രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നടക്കുന്ന ഒറ്റപ്പെട്ട അക്രമങ്ങളെ വളച്ചൊടിച്ചുകൊണ്ട് വിവാദമുണ്ടാക്കാനുള്ള ചില സാംസ്‌കാരിക നായകന്മാരുടെ പുറപ്പാട്, സംശയമില്ല, രാഷ്ട്രീയപ്രേരിതമായിരുന്നു. 49 പേരാണ് അതിലൊപ്പുവെച്ചത്; അതില്‍ 31 പേര് ബംഗാളികളാണ്. പിന്നെ കേരളത്തിലെ അടൂര്‍ ഗോപാലകൃഷ്ണന്‍, രേവതി, തമിഴ് സംവിധായകന്‍ മണിരത്‌നം തുടങ്ങി ചിലരും. അവരൊക്കെ കയ്യൊപ്പ് വെച്ചത് രാജ്യദ്രോഹ കുറ്റത്തിന് കോടതി ജീവപര്യന്തം ശിക്ഷിച്ച ഒരു മാവോയിസ്റ്റ് -നക്‌സല്‍ നേതാവിനൊപ്പമാണ് എന്നത് തിരിച്ചറിയുമ്പോള്‍ പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാവും. ‘ജയ് ശ്രീറാം’ എന്ന് വിളിച്ചുകൊണ്ട് നിരപരാധികളെ കൊന്നൊടുക്കുന്നു എന്നതാണ് ഈ ‘സാംസ്‌കാരിക പ്രമാണിമാര്‍’ ഉന്നയിച്ചത്; നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലുള്ളത് കൊണ്ടാണ് ഇതൊക്കെ നടക്കുന്നതെന്ന ദുസ്സൂചനയും അവര്‍ നല്‍കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അവരുടെ രാഷ്ട്രീയലക്ഷ്യം അതാണുതാനും. അതുകൊണ്ടാണ് ‘സാംസ്‌കാരിക നായകന്മാര്‍’ എന്ന് പറഞ്ഞുനടക്കുന്ന ഇക്കൂട്ടരുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കേണ്ടിവരുന്നത്. അവര്‍ക്കെതിരെ 62 പേര്‍ മറുപടിയുമായി വന്നതും ഓര്‍ക്കേണ്ടതാണ്.
ഇവിടെ അടിസ്ഥാനപരമായി പരിശോധിക്കേണ്ടുന്ന ഒന്നുരണ്ട് കാര്യങ്ങളുണ്ട്. അതിലൊന്ന് ക്രമസമാധാന ചുമതല സംബന്ധിച്ചാണ്; നമ്മുടെ രാജ്യത്തെ സംവിധാനമനുസരിച്ച് ക്രമസമാധാനം അതാത് സംസ്ഥാനങ്ങളുടെ അധികാരമാണ്. പോലീസ് ആണ് അത് കൈകാര്യം ചെയ്യുന്നത്. ഭീകരവാദം, അന്താരാഷ്ട്ര ബന്ധങ്ങള്‍ തുടങ്ങിയ വേളകളിലേ കേന്ദ്ര ഏജന്‍സികള്‍ക്ക് ഇടപെടാന്‍ സാധിക്കൂ. അങ്ങിനെ അവര്‍ക്ക് ഇടപെടണമെങ്കില്‍ തന്നെ ബന്ധപ്പെട്ട സംസ്ഥാനം അനുമതി നല്‍കണം. അല്ലെങ്കില്‍ കോടതി ഉത്തരവിടണം.
അതുകൊണ്ട് തന്നെ ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്ന വിവാദ സംഭവങ്ങള്‍ സംബന്ധിച്ച് നടപടിയെടുക്കേണ്ടത് അതാത് സംസ്ഥാന സര്‍ക്കാരുകളാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമല്ലല്ലോ അക്രമങ്ങള്‍, കൊലപാതകങ്ങള്‍ നടന്നത്. ഇനി അവിടെയൊക്കെ കേ്രന്ദം കയറി ഇടപെടാന്‍ തീരുമാനിച്ചാലത്തെ കോലാഹലം എന്താവും? ഒരു ഉദാഹരണം; കേരളത്തില്‍ നടന്ന ഒരു അക്രമം, അതെന്തുമാവട്ടെ, കേന്ദ്ര ഏജന്‍സി സ്വയം അന്വേഷിക്കാന്‍ തീരുമാനിച്ചാല്‍ എന്തായിരിക്കും പിണറായി വിജയനും സിപിഎമ്മും പറയാന്‍ പോകുന്നത്. അതുകൊണ്ട് ഏത് അക്രമമായാലും കൊലപാതകമായാലും അത് സംബന്ധിച്ച നടപടികള്‍ വേണ്ടവിധം സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരല്ല. നരേന്ദ്ര മോദിയല്ല, സംസ്ഥാന ഭരണകൂടങ്ങളാണ്.
