ഖിലാഫത്ത് എന്തായിരുന്നു എന്നതിനെ സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ പരക്കെ നിലനില്‍ക്കുന്നുണ്ട്. ഒരു വിഭാഗം അവകാശപ്പെടുന്നത് അത് സ്വാതന്ത്ര്യസമരമായിരുന്നു എന്നാണ്. മറ്റുചിലര്‍ക്ക് സ്വാതന്ത്ര്യസമരമായി തുടങ്ങി പിന്നീട് വഴിതെറ്റിപ്പോയ ഇംഗ്ലീഷ് വിരുദ്ധ പ്രക്ഷോഭമാണ്. ഇനിയൊരു കൂട്ടര്‍ വാദിക്കുന്നത് നേതൃത്വം ശരിയായ ദിശയില്‍ നയിക്കാന്‍ ശ്രമിച്ചെങ്കിലും അണികളില്‍ തലതിരിഞ്ഞ ചിലര്‍ ചെയ്തു കൂട്ടിയ ചില്ലറ കുഴപ്പങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ അതൊരു ദേശീയസമരം തന്നെ ആയിരുന്നു എന്നാണ്. ഇതിനെല്ലാമപ്പുറം വീരസാവര്‍ക്കറെ പോലെയുള്ള ദേശഭക്തര്‍ പറയുന്നു അത് അഖിലാപത്തായിരുന്നു എന്ന്. ഖിലാഫത്ത് പൊട്ടിപ്പുറപ്പെട്ട സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ഏതൊരാള്‍ക്കും സാവര്‍ക്കറുടെ അഭിപ്രായത്തോടേ യോജിക്കാന്‍ കഴിയൂ. ഏതു മാനദണ്ഡം ഉപയോഗിച്ച് വിശകലനം ചെയ്താലും ഖിലാഫത്തിനു ദേശീയതയുമായി പുലബന്ധം പോലുമുണ്ടായിരുന്നില്ല എന്ന ലളിതമായ സത്യം മനസ്സിലാക്കാവുന്നതേയുള്ളൂ. ഖിലാഫത്തിനെക്കുറിച്ചുള്ള കൃത്യമായ പഠനത്തില്‍ നിന്ന് നമുക്ക് എത്തിച്ചേരാന്‍ കഴിയുന്ന നിഗമനങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം.
1. ഖിലാഫത്ത് ലഹളയ്ക്ക് ഭാരത ദേശീയതയുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല.
2. സ്വാതന്ത്ര്യസമരം പ്രേരണ ഉള്‍ക്കൊള്ളുന്നത് ഏതൊരു രാഷ്ട്രത്തിന്റെയും സ്വത്വത്തില്‍ നിന്നായിരിക്കണം. ഖിലാഫത്തിന്റെ പ്രേരണ അതായിരുന്നില്ല.
3. ഖിലാഫത്തിന്റെ പ്രേരണ ലോകമാസകലം തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനുള്ള ആഗോള ഇസ്ലാമിക പദ്ധതിയില്‍ നിന്നായിരുന്നു.
4. നാസി – ഇസ്ലാം കൂട്ടുകെട്ട് ഖിലാഫത്തിനു പശ്ചാത്തലമൊരുക്കി.
5. വിനാശകരമായ പാന്‍ ഇസ്ലാമിക ഗൂഢോദ്ദേശ്യത്തെ തിരിച്ചറിയുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു.
6. മാര്‍ഗ്ഗം ലക്ഷ്യത്തെ സാധൂകരിക്കുമെന്ന അധാര്‍മ്മിക തത്വത്തെ താല്‍ക്കാലിക ലാഭത്തിനായി പിന്‍പറ്റിയതിലെ ആപത്താണ് ഇതുമൂലം സംഭവിച്ചത്.
7. മത വര്‍ഗ്ഗീയതയെ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചു.
8. ഇതുമൂലം ഇസ്ലാമിക മത ഭീകരവാദികളുടെ വിലപേശല്‍ ശക്തി വര്‍ദ്ധിച്ചു.
9. അത് ഭാരതവിഭജനത്തിനു കാരണമായി.
ആര്‍.സി.മജുംദാര്‍ പറയുന്നത്
രാഷ്ട്രാസ്തിത്വത്തെ ഒരിയ്ക്കലും അംഗീകരിക്കുന്ന ഒന്നല്ലല്ലൊ ഇസ്ലാം. അന്തര്‍ദ്ദേശീയതലത്തില്‍ ഒറ്റ ഉമ്മത്തിന്റെ സ്ഥാപനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മതത്തിനു അങ്ങനെ ആവാതെ തരമില്ലതാനും. രാഷ്ട്ര ബാഹ്യമായ സ്ഥാനങ്ങളേയും തത്വങ്ങളേയും അടിസ്ഥാനമാക്കി നടത്തപ്പെടുന്ന മുന്നേറ്റങ്ങള്‍ ആത്യന്തികമായി രാഷ്ട്രത്തിന്റെ അഖണ്ഡതയേയും ഐക്യത്തേയും തകര്‍ക്കുമെന്നു തിരിച്ചറിയാന്‍ ഗാന്ധിജി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതൃത്വം വൈകിപ്പോയതിനെ കുറിച്ച് പ്രസിദ്ധചരിത്രകാരന്‍ ആര്‍.സി മജൂംദാര്‍ തന്റെ ‘ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്‌മെന്റി’ന്റെ മൂന്നാം ഭാഗത്തില്‍ എഴുതിയിരിക്കുന്നത് നോക്കൂ:
”…പക്ഷെ അതിന്റെ (മുന്‍-പിന്‍ നോക്കാതെ ഖിലാഫത്തിനെ പിന്തുണയ്ക്കുന്നതിന്റെ) പ്രായോഗികവിവേകം ന്യായമായും ചോദ്യം ചെയ്യപ്പെടും. ഖിലാഫത്തിനെ പ്രേരിപ്പിച്ച സാര്‍വ്വദേശീയ-ഇസ്ലാമിക ആശയം ഭാരത ദേശീയതയുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതാണെന്നു തിരിച്ചറിയുന്നതില്‍ ഗാന്ധി പരാജയപ്പെട്ടു. ഒരു വലിയ വിഭാഗം ഭാരതീയരുടെ യഥാര്‍ത്ഥ അനുതാപവും ”മര്‍മ്മപ്രധാനമായ താത്പര്യവും” ഭാരതാതിര്‍ത്തികള്‍ക്ക് പുറത്തുള്ള ഒരു ദേശവും സമൂഹവുമായാണ് ബന്ധിക്കപ്പെട്ടിരിക്കുന്നതെങ്കില്‍ അതിനു ഭാരതവുമായി യാതൊരു വിധവുമായ രാഷ്ട്രീയബന്ധവുമില്ലെങ്കില്‍, അതിനു ഭാരതത്തിന്റെ ഒരു ഘടകമായിരിക്കാന്‍ ഒരിയ്ക്കലും കഴിയില്ല. ദേശീയതയ്ക്കാവശ്യമായ അടിസ്ഥാനപരമായ ആവശ്യകതകളെ കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായേക്കാമെങ്കിലും, വിവിധ വിഭാഗങ്ങള്‍ ഒരു രാഷ്ട്രമായി തീരുന്നതിനു ഏറ്റവും ചുരുങ്ങിയത് തങ്ങളില്‍ ആരെങ്കിലുമായോ ബാഹ്യ വിഭാഗങ്ങളുമായോ ഉള്ള നിലപാടുകളില്‍ പൊതുവായ വൈകാരിക അടുപ്പവും സമാനമായ അഭിമതങ്ങളും താത്പര്യങ്ങളും ഇല്ലാതെ സാദ്ധ്യമല്ലെന്നു സാമാന്യേന അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. പത്തു കോടി മുസ്ലീങ്ങള്‍ ഭാരതത്തിനു പുറത്തുള്ള തുര്‍ക്കിയുടേയോ മറ്റു മുസ്ലീം ദേശങ്ങളുടേയോ വിധിയില്‍ ഭാരതത്തിന്റെ വിധിയേക്കാള്‍ വ്യാകുലരാണെങ്കില്‍ അവരെ ഭാരത രാഷ്ട്രത്തിന്റെ ഘടകമായി കണക്കാക്കാന്‍ ആവില്ല. ഖിലാഫത്ത് പ്രശ്‌നം ഭാരതീയ മുസ്ലീങ്ങള്‍ക്ക് ഏറ്റവും ഗൗരവമുള്ള വിഷയമാണെന്ന് ഏറ്റുപറഞ്ഞതിലൂടെ മറ്റൊരുതരത്തില്‍ അവര്‍ പ്രത്യേക രാഷ്ട്രമാണെന്നു ഗാന്ധിജി സ്വയം സമ്മതിക്കുകയായിരുന്നു; അവര്‍ ഭാരതത്തിലാണ്, പക്ഷെ ഭാരതത്തിന്റെ അല്ല..”1 (പേജ് 60).
പരിണതപ്രജ്ഞനായ മജുംദാര്‍ എത്ര സ്പഷ്ടമായിട്ടാണ് ആ ചരിത്ര വസ്തുതയെ വിലയിരുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭാരത സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്ര രചനാസമിതി ജവഹര്‍ലാല്‍ നെഹ്രു, മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെ നിര്‍ദ്ദേശ പ്രകാരം എന്തുകൊണ്ട് പിരിച്ചുവിട്ട് ഇറാനില്‍ അംബാസഡര്‍ ആയിരുന്ന താരാചന്ദ് എന്ന ഇടത്-ജിഹാദി ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് നിയോഗിച്ചതെന്ന് മനസ്സിലാക്കാന്‍ ഈ ധീരമായ വിലയിരുത്തല്‍ സഹായിക്കും. ഖിലാഫത്തിന്റെ മുഖ്യ ആസൂത്രകനായിരുന്നു മൗലാനാ എന്നുകൂടി അതിനോട് ചേര്‍ത്ത് വായിക്കുക.
മജുംദാറിന്റെ നിഗമനങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം.
1. ഖിലാഫത്തിനെ പിന്തുണച്ചത് ചരിത്ര ബോധമില്ലായ്മയും വിവേകശൂന്യതയുമാണ്.
2. പാന്‍-ഇസ്ലാമിക ആശയം ഭാരത ദേശീയതയുടെ വേരറുക്കാനുള്ളതായിരുന്നു.
