നിയമസഭയിലെ കയ്യാങ്കളി കേസില്‍ പിണറായി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി കേരള രാഷ്ട്രീയത്തില്‍ ഇന്നുവരെ ഉണ്ടാകാത്തതാണ്. നിയമസഭയില്‍ അന്നത്തെ ധനമന്ത്രി കെ എം മാണിയെ തടയാന്‍ വേണ്ടി, ബജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ വേണ്ടി ഇടത് മുന്നണി അംഗങ്ങള്‍ നടത്തിയ ഹീനമായ ആക്രമണവും അച്ചടക്കരാഹിത്യവും സമാനതകളില്ലാത്തതാണ്. അന്ന് കെ എം മാണി അഴിമതിക്കാരനാണെന്നും, ബാര്‍കോഴക്കാരനാണെന്നും, ബജറ്റ് ചോര്‍ത്തി വിറ്റ് പണം പറ്റുന്നവന്‍ ആണെന്നുമൊക്കെ ആരോപണമുന്നയിച്ചത് ഇടതുമുന്നണി നേതാക്കള്‍ തന്നെയായിരുന്നു. അതിന്റെ ഭാഗമായാണ് കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഇടതുമുന്നണി തീരുമാനിച്ചത്. അന്ന് നിയമസഭയില്‍ ഇടത് അംഗങ്ങള്‍ നടത്തിയ ആക്രമണം എല്ലാകാലത്തും അവര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും മുന്നണിയും നിയമസഭയില്‍ ഈ തരത്തില്‍ അക്രമം നടത്തിയിട്ടില്ല.
നിയമസഭയില്‍ ഇതുവരെ നടന്നിട്ടുള്ള എല്ലാ അക്രമ സംഭവങ്ങള്‍ക്കും പിന്നില്‍ സിപിഎമ്മും ഇടതുമുന്നണിയും ഉണ്ടായിരുന്നു എന്ന കാര്യം നമുക്ക് നിരാകരിക്കാന്‍ ആവില്ല. നേരത്തെ നടന്നിട്ടുള്ള അക്രമസംഭവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇടത് മുന്നണി നേതാവും ഹരിപ്പാട് എംഎല്‍എ യും ആയിരുന്ന സിബിസി വാരിയര്‍ ഉടുവസ്ത്രം ഉയര്‍ത്തിക്കാട്ടിയത് ആണ്. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നാണ് നിയമസഭയെ വിശേഷിപ്പിക്കുന്നത്. ഒരു ക്ഷേത്രം പോലെ, ആരാധനാലയം പോലെ, പവിത്രമായി കാണേണ്ട നിയമസഭയില്‍ ഇത്തരം ആഭാസത്തരങ്ങള്‍ നടത്തുന്നതില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും ഒരുകാലത്തും വൈക്ലബ്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. നിയമസഭയില്‍ സാമാജികര്‍ക്ക് പ്രസംഗിക്കാന്‍ വേണ്ടി വച്ചിരുന്ന ഉച്ചഭാഷിണിയുടെ കമ്പി പിടിച്ചൊടിച്ച് അതുകൊണ്ട് തല്ലുണ്ടാക്കാന്‍ ഇവര്‍ മടിച്ചിട്ടില്ല. സിബിസി വാര്യരുടെ സംസ്‌കാരഹീനമായ ഈ പ്രവൃത്തിക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാനോ അച്ചടക്കം പാലിക്കാന്‍ ആവശ്യപ്പെടാനോ ഉള്ള ഔചിത്യം പോലും സിപിഎം കാട്ടിയില്ല.
പിന്നെയും പലതവണ സിപിഎം ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നിയമസഭയില്‍ നടത്തി. ഇതില്‍ ഏറ്റവും പ്രസിദ്ധമായത് എം വി രാഘവന് എതിരായ ആക്രമണമായിരുന്നു. അന്ന് ഡിവൈഎഫ്‌ഐയുടെ സ്ഥാപനകാലം മുതല്‍ യുവജന സംഘടനയുടെ ചുമതല വഹിച്ചിരുന്ന എം വി രാഘവനെ നിയമസഭയ്ക്കകത്തു പഴയ ശിഷ്യന്മാരും സഖാക്കളും ചേര്‍ന്നു തല്ലിച്ചതയ്ക്കുകയായിരുന്നു. കേരള നിയമസഭ സാക്ഷ്യംവഹിച്ച സമാനതകളില്ലാത്ത ആക്രമണമായിരുന്നു അത്. അന്ന് എം വി രാഘവനെ തല്ലിച്ചതച്ച എല്ലാ നേതാക്കള്‍ക്കും ഉചിതമായ രീതിയില്‍ പ്രതിഫലം നല്‍കുകയാണ് സിപിഎം ചെയ്തത്. വര്‍ഗ്ഗശത്രു എന്നും കുലംകുത്തി എന്നും ഒക്കെ പേരിട്ട് സഭയ്ക്കകത്ത് മാത്രമല്ല പുറത്തും എം വി രാഘവനെ സിപിഎം കൈകാര്യം ചെയ്തു. കൂത്തുപറമ്പ് വെടിവെപ്പും പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്ക് തീവെച്ച് നശിപ്പിച്ചതും ഒക്കെ എം വി രാഘവന് എതിരായ പ്രതികാരത്തിന്റെയും പോരാട്ടത്തിന്റെയും ഭാഗം തന്നെയായിരുന്നു.