മറ്റൊന്ന്, ഇത്തരം അക്രമങ്ങളെ പ്രധാനമന്ത്രി പരസ്യമായി വളരെ നേരത്തെ തള്ളിപ്പറഞ്ഞില്ലേ? കഴിഞ്ഞ വര്‍ഷം എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്, ‘ഇത്തരം അക്രമങ്ങള്‍ നടത്തുന്നവരെയും അവരുടെ മനോഗതിയെയും തങ്ങള്‍ തള്ളിപ്പറഞ്ഞു; ആര് ഇത്തരത്തില്‍ കൊല്ലപ്പെട്ടാലും വേദനാജനകമാണ്. എന്നാല്‍ അതിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് അതിലേറെ അപലപനീയമാണ്…….’. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച ഉപസംഹരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം മോദി ഇതൊക്കെയാണ് പാര്‍ലമെന്റിലും പറഞ്ഞത്. കേന്ദ്ര സര്‍ക്കാരോ ബിജെപിയോ അത്തരം അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു എന്നുള്ള ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് വ്യക്തം.
പലപ്പോഴും ഹിന്ദുത്വ പ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരം അക്രമങ്ങളെ ഉപയോഗിക്കാറുള്ളത്. ആസൂത്രിതമായിരുന്നു അതെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാവും. അക്കാര്യം ആര്‍എസ്എസും ശ്രദ്ധിച്ചിരുന്നു. ‘ജയ് ശ്രീറാം’ എന്ന് വിളിച്ചുകൊണ്ട് മറ്റൊരു മതത്തില്‍പ്പെട്ടയാളെ ആക്രമിക്കാന്‍ അഥവാ വധിക്കാന്‍ തയ്യാറായി എന്നുള്ള വീഡിയോ ക്ലിപ്പുകള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടല്ലോ. ഒരിടത്ത് അക്രമം നടക്കുമ്പോള്‍ അത് തടയാനോ അക്രമിയെ പിന്തിരിപ്പിക്കാനോ അല്ല പലരും ശ്രമിച്ചത്. മറിച്ച് അത് വിഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കാനാണ്. ദുഷ്ടലാക്ക് അതില്‍ തന്നെ വ്യക്തമാണല്ലോ. ഇത്തരം അക്രമങ്ങള്‍ക്ക് പിന്നില്‍ ഹിന്ദുത്വ പ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഒരു പദ്ധതിയുണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിവരുന്നത് അതുകൊണ്ടാണ്. ഇവിടെ നാം ഓര്‍ക്കേണ്ടത്, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭഗവത് തന്നെ ഈ വിധത്തിലുള്ള അക്രമങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞു എന്നതാണ്. മഥുരയില്‍ വൃന്ദാവനില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ സര്‍സംഘചാലക് ജി സംശയലേശമന്യേ ആണ് ആള്‍ക്കൂട്ടക്കൊലകളെയും പശുവിന്റെ പേരില്‍നടക്കുന്ന അതിക്രമങ്ങളെയും അപലപിച്ചത്. അത് ഹിന്ദുത്വ ശക്തികളെ അപകീര്‍ത്തിപ്പെടുത്താനും അപായപ്പെടുത്താനുമുള്ള ഒരു പദ്ധതിയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സൂചിപ്പിച്ചത്, ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയും ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും മറ്റ് സംഘ പ്രസ്ഥാനങ്ങളുടെയും നിലപാട് വ്യക്തമാണ്.
