Monday, December 11, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

  • Home
  • Subscribe
  • Buy Books
  • Kesari English
  • Subscriber Lounge
Home ലേഖനം

നിലവിളി നിലയ്ക്കാത്ത കിണറുകള്‍

തിരൂര്‍ ദിനേശ്‌

Print Edition: 13 August 2021

ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ മറവില്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളിലും കോഴിക്കോട്, പൊന്നാനി താലൂക്കുകളുടെ പാര്‍ശ്വഭാഗങ്ങളിലും മാപ്പിളമാര്‍ ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ സമാനതകളില്ലാത്ത വംശഹത്യ കേരള ചരിത്രത്തിലെ ഇന്നും നടുക്കുന്ന അദ്ധ്യായങ്ങളാണ്. മാപ്പിള ലഹളയുടെ നൂറാം വാര്‍ഷികത്തിലും ആ ദുരന്ത, ദുരിത ചരിത്രങ്ങള്‍ തലമുറകളിലൂടെ ഇന്നും നിലനില്‍ക്കുന്നു. മുസ്ലീം സ്വരാജ് സ്ഥാപിക്കാന്‍ കറാച്ചി ഖിലാഫത്ത് സമ്മേളനത്തില്‍ അംഗീകരിച്ച പ്രമേയം മാപ്പിള ലഹളയുടെ തുടക്കത്തില്‍ തന്നെ ലഘുലേഖയായി നിലമ്പൂര്‍ മുതല്‍ മണ്ണാര്‍ക്കാടു വരെ പ്രചരിച്ചു. സ്വതവേ മതാന്ധരും വിദ്യാഭ്യാസരഹിതരുമായ സാധാരണ മാപ്പിളമാരെ ഹിന്ദു വിരോധികളാക്കിത്തീര്‍ത്തുവെന്നതാണ് ഈ ലഘുലേഖ വരുത്തിവെച്ച വിന. ബ്രിട്ടീഷുകാര്‍ക്കെതിരെ ലഹളക്കാര്‍ ആയുധമെടുത്തിട്ടുണ്ട് എന്നത് വാസ്തവമാണ്. അത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിട്ടായിരുന്നില്ല. അവര്‍ ലക്ഷ്യം വെച്ചത് ഹിന്ദുക്കളെയാണ്. മൂന്നു പതിറ്റാണ്ടു മുമ്പ് കാശ്മീരിലെ ഹിന്ദുക്കള്‍ മുസ്ലീം തീവ്രവാദികളാല്‍ അനുഭവിച്ച ദുരന്തം അതിനും എഴുപത് വര്‍ഷം മുമ്പ് ഏറനാട്ടിലേയും വള്ളുവനാട്ടിലേയും ഹിന്ദുക്കള്‍ അനുഭവിച്ചു. അസംഘടിതരായതിനാല്‍ ഹിന്ദുക്കള്‍ക്ക് മതം മാറുകയല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നും ഉണ്ടായിരുന്നില്ല. മതം മാറാന്‍ തയ്യാറല്ലാത്തവര്‍ക്ക് ആലി മുസ്ല്യാരുടേയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ‘മാപ്പിള രാജ്യത്ത്’ ജീവിക്കാന്‍ അര്‍ഹതയില്ല. മതം മാറാത്ത ആയിരക്കണക്കിന് ഹിന്ദുക്കളെ ഇസ്ലാമിക ശിക്ഷാരീതി പ്രകാരം തല വെട്ടിക്കൊന്നു. വഴിയില്‍ വച്ചും വീട്ടില്‍ കയറിയും വെട്ടിക്കൊലപ്പെടുത്തിയ സംഭവങ്ങള്‍ ഒട്ടനവധിയാണ്. കിണറ്റില്‍ തല വെട്ടിയിടുന്ന രീതി മാപ്പിള ലഹളക്കാലത്ത് കണ്ട വിഭിന്നമായ ശിക്ഷാരീതിയായിരുന്നു. പാതി ജീവനോടെ കിണറ്റില്‍ രക്തം വാര്‍ന്ന് പിടഞ്ഞു മരിച്ച ഹിന്ദുക്കളുടെ തീരാശാപം അക്രമികളുടെ എത്ര പരമ്പര വരെ അനുഭവിക്കേണ്ടി വരുമെന്നറിയില്ല. ലഹളക്കാലത്ത് കിണറുകളില്‍ ഹിന്ദുക്കളുടെ തല വെട്ടിയിട്ട ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടമാണിത്.

തുവ്വൂര്‍ കിണര്‍
1921 സപ്തംബര്‍ 25. ഞായറാഴ്ച. തുവ്വൂര്‍ ഗ്രാമം ഉറക്കം വിട്ടുണര്‍ന്നിട്ടില്ല. നിദ്രയുടെ ആലസ്യത്തില്‍ തക്ബീര്‍ ധ്വനികള്‍ ആരുടേയും കാതില്‍ വന്നലച്ചതുമില്ല. വീടിനു പുറമെ നിന്നും ആരോ ഉച്ചത്തില്‍ വിളിക്കുന്നത് കേട്ടാണ് കുമാര പണിക്കര്‍ ഞെട്ടിയുണര്‍ന്നത്. ഭാര്യ അമ്മുവും ഉറക്കമുണര്‍ന്നു. കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളാണ് കുമാര പണിക്കര്‍. കുമാര പണിക്കരുടെ വീട്ടില്‍ ഉറങ്ങുകയായിരുന്ന ഗോവിന്ദന്‍ നമ്പ്യാരും ഉറക്കം വിട്ടുണര്‍ന്നു. കുമാര പണിക്കരും ഗോവിന്ദന്‍ നമ്പ്യാരും തെല്ലു ഭീതിയോടെ പിന്നാലെ അമ്മുവും ഉമ്മറത്തേക്ക് ചെന്നു. അച്ചു തൊടി കുഞ്ഞാപ്പിയും അമക്കുണ്ടന്‍ മമ്മതും മുറ്റത്തു നില്‍ക്കുന്നു. അമ്പതു പേരടങ്ങുന്ന ഒരു സംഘത്തിന്റെ തലവന്മാരാണിവര്‍. ഇരുവരും ഖിലാഫത്തിന്റെ സജീവ പ്രവര്‍ത്തകരാണ്. ഖിലാഫത്ത് പ്രവര്‍ത്തനത്തിന് ആയുധങ്ങള്‍ സംഭരിക്കുന്നതിന്റെ ഭാഗമായി ഒരു തോക്ക് ചോദിച്ചു കൊണ്ട് വന്നതിനാല്‍ അമക്കുണ്ടന്‍ മമ്മതിനെ കുമാര പണിക്കര്‍ക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ഇന്നിപ്പോള്‍ മമ്മതിന്റെ പക്കല്‍ തോക്കുണ്ട്. വല്ലതും പറയുന്നതിനു മുമ്പ് അമക്കുണ്ടന്‍ മമ്മത് കുമാര പണിക്കരുടെ കൈകള്‍ പിറകിലേക്ക് കൂട്ടിക്കെട്ടി. അവര്‍ ഗോവിന്ദന്‍ നമ്പ്യാരേയും ബന്ധിച്ചു. അക്രമാസക്തരായ ലഹളക്കാരുടെ മുന്നില്‍ അമ്മുവിന്റെ അപേക്ഷയും നിലവിളിയും നിഷ്ഫലമായി. വീടിന് തീ കൊടുത്ത ശേഷം അവര്‍ കുമാരപണിക്കരേയും ഗോവിന്ദന്‍ നമ്പ്യാരേയും പിടിച്ചു വലിച്ചുകൊണ്ടുപോയി. കണ്ണില്‍ക്കണ്ട ഹിന്ദു വീടുകള്‍ മുഴുവന്‍ മാപ്പിളമാര്‍ അഗ്‌നിക്കിരയാക്കി. പി.നാരായണ പണിക്കര്‍, വി.നാരായണന്‍ നായര്‍, എന്‍.കേശവന്‍ നായര്‍ തുടങ്ങി വേറെയും ഹിന്ദുക്കളെ അവര്‍ പിടികൂടി കൈകള്‍ പിറകിലേക്ക് പിടിച്ചുകെട്ടി കൊണ്ടുപോയി. മുവ്വായിരത്തോളം വരുന്ന ലഹളക്കാര്‍ ഹിന്ദു വീടുകള്‍ തെരഞ്ഞുപിടിച്ച് കൊള്ളയും കൊള്ളിവെപ്പും നടന്ന പകലായിരുന്നു അത്. ഹിന്ദുക്കളുടെ കൂട്ട നിലവിളി എങ്ങും ഉയരുമ്പോള്‍ തുവ്വൂരിലെ പലര്‍ക്കുഴി പറമ്പിലേക്കാണ് കുമാര പണിക്കരേയും സംഘത്തേയും എത്തിച്ചത്. അവിടെ നിരവധി മാപ്പിളമാരുണ്ട്. പ്രദേശത്തെ ലഹളത്തലവന്മാരായ ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങള്‍, ഇമ്പിച്ചിക്കോയ തങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അത്. പറമ്പിന്റെ കിഴക്കുഭാഗത്ത് ഒരു പാറയിന്‍മേലാണ് ചെമ്പ്രശ്ശേരി തങ്ങളുമൊക്കെ ഇരിക്കുന്നത്. അമക്കുണ്ടന്‍ മമ്മതും അച്ചു തൊടി കുഞ്ഞാപ്പിയും സംഘവും പിടിച്ചുകെട്ടികൊണ്ടുവന്നവരെ ഒരിടത്തേക്ക് മാറ്റിനിര്‍ത്തി. ഈ സമയത്ത് പല ഭാഗത്തു നിന്നും ഹിന്ദുക്കളെ പിടികൂടി കൊണ്ടുവന്നുകൊണ്ടിരുന്നു.

ആദ്യം കുമാര പണിക്കരെയാണ് ഹാജരാക്കിയത്. ‘പട്ടാളത്തിന് സഹായം ചെയ്തിട്ടുണ്ടോ?’ എന്നാണ് ചെമ്പ്രശ്ശേരി തങ്ങള്‍ ചോദിച്ചത്. തുടര്‍ന്ന് കുമാര പണിക്കരെ വധിക്കാന്‍ ചെമ്പ്രശ്ശേരി തങ്ങള്‍ ഉത്തരവിടുകയും ചെയ്തു. ഇതേ പറമ്പില്‍ത്തന്നെ ഒരു കിണറുണ്ട്. കുമാര പണിക്കരെ കിണറ്റു വക്കിലേക്ക് കൊണ്ടുവന്നു. നിന്നിടത്തുനിന്നും അനങ്ങാന്‍ പോലുമാവാതെ ഭയചകിതനായി കരഞ്ഞു നിന്ന കുമാര പണിക്കരുടെ നിറുകയില്‍ ഈര്‍ച്ചവാള്‍ വെച്ച് ആമക്കുണ്ടന്‍ മമ്മത് ഈരാന്‍ തുടങ്ങി. പിന്നെ കഴുത്തു വെട്ടികിണറ്റിലേക്ക് തള്ളി. മാപ്പിള ലഹളക്കാലത്ത് ഹിന്ദുക്കളുടെ തല വെട്ടിയിട്ട കുപ്രസിദ്ധ തുവ്വൂര്‍ കിണറ്റില്‍ അതിക്രൂരമായി ആദ്യം കൊന്നു തള്ളിയത് ഹെഡ് കോണ്‍സ്റ്റബിള്‍ കുമാരപിള്ളയെ ആണ്.

