പിഴച്ച കാലത്തിന്റെ ഓരത്തൊരു മുറിക്കുള്ളില്‍ കോഴിക്കോട്ടെ പ്രധാനികളില്‍ ചിലര്‍ ഒത്തുകൂടി. പുതിയൊരു സംരംഭത്തിന്റെ ബീജാവാപം മുറപ്രകാരം നടന്നു.
അമ്മാളുവിന്റെ പ്രസവശുശ്രൂഷയ്ക്ക് അവളെ വീട്ടുകാര്‍ വൈരം മറന്ന് കൂട്ടിക്കൊണ്ടുപോയി.
പുരാതനമായ കല്ലിങ്ങല്‍ തറവാട്ടുവക ജന്മവും ഇട്ടിക്കോശി എന്നയാള്‍ക്ക് കാണം ചാര്‍ത്തി ലഭിച്ചതും ഇട്ടിക്കോശിയില്‍നിന്ന് കറുപ്പത്ത് കേശവമേനോന് തീറെഴുതി ലഭിച്ചതുമായ എംപ്രസ്സ് വിക്ടോറിയ പ്രസ്സ് നിലനിന്നിരുന്ന സ്ഥലം. അതോടൊപ്പം കല്ലിങ്ങല്‍ തറവാട്ടിലെ ഒരു കുട്ടിയാനില്‍ നിന്ന് വിഛല്‍റാവു എന്ന ആള്‍ കാരായ്മയ്ക്ക് എടുത്ത സ്ഥലവും വിക്ടോറിയ പ്രസിന്റെ ചെറിയ കെട്ടിടവും അച്ചുകൂടവും. തൊട്ടടുത്തുള്ള വിദ്യാവിലാസം പവര്‍പ്രസിലെ പടുകിഴവന്‍ സിലിണ്ടര്‍ പ്രസ്സ്. പിരിച്ചെടുത്ത അല്‍പ്പം മൂലധനം കൊണ്ട് ഇവയൊക്കെ വാങ്ങി. കെ പി കേശവമേനോന് പത്രാധിപസ്ഥാനം. കെ മാധവന്‍ നായര്‍ക്ക് മാനേജര്‍ സ്ഥാനം. കുറൂര്‍ നമ്പൂതിരിപ്പാട്, അമ്പലക്കാട് കരുണാകരമേനോന്‍, ടി പി സി കിടാവ് തുടങ്ങിയവരുടെ പ്രതിഭാവിലാസം. ഗാന്ധിജിയുടെ ജയില്‍വാസത്തിന് ഒരാണ്ട് തികയുന്ന വേളയില്‍ മാതൃഭൂമി പത്രം പിറന്നു.
കേളപ്പന്‍ ആ അക്ഷരമുറ്റത്തെ നിത്യസന്ദര്‍ശകനായി. വഴിമാറിപ്പോകുന്ന സമരരീതികള്‍ക്ക് ഈ പിറവി ഒരു ചൂണ്ടുപലകയാവും. നാടിന് ഇതൊരു വെളിച്ചമാവും. കാര്‍മേഘപടലങ്ങള്‍ക്കിടയില്‍ തെളിയുന്നൊരു സൂര്യന്‍. കേളപ്പന്‍ പ്രതീക്ഷാഭരിതനായി.
മാതൃഭൂമി പത്രം ആദ്യമായി കയ്യില്‍ കിട്ടിയപ്പോള്‍ വേലായുധന്‍ അരീക്കോട് കോണ്‍ഗ്രസ് ഓഫീസിലിരുന്ന് അത് തൊട്ടു നെഞ്ചില്‍ വച്ചു കണ്ണടച്ചു. പിന്നെ കണ്ണുതുറന്ന് അക്ഷരങ്ങളിലൂടെ ഒരു യാത്ര നടത്തി.