വേറൊന്ന് കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. ഇതൊക്കെ അധികവും നടക്കുന്നത് കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമം നടക്കുമ്പോഴാണ്. മോഷ്ടാക്കള്‍ ഒട്ടേറെയും ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരാണ് എന്നതും സര്‍വ്വരാലും അംഗീകരിക്കപ്പെട്ട വസ്തുതയാണ്. അവരാണ് ആക്രമിക്കപ്പെടുന്നത്. ഒരു ഗ്രാമത്തിലെ പശുക്കളെ അല്ലെങ്കില്‍ മറ്റേതെങ്കിലും കന്നുകാലികളെ മോഷ്ടിച്ച് കൊണ്ട് പോകുന്നത് കാണുമ്പോള്‍ നാട്ടുകാര്‍ അക്രമോല്‍സുകരാവുന്നു. അത് മോഷ്ടാവിന്റെ മതമോ ജാതിയോ ചോദിച്ചറിഞ്ഞിട്ടല്ല; അക്രമിയോടുള്ള, മോഷ്ടാവിനോടുള്ള സാധാരണക്കാരന്റെ പ്രതികരണമാണ്. ഇവിടെ മറ്റൊന്ന് കൂടി സംഭവിക്കുന്നുണ്ട്; ഈ മോഷ്ടാക്കള്‍ ഗ്രാമീണരെ ആക്രമിക്കുന്നത്. എത്രയോ ഇടങ്ങളില്‍ അത്തരം അക്രമങ്ങള്‍ നടന്നിരിക്കുന്നു; അതില്‍ കൊല്ലപ്പെട്ടവര്‍ അഥവാ ആക്രമിക്കപ്പെട്ടവര്‍ പാവപ്പെട്ട കര്‍ഷകരാണ്, ഗ്രാമീണരാണ്. അതില്‍ ഇക്കൂട്ടര്‍ക്ക് ഒരു വിഷമവുമില്ല. ഈ 49 വിദ്വാന്മാരുടെ പ്രസ്താവനയില്‍ ഒരു വരി അവരെക്കുറിച്ചുകൂടി സൂചിപ്പിച്ചിരുന്നുവെങ്കില്‍………..?
ഇതൊക്കെ അറിയാത്തവരല്ല ഇന്നിപ്പോള്‍ കുപ്രചരണത്തിന് മുന്നിട്ടിറങ്ങുന്നത്. അവരില്‍ ഏറെപ്പേരും ബംഗാളികള്‍ ആണെന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നുവല്ലോ. എന്താണ് ഈ’ബംഗാള്‍ കണക്ഷന്‍?’ നമ്മുടെ മനസ്സില്‍ നിന്ന് ഇനിയും മാഞ്ഞിട്ടില്ലാത്ത കുറെ ഇത്തരം സംഭവങ്ങള്‍ മമത ബാനര്‍ജിയുടെ ഭരണത്തിന്‍ കീഴില്‍ നടന്നുവല്ലോ. ലോകസഭാ തിരഞ്ഞെടുപ്പ് കാലത്തേക്ക് ഒന്ന് പിന്തിരിഞ്ഞുനോക്കൂ. മുഖ്യമന്ത്രി മമത ബാനര്‍ജി പ്രചരണത്തിന് എത്തിയപ്പോള്‍ ഒരിടത്ത് ഏതാനും യുവാക്കള്‍ ‘ജയ് ശ്രീറാം’ എന്ന് ഉറക്കെ വിളിച്ചു. അത് കേട്ട് അവരുടെ അടുത്തേക്ക് നടന്നുവന്ന മമത പിന്നീട് ആ യുവാക്കളെ അറസ്റ്റ് ചെയ്യിച്ച് ലോക്കപ്പിലാക്കുകയായിരുന്നു. പിന്നീട് പലയിടത്തും അത്തരത്തില്‍ ‘ജയ് ശ്രീറാം’ ജപത്തോടെയാണ് മമതയെ ബംഗാളില്‍ സ്വീകരിച്ചത്. ബംഗാളില്‍ പ്രചരണത്തിനെത്തിയ ബിജെപി അധ്യക്ഷന്‍ അമിത് ഷാ താന്‍ ‘ജയ് ശ്രീറാം’ എന്ന് പൊതുസമ്മേളനത്തില്‍ വിളിക്കുകയാണ് എന്നും ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ എന്നും പരസ്യമായി മുഖ്യമന്ത്രിയെ വെല്ലുവിളിച്ചതും നാമൊക്കെ കണ്ടതും കേട്ടതുമാണ്. ആ മമതയാണ് ഇപ്പോഴത്തെ ഈ കാമ്പെയിന്റെ തലപ്പത്ത്. അവരെ ചുറ്റിപ്പറ്റി കഴിയുന്ന കുറെപ്പേരാണ് ‘അസഹിഷ്ണുതാ കത്തില്‍’ ഒപ്പുവെച്ചതില്‍ ബഹുഭൂരിപക്ഷവും. അന്ന് ‘ജയ് ശ്രീറാം’ എന്ന് വിളിച്ചവരെ ജയിലില്‍ അടച്ചത് ജനമനസ്സില്‍ നിന്ന് മായ്‌ച്ചെടുക്കാനുള്ള ഒരു പദ്ധതിയായേ ഇതിനെ കാണേണ്ടതുളളൂ. അത് വിജയിക്കില്ലെന്നത് മറ്റൊരു വസ്തുത.