തുവ്വൂര്‍ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അച്ചു തൊടി കുഞ്ഞാപ്പി പ്രതിയായ എസ്.ജെ.സി. 182/1922 നമ്പര്‍ കേസില്‍ കോഴിക്കോട് സ്‌പെഷല്‍ ജഡ്ജി പക്കെന്‍ ഹാം വാല്‍ഷ് പുറപ്പെടുവിച്ച വിധിന്യായത്തില്‍ ഈ സംഭവം പ്രത്യേകമായിത്തന്നെ പരാമര്‍ശിച്ചിട്ടുണ്ട്.

ആര്യസമാജത്തിന്റെ മിഷണറിയായ പണ്ഡിറ്റ് ഋഷിറാം തുവ്വൂര്‍ കിണറ്റില്‍ 30 തലയോട്ടികള്‍ എണ്ണി. അതില്‍ ഒരു തലയോട്ടി അറക്കവാള്‍ വച്ച് ഈര്‍ന്ന നിലയിലാണ് കണ്ടതെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ തലയോട്ടി കുമാര പണിക്കരുടേതാണ്. തുവ്വൂര്‍ കിണറ്റില്‍ ഇരുപത് തലകള്‍ താന്‍ എണ്ണിയതായി കെ.മാധവന്‍ നായര്‍ മലബാര്‍ കലാപം എന്ന തന്റെ ഗ്രന്ഥത്തിലും രേഖപ്പെടുത്തിയിരിക്കുന്നു. കുമാര പണിക്കരെ വധിച്ച ശേഷം രണ്ടാമതായി ചെമ്പ്രശ്ശേരി തങ്ങളുടെ മുമ്പാകെ ഹാജരാക്കിയത് തുവ്വൂരിലെ വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തില്‍ ശാന്തി ചെയ്ത് ഉപജീവനം നടത്തുന്ന ഒരു എമ്പ്രാന്തിരിയെയാണ്. മൂര്‍ത്തിയെന്നാണ് അദ്ദേഹത്തിന്റെ പേര്. പട്ടാളത്തിന് സഹായം ചെയ്തുകൊടുത്തു എന്ന കുറ്റമാരോപിച്ച് ആ സാധു ബ്രാഹ്മണനേയും വെട്ടിക്കൊല്ലാന്‍ ചെമ്പ്രശ്ശേരി തങ്ങള്‍ ആജ്ഞാപിച്ചു. എന്നാല്‍ ഇയാളെ ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങള്‍ തന്നെ ശിരച്ഛേദം നടത്തണമെന്ന് ആമക്കുണ്ടന്‍ മമ്മത് ആവശ്യപ്പെട്ടു. അതിന് അവരെ സംബന്ധിച്ചിടത്തോളം മതിയായ കാരണമുണ്ടായിരുന്നു. മൂര്‍ത്തി എമ്പ്രാന്തിരി പൂണൂല്‍ധാരിയാണ്. അതനുസരിച്ച് മൂര്‍ത്തി എമ്പ്രാന്തിരിയുടെ കഴുത്ത് വെട്ടി കിണറ്റില്‍ തള്ളിയത് ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങളാണ്. 36 ഹിന്ദുക്കളെയാണ് ഇസ്ലാമിക ശിക്ഷാരീതി പ്രകാരം തുവ്വൂര്‍ കിണറ്റില്‍ തല വെട്ടിയിട്ടത്.

കുമാര പണിക്കരേയും മൂര്‍ത്തി എമ്പ്രാന്തിരിയേയും വെട്ടിക്കൊന്ന് കിണറ്റിലിട്ടതിന് ദൃക്‌സാക്ഷികളായിരുന്നു പി.നാരായണ പണിക്കരും വി.നാരായണന്‍ നായരും എന്‍. കേശവന്‍ നായരും. ഇസ്ലാം മതം സ്വീകരിക്കാത്ത എല്ലാ ഹിന്ദുക്കളേയും കൊല്ലണമെന്ന് വാരിയംകുന്നന്‍ കുഞ്ഞഹമ്മത് ഹാജിയും ചെമ്പ്രശ്ശേരി തങ്ങളും തീരുമാനിച്ചതായി ഗവണ്‍മെന്റിന് റിപ്പോര്‍ട്ടുകള്‍ കിട്ടിയ അതേ അവസരത്തില്‍ തന്നെയാണ് തുവ്വൂരിലെ കൂട്ടക്കൊലയും നടന്നത്.

കുമാര പണിക്കരോടൊപ്പം മാപ്പിളമാര്‍ പിടികൂടിയ നാരായണ പണിക്കരും നാരായണന്‍ നായരും കേശവന്‍ നായരും തന്ത്രപരമായാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. സഹോദരനെ പിടിക്കാന്‍ സഹായിക്കാമെന്നും 100 രൂപ നല്‍കാമെന്നും വാഗ്ദാനം ചെയ്താണ് പുവ്വഞ്ചേരി നാരായണന്‍ രക്ഷപ്പെട്ടത്. നാരായണന്‍ നായരാകട്ടെ, വീട്ടിലെ ആഭരണങ്ങള്‍ ലഹളക്കാര്‍ക്ക് കാഴ്ചവെച്ചതിനാല്‍ രക്ഷപ്പെട്ടു. കേശവന്‍ നായരും തന്റെ സഹോദരനെ പിടികൂടാന്‍ സഹായിക്കാമെന്നു പറഞ്ഞ് മരണത്തില്‍ നിന്നും രക്ഷ നേടി.

തുവ്വൂരിലെ മരണക്കിണറില്‍ നിന്നും രക്ഷപ്പെട്ട മറ്റു രണ്ടുപേരാണ് കോഴിക്കോട് കാരപ്പറമ്പിലെ കരുവുശ്ശേരിയിലുളള മീത്തല്‍ വീട്ടില്‍ താമുവും കിളിക്കുന്നുമ്മല്‍ചാമിയും. തുവ്വൂര്‍ കിണറ്റിലെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അച്ചുതൊടി കുഞ്ഞാപ്പി പ്രതിയായ കേസില്‍ ഒന്നാം സാക്ഷി കുമാരപണിക്കരുടെ ഭാര്യ അമ്മുവും രണ്ട്, മൂന്ന്, നാല് സാക്ഷികള്‍ കുമാര പണിക്കരോടൊപ്പം പിടികൂടുകയും പിന്നീട് തന്ത്രപരമായി രക്ഷപ്പെട്ട മേല്‍പ്പറഞ്ഞവരുമാണ്. ഇതേ കേസിലെ വിധിന്യായത്തില്‍ വധശിക്ഷയ്ക്ക് വിധിച്ചവരുടെ തല വെട്ടാന്‍ ലഹളക്കാര്‍ മത്സരിച്ചിരുന്നുവെന്ന പരാമര്‍ശവുമുണ്ട്.

തുവ്വൂര്‍ കൂട്ടക്കൊലയ്ക്ക് ആധാരമായി പറയുന്നത് അവിടെ ക്യാമ്പ് ചെയ്തിരുന്ന പട്ടാളത്തിന് ഹിന്ദുക്കള്‍ സഹായം നല്‍കിയതിന്റെ പകയാണെന്നാണ്. പട്ടാളം ക്യാമ്പ് ചെയ്തിരുന്ന സമയത്ത് നിരവധി മാപ്പിള വീടുകള്‍ പട്ടാളക്കാര്‍ അഗ്‌നിക്കിരയാക്കിയെന്നും ഇതോടെ മാപ്പിളമാര്‍ക്ക് ഹിന്ദുക്കളോട് തോന്നിയ വൈരാഗ്യം തുവ്വൂര്‍ കൂട്ടക്കൊലയ്ക്ക് ഇടയാക്കിയെന്നുമാണ് മാധവന്‍ നായരുടെ നിരീക്ഷണം. ഇതെല്ലാം കാരണമായി കാണാമെങ്കിലും ആത്യന്തിക ലക്ഷ്യം കൊള്ളയും കൊള്ളിവെപ്പും വ്യാപക മതപരിവര്‍ത്തനവുമാണ്. തുവ്വൂര്‍ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയത് ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങളാണെന്ന വാദത്തെ മാധവന്‍ നായര്‍ സംശയിക്കുന്നുണ്ട്. ചെമ്പ്രശ്ശേരിയില്‍ രണ്ടു തങ്ങന്‍മാരുണ്ട്. കുഞ്ഞിക്കോയ തങ്ങളും ഇമ്പിച്ചി തങ്ങളും. ഇമ്പിച്ചി തങ്ങള്‍ സ്വതവേ അക്രമ പ്രവര്‍ത്തനം നടത്തിയിരുന്ന ആളായതിനാലും തുവ്വൂരില്‍ നിന്നും ഓടി രക്ഷപ്പെട്ടവരുടെ മൊഴികളാലും തുവ്വൂര്‍ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയത് ചെമ്പ്രശ്ശേരി ഇമ്പിച്ചിതങ്ങളായിരിക്കാമെന്നാണ് മാധവന്‍ നായരുടെ നിഗമനം. തുവ്വൂരില്‍ ആഗസ്ത് 22 ന് കൊള്ളയും കൊള്ളിവെപ്പും നടന്നപ്പോള്‍ത്തന്നെ നൂറുകണക്കിന് ഹിന്ദുക്കള്‍ ജീവരക്ഷാര്‍ത്ഥം പലായനം ചെയ്തിരുന്നു. ആദ്യത്തെ അക്രമ സമയത്ത് ജീവനും കൊണ്ട് ഓടിയൊളിച്ചവരില്‍ തുവ്വൂര്‍ അംശം അധികാരി പൂവഞ്ചേരി വെളുത്തേടത്ത് ശങ്കരനും ഉള്‍പ്പെടും. തുവ്വൂര്‍ സംഭവങ്ങളെ കുറിച്ച് കോഴിക്കോട്ട് നിന്നും ശങ്കരന്‍ 1921 ഡിസംബര്‍ 2 ന് ഒരു സങ്കടഹരജി സമര്‍പ്പിച്ചിരുന്നു. ആഗസ്ത് 22 ന് കരുവാരക്കുണ്ട്, തുവ്വൂര്‍ പ്രദേശങ്ങളില്‍ നിന്നായി എത്തിയ മൂന്നൂറില്‍പ്പരം ലഹളക്കാര്‍ സര്‍ക്കാര്‍ ആപ്പീസുകള്‍ അഗ്‌നിക്കിരയാക്കുകയും വീടുകള്‍ കൊള്ളയടിച്ച് തീവെക്കുകയും ചെയ്തു. അത്രയും എഴുതിയ ശങ്കരന്റെ ഹരജിയിലെ തുടര്‍ന്നുള്ള വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു-