3. മതത്തിന്റെ പേരില്‍ അന്യദേശങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന സമൂഹം ഭാരതത്തിന്റെ ഘടകമാവില്ല.
4. ഖിലാഫത്തിനു മറ്റ് എന്തിനേക്കാളും പ്രാധാന്യം കൊടുത്തവര്‍ ഭാരതത്തിലുള്ളവരാണെങ്കിലും ഭാരതത്തിന്റെ അല്ല.
ഖിലാഫത്ത് എന്ന വിഷവിത്ത്
ഖിലാഫത്തിലൂടെ പാകികിളുര്‍പ്പിച്ച് വളര്‍ത്തിയെടുത്ത മത വിഘടന വാദമാണ് പിന്നീടു വളര്‍ന്ന് വര്‍ഗ്ഗീയ വിഷവൃക്ഷം ആവുകയും ഭാരത വിഭജനത്തിനു കാരണമാവുകയും ചെയ്തത്.
അഖില ഭാരത ഖിലാഫത്ത് സമ്മേളനത്തില്‍ വച്ചു 1920-ല്‍ അംഗീകരിച്ച ഖിലാഫത്ത് പ്രകടനപത്രിക (Khilafat Manifesto) ആണല്ലോ ഇക്കൂട്ട രുടെ തല്‍സംബന്ധിയായ ആധികാരിക നിലപാട് എന്താണെന്നു വ്യക്തമാക്കുന്ന രേഖ. അത് പരിശോധിച്ചാല്‍ നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയം കൂടുതല്‍ വ്യക്തമാക്കാന്‍ കഴിയും. ഖിലാഫത്ത് പ്രക്ഷോഭത്തിനു ഭാരതവുമായോ ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരവുമായോ പുലബന്ധംപോലുമില്ലെന്നു ഖിലാഫത്ത് മാനിഫെസ്‌റ്റോ വിളിച്ചുപറയുന്നു.
രണ്ടേ രണ്ട് ആവശ്യങ്ങളാണതില്‍ ഉന്നയിക്കുന്നത്.
1. ഖിലാഫത്തിനെ സംബന്ധിച്ചുള്ളത്..
2. ‘ജസീറ-തുള്‍- അറബ്’ ഉം ഇസ്ലാമിക പുണ്യ സ്ഥലങ്ങളെ സംബന്ധിച്ചുള്ളത്.
ഖിലാഫത്ത് എന്നത് തുര്‍ക്കിയുടെ മതഭരണകൂടമാണ്. അവിടെ യുദ്ധം തുടങ്ങുമ്പോഴുള്ള സ്ഥിതി പുന:സ്ഥാപിക്കുക എന്നതാണ് ഒന്നാമത്തെ ആവശ്യം.
(അതിനു തുര്‍ക്കിയിലെ മുസ്ലീങ്ങള്‍ തന്നെ എതിരായിരുന്നു എന്നത് ഖിലാഫത്ത് വാദികളുടെ നിലപാടിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്നു). ഈ ആവശ്യത്തില്‍ എവിടെയാണു ഭാരതമുള്ളത്, ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കായുള്ള ആഹ്വാനമുള്ളത്?
ഖിലാഫത്തുകാരുടെ രണ്ടാമത്തെ ആവശ്യമാണ് അതിലും വിചിത്രം. ‘ജസീറ-തുള്‍-അറബി’ന്റെ പരമാധികാരമാണ് ആവശ്യപ്പെടുന്നത്. എന്താണീ ‘ജസീറ-തുള്‍-അറബ്’? ഇസ്ലാമിക മത നേതൃത്വം നിര്‍വ്വചിച്ചിട്ടുള്ളതനുസരിച്ചുള്ള അറേബ്യ മുഴുവന്‍ സ്വതന്ത്രപരമാധികാര പ്രദേശമാക്കണം. അവിടങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ള പാശ്ചാത്യ ശക്തികളും അവര്‍ക്ക് വിധേയരായി ഭരണം നടത്തുന്നവരും അവിടെനിന്നൊഴിഞ്ഞുപോകണം. അതോടൊപ്പം ഇസ്ലാമിക പുണ്യസ്ഥലങ്ങള്‍ അവരെ ഏല്‍പ്പിക്കണം. അറേബ്യയെക്കുറിച്ചുള്ള ഇസ്ലാമിക മത നേതൃത്വത്തിന്റെ നിര്‍വ്വചനത്തിലെങ്ങാനും ഭാരതം ഉള്‍പ്പെടണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നോ ആവോ? ഇസ്ലാമിക മത യാഥാസ്ഥികരുടെ സങ്കല്‍പ്പത്തില്‍ ‘ജസീറ-തുള്‍-അറബി’ന്റെ അതിര്‍ത്തികള്‍ സ്പഷ്ടമാണ.് മെഡിറ്ററേനിയന്‍ കടല്‍, ചെങ്കടല്‍, ഇന്‍ഡ്യന്‍ മഹാസമുദ്രം, പേര്‍ഷ്യന്‍ കടലിടുക്ക്, യൂഫ്രട്ടീസ്-ട്രൈഗ്രിസ് നദികള്‍ എന്നിവയാണതിന്റെ അതിര്‍ത്തികള്‍. അതാകട്ടെ ഖുറാനികാംഗീകാരമുള്ളതാണുതാനും.2
വളരെ നിരുപദ്രവകരം എന്നു തോന്നിയേക്കാവുന്ന ഒരു പരാമര്‍ശം ഇതിലുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒറ്റ വായനയില്‍ ആ പരാമര്‍ശം ലീഗ് ഓഫ് നേഷന്‍സിന്റെ പേരിലാണുന്നയിക്കുന്നതെങ്കിലും അത് ഒരു പ്രച്ഛന്ന ഭീഷണി തന്നെയാണ്. തുര്‍ക്കിയുള്‍പ്പെടെയുള്ള ഇസ്ലാമിക ദേശങ്ങളുടെ പരമാധികാരം പുന:സ്ഥാപിക്കേണ്ടത് അവിടങ്ങളിലെ അമുസ്ലീങ്ങളുടെ സുരക്ഷിതത്വത്തിനു വേണ്ടി കൂടി ആണത്രെ. അപ്പോള്‍ അതുകൊണ്ടാണ് ഹിന്ദുവിരുദ്ധ കലാപം അഴിച്ചുവിടപ്പെട്ടത്…..!
മാനിഫെസ്‌റ്റോ തുടരുന്നു: ”ഈ അവകാശം പ്രാഥമികമായി ആധാരമാക്കുന്നത് ആഗോള തലത്തിലെ മുസ്ലീങ്ങള്‍ക്കുള്ളതുപോലെയുള്ള മതപരമായ ആവശ്യങ്ങളും അഭിനിവേശവും ഭാരതീയ മുസ്ലീങ്ങള്‍ക്കും ഉണ്ട് എന്ന വസ്തുതയെയാണ്. അതുപോലെ ഖിലാഫത്ത്, ഹറാംസ്, ജസിയ-തുള്‍-അറബ് എന്നിവ ഖുറാനിലെ അനുശാസനങ്ങളാലും, പ്രവാചക പാരമ്പര്യങ്ങളാലും ബാക്കിയുള്ള മതാധികാര സ്ഥാനങ്ങളാലും പിന്തുണയ്ക്കപ്പെടുകയും ചെയ്യുന്നു”.3
ഈ മാനിഫെസ്റ്റോയില്‍ പരാമര്‍ശിക്കപ്പെടുന്ന ആവശ്യങ്ങളിലോ അതിനെ പിന്തുണയ്ക്കാന്‍ മുന്നോട്ടു വയ്ക്കുന്ന വാദങ്ങളിലോ ഭാരതമില്ല. ഇതില്‍ നിന്ന് തെളിയുന്നത് മതഭീകരതയാല്‍ നയിക്കപ്പെട്ട ഖിലാഫത്ത് കലാപത്തില്‍ തുടക്കത്തിലോ നടുക്കോ ഒടുക്കത്തിലോ ഭാരതത്തിന്റെ സ്വാതന്ത്ര്യം ഒരു വിഷയമേ ആയിരുന്നില്ല എന്നതാണ്.
ഖിലാഫത്ത് നേതാക്കളും ഇസ്ലാമിക പ്രസ്ഥാനങ്ങളും
ചില പ്രധാനപ്പെട്ട ഖിലാഫത്ത് നേതാക്കന്മാരുടെ ജീവിതത്തേയും കര്‍മ്മങ്ങളേയും ഖിലാഫത്തിന് പ്രേരണയായ ഇസ്ലാമിക പ്രസ്ഥാനങ്ങളേയും വിലയിരുത്തുന്നതിലൂടെയും അവര്‍ നമ്മുടെ നാട്ടിനു വരുത്തിത്തീര്‍ത്ത ഖിലാഫത്തിന്റെ ആഴം അളക്കാന്‍ സാധിക്കും.
ആദ്യമായി നമുക്ക് ഉത്തര്‍പ്രദേശിലെ ദേവ്ബന്ദിലെ ദാര്‍ അല്‍-ഉലൂമിന്റെ കാര്യം പരിശോധിക്കാം. ഉത്തരഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ഖിലാഫത്ത് അനുകൂല വൈകാരികത ഉണര്‍ത്തിയപ്രസ്ഥാനമാണ് ദാര്‍ അല്‍-ഉലൂം. 1867-ല്‍ മൗലാന നാനൊത്തവി, മൗലാന റഷീദ് അഹമ്മദ്ഗങ്കന്‍ഘോയി, മൗലാന സുള്‍ഫിക്കര്‍ അലി എന്നിവര്‍ ചേര്‍ന്നാണ് അല്‍-ഉലൂം ആരംഭിച്ചത്. ഒരു ഇസ്ലാമിക സാമൂഹ്യ വ്യവസ്ഥ ഉണ്ടാക്കുക ആയിരുന്നു ദാര്‍ അല്‍-ഉലൂമിന്റെ പ്രധാന ഉദ്ദേശ്യം. ദാര്‍ അല്‍-ഉലൂമിന്റെ തലവന്‍ ആയ മൗലാന മഹമ്മുദ് അല്‍- ഹസ്സന്‍ അതേ സമയത്തുതന്നെ രാഷ്ട്രീയത്തിലും സജീവമായിരുന്നു. രാഷ്ട്രീയം എന്നതു കൊണ്ടുദ്ദേശിച്ചത് തീവ്ര ഇസ്ലാമികപക്ഷ നിലപാടുള്ള മതാധിഷ്ഠിത രാഷ്ട്രീയം തന്നെ. 1920 ജൂണ്‍ 8 നു ഇദ്ദേഹത്തിന്റെ മഹത്തായ ‘സേവനങ്ങളെ’ പുരസ്‌കരിച്ചുകൊണ്ട് കേന്ദ്ര ഖിലാഫത്ത് കമ്മിറ്റി മഹമ്മുദ് അല്‍-ഹസ്സന് ‘ഷൈഖ് അല്‍-ഹിന്ദ്’ സ്ഥാനം നല്‍കി ആദരിച്ചു. അതേ സമയത്ത് തന്നെയാണ് ഖിലാഫത്ത് കമ്മിറ്റി നേരത്തെ നാം ചര്‍ച്ച ചെയ്ത ഖിലാഫത്ത് മാനിഫെസ്റ്റോ പുറപ്പെടുവിക്കുന്നതെന്നും ഓര്‍ക്കുക.
