ഡിസംബര്‍ 8, 1971
ഭുജ് എയര്‍ഫോഴ്‌സ് ബേസ്, ഗുജറാത്ത്.
സമയം സന്ധ്യയാവാന്‍ തുടങ്ങുന്നു. ഷിഫ്റ്റ് കഴിഞ്ഞു വന്നതിനാല്‍ എയര്‍ഫോഴ്‌സ് ക്യാമ്പില്‍ എല്ലാവരും ഗാഢനിദ്രയിലാണ്. എന്നാല്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ വിജയ് കുമാര്‍ കര്‍ണിക് മാത്രം ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ മനസ്സില്‍ പല ചിന്തകളായിരുന്നു.
ഇന്ത്യ-പാക് യുദ്ധം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു…
കഴിഞ്ഞ മൂന്നാം തീയതി വൈകുന്നേരം അഞ്ചേമുക്കാലോടെ, സകല കണക്കുകൂട്ടലും തെറ്റിച്ചുകൊണ്ട് പാകിസ്ഥാനി എയര്‍ഫോഴ്‌സ് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് കടന്നുകയറി വ്യോമാക്രമണം നടത്തിയതാണ് തുടക്കം. ഓപ്പറേഷന്‍ ചെങ്കിസ്ഖാന്‍ എന്ന ആ അപ്രതീക്ഷിത ആക്രമണത്തില്‍ ഭാരതം ഒന്നടങ്കം ഞെട്ടിപ്പോയി. പാകിസ്ഥാന്‍ ഈയടുത്തിടെ സ്വന്തമാക്കിയ കനേഡിയന്‍ സേബര്‍ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയത്. കൂടെ മിറാഷ് ഫൈറ്ററുകളും.
പത്താന്‍കോട്ട്, അമൃത്സര്‍, ശ്രീനഗര്‍, ഫരീദ്‌ക്കോട്ട്, അംബാല, ആഗ്ര, ജയ്‌സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെ 12 റണ്‍വേകള്‍ നശിപ്പിക്കപ്പെട്ടു. 183 ബോംബുകള്‍ വര്‍ഷിച്ചതായാണ് ഔദ്യോഗിക കണക്ക്. യുദ്ധവിമാനങ്ങളും ഇന്ധന സംഭരണശാലകളും ഇരുളില്‍ തിരിച്ചറിയാന്‍ പ്രയാസമായതിനാല്‍, പാകിസ്ഥാന്‍ വ്യോമസേന പ്രധാനമായും റഡാര്‍ ഇന്‍സ്റ്റലേഷനുകളും റണ്‍വേകളുമാണ് പ്രധാനമായും ലക്ഷ്യം വെച്ചത്. അത് അവര്‍ ഭംഗിയായി പൂര്‍ത്തീകരിക്കുകയും ചെയ്തു.
ഫസ്റ്റ് & സെക്കന്റ് വേവുകളായി നടന്ന എയര്‍സ്‌ട്രൈക്ക് 45 മിനിറ്റ് നീണ്ടുനിന്നു.
അര്‍ദ്ധരാത്രിയില്‍, പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തെ റേഡിയോ മുഖേന അഭിസംബോധന ചെയ്തപ്പോഴാണ് ഇന്ത്യന്‍ ജനത ആക്രമണത്തെക്കുറിച്ചറിയുന്നത്. രാത്രിക്കു രാത്രി കണ്ണും പൂട്ടി തിരിച്ചടിക്കാനായിരുന്നു ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് പ്രധാനമന്ത്രി നല്‍കിയ നിര്‍ദ്ദേശം. 9 മണിക്ക് തുടങ്ങിയ വ്യോമാക്രമണത്തില്‍ മുരിദ്, മിയാന്‍വാലി, സര്‍ഗോധ, തേജ്ഗാവ്, കുര്‍മിട്ടോള തുടങ്ങി ഈസ്റ്റും വെസ്റ്റും പാക് അതിര്‍ത്തികളിലുള്ള വ്യോമസേനാ കേന്ദ്രങ്ങള്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പപ്പടം പൊടിക്കുന്നത് പോലെ പൊടിച്ചു.