പത്രം പിറന്നതിനു ഉത്സാഹം മങ്ങുംമുമ്പ് ഇരട്ടിമധുരം പോലെ അമ്മാളു ഒരു ഉണ്ണിക്ക് ജന്മം കൊടുത്തു. സഹനസമരങ്ങളുടെ ഭൂമികയിലേക്ക് ഒരു ഉണ്ണിക്കിടാവ്. അവര്‍ സ്‌നേഹാര്‍ദ്രമായി നോക്കിയും കൈകാലിട്ടടിച്ചും പിതാവിനെ പിന്നിട്ട കാലത്തിലെ വേദനകള്‍ മറക്കാന്‍ പഠിപ്പിച്ചു.
പക്ഷേ പിറവിയുടെ പതിനെട്ടാം ദിനം, അവന്റെ അമ്മ അവന്റെ അച്ഛനില്‍ സങ്കടത്തിന്റെ പേമാരി പെയ്യിച്ചു കടന്നുപോയി. അസഹനീയമായ വയറുവേദനയില്‍ പിടഞ്ഞ്, നിസ്സഹായനായി കണ്ണീരൊഴുക്കുന്ന പ്രിയതമന്റെ മടിയില്‍ കിടന്ന് അവള്‍ കണ്ണടച്ചു.
അപ്പോള്‍ പടിഞ്ഞാറു നിന്നെത്തിയ കാറ്റ് മൂളിയത് ഇങ്ങനെയായിരുന്നു.
ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം
പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ
പൂര്‍ണ്ണമേവാവശിഷ്യതേ
എല്ലാം പരിപൂര്‍ണ്ണമായ ഉണ്മയാണ്. അതില്‍ നിന്ന് എന്തിനെയാണ് എടുത്ത് മാറ്റാന്‍ കഴിയുക. എത്രയെടുത്താലും വീണ്ടും അവശേഷിക്കുന്ന ഉണ്മ. പിന്നെയെന്തിനെയോര്‍ത്താണ് നമ്മുടെ ദുഃഖം?
ശോകനാശിനിയുടെ വടക്കേക്കരയിലെ ആല്‍മരത്തണലിലിരിക്കുന്ന കാഷായധാരി വാചാലനായി. ഗുരുമഠത്തിന്റെ പായല്‍ കെട്ടിയ കല്‍ച്ചുമരുകളില്‍ ശാരികപ്പൈതലിന്റെ പച്ചപ്പ്. ശിഷ്യര്‍ക്കിടയില്‍ വേലായുധന്‍ ജാഗ്രതയോടെ കാതുകൂര്‍പ്പിച്ചു. ചിറ്റൂര്‍ കൊച്ചിശ്ശീമ കിളിപ്പാട്ടിന്റെ ഈണത്തിലാണ് എല്ലാം കേള്‍ക്കുക, പറയുക, പാടുക.
ലഹളകളില്‍ വന്ന നഷ്ടങ്ങള്‍ അറിവുകള്‍ കൊണ്ട് നികത്താനെത്തിയവര്‍, മുറിപ്പാടുകളുടെ വേദനകള്‍ക്ക് ഉപദേശങ്ങളാല്‍ ശമനമുണ്ടാക്കാന്‍ വന്നവര്‍ വേലായുധനെപ്പോലെ ഒരുപാടുണ്ട് ചുറ്റിലും.
ഇനിയും പൊറുതി ഒരിടത്തുറപ്പിക്കാത്ത യാത്രയില്‍ കുറച്ചു ദിവസങ്ങളായി ഇവിടെയാണ് വേലായുധന്റെ അന്തിയുറക്കം. ഇടയ്ക്ക് വരികയും പോകുകയും ചെയ്യുന്ന ഇതുപോലുള്ള സംന്യാസിമാര്‍ക്ക് ചെവികൊടുത്ത്, ധര്‍മ്മോപദേശങ്ങളില്‍ സാന്ത്വനം കണ്ടെത്തി ഇങ്ങനെ.