പാശ്ചാത്യ വിദ്യാഭ്യാസം നേടിയ മുസ്ലീം കുട്ടികള്‍ക്ക് ഇസ്ലാമിക തത്വങ്ങള്‍ പഠിപ്പിക്കുവാന്‍ മൗലാനാ മഹമ്മുദ്-അല്‍ ഹസ്സന്‍ സിഖ് മതത്തില്‍ നിന്ന് മാറി വന്ന മൗലാനാ ഒബൈദുള്ള സിന്ധിയൊടൊപ്പംചേര്‍ന്ന് ഡീയില്‍ ഫത്തെപുര്‍ മസ്ജിദില്‍ നസ്സരത് അല്‍-മാറിഫ് അല്‍ ഖുറാനിയാഹ് (ഖുറാനി സ്‌കൂള്‍) തുടങ്ങി.
ഇതേ സമയം തന്നെ പുതിയ മുസ്ലീം നേതൃത്വം ഉയര്‍ന്നുവന്നു. ഇക്കൂട്ടരുടെ പ്രധാന പ്രത്യേകത തുര്‍ക്കി ഉള്‍പ്പടെയുള്ള മുസ്ലീം രാഷ്ട്രങ്ങളുമായി അടുത്ത ബന്ധവും തീവ്ര മതമൗലിക നിലപാടുമായിരുന്നു. മുസ്ലീം ലീഗിന്റെ സ്ഥാപകന്മാരിലൊരാളും പിന്നീടു ഖിലാഫത്തിലേക്കും അതു വഴി കോണ്‍ഗ്രസ്സിലേക്കും ചേക്കേറിയ വ്യക്തിയുമായ ഹക്കീം അജ്മല്‍ ഖാന്‍ ആണ് അതിലൊരാള്‍. ഇദ്ദേഹം 1919-25 വരെ ഖിലാഫത്ത് കമ്മറ്റിയുടെ ഉപാദ്ധ്യക്ഷനായിരുന്നു. 1921 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷനുമായി.
മഹമ്മുദ് അല്‍-ഹസ്സനും സിന്ധിയൂം ഒട്ടോമന്‍ തുര്‍ക്കിയുമായി ചേര്‍ന്ന് ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രവര്‍ത്തിക്കാനെന്ന പേരില്‍ ആയുധ സമാഹരണത്തിനും മുസ്ലീം യുവാക്കള്‍ക്ക് സൈനിക പരിശീലനം നല്‍കാനും പരിശ്രമം നടത്തിത്തുടങ്ങുന്നതും ഇക്കാലത്താണ്. ഒന്നാം ലോക മഹായുദ്ധം തുടങ്ങുകയോ ഖിലാഫത്ത് നിഷ്‌കാസിതമാവുകയോ ചെയ്യുന്നതിനു മുന്‍പേ നടത്തപ്പെട്ട ഈ സന്നാഹങ്ങള്‍ എന്താണ് സൂചിപ്പിക്കുന്നത്? അല്‍ ഹസ്സന്റെ മറ്റൊരു ദിയോബന്ദി സഹായി ആയ മൗലാനാ ഹുസ്സൈന്‍ അഹമ്മദ് മദനി(1879-1957) 1902 ല്‍ മദീനയിലേക്ക് കടക്കുകയും അവിടെ പൗരത്വം നേടുകയും ചെയ്തു.
മലബാറിലെ മാപ്പിള കലാപകാരികളുടെ പ്രേരണാസ്രോതസ്സും മാതൃകാപുരുഷനുമായിരുന്ന ഫസല്‍ പൂക്കോയ തങ്ങള്‍ മത ഭീകരത വളര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ പിടികൂടി നാടുകടത്താന്‍ ഇംഗ്ലീഷുകാര്‍ തയാറാകുമ്പോള്‍ സ്വമേധയാ മെക്ക തെരെഞ്ഞെടുക്കുകയും അവിടെ പോയി പൗരത്വംനേടി ആഗോള ഇസ്ലാമിക ഭീകരന്മാരും മലബാറും തമ്മിലുള്ള കണ്ണിയായി പ്രവര്‍ത്തിക്കുകയും ചെയ്തത് ഇതുമായി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
ഖിലാഫത്ത് കമ്മറ്റിയിലെ മറ്റൊരു സുപ്രധാന നേതാവ് മൗലാന അബ്ദുള്‍ ബാരി ആയിരുന്നു. ഇയാള്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഒട്ടോമന്‍ സാമ്രാജ്യത്തില്‍ വ്യാപകമായി പള്ളികളെ കേന്ദ്രീകരിച്ച് യാത്ര ചെയ്തിരുന്നു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന ദാര്‍-ഉള്‍ ഇസ്ലാം ജീവിതാനുഭവ സമ്പാദനത്തിനുശേഷം 1908 ല്‍ മടങ്ങി ഭാരതത്തില്‍ എത്തി. ഇസ്ലാമിക ദേശങ്ങളെ സഹായിക്കാനുള്ള പാന്‍ഇസ്ലാമിക് പദ്ധതിയായ റെഡ് ക്രെസെന്റ് മെഡിക്കല്‍ മിഷന്റെ പ്രധാന സംഘാടകനായി. വന്‍തോതില്‍ അതിനായി ധനശേഖരണം നടത്തി.
നേരത്തെ എടുത്തുകാട്ടിയതു പോലെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭ കാലത്തുമായി ഒട്ടനവധി ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ അവരുടെ ആഗോള പദ്ധതി നടപ്പിലാക്കുന്നതിനായി ആരംഭിച്ചിരുന്നു. അവയുടെ സ്ഥാപകാംഗങ്ങളൊക്കെയും പില്‍ക്കാലത്ത് ഖിലാഫത്തിന്റെ തലപ്പത്തേക്ക് വരുന്ന വിചിത്രമായ കാഴ്ചയും നാം കാണുന്നു. പ്രവാസി ഭാരതീയ മുസ്ലീങ്ങളും അതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. അത്തരത്തിലൊന്നായിരുന്നു 1886 ല്‍ ലണ്ടനില്‍ രൂപീകൃതമായ അഞ്ജുമാന്‍-ഇ-ഇസ്ലാം. ആഗോള ഇസ്ലാമിക സാഹോദര്യം വളര്‍ത്തുക, ഇസ്ലാം വിരുദ്ധ തുര്‍ക്കി വിരുദ്ധ പ്രചരണങ്ങളെ ചെറുക്കുക എന്നിവയല്ലാതെ അബദ്ധത്തില്‍ പോലും ഇവയൊന്നും ഭാരതത്തിന്റെ മോചനമെന്ന മുദ്രാവാക്യം ഒരിയ്ക്കല്‍ പോലും ഉയര്‍ത്തിയിട്ടില്ല. അഞ്ജുമാന്‍-ഇ-ഇസ്ലാമിന്റെ ശാഖകള്‍ ഭാരതത്തില്‍ പല നിര്‍ണ്ണായക സ്ഥലങ്ങളിലും സ്ഥാപിച്ചു.
1903 ല്‍ അബ്ദുള്ള അല്‍ മാമുന്‍ സുഹ്രാവാര്‍ഡി (1875-1935) നിര്‍ജ്ജീവമായി കിടന്നിരുന്ന അഞ്ജുമാന്‍-ഇ-ഇസ്ലാമിയെ പാന്‍ ഇസ്ലാമിക് സൊസൈറ്റി ഓഫ് ലണ്ടന്‍ എന്ന പേരില്‍ പുനരുജ്ജീവിപ്പിച്ചു. പാന്‍ ഇസ്ലാം എന്ന പേരിലുള്ള പ്രസിദ്ധീകരണത്തിലൂടെ തുര്‍ക്കിക്കും മറ്റു ഇസ്ലാമിക രാജ്യങ്ങള്‍ക്കുമായി വ്യാപകമായ പ്രചാരവേല ഈ സംഘടന നടത്തിവന്നു.
പാന്‍ ഇസ്ലാമിനായി സാമ്പത്തിക സമാഹരണം
1906 ല്‍ മുസ്ലീം ലീഗ് ആരംഭിച്ച ശേഷം കുറച്ച് കാലത്തേക്ക് സാമാന്യ മുസ്ലീങ്ങളുടെ ശ്രദ്ധയും താത്പര്യവും ആഭ്യന്തര കാര്യങ്ങളിലേക്ക് തിരിയുന്നതിനെ മതമൗലികവാദി നേതൃത്വം തിരിച്ചറിയുകയും പാന്‍ ഇസ്ലാമിക പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ തീവ്രമായി പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ യത്‌നിക്കുകയുമുണ്ടായി. അതിനുള്ള ഒരു ഉദാഹരണമായിരുന്നു ഹെഡ്ജസ് റെയില്‍വെ നിര്‍മ്മാണത്തിനായുള്ള ഫണ്ട് പിരിവ്.
ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഇസ്താന്‍ബുള്ളില്‍ നിന്ന് അറേബ്യയിലെ ഹെഡ്ജസ് വഴി മദീനയിലേക്ക് എത്തുന്ന ഒരു ബൃഹദ് തീവണ്ടിപ്പാത നിര്‍മ്മാണ പദ്ധതി ആയിരുന്നു ഹെഡ്ജസ് റെയില്‍വേ പദ്ധതി. അതിനാവശ്യമായ ധനസ്വരൂപണം ഏറ്റവും കൂടുതല്‍ നടന്നത് ഭാരതത്തിലായിരുന്നു.