പാകിസ്ഥാന്റെ തിരിച്ചടിയുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയ വിവരം വിജയ് ഓര്‍ത്തു. അതു കൊണ്ടു തന്നെ, എല്ലാ സൈനിക താവളങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നദ്ധരായി മുന്നോട്ട് വന്ന സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ നിന്നും തിരഞ്ഞെടുത്ത ചിലര്‍ക്ക് പരിശീലനം നല്‍കിയാണ് ഹരിയാന സിര്‍സ എയര്‍ബേസില്‍ സെക്യൂരിറ്റിയ്ക്ക് നിയോഗിച്ചിരിക്കുന്നത്.
ഭുജിന്റെ ഇന്‍ചാര്‍ജ് തനിക്കാണ്.
ക്യാമ്പിന് നാലുപാടും വിശ്വസ്തരായ സൈനികരെ കാവല്‍ നിര്‍ത്തിയിട്ടുണ്ട്. എന്നാലും മനസ്സിന് ഒരു സ്വസ്ഥതയില്ല. പാക് അതിര്‍ത്തി വളരെ അടുത്താണ്.
ഓരോന്നോര്‍ത്ത് അയാള്‍ സാവധാനം ഉറക്കത്തിലേക്ക് വീണു. ഡിസംബര്‍ മാസമായതിനാല്‍ നല്ല തണുപ്പായിരുന്നു ക്യാമ്പിലാകെ. 832 ഏക്കര്‍ വിസ്തൃതിയുള്ള ഭുജ് എയര്‍പോര്‍ട്ട് എയര്‍ഫോഴ്‌സ് ക്യാമ്പ് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും വെറും 30 മൈല്‍ മാത്രം ദൂരെയാണ്. അതിനാല്‍ തന്നെ, ഏറ്റവുമധികം ആക്രമണ ഭീഷണി നിലനില്‍ക്കുന്നുണ്ട്.
വിജയ് കുമാറിന്റെ ഭയം അസ്ഥാനത്തായിരുന്നില്ല. വളരെ വലിയൊരു അപകടം ആകാശത്തിലൂടെ സാവധാനം അവരെ സമീപിക്കുന്നുണ്ടായിരുന്നു.
ക്യാമ്പിന്റെ പടിഞ്ഞാറു ഭാഗത്ത്, മൊബൈല്‍ ഒബ്‌സര്‍വേഷന്‍ പോസ്റ്റില്‍ കാവല്‍ നില്‍ക്കുകയായിരുന്നു സുഖ്‌ദേവ് സിംഗ്.
തണുപ്പകറ്റാന്‍ വലിച്ചിരുന്ന ഫോര്‍ സ്‌ക്വയര്‍ സിഗരറ്റ് ഊതിവിടവേ, ഒരു മുഴക്കം കേട്ടതായി അയാള്‍ക്ക് തോന്നി.
ബൈനോക്കുലറിലൂടെ ശബ്ദം കേട്ട ദിശയിലേക്ക് നോക്കിയ സുഖ്‌ദേവ് കണ്ടത് ആകാശത്ത് ചലിക്കുന്ന വസ്തുക്കളുടെ ഒരു കൂട്ടമാണ്.
അതേ..
ഇരമ്പിയടുക്കുകയാണ് ശത്രുവിമാനങ്ങള്‍..!
ഉടന്‍തന്നെ സുഖ്‌ദേവ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു.
നിമിഷനേരം കൊണ്ട് എയര്‍പോര്‍ട്ടില്‍ അപകട സൈറണ്‍ മുഴങ്ങി.
ഗാഢനിദ്രയിലായിരുന്ന എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ബിഎസ്എഫ് അംഗങ്ങളും ഞെട്ടിയുണര്‍ന്നു.
സൈറണ്‍ കേട്ട് പിടഞ്ഞുണര്‍ന്ന വിജയ് പുറത്തേക്കോടി.