എം വി രാഘവന് പിന്നീട് പാര്‍ട്ടി മാപ്പ് നല്‍കി തിരിച്ചെടുക്കാന്‍ തീരുമാനിച്ചെങ്കിലും അതിനുമുമ്പുതന്നെ തന്നെ അദ്ദേഹം മരണമടഞ്ഞു. എം വി രാഘവന് എതിരെ ചെയ്ത അതി നിന്ദ്യമായ ക്രൂരതയ്ക്ക് കേരള രാഷ്ട്രീയത്തില്‍ എന്തെങ്കിലും സമാനതയുള്ളത് ടിപി ചന്ദ്രശേഖരന്‍ കേസിനോട് മാത്രമാണ്. പാര്‍ട്ടി വിട്ട് പുറത്തിറങ്ങിയ ടി പി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടിയാണ് കൊലപ്പെടുത്തിയത്. അത് കൂത്തുപറമ്പ് സംഭവം ഉണ്ടായ ദിവസം വെടിവെപ്പ് ഉണ്ടായില്ലെങ്കില്‍ ഇത്രയും ശക്തമായ കനത്ത പോലീസ് സംവിധാനം ഉണ്ടായിരുന്നില്ലെങ്കില്‍ ചന്ദ്രശേഖരന്റെ ഗതി തന്നെ എം വി രാഘവനും ഉണ്ടാകുമായിരുന്നു. കേരളത്തിലെ കോടിക്കണക്കിനു വരുന്ന സാധാരണക്കാരുടെ അഭയകേന്ദ്രമാണ് നിയമനിര്‍മ്മാണസഭ കൂടിയായ നിയമസഭ. സ്വന്തം രാഷ്ട്രീയത്തിനും മുന്നണിയുടെ താല്‍പര്യത്തിനും അനുസൃതമായി നിയമസഭയെ അവഹേളിക്കാനോ സഭാംഗങ്ങളെ ആക്ഷേപിക്കാനോ ഇടതുമുന്നണി, പ്രത്യേകിച്ചും സിപിഎം ഒരിക്കലും വിമുഖതയോ മടിയോ കാട്ടിയിട്ടില്ല. സിപിഎമ്മിന് പ്രധാനം പാര്‍ട്ടിയും രാഷ്ട്രീയവും മാത്രമാണ്. അതിനുവേണ്ടി എത്ര നിലവാരം കുറഞ്ഞ, ഏതു കളിയും കളിക്കാന്‍ അവര്‍ ഒരിക്കലും മടിക്കാറില്ല. കെ കരുണാകരന് കരിങ്കാലി കരുണാകരന്‍ എന്ന് പേര് ചാര്‍ത്തി നല്‍കിയതും ഈ നിയമസഭയ്ക്കുള്ളിലാണ്. ദേശീയ പ്രസ്ഥാനങ്ങളെ അവമതിച്ച് നിരവധി പ്രസ്താവനകള്‍ ഇറക്കിയിട്ടുള്ള അവര്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് അനുകൂലമായി പ്രമേയം പാസ്സാക്കാനും പ്രസ്താവനകള്‍ ഇറക്കാനും മടി കാട്ടിയിട്ടുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും വലിയ സ്വപ്നം തുടര്‍ഭരണവും രണ്ടാമത്തെ മുഖ്യമന്ത്രി സ്ഥാനവും ആയിരുന്നു. അത് നേടിയെടുക്കാനുള്ള തത്രപ്പാടിലാണ് കേരള രാഷ്ട്രീയത്തില്‍ ഇന്നുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള ദ്വിമുഖ പരിപാടിയുമായി പിണറായി രംഗത്തെത്തിയത്.
രാഷ്ട്രീയമായി യുഡിഎഫിനെ തകര്‍ക്കാനും അതിനോടൊപ്പം ഇസ്ലാമിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കി തുടര്‍ഭരണം നേടാനുമായിരുന്നു പിണറായിയുടെ ശ്രമം. അതിന്റെ ഭാഗമായി ആദ്യം തന്നെ മാണിയെ യുഡിഎഫില്‍ നിന്ന് പുറത്തിറക്കുകയായിരുന്നു. ബാര്‍കോഴ വിവാദത്തെത്തുടര്‍ന്ന് ഇടതുമുന്നണി തലസ്ഥാനത്തും കേരളത്തിലുടനീളവും നടത്തിയ സമരങ്ങള്‍ ശ്രദ്ധേയമാണ്. സെക്രട്ടറിയേറ്റ് വളയാന്‍ എന്നപേരില്‍ നൂറുകണക്കിന് പ്രവര്‍ത്തകരെ തലസ്ഥാനത്തേക്ക് തുറന്നുവിട്ടു. ഭരണസിരാകേന്ദ്രം പൊതു ശൗചാലയം ആക്കിയതും സിപിഎം തന്നെയായിരുന്നു. അതിനുശേഷമാണ് മാണിയുടെ രാജി ആവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭം. പ്രക്ഷോഭ കാലത്താണ് നിയമസഭയില്‍ ഈ ലജ്ജാകരമായ ആക്രമണം നടന്നത്.
ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ കേരളം മുഴുവന്‍ ലൈവായി കാണുകയായിരുന്നു. അന്നു തോമസ് ഐസക്ക്, കെ ടി ജലീല്‍, വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍ തുടങ്ങി എല്ലാ പ്രമുഖ നേതാക്കളും സഭയ്ക്കുള്ളില്‍ ഗുണ്ടകളെ പോലെയാണ് പെരുമാറിയത്. സ്പീക്കറുടെ കസേര പോഡിയത്തില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. സ്പീക്കറുടെ മേശപ്പുറത്തുണ്ടായിരുന്ന കമ്പ്യൂട്ടറും മറ്റ് വാര്‍ത്താവിനിമയ ഉപകരണങ്ങളും തച്ചുതകര്‍ത്തു. നഗരത്തിലെ കുപ്രസിദ്ധ ഗുണ്ട എങ്ങനെയാണ് പെരുമാറുന്നതെന്ന് എന്ന് സഭയ്ക്കുള്ളില്‍ ബഹുമാനപ്പെട്ട എംഎല്‍എമാര്‍ ലൈവ് ആയി അഭിനയിച്ചു കാട്ടി. ഈ അക്രമസംഭവങ്ങളെ മുഴുവന്‍ എല്ലാകാലത്തും ന്യായീകരിക്കാനും കേസ് പിന്‍വലിക്കാനും പലതവണ അവര്‍ ശ്രമം നടത്തി. ഓരോ തവണയും അതിനെതിരെ ജനരോഷം ഉയരുകയായിരുന്നു. കേസ് പിന്‍വലിക്കാനുള്ള ശ്രമം ഹൈക്കോടതി തടഞ്ഞപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലെത്തിയത്. സുപ്രീം കോടതിയിലെത്തി വളരെ അനായാസം വിധി നേടിയെടുത്ത് കേസില്‍നിന്ന് തലയൂരാം എന്നായിരുന്നു അവരുടെ പ്രതീക്ഷ. സഭയ്ക്കകത്ത് അംഗങ്ങള്‍ എന്ത് ചെയ്താലും എന്ത് പറഞ്ഞാലും അതിന് പ്രത്യേക പരിരക്ഷയുണ്ട് എന്നും സ്പീക്കറാണ് പരമാധികാരി എന്നുമായിരുന്നു ഇടതുമുന്നണി ഉയര്‍ത്തിയ വാദം. ഈ വാദത്തെ സുപ്രീംകോടതി കൈക്കില കൂടാതെ തള്ളി. സഭയ്ക്കകത്ത് തോക്കും ആയുധങ്ങളും ഉപയോഗിച്ചാല്‍ അതിനും പരിരക്ഷ ഉണ്ടോ എന്തായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. അതുകൊണ്ട് തന്നെ നിയമ നിര്‍മ്മാണത്തിനായി മറ്റ് തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പരിരക്ഷ ഇത്തരം അക്രമസംഭവങ്ങള്‍ക്ക് നല്‍കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പരമോന്നത നീതിപീഠത്തിന്റെ വിധി എത്തിയതോടെ ഈ കേസില്‍ സാംഗത്യം ഉണ്ടെന്നും ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്നും ഉള്ള ബോധ്യമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയ സ്വാധീനത്തിനനുസരിച്ച് കേസ് ഇല്ലാതാക്കാനുള്ള ശ്രമവും അവസാനിച്ചു. ബുദ്ധിയുള്ള ആരെങ്കിലും പിണറായിക്കൊപ്പം ഉണ്ടായിരുന്നെങ്കില്‍ ഈ കേസില്‍ സുപ്രീം കോടതിയില്‍ പോയി ഇത്രയും ശക്തമായ ഒരു തിരിച്ചടി വാങ്ങില്ലായിരുന്നു. കേസ് പിന്‍വലിക്കാനുള്ള ശ്രമം പരാജയപ്പെട്ടു എന്നത് മാത്രമല്ല, ഗുരുതരമായ കുറ്റകൃത്യം നടന്നു എന്ന് പരമോന്നത നീതിപീഠം വ്യക്തമാക്കിയ സാഹചര്യത്തില്‍ കേസ് പിന്‍വലിക്കാനും പ്രതികളെ വെറുതെ വിടാനുമുള്ള സാഹചര്യം ഇല്ലാതായി. പൊതുമുതല്‍ നശിപ്പിക്കുന്ന, പൊതുധനം കൊള്ളയടിക്കുന്ന എല്ലാ രാഷ്ട്രീയക്കാര്‍ക്കുമുള്ള താക്കീതോ മുന്നറിയിപ്പോ ആയി വേണം ഈ വിധിയെ കാണാനും കണക്കിലെടുക്കാനും.