മറ്റൊരു സുപ്രധാന സംഭവമായിരുന്നു 1911 ലെ ഇറ്റലി-തുര്‍ക്കി യുദ്ധം. ഇറ്റലി തുര്‍ക്കിയുടെ ട്രിപ്പോളി പ്രവിശ്യ പിടിച്ചെടുത്തു. ഈ വിഷയത്തേയും സാമാന്യ മുസ്ലീങ്ങളില്‍ പാന്‍ ഇസ്ലാമിക വികാരം നിലനിര്‍ത്താനും വളര്‍ത്താനുമുള്ള അവസരമാക്കി മത നേതൃത്വം ഉപയോഗിച്ചു. അമീര്‍ അലിയുടേയും ആലി സഹോദരന്മാരുടേയും നേതൃത്വത്തില്‍ ധനവും സാമഗ്രികളും ശേഖരിച്ചു. വര്‍ഗ്ഗീയ വികാരത്തെ ജ്വലിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. മലബാര്‍ ഉള്‍പ്പെടുന്ന മദ്രാസ് പ്രസിഡന്‍സിയിലായിരുന്നു ഏറ്റവും കൂടുതല്‍ പരിപാടികള്‍ നടത്തപ്പെട്ടത്.
ട്രിപ്പോളിറ്റിയന്‍ പ്രശ്‌നത്തില്‍ എല്ലാ മുസ്ലീങ്ങളും പങ്കെടുക്കണമെന്നും സക്കാത്തിനു പകരം ഇതുചെയ്യുന്നത് അനുവദനീയമാണെന്നും ദേവ്ബന്ദിയുടെ വക ഫത്വ പോലും അക്കാലത്ത് പുറപ്പെടുവിക്കുകയുണ്ടായി.
മൗലാന മുഹമ്മദ് ആലിയും മൗലാന ഷൗക്കത്ത് ആലിയും മറ്റു ചില ഇസ്ലാമിക നേതാക്കളും ചേര്‍ന്ന് അന്‍ജുമാന്‍-ഇ-ഖുദ്ദം-ഇ-കാബ (കാബയുടെ സേവക സമൂഹം) 1913 ല്‍ ആരംഭിക്കുന്നതും വ്യക്തമായ ആഗോള പദ്ധതി പ്രകാരമായിരുന്നു. ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെ സംഘടിപ്പിക്കുക, തുര്‍ക്കിയോടൊപ്പം നില്‍ക്കുക, ഇസ്ലാമിക പവിത്ര സ്ഥലങ്ങള്‍ സംരക്ഷിക്കുക എന്നൊക്കെയുള്ള കാര്യങ്ങള്‍ പറയുമ്പോഴും അന്‍ജുമാന്‍ സ്ഥാപനത്തിന്റെ പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശ്യം പകല്‍പോലെ വ്യക്തമായിരുന്നു. പാന്‍ ഇസ്ലാംവാദത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തന്നെ ആയിരുന്നു അവര്‍ക്കുണ്ടായിരുന്നത്.
തുര്‍ക്കിയെ സാമ്പത്തികമായി സഹായിക്കുന്നതിനായുള്ള വിവിധ പദ്ധതികള്‍ ഇസ്ലാമിക മതനേതാക്കള്‍ രൂപീകരിക്കുന്നതും ഈ കാലയളവില്‍ കാണാം. തുര്‍ക്കിക്കായി ഇസ്ലാമിക ബാങ്ക്, സഹകരണ സൊസൈറ്റി തുടങ്ങിയവ ആരംഭിക്കുകയും അതിന്റെ സെക്യൂരിറ്റി ബോണ്ടുകള്‍ വ്യാപകമായി ഭാരതത്തില്‍ വിറ്റഴിക്കപ്പെടുകയും ചെയ്തു. ഇതിന്റെയെല്ലാം പിന്നിലുള്ള പ്രധാന ഉദ്ദേശ്യം എന്താണെന്നു റെഡ് ക്രെസെന്റ് മെഡിക്കല്‍ മിഷന്റെ മുന്നണിപ്പോരാളി പറയുന്നതിങ്ങനെ: ‘തുര്‍ക്കി രാഷ്ട്രത്തെയും ഭാരതീയ മുസ്ലീങ്ങളേയും ഒന്നിപ്പിക്കുന്നതിനാണ് ഈദൃശ പ്രവര്‍ത്തനങ്ങളെല്ലാം’.
പ്രസിദ്ധ കവിയും മതപണ്ഡിതനുമായിരുന്ന സിബ്ലി നൊമാനി ‘ഇസ്ലാം അപകടത്തില്‍’ എന്നലറുന്നത് ആ കാലഘട്ടത്തിലാണ്. അദ്ദേഹത്തിന്റെ അരുമ ശിഷ്യനായ അബ്ദുള്‍ കലാം ആസാദ് ‘ജിഹാദിനുനേരമായി’ എന്ന് പ്രഖ്യാപിക്കുന്നതും ഇതേകാലത്തുതന്നെ. അബുള്‍ കലാം ആസാദ് ലീഗ് ഉപേക്ഷിച്ച് ഖിലാഫത്ത് നേതൃത്വം ഏറ്റെടുത്ത ആളാണെന്നുകൂടി ഓര്‍ക്കുക.
ഖിലാഫത്തിന്റെ സ്ഥാപകാംഗങ്ങളില്‍ പ്രധാനി ആയിരുന്ന മൗലാനാ ബാരി 1919 ല്‍ സ്ഥാപിച്ച ജമായത്-ഉല്‍-ഉലമ-ഹിന്ദിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തിലെ മുസ്ലീം ഏകീകരണത്തിലൂടെ ഇസ്ലാമിക ലോകം കെട്ടിപ്പടുക്കുക എന്നതിനെ ചുറ്റിപ്പറ്റി നിന്നത് മാത്രമായിരുന്നു. ഹിന്ദുക്കളുമായി ഒരു കാരണവശാലും ചേര്‍ന്നുപോകാന്‍ പാടില്ലെന്നും അങ്ങനെ ചെയ്യുന്നതു ഇസ്ലാമിന്റെ തനിമ ഇല്ലാതാക്കും എന്നുമായിരുന്നു മൗലാന ബാരിയുടെ പ്രധാന വാദം. രാഷ്ട്രീയനിയന്ത്രണം മുസ്ലീങ്ങള്‍ കയ്ക്കലാക്കുകയും അധീശത്വം ഉറപ്പാക്കുകയും വേണമെന്നതായിരുന്നു ബാരിയുടെ മുദ്രാവാക്യം. ആഗോള ഇസ്ലാമിക നേതൃത്വത്തോടു വിധേയത്വം വളര്‍ത്തുന്നതിനു വേണ്ടിമാത്രം വിവിധ മേഖലകളില്‍ വ്യത്യസ്ത തലത്തില്‍പ്പെട്ട മുസ്ലീങ്ങളെ സംഘടിപ്പിക്കാനുള്ള ആസൂത്രിത പദ്ധതിയ്ക്ക് പിന്നില്‍ ദേശീയതയില്‍നിന്ന് മുസ്ലീങ്ങളെ അകറ്റുക, സമീപ ഭാവിയില്‍ നടന്നേക്കാവുന്ന വലിയ സംഘര്‍ഷത്തില്‍ ഇസ്ലാംപക്ഷത്തു നിലയുറപ്പിക്കുവാന്‍ പരിശീലിപ്പിക്കുക, അതിനാവശ്യമായ ധനം, മറ്റു സാമഗ്രികള്‍, ആയുധങ്ങള്‍ എന്നിവ സമാഹരിക്കുന്നതിനോടൊപ്പം പരിശീലനം കൊടുക്കുക എന്നീ കാഴ്ചപ്പാടുകള്‍ കൂടി ഉണ്ടായിരുന്നു.
മിതവാദികളുടെ മതവാദം
ഖിലാഫത്ത് നേതാക്കളില്‍ പല കാരണങ്ങള്‍ കൊണ്ടും ഏറ്റവും പ്രസിദ്ധനും ‘മിതവാദി’യുമായി കണക്കാക്കപ്പെട്ടിരുന്ന നേതാവ് ആരായിരുന്നു എന്ന ചോദ്യത്തിനു ഒറ്റ ഉത്തരമേയുള്ളു – അതാണ് മൗലാന അബ്ദുള്‍ കാലാം ആസാദ്. അദ്ദേഹത്തെ കുറിച്ചുള്ള ചെറിയൊരു പരാമര്‍ശം മുകളില്‍ സിബ്ലിനോമാനിയെ ക്കുറിച്ച് പറയുന്ന കൂട്ടത്തില്‍ നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ നിലപാട് മനസ്സിലാക്കാന്‍ അത് പര്യാപ്തമാണ്. അദ്ദേഹം പാകിസ്ഥാന്‍ ആശയം അടവെച്ച് വിരിയിച്ചെടുത്ത അലിഗഡ് വിചാര സരണിയുടെ പിതാവായ സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ രചനകളില്‍ നിന്ന് പ്രേരണ നേടി പൊതുപ്രവര്‍ത്തനം ആരംഭിച്ച വ്യക്തിയാണ്. യുവ ഇസ്ലാമിക പണ്ഡിതന്‍ എന്ന നിലയില്‍ അദ്ദേഹം ഒട്ടനവധി ഉര്‍ദു പ്രസിദ്ധീകരണങ്ങള്‍ തുടങ്ങുകയോ പത്രാധിപത്യം വഹിക്കുകയോ ചെയ്തുകൊണ്ട് ജിഹാദിനു നേരമായെന്ന സന്ദേശം പ്രചരിപ്പിക്കുന്നതില്‍ വ്യാപൃതനായിരുന്നു. ലിസാന്‍-ഉസ്-സാദിക്(1904), അന്‍-നദ്വ(1905-06), വക്കീല്‍(1907), അല്‍-ഹിലാല്‍(1912) അല്‍-ബലഘ്(1913) എന്നിവ അത്തരം പ്രസിദ്ധീകരണങ്ങളില്‍ ചിലത് മാത്രം. 1913 ല്‍ അദ്ദേഹം മുസ്ലീം ലീഗില്‍ ചേരുകയും ഖിലാഫത്ത് ആരംഭിക്കുന്നതുവരെ തുടരുകയും ചെയ്തു.