അദ്ദേഹവും കണ്ടു, ചീറിയടുക്കുന്ന പാക് യുദ്ധവിമാനങ്ങളെ.
ഒന്നും രണ്ടുമല്ല, ഒന്നിന് പിറകെ ഒന്നായി 12 യുദ്ധവിമാനങ്ങള്‍.
കണ്ണടച്ചു തുറക്കുന്നതിനു മുന്‍പ് ഫോര്‍മഷനില്‍, മുന്നിലുണ്ടായിരുന്ന യുദ്ധവിമാനം ആദ്യ മിസൈല്‍ തൊടുത്തു.
ഒരു അഗ്നിഗോളം റഡാര്‍ സ്റ്റേഷനിലേക്ക് കുതിക്കുന്നത് മാത്രേമ എല്ലാവരും കണ്ടുള്ളൂ.
അടുത്ത നിമിഷം..സൈനികരുടെ ഇടനെഞ്ച് പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ആ ബില്‍ഡിംഗ് ഒരഗ്നിഗോളമായി മാറി.
മിസൈല്‍ സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച കെട്ടിടത്തിന്റെ കഷണങ്ങള്‍ വിജയുടെ മുന്നിലേക്ക് വീണു.
പെട്ടെന്നുണ്ടായ ആക്രമണത്തില്‍ ഞെട്ടിയെണീറ്റ സൈനികര്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലായില്ല. പക്ഷേ അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനു മുന്‍പ് തന്നെ ബോംബുകള്‍ വീണു തുടങ്ങിയിരുന്നു.
താഴ്ന്നു പറന്ന യുദ്ധവിമാനങ്ങള്‍ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് തുരുതുരാ വെടിവെച്ചു. ഭയന്നു ചിതറിയോടിയ നിരവധി സൈനികര്‍ വെടിയേറ്റു പിടഞ്ഞു വീണു.
വിമാനത്തില്‍ ഘടിപ്പിച്ച എം.3 ഹെവി മെഷീന്‍ ഗണ്ണുകളില്‍ നിന്നുള്ള 12.7 എംഎം ബുള്ളറ്റുകള്‍ക്ക് ഇന്ത്യന്‍ സൈനികരുടെ ശരീരം തുളച്ചു പുറത്തു വരാനുള്ള ശക്തിയുണ്ടായിരുന്നു.
പെരുമഴ പോലെ വെടിയുണ്ടകള്‍ പെയ്തിറങ്ങി.
തലങ്ങും വിലങ്ങും പറന്നു നടന്ന വിമാനങ്ങള്‍ എയര്‍പോര്‍ട്ടിലെ സുരക്ഷാസംവിധാനങ്ങളും റഡാര്‍, നിരീക്ഷണ സംവിധാനങ്ങളും കൃത്യമായി ഉന്നമിട്ട് ആക്രമിച്ചു. കറാച്ചി എയര്‍ബേസില്‍ നിന്നും വെറും 200 കിലോമീറ്റര്‍ മാത്രം ദൂരെയായിരുന്നു ഭുജ് എന്നതിനാല്‍, പാക് പൈലറ്റുമാര്‍ ഇന്ധനം കുറച്ചു നിറച്ച്, പകരം കൂടുതല്‍ ബോംബുകള്‍ കരുതിയിരുന്നു.
ഒരു യുദ്ധവിമാനം റണ്‍വേ ലക്ഷ്യമാക്കി ഒരു ബാരല്‍ ബോംബ് ഡ്രോപ്പ് ചെയ്യുന്നത് വിജയ് കര്‍ണിക് കണ്ടു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ആ വീപ്പ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
റണ്‍വേയുടെ ഒത്തനടുക്ക് വലിയൊരു ഗര്‍ത്തം രൂപപ്പെട്ടു. അതു തന്നെയായിരുന്നു പാക് വ്യോമസേനയുടെ ഉദ്ദേശ്യവും.