‘… ഞാന്‍ അന്നു മുതല്‍ 21 ദിവസം കാട്ടിലും മണ്‍ കുഴികളിലും ഒളിച്ചു കഴിഞ്ഞു. 2021 സെപ്തംബര്‍ 11 ന് പട്ടാളം അംശത്തില്‍ വന്നപ്പോള്‍ പട്ടാളത്തിന്റെ കൂടെ ചേര്‍ന്ന് ജീവന്‍ രക്ഷിച്ചു. 25 ന് ഞായറാഴ്ച പുലര്‍ച്ചെ വളരെയധികം മാപ്പിളമാര്‍ വന്ന് വീടുകൊള്ളയടിച്ചു. പിന്നെ തീവെച്ചു. ആ പ്രദേശത്തുള്ള മിക്ക വീടുകളും കൊള്ളചെയ്ത് അഗ്‌നിക്കിരയാക്കി. കയ്യില്‍ കിട്ടിയ ആണുങ്ങളെ പിടിച്ച് പിന്‍ കെട്ടുകെട്ടി കൊണ്ടുപോയി. ഒരേ പ്രാവശ്യം ചിലരെ തോല്‍ കിഴിച്ചു. ചിലരെ അടിയില്‍ നിന്നും മുടിയോളം വെട്ടിയും ചിലരെ വെട്ടിപകുതിയാക്കിയും ഒരു കിണറ്റില്‍ തള്ളി. രണ്ടാളെ വഴിയില്‍ വെട്ടി കൊലപ്പെടുത്തി. പത്തു മാസമായി രോഗം ബാധിച്ച് ശയ്യാവലംബിയായ 80 വയസ്സായ ഒരു നായരെ വെട്ടി കൊലപ്പെടുത്തി. ആകെ 36 ആളെ കിണറ്റില്‍ വെട്ടിതള്ളി കൊലപ്പെടുത്തി. ഇതില്‍ മൂന്ന് പേര്‍ എമ്പ്രാന്തിരിമാരാണ്. രാജാവ് അവര്‍കള്‍ വക തുവ്വൂര്‍ ക്ഷേത്രത്തിലും പുത്തൂര്‍ വേട്ടക്കൊരുമകന്‍ കാവിലും കൈക്കാട്ടിരി ക്ഷേത്രത്തിലും ശാന്തിക്കാരായ എമ്പ്രാന്തിരിമാരാണ് അവര്‍. ഈ ക്ഷേത്രങ്ങളില്‍ കടന്ന് ബിംബം മുതലായവ വെട്ടി മുറിച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു. ‘മഴച്ചാറ്റലുള്ള ദിവസമാണ് തുവ്വൂര്‍ കിണറ്റില്‍ ഹിന്ദുക്കളുടെ കൂട്ടക്കൊല നടന്നത്. വെട്ടേറ്റ് പകുതി ജീവനായി രക്ഷപ്പെടാന്‍ കഴിയാതെയുള്ള നിലവിളി മൂന്നാമത്തെ ദിവസവും കേള്‍ക്കാമായിരുന്നുവെന്നും പിന്നീട് വെളിപ്പെടുത്തലുണ്ടായി. 1921 ആഗസ്ത് 21 ന് അഞ്ഞൂറോളം വരുന്ന ലഹളക്കാര്‍ കരുവാരക്കുണ്ട് പോലീസ് സ്റ്റേഷന്‍ അക്രമിച്ചു. പിറ്റേ ദിവസമാണ് മാപ്പിളമാര്‍ ഹിന്ദുക്കളെ അക്രമിച്ചത്. ഇതിനെത്തുടര്‍ന്ന് സെപ്തംബര്‍ 11 ന് തുവ്വൂരില്‍ പട്ടാള ക്യാമ്പ് തുടങ്ങി. സെപ്തംബര്‍ 24 ന് പട്ടാളം തിരിച്ചു പോവുകയും ചെയ്തു. പട്ടാളം പോയതക്കത്തിലാണ് ഇരുപത്തഞ്ചാം തിയ്യതി തുവ്വൂരില്‍ ഹിന്ദു കൂട്ടക്കൊല അരങ്ങേറിയത്.

1999 മാര്‍ച്ച് മാസത്തില്‍ തുവ്വൂര്‍ കിണര്‍ നേരിട്ടു കണ്ടിട്ടുണ്ട്. ഒരു റബ്ബര്‍ എസ്റ്റേറ്റിലാണ് പ്രസ്തുത കിണര്‍ ഉണ്ടായിരുന്നത്. വൃത്താകൃതിയിലുള്ള കിണര്‍ ചെങ്കല്‍ പാറ വെട്ടി ഇറക്കിയതാണ്. മുകളില്‍ കല്ലുകൊണ്ട് ആള്‍മറ കെട്ടിയിരുന്നു. മാപ്പിള ലഹളക്കാലത്തെ ഈ മരണക്കിണര്‍ ഇല്ലായ്മ ചെയ്യാനുള്ള നീക്കം തുടങ്ങിയതും അക്കാലത്താണ്. ഏതോ കെട്ടിടം പൊളിച്ചതിന്റെ വേസ്റ്റുകള്‍ കിണറില്‍ ഇട്ട് മൂടിയിരുന്നു. നാലോ അഞ്ചോ അടി കൂടി മാത്രമേ നികത്താന്‍ ബാക്കി ഉണ്ടായിരുന്നുള്ളു. പില്‍ക്കാലത്ത് കിണര്‍ നിശ്ശേഷം ഇല്ലായ്മ ചെയ്തു. തുവ്വൂര്‍ കിണര്‍ സ്ഥിതി ചെയ്തിരുന്ന ഭൂമിയുടെ ശരിയായ പേര് ‘കൂളിക്കാവ് മലപറമ്പ് എന്ന നാനു പൊയിലു പറമ്പ്’ എന്നാണ്. കൂളിക്കാവ് എന്ന സ്ഥലപ്പേര് പഴയ കാലത്ത് ഇവിടെ ഒരു സര്‍പ്പക്കാവ് ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്നു. കിണര്‍ ഈ നിഗമനത്തെ ബലപ്പെടുത്തുന്നതാണ്. നിലമ്പൂര്‍ താലൂക്കില്‍ തുവ്വൂര്‍ വില്ലേജില്‍ റീ.സ.151 ല്‍ 94 എന്ന സര്‍വ്വെ നമ്പറില്‍ 0.0566 ഹെക്ടര്‍ (അമ്പത്താറര സെന്റ്) വിസ്തൃതിയാണ് തുവ്വൂര്‍ കിണര്‍ ഭൂമിക്കുള്ളത്. പഴയ കാലത്ത് സാമൂതിരി കോവിലകത്തേക്ക് അവകാശപ്പെട്ട ഭൂമിയാണ്. തുവ്വൂര്‍ കിണറ്റില്‍ കൂട്ടക്കൊല നടക്കുന്ന കാലത്ത് ഈ ഭൂമി ‘പുന്നക്കുന്നത്ത് പൂങ്കുഴി’ എന്ന മുസ്ലീം തറവാട്ടുകാരുടെ കൈവശത്തിലായിരുന്നു. വേറെയും ധാരാളം ഭൂമിയുള്ള ഈ കുടുംബത്തിന് കൂളിക്കാവ് മലപറമ്പ് സാമൂതിരിയില്‍ നിന്നും വെറുമ്പാട്ടം ചാര്‍ത്തിക്കിട്ടിയതാണെന്ന് പില്‍ക്കാല രേഖകളില്‍ കാണുന്നു.

(Document No: വണ്ടൂര്‍ സ.റ.1493/1927,മേലാറ്റൂര്‍ സ.റ: 1630/1973,3149/1990, 3552/1990,5143/2009, 2103/2016). കിണര്‍ സ്ഥിതിചെയ്യുന്ന ഭൂമിയെ സംബന്ധിച്ചുള്ള ആദ്യരേഖ വണ്ടൂര്‍ സബ് റജിസ്ട്രാര്‍ ആപ്പീസിലെ 1927 ല്‍ 1493 നമ്പര്‍ ആധാരമാണ്. ഇതനുസരിച്ച് പുന്നക്കുന്നത്ത് പൂങ്കുഴി അഹമ്മതിന്റെ കൈവശമായിരുന്നു.

പിന്നീട് ഈ ഭൂമി അടക്കമുള്ള സ്വത്തുക്കള്‍ ഭാഗിക്കാന്‍ കോഴിക്കോട് സബ് കോടതിയില്‍ ഛ.ട.131/1949 നമ്പരായി ഒരു കേസു വന്നു. ഈ കേസില്‍ തുവ്വൂര്‍ കിണര്‍ ഭൂമി വേറെ വസ്തുക്കളോടെ അഹമ്മതിന്റെ ഓഹരിക്ക് തന്നെ ലഭിച്ചു. അതിനു ശേഷം അഹമ്മതിന്റെ മകള്‍ ഇയ്യാത്തുട്ടി ഉമ്മയ്ക്കാണ് ഭൂമി ലഭിച്ചത്. തുവ്വൂര്‍ കിണര്‍ ഭൂമിക്ക് ഇയ്യാത്തുട്ടി ഉമ്മ പട്ടയം വാങ്ങിയത് 1985 ലാണ് (വണ്ടൂര്‍ ലാന്റ്‌ട്രൈബ്യുണല്‍ തഹസില്‍ദാരുടെ സ്വമേധയാ നടപടി. ഹരജി നമ്പര്‍ എസ്.എ.269/1985). അതിനിടയില്‍ ഏറനാട് താലൂക്ക് ലാന്റ് ബോര്‍ഡിലെ സി.ആര്‍.1973 ല്‍ 189 നമ്പര്‍ മിച്ചഭൂമിക്കേസില്‍ തുവ്വൂര്‍ കിണര്‍ ഭൂമി ഉള്‍പ്പെട്ടെങ്കിലും ലാന്റ് ബോര്‍ഡ് മിച്ച ഭൂമിക്കേസില്‍ നിന്നും ഈ ഭൂമി ഒഴിവാക്കി. തുടര്‍ന്ന് 1990 ല്‍ ഇയ്യാത്തുട്ടി ഉമ്മ മകള്‍ ആനപ്പട്ടത്ത് ആമിനക്ക് ഈ ഭൂമി അടക്കമുള്ള ഭൂമി റജിസ്റ്റര്‍ ചെയ്തു നല്‍കി. ആമിനയാകട്ടെ തുവ്വൂര്‍ കിണര്‍ ഭൂമി അച്ചുതൊടി സെയ്തലവി, നെച്ചിക്കാടന്‍ അബ്ദുറഹിമാന്‍ എന്നിവര്‍ക്കു നല്‍കി. അച്ചുതൊടി സെയ്തലവിയുടേയും തുവ്വൂര്‍ കിണറ്റില്‍ കുമാര പണിക്കരുടെ തല അറക്കവാള്‍ ഉപയോഗിച്ച് ഈര്‍ന്നു കൊലപ്പെടുത്തിയതിന് കോടതി വധശിക്ഷയ്ക്ക് വിധിച്ച അച്ചുതൊടി കുഞ്ഞാപ്പിയുടേയും വീട്ടുപേര് ഒന്നാണ്. അതിനു ശേഷം ഇവരില്‍ നിന്നും ഈ ഭൂമി 2009 ല്‍ തുവ്വൂരിലെ വഴങ്ങാട്ട് പുത്തന്‍പുരയില്‍ ഷിനു തോമസ് വിലയ്ക്ക് വാങ്ങി. അതില്‍പ്പിന്നെ തുവ്വൂര്‍ കിണര്‍ ഭൂമി ഷിനു തോമസ്സില്‍ നിന്നും വാങ്ങിയ പ്രകാരം കാളിക്കാവ് തൃക്കുന്നശ്ശേരി ദേശത്ത് അഞ്ചച്ചവിടിയിലുള്ള കുളമഠത്തില്‍ മുഹമ്മദലിയുടെ ഉടമസ്ഥതയിലാണ്. 2016ല്‍ 2103 നമ്പര്‍ ആധാര പ്രകാരമാണ് ഷിനു തോമസില്‍ നിന്നും മുഹമ്മദലി വാങ്ങിയത്. 36 ജീവനുകള്‍ രക്തം വാര്‍ന്ന് പിടഞ്ഞു മരിച്ച കിണര്‍ ഇന്ന് കാണാനാവില്ലെങ്കിലും കൂട്ട അപമൃത്യു നടന്ന പറമ്പിന്റെ വശങ്ങളിലൂടെ നടന്നു പോകുമ്പോള്‍ നിലവിളി ഉയരുന്നതായി തോന്നുമെന്ന് പറയുന്നവര്‍ ഇന്നുമുണ്ട്. നൂറ്റാണ്ടുകള്‍ എത്ര പിന്നിട്ടാലും തുവ്വൂര്‍കിണറില്‍ പിടഞ്ഞു മരിച്ച ഹിന്ദുക്കളുടെ നിലവിളി കൂളിക്കാവ് മലപറമ്പില്‍ ഉയര്‍ന്നു കൊണ്ടേയിരിക്കും.