മൗലാന ആസാദ് ആയിരുന്നു ജാമിയത്-ഉല്‍-ഉലമ-ഇ-ഹിന്ദ് തുടങ്ങുന്നതിന്റെ പിന്നിലെ പ്രധാന പ്രേരണാശക്തി. ഒട്ടോമന്‍ സാമ്രാജ്യത്തെ പിന്തുണയ്ക്കുക എന്നത് ഇസ്ലാമിനെ പിന്‍തുണയ്ക്കുന്നതിനു സമാനമാണെന്നും അത് മതപരമായ കര്‍ത്തവ്യമാണെന്നും ഒരു ഉറച്ച മതവാദി എന്ന നിലയില്‍ അദ്ദേഹം ആ സംഘടനയിലൂടെയും അല്ലാതെയും നിരന്തരം പറഞ്ഞുപോന്നു. ആസാദിന്റെ ബൗദ്ധിക സൃഷ്ടിയായിരുന്ന ജാമിയത്-ഉല്‍-ഉലമ-ഇ-ഹിന്ദിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തെന്നു മനസ്സിലാക്കുന്നത് ഖിലാഫത്തിന്റെ പ്രഖ്യാപിത ‘മതേതര’, ‘ദേശീയ’, ‘പുരോഗമനാത്മക’ മുഖം തിരിച്ചറിയാന്‍ സഹായകമായിരിക്കും. ആ ലക്ഷ്യങ്ങള്‍ താഴെ ചേര്‍ക്കുന്നു:
1. മുസ്ലീം അനുയായികളെ രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ വിഷയങ്ങള്‍ മത കാഴ്ചപ്പാടിലൂടെ പഠിപ്പിക്കുക.
2. ശരിയത്തിന്റെ വെളിച്ചത്തില്‍ ഇസ്ലാമിക ഭരണകൂടങ്ങള്‍, ഇസ്ലാമിക പുണ്യ സ്ഥലങ്ങള്‍(ജസീരത്ത്- ഉല്‍-അരബും ഖിലാഫത്തിന്റെ ഇരിപ്പിടവും), ഇസ്ലാമിക ചടങ്ങുകള്‍, അനുഷ്ഠാനങ്ങള്‍, സംരക്ഷിക്കുന്നതിനും എല്ലാ പ്രാതികൂല്യങ്ങളിലും ഇസ്ലാമിക ദേശീയത മുറുക്കിപ്പിടിക്കേണ്ടതിനും പ്രാപ്തരാക്കുക.
3. മുസ്ലീങ്ങളുടെ പൊതുവായ മതപരവും ദേശീയവുമായ അവകാശങ്ങള്‍ സംരക്ഷിക്കുക.
4. ഉലമകളെ ഒരു പൊതുവേദിയില്‍ കൊണ്ടുവരുക.
5. മുസ്ലീം സമൂഹത്തിനു സദാചാരപരവും സാമൂഹ്യവുമായ പരിശീലനം നല്‍കുക
6. ശരിയത്-ഇസ്ലാമിയ അനുവദിക്കുന്ന അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിനിന്നുകൊണ്ട് നാട്ടില്‍ അമുസ്ലീങ്ങളോടു സൗഹാര്‍ദ്ദ പൂര്‍വ്വമായ ബന്ധം നിലനിര്‍ത്തുക.
7. സമുദായത്തിന്റെ മതപരമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ‘മഹാകിം-ഇ-ശാരിയത്’ (മതകോടതികള്‍) സ്ഥാപിക്കുക
8. രാജ്യത്തിനുള്ളിലും പുറത്തും മിഷണറി ശൈലിയില്‍ ഇസ്ലാം മത പ്രചാരണം നടത്തുക.
9. അന്യദേശങ്ങളിലെ മുസ്ലീങ്ങളുമായി ഐക്യത്തിന്റേയും സാഹോദര്യത്തിന്റെയും ബന്ധം ഊഷ്മളവും ദൃഢവുമാക്കുക.
ഇവയില്‍ നിന്ന് വളരെ വ്യക്തമാണ്, തികച്ചും ഇസ്ലാംമതപരമായ ഖിലാഫത്തിന് ഭാരതത്തിന്റെ സ്വാതന്ത്ര്യവുമായി ഒരു ബന്ധവുമില്ല എന്ന കാര്യം.
നാസി-ജിഹാദി ബാന്ധവം
മുസ്ലീം മതമൗലിക നേതൃത്വം ആഗോള ഇസ്ലാമിക ആധിപത്യത്തിനായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് സമുദായാംഗങ്ങളെ യുദ്ധസന്നദ്ധരാക്കാന്‍ പരിശ്രമിച്ചു കൊണ്ടിരുന്നതിനു സമാന്തരമായി നാസി ജര്‍മ്മനിയുടെ കുടിലതന്ത്രങ്ങളുമായി സഹകരിക്കുന്നതും ആ കാലഘട്ടത്തിന്റെ ചരിത്രം പഠിച്ചാല്‍ മനസ്സിലാക്കാം. ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു മുന്‍പേ എപ്രകാരമാണോ ഖിലാഫത്തിനുള്ള തയ്യറെടുപ്പ് മുസ്ലീം മത നേതൃത്വം ആരംഭിച്ചത് അതിനുസമാനമായ വിധത്തില്‍ നാസികളും തങ്ങളുടെ കരുക്കള്‍ നീക്കിത്തുടങ്ങിയിരുന്നു. ശത്രുവിന്റെ ശത്രു മിത്രമെന്ന സാമാന്യ നീതി ജര്‍മ്മന്‍ നയതന്ത്രജ്ഞന്മാര്‍ സമര്‍ത്ഥമായി പ്രയോഗിക്കുകയും ചെയ്തു. ഭാരതത്തില്‍ നടന്നു വരുന്ന ഖിലാഫത്ത് ചര്‍ച്ചകളില്‍ ഈ നാസി-ജിഹാദി ബാന്ധവം ബോധപൂര്‍വം വിഷയമാകാറില്ല. വിശുദ്ധമെന്നും ദേശീയമെന്നും തങ്ങള്‍ സിദ്ധാന്തിക്കുന്ന ഖിലാഫത്ത് അക്രമത്തില്‍ നാസി ഭീകരതയുടെ കറകൂടി പുരണ്ടിരുന്നു എന്നു സമ്മതിക്കേണ്ടിവരുന്നതു ഇടത്-മതേതരബുദ്ധിജീവികള്‍ക്ക് സഹിക്കില്ലല്ലോ. ഡേവിഡ് മൊറ്റാഡല്‍ എഴുതിയ ‘നാസി ജര്‍മ്മനിയുടെ യുദ്ധവും ഇസ്ലാമും’ എന്ന പുസ്തകത്തിലെ ഈ ഭാഗം വളരെ ശ്രദ്ധേയമാണ്. മാക്‌സ് വോണ്‍ ഓപ്പെന്‍ഹെയി തയ്യാറാക്കിയ 136 പേജ് വരുന്ന നയരേഖയെ ഉദ്ധരിച്ചുകൊണ്ടാണ് ഡേവിഡ് മൊറ്റാഡല്‍ നാസി-ഇസ്ലാമിസ്റ്റ് കൂട്ടുകെട്ട് എങ്ങനെയാണ് ഖിലാഫത്ത് പോലെയുള്ള മുസ്ലീം വര്‍ഗ്ഗീയ അസ്വസ്ഥതകള്‍ക്ക് ശക്തി പകര്‍ന്നതെന്ന് വിശദീകരിക്കുന്നു.
”1914 ഒക്ടോബറില്‍, തുര്‍ക്കി യുദ്ധത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പു തന്നെ മാക്‌സ് വോണ്‍ഓപ്പെന്‍ഹെയിം ‘നമ്മുടെ ശത്രുക്കളുടെ ഇസ്ലാമിക മേഖലകളെ എങ്ങനെ വിപ്ലവാത്മകമാക്കാം എന്നതിനെ സംബന്ധിച്ചുള്ള മെമ്മോറാണ്ടം’ തയാറാക്കിയിരുന്നു. ജര്‍മ്മന്‍-ഒട്ടോമന്‍ സൈനികസഖ്യം നിലവില്‍ വന്നു കഴിഞ്ഞാല്‍ ഉടനടി ശത്രുക്കളുടെ കോളനികളിലുള്ള മുസ്ലീം മേഖലകളില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് തിരികൊളുത്തണം. ശത്രു സാമ്രാജ്യങ്ങള്‍ക്കുള്ളിലെ ഇസ്ലാമിക മേഖലകള്‍ അസ്വസ്ഥഭരിതമാകുമ്പോള്‍ യൂറോപ്പിലെ വ്യത്യസ്ത യുദ്ധമുഖങ്ങളില്‍ നിന്ന് സൈന്യത്തെ അവര്‍ക്ക് പിന്‍വലിക്കേണ്ടിവരും. മൊറ്റാഡല്‍ മുന്നോട്ട് വച്ച ആശയം, ‘തുര്‍ക്കി ആക്രമിക്കുന്നതോടെ’ ‘ഇസ്ലാം’ ‘നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധം’ എന്നു തിരിച്ചറിഞ്ഞു കൊണ്ട് യുദ്ധത്തെ ‘വിശുദ്ധം’ എന്ന് പ്രഖ്യാപിക്കണം എന്നാണ്. അതാണ് ‘യുദ്ധവിജയത്തില്‍ ഏറ്റവും നിര്‍ണ്ണായകം’. ഓപ്പെന്‍ ഹെയിം കൃത്യമായ അനവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. രഹസ്യമായി കടത്തുന്ന ജര്‍മ്മന്‍ ആയുധങ്ങളുടെ പിന്‍ബലത്തോടെ ഭാരതത്തില്‍ മത കലാപം ആരംഭിക്കണം;…. കൊളോണിയല്‍ സൈന്യത്തില്‍ നിന്ന് നാം പിടികൂടുന്ന മുസ്ലിം സൈനികരെ ഒരുമിപ്പിച്ച് (പരിശീലനം നല്‍കി) അവരുടെ മുന്‍ യജമാനന്മാര്‍ക്കെതിരെ തിരിക്കണം. ”ഇസ്ലാം കലാപം” തുടങ്ങാന്‍ നേരമായി അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.” ((Germany’s War- David Motadel page 19-20)
റോം സര്‍വ്വകലാശാലയിലെ ഇസ്ലാമിക പഠന വിഭാഗത്തില്‍ പ്രൊഫസര്‍ ആയിരുന്ന സി.എ നല്ലിനോ ഖിലാഫത്തിനെ നിര്‍വ്വചിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ‘ഖിലാഫത്ത് എന്നാല്‍ സാര്‍വ്വദേശീയ ഇസ്ലാം സാമ്രാജ്യമല്ലാതെ മറ്റൊന്നുമല്ല, രാഷ്ട്രീയ ആഗോളവാദമല്ലാതെ മറ്റൊന്നുമല്ല’ ഖിലാഫത്തിനു ഒരു കാരണവശാലും പ്രാദേശികതയുമായോ ദേശീയതയുമായോ ബന്ധമുണ്ടാവുക സാദ്ധ്യമല്ല.