ഏതുവിധേനയും ഭുജ് എയര്‍പോര്‍ട്ട് താറുമാറാക്കുക. ഇന്ത്യന്‍ വ്യോമസേനയുടെ തീരുമാനങ്ങള്‍ക്ക് പറന്നുയരാന്‍ സാധിക്കാത്ത വിധം റണ്‍വേ നശിപ്പിക്കുക.
ഇന്ത്യന്‍ സൈനികര്‍ വിമാനവേധ തോക്കുകള്‍ ഉപയോഗിച്ച് പാക് വിമാനങ്ങളെ വെടിവെച്ച് നോക്കിയെങ്കിലും അതെല്ലാം വിഫലമാവുകയാണുണ്ടായത്.
മിക്ക ഗണ്‍പോസ്റ്റുകളും പാക് വിമാനങ്ങള്‍ ആക്രമിച്ചു നശിപ്പിച്ചു.
പൊടുന്നനെ..
മധ്യനിരയിലായി പറന്നിരുന്ന വിമാനങ്ങള്‍ നാപാം ബോംബുകള്‍ വര്‍ഷിച്ചു തുടങ്ങി.
ധതീബോംബുകളിലും ജ്വാലാവിക്ഷേപണികളിലും (Flamethrower) ഉപയോഗിക്കുന്ന ഒരു ഗ്യാസോലിന്‍ ജെല്ലി മിശ്രിതമാണ് നാപാം (Napalm). ബോംബുകള്‍ ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോള്‍ ജെല്ലി പോലെ കൊഴുത്ത ദ്രാവകം മര്‍ദ്ദത്തോടെ പുറത്തേക്ക് വരികയും കത്തിപ്പിടിക്കുകയും ചെയ്യുന്നു. ജെല്ലി അടങ്ങിയിട്ടുള്ളതിനാല്‍ പതിക്കുന്നിടത്ത് അത് ഒട്ടിപ്പിടിക്കും. അതായത്, സ്‌ഫോടനം കഴിഞ്ഞാലും മനുഷ്യരുടെ മേലെ ഈ മിശ്രിതം പറ്റിപ്പിടിച്ചു നിന്ന് കത്തും. വിയറ്റ്‌നാം യുദ്ധത്തില്‍ നാപാം ബോംബ് ശരീരത്തില്‍ ഒട്ടിപ്പിടിച്ച് ഒരു തീപ്പന്തം പോലെ ഓടുന്ന ബാലികയുടെ ചിത്രം ലോകമനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു. നാപാം ബോംബുകള്‍ പതിക്കുന്ന സ്ഥലങ്ങളിലെല്ലാം വിസ്താരമേറിയ വൃത്താകൃതിയില്‍ ഭീമന്‍ അഗ്‌നിഗോളങ്ങളുണ്ടായി.
കത്തിജ്വലിക്കുന്ന മിശ്രിതം മേലെ പതിച്ചവരുടെ ഹൃദയം പിളരുന്ന നിലവിളികളുയര്‍ന്നു.
തീപ്പന്തം പോലെ അങ്ങോട്ടുമിങ്ങോട്ടുമോടിയ സൈനികര്‍ അവസാനം ഉരുകിവീഴുന്നത് നിസ്സഹായരായി മറ്റുള്ളവര്‍ കണ്ടു നിന്നു.
15 മിനിറ്റോളം എയര്‍സ്‌ട്രൈക്ക് നീണ്ടു നിന്നു….
റണ്‍വേ സമ്പൂര്‍ണ്ണമായി ബോംബിട്ട് തകര്‍ത്ത പാക് വ്യോമസേന ലക്ഷ്യം നിറവേറ്റിയ ശേഷം തിരിച്ചു പറന്നു.
മൃതശരീരങ്ങളും നിലവിളികളും മാത്രം ബാക്കിയായി.
പരിക്കേറ്റവരെ രക്ഷപ്പെട്ടവര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയിലേക്ക് എത്തിച്ചു. മല പോലെ തകര്‍ന്നു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിജയ് നിസ്സഹായനായി നിന്നു.