നാഗാളികാവ് കിണറും ചോക്കൂര്‍ ശ്രീരാമ ക്ഷേത്ര തീര്‍ത്ഥക്കിണറും
രക്തഗന്ധം വമിക്കുന്ന കിണറിന്റെ വക്കിലേക്ക് തെയ്യനേയും കേളപ്പനേയുമൊക്കെ പിടിച്ചു തള്ളിക്കൊണ്ടു വരുമ്പോള്‍ ഉക്കണ്ടന്‍ നായരും ചന്ദപ്പനും പ്രതികരിക്കാന്‍ പോലുമാവാതെ തൊണ്ട വരണ്ട് വിറച്ചു നില്‍ക്കുകയായിരുന്നു. തെയ്യന്റെ തല വെട്ടി ആ കിണറ്റില്‍ തള്ളുന്നതും കേളപ്പന്റെ പിന്‍കഴുത്തില്‍ രണ്ടു തവണ വെട്ടി കിണറ്റില്‍ തള്ളിയതിനും അവര്‍ ദൃക്‌സാക്ഷികളായി. വധശിക്ഷ കാണാന്‍ വിധിക്കപ്പെട്ടവരായിരുന്നു ഉക്കണ്ടന്‍ നായരും ചന്ദപ്പനും. മരണം വരെ മറക്കാനാവാത്ത ആ ബീഭത്സരംഗം കുന്നമംഗലം സബ് ഇന്‍സ്‌പെക്ടര്‍ യു.നാരായണനോട് വിവരിച്ചതും അവരാണ്. മാപ്പിള ലഹളക്കാലത്തു നടന്ന മറ്റൊരു ക്രൂരതയുടെ ചെറുചിത്രമാണിത്. മതം മാറാമെന്നു പറഞ്ഞതു കൊണ്ട് വാളിനിരയാവാതെ കൂട്ടക്കൊലയ്ക്ക് സാക്ഷിയാവാന്‍ ഉക്കണ്ടന്‍ നായരും ചന്ദപ്പനും ബാക്കിയായത് കാലം കാത്തുവെച്ച നീതി.

തുവ്വൂര്‍ കിണറില്‍ നടന്ന ഹിന്ദു കൂട്ടക്കൊലയാണ് മാപ്പിള ലഹളക്കാലത്തു നടന്ന കൊടും ക്രൂരതയായി തലമുറകളിലൂടെ പകര്‍ന്നു നില്‍ക്കുന്നത്. എന്നാല്‍ 96 ഹിന്ദുക്കളുടെ തല വെട്ടിയിട്ട മറ്റൊരു കൂട്ടക്കൊല നാഗാളികാവ് കിണറില്‍ നടന്നുവെന്ന വിവരം അത്രയേറെ അറിയപ്പെടാതിരുന്നതാണ്. നാഗാളികാവ് കിണറ്റിലെ കൂട്ടക്കൊലയെക്കുറിച്ച് എനിക്ക് വിവരം കിട്ടിയത് തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളുടെ വിവരശേഖരണത്തിന്റെ ഭാഗമായി ചോക്കൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ്. 2018 മെയ് 21നാണ് ഞാനവിടെ ചെന്നത്. താമരശ്ശേരി താലൂക്കില്‍ ഓമശ്ശേരി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡു സ്ഥിതിചെയ്യുന്ന പ്രദേശത്താണ് ചോക്കൂര്‍ ശ്രീരാമസ്വാമി ക്ഷേത്രവും നാഗാളികാവുമുള്ളത്. ടിപ്പു നടത്തിയ ഹിന്ദുവംശഹത്യയുടേയും അതിനു ശേഷം മാപ്പിള ലഹളക്കാലത്തു നടന്ന ഹിന്ദു വംശഹത്യയുടേയും ദുരിത പര്‍വ്വങ്ങളുടെ ചിതലരിച്ച ചരിത്രങ്ങള്‍ പ്രസ്തുത സംഭവങ്ങളുടെ അടിവേരുതേടിയിറങ്ങിയാല്‍ ലഭിക്കും.

നാഗാളികാവ് കൂട്ടക്കൊലയിലേക്ക് കടക്കുംമുമ്പ് ടിപ്പു നടത്തിയ ക്രൂരതയിലേക്ക് ആദ്യമൊന്നു കണ്ണോടിക്കാം. താമരശ്ശേരി ചുരമിറങ്ങി വന്ന ടിപ്പുവും സൈന്യവും താമരശ്ശേരി താലൂക്കില്‍ വ്യാപകമായ അക്രമം നടത്തി. ഭയചകിതരായ ഹിന്ദുക്കള്‍ മലമുകളിലും കുന്നുകളിലും കയറി കാടുകളില്‍ ഒളിച്ചിരുന്നു. കയ്യില്‍ കിട്ടിയ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി മതംമാറ്റിയ ടിപ്പുവിന്റെ സൈന്യം മതം മാറാത്തവരെ വധിച്ചു. ഹിന്ദുക്ഷേത്രങ്ങള്‍ കൊള്ളയടിച്ചു. വിഗ്രഹങ്ങള്‍ തല്ലിയുടച്ച് വലിച്ചെറിഞ്ഞു. പഴയ കാലത്ത് കുലശേഖര രാജവംശത്തിന്റെ ഊരായ്മയിലുണ്ടായിരുന്ന ചോക്കൂര് ശ്രീരാമസ്വാമി ക്ഷേത്രം, മാനി പുരത്തിനു സമീപമുള്ള പോര്‍ങ്ങട്ടൂര്‍ സുബ്രഹ്മണ്യ ക്ഷേത്രം, കുലിക്ക പ്രശിവക്ഷേത്രം, കുഴിലക്കാട്ട് ശിവക്ഷേത്രം എന്നിവ ടിപ്പുവിന്റെ കരവാളില്‍ മണ്ണടിഞ്ഞു പോയ ക്ഷേത്രങ്ങളാണ്. പില്‍ക്കാലത്ത് അവയെല്ലാം പുനരുദ്ധാരണം ചെയ്തു. മുസ്ലീങ്ങള്‍ ഇല്ലാതിരുന്ന താമരശ്ശേരി താലൂക്കില്‍ മുസ്ലീങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് ടിപ്പുവിന്റെ പടയോട്ടത്തിനും മാപ്പിള ലഹളയ്ക്കും ശേഷമാണ്. ഇന്ന് ഇവിടങ്ങളിലുള്ള പഴയ മുസ്ലീം തറവാടുകള്‍ പഴയ കാലത്ത് ഏറെ സ്വാധീനമുണ്ടായിരുന്ന ഹിന്ദു തറവാടുകളായിരുന്നു.