പാന്‍ ഇസ്ലാം വാദത്തിന്റെ ആത്മീയാചാര്യനായി കണക്കാക്കപ്പെടുന്ന അല്‍ അഫ്ഘാനി (ജമാന്‍അല്‍ ദിന്‍ അല്‍ അഫ്ഘാനി)യില്‍ തന്റെ മാര്‍ഗ്ഗദര്‍ശിയെ കാണുന്ന മൗലാന അബ്ദുള്‍ കലാം ആസാദ് എപ്പോഴും തന്റെ പ്രസിദ്ധീകരണങ്ങളിലൂടെയും രചനകളിലൂടെയും ആവര്‍ത്തിച്ചിരുന്ന ഒരു അഫ്ഗാനിയന്‍ ആശയം, ”ഒരു മുസ്ലീമിനു രാഷ്ട്ര രാജ്യത്തിനതീതമായി ദൃഷ്ടി പായിക്കാന്‍ സാധിക്കണം, ഇസ്ലാം അവനെ രാഷ്ട്രീയ മാര്‍ഗ്ഗത്തിലേക്ക് നയിക്കും. കാരണം ‘അള്ളാ’യും ‘ഇസ്ലാമും’ അവരുടെ ഹൃദയങ്ങളെ സമാനമായ വിധത്തില്‍ സ്പന്ദിപ്പിക്കും.” എന്നതാണ്.
ഇറാനില്‍ 1838-ല്‍ ജനിച്ചതായി വിശ്വസിക്കപ്പെടുന്ന അല്‍-അഫ്ഘാനി പാന്‍ ഇസ്ലാമിക സിദ്ധാന്തം സാമാന്യ മുസ്ലീങ്ങളോടൊപ്പം ഭരണാധികാരികളില്‍ വരെ എത്തിച്ച മത പണ്ഡിതന്‍ ആയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ദീര്‍ഘകാലം ഭാരതത്തിലും ജീവിച്ച അദ്ദേഹത്തെയാണ് ഖിലാഫത്തിന്റെ എല്ലാ നേതാക്കളും തലതൊട്ടപ്പനായി കണ്ടത്. ഇന്നും ആ ആശയഗതിയെ പിന്‍പറ്റുന്ന കൂട്ടര്‍ക്ക് അഫ്ഘാനി ഒരു വിശുദ്ധനായ വ്യക്തിയാണ്. ‘അല്‍-വഹ്ദഅല്‍-ഇസ്ലാമിയ’ (ഇസ്ലാമിക ഐക്യം അഥവാ ഇസ്ലാമിക സംഘം) എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തില്‍ അല്‍അഫ്ഘാനിയുടെ പാന്‍ ഇസ്ലാമിക സങ്കല്‍പ്പത്തെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ”ഇസ്ലാമിന്റെ ഭരണം അതിവിദൂര പശ്ചിമ ദിക്കായ മഘൃബ് മുതല്‍ ചീനയുടെ അതിര്‍ത്തിയിലുള്ള ടോണ്‍കിന്‍ വരേയും വടക്ക് ഫെസ്സാന്‍ മുതല്‍ ഭൂമദ്ധ്യരേഖയ്ക്കും തെക്ക് സരന്ദീപ് വരെയും വ്യാപിച്ചിരിക്കുന്നു. മുസ്ലീങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ട് ഒരു തുടര്‍ച്ചയായി നിലകൊള്ളുന്നു; അവരുടെ ഭരണകൂടങ്ങള്‍ അപരാജിതങ്ങള്‍ ആണ്. അവിടെ ഭൂഗോളം മുഴുവന്‍ കീഴടക്കിയ മഹാരാജാക്കന്മാര്‍ വാണു. പ്രകൃതി അവരോടു കാരുണ്യം കാട്ടി, സമൃദ്ധി നല്‍കി. ….. ചൈനയുടേയും യൂറോപ്പിന്റേയും രാജാക്കന്മാര്‍ അവിടങ്ങളിലെ ഖാലിഫാമാരുടേയും ഷഹന്‍ഷാമാരുടേയും വാക്കുകള്‍ക്ക് മുന്നില്‍ വിറപൂണ്ടു നിന്നു. അടുത്തകാലം വരെ അവരുടെ നാവികപ്പടയ്‌ക്കൊപ്പം നില്‍ക്കാന്‍ ഒരു ലോകശക്തിക്കും കഴിഞ്ഞിരുന്നില്ല. യുദ്ധത്തില്‍ വേണ്ടിവന്നാല്‍ വീരമൃത്യു വരിക്കാന്‍ സന്നദ്ധരായ നാല്‍പ്പതുകോടി മുസ്ലീങ്ങളുണ്ട് ഈ ദുനിയാവില്‍. ഖുറാന്‍ അവരെ ഉല്‍ബുദ്ധരും സദാചാരബോധമുള്ളവരുമാക്കി. കാരുണ്യത്തോടെയാണ് ഭരിക്കുന്നതെങ്കില്‍ കൂടി അമുസ്ലീങ്ങളാല്‍ ഭരിക്കപ്പെടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. വിശ്വാസത്തിലുള്ള സാഹോദര്യം കാരണം ഒരു മുസ്ലീം സമൂഹം വൈദേശിക ആധിപത്യത്തിന്‍ കീഴിലായാല്‍ ഓരോ മുസ്ലീമും താന്‍ അടിമപ്പെട്ടിരിക്കുന്നതായി കണക്കാക്കും.” (‘അല്‍ ഉര്‍വ അല്‍-വുത്ക’ എന്ന പ്രസിദ്ധീകരണത്തില്‍ നിന്ന്). യുദ്ധകാഹളം മുഴക്കുന്ന ഒരു സൈന്യാധിപന്റെ വാക്കുകളായി നമുക്കിത് തോന്നും. ഈ വികാരമാണ് ഓരോ ഖിലാഫത്ത് പോരാളിയിലേക്കും ഇത്തരം നേതാക്കള്‍ പകര്‍ന്നു കൊടുത്തത്. ഈ ഭൂമി മുഴുവന്‍ തങ്ങള്‍ക്കുള്ളതാണ്, ഖുറാന്‍ തങ്ങളെ ലോകത്തിലേക്കും വച്ച് ഏറ്റവും ഉല്‍ബുദ്ധ സമൂഹമാക്കി മാറ്റി, തങ്ങളോളം ശക്തരും ബുദ്ധിമാന്മാരും വേറെ ഇല്ല. ലോകത്തിന്റെ ഏതു കോണിലായാലും ദീന്‍വിശ്വാസി അടിമപ്പെട്ടാല്‍ അതു നാല്‍പ്പത് കോടി മുസ്ലീങ്ങളുടെ അടിമത്തമാണ്. വിശുദ്ധ യുദ്ധത്തിലേര്‍പ്പെട്ട് അവിടെമെല്ലാം ഷഹീദ് ആക്കുവോളം പുണ്യതരമായ പ്രവൃത്തി വേറെയില്ല. ഇതായിരുന്നു അല്‍ അഫ്ഘാനിയെ പോലുള്ള പാന്‍ ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിച്ചതും ‘ജിഹാദി നുള്ള നേരമായി’ എന്നു കരുതി ഖിലാഫത്തിലൂടെ അതു നടപ്പിലാക്കാന്‍ ശ്രമിച്ച ആളുകള്‍ ചെയ്തതും ഇത്തരം പ്രവൃത്തികളില്‍ ദേശീയ വികാരമുണ്ടായിരുന്നു, സ്വാതന്ത്ര്യ (?) ദാഹമുണ്ടായിരുന്നു എന്നൊക്കെ കണ്ടെത്തണമെങ്കില്‍ അതിനു വിശേഷവിധിയാല്‍ തയ്യാറാക്കപ്പെട്ട കമ്മ്യൂണിസ്റ്റ് കണ്ണട തന്നെ വേണം.
അല്‍ അഫ്ഘാനിയുടെ കത്ത്
അല്‍ അഫ്ഘാനി തുര്‍ക്കിയിലെ സുല്‍ത്താനു നല്‍കുന്നതിനു വേണ്ടി ഒരുയര്‍ന്ന ഒട്ടോമന്‍ ഉദ്യോഗസ്ഥനെഴുതിയ കത്തും ശ്രദ്ധേയമാണ്. പേര്‍ഷ്യന്‍ ഭാഷയിലെഴുതിയ ആ കത്തില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളും പില്‍ക്കാലത്ത് ഭാരതത്തില്‍ നടന്ന സംഭവങ്ങളുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു.
അതിലെ സുപ്രധാന ബിന്ദുക്കള്‍ ഇവയാണ്
1. ഇസ്ലാമിക രാഷ്ട്രത്തിന്റെ സ്ഥിതിയില്‍ താന്‍ അതീവ ദുഃഖിതനാണ്.
2. അതു പരിഹരിക്കുന്നതിന് പര്യപ്തസമയം നല്‍കാന്‍ താന്‍ തയ്യാറാണ്.
3. അതിനു വേണ്ടി ഒട്ടോമന്‍ സാമ്രാജ്യ പ്രതിനിധിയായി ഭാരതത്തില്‍ പോകാന്‍ സന്നദ്ധനാണ്.
4. (കാരണം) ഇന്‍ഡ്യന്‍ മുസ്ലീങ്ങള്‍ എണ്ണത്തില്‍ വളരെ കൂടുതലും അങ്ങേയറ്റം സമ്പന്നരും വിശാലഹൃദയരും ഉറച്ച വിശ്വാസികളുമാണ്.