തനിക്ക്… സ്‌ക്വാഡ്രണ്‍ ലീഡര്‍ വിജയ് കുമാര്‍ കര്‍ണിക്കിന് സുരക്ഷാ ചുമതലയുണ്ടായിരുന്ന ഭുജ് എയര്‍പോര്‍ട്ട് ഇതാ തകര്‍ന്നു തരിപ്പണമായി കിടക്കുന്നു..
ബിഎസ്എഫ് ഉദ്യോഗസ്ഥരടക്കം ആകെ മൊത്തം നൂറു പേരോളമേ ക്യാമ്പിലുള്ളൂ. അവര്‍ അഹോരാത്രം പണിയെടുത്താലും റണ്‍വേ പുനര്‍നിര്‍മ്മിക്കാന്‍ ആഴ്ചകള്‍ എടുക്കും.
തിരിച്ചടിക്കാന്‍ എങ്ങനെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ പറന്നുയരുക..?
അപമാനം.. കനത്ത അപമാനം..
ആത്മസംഘര്‍ഷം മൂലം ആ വൈമാനികന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു..
പിറ്റേദിവസം…
ഭുജിന് തൊട്ടടുത്തുള്ള മാധാപൂര്‍ ഗ്രാമം..
നിത്യവൃത്തിക്ക് ഉള്ളത് അന്നന്ന് അധ്വാനിച്ചുണ്ടാക്കുന്ന പാവപ്പെട്ടവരാണ് മാധാപൂര്‍ നിവാസികള്‍.
സൂര്യനുദിച്ചു വരുന്നതേയുള്ളൂ.. എങ്കിലും, ഹീരു ബുദിയയെന്ന മധ്യവയസ്‌കയായ വീട്ടമ്മ തന്റെ തിരക്കിട്ട വീട്ടുജോലികളില്‍ വ്യാപൃതയാണ്..
ചെമ്മണ്‍ പാതയിലൂടെ പൊടി പറത്തിക്കൊണ്ട് ഒരു എയര്‍ഫോഴ്‌സ് ജീപ്പ് സര്‍പഞ്ചിന്റെ (ഗ്രാമമുഖ്യന്‍) വീട് ലക്ഷ്യമാക്കി പാഞ്ഞു പോകുന്നത് ഹീരു കണ്ടു.
തലേന്ന് വൈകീട്ട്, യുദ്ധവിമാനങ്ങളുടെ ഇരമ്പവും തുടരെത്തുടരെയുള്ള പൊട്ടിത്തെറികളും കേട്ടത് അവര്‍ക്ക് ഓര്‍മ്മ വന്നു.
എന്തെങ്കിലും സംഭവിച്ചു കാണും. ഇല്ലെങ്കില്‍, സൈനികര്‍ ഇവിടേക്ക് വരില്ല.. ഹീരു ഓര്‍ത്തു.
അല്പനേരത്തിനുള്ളില്‍, അടിയന്തരമായി നാട്ടുകൂട്ടം വിളിച്ചു ചേര്‍ക്കപ്പെട്ടു. ഗ്രാമമുഖ്യനായ ജാദവ്ജി ഹിരാനിയ്ക്കു ചുറ്റും ജനങ്ങള്‍ തിങ്ങിക്കൂടി.
‘എന്റെ പ്രിയപ്പെട്ട ഗ്രാമവാസികളെ..’ വിനയത്തോടെ അദ്ദേഹം പറഞ്ഞു തുടങ്ങി.
‘ഇത് വിജയ് കുമാര്‍ കര്‍ണിക് എന്ന പട്ടാളത്തിലെ വലിയൊരു സാറാണ്.. ഇന്നലെ വൈകീട്ട് തുടരെത്തുടരെയുള്ള പൊട്ടിത്തെറികളുടെ ശബ്ദം കേട്ടത് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ ..?പാകിസ്ഥാന്‍ പട്ടാളക്കാര്‍ വന്ന് നമ്മളുടെ ഭുജിലുള്ള വിമാനത്താവളം ബോംബിട്ടു നശിപ്പിച്ചതാണ് ആ കേട്ടത്. റോഡുകളും പാലങ്ങളുമടക്കം അവര്‍ ബോംബിട്ടു നശിപ്പിച്ചു. നമ്മളുടെ നിരവധി ധീരരായ സൈനികരുടെ ചോര കൊണ്ട് അവിടം ചുവന്നിരിക്കുകയാണ്..’