താമരശ്ശേരി താലൂക്കില്‍ ഹിന്ദുക്കളുടെ ദുരിതകാലം പിന്നീടുണ്ടായത് മാപ്പിളലഹളക്കാലത്താണ്. ഇന്നത്തെ ഓമശ്ശേരി പഞ്ചായത്തു പ്രദേശങ്ങളിലാണ് ലഹളക്കാര്‍ പ്രധാനമായും അക്രമം അഴിച്ചുവിട്ടത്.ഈ പ്രദേശത്തെ മുസ്ലീങ്ങള്‍ ലഹളയ്ക്ക് കൂട്ടുനിന്നിരുന്നില്ലെന്നും ലഹളയ്ക്ക് എതിരായിരുന്നുവെന്നും പ്രത്യേകം എടുത്തു പറയത്തക്കതാണ്. 2021 ഒക്ടോബര്‍ 31 നാണ് ഓമശ്ശേരി ഭാഗത്തേക്ക് തക്ബീര്‍ മുഴക്കി എത്തിയ മുന്നൂറോളം വരുന്ന സംഘം ഏറനാട്ടെ അരീക്കോട്ടു നിന്നും വന്നത്. വീടുകളില്‍ കയറി ലഹളക്കാര്‍ കൊള്ളയടിച്ചു. സ്ത്രീകളെ ഉപദ്രവിച്ചു. വീടുകള്‍ കത്തിച്ചു. ലഹളക്കാരുടെ കണ്ണില്‍ പെടാതിരിക്കാന്‍ സര്‍വ്വതും ഉപേക്ഷിച്ച് പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഓടിപ്പോയി. കയ്യില്‍ കിട്ടിയ പുരുഷന്മാരുടെ കൈകള്‍ പിറകിലേക്ക് കൂട്ടിക്കെട്ടി അനങ്ങാന്‍ പോലുമാവാന്‍ കഴിയാത്ത വിധം ബന്ധനസ്ഥരാക്കി. പാലക്കല്‍ തൊടി അവോക്കര്‍ മുസ്ല്യാര്‍ എന്ന അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തിലുള്ള അക്രമിസംഘമാണ് ഓമശ്ശേരി പ്രദേശങ്ങളില്‍ ഭീകരത സൃഷ്ടിച്ചത്. ഇവിടെയുള്ള ഒരു പുരാതന ബ്രാഹ്മണാലയമാണ് പുറങ്കല്‍ പുതുമന. ലഹളയുമായി ബന്ധപ്പെട്ട രേഖകളില്‍ മുതുമന എന്നാണ് കാണുന്നത്. കൊല്ലും കൊലയും നടത്തുന്ന മാപ്പിള ലഹളക്കാര്‍ വരുന്ന വിവരം അറിഞ്ഞ് പുറങ്കല്‍ പുതുമനയിലുണ്ടായിരുന്നവര്‍ സര്‍വ്വതും ഉപേക്ഷിച്ച് പലായനം ചെയ്തു. മനയിലെത്തിയ ലഹളക്കാര്‍ പ്രസ്തുത മന തങ്ങളുടെ താവളമാക്കി. മനയുടെ ഉള്ളില്‍ തെക്കിനിയിലായി വേട്ടയ്‌ക്കൊരു മകന്റെ ചെറിയ ശ്രീകോവിലും അതിനു മുന്നില്‍ കിഴക്കു പടിഞ്ഞാറായി ഒരു തറയുമുണ്ട്. അത് ശ്രീകോവിലിന്റെ ഭാഗമാണ്. അമ്പതോളംപേര്‍ക്ക് ഇരിക്കാം. മനയും ശ്രീകോവിലും തറയും ഇന്നുമുണ്ട്. അവോക്കര്‍ മുസ്ല്യാര്‍ക്കു പുറമെ എലത്തൂര്‍ കുഞ്ഞിരായന്‍ മുസ്ല്യാരും സംഘത്തിലെ പ്രധാനിയായിരുന്നു. മേല്‍പ്പറഞ്ഞ ഭാഗം മാപ്പിളക്കോടതിയാക്കി മാറ്റി. പല ഭാഗങ്ങളില്‍ നിന്നായി പിടിച്ചു കെട്ടി കൊണ്ടുവന്ന ഹിന്ദുക്കളെ അവോക്കര്‍ മുസ്ല്യാരുടേയും കുഞ്ഞിരായന്‍ മുസ്ല്യാരുടേയും മുന്നില്‍ ഹാജരാക്കി. ന്യായാധിപരെ പോലെ കസേരയിലാണ് ഇരുവരും ഇരുന്നിരുന്നത്. തങ്ങളുടെ മുമ്പില്‍ ഹാജരാക്കുന്നവരോട് ഇസ്ലാം മതം സ്വീകരിക്കാന്‍ അവോക്കര്‍ മുസ്ല്യാര്‍ ആവശ്യപ്പെടും. മതം മാറാന്‍ തയ്യാറല്ലെന്നു പറഞ്ഞാല്‍ അയാളെ വെട്ടിക്കൊല്ലാന്‍ അവോക്കര്‍ മുസ്ല്യാര്‍ വിധിക്കും. ആ ശിക്ഷാവിധിയെ ശരിവെക്കുന്ന മാപ്പിള ന്യായാധിപനാണ് എലത്തൂര്‍ കുഞ്ഞിരായന്‍ മുസ്ല്യാര്‍.തുടര്‍ന്ന് വധശിക്ഷ നടപ്പാക്കാന്‍ പുറങ്കല്‍ പുതുമനയില്‍ നിന്നും 200 മീറ്റര്‍ വടക്കുഭാഗത്തുള്ള നാഗാളികാവില്‍ എത്തിക്കും. കാവു സ്ഥിതി ചെയ്യുന്ന പറമ്പില്‍ ഒരു കിണറുണ്ട്. അവിടെ വച്ചാണ് ഇസ്ലാമിക ശിക്ഷാരീതി പ്രകാരം ഗളച്ഛേദം നടത്തുക. എന്നിട്ട് കിണറ്റിലേക്ക് മറിച്ചിടും. വീരും പള്ളി അത്തുട്ടിയായിരുന്നു ആരാച്ചാര്‍. തുടക്കത്തില്‍ സൂചിപ്പിച്ച ഉക്കണ്ടന്‍ നായരേയും ചന്ദപ്പനേയും ഇതേ പ്രകാരം പിടിച്ചുകെട്ടി കൊണ്ടുവന്നതാണ്. മതം മാറാം എന്നു പറഞ്ഞപ്പോള്‍ അവരെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കി. എന്നാല്‍ മറ്റുള്ളവരെ വധിക്കുന്നത് കാണാന്‍ ഇവരോട് കല്‍പ്പിക്കുകയും ചെയ്തു. മതം മാറാന്‍ വിസമ്മതിച്ചതിന് തെയ്യന്‍, ഉണിച്ചന്‍, കണാരന്‍, കുട്ടീശ്ശന്‍, പി. കേളപ്പന്‍ എന്നിവരെ പട്ടാപ്പകല്‍ പരസ്യമായി വെട്ടുന്നതിന് ഇവര്‍ ദൃക്‌സാക്ഷികളായത് അങ്ങനെയാണ്. പുത്തൂരിലെ പുതുക്കോട്ടെ ചാത്തുണ്ണി നായരും മതം മാറാന്‍ സമ്മതിച്ചു കൊണ്ട് മരണത്തില്‍ നിന്നും രക്ഷപ്പെട്ടു.

നാഗാളികാവ് കിണറ്റില്‍ ഏഴു പേരുടെ തല വെട്ടി കിണറ്റില്‍ തള്ളിയതിന് ദൃക്‌സാക്ഷി കൂടിയാണ് ചാത്തുണ്ണി നായര്‍. ഹിന്ദുവായി ജനിച്ച് ഹിന്ദുവായിത്തന്നെ മരിക്കുമെന്നും മതം മാറില്ലെന്നും പറയാന്‍ കാണിച്ച കൊല്ലപ്പെട്ടവരുടെ ഹിന്ദു ധര്‍മ്മബോധം മഹത്തരമാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഈ ഹിന്ദുക്കള്‍ ജീവന്‍ ബലിയര്‍പ്പിച്ചത് ഹിന്ദു സമാജത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കാന്‍ തന്നെയാണെന്ന ബോധം ഹിന്ദുക്കള്‍ക്കുണ്ടാകേണ്ടിയിരിക്കുന്നു. തല വെട്ടി കിണറ്റില്‍ തള്ളിയിട്ടും പുനര്‍ജന്മം കിട്ടിയ ഭാഗ്യവാനാണ് ഓമശ്ശേരിയിലെ പി. കേളപ്പന്‍. മതം മാറാന്‍ തയ്യാറില്ലെന്ന് അവോക്കര്‍ മുസ്ല്യാരുടെ മുഖത്തു നോക്കി കേളപ്പന്‍ നെഞ്ചു വിരിച്ചു പറഞ്ഞു. വെട്ടിക്കൊല്ലാന്‍ വിധിച്ച ശേഷം മാപ്പിളമാരോടൊപ്പം നടന്നു നീങ്ങി നാഗാളികാവ് കിണറ്റിനടുത്ത് എത്തിയത് ആത്മാഭിമാനത്തോടെ മരിക്കാനാണ്. വീരും പള്ളി അത്തുട്ടിയാണ് കേളപ്പനെ വെട്ടിയത്. കഴുത്തിന് രണ്ടു വെട്ടുകൊടുത്ത് കിണറ്റിലേക്ക് മറിച്ചിടുകയായിരുന്നു. ചെന്നു വീണത് നിരവധി തലകള്‍ക്കും തലയില്ലാത്ത ഉടലുകള്‍ക്കും മീതെ. ഈ സമയത്തു പെയ്ത ചാറ്റല്‍ മഴ കിണറിനകത്തും വീണു. കിണറ്റിലെ വെള്ളത്തിന് രക്തവര്‍ണ്ണം. പാതി ജീവനില്‍ പിടയുന്നവരും അതിലുണ്ടായിരുന്നു. അവരെല്ലാവരും ഇസ്ലാം മതം സ്വീകരിക്കില്ലെന്നു പറഞ്ഞതിന്റെ പേരില്‍ വാളിനിരയായവര്‍.

രണ്ടു വെട്ട് ഏറ്റെങ്കിലും കേളപ്പന്റെ തല അറ്റുപോയിരുന്നില്ല. രക്തത്തില്‍ കുളിച്ച അദ്ദേഹം മരണക്കിണറ്റില്‍ നിന്നും രക്ഷപ്പെടാന്‍ കിണറ്റിലെ കൈവരികള്‍ പിടിച്ച് മെല്ലെ കയറുമ്പോള്‍ വെട്ടേറ്റ് പാതി ജീവനായ ഒരു വൃദ്ധന്‍ കേളപ്പന്റെ കാലു പിടിച്ച് തന്നേയും രക്ഷിക്കാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ കേളപ്പന് അത് അസാദ്ധ്യമായിരുന്നു. കിണറിലേക്ക് തൂങ്ങി നിന്ന ഒരു വള്ളിയും കൈവരിയും പിടിച്ച് ഒരു വിധം മുകളിലെത്തി. മഴ പെയ്തിരുന്നതിനാല്‍ ആരാച്ചാര്‍ കുഞ്ഞിരായന്‍ ഒരു മരത്തിന്റെ ചുവട്ടിലേക്ക് മാറി നില്‍ക്കുകയാണ്. ഈതക്കത്തില്‍ കേളപ്പന്‍ പുറത്തേക്ക് ചാടി.