5. അവരോട് ആഗോള ഇസ്ലാമിക ഐക്യമില്ലെങ്കില്‍ ഉണ്ടാകാന്‍ ഇടയുള്ള അപകടത്തെക്കുറിച്ചും ഒറ്റക്കെട്ടായി നിന്നാല്‍ ഉണ്ടാകുന്ന നേട്ടത്തെ കുറിച്ചും താന്‍ ഉദ്‌ബോധിപ്പിക്കാം.
6. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ കൊടിക്കീഴില്‍ ഒരുമിച്ചു നില്‍ക്കാന്‍ പ്രേരിപ്പിക്കാം.
7. സമ്പൂര്‍ണ്ണ ഇസ്ലാമിക ഐക്യത്തിനു വേണ്ടി ആളും അര്‍ത്ഥവും ശേഖരിക്കുന്ന പണിയും ചെയ്യാം.
(ഇത്തിഹാദ്-ഇ-തമ്മ്-ഇസ്ലാമിയ Persian)
അല്‍ അഫ്ഘാനിയുടെ സന്ദര്‍ശനവും ഭാരതവാസവും എന്തിനെ ലക്ഷ്യമാക്കി ആയിരുന്നു എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഈ നിലപാടുകളില്‍ നിന്നാണ് മൗലാനാ ആസാദും ആലി സഹോദരന്മാരും മൗലാനാ ബാറിയും മമ്പ്രം തങ്ങളും വാര്യംകുന്നത്തുമൊക്കെ പ്രേരണ ഉള്‍ക്കൊണ്ടതെന്നും ഓര്‍ക്കുക. ഇതിനോടൊപ്പം അഫ്ഗാനിസ്ഥാനിലും ബലൂചിസ്ഥാനിലും ഇതേ ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തി ഇദ്ദേഹം യാത്രചെയ്തിരുന്നു. എപ്രകാരമാണ് ഖിലാഫത്ത് കാലത്ത് ആലി സഹോദരന്മാരും മറ്റും അഫ്ഘാനിസ്ഥാനിലും സൗദി അറേബ്യയിലും ഇന്ത്യയെ ആക്രമിക്കാനുള്ള നിര്‍ദ്ദേശവുമായി പോയിരുന്നതെന്ന കാര്യം കൂടി ഓര്‍ക്കുക.
മൗലാനാ മുഹമ്മദ് അലി തന്റെ പ്രവര്‍ത്തനം പൂണ്ണമായും കേന്ദ്രീകരിച്ചത് ആഗോള ഇസ്ലാമിക ഐക്യം സാദ്ധ്യമാക്കുന്നതിനു വേണ്ടി മാത്രമായിരുന്നു. ആദ്യഘട്ടത്തില്‍ ‘ഇസ്ലാമിന്റെ ഭാവി’യെക്കുറിച്ച് എഴുതുന്നകാലത്ത് (1912) എടുത്ത ഉദാര സമീപനത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ തീവ്രനിലപാടുകളാണ് പിന്നീട് കൈക്കൊണ്ടത്. പാന്‍-ഇസ്ലാം വാദം ആദ്യവസാനം ഒരു പ്രതിരോധാത്മകമായ സങ്കല്‍പ്പമാണെന്നായിരുന്നു മുഹമ്മദ് അലി ‘ഇസ്ലാമിന്റെ ഭാവി’യില്‍ എഴുതിയതെങ്കില്‍ പില്‍ക്കാലത്ത് കൈക്കൊണ്ടത് ആപല്‍ക്കരമായ തീവ്ര നിലപാടായിരുന്നു. അതിനുള്ള ഒരുദാഹരണമാണ് തന്റെ പത്രാധിപത്യത്തില്‍ ഇറങ്ങുന്ന കോമ്രേഡില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം. ലാഹോറില്‍നിന്നിറങ്ങുന്ന സമീന്ദാര്‍ എന്നപത്രത്തിന്റെ പത്രാധിപരായ സഫര്‍ അലി ഖാന്‍ എഴുതിയതായിരുന്നു അത്. അതിതീവ്ര മുസ്ലീം നിലപാടുകളുടെ പേരില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ച സഫര്‍ ആലി ഖാന്റെ ലേഖനം മുഹമ്മദ് അലി പ്രത്യേക താല്‍പ്പര്യമെടുത്താണ് ഇംഗ്ലീഷിലാക്കി കോമ്രേഡില്‍ പ്രസിദ്ധീകരിച്ചത്. ‘ഇന്ത്യന്‍ മുസ്ലീങ്ങളും പാന്‍-ഇസ്ലാം വാദവും’ എന്നതായിരുന്നു അതിന്റെ തലക്കെട്ട്. ”പാന്‍-ഇസ്ലാം വാദത്തിന്റെ മാര്‍ഗ്ഗത്തിലെ മനുഷ്യന്‍ എന്നാല്‍ ആഗോള തലത്തിലെ ഭീമാകാരമായ കൂട്ടായ്മയുമായി സാമഞ്ജസ്യപ്പെട്ടുനില്‍ക്കുന്നു, കാരണം ക്രിസ്തുമതത്തിന്റെ ഉന്മൂലനം എന്ന ഉള്ളില്‍ താലോലിക്കുന്ന ലക്ഷ്യം അവരെ സചേതനമായ ഒരു രാഷ്ട്രീയ ശക്തിയായി നിലനിര്‍ത്തുന്നു… റഷ്യക്കാരുടെ മെഷെദിലെ ബോംബാക്രമണം, ട്രിപ്പോളിയിലെ ഇറ്റാലിയന്‍ ആക്രമണം, ബാല്‍ക്കന്‍ സഖ്യശക്തികള്‍ തുര്‍ക്കിയില്‍ നടത്തിയ കൂട്ടക്കൊലപാതകം എന്നീ ഭീകരതകളെല്ലാം ചേര്‍ന്ന് ഇന്ത്യയിലെ മുസ്ലീങ്ങളെ വല്ലാതെ മാറ്റിയിരിക്കുന്നു. രണ്ടുവര്‍ഷങ്ങള്‍ക്കപ്പുറത്തെ മുസ്ലീങ്ങളല്ല അവരിപ്പോള്‍… ഇസ്ലാം സാഹോദര്യം അഥവാ പാന്‍-ഇസ്ലാമിസം എല്ലാ തരത്തിലുമുള്ള വംശ-വര്‍ണ്ണ ഭിന്നതകളേയും അതിവര്‍ത്തിക്കുന്നു. അതൊരു ദേശാതീതമായ അവസ്ഥയാണ്. സര്‍വ്വരാജ്യ മുസ്ലീങ്ങളും അവരുടെ ഭൂമിശാസ്ത്രപരമായ അസ്മിതയെ ഒന്നില്‍ ലയിപ്പിച്ച് ഒരു രാഷ്ട്രമായി തീരുന്ന സവിശേഷമായ അവസ്ഥ.”
ഖിലാഫത്തിന്റെ സമുന്നത നേതാവിന്റെ മനസ്സിലിരുപ്പ് ഇതാണെങ്കില്‍ പിന്നെ ഇവരുടെ വാക്കുകള്‍ കേട്ട് ഹാലിളകി തെരുവില്‍ ബോലോ തക്ബീര്‍ വിളിച്ചവര്‍ അന്യമതസ്ഥരെ അരിഞ്ഞുതള്ളാതിരിക്കുമോ? അവര്‍ക്കെന്ത് ഭാരതം? എന്ത് സ്വാതന്ത്ര്യം?
ഇന്ത്യന്‍ മുസ്ലീങ്ങളുടെ ബൗദ്ധിക നേതാവായിരുന്ന മുഹമ്മദ് ഇക്ബാലിന്റെ ഒരു കവിത (അതോ മുദ്രാവാക്യമോ) ആരംഭിക്കുന്നതിങ്ങനെയാണ്. ”നൈയില്‍ തടത്തില്‍ നിന്ന് കഷ്ഗാറിന്റെ മണ്ണോളം മുസ്ലീങ്ങള്‍ അവരുടെ മേഖല സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായിരിക്കണം”. ഇസ്ലാം മതത്തിന്റെ പിറവിയിലുള്ള സവിശേഷത ദാര്‍ അല്‍-ഹറബില്‍ നിരന്തര യുദ്ധം തുടരുക ദാര്‍ അല്‍-ഇസ്ലാമില്‍ നിന്ന് ആകട്ടെ ഒരു തരിമണ്ണു പോലും ആരും തട്ടിക്കൊണ്ടു പോകാതെ നോക്കുക എന്നതായിരുന്നു. ഇതാണ് പാന്‍ ഇസ്ലാമിസ്റ്റിനെ സ്വാധീനിച്ചത്. മുസ്ലീങ്ങളുടെ ദേശാതീതമായ രാഷ്ട്രീയ ഐക്യം സാധ്യമാക്കാന്‍ ഏതറ്റവും വരെ പോകാനും അവര്‍ സന്നദ്ധരായിരുന്നു. ആ ആഗോള പദ്ധതിയുടെ ഭാഗം മാത്രമായിരുന്നു ഖിലാഫത്ത്.
അതിന്റെ അടിസ്ഥാന ഘടകങ്ങള്‍ ഇവ ആയിരുന്നു:
1. പാന്‍ ഇസ്ലാമിസത്തെ നയിക്കാന്‍ ഒരു കേന്ദ്രം അഥവ അധികൃത സ്ഥാനം വേണം- അതായിരുന്നു ഖലീഫ.
2. ആഗോള മുസ്ലീങ്ങളെ അതിനു പിന്നില്‍ അണിനിരത്തുക.
3. എല്ലാ മുസ്ലീങ്ങളുടെയും വിധേയത്വം ഖലീഫായോടു മാത്രമായിരിക്കുക.
4. ലക്ഷ്യ പൂര്‍ത്തീകരണത്തിനായി വ്യക്തിപരമോ പ്രാദേശികമോ ആയോ താത്പര്യം (ഇവിടെ രാഷ്ട്രം എന്നു വായിക്കുക) ബലി കഴിക്കുക.
5. പൊതുവായ കര്‍മ്മം- രാഷ്ട്രീയ, സാമ്പത്തിക, സൈനിക – ചെയ്യാനുള്ള സന്നദ്ധത ഉണ്ടാക്കുക.
6. എല്ലായിടത്തുമുള്ള മുസ്ലീങ്ങളെ ഒരു രാഷ്ട്രമാക്കി മാറ്റുക.