ഒന്നു നിര്‍ത്തിയ ശേഷം അദ്ദേഹം തുടര്‍ന്നു..
‘ഇതിന് തക്കതായ തിരിച്ചടി കൊടുക്കണമെങ്കില്‍ നമ്മളുടെ യുദ്ധവിമാനങ്ങള്‍ പറന്നുയരണം. വിമാനം ഓടാനുള്ള റോഡ് പരിപൂര്‍ണമായി നശിച്ചിരിക്കുന്നു. അത് വീണ്ടും നിര്‍മ്മിക്കാനുള്ളത്ര ആള്‍ക്കാര്‍ ആ ക്യാമ്പില്‍ ഇല്ല. ആയതിനാല്‍, നമ്മളുടെ ഗ്രാമത്തിലെ സ്ത്രീകളുടെ സഹായമഭ്യര്‍ത്ഥിച്ചാണ് ഇദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. നമ്മള്‍ ഒത്തൊരുമിച്ച് ശ്രമിച്ചാല്‍ ദിവസങ്ങള്‍കൊണ്ട് നമ്മള്‍ക്ക് അത് പുനര്‍ നിര്‍മ്മിക്കാന്‍ സാധിക്കും.!’
‘സഹകരിക്കില്ലേ നിങ്ങള്‍..? ‘ ഗ്രാമമുഖ്യന്റെ ചോദ്യമുയര്‍ന്നു.
വിജയ് അമ്പരന്ന് നില്‍ക്കുന്ന ആ വീട്ടമ്മമാരെ നോക്കി.
‘എന്റെ സഹപ്രവര്‍ത്തകരും നിങ്ങളുടെ നാട്ടുകാരടക്കമുള്ള സൈനികരും വെന്തുപിടയുന്നത് കണ്ടിട്ടാണ് ഞാന്‍ വരുന്നത്. ചോരയ്ക്ക് കണക്കു ചോദിക്കണമെങ്കില്‍ എനിക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്.!’ കൈകള്‍ കൂപ്പിക്കൊണ്ട് അദ്ദേഹം അവരോട് അഭ്യര്‍ത്ഥിച്ചു.
‘ഞങ്ങള്‍ തയ്യാറാണ്.. നമ്മള്‍ക്ക് തിരിച്ചടിക്കണം..!’
ഹീരുവാണ് ആദ്യം മറുപടി പറഞ്ഞത്..
‘ഞങ്ങള്‍ തയ്യാറാണ്.. നമ്മള്‍ക്ക് തിരിച്ചടിക്കണം..!’
‘ഞങ്ങള്‍ തയ്യാറാണ്.. നമ്മള്‍ക്ക് തിരിച്ചടിക്കണം..!’
സ്ത്രീകള്‍ ഒന്നടങ്കം പറഞ്ഞു..!
കണ്ണുകള്‍ കത്തിയെരിയുമ്പോഴും വിജയ് കുമാറിന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിഞ്ഞു.
പിന്നീട് ശരവേഗത്തിലായിരുന്നു കാര്യങ്ങള്‍..
ഒന്നും രണ്ടുമല്ല 300 സ്ത്രീകളാണ് റണ്‍വേയുടെ നിര്‍മ്മാണത്തിന് മുന്നോട്ടു വന്നത്.