എല്ലാം ഒന്നില്‍ നിന്ന് പിറവിയെടുത്തു. ഒന്നിന്റെ തന്നെ വിവിധ രൂപങ്ങള്‍ ചമഞ്ഞു. ഒന്നിനെ തന്നെ പലതെന്നു കാണുന്ന ലോകം. അപ്പോള്‍ കലാപങ്ങളുടെ അര്‍ത്ഥമെന്ത്? പോരടികളുടെ കാര്യമെന്ത്? ഉച്ചനീചത്വങ്ങള്‍ അപ്പോള്‍ പ്രകൃതിയുടെ സൃഷ്ടിയല്ല മനുഷ്യന്റേത് തന്നെ.
ഇരുകാളകളും ഒരേ ശക്തിയില്‍ ഇടംവലം നിന്ന് തന്നെയും വണ്ടിയേയും വലിക്കുന്നത് നോക്കി വേലായുധന്‍ ചിന്തകളെ പറത്തി. രണ്ടില്ല, രണ്ട് എന്ന് തോന്നുന്നതേയുള്ളൂ. താലൂക്ക് അയിത്തോച്ചാടന കമ്മിറ്റി നാളെ കൂടേണ്ടതുണ്ട്. തന്റെ തലയിലാണ് അതിന്റെ ചുമതല. കേളപ്പനാണ് കമ്മിറ്റിയുടെ സംസ്ഥാനതല കണ്‍വീനര്‍. അദ്ദേഹം വരാമെന്ന് ഏറ്റിട്ടുണ്ട്. വേലായുധന്‍ ആവേശഭരിതനായി.
മലപ്പുറത്തെ കോണ്‍ഗ്രസ് ആപ്പീസിലായിരുന്നു അന്നത്തെ ഉറക്കം. കേളപ്പജി വരുന്ന മീറ്റിംഗാണ്. ആള് കൂടിയില്ലെങ്കില്‍ ബേജാറാണ്. അലങ്കാരത്തിന് വന്ന രൈരു നായര്‍ സമാധാനിപ്പിച്ചു. ‘ആളു വരുംന്ന്’
‘അതല്ല, അയിത്തോച്ചാടനംന്നൊക്കെ പറയുമ്പോള്‍ എല്ലാര്‍ക്കും താല്‍പര്യം ഉണ്ടാവൂലല്ലോ. അതാ വേവലാതി’
വേവലാതി അസ്ഥാനത്തായിരുന്നു എന്ന് യോഗത്തിന്റെ തുടക്കത്തിന് മുന്‍പേ ബോധ്യമായിരുന്നു. പ്രതീക്ഷിച്ചതിനപ്പുറത്ത് ആളെത്തിയിട്ടുണ്ട്. നമ്പൂരിയും നായരും തീയ്യരും കണിശനും ഒക്കെയുണ്ട്. ആ ആശ്വാസത്തെ കറുപ്പിച്ചുകൊണ്ട് ഒരറിവ് വേലായുധനിലെത്തി. യോഗം ഉദ്ഘാടനത്തിന് എത്തിയിരിക്കുന്നത് കേളപ്പനല്ല.
യോഗം ഗംഭീരമായി. ഉദ്ഘാടനം നടത്തിയ വ്യക്തിയെ ആദ്യമായി കാണുകയാണ്. കെ വേലായുധമേനോന്‍ എന്ന് ചില നേതാക്കള്‍ അദ്ദേഹത്തെ പരിചയപ്പെടുത്തി.
കേളപ്പന്‍ വൈക്കത്താണത്രേ ഉള്ളത്. പ്രധാനപ്പെട്ട ചില സമരപരിപാടികള്‍ അവിടെ ആസൂത്രണം ചെയ്തിട്ടുണ്ട്. താനും വൈക്കത്തേക്കാണെന്ന് പറഞ്ഞാണ് യോഗാനന്തരം വേലായുധമേനോന്‍ പോയത്.