വേറൊന്നു കൂടി; ഇതിനു മുന്‍പ് ഒരു അസഹിഷ്ണുത വിവാദം ഉയര്‍ന്നത് ഓര്‍മ്മയുണ്ടാവുമല്ലോ. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായിരുന്നു അത്. കുറെ ഇടത് സാഹിത്യകാരന്മാരെക്കൊണ്ട് അവാര്‍ഡുകള്‍ തിരിച്ചുകൊടുപ്പിച്ച സംഭവം. അന്ന് ബീഹാറിലെ കോണ്‍ഗ്രസ്-ലാലു- നിതീഷ് സഖ്യത്തിന്റെ ഉപദേഷ്ടാവ് പ്രശാന്ത് കിഷോര്‍ എന്ന തിരഞ്ഞെടുപ്പ് വിദഗ്ധനായിരുന്നു. അദ്ദേഹമിപ്പോള്‍ മമതക്കൊപ്പമാണ്. ബീഹാറില്‍ പരീക്ഷിച്ചത് ഇപ്പോള്‍ ബംഗാളില്‍ ആവിഷ്‌കരിക്കുന്നു എന്ന് മാത്രം. നേരത്തെ സൂചിപ്പിച്ചുവല്ലോ, ഇതൊരു ‘ബംഗാള്‍ കളി’യാണ്.
അപ്പോഴാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ എങ്ങനെ ഇതില്‍ ചെന്ന് പെട്ടു എന്ന് സംശയിക്കേണ്ടിവരുന്നത്. ഒന്നാമത് അദ്ദേഹം ഇത്തരം വിഷയങ്ങളിലൊന്നും പ്രതികരിച്ചതായി മുന്‍പ് കണ്ടിട്ടില്ല. അതാണ് യഥാര്‍ത്ഥത്തില്‍ പലരെയും അതിശയിപ്പിച്ചത്. സിനിമാ രംഗത്ത് നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് പോലും അദ്ദേഹം സംസാരിച്ചതായി കണ്ടില്ല. വേറെ എത്രയോ അക്രമങ്ങള്‍ , കൊലപാതകങ്ങള്‍, ലോക്ക്- അപ്പ് കൊലകള്‍, എന്തിനേറെ ശബരിമല ഭക്തന്മാര്‍ അയ്യപ്പന്റെ നാമം ഉരുവിട്ടുകൊണ്ട് പൊതുനിരത്തിലൂടെ നടന്നതിന് കേസില്‍ കുടുക്കിയത് ഉള്‍പ്പടെയുള്ള നീചമായ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ പോലും അദ്ദേഹത്തിന്റെ നാവ് അനങ്ങിയില്ലല്ലോ. അവിടെ വീട്ടമ്മമാരാണ് പലപ്പോഴും പോലീസ് സ്റ്റേഷനില്‍ എത്തപ്പെട്ടത് എന്നത് കൂടി ഓര്‍ക്കുമ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിക്കുക. അസഹിഷ്ണുത സ്വാഭാവികമായും തോന്നിപ്പിക്കേണ്ട അതുപോലുള്ള എത്രയോ സംഭവങ്ങള്‍ ……… അന്നൊന്നും ഈ പേര് പറഞ്ഞുകേട്ടിട്ടേയില്ല. പിന്നെയെന്തിന് ഇപ്പോള്‍ ഈ ബംഗാള്‍ രാഷ്ട്രീയക്കളിയില്‍ പങ്കാളിയായി? മുന്‍പ്, നേരത്തെ സൂചിപ്പിച്ച, അവാര്‍ഡ് മടക്കിനല്‍കല്‍ പരിപാടിയില്‍ പങ്കാളികളായവര്‍ക്ക് ‘വേണ്ടതൊക്കെ’ സംഘാടകര്‍ നല്‍കിയതായി കേട്ടിട്ടുണ്ട്. ഇവിടെ അതെന്തെങ്കിലും സാധ്യമായിട്ടുണ്ടോ; അതൊക്കെ കണക്കിലെടുത്താണോ ഈ വേഷം കെട്ടാന്‍ അദ്ദേഹം തയ്യാറായത്? ഇതിന് ഉത്തരം നല്‍കേണ്ടത് അടൂര്‍ തന്നെയാണ്. വേറൊന്ന് അടൂര്‍ കയ്യൊപ്പ് വെച്ചത് ദേശവിരുദ്ധ – രാജ്യദ്രോഹ കുറ്റത്തിന് കോടതി ജീവപര്യന്തം ശിക്ഷിച്ച ഒരു നക്‌സല്‍ നേതാവിനൊപ്പമാണ് എന്നതാണ്. ബിനായക് സെന്നിന്റെ കാര്യമാണ് സൂചിപ്പിച്ചത്. അടൂരിനെ മലയാളികള്‍ കണ്ടിരുന്നത് ഇത്തരക്കാരുടെ കൂട്ടാളിയായിട്ടായിരുന്നില്ലല്ലോ. താന്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്ന അദ്ദേഹം ഇക്കാര്യത്തിലെങ്കിലും നിലപാട് വ്യക്തമാക്കുമെന്ന് കരുതാം.
ഇത്തരം രാഷ്ട്രീയ കസര്‍ത്തുകള്‍ മുന്‍പും പലപ്പോഴും നാം കണ്ടിട്ടുണ്ട്. എവിടെയെങ്കിലും ഒരു അക്രമമോ കൊലപാതകമോ സംഘര്‍ഷമോ ഉണ്ടായാല്‍ അതിനെ ദേശീയ തലത്തില്‍ ആഘോഷിക്കും……യു.പിയില്‍ പലയിടത്തും അതൊക്കെ കണ്ടതല്ലേ. യു.പിയിലെ കുഗ്രാമത്തില്‍ ഒരു സംഭവം നടക്കുമ്പോഴേക്ക് ഡല്‍ഹിയില്‍ നിന്ന് മാധ്യമ സുഹൃത്തുക്കള്‍ ഓടിയെത്തുന്നു……. അവരൊക്കെ കോണ്‍ഗ്രസിന്റെയും ഇടത് പാര്‍ട്ടികളുടെയും സഹയാത്രികര്‍. പിന്നെ ഉത്സവമായി അവര്‍ക്ക്. നരേന്ദ്ര മോദിയും ബിജെപിയും കേന്ദ്രത്തില്‍ അധികാരത്തിലേറിയ ശേഷമാണ് ഇതൊക്കെ വ്യാപകമായത്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് ഇത്തരം കള്ളക്കളികള്‍ കുറെ നടത്തിയതാണ്. എന്നിട്ടും എന്താണ് ജനങ്ങള്‍ വിധിയെഴുതിയത്. ഇനിയിപ്പോള്‍ നടത്തുന്ന കുപ്രചാരണങ്ങളെയും ആ നിലക്കെ ജനങ്ങളെടുക്കൂ. ഹിന്ദുത്വ – ദേശീയ പ്രസ്ഥാനങ്ങളില്‍ ജനകോടികള്‍ ഇന്ന് വിശ്വാസമര്‍പ്പിച്ചിരിക്കുന്നു; ജാതിക്കും മതത്തിനും ഒക്കെ അതീതമായി അതിന്റെ സ്വാധീനം ഇന്ന് കൂടിക്കൊണ്ടേയിരിക്കുന്നു. ആ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ ആണ് ഈ ‘സാംസ്‌കാരിക വിദ്വാന്മാര്‍’ ലക്ഷ്യമിടുന്നത് എങ്കില്‍ അവര്‍ക്ക് വീണ്ടും നിരാശയെ ഉണ്ടാവൂ.