മണല്‍ ചാക്കുകള്‍ ഒരുക്കിയും ബങ്കറുകള്‍ നിര്‍മ്മിച്ചും സുരക്ഷയൊരുക്കാനുള്ള സംവിധാനങ്ങള്‍ തലേ ദിവസം രാത്രി തന്നെ ചെയ്തു വയ്ക്കാന്‍ ഉത്തരവിട്ടാണ് വിജയ് കുമാര്‍ ഈ ദൗത്യത്തിന് മുന്നിട്ടിറങ്ങിയത്.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. ദുര്‍ഘടം പിടിച്ച മേഖലയായിരുന്നതിനാലും ജലവിതരണ സംവിധാനം തകര്‍ക്കപ്പെട്ടതിനാലും ആദ്യദിവസം വീട്ടമ്മമാര്‍ക്ക് വേണ്ട ആഹാരവും ജലവും പോലുമെത്തിക്കാന്‍ സൈന്യത്തിന് സാധിച്ചില്ല.
ആ സ്ത്രീകള്‍ ഒന്നടങ്കം അന്ന് വിശപ്പും ദാഹവും മറന്നു ജോലി ചെയ്തുവെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ..?
രണ്ടാം ദിവസം കുറെ പേര്‍ ലഘുഭക്ഷണം പൊതിഞ്ഞു കൊണ്ടു വന്നു. കുറച്ചുപേര്‍ക്ക് സൈനികര്‍ ഭക്ഷണം തയ്യാറാക്കി കൊടുത്തു. സുഖ്രിയും (രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഒരുതരം ഗോതമ്പ് ബിസ്‌ക്കറ്റ് ) പച്ചമുളകും മാത്രമായിരുന്നു അവര്‍ക്ക് ലഭ്യമായിരുന്ന ആഹാരം. സൈനികരുടെ ഭക്ഷ്യവസ്തുക്കളുടെ ഗോഡൗണും സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു. അന്നു വൈകുന്നേരവും പിറ്റേദിവസവും ആ പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍ നിന്നും പഴങ്ങളും മധുരപലഹാരങ്ങളും ആ സ്ത്രീകള്‍ക്ക് എത്തിച്ചു നല്‍കി.
വ്യോമാക്രമണം വീണ്ടുമുണ്ടായല്‍ സൈറണ്‍ മുഴങ്ങുമെന്നും അതു കേട്ടാല്‍ ഓരോരുത്തരും എങ്ങോട്ടാണ് ഓടേണ്ടതെന്നും വീട്ടമ്മമാരോട് കര്‍ണിക് വിശദീകരിച്ചു കൊടുത്തു.
റഡാര്‍ സംവിധാനങ്ങള്‍ തകര്‍ന്ന കാരണം ഏതൊരു വിമാനത്തിന്റെ മുഴക്കം കേട്ടാലും സ്ത്രീകള്‍ ഓടി കുറ്റിക്കാട്ടില്‍ ഒളിക്കുമായിരുന്നു.
വല്‍ഭായി സേഘാനി എന്ന പെണ്‍കുട്ടി, തന്റെ കൈക്കുഞ്ഞിനെ അയല്‍ വീട്ടുകാരുടെ സംരക്ഷണത്തിലാക്കിയാണ് ജോലി ചെയ്യാനെത്തിയത്. അതിര്‍ത്തി സംസ്ഥാനമായതിനാല്‍, അവള്‍ക്ക് രാജ്യസ്‌നേഹം എന്താണെന്നും രാഷ്ട്രസുരക്ഷയുടെ പ്രാധാന്യവും നല്ലതു പോലെ അറിയാമായിരുന്നു. നിനക്കെന്തെങ്കിലും പറ്റിയാല്‍ കുഞ്ഞിന്റെ അവസ്ഥയെന്താവും എന്ന വീട്ടുകാരുടെയും അയല്‍ക്കാരുടെയും ചോദ്യത്തിന്, ‘എന്റെ സഹോദരന്മാര്‍ക്ക് ഇപ്പോഴാണ് എന്റെ ആവശ്യമുള്ളത്.. പിന്നെന്റെ മകന്‍..അവന് ദൈവം തുണയുണ്ടാകും.!’ എന്നായിരുന്നു അവളുടെ മറുപടി..