അവിടെ നിന്നാല്‍ പച്ചക്ക് വെട്ടിനുറുക്കുമെന്നു മനസ്സിലായ കേളപ്പന്‍ ഓടി. മാനിപുരം പുഴയില്‍ ചാടി മറുകരയിലേക്ക് തുഴഞ്ഞു. നടമ്മല്‍ കടവിലാണ് നീന്തിയെത്തിയത്. അവിടെ നിന്നും കുന്നമംഗലം പോലീസ് സ്റ്റേഷനിലെത്തി നാഗാളികാവ് കിണറ്റിലെ കൂട്ടക്കുരുതിയുടെ വിവരം പറഞ്ഞു. തുടര്‍ന്ന് പോലീസും പട്ടാളവുമെത്തി അക്രമികളെ നേരിട്ടു. പോലീസാണ് കേളപ്പനെ ആശുപത്രിയിലെത്തിച്ചത്. ഒരു മാസത്തെ ചികിത്സയില്‍ കഴുത്തില്‍ വെട്ടേറ്റ മുറിവ് ദേദമായി. പോലീസ് റിപ്പോര്‍ട്ടു പ്രകാരം 1921 നവംബര്‍ ഒന്നിന് കേളപ്പന്‍ തലയ്ക്ക് വെട്ടേറ്റ് കുന്നമംഗലത്തേക്ക് നടന്നു വരുമ്പോള്‍ താമരശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍ കണ്ടുവെന്നും തുടര്‍ന്ന് അപ്പോള്‍ തന്നെ വിവരം ശേഖരിച്ച് കേളപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ്. കേളപ്പന്റെ മൊഴി അന്നും 1921 ഡിസംബര്‍ 10നും രേഖപ്പെടുത്തി. ഇതാണ് കോഴിക്കോട് സ്‌പെഷല്‍ കോടതിയുടെ 32 എ/1922 നമ്പര്‍ കേസില്‍ പ്രോസിക്യൂഷന്റെ പ്രധാന രേഖ. തെയ്യന്‍, ഉണിച്ചന്‍, കണാരന്‍, കുട്ടീശ്ശന്‍ എന്നിവരെ വെട്ടിക്കൊന്ന് കിണറ്റിലെറിഞ്ഞ സംഭവത്തില്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതി അവോക്കര്‍ മുസ്ല്യാരും രണ്ടാം പ്രതി എലത്തൂര്‍ കുഞ്ഞിരായന്‍ മുസ്ല്യാരും മൂന്നാംപ്രതി വീരും പള്ളി അത്തുട്ടിയുമാണ്. കേസില്‍ പ്രതികള്‍ക്കു വേണ്ടി അഡ്വ: മുഹമ്മദ് ഉസ്മാനാണ് ഹാജരായത്. 32 എ/1922 നമ്പര്‍ കേസാണിത്. പ്രോസിക്യൂഷന്‍ സാക്ഷികളായി എം. ദത്താരിയ, പി.കേളപ്പന്‍, എം.ചന്ദപ്പന്‍, പി.ഉപ്പേരന്‍, കുന്നമംഗലം എസ്.ഐ.യു. നാരായണന്‍ എന്നിവരെ വിസ്തരിച്ചു. കേളപ്പന്‍ വിരോധം വെച്ച് കളവു പറയുകയാണെന്നായിരുന്നു അവോക്കര്‍ മുസ്ല്യാരുടെ വാദം.ആരാച്ചാരായ വീരും പള്ളി അത്തുട്ടിയാകട്ടെ താന്‍ സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്നും അഞ്ചു കിലോമീറ്റര്‍ അകലെ ജോലിയിലായിരുന്നുവെന്നും വാദിച്ചു. പ്രതികളുടെ ഭാഗം എം.കോയ, ടി.കോയമ്മദ്, എം.ചേക്കുട്ടി എന്നിവരെ സാക്ഷികളായി വിസ്തരിച്ചു. കുറ്റം സംശയാതീതമായി തെളിഞ്ഞതിനെത്തുടര്‍ന്ന് 29-7-1922-ന് സീനിയര്‍ സ്‌പെഷല്‍ ജഡ്ജി ജി.എച്ച്.ബി. ജാക്‌സണ്‍ വധശിക്ഷ വിധിച്ചു. നാഗാളികാവ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അരീക്കോട് ഭാഗത്തു നിന്നും മുവ്വായിരത്തോളം ലഹളക്കാര്‍ വന്നുവെന്നാണ് നാട്ടറിവ് 98. ഹിന്ദുക്കളെ നാഗാളികാവ് കിണറ്റില്‍ തല വെട്ടിക്കൊന്നുവെന്നും പഴമക്കാര്‍ പറഞ്ഞു. സര്‍ക്കാര്‍രേഖ പ്രകാരം അക്രമകാരികള്‍ 30 പേരും കൊല്ലപ്പെട്ടവര്‍ 60 പേരുമാണ്. നാഗാളികാവ് കിണറ്റില്‍ മാത്രമല്ല ഹിന്ദുക്കളുടെ തല വെട്ടിയതെന്ന് ചോക്കൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തീര്‍ത്ഥക്കിണറില്‍ നിന്നും 1985 കാലഘട്ടത്തില്‍ കിട്ടിയ തലയോട്ടികള്‍ വ്യക്തമാക്കുന്നു.

നാഗാളികാവ് കിണറില്‍ നിന്നും രക്ഷപ്പെട്ട കേളപ്പന്‍. പുറത്ത് വെട്ടേറ്റ അടയാളം കാണാം.

ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകര്‍ക്കപ്പെട്ട ചോക്കൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം നൂറ്റാണ്ടുകളോളം കാട് മൂടിക്കിടന്നു. ആ കാട്ടിലേക്ക് തിരിഞ്ഞുനോക്കാന്‍ പോലും ആരും ധൈര്യപ്പെട്ടിരുന്നില്ല. 1981-85 കാലയളവിലാണ് ക്ഷേത്ര പുനരുദ്ധാരണ ചിന്തയുണ്ടായത്. ശ്രീ രാമക്ഷേത്രത്തിലെ തീര്‍ത്ഥക്കിണര്‍ കാട് നിറഞ്ഞു കിടക്കുകയായിരുന്നു. കിണര്‍ വൃത്തിയാക്കുമ്പോഴാണ് തലയോട്ടികള്‍ കണ്ടെത്തിയത് ഇരുപതിലേറെ തലയോട്ടികളുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പുറങ്കല്‍ പുതുമനയിലെ സുബ്രഹ്മണ്യന്‍ നമ്പൂതിരി ഏഴ് തലയോട്ടികള്‍ എണ്ണി. അവോക്കര്‍ മുസ്ല്യാര്‍ വധശിക്ഷയ്ക്ക് വിധിച്ച ഹിന്ദുക്കളെ മനയുടെ സമീപത്തു തന്നെയുള്ള ചോക്കൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തീര്‍ത്ഥക്കിണറ്റിലും തല വെട്ടിയിട്ടു എന്നത് രേഖപ്പെടുത്താത്ത ചരിത്രമാണ്.

പുറങ്കല്‍ പുതുമനയും മനയുടെ തെക്കിനിയിലുള്ള വേട്ടയ്‌ക്കൊരു മകന്‍ ശ്രീകോവിലും അവോക്കര്‍ മുസ്ല്യാര്‍ കോടതിയാക്കിയ തറയുമൊക്കെ എനിയ്ക്ക് കാണാന്‍ സാധിച്ചു. മനയില്‍ നിന്നും വടക്കു ഭാഗത്തെ നാഗാളികാവ് ഭൂമിയും കണ്ടു. അവിടെ ഇപ്പോള്‍ കാവും മരണക്കിണറും ഒന്നുമില്ല. കിണര്‍ മണ്ണിട്ട് മൂടിയിരിക്കുന്നു. നാഗാളി കാവ് ഭൂമിയില്‍ ആളുകള്‍ വീടുവെച്ച് താമസിക്കുകയാണ്.

വെളിമുക്ക് കിണര്‍
കശാപ്പുശാലയിലേക്ക് മൃഗങ്ങളെ വലിച്ചുകൊണ്ടു പോകുന്നതു പോലെ മതം മാറാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ വധശിക്ഷ നടപ്പാക്കാന്‍ അട്ടഹാസത്തോടെ വലിച്ചിഴച്ച് കൊണ്ടു പോകുമ്പോള്‍ അവര്‍ അനുഭവിച്ചിട്ടുണ്ടാവണം ഈ ജന്‍മത്തിലെ അവസാന ജീവവായുവിന്റെ കനിവ്. ജീവിക്കാനുള്ള മോഹവും മരിക്കാനുള്ള ഭയവും നിമിത്തം സ്വധര്‍മ്മം ഉപേക്ഷിച്ചുകൊള്ളാമെന്ന് വാഗ്ദത്തം ചെയ്തവരെക്കുറിച്ചുള്ളതല്ല ഈ വരികള്‍. ഹിന്ദുക്കളെ കൂട്ടക്കുരുതി നടത്തിയ കിണറുകളില്‍ ഉയര്‍ന്ന രോദനങ്ങളെക്കുറിച്ച് മനുഷ്യത്വമുള്ള ഒരാള്‍ക്കും സങ്കല്‍പ്പിക്കാവുന്നതേയല്ല.

ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കില്‍ വെട്ടിക്കൊല്ലുമെന്ന പൂര്‍ണ്ണ ബോദ്ധ്യമുണ്ടായിട്ടും ഹിന്ദുത്വാത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച് വീരമൃത്യു വരിച്ച ഹിന്ദുക്കള്‍ക്കുവേണ്ടി ലഹള ബാധിത പ്രദേശങ്ങളില്‍ ഒരിടത്തു പോലും സ്മാരകം ഉയര്‍ന്നിട്ടില്ല. ഉയര്‍ത്താനുള്ള ഒരു നീക്കവും ഉണ്ടായിട്ടുമില്ല. മാപ്പിള ലഹളയ്ക്കും ഹിന്ദു വംശഹത്യക്കും നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് മലപ്പുറം കുന്നുമ്മലില്‍ ടൗണ്‍ഹാള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വാരിയം കുന്നന്‍ ഒളിവില്‍ കഴിഞ്ഞ ചോക്കാട് പഞ്ചായത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് രണ്ടാമതൊരു സ്മാരകം നിര്‍മ്മിക്കാന്‍ തീരുമാനിച്ച വാര്‍ത്ത കേട്ടുകൊണ്ടാണ് ഞാനിത് എഴുതിക്കൊണ്ടിരിക്കുന്നത്. വാഗണ്‍ ട്രാജഡിയുടെ അനുസ്മരണമായി തിരൂരില്‍ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ ഹാളുമുണ്ട്. ആലി മുസ്ല്യാര്‍ക്ക് തിരൂരങ്ങാടിയില്‍ സ്മാരകമുണ്ട്. ചില ഇംഗ്ലീഷുകാര്‍ മരിച്ചുവീണ ഇടങ്ങളിലെ ശവകുടീരങ്ങളും സംരക്ഷിച്ചു വരുന്നു. ഹിന്ദുക്കളുടെ ജീവനുമാത്രം ഒരു വിലയും കല്‍പ്പിച്ചില്ല എന്നത് ഗൗരവതരമാണ്. ലഹളക്കാലത്ത് വീരമൃത്യു വരിച്ച ഹിന്ദുക്കള്‍ക്കു വേണ്ടി മലബാറില്‍ ഒരു സ്മാരകമെങ്കിലും നിര്‍മ്മിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ അവഗണനയില്‍ വേദനിക്കുന്ന ഹിന്ദുക്കള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ മാപ്പിള ലഹളയുടെ നൂറാം വാര്‍ഷിക വേളയില്‍ ഹിന്ദു സംഘടനകള്‍ വീരമൃത്യു വരിച്ച ഹിന്ദുക്കള്‍ക്ക് മലപ്പുറത്ത് ഉചിതമായ ഒരു സ്മാരകം നിര്‍മ്മിക്കുമെന്നു പ്രതീക്ഷിക്കാം.