വൈക്കം. ദക്ഷിണകൈലാസമായ വൈയ്യാഘ്രപുരം. മണ്ണില്‍ വ്യാഘ്രപാദമഹര്‍ഷിയുടെ ശിവദര്‍ശന സൗഭാഗ്യത്തിന്റെ ഓര്‍മ്മസൂക്ഷിപ്പുകള്‍. പ്രഭാതത്തില്‍ ജ്ഞാനപ്രദനായ ദക്ഷിണാമൂര്‍ത്തിയായും മധ്യാഹ്നത്തില്‍ അര്‍ജുനന്റെ അഹന്തകള്‍ തീര്‍ത്ത കിരാതനായും സായന്തനത്തില്‍ ഭാര്യാസമേതനായ മംഗളരൂപനായും വൈക്കത്തപ്പന്റെ പകര്‍ന്നാട്ടം. വേമ്പനാട്ടുകായലിന്റെ പൂര്‍വ്വതീരത്ത് ദേവനിരിക്കുന്ന ക്ഷേത്രാങ്കണത്തിലേക്കുള്ള പൊതുവഴിയില്‍ തൊലിനിറം നോക്കി മാത്രമേ പ്രവേശനമുള്ളൂ എന്നത് ആരുടെ വിളയാട്ടം? ആരുടേതായാലും അതവസാനിപ്പിക്കാന്‍ ചിലര്‍ തീരുമാനിച്ചിരിക്കുന്നു.
സഹകരണത്യാഗം ഉപേക്ഷിച്ച പ്രസ്ഥാനത്തിന് കാക്കനാഡ സമ്മേളനത്തില്‍ ഗാന്ധി നല്‍കിയ പുതിയ സമരമാര്‍ഗ്ഗം. ജാതിവാദത്തിന്റെയും യാഥാസ്ഥിതികത്വത്തിന്റെയും നെടുങ്കോട്ടകള്‍ക്കു നേരെ പുതിയൊരു മുന്നേറ്റം. ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇല്ലാത്ത വിലക്ക് ഹിന്ദുക്കള്‍ക്കിടയിലെ ചിലര്‍ക്കോ? ടി കെ മാധവനും കെ പി കേശവമേനോനും അസ്പൃശ്യതാ നിര്‍മാര്‍ജ്ജനത്തിന് കച്ചകെട്ടിയിറങ്ങിക്കഴിഞ്ഞു.
ശിവരാത്രി കഴിഞ്ഞു.
വൈക്കത്ത് സമ്മേളനം നടന്നു. നിരോധിത മേഖലയില്‍ അവര്‍ണ്ണരുടെ ജാഥ. അയിത്തം ആചാരമാണെന്ന് വാദിച്ചവര്‍ക്ക്‌നേരെ ഒരു മുന്നേറ്റം. നിരോധനാജ്ഞകൊണ്ട് ഈ മഹാമുന്നേറ്റത്തെ തകര്‍ക്കാന്‍ അധികൃതര്‍ ശ്രമിച്ചു. സമരസമിതി അടവുമാറ്റി. വിഭിന്ന ജാതിക്കാരായ മൂന്ന്‌പേര്‍ വീതം ഓരോ ദിവസമായി വിലക്കുള്ള വഴികളിലൂടെ നടക്കും.
പുലയനായ കുഞ്ഞാപ്പിയും ഈഴവനായ ബാഹുലേയനും നായരായ ഗോവിന്ദപ്പണിക്കരും അതില്‍ ആദ്യത്തെ യാത്രികരായി. വൈകുന്നേരങ്ങളില്‍ അറസ്റ്റ്. അറസ്റ്റില്‍ പ്രതിഷേധിച്ച് പൊതുസമ്മേളനം. ഏതാനും ദിവസങ്ങള്‍ വൈക്കത്തെ സ്ഥിതി ഇതായി.
ചര്‍ച്ച പരാജയപ്പെട്ടപ്പോള്‍ സത്യാഗ്രഹം തുടങ്ങി. ടി കെ മാധവനും കെ പി കേശവമേനോനും അറസ്റ്റ് വരിച്ചു.
