ഭരണാധികാരികള്‍ക്കെതിരെ സംഘടിപ്പിച്ച മാപ്പിളക്കലാപം അടിച്ചമര്‍ത്തുന്നതിനു രണ്ടു വര്‍ഷം ശ്രമിക്കേണ്ടി വന്നു ബ്രിട്ടീഷുകാര്‍ക്ക്. അതോടെ മാപ്പിളമാര്‍ വര്‍ഗ്ഗപരമായിത്തന്നെ തങ്ങള്‍ക്കെതിരാണ് എന്ന് ബ്രിട്ടീഷുകാര്‍ക്ക് ബോധ്യമായി. തത്ഫലമായി പോലീസ്, റവന്യൂ, നീതിന്യായ വകുപ്പുകളില്‍ മാപ്പിളമാരെ നിയമിക്കുന്നത് ഒഴിവാക്കുകയും ഹിന്ദുക്കളെ നിയമിക്കുകയും ചെയ്തു തുടങ്ങി. ഈ വിധം മാപ്പിളമാരും ബ്രിട്ടീഷ് സര്‍ക്കാരും തമ്മിലുള്ള സ്പര്‍ദ്ധ പോകെപ്പോകെ വര്‍ധിച്ചു കൊണ്ടിരുന്നു എന്ന് പണിക്കര്‍ തന്നെ തനിക്കെതിരായി എഴുതിവെച്ചിട്ടുണ്ട് (പേജ്: 76-78).
(തുടരും)
Comments