മാപ്പിള ലഹളക്കാലത്ത് രക്ഷപ്പെടുന്നതിനിടയില്‍ പൊട്ടക്കുളത്തില്‍ വീണ് രണ്ടു ദിവസം കുളത്തില്‍ കിടന്ന ഉമ അന്തര്‍ജ്ജനം

ലഹളക്കാലത്ത് ഹിന്ദുക്കള്‍ അനുഭവിച്ച ക്രൂരതയുടെ അടയാളങ്ങള്‍ മുഴുവന്‍ തന്ത്രപരമായി മായ്ച്ചു കളഞ്ഞ് കഴിഞ്ഞു. തുവ്വൂര്‍ കിണറും നാഗാളി കാവ് കിണറും പൊന്നാനിയിലെ ആര്യസമാജം കെട്ടിടവുമൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം. ലഹളക്കാരുടെ വാളുകൊണ്ടുള്ള വെട്ടേറ്റ അടയാളമുള്ള വാതിലുകളും അവരുടെ തോക്കുകള്‍ ഗര്‍ജ്ജിച്ചപ്പോള്‍ തുളഞ്ഞു പോയ ഭിത്തികളുമൊക്കെ ഓര്‍മ്മകളായി. ലഹളക്കിരയായ കുടുംബങ്ങളില്‍ ലഹളയുടെ ഓര്‍മ്മപ്പെടുത്തല്‍ വല്ലതും ബാക്കിയുണ്ടെങ്കില്‍ത്തന്നെ അത് അപൂര്‍വ്വമായിരിക്കും. തേഞ്ഞിപ്പാലത്തുള്ള മുട്ടിച്ചിറക്കല്‍ ഭാസ്‌ക്കരന്റെ വീട്ടില്‍ ഒരു അമ്മിയുണ്ട്. ഈ അമ്മി മാപ്പിള ലഹളക്കാലത്ത് ഹിന്ദുക്കളുടെ തല വെട്ടിയിട്ട വെളിമുക്ക് കിണറിന്റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്. വെളിമുക്ക് എന്ന സ്ഥലത്തായിരുന്നു ഭാസ്‌കരന്റെ കുടുംബവീട് ആദ്യകാലത്തുണ്ടായിരുന്നത്. മുട്ടിച്ചിറക്കല്‍ കുമാരന് ആറു മക്കള്‍. ഇട്ടിച്ചിരി, മാളുക്കുട്ടി, വള്ളിക്കുട്ടി, തെയ്യന്‍, കണ്ടര്, വേലായുധന്‍. ഇതില്‍ ഇട്ടിച്ചിരിയെ കടലുണ്ടിയിലെ കൊടക്കണ്ടത്തില്‍ വേലായുധനാണ് വിവാഹം കഴിച്ചത്. മാപ്പിള ലഹളക്കാലത്ത് തെയ്യനും അനുജന്‍ കണ്ടരും ഒഴികെയുള്ള മറ്റുള്ളവരെല്ലാവരും കടലുണ്ടിയിലേക്ക് താമസം മാറ്റി. ഇരുപത് വയസ്സുള്ള തെയ്യനും അതിനു താഴെ പ്രായമുള്ള കണ്ടരും വീടിനു കാവലായി വെളിമുക്കിലെ കുടുംബവീട്ടില്‍ത്തന്നെ നിന്നു. കഞ്ഞിക്ക് അരി വെച്ച ശേഷം ഉപ്പു വാങ്ങാനാണ് തെയ്യന്‍ വെളിമുക്ക് അങ്ങാടിയിലേക്ക് പോയത്. അങ്ങാടിയോടു ചേര്‍ന്ന് ഒരു കിണറുണ്ട്. അവിടെ കുറേ മാപ്പിളമാരെ കണ്ട തെയ്യന്‍ പരിചയക്കാരനായ മാപ്പിളേയാട് കിണറ്റു വക്കിലെന്താണ് ആള്‍ക്കൂട്ടം എന്നു ചോദിച്ചു. കിണറ്റില്‍ ഒരു ആട് വീണിട്ടുണ്ട് പോയി നോക്കാനാണ് അയാള്‍ പറഞ്ഞത്. പരിചയക്കാരനായ മാപ്പിള മരണക്കിണറിലേക്കാണ് തന്നെ ക്ഷണിച്ചതെന്ന പരമാര്‍ത്ഥം അറിയാതെ കിണറ്റില്‍ വീണ ആടിനെ കാണാന്‍ തെയ്യന്‍ അങ്ങോട്ടു ചെന്നതും മാപ്പിളമാര്‍ തെയ്യനെ ബന്ധിച്ച് തല വെട്ടി കിണറ്റിലിട്ടു. മാപ്പിളപറഞ്ഞതു പോലെ കിണറ്റില്‍ വീണത് ആട് അല്ല. തല വെട്ടി തളളിയ ഹിന്ദുക്കളായിരുന്നു.

ഉപ്പ് വാങ്ങാന്‍ കടയിലേക്ക് പോയ ജ്യേഷ്ഠന്‍ വന്നു കാണാഞ്ഞതിനെത്തുടര്‍ന്ന് അനുജന്‍ കണ്ടര് തെയ്യനെ തെരഞ്ഞ് വെളിമുക്ക് അങ്ങാടിയിലേക്ക് പോയി. ജ്യേഷ്ഠനെ ലഹളക്കാര്‍ പിടികൂടി കിണറ്റില്‍ തല വെട്ടിയിട്ടത് അയാള്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ തെയ്യന്റെ അനുഭവം തന്നെയാണ് കണ്ടരുവിനുമുണ്ടായത്. ലഹളക്കാര്‍ അയാളേയും പിടികൂടി തല വെട്ടി വെളിമുക്ക് കിണറ്റിലിട്ടു. ലഹളക്കാര്‍ പ്രദേശങ്ങളിലെ ഹിന്ദു വീടുകള്‍ കൊള്ളയടിക്കുകയും സ്ത്രീ പുരുഷ ഭേദമെന്യെ ഹിന്ദുക്കളെ ഉപദ്രവിക്കുകയും ചെയ്തു. സ്വര്‍ണ്ണപ്പണിക്കാരനായ മുട്ടിച്ചിറക്കല്‍ കുമാരന്റെ വീട് തകര്‍ത്തു. വീട്ടിലെ പാത്രങ്ങള്‍വരെ കൊള്ളയടിച്ചു. എടുത്താല്‍ പൊങ്ങാത്തതു കൊണ്ടായിരിക്കാം അമ്മി മാത്രം കൊണ്ടു പോയില്ല. കുമാരന്റെ ഇളയ മകന്‍ വേലായുധന്റെ മകന്‍ ഭാസ്‌ക്കരന്റെ വീട്ടില്‍ സൂക്ഷിക്കുന്ന അമ്മി അതാണ്. തെയ്യന്‍ – കണ്ടര് സഹോദരങ്ങളെ വെട്ടിക്കൊല്ലാന്‍ മാത്രം യാതൊരു കാരണവും ഉണ്ടായിട്ടില്ല. മതാന്ധത മാത്രമാണ് ഈ കൊടുംപാതകത്തിനു കാരണം.

വെളിമുക്ക് കിണറ്റില്‍ എത്ര ഹിന്ദുക്കളുടെ തല വെട്ടിയിട്ടു എന്നതിന് കൃത്യമായ കണക്കൊന്നുമില്ല. ലഹളക്കാര്‍ കിണറിനു സമീപത്ത് കൂടി നിന്നിരുന്നു എന്നതുകൊണ്ട് തെയ്യനെ വെട്ടിക്കൊല്ലുന്നതിനു മുമ്പ് വേറേയും ഹിന്ദുക്കളെ നേരത്തെ തന്നെ വെളിമുക്ക് കിണറില്‍ തല വെട്ടിയിട്ടിരുന്നുവെന്ന് വിശ്വസിക്കപ്പെട്ടു വരുന്നു. വെളിമുക്ക് കിണര്‍ പില്‍ക്കാലത്ത് ഒരു കോളനിയിലെ പൊതുകിണറായി ഉപയോഗിച്ചു. പില്‍ക്കാലത്ത് കിണര്‍ അടക്കമുള്ള ഭൂമി മാപ്പിളമാര്‍ വാങ്ങി കിണര്‍മണ്ണിട്ടു നികത്തി നാമാവശേഷമാക്കി. ഇപ്പോള്‍ വെളിമുക്ക് കിണറിന്റെ സ്ഥാനത്ത് കെട്ടിടങ്ങളാണ്. തുവ്വൂര്‍, നാഗാളി കാവ് കിണറുകള്‍ പോലെ ഹിന്ദു വംശഹത്യ നടന്ന വെളിമുക്ക് കിണറും വാമൊഴി ചരിത്രത്തില്‍ ഒതുങ്ങി.

ഊരകം കിളിനക്കോട്ടു കിണര്‍
മലപ്പുറം ജില്ലയിലെ ഒരു പ്രധാനപ്പെട്ട മലയാണ് ഊരകം മല. ഈ മലയുടെ പടിഞ്ഞാറെ താഴ്‌വരയിലുള്ള പ്രദേശമാണ് കിളിനക്കോട്. ഇവിടെ ഒരു കിണറുണ്ടായിരുന്നു. കിളിനക്കോട്ടു കിണര്‍ എന്ന പേരിലാണ് ഈ കിണര്‍ അറിയപ്പെട്ടിരുന്നത്. വിജനമായ ഒരു പ്രദേശമായിരുന്നു പഴയ കാലത്ത് ഊരകം മലയും പരിസരങ്ങളും. ഇക്കാലത്ത് കിളിനക്കോട്ടു കിണറുണ്ടോയെന്നറിയില്ല. മാപ്പിള ലഹളക്കാലത്ത് ഹിന്ദുക്കളെ ഭീതിപ്പെടുത്തിയിരുന്ന കിണറായിരുന്നു അത്. വീടുകള്‍ കയറിയിറങ്ങി ലഹളക്കാര്‍ കയ്യില്‍ കിട്ടിയവരെ പിന്‍ കെട്ടുകെട്ടി പിടിച്ചു കൊണ്ടുപോകും സ്ത്രീകളെന്നോ പുരുഷന്മാരെന്നോ ഭേദമില്ലാതെയാണ് ഇരകളെ ബന്ധിച്ചിരുന്നത്. ഊരകം മലയുടെ അടിവാരത്തിലെ ഒരു പറമ്പില്‍ വച്ചായിരുന്നു വിചാരണ. മുഹമ്മദീയമതം സ്വീകരിക്കാന്‍ തയ്യാറാണോ എന്ന ഒരേയൊരു ചോദ്യം മാത്രം. മതം മാറാന്‍ തയ്യാറാണെന്നു പറഞ്ഞവരെ ഉപദ്രവിക്കാതെ മാറ്റി നിര്‍ത്തി. മതം മാറാന്‍ ഒരുക്കമല്ലാത്തവരെ കിളിനക്കോട്ടു കിണറില്‍ തല വെട്ടി കൊന്നു. കിളിനക്കോട്ടു കിണറ്റില്‍ എത്ര ഹിന്ദുക്കളുടെ ജീവന്‍ ഇപ്രകാരം പൊലിഞ്ഞിട്ടുണ്ടെന്നതിന് വ്യക്തമായ കണക്കൊന്നുമില്ല. മതം മാറാന്‍ തയ്യാറല്ലാത്ത നിരവധി പേരെ ഈ കിണറ്റുകരയില്‍ കൊണ്ടുവന്ന് തല വെട്ടി കിണറ്റില്‍ തള്ളിയെന്ന വാമൊഴികള്‍ നിഷേധിക്കാനാവാത്ത സത്യമാണ്. കിളിനക്കോട്ടു കിണറ്റില്‍ ഒരു സ്ത്രീ അടക്കം മൂന്ന് ഹിന്ദുക്കളുടെ തല വെട്ടിയിട്ടതിന്റെ സാക്ഷിയാണ് മേല്‍മുറി ഊരകത്തെ തിരിയങ്ങര വീട്ടില്‍ മാണിയയം തൊടി ചങ്ങരു. 1973 ഒക്ടോബര്‍ 22 ന് മാപ്പിള ലഹള അനുസ്മരണ സുവനീറിനു വേണ്ടി അതിന്റെ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വാരിയംകുന്നത്ത് കുഞ്ഞഹമ്മത് ഹാജിയും സംഘവുമാണ് ചങ്ങരുവിനെ പിടികൂടിയത്. ഊരകം മലയുടെ താഴ്‌വാരത്തെ പറമ്പില്‍ വേറേയും ധാരാളം ഹിന്ദുക്കളെ ബന്ധനസ്ഥരാക്കി എത്തിച്ചിരുന്നു. മതം മാറാമെന്നു പറഞ്ഞ മാണിയം തൊടി ചങ്ങരുവിനെ വധിച്ചില്ല. മാപ്പിളമാരുടെ പിടിയിലായവരില്‍ മതം മാറാന്‍ വിസമ്മതിച്ച കല്ലിങ്ങല്‍ തൊടി ഇട്ടിച്ചിരി അമ്മയുടെ മകള്‍ മാധവിഅമ്മ, മാധവി അമ്മയുടെ ഭര്‍ത്താവ് പിരിയാത്ത് ഉപ്പന്‍ കുട്ടി നായര്‍, ശിങ്കാരത്ത് ഗോവിന്ദന്‍ നായര്‍ എന്നിവരെ പിടിച്ചു കൊണ്ടുപോയി കിളി നക്കോട്ടു കിണറ്റില്‍ തല വെട്ടിയിട്ടു. കിണറ്റില്‍ തല വെട്ടിയിട്ട ഒറ്റപ്പെട്ട സംഭവങ്ങള്‍ ലഹളക്കാലത്ത് വേറേയുമുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ഒറ്റപ്പെട്ട ഒരു കൊലപാതകത്തിന് ഇരയായ വ്യക്തിയാണ് അരിയൂരിലെ അററത്തൊടി വീട്ടില്‍ കിട്ടു. പാലക്കാട് ജില്ലയിലെ അരിയൂരിലെ അറ്റത്തൊടി വീട്ടില്‍ വി.ബാലനാണ് കിട്ടു എന്ന തന്റെ വലിയമ്മാവനെ ലഹളക്കാരായ മാപ്പിളമാര്‍ ക്രൂരമായി വെട്ടിക്കൊന്ന് കിണറ്റില്‍ തള്ളിയ വിവരം1973 ഒക്ടോബര്‍ 17 ന് വെളിപ്പെടുത്തിയത്. ലഹളക്കാര്‍ വീട്ടില്‍ കയറി കൊള്ള നടത്തി. കൊയ്ത്തിന് ആളെ വിളിക്കാന്‍ വീട്ടില്‍ നിന്നും പോയ കിട്ടുവിനെ ലഹളക്കാര്‍ പിടികൂടി. പട്ടാളക്കാര്‍ക്ക് ഇളനീര്‍ ഇട്ടു കൊടുത്തുവെന്ന കുറ്റമാണ് ആരോപിച്ചത്. പിടി കൂടിയ ഉടനെ വാളു കൊണ്ട് രണ്ട് ചെവിയും അരിഞ്ഞെടുത്തു. എന്നിട്ട് രണ്ടു നാഴിക അകലെ വിജന പ്രദേശത്തുള്ള കിണറ്റു വക്കിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് കിട്ടുവിന്റെ കഴുത്തു വെട്ടി കിണറ്റിലിട്ടു. അന്നുതന്നെ കിട്ടുവിന്റെ ഒരു അയല്‍വാസിയേയും ഇതേ കിണറ്റില്‍ കഴുത്ത് വെട്ടിയിട്ടതായും ബാലന്‍ തന്റെ അറിവുപങ്കു വെച്ചു.