കാര്യങ്ങളറിഞ്ഞപ്പോള്‍ വേലായുധന് ഇരിക്കപ്പൊറുതിയില്ലാതായി. വൈക്കത്തേക്ക് പോണം.
‘കഴിയോടാ പോത്തുകളേ നടക്കാന്‍, കുറെ നാഴിക നടക്കാന്ണ്ട്’.
കാളകള്‍ കഴിയുമെന്ന് തലയാട്ടി. വേലായുധന്‍ ആ തലയാട്ടലില്‍ ആവേശഭരിതനായി. രാമന്‍കുട്ടിയുടെ ഹോട്ടലില്‍നിന്ന് ഉച്ചയൂണ് കഴിച്ചയുടന്‍ ഒരുദിനം അയാള്‍ പുറപ്പെട്ടു.
കലാപത്തിന്റെ ഓര്‍മ്മകള്‍ കെട്ടടങ്ങിയിട്ടില്ലാത്ത മണ്ണിലൂടെ ചക്രങ്ങള്‍ ഉരുണ്ടു. ആ ഉരുളല്‍ വലിയൊരു സമരത്തിന്റെ തീച്ചൂളയിലേക്കാണ്. സമരവേദിയിലേക്കെത്താന്‍ വെമ്പുന്ന ഹൃദയത്തെ കണ്ട് വൈക്കത്തപ്പന്‍ വിളിച്ചു. വരിക, നിറങ്ങള്‍ നോക്കിയുള്ള വേര്‍തിരിവുകള്‍ മായ്ക്കാന്‍ എനിക്കൊരു മനുഷ്യസ്‌നേഹിയെ വേണം. ആ വിളിയില്‍ അയാള്‍ ഉത്സാഹഭരിതനായി.
‘നട നടോ നട…’ അയാള്‍ കാളകളിലേക്ക് ആ ഉത്സാഹം പകര്‍ന്നു. ആ ഉത്സാഹത്താല്‍ കാളകള്‍ വേലായുധനെ സന്ധ്യപരക്കുംമുമ്പ് കൊടുങ്ങല്ലൂരെത്തിച്ചു. പെരിയാറിന്റെ ഓളങ്ങളില്‍ സൂര്യന്‍ ചുവപ്പ്ചായം വിതറി. അറബി ഈണവുമായെത്തിയ അതിഥികള്‍ക്ക് ഇരുകൈ നീട്ടി നല്‍കിയ സ്‌നേഹത്തിന്റെ ഓര്‍മ്മ കായല്‍ ശകലങ്ങളില്‍ തളംകെട്ടിനിന്നു. ശറഫു ബ്‌നു മാലിക് കുടുംബസമേതം വന്നിറങ്ങിയതിന്റെ ഓര്‍മ്മകളാണ് തീരത്തിനാകെ. ചരിത്രവഴിയിലെ വാണിജ്യസങ്കേതമായ മുസിരിസ്. തെന്നിന്ത്യവാണ ചേരസാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയിലില്‍ വേലായുധന്‍ അല്‍പസമയം നിന്നു.
‘ഇന്നിനി മതി. യാത്ര നാളെയാവാം എന്താ?’ കാളകള്‍ അതിനും സമ്മതം മൂളി.
ലക്ഷ്യത്തിലേക്കുള്ള ആവേശഭരിതമായ പോക്കിന് കടിഞ്ഞാണിട്ടതാരാണ്? തന്നെ ചരിത്രഗതികളുടെ ഈ മണ്ണിലേക്കിപ്പോള്‍ ചേര്‍ത്തുനിര്‍ത്തുന്നതാരാണ്? പൗരാണികതയുടെ സ്പര്‍ശമുള്ള ഓരോ മണ്ണും തന്നെ അത്രമാത്രം ആകര്‍ഷിക്കത്തക്ക വിധമുള്ള ഈ വലിവ് പൂര്‍വ്വജന്മാര്‍ജ്ജിതമായിരിക്കുമോ? ആയിരിക്കാം.