പലവട്ടം പാകിസ്ഥാനി വിമാനങ്ങള്‍ വീണ്ടും പറന്നെത്തിയെങ്കിലും, പുനര്‍നിര്‍മിക്കപ്പെടുന്ന റണ്‍വേ വീട്ടമ്മമാരുടെ നിര്‍ദ്ദേശപ്രകാരം ചാണകം കട്ടിയില്‍ കലക്കിയൊഴിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അവരില്‍ നിന്നും മറച്ചു.
സൈറണ്‍ മുഴങ്ങുമ്പോള്‍ തന്നെ എല്ലാവരും പണിയായുധങ്ങളുമെടുത്തു സുരക്ഷാ ഷെല്‍ട്ടറുകളിലേക്കും ബങ്കറുകളിലേക്കും ഓടുമായിരുന്നു.
ഉറക്കമില്ലാതെ, മതിയായ ആഹാരവും ജലവുമില്ലാതെ രാത്രിയും പകലും അവര്‍ ജോലി ചെയ്തു. ഒരു രാജ്യത്തിന്റെ സൈന്യവും ജനതയും കൈമെയ് മറന്ന് അഹോരാത്രം പ്രവര്‍ത്തിച്ചു.
72 മണിക്കൂറുകള്‍..
നാലാം ദിവസം വൈകുന്നേരം കൃത്യം നാലുമണിക്ക്, ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ യുദ്ധവിമാനങ്ങള്‍ ഹുങ്കാരം മുഴക്കിക്കൊണ്ട് പുനര്‍നിര്‍മ്മിക്കപ്പെട്ട ഭുജ് റണ്‍വേയിലൂടെ ആകാശത്തേക്ക് ചിറകുവിരിച്ചു പറന്നുയര്‍ന്നു..
ഒരു ജനതയുടെ, ഒരു ഗ്രാമത്തിന്റെ ആത്മസാക്ഷാത്കാരമായിരുന്നു ആ നിമിഷം…
നിറഞ്ഞ കണ്ണുകളോടെ, ഉയര്‍ത്തിപ്പിടിച്ച ശിരസ്സോടെ, അഭിമാനപൂര്‍വം അത് നോക്കി നിന്ന മാധാപൂരിലെ ദേവിമാര്‍ കനത്ത കരഘോഷം മുഴക്കി…
മാധാപൂരിലെ ധീര വനിതകളുടെ സേവനം തിരിച്ചറിഞ്ഞ ഭാരതം ഒരാള്‍ക്ക് 50,000 രൂപ വീതം പാരിതോഷികം നല്‍കി. ആ ദരിദ്ര ഗ്രാമം അങ്ങനെ പച്ചപിടിച്ചു. ഇന്ന് ഏഷ്യയിലെ ഏറ്റവും ധനിക ഗ്രാമങ്ങളിലൊന്നാണ് മാധാപൂര്‍..
കേന്ദ്രമന്ത്രിയായിരുന്ന സ്മൃതി ഇറാനി, തന്റെ പ്രത്യേക താല്‍പര്യപ്രകാരം 10 ലക്ഷം രൂപ അനുവദിച്ച് മാധാപൂരില്‍ ‘വീരാംഗന സ്മാരകം’പണിതുയര്‍ത്തി.
മാധാപൂരിലെ വീരാംഗനകള്‍ക്ക് ഇന്ന് വയസ്സായി. എങ്കിലും, അഭിമുഖത്തില്‍ അവര്‍ പറഞ്ഞത്, രാഷ്ട്ര സേവനത്തിന് വിളിച്ചാല്‍ ഇപ്പോഴും അതിനുള്ള ഊര്‍ജ്ജം അവരില്‍ ബാക്കിയുണ്ടെന്നാണ്.
ഈ സംഭവം ഇതിവൃത്തമാക്കി അജയ് ദേവ്ഗണ്‍ നായകനാകുന്ന ‘ഭുജ് : ദ പ്രൈഡ് ഓഫ് ഇന്ത്യ’ എന്ന ചിത്രം ആഗസ്റ്റ് 12ന് റിലീസ് ആയി.