ഇവയായിരുന്നു ഖിലാഫത്തിന്റെ ഉദ്ദേശ്യം എന്നത് അതിന്റെ യഥാര്‍ത്ഥ ആസൂത്രകന്മാര്‍ തന്നെപറഞ്ഞുവച്ചിരിക്കുന്നു. ഒപ്പം ചെയ്തു കാണിച്ചു തരികയും ചെയ്തു. എന്നാലും നമ്മുടെ നാട്ടിലെകാപടികന്മാരായ ഇടത്-മതേതര ബുദ്ധിജീവികള്‍ ‘കണ്ട നിങ്ങള്‍ അവിടെ നില്‍ക്ക്, കേട്ട ഞങ്ങള്‍ പറയാം’ എന്ന ശൈലിയില്‍ ഖിലാഫത്തിനെ വെള്ള പൂശാന്‍ ശ്രമിക്കുകയാണ്.
അപായ സൂചന
ഖിലാഫത്തിനു മുന്‍പേ തന്നെ ആരംഭിച്ച വിഘടനവാദ സമീപനങ്ങള്‍ പിന്നീട് അക്രമത്തിനും കൂട്ടക്കൊലകള്‍ക്കും കാരണമായി. പാവപ്പെട്ട മുസ്ലീം ജനസാമാന്യത്തിന്റെ മനസ്സിനെ അത്രകണ്ട് വിഷമയമാക്കുന്നതായിരുന്നു ഇസ്ലാമിക മത നേതൃത്വത്തിന്റെ സൈദ്ധാന്തിക നിലപാട്. അങ്ങനെ മനസ്സില്‍ സൃഷ്ടിക്കപ്പെട്ട വിള്ളല്‍ വളര്‍ന്ന് ദേശവിഭജനത്തില്‍ കലാശിച്ചു. പക്ഷേ ഏറ്റവും നടുക്കുന്ന വസ്തുത അതവിടം കൊണ്ട് തീരുന്നില്ല എന്നതാണ്. ഖിലാഫത്ത് എന്ന ആശയവുമായി ഹിന്ദുകൂട്ടക്കൊലയുടെ നൂറാം വാര്‍ഷികമാഘോഷിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ചിലര്‍. ചരിത്രത്തില്‍ നിന്നൊന്നും പഠിക്കാന്‍ സന്നദ്ധരാവാത്ത കോണ്‍ഗ്രസ്സ്-കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അത്തരക്കാര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കാന്‍ തയ്യാറാവുന്നു. തുര്‍ക്കിയും അവിടത്തെ ഭരണാധികാരിയായ എര്‍ഡോഗനും വീണ്ടും ആഗോള മുസ്ലീം ഏകീകരണശ്രമങ്ങളുടെ കേന്ദ്ര ബിന്ദു ആകാനുള്ള പുറപ്പാടിലാണ്. ചില സമീപകാല സംഭവങ്ങള്‍ അപായസൂചന നല്‍കുന്നവയാണ്. കാശ്മീരും കേരളവും അടക്കമുള്ള പ്രദേശങ്ങളിലെ ഇസ്ലാമിക മതമൗലികവാദ സംഘടനകളുടെ പ്രതിനിധികള്‍ പലവട്ടം തുര്‍ക്കിയിലേക്ക് ‘പഠന യാത്രകള്‍’ നടത്തുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ അഖില ഭാരതീയ നേതാക്കള്‍ ഇസ്താന്‍ബുള്‍ സന്ദര്‍ശിച്ചതിന്റെ വാര്‍ത്തകള്‍ സമീപകാലത്ത് വളരെ വിവാദങ്ങള്‍ ഉണ്ടാക്കിയതാണ്. അങ്ങനെ പോയവരില്‍ ഭൂരിപക്ഷവും കേരളീയരായിരുന്നു എന്നത് മലയാളികളായ നാം പ്രത്യേകം കണക്കിലെടുക്കേണ്ടതാണ്. പാകിസ്ഥാന്റെ ഒത്താശയോടെ താലിബാന്‍ കാബൂളില്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ ഏറെക്കുറെ ഫലപ്രാപ്തിയിലെത്തുന്നതായാണ് ആധികാരികസ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നത്. കാബൂള്‍ കഴിഞ്ഞാല്‍ കാശ്മീരും കേരളവുമാണ് അവരുടെ റഡാറിലുള്ളത് എന്ന വാര്‍ത്ത ഈ ജൂലായ് അവസാനമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലക്ഷദ്വീപിലെ സംഭവഗതികളേയും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു.
തുര്‍ക്കിയുമായുള്ള ബന്ധം ഇസ്ലാമിക ഭീകരവാദികള്‍ക്ക് ഗൃഹാതുരത ഉണര്‍ത്തുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ ആയിരിക്കണം ദല്‍ഹിയിലെ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ ഇക്കഴിഞ്ഞ നാളുകളില്‍ സംഘടിപ്പിക്കപ്പെട്ട ഖിലാഫത്ത് സംബന്ധിയായ അന്താരാഷ്ട്ര സെമിനാറില്‍ വിഷയാവതരണം നടത്താന്‍ തുര്‍ക്കിയില്‍ നിന്നുള്ള ഇസ്ലാം പണ്ഡിതന്മാരെ തന്നെ ക്ഷണിച്ചു കൊണ്ടുവന്നത്. ഇത് അങ്ങേയറ്റം ഗുരുതരമായ സാഹചര്യമാണ്. രാഷ്ട്രനിഷേധിയായ ഒരു മത ഭീകരപ്രസ്ഥാനത്തിനു വീണ്ടും അംഗീകാരം നല്‍കാനുള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്തു നിന്നുണ്ടായാലും ചെറുത്ത് തോല്‍പ്പിക്കേണ്ടത് ദേശഭക്തരുടെ ധാര്‍മ്മിക കര്‍ത്തവ്യമാണ്. ആഗോള മുസ്ലീം ഭരണം കെട്ടിപ്പടുക്കുവാന്‍ തുടങ്ങിയ ചരിത്രത്തെയും മതാഭിനിവേശത്തേയും വിലയിരുത്തുന്നതില്‍ നിശ്ശേഷം പരാജയപ്പെട്ട കോണ്‍ഗ്രസ്സ് നേതാക്കളെ കരുവാക്കി ഭാരതത്തില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതായ ഖിലാഫത്ത് ആദ്യവും അവസാനവും ക്രൂരമായ ഹിന്ദു കൂട്ടക്കൊല മാത്രമായിരുന്നു എന്ന യാഥാര്‍ത്ഥ്യം ലോകത്തോട് വിളിച്ചുപറയാന്‍ നാം തയ്യാറാവണം. അത് തുടക്കത്തിലും നടത്തിപ്പിലും ഒടുക്കത്തിലും വര്‍ഗ്ഗീയ പ്രസ്ഥാനം അല്ലാതെ മറ്റൊന്നുമായിരുന്നില്ല.
കുറിപ്പുകള്‍
*1″…. But its practical wisdom may justly be questioned. Gandhi failed to realise that the Pan-Islamic idea which inspired the Khilafat question cut at the very root of Indian nationality. If the real sympathy and “vital interest” of a large section of Indians were bound up with a state and society which lay far outside the boundaries of India and had no political connection with it, they could never form a unit of the Indian nation. Howsoever opinions might differ on the basic requirements of nationality it is generally agreed that different groups of people cannot constitute a nation unless they have common sympathy, agreement, and interest to such an extent as does not subsist between any of them and any external group. If a hundred million of Muslims are more vitally interested in the fate of Turkey and other Muslim states outside India than they are in the fate of India, they can hardly be regarded as a unit of Indian nation. By his own admission that the Khilafat question was a vital one for Indian Muslims, Gandhiji himself admitted in a way that they formed a separate nation; they were in India, but not not of India”(p60)
*2 MANIFESTO
ON BEHALF OF THE ALL-INDIA KHILAFAT CONFERENCE
I. The Moslem Claim
The claim on behalf of Muhammadans of India in connection with the Turkish Peace Terms may be divided into two sections:-
(l) Regarding the Khilafat; and
(2) Regarding what is called “Jazira-tul-Arab” and the Holy Places of Islam.
The claim regarding the Khilafat consists in leaving the Turkish Empire as it was at the time of the war, with such guarantee being taken by the League of Nations as may be necessary for the protection of the rights of Non-Moslem races living within the Turkish Empire, consistently with the dignity of a sovereign state.
The second section of the claim consists in the sovereignty over “Jazira-tul-A.rab”, i.e., Arabia as defined by Moslem religious authorities, and the custody of Holy Places of Islam. Arabia as thus defined is bounded by the Mediterranean, the Red Sea, the Indian Ocean, tho Persian Gulf, the Euphrates and the Tigris. The Holy Places include the three sacred Harams, namely, Mecca, Medina and Jerusalem, and the Holy Shrines, namely, Najaf, Kerballa, Sammarra, Kazimain and Baghdad. In reality this claim is included in the first, but it is distinguishable from it in that custody of the Holy Places has ever since the establishment of Islam been under the Khilafat and unlike the boundary of the latter, which has fluctuated from time to time, has never suffered any diminution whatsoever. This claim does not exclude genuine Arab self-Government, but it does exclude the present arrangement because those who know, understand the unreality behind it. The claim now said to be made by Sheriff Hussain and by Amir Feisul is inconsistent in fact with their acceptance of even the spiritual sovereignty of the Khalifa.
3*.-Argument
The claim is primarily based upon the religious requirements and the sentiments of the Muhammadans of India in common with those of Muhammadans all the world over, and is supported, so far as the Khilafat, the Harams and “Jazira-tul-Arab” are concerned by testimony from the Quran, the traditions of the Prophet, and for the rest by other religious authority.
സഹായ ഗ്രന്ഥങ്ങള്‍
1. History of the Freedom of the Freedom Movements in India (3rd Volume)- RC Majumdar
2. The politics of Pan Islam: Ideology and Organisation – Jacob M. Landau.
3. Islam and Nazi Germany’s War- David Motadel.
4. A Bibliographical Introduction To Modern Islamic Development in India and Pakistan (1700-1955)- Muin Ud-din Ahmadkhan
5. The Khilafat Movement in India (1919-1924)- AC Niemeijer
6. Nazis, Islamists and the making of the middle East – Barry Rubin & Wolfan G. Schwanitz