മാപ്പിള ലഹളക്കാലത്ത് വീട്ടുകാരെല്ലാവരും ഒളിച്ചോടിയപ്പോള്‍ അവരോടൊപ്പം പോകാന്‍ കഴിയാത്ത വൃദ്ധനേയും മുടന്തുള്ള അദ്ദേഹത്തിന്റെ സഹോദരിയേയും വീട്ടുവളപ്പിലെ കിണറ്റില്‍ തല വെട്ടിയിട്ടതാണ് മറ്റൊരു സംഭവം. ഇതു നടന്നത് ആലി മുസ്ല്യാര്‍ ഖലീഫയായി അവരോധിച്ച തിരൂരങ്ങാടിയിലാണ്. തിരൂരങ്ങാടി തൃക്കുളത്തെ കോല്‍ക്കാരനായി (വില്ലേജ് അസിസ്റ്റന്റ്) വിരമിച്ചയാളാണ് തൃക്കുളത്തെ ചെറയം വീട്ടില്‍ പൊട്ടയില്‍ കൃഷ്ണന്‍ നായര്‍. അദ്ദേഹത്തിന്റെ സഹോദരിയാണ് ചെറയം വീട്ടില്‍ പൊട്ടയില്‍ കുഞ്ഞു അമ്മ. ഓടി രക്ഷപ്പെടാന്‍ കഴിയുന്ന വീട്ടുകാരെല്ലാവരും രക്ഷപ്പെട്ടു. അവരോടൊപ്പം പോകാന്‍ കൃഷ്ണന്‍ നായര്‍ക്കും കുഞ്ഞു അമ്മക്കും കഴിഞ്ഞില്ല. വാര്‍ദ്ധക്യസഹജമായ ശാരീരിക ബുദ്ധിമുട്ടുകാരണം കൃഷ്ണന്‍ നായര്‍ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. കുഞ്ഞു അമ്മ കാലിന് മുടന്തുള്ള (വികലാംഗ) ഇവര്‍ക്ക് കേള്‍വി ശക്തിയും ഉണ്ടായിരുന്നില്ല. വീട്ടിലേക്ക് വന്ന ലഹളക്കാര്‍ കൃഷ്ണന്‍ നായരോട് ഇസ്ലാം മതം സ്വീകരിക്കാനാവശ്യപ്പെട്ടു. വയസ്സുകാലത്ത് ഇനി മതം മാറാനൊന്നും വയ്യ എന്നു പറഞ്ഞതോടെ ക്രൂദ്ധരായ ലഹളക്കാര്‍ ആ വയോധികനെ വീട്ടുവളപ്പിലെ കിണററില്‍ കഴുത്തു വെട്ടി തളളി. അടുത്ത ലക്ഷ്യം കുഞ്ഞു അമ്മയായിരുന്നു. കേള്‍വിക്കുറവുള്ള സ്ത്രീ ആയതിനാല്‍ ലഹളക്കാര്‍ പറയുന്നത് എന്താണെന്നു പോലും കുഞ്ഞു അമ്മ മനസ്സിലാക്കിയിട്ടുണ്ടാവില്ല. മാപ്പിളമാര്‍ വികലാംഗയായ ആ സ്ത്രീയുടെ കഴുത്തറുത്ത് കൊന്ന് കൃഷ്ണന്‍ നായരെ വെട്ടിത്തള്ളിയ അതേ കിണറ്റിലെറിഞ്ഞു.

മതപരിവര്‍ത്തനം ചെയ്യപ്പെട്ട കുടുംബം

മുഖം നോക്കാതെ ലഹള അടിച്ചൊതുക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഒരുങ്ങുന്നതിനു മുമ്പ് ഏറനാട്, വള്ളുവനാട് താലൂക്കുകളിലും കോഴിക്കോട്, പൊന്നാനി താലൂക്കുകളിലെ പല ഭാഗങ്ങളിലും നടന്ന മാപ്പിള ലഹളക്കാരുടെ ഹിന്ദു വംശഹത്യയുടെ ചില ചിത്രങ്ങള്‍ മാത്രമാണിത്. ലഹള ബാധിത പ്രദേശങ്ങളിലെ നിരവധി കിണറുകളില്‍ ഹിന്ദുക്കളുടെ തല വെട്ടിയരിഞ്ഞിട്ടതായി ന്യായമായും കരുതാവുന്ന ഉദാഹരണങ്ങള്‍ കൂടിയാണിത്. അക്രമങ്ങളുടെ വ്യാപ്തിയെക്കുറിച്ച് കൃത്യമായി വിവരങ്ങള്‍ ശേഖരിക്കുന്നതിനോ നേരനുഭവങ്ങള്‍ രേഖപ്പെടുത്തി വെക്കുന്നതിനോ അക്കാലത്ത് ആര്‍ക്കും തോന്നിയില്ല. മാപ്പിള ലഹളയുടെ നൂറാം വാര്‍ഷികത്തിലാണ് ഭൂതകാല സത്യങ്ങള്‍ തെരയാനുള്ള ത്വരയുണ്ടായത്. അപ്പോഴേക്കും ഈ കിണറുകളെല്ലാം മണ്ണിട്ടു മൂടിയിരുന്നു.

ഹിന്ദുക്കള്‍ അനുഭവിച്ച ക്രൂരതയുടെ യാതൊരു തെളിവും അവശേഷിക്കരുതെന്ന തീരുമാനം വളരെ നിശ്ശബ്ദമായി നടപ്പാക്കി. കിണറുകളില്‍ മാത്രമല്ല, ചാലിയാര്‍ പുഴയും വാക്കാലൂര്‍ പുഴയും ഹിന്ദുക്കളുടെ രക്തം കൊണ്ട് ചുകന്നൊഴുകിയ പുഴകളാണ്. പുഴകളില്‍ ഇറക്കി നൂറുകണക്കിന് ഹിന്ദുക്കളുടെ തല മാപ്പിളമാര്‍ കൊയ്‌തെടുത്തു. പുഴകള്‍ വിലയ്ക്ക് വാങ്ങാനും അവ മണ്ണിട്ടുനികത്താനും കഴിയുമായിരുന്നെങ്കില്‍ മാപ്പിള ലഹളയില്‍ ഊറ്റം കൊള്ളുന്നവര്‍ അതിനും ശ്രമിക്കുമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല.

Tags: Khilafat Movement'ഖിലാഫത്ത്തുവ്വൂര്‍ കിണര്‍മലബാര്‍ കലാപംമാപ്പിള കലാപംമതപരിവര്‍ത്തനംMoplah RiotsMappila Riotsമാപ്പിള ലഹളമലബാര്‍ ലഹളനാഗാളികാവ്1921വെളിമുക്ക് കിണര്‍malabar riotsഊരകം കിളിനക്കോട്ടു കിണര്‍Khilafatforced conversionMappila Lahalaconversion to islam
Share65TweetSendShare

Related Posts

ഇന്നത്തെ ഗാസ നാളത്തെ കേരളം

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

അയ്യായിരം കോടിയുടെ സ്വത്ത് 50 ലക്ഷത്തിന് കയ്യടക്കിയ ഹെറാള്‍ഡ് മാജിക്‌

മതവിവേചനങ്ങള്‍ വിലക്കപ്പെടുമ്പോള്‍

ഖിലാഫത്തും ദേശീയതയും നേര്‍ക്കുനേര്‍

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

വിജയന്‍ സഖാവ് ഭരിക്കുമ്പോള്‍ ഇസ്രായേല്‍ എന്നു മിണ്ടരുത്

ഇന്നത്തെ ഗാസ നാളത്തെ കേരളം

വേലിയില്‍ കയറി നില്‍ക്കുന്ന മുസ്ലിംലീഗ്

ഹൃദയഭൂമിയിലെ വിജയകമലം

ശരണപാതയിലെ അശനിപാതങ്ങള്‍

പരിസ്ഥിതിസൗഹൃദ ശബരിമല തീര്‍ത്ഥാടനം

ഹരിതധീശ്വരനായ ഹരിഹരസുതന്‍

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

ഗുരു വ്യാജ ഗാന്ധി രാഹുല്‍ ശിഷ്യന്‍ വ്യാജ ഐഡി കാര്‍ഡ് രാഹുല്‍!

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies