അല്ലാഹു എന്ന ദൈവം പ്രവാചകന്‍ മുഹമ്മദിന് വെളിപാട് ചെയ്തതെന്ന് പറയപ്പെടുന്ന വചനങ്ങളുടെ സമാഹാരമാണ് ഖുര്‍ആന്‍. പ്രവാചകന്റെ സ്വന്തമായുള്ള ഉപദേശങ്ങളും പ്രവര്‍ത്തനങ്ങളും അദ്ദേഹം അംഗീകരിച്ച കാര്യങ്ങളും പില്‍ക്കാലത്ത് ക്രോഡീകരിക്കപ്പെട്ടു. അതാണ് ഹദീസ്. ഖുര്‍ആനും ഹദീസും ആണ് ഇസ്ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാന സ്രോതസ്സുകള്‍. എങ്കിലും ലോകത്ത് ഇസ്‌ലാമിന് രണ്ടു വ്യത്യസ്ത മുഖങ്ങള്‍ ഉണ്ട്: ഒന്ന് ആത്മീയതയും ലാളിത്യവും നിഷ്‌കളങ്കതയും മനുഷ്യസ്‌നേഹവും പ്രസരിക്കുന്നത്; മറ്റേത് അഹങ്കാരവും വിദ്വേഷവും ക്രൂരതയും ഭീകരതയും പ്രകടിപ്പിക്കുന്നത്. ഇങ്ങനെ രണ്ടു വ്യത്യസ്ത മുഖങ്ങള്‍ രൂപപ്പെടാന്‍ കാരണമെന്ത്? മൂലസ്രോതസ്സുകളുടെ വ്യത്യസ്ത വ്യാഖ്യാന രീതികള്‍ തന്നെ. ഒന്ന് മാനവിക വ്യാഖ്യാനവും മറ്റേത് യാഥാസ്ഥിതിക വ്യാഖ്യാനവുമാണ്
വിനാശകരമായ രണ്ടു പ്രവണതകള്‍ ഇന്നത്തെ ഇസ്‌ലാമിനെ ഗ്രസിച്ചിരിക്കുന്നു. മതമൗലികതയും ജിഹാദി ചിന്താഗതിയുമാണവ. ഇവയില്‍നിന്നും മുക്തരായ അല്‍പശതമാനം മുസ്ലിങ്ങള്‍ ഉണ്ടെന്നത് ആശ്വാസകരമാണ്. അത്തരക്കാര്‍ ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും മതത്തെ എങ്ങിനെ മനസ്സിലാക്കുന്നു എന്ന് ശ്രദ്ധിക്കാം.
ശുദ്ധമനസ്‌കര്‍
വിശ്വാസിയുടെ മനസ്സ് എങ്ങിനെ ആയിരിക്കണമെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു.
”നിശ്ചയമായും അതിനെ ശുദ്ധീകരിച്ചവന്‍ വിജയിച്ചു; അതിനെ അശുദ്ധമാക്കിയവന്‍ പരാജയപ്പെട്ടു”(91: 9,10.). ”നിങ്ങള്‍ എന്നെ സ്മരിക്കുവിന്‍, ഞാന്‍ നിങ്ങളെ സ്മരിക്കുന്നതാണ്”(2:152.). ”പ്രാര്‍ത്ഥന മനുഷ്യനെ അധാര്‍മികതയില്‍ നിന്നും തിന്മയില്‍ നിന്നും തടയുന്നു”(29:45). ”കാരുണ്യവാനായ ദൈവത്തിന്റെ അടിമകള്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരാണ്”(25:63).
കൂടാതെ, വിശ്വാസിയുടെ സ്വഭാവ രൂപീകരണത്തെ പറ്റി പ്രവാചകന്‍ നിര്‍ദ്ദേശിച്ചത് കാണുക:
”തീര്‍ച്ചയായും അള്ളാഹു നന്മ നിറഞ്ഞവനാണ്; അവന്‍ നന്മ ഇഷ്ടപ്പെടുകയും ചെയ്യുന്നു; അസൂയ പാടില്ല, അത് സ്വഭാവത്തെ നശിപ്പിക്കുന്നു, തീനാളം മരത്തടി കത്തിച്ചു നശിപ്പിക്കുന്നത് പോലെ;
ഭൂമിയിലുള്ളവരോട് നീ കരുണ കാണിക്കുക; ആകാശത്തുള്ളവന്‍ നിന്നോട് കരുണ കാണിക്കും.”
അപ്പോള്‍ അത്തരം മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ദൈവസ്മരണയിലും ആരാധനയിലും മുഴുകി സര്‍വ്വമനുഷ്യരോടും സഹവര്‍ത്തിത്വവും സ്‌നേഹവും സാഹോദര്യവും കാണിച്ചു ജീവിക്കുന്നവരാണ് ആദ്യത്തെ വിഭാഗം മുസ്ലിങ്ങള്‍. അവര്‍ക്ക് ആരോടും വിദ്വേഷമില്ല, അവര്‍ തങ്ങളുടെ വിശ്വാസം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നുമില്ല. ഇതായിരുന്നു ഇസ്ലാമിലെ ആത്മീയവാദികളായ സൂഫികളുടെ ത്വരീഖത് (പാത – മാര്‍ഗ്ഗം);
യഥാര്‍ത്ഥ സൂഫികള്‍
സൂഫി മിസ്റ്റിസിസത്തിന്റെ അടിസ്ഥാനം ത്വരീഖത് ആണെന്ന് പറഞ്ഞുവല്ലോ. സൂഫികള്‍ എന്ന പേരില്‍ അറിയപ്പെടുന്നവര്‍ ഏറെയുണ്ട്, ഭാരതമടക്കം മിക്ക രാജ്യങ്ങളിലും. എന്നാല്‍ ഇവിടെ ഉദ്ദേശിച്ചത് വിഖ്യാത പേര്‍ഷ്യന്‍ യോഗികളായിരുന്ന മന്‍സൂര്‍ അല്‍ ഹല്ലാജ് (858-922), ഫരീദുദ്ദീന്‍ അത്താര്‍ (1145-1221), ജലാലുദ്ദീന്‍ റൂമി (1207-1273) എന്നിവരെപ്പോലുള്ള യഥാര്‍ത്ഥ സൂഫികളെയാണ്. വിജ്ഞാന ദാഹികളായിരുന്ന ഇവര്‍ മക്ക, മദീന, ബസ്ര, ഡമാസ്‌കസ്, കൂഫ, തുര്‍ക്കിസ്ഥാന്‍, ട്രാന്‍സോക്‌സിയാന, ചൈന, ഇന്ത്യ, എന്നിവിടങ്ങളില്‍ വ്യാപകമായി സഞ്ചരിച്ചു. പല സന്യാസിവര്യന്മാരുടെയും ശിഷ്യത്വം സ്വീകരിച്ച് അദ്ധ്യാത്മിക മാര്‍ഗ്ഗം തേടിയവരാണ്. സൗരാഷ്ട്ര മതം, സിക്ക് മതം, ക്രിസ്തുമതം, ബുദ്ധമതം, നിയോപ്ലാറ്റോണിസം, സനാതന ധര്‍മ്മം എന്നിവയില്‍ നിന്നു മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട സൂഫികള്‍ കാലാകാലങ്ങളില്‍ യാഥാസ്ഥിതിക ഖലീഫമാരുടെയും മുല്ലമാരുടെയും ക്രൂര പീഡനങ്ങള്‍ക്കും വധശിക്ഷക്കും വിധേയരായിട്ടുണ്ട്. അനല്‍ ഹഖ് (അഹം ബ്രഹ്മാസ്മി) എന്ന് ഉരുവിട്ടതിന്റെ പേരില്‍ മന്‍സൂര്‍ അല്‍ ഹല്ലാജ് ക്രി.വ. 922 ല്‍ വധിക്കപ്പെട്ടു. 1131 ല്‍ ഐനുല്‍ ഖുദാത് ഹമദാനിയും 1191 ല്‍ ഇഷ്‌റാഖീ ദാര്‍ശനികന്‍ ശഹാബുദ്ദീന്‍ സുഹ്രവര്‍ദ്ദിയും 1420 ല്‍ ഓട്ടോമന്‍ യോഗിവര്യന്‍ ഷെയ്ഖ് ബദ്‌റുദ്ദീനും 1661 ല്‍ മുഗള്‍ ഇന്ത്യയില്‍ ശര്‍മ്മദ് കസ്ഹാനിയും വധിക്കപ്പെട്ടു.
അറേബ്യയിലെ ഒരു തീവ്രവാദി പണ്ഡിതനായിരുന്ന മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബും ഒരു നാട്ടുരാജാവായിരുന്ന മുഹമ്മദ് ബിന്‍ സഊദും തമ്മില്‍ ക്രി.വ.1744ല്‍ ഒരു കരാറുണ്ടാക്കി. തീവ്ര ഇസ്‌ലാം മതം പ്രചരിപ്പിക്കുവാനും അതിന്റെ തണലില്‍ രാജ്യ വിസ്തൃതി കൂട്ടുവാനും പരസ്പരം സഹകരിക്കാന്‍ ധാരണയായി. അങ്ങിനെ ഒന്നാം സഊദീ ഭരണകാലത്തു സൂഫി ആചാരങ്ങള്‍ നിരോധിക്കുക, ദേവാലയങ്ങള്‍ നശിപ്പിക്കുക തുടങ്ങിയ കടുത്ത സൂഫി വിരുദ്ധ നടപടികള്‍ എടുക്കുകയുണ്ടായി. രണ്ടാമത്തെയും (1824-1891) മൂന്നാമത്തെയും (1902 മുതല്‍) സൗദി ഭരണകാലഘട്ടങ്ങളില്‍ അവര്‍ ഇതേ നിലപാട് തന്നെ തുടരുകയുണ്ടായി. അതു കാരണം 1843 ല്‍ സനൂസി സൂഫികള്‍ക്ക് മക്കയില്‍ നിന്നും മദീനയില്‍ നിന്നും പലായനം ചെയ്യേണ്ടി വന്നു. അടുത്ത കാലത്തായി പലരാജ്യങ്ങളിലും സൂഫികള്‍ക്കെതിരെ അക്രമങ്ങള്‍ നടന്നു. പാകിസ്ഥാനില്‍ 2005 ല്‍ വിവിധ ഭീകരാക്രമണങ്ങളില്‍ 209 സൂഫികള്‍ മരണപ്പെട്ടു. 560 പേര്‍ക്ക് പരിക്കുപറ്റി. പല മുസ്ലിം സ്വാധീന രാജ്യങ്ങളിലും സൂഫീ ദേവാലയങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇബ്‌നു തയ്മിയ്യ, ഇബ്‌നുല്‍ ജൗസി തുടങ്ങിയ ഒട്ടേറെ തീവ്ര യാഥാസ്ഥിതിക പണ്ഡിതര്‍ സൂഫിസത്തെ നിശിതമായി വിമര്‍ശിച്ചെഴുതിയിട്ടുണ്ട്.
ജിഹാദികള്‍
ഇനി ഇസ്‌ലാമിന്റെ രണ്ടാമത്തെ മുഖം എങ്ങനെയെന്ന് പരിശോധിക്കാം. അത് കൊള്ളയുടെയും കൊലയുടെയും അധിനിവേശത്തിന്റെയും ജിഹാദിന്റെയും ഭീകരതയുടെയും പര്യായമായ ഖിലാഫത്തിന്റെ രീതിയാണ്. മൗലികവാദികള്‍ക്കു ആവേശമേകുന്ന മറ്റൊരു സംജ്ഞയാണ് ശരീഅത്ത് – ഇസ്‌ലാമിക നിയമം. അപ്പോള്‍ ത്വരീഖത് ഖുര്‍ആന്റെ ലിബറല്‍ വ്യാഖ്യാനവും ശരീഅത്ത് അതിന്റെ യാഥാസ്ഥിതിക വ്യാഖ്യാനവുമാണ് എന്നും പറയാം.
ഖുര്‍ആനിലും ഹദീസിലും ഉള്ള മനുഷ്യത്വരഹിതമായ വചനങ്ങള്‍ പെറുക്കിയെടുത്തു മര്‍ക്കടമുഷ്ടിയോടെ വ്യാഖ്യാനിച്ചെടുക്കുന്നതാണ് ഇസ്ലാമിക ശരിഅത്ത്. അതാണ് ഖിലാഫത്തിന്റെയും ജിഹാദിന്റെയും ഇസ്ലാമിസത്തിന്റെയും ജീവനാഡി.
ഖിലാഫത്ത്, ശരിഅത്ത്, ജിഹാദ്, പാന്‍ ഇസ്ലാമിസം എന്നീ വാക്കുകള്‍ കേള്‍ക്കുമ്പോഴേക്കും വല്ലാത്തൊരു ഭയം തോന്നുന്നു. ഇപ്പോള്‍ ബ്രിട്ടനില്‍ ഇസ്ലാമിസ്റ്റുകള്‍ അവിടുത്തെ ചില പ്രദേശങ്ങള്‍ ശരിഅത്ത് നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു കൊണ്ടിരിക്കയാണ്. ഇസ്ലാം പരിഷ്‌കൃത ലോകത്തിന്റെ കൊടും ശത്രുവാണെന്നു തോന്നുന്നില്ലേ? അമുസ്ലിങ്ങളോട് യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന മൂന്ന് ഡസനോളം വചനങ്ങളുണ്ട് ഖുര്‍ആനില്‍. അവിശ്വാസികള്‍ക്ക് നരകശിക്ഷ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുന്ന അഞ്ഞൂറോളം വചനങ്ങളും കാണാം. ”യുദ്ധം ചെയ്യാന്‍ നിങ്ങള്‍ക്കിതാ നിര്‍ബന്ധ കല്‍പന നല്‍കപ്പെട്ടിരിക്കുന്നു” (ഖുര്‍ആന്‍ 2: 216). ‘കുഴപ്പം ഇല്ലാതാവുന്നത് വരെയും മതം അല്ലാഹുവിന്റേതു (ഇസ്ലാം) മാത്രം ആകുന്നതുവരെയും നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക’ (ഖുര്‍ആന്‍ 8:38).
ഇത്തരം ആഹ്വാനങ്ങള്‍ അടങ്ങുന്ന പ്രവാചക വചനങ്ങളും (ഹദീസ്) വിരളമല്ല. മുഹമ്മദ് തന്റെ മരണശയ്യയില്‍ പറഞ്ഞ അവസാന വാക്കുകളില്‍ ഇങ്ങനെയുണ്ട്: ‘യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും അല്ലാഹുവിന്റെ ശാപം ഉണ്ടാകട്ടെ.’ (ബുഹാരി 59: 727).
ഇസ്ലാമിന്റെ ചരിത്രം ഭീകരതയുടെ ചരിത്രം കൂടിയാണ്. അത് ഏഴാം നൂറ്റാണ്ടിലെ പ്രവാചകന്‍ മുഹമ്മദില്‍ തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇസ്ലാമിക് സ്റ്റേറ്റില്‍ എത്തിയിരിക്കുന്നു. ആ നീണ്ട ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കാം:
മെക്കാ നിവാസികള്‍ തങ്ങളുടെ ഗോത്ര ദൈവങ്ങളെ ഉപേക്ഷിക്കണമെന്നും അവയെ ആരാധിക്കാന്‍ പാടില്ലെന്നും, മറിച്ച് തന്നെ പ്രവാചകനായി നിയമിച്ച, തനിക്ക് ദിവ്യവെളിപാട് നല്‍കിയ അള്ളാഹു എന്ന ദൈവത്തില്‍ മാത്രം വിശ്വസിച്ചു അവനെ മാത്രം ആരാധിച്ചു ജീവിക്കണമെന്നും, തന്നെ അല്ലാഹുവിന്റെ പ്രവാചകനും ദൂതനും ആയി അംഗീകരിക്കണമെന്നും മുഹമ്മദ് ആഹ്വാനം ചെയ്തു. പതിമൂന്നു കൊല്ലക്കാലം മക്കയില്‍ പ്രചാരണം നടത്തിയിട്ടും കാര്യമായ ഫലം കാണാതെ നിരാശനായി അദ്ദേഹം മദീനയിലേക്ക് പലായനം ചെയ്തു. തനിക്കും ചുരുക്കം ചില അനുയായികള്‍ക്കും അവിടെ താമസവും സുരക്ഷയും ഉറപ്പാക്കി; മദീനാ നിവാസികളായ കുറച്ചു പേരുടെ സഹായവും സഹകരണവും ആയിരുന്നു അവലംബം. അവിടെ മുഹമ്മദിന്റെ മറ്റൊരു മുഖം വെളിവായി. തന്റെയും അനുയായികളുടെയും സാമ്പത്തിക ഭദ്രതയും ആക്രമണ ശേഷിയും മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കണ്ടു. കച്ചവടച്ചരക്കുമായി മെക്കയില്‍ നിന്ന് വരുന്ന വര്‍ത്തക സംഘങ്ങളെ ആക്രമിക്കാന്‍ ഒരു കൊള്ള സംഘത്തെ നിയോഗിച്ചു. ഇടയ്ക്കിടെ ആക്രമണ ശ്രമങ്ങള്‍ നടന്നു; അത്തരമൊരു ആക്രമണമാണ് ബദര്‍ യുദ്ധത്തിലേക്ക് നയിച്ചത്. മക്കാ നിവാസികളെ പലപ്പോഴായി ആക്രമിച്ചു, അവരുടെ സമ്പത്തു കൊള്ള ചെയ്തു, യുദ്ധത്തടവുകാരെ അടിമകളാക്കി. മദീനയില്‍ മുഹമ്മദിന്റെ ആഗമനത്തിനു മുമ്പേ തന്നെ അവിടുത്തെ നിവാസികളായിരുന്ന മൂന്നു ജൂത ഗോത്രങ്ങള്‍ ഉണ്ടായിരുന്നു. തങ്ങളുടെ കച്ചവടവും കൃഷിയും കൈത്തൊഴിലുകളും ആയി ജീവിച്ചിരുന്ന ബനൂ ഖുറൈള, ബനൂ ഖഅ്‌നുഖാഅ്, ബനൂ നളീര്‍ എന്നീ ഗോത്രങ്ങളെ ആക്രമിച്ച് ആട്ടിയോടിച്ചും വധിച്ചും സ്ത്രീകളേയും കുട്ടികളേയും അടിമകളാക്കി പിടിച്ചും സംഹാരതാണ്ഡവം നടത്തിയ മുഹമ്മദ് ഏറെ സാമ്പത്തിക- സൈനിക ലക്ഷ്യങ്ങളുള്ള ആത്മീയ നേതാവായിരുന്നു എന്നത് അത്ഭുതകരം തന്നെ.
ക്രിസ്തു വര്‍ഷം 622 മുതല്‍ 632 വരെയുള്ള വെറും പത്തുവര്‍ഷത്തിനിടയില്‍ മുഹമ്മദിന്റെ ആസൂത്രണത്തില്‍ 85 യുദ്ധങ്ങള്‍ നടന്നു. ജനങ്ങളെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ അല്ലാഹു നിയോഗിച്ച സമാധാനത്തിന്റെ പ്രവാചകന് തന്റെ ദൗത്യം നിര്‍വ്വഹിക്കാന്‍ കൊള്ളയും കൊലയും രക്തച്ചൊരിച്ചിലും നടത്തേണ്ടി വന്നു എന്നത് ദൗര്‍ഭാഗ്യകരം തന്നെ. ഇസ്ലാമിലെ യുദ്ധങ്ങള്‍ പ്രതിരോധാത്മകമായിരുന്നു എന്ന് വാദിക്കാന്‍ ചിലര്‍ ധൈര്യപ്പെടുന്നതാണ് അത്ഭുതം. പ്രതിരോധത്തിനിടയില്‍ കൊള്ളമുതലും തടവുകാരുടെ എണ്ണവും രാജ്യ വിസ്തൃതിയും ക്രമാതീതമായി വര്‍ദ്ധിക്കുമോ? സ്ത്രീകളും കുട്ടികളും അടിമകളാക്കപ്പെടുമോ?
ഇസ്ലാമില്‍ ആത്മീയ നേതാവും രാഷ്ട്രനായകനും സൈന്യാധിപനും ന്യായാധിപനും എല്ലാം ഒരേ ആള്‍ തന്നെ. മത രാഷ്ട്രവാദത്തിന്റെ അടിസ്ഥാനവും മറ്റൊന്നല്ല. മതപ്രചരണവും അതിനുവേണ്ടി ജിഹാദ് (മതയുദ്ധം) ചെയ്യലും മുസ്‌ലിം സമൂഹത്തില്‍ ഒരു കൂട്ടായ ഉത്തരവാദിത്തമാണ്. ഇസ്ലാമിസ്റ്റുകളുടെ വീക്ഷണത്തില്‍ ഇതാണ് പ്രവാചകന്റെ രീതി, പ്രവാചകചര്യ. പാകിസ്ഥാനി തീവ്ര മുസ്ലിം പണ്ഡിതനായിരുന്ന അബുല്‍ അ്‌ലാ മൗദൂദി സിദ്ധാന്തിച്ച ഹുകൂമത്തെ ഇലാഹി (ദൈവീക ഭരണം) എന്ന ആശയം ജമാഅത്തെ ഇസ്‌ലാമിയുടേത് മാത്രം അല്ലാതായിരിക്കുന്നു. ഇന്ന് ആ ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു പാട് സംഘങ്ങളും സംഘടനകളും ഉണ്ട്.
സദ്‌വൃത്തരായ നാലു ഖലീഫമാര്‍ (632-750)
മുഹമ്മദിന്റെ മരണശേഷം ആദ്യകാല വിശ്വാസിയും ഭാര്യാപിതാവും ആയിരുന്ന അബൂബക്കര്‍ ഭരണാധിപന്‍ ആയി. ഖലീഫ (പിന്‍ഗാമി, പ്രതിനിധി) എന്നായിരുന്നു സ്ഥാനപ്പേര്. പ്രവാചകന്റെ പിന്‍ഗാമികളായി ആദ്യം നാലു സദ്‌വൃത്തരായ ഖലീഫമാര്‍ (അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നിവര്‍) രാഷ്ട്രത്തിനും മതത്തിനും നേതൃത്വം നല്‍കി. ഖിലാഫത്ത് എന്നാല്‍ ഖലീഫാ പദവി. അങ്ങിനെ ഇസ്ലാമിക രാഷ്ട്രത്തിലെ ഖലീഫ ലോക മുസ്ലീങ്ങളുടെ ആത്മീയ നേതാവും കൂടി ആയി പരിഗണിക്കപ്പെട്ടു.
ഉമവിയ്യാ ഖലീഫമാര്‍ (ക്രി.വ. 661-750)
പില്‍ക്കാലത്ത് ഖിലാഫത്ത് കുടുംബ വാഴ്ചയായി പരിണമിച്ചു. അലിക്ക് ശേഷം അദ്ദേഹത്തിന്റെ മകന്‍ ഖലീഫയായി സ്ഥാനമേറ്റുവെങ്കിലും എതിര്‍പ്പും കലഹങ്ങളും രക്തച്ചൊരിച്ചിലുകളും കാരണം സ്ഥാനത്യാഗം ചെയ്യേണ്ടിവന്നു. തുടര്‍ന്നു ഭരണം പിടിച്ചെടുത്ത മുആവിയ ബിന്‍ അബൂ സുഫ്‌യാന്‍ ഉമവീ ഖിലാഫത്ത് (ഡാമ്യ്യമറ ഇമഹശുവമലേ) സ്ഥാപിച്ചു. ക്രി.വ. 749 വരെ അധികാരത്തിലിരുന്ന ഈ ഭരണവംശത്തിന്റെ കാലത്ത് ഇസ്ലാമിക സാമ്രാജ്യം വികസിച്ചു പടിഞ്ഞാറ് സ്‌പെയിന്‍ വരെ എത്തിയിരുന്നു ഖലീഫ സ്ഥാനം ഫലത്തില്‍ രാജവാഴ്ചയായി മാറുകയും ചെയ്തു.
അബ്ബാസിയാ ഖലീഫമാര്‍ (ക്രി.വ.750-1517)
ക്രിസ്തുവര്‍ഷം 749ല്‍ ഉമവിയ്യാ രാജവംശത്തെ തോല്‍പ്പിച്ചു അബ്ബാസിയ വംശം (അയയമശെറ ഉ്യിമേ്യെ) അധികാരത്തിലേറി. ഖലീഫ ഹാറൂന്‍ റഷീദിന്റെ ഭരണകാലത്ത് (ക്രി.വ. 786-809) ഇസ്ലാമിക സാമ്രാജ്യം രാഷ്ട്രീയ വൈജ്ഞാനിക രംഗങ്ങളില്‍ പരമോന്നതിയില്‍ എത്തിയിരുന്നു. ക്രി.വ.1258 ലെ മംഗോളിയന്‍ ആക്രമണമാണ് ഈ വംശത്തിന്റെ അന്ത്യം കുറിച്ചത്. എന്നാല്‍ ഈ വംശജര്‍ ഈജിപ്തിലെ കൈറോയില്‍ നാമമാത്ര ഖലീഫമാരായി തുടര്‍ന്നു.
ഒട്ടോമന്‍ ഭരണവംശം (ക്രി.വ.1517-1924)
1517 ല്‍ അബ്ബാസി വംശജരെ ആക്രമിച്ച ഉസ്മാനിയാ (ഛേേീാമി) വംശജര്‍ ഈജിപ്ത് കയ്യടക്കി; അവിടെ സലീം ഒന്നാമന്‍ ഖലീഫ സ്ഥാനമേറ്റു. അതോടെ തുര്‍ക്കികളായ ഒട്ടോമന്‍ ഭരണാധിപന്മാര്‍ തങ്ങളുടെ സാമ്രാജ്യത്തിന് പുറമേയുള്ള ലോക മുസ്ലീങ്ങളുടെ മേല്‍ അധികാരം ഉറപ്പിച്ചു, മതനേതാക്കള്‍ കൂടെ ആയി. പക്ഷേ, ബ്രിട്ടീഷുകാര്‍ തുര്‍ക്കി സുല്‍ത്താന്‍മാരുടെ ഖിലാഫത്തിനെ അംഗീകരിച്ചില്ല.
എന്നാല്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെയും ഇസ്ലാമിക പുണ്യ സ്ഥലങ്ങളുടെയും സംരക്ഷണാവകാശം തുര്‍ക്കി സുല്‍ത്താന്മാരില്‍ നിക്ഷിപ്തമായിരിക്കണമെന്നു സുന്നി മുസ്ലീങ്ങള്‍ ആഗ്രഹിച്ചു. ഖിലാഫത്തിന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാനും മതയാഥാസ്ഥിതികത നിലനിര്‍ത്താനും തുര്‍ക്കിയിലെ ഒട്ടോമന്‍ സുല്‍ത്താന്മാര്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ, ഒന്നാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്യന്‍ ശക്തികള്‍ തുര്‍ക്കി സാമ്രാജ്യത്തെ വിഭജിച്ചെടുത്തു. അങ്ങിനെ നിര്‍വീര്യമായിപ്പോയ ഖിലാഫത്ത് 1924ല്‍ തുര്‍ക്കിയില്‍ മുസ്തഫ കമാല്‍ പാഷയുടെ നേതൃത്വത്തില്‍ മതേതര ഭരണകൂടം വന്നതോടെ നാമാവശേഷമായി. പിന്നീട് മക്കയിലെ ശരീഫ് ഹുസൈനും അദ്ദേഹത്തിന്റെ മകനായ ട്രാന്‍സ് ജോര്‍ദാനിലെ രാജാവ് അബ്ദുള്ളയും ഖിലാഫത്ത് പദവി അവകാശപ്പെട്ടു. സ്‌പെയിന്‍, കെയ്‌റോ, ഗ്രാനഡ എന്നിവിടങ്ങളിലെ ഭരണാധികാരികളും അത് അവകാശപ്പെട്ടിരുന്നു.
ഖിലാഫത്തിന് ഏറെ അവകാശികള്‍
ഒട്ടോമന്‍ സുല്‍ത്താന്റെ പതനത്തോടെ ഫലത്തില്‍ ലോക ഇസ്ലാമിക നേതൃത്വം കയ്യാളിയത് സഊദീ ഭരണാധിപരുടെ നേതൃത്വത്തിലുള്ള സലഫികളുംകൂടെ പല അനുബന്ധ തീവ്രവാദി സംഘടനകളുമാണ്. എന്നാല്‍ ഖിലാഫത്ത് എന്ന പദവിക്കു തന്നെ വേറെ പലരും രംഗത്തു വരികയുണ്ടായി. തുര്‍ക്കിയിലെ മുഖ്യപണ്ഡിതനും മതേതര സര്‍ക്കാരിന്റെ കടുത്ത എതിരാളിയുമായിരുന്ന മുസ്തഫാ സബ്‌രി അഫന്ദി (1869-1954), ജമാഅത്തെ ഇസ്ലാമി സ്ഥാപകന്‍ അബുല്‍ അഅ്‌ലാ മൗദൂദി (1903-1979), ജറുസലേമിലെ ലിബറേഷന്‍ പാര്‍ട്ടി നേതാവ് തഖിയുദ്ദീന്‍ നബ്ഹാനി (1909-1977), ഈജിപ്തിലെ ഇസ്‌ലാമിക് ബ്രദര്‍ഹുഡ് നേതാവ് സയ്യിദ് ഖുതുബ് (1906-1966), അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതാവ് മുല്ലാ മുഹമ്മദ് ഉമര്‍ (1960-2013), ഐ.എസ്.ഐ.എസ്. കമാന്‍ഡര്‍ അബൂബക്കര്‍ അല്‍ബാഗ്ദാദി (1971-2019) എന്നിവര്‍ അവരില്‍ പെടുന്നു. ഇപ്പോഴും ഖിലാഫത്തിനു വേണ്ടി, ലോക മുസ്ലിം നേതൃത്വത്തിന് വേണ്ടി, പലരും അവകാശമുന്നയിച്ചു കൊണ്ടിരിക്കുന്നു.
തുര്‍ക്കിയിലെ ഒട്ടോമന്‍ സുല്‍ത്താന്റെ ഖിലാഫത്ത് എന്ന ആശയമാണ് ഇന്ത്യന്‍ മുസ്ലിങ്ങളില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന് വീര്യവും പ്രചോദനവും നല്‍കി, ഇസ്‌ലാമിക ഭരണം സ്ഥാപിക്കുകയെന്ന വ്യാമോഹം ജനിപ്പിച്ചത്. പക്ഷേ, മുമ്പ് സൂചിപ്പിച്ചതുപോലെ മുസ്തഫ കമാല്‍ പാഷ പ്രസിഡന്റായി അധികാരമേല്‍ക്കുകയും ഓട്ടോമന്‍ ഖലീഫയായിരുന്ന മുഹമ്മദ് ആറാമനെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു; അവിടെ മതേതര ഭരണം പ്രഖ്യാപിച്ചു. 1924 ല്‍ ഖലീഫാപദവി നിര്‍ത്തലാക്കുകയും ചെയ്തു. ഖിലാഫത്ത് നാമാവശേഷമായതോടെ ഭാരതത്തിലെ ഖിലാഫത്ത് പ്രസ്ഥാനവും നിലച്ചു. എന്നാല്‍ അതിനു കുറെ മുമ്പുതന്നെ അതിനേക്കാള്‍ പതിന്മടങ്ങു ശക്തവും അപകടകരവുമായ മറ്റൊരു പ്രസ്ഥാനം ഭാരതത്തില്‍ വേരെടുത്തിരുന്നു. അതിലേക്കു നയിച്ച സംഭവവികാസങ്ങള്‍ പരിശോധിക്കാം.
ക്രിസ്തുവര്‍ഷം 622 മുതല്‍ 632 വരെ പ്രവാചകന്‍ മാതൃക കാണിച്ചു തന്നതും അദ്ദേഹത്തിന് ശേഷം ഖലീഫമാരായി സ്ഥാനമേറ്റ നാല് സദ്‌വൃത്തരായ പിന്‍ഗാമികളും തുടര്‍ന്നുവന്ന ഉമവീകളും അബ്ബാസികളും ഫാത്തിമിയ്യാ ഖലീഫമാരും അവസാനം ഒട്ടോമന്‍ ഖലീഫമാരും ഇസ്ലാമിക ജിഹാദി സ്വഭാവത്തെ നിലനിര്‍ത്തിയിരുന്നു. അത് ക്രിസ്തുവര്‍ഷം 622 ല്‍ മദീനയില്‍ തുടങ്ങി പ്രവാചകന്റെ മരണശേഷം ഖിലാഫത്തിന്റെ പ്രചോദനമേറ്റു 1921ലെ മലബാര്‍ കലാപം വരെയെത്തി. അതൊരു കര്‍ഷക സമരമോ സ്വാതന്ത്ര്യ സമരമോ ആയി വിശേഷിപ്പിക്കുന്നത് മൗഢ്യമാണ്. എങ്കില്‍ ആലി മുസ്ലിയാരെ രാജാവായി വാഴിച്ചു ഖിലാഫത്തു കൊടികുത്തേണ്ടിയിരുന്നുവോ? ഇസ്‌ലാമിക ഭരണം സ്ഥാപിക്കുകയായിരുന്നില്ലേ ഏക ലക്ഷ്യം?
സൗദി അറേബ്യയും സലഫിസവും
തുര്‍ക്കിയിലെ ഭരണമാറ്റവും ഖിലാഫത്തു നിര്‍ത്തല്‍ ചെയ്യലും കാരണം ലോക മുസ്ലിങ്ങളുടെ ജിഹാദി നേതൃത്വം അവസാനിച്ചു എന്ന് കരുതിയവര്‍ക്ക് തെറ്റി. അറേബ്യയിലെ നജ്ദില്‍ ജനിച്ച മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് (1703-1792) ഇസ്ലാമിക നവീകരണമെന്ന പേരില്‍ കടുത്ത മതമൗലികവാദം പ്രചരിപ്പിക്കുകയായിരുന്നു. 1744 ല്‍ സ്ഥാപിതമായ ഇദ്ദേഹത്തിന്റെ വഹാബി പ്രസ്ഥാനം രാജ്യത്തിനകത്തും പുറത്തും ഏറെ വിശ്വാസികളെ ആകര്‍ഷിച്ചിരുന്നു. സൗദി ഭരണ വംശ സ്ഥാപകനായ ഇബ്‌നു സൗദിന്റെ പിന്‍ഗാമികളും അബ്ദുല്‍ വഹാബിന്റെ ജിഹാദി തല്‍പരരായ അനുയായികളും തമ്മില്‍ സഖ്യത്തിലായി. രാജാധികാരം നിലനിര്‍ത്തുന്നതിനും രാജ്യവിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനും വഹാബി ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും നിലവിലുണ്ടായിരുന്ന പല പുണ്യ സ്ഥലങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും ഇടിച്ചു തകര്‍ക്കുന്നതിനും പരസ്പരം സഹകരിക്കാമെന്ന് ധാരണയായി. ഇരുപതാം നൂറ്റാണ്ടില്‍ ഈ പ്രസ്ഥാനം സൗദി അറേബ്യയിലും ഖത്തറിലും വ്യാപകമായി പ്രചരിച്ചു, വഹാബി ഇസ്‌ലാം ഈ രാജ്യങ്ങളിലെ ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ടു.
1932 ല്‍ ഹിജാസ്, നജ്ദ് പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മെക്ക, മദീന, റിയാദ് തുടങ്ങിയ പ്രധാന നഗരങ്ങള്‍ അടങ്ങിയ വിശാലമായ ഭൂപ്രദേശം ഒരു രാജ്യം (ഗശിഴറീാ) ആക്കുകയും അതുവരെ പ്രാദേശിക ഭരണാധിപന്‍ ആയിരുന്ന സുല്‍ത്താന്‍ രാജാവ് (ഗശിഴ) ആയി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു, അതോടുകൂടി വഹാബിസത്തിനു രാഷ്ട്രീയവും മതപരവുമായ പ്രാധാന്യവും ശക്തിയും വര്‍ദ്ധിച്ചു, അന്താരാഷ്ട്ര സ്വാധീനവും നേടി. 1924 ല്‍ തുര്‍ക്കി ഖിലാഫത്ത് നിര്‍വീര്യമാകുകയും ചെയ്തതോടെ ലോക ഇസ്ലാമിക നേതൃത്വം സൗദി നിയന്ത്രിതമായ വഹാബിസം ഏറ്റെടുത്തു. ഖിലാഫത്ത് എന്ന പേരിലല്ലെങ്കിലും ഫലത്തില്‍ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലാകമാനം അതിനേക്കാള്‍ ഉഗ്രമായ ഒരു ശക്തിയായി തീര്‍ന്നു.
ആദ്യത്തെ വഹാബി ജിഹാദ്
ഭാരതത്തില്‍ വഹാബിസത്തിന്റെ ആശയങ്ങള്‍ക്ക് തുടക്കമിട്ടത് സെയ്ദ് അഹമ്മദ് ബറേല്‍വി (1786-1831) എന്ന ഉത്തര്‍പ്രദേശുകാരനായിരുന്നു. 1817 ല്‍ അദ്ദേഹം ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങി. 1818 മുതല്‍ പല ഉത്തരേന്ത്യന്‍ നഗരങ്ങളും സന്ദര്‍ശിച്ചു ആശയപ്രചരണം നടത്തി.
ദാറുല്‍ ഹര്‍ബ് (യുദ്ധപ്രദേശം) അഥവാ അമുസ്ലിം പ്രദേശങ്ങള്‍ നിര്‍ണ്ണയിച്ചു ആക്രമിക്കുന്നതിന്റെ തുടക്കമായി സിക്കുമതക്കാരനായ മഹാരാജ രഞ്ജിത് സിംഗിനെതിരെ ബാലകോടു യുദ്ധം പ്രഖ്യാപിച്ചു. 1831 മെയ് 6ന് നടന്ന യുദ്ധത്തില്‍ ബറേല്‍വി കൊല്ലപ്പെട്ടു. ബറേല്‍വിയുടെ സഹപ്രവര്‍ത്തകരായിരുന്ന സെയ്ദ് ഇസ്മാഈല്‍ ദഹ്‌ലവി, മൗലവി അബ്ദുല്‍ ഹയ്യ് എന്നിവരിലൂടെ ഉത്തരേന്ത്യയില്‍ പ്രചരിച്ച വഹാബിസം അഹ്‌ലെ ഹദീസ് എന്ന പേരില്‍ അറിയപ്പെടുന്നു.
വഹാബിസം തെക്കെ ഇന്ത്യയില്‍
തെക്കെ ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളമാണ് വഹാബിസത്തിനു നല്ല വിളനിലമായി കഴിഞ്ഞത്. തുടക്കത്തില്‍ അല്പം മന്ദഗതിയിലായിരുന്നെങ്കിലും ഒരു ഇസ്‌ലാമിക നവോത്ഥാന സംരംഭം എന്ന നിലയ്ക്ക് അഭ്യസ്തവിദ്യരില്‍ ഇതിന് സ്വീകാര്യത ലഭിക്കാന്‍ എളുപ്പമായിരുന്നു. അവര്‍ തുടക്കത്തില്‍ സ്വീകരിച്ചിരുന്ന പേര് മുജാഹിദ് പ്രസ്ഥാനം എന്നായിരുന്നു (മുജാഹിദ് = ജിഹാദ് ചെയ്യുന്നവന്‍). എന്നാല്‍ ഭീകരതയ്ക്കും ജിഹാദിനും എതിരെ ലോകജനത ജാഗ്രത പാലിച്ചു തുടങ്ങിയപ്പോള്‍ പല പേരുകളും പ്രയോഗങ്ങളും പ്രവര്‍ത്തനങ്ങളും അണ്ടര്‍ഗ്രൗണ്ട് ആയി. പരിഷ്‌കൃത വാക്കുകളും പൊയ്മുഖങ്ങളും ഉപയോഗത്തില്‍ വന്നു. ഉദാഹരണമായി, ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി ‘യൗവ്വനം പോരാടാനുള്ളതാണ്’ എന്ന മുദ്രാവാക്യം ഇപ്പോള്‍ വിളിക്കുന്നില്ല. മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ അനുയായികള്‍ മുജാഹിദ് എന്ന പേര് മാറ്റി സലഫി എന്ന പേര് സ്വീകരിച്ചു. (സലഫി എന്നാല്‍ ആദ്യകാല മുസ്ലീങ്ങളുടെ ശുദ്ധ ഇസ്ലാം പിന്തുടരുന്നവന്‍). ചിലപ്പോള്‍ മുവഹ്ഹിദ് (ഏകതാവാദി – അല്ലാഹു മാത്രമാണ് ദൈവം, മറ്റൊരു ദൈവവുമില്ല എന്നു വിശ്വസിക്കുന്നവന്‍) എന്നും ഉപയോഗിച്ചു വരുന്നു.
കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ തുടക്കം 1922 ല്‍ കൊടുങ്ങല്ലൂരില്‍ ‘ഐക്യസംഘം’ രൂപീകൃതമായതോടുകൂടിയാണ്. 1925 ല്‍ പണ്ഡിത വേദിയായ കേരള നദ്‌വത്തുല്‍ ഉലമയും പൊതുവേദി എന്ന നിലയില്‍ 1950 ല്‍ ‘കേരള നദ്‌വത്തുല്‍ മുജാഹിദീന്‍’ എന്ന സംഘടനയും തുടര്‍ന്ന് യുവജന വിഭാഗവും വനിതാവേദിയും വിദ്യാര്‍ത്ഥി സംഘടനയും എല്ലാം അനുബന്ധമായി രൂപീകരിക്കപ്പെട്ടു.
ഇസ്ലാമിക നവോത്ഥാനമോ?
മുസ്ലിം സാമാന്യ ജനങ്ങള്‍ക്കിടയില്‍ നടമാടുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിര്‍മാര്‍ജ്ജനം ചെയ്യുക, അവരെ മത വിദ്യാഭ്യാസവും ആധുനിക വിദ്യാഭ്യാസവും നേടാന്‍ പ്രേരിപ്പിക്കുക, പൗരോഹിത്യം നിരുത്സാഹപ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ മുജാഹിദുകളെ ഒരു ഉല്‍പതിഷ്ണു വിഭാഗമായാണ് അമുസ്ലീങ്ങള്‍ പോലും കരുതിയിരുന്നത്. എന്നാല്‍ സൗദി അറേബ്യ, ഖത്തര്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള നേതൃത്വം അതിശക്തവും അപകടകരവുമായ അവസ്ഥയിലേക്ക് ലോക മുസ്ലിങ്ങളെ നയിക്കുകയായിരുന്നു. പ്രവാചകന്റെയും തൊട്ടടുത്ത തലമുറയിലെ അനുയായികളുടെയും കൊടും യാഥാസ്ഥികത തിരിച്ചുകൊണ്ടുവന്നു ശുദ്ധമായ, കലര്‍പ്പില്ലാത്ത ഇസ്ലാം മതം നിലനിര്‍ത്തുക എന്ന ലക്ഷ്യസാക്ഷാല്‍ക്കാരത്തിന്നു വേണ്ടി നിര്‍ബാധം എന്തുമാര്‍ഗ്ഗവും അവലംബിക്കുക, ലോകം മുഴുവന്‍ ഇസ്ലാമികവല്‍ക്കരിക്കുക, അതിനു വേണ്ടി ജിഹാദ് ചെയ്യാന്‍ സമൂഹത്തെ സജ്ജമാക്കുക എന്നിവയാണ് വഹാബിസത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍. ആദ്യഘട്ടത്തില്‍ കേരളത്തില്‍ പണ്ഡിതന്മാരായ പ്രവര്‍ത്തകര്‍ക്ക് പോലും വഹാബിസത്തിന്റെ തനിനിറം മനസ്സിലായിരുന്നില്ല. അതേസമയം മുഖ്യമായും സൗദി അറേബ്യ കേന്ദ്രീകരിച്ചുള്ള വഹാബിസവും ഈജിപ്തില്‍നിന്നു ഹസനുല്‍ ബന്നാ സ്ഥാപിച്ചതും സയ്യിദ് ഖുതുബ് നേതൃത്വം നല്‍കിയതുമായ ഇസ്ലാമിക് ബ്രദര്‍ ഹുഡ്ഡും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് അറബി ലോകത്തേക്ക് പ്രചരിച്ച അബുല്‍ അഅ്‌ലാ മൗദൂദിയുടെ ജമാഅത്തെ ഇസ്ലാമിയും ഒന്നിച്ചു ഊട്ടി വളര്‍ത്തിയ പല ഭീകര സംഘങ്ങളും രൂപം കൊള്ളുകയായിരുന്നു. താലിബാന്‍, അല്‍ക്വയ്ദ, ദാഇസ്, ഐ.എസ്.ഐ.എസ് തുടങ്ങി, വിവിധ രാജ്യങ്ങളില്‍ പ്രത്യേകം പ്രത്യേകം പേരുകളില്‍, അറിയപ്പെടുന്ന അനേകം സംഘങ്ങളുണ്ട്.
സലഫിസം കയറ്റി അയക്കുന്നു
സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സ്വന്തം ദേശത്തു സലഫീ തീവ്രവാദം വളര്‍ത്തുക മാത്രമല്ല അത് ലോകമെങ്ങും പ്രചരിപ്പിക്കുക എന്നത് അവരുടെ പ്രധാന പദ്ധതിയായി സ്വീകരിക്കുകയും ചെയ്തു. അറബ് ഏകാധിപതികള്‍ സ്വന്തം അധികാരം നിലനിര്‍ത്താന്‍ വേണ്ടി ജനഹൃദയങ്ങളില്‍ തീവ്ര മതം കുത്തിവെച്ച് പൗരാവകാശ ബോധത്തില്‍ നിന്നും ജനാധിപത്യചിന്തയില്‍ നിന്നും അവരുടെ ശ്രദ്ധ തിരിക്കുകയായിരുന്നു. പക്ഷെ മതതീവ്രത തലക്കു പിടിച്ചപ്പോള്‍ ജനങ്ങള്‍ ക്രമേണ രാജ്യത്തിനകത്തു ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിത്തുടങ്ങി, ഭരണവര്‍ഗ്ഗത്തിന്നെതിരെ തിരിഞ്ഞു. അപ്പോള്‍ ഏകാധിപതികള്‍ കണ്ടുപിടിച്ച പോംവഴി ആയിരുന്നു മതഭ്രാന്തന്മാരെ അന്യദേശങ്ങളില്‍ പ്രത്യേക ദൗത്യങ്ങളില്‍ നിയോഗിക്കുക, അങ്ങനെ തീവ്രതയും ഭീകരതയും മറ്റു രാജ്യങ്ങളിലേക്ക് തിരിച്ചുവിട്ടു ശല്യം ഒഴിവാക്കുക എന്നത്. മുസ്ലിം രാജ്യങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങളില്‍ അതിനു വേണ്ടി പ്രത്യേകം പ്രതിനിധികളുണ്ട്. മുസ്ലിം വേള്‍ഡ് ലീഗ്, അസംബ്ലി ഓഫ് മുസ്ലിം യൂത്ത് തുടങ്ങിയ ഏജന്‍സികളിലൂടെ ലോകമെമ്പാടുമുള്ള തീവ്ര സംഘങ്ങള്‍ക്കു പണം എത്തിക്കുന്നു. 1975നു ശേഷം കുതിച്ചുയര്‍ന്ന എണ്ണ സമ്പത്ത് ഇവര്‍ തങ്ങളുടെ സ്വന്തം വ്യാഖ്യാന പ്രകാരമുള്ള ഇസ്ലാം മതം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുകയായിരുന്നു. 1973 മുതല്‍ സൗദി ഗവണ്‍മെന്റ് അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ദക്ഷിണ പൂര്‍വേഷ്യ എന്നീ ഭൂഖണ്ഡങ്ങളില്‍ തീവ്ര ഇസ്‌ലാം പ്രചരിപ്പിക്കുവാന്‍ വേണ്ടി അവിശ്വസനീയമാം വിധം വലിയ തുകകള്‍ ചെലവഴിച്ചു. സൗദി സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ പ്രകാരം തന്നെ പള്ളികള്‍ പണിയുവാനും അവയുടെ അറ്റകുറ്റപ്പണികള്‍ നടത്തുവാനും മുസ്ലിം കോളേജുകള്‍, ഇസ്ലാമിക കേന്ദ്രങ്ങള്‍ എന്നിവക്കും സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. അതിനുപുറമേ യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ഏഷ്യ എന്നീ മേഖലകളിലെ അനിസ്ലാമിക രാജ്യങ്ങളില്‍ മുസ്ലിം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ചെലവിനും ഒക്കെയാണ് വന്‍തുകകള്‍ ചെലവിട്ടത്. ഓസ്ട്രിയ, ബ്രിട്ടന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, ജര്‍മനി, റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളിലും അമേരിക്കയിലെ ലോസ് ആഞ്ചലസ്, സാന്‍ ഫ്രാന്‍സിസ്‌കോ, വാഷിംഗ്ടണ്‍, ടെക്‌സണ്‍, റാലീ, ടോലേഡോ, ഓഹിയോ തുടങ്ങിയ പ്രദേശങ്ങളിലും, കൂടാതെ മൊറോക്കോ, ഇന്തോനേഷ്യ, ജിബൂത്തി എന്നിവിടങ്ങളില്‍ ഉള്ള ഇസ്ലാമിക കേന്ദ്രങ്ങള്‍ക്കും സൗദിഅറേബ്യ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്.
ഫണ്ടിംഗ് ഭാരതത്തിലേക്കും
ഇസ്ലാമിക ട്രസ്റ്റുകളും സര്‍ക്കാരിതര സംഘടനകളും തുടങ്ങുന്നതിനായി സൗദി അറേബ്യ ദശലക്ഷക്കണക്കിന് രൂപ ഇന്ത്യയിലേക്ക് പമ്പ് ചെയ്യുന്നുണ്ടെന്ന് വിക്കിലീക്‌സ് ഒരിക്കല്‍ വെളിപ്പെടുത്തുകയുണ്ടായി. ഈ അതി സമ്പന്ന അറബ് രാജ്യത്തിന്റെ സാമ്പത്തിക സഹായത്തിനായി അപേക്ഷിച്ച ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും സമൂഹങ്ങളുടെയും പട്ടിക ഉള്‍ക്കൊള്ളുന്ന ഒരു രേഖയിലായിരുന്നു അത്. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, കേരളം, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി ഒമ്പത് സ്ഥാപനങ്ങള്‍ക്ക് സൗദി സര്‍ക്കാര്‍ തന്നെ നേരിട്ട് സംഭാവന വാഗ്ദാനം ചെയ്തതായും രേഖകള്‍ സൂചിപ്പിക്കുന്നു.
കേരളത്തിലെ ചില സ്ഥാപനങ്ങള്‍ക്ക് മാത്രമായുള്ള നാലര ദശലക്ഷം സൗദി റിയാല്‍ ഇതില്‍ പെടുന്നു. അതുപോലെ, ഉത്തര്‍പ്രദേശില്‍ 75,000 സൗദി റിയാല്‍ രണ്ട് വ്യത്യസ്ത സൊസൈറ്റികള്‍ക്ക് മദ്രസ കെട്ടിടവും പെണ്‍കുട്ടികള്‍ക്കായി ഒരു തൊഴില്‍ കേന്ദ്രവും സ്ഥാപിക്കുന്നതിന് വാഗ്ദാനം ചെയ്തു.
തീവ്രവാദ ധനസഹായവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മക്കയിലെ മുസ്‌ലിം വേള്‍ഡ് ലീഗിന്റെ സെക്രട്ടേറിയറ്റ് ജനറല്‍ ഇന്ത്യയില്‍ സലഫി/വഹാബി കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സൗദി അറേബ്യയോട് അഭ്യര്‍ത്ഥിച്ചതായും രേഖകള്‍ വെളിപ്പെടുത്തുന്നു.
ഇന്ത്യയില്‍ ഇറാന്റെ ‘വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ചും’ സൗദി അറേബ്യക്ക് ആശങ്കയുണ്ടെന്നും ഇവിടെ ‘വര്‍ദ്ധിച്ചുവരുന്ന ഷിയ സ്വാധീനത്തെ’ ചെറുക്കുന്നതിന്, വഹാബിസം ശക്തമായി പ്രചരിപ്പിക്കേണ്ട ആവശ്യകതയും ഊന്നിപ്പറയുന്നുണ്ട്. വിവിധ സെമിനാറുകള്‍ നടത്തുവാനായി ഇന്ത്യയിലെത്തുന്ന സലഫി പണ്ഡിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയുണ്ടായി.
രാജ്യത്ത് വഹാബിസം അഥവാ സലഫിസം ശക്തമാവുകയാണെന്നതില്‍ സംശയമില്ല. അതിന്റെ ഉപോല്പന്നങ്ങളായ ഇസ്‌ലാമിക് സ്റ്റേറ്റ്, താലിബാന്‍, ബോക്കോ ഹറാം, അല്‍ ശബാബ്, അല്‍ ക്വയ്ദ, ജെയ്‌ഷെ മുഹമ്മദ്, ജെയ്ഷുല്‍ ഇസ്‌ലാം, ലഷ്‌കറെ ത്വയ്ബ, ഹിസ്ബുല്‍ മുജാഹിദീന്‍ തുടങ്ങി ഒട്ടനേകം ഭീകര സംഘങ്ങള്‍ മാറിയും മറിഞ്ഞും പ്രവര്‍ത്തിക്കുന്നുമുണ്ട്. ജമാ അത്തെ ഇസ്‌ലാമി, സോളിഡാരിറ്റി, സിമി, എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, എന്‍.ഡി.എഫ്. തുടങ്ങിയ മറ്റു തീവ്ര സംഘടനകളും വളരെ തന്ത്രപരമായി രംഗത്തുണ്ട്. 1921ലെ മലബാര്‍ കലാപവും അതോടനുബന്ധിച്ച് നടന്ന കൊള്ളയും കൊലയും നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനങ്ങളും നടത്തുവാന്‍ ഇവിടെ ഒരു സമൂഹത്തിന് പ്രചോദനവും പ്രേരണയും നല്‍കിയത് ഒട്ടോമന്‍ ഖിലാഫത്ത് ആയിരുന്നു. എന്നാല്‍, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഒരു ഖിലാഫത്ത് മാത്രമായിരുന്നെങ്കില്‍ ഇന്ന് ലോകത്ത് നൂറോളം ഖിലാഫത്തുകളുണ്ട്. അവയില്‍ ഒരു ഡസനിലധികം ഭാരതത്തില്‍ തന്നെ ഉണ്ടെന്നു മനസ്സിലാവുന്നു. രാജ്യത്തിന്റെ അവസ്ഥ അത്ര സുരക്ഷിതമല്ലെന്നു തോന്നുന്നു. കാരണം ശക്തമായ ഒരു ന്യൂനപക്ഷത്തിന് വളരെ ആസൂത്രിതമായ പ്രവര്‍ത്തനത്തിലൂടെ വലിയൊരു ഭൂരിപക്ഷത്തെ കീഴ്‌പ്പെടുത്താന്‍ വിഷമമില്ല. ക്രി. വ. 624 ല്‍ നടന്ന ബദ്ര്‍ യുദ്ധത്തില്‍ മുസ്‌ലിം സൈനികര്‍ 313 മാത്രമായിരുന്നു. സജ്ജീകരണങ്ങളും കുറവായിരുന്ന ആ സൈന്യം ഏതിര്‍പക്ഷത്തുള്ള 950 സുസജ്ജരായ ഖുറൈശീ പടയാളികളെ തോല്‍പ്പിച്ചത് ഓര്‍ക്കുക. അപ്പോള്‍ ഇവിടെ എപ്പോഴും എന്തും സംഭവിക്കാമെന്ന അവസ്ഥയാണ്. ഭാരതം വിഭജിക്കപ്പെട്ടതില്‍ സന്തോഷിച്ചവര്‍ക്കു ഇന്ന് ഒരുപക്ഷെ അത് വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടാവാം. കാരണം വിഭജിച്ചിരുന്നില്ലെങ്കില്‍ ഇപ്പോള്‍ ഭാരതം മുഴുവനും എളുപ്പത്തില്‍ ഇസ്‌ലാമികവല്‍ക്കരിച്ചേനെ. അന്ന് അതിനെപ്പറ്റി ദുഃഖിച്ചവര്‍ക്ക് ഇന്ന് ആശ്വാസം തോന്നുമായിരിക്കാം, കാരണം, വിഭജനത്തോടെ ബാക്കിയുള്ള പ്രദേശങ്ങളെങ്കിലും തല്‍ക്കാലം രക്ഷപ്പെട്ടുവല്ലോ എന്ന ആശ്വാസമാണവര്‍ക്ക്. 1947 ല്‍ ഇവിടെ കേരളത്തില്‍ മുഴങ്ങിക്കേട്ടിരുന്ന ഒരു മുദ്രാവാക്യം പലരും ഓര്‍ക്കുന്നുണ്ടാവാം. ”പത്തണക്കു കത്തി വാങ്ങി കുത്തി വാങ്ങും പാകിസ്ഥാന്‍” എന്നായിരുന്നു അത്. മുഹമ്മദ് അലി ജിന്നയുടെ ആശയങ്ങളെ അനുകൂലിക്കല്‍ മുസ്ലിങ്ങളുടെ മതപരമായ ഉത്തരവാദിത്തമാണെന്ന് അക്കാലത്തെ മുജാഹിദ് നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.
ബിന്‍ ലാദനും അജ്മല്‍ കസബും
ഒസാമ ബിന്‍ ലാദന്റെ മരണത്തില്‍ അനുശോചിക്കുന്ന പോസ്റ്ററുകള്‍ വന്ന ഒരേയൊരു സംസ്ഥാനമാണ് കേരളം. അജ്മല്‍ കസബിനെ തൂക്കി ലേറ്റിയപ്പോള്‍ ഇവിടെ പ്രാര്‍ത്ഥനയും നടത്തി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സലഫിസത്തിന്റെ ജനിതക വ്യതിയാനം സംഭവിച്ചുണ്ടായ പല രൂപങ്ങളുടെയും സാന്നിധ്യവും സ്വാധീനവുമുണ്ട്. സംസ്ഥാനം ഇസ്‌ലാമിക് സ്റ്റേറ്റ് ആവാനുള്ള സാധ്യത വിദൂരമല്ല. കേരളീയര്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.