പെരുമാളിന്റെ മണ്ണേ ഞാനിന്നിവിടെ അന്തിമയങ്ങട്ടെ.
ഇരുട്ടും വെളിച്ചവും ഇടകലര്‍ന്നു നില്‍ക്കുന്ന നിരത്തിലൂടെ നടന്നുവരുന്ന മധ്യവയസ്‌കനോട് ചോദിച്ചു.
‘ഇവിടുത്തെ കോണ്‍ഗ്രസ് ആപ്പീസ് എവിടെയാ?’
ആപ്പീസിലെത്തിയപ്പോള്‍ രണ്ടു പേരുണ്ട്. പരിചയപ്പെടുത്തി. കാര്യം പറഞ്ഞു.
‘ഈ സമയത്തെത്തിയത് നന്നായി. ഞങ്ങള്‍ ആപ്പീസ് പൂട്ടി ഇറങ്ങാനിരിക്കുവായിരുന്നു’.
അല്പസമയം കഴിഞ്ഞ് ചര്‍ച്ച. ഖിലാഫത്തിന്റെ വഴി തെറ്റിപ്പോക്ക്, ഉത്തരേന്ത്യയിലേക്കും പടര്‍ന്ന മതവര്‍ഗീയ കലാപങ്ങള്‍, സ്വാമി ശ്രദ്ധാനന്ദന്റെ കലാപവിരുദ്ധ വിമര്‍ശനങ്ങള്‍.
പറയുന്നതൊക്കെ ശരിയാണ്. സമരങ്ങള്‍ക്ക് മതത്തെ കൂട്ടുപിടിച്ചതെന്തിന്?
സംസാരശേഷം ഇറങ്ങിപ്പോകുന്നതിനിടയില്‍ അവരിലൊരാള്‍ പറഞ്ഞു.
‘വൈക്കത്ത് ഇന്ന് വൈകുന്നേരം എ കെ പിള്ള, വേലായുധമേനോന്‍, കേളപ്പന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്രേ. നാളെ ഇനി ആരായിരിക്കും?’
വേലായുധന്‍ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് അയാളോട് ചോദിച്ചു. ‘ആരൊക്കെയാ?’
അയാള്‍ ആ മൂന്ന് പേരുകളും ഒരിക്കല്‍ കൂടി പറഞ്ഞു. വേലായുധന്‍ അവിടെത്തന്നെയിരുന്നു. അവര്‍ നടന്നു പോകുന്നതിനിടയില്‍ ‘ശ്ശെ’ എന്നൊരു ശബ്ദം മാത്രം പുറത്തേക്ക് വന്നു. പുറത്ത് ഇരുട്ടില്‍ കടലിരമ്പം.
ഉള്ളില്‍ പോയി വാതിലടച്ച് മൂലയ്ക്ക് ചാരി വെച്ചിരുന്ന പുല്‍പ്പായ നിവര്‍ത്തി അതില്‍ കിടന്നു. പാനീസിന്റെ വെട്ടം കെടുത്തി ആത്മഗതം പറഞ്ഞു. ‘നാളെ രാവിലെ മടങ്ങി പോകാം’.
അതിരാവിലെത്തന്നെ കാളകളെ വിളിച്ചുണര്‍ത്തി മടക്കയാത്ര തുടങ്ങി. രാത്രിയുറക്കം സുഖകരമല്ലാതിരുന്നതിന്റെ അസ്വസ്ഥത കോട്ടുവാരൂപത്തില്‍ ഇടയ്ക്കിടെ ഉയര്‍ന്നുവന്നു. കനോലി കനാലിലേക്ക് ആകാശരശ്മികള്‍ വന്നു പതിക്കുന്നതേയുള്ളൂ. കൈപ്പമംഗലവും വലപ്പാടുമൊക്കെ പാതി വെളിച്ചത്തില്‍ത്തന്നെയാണ് കണ്ടത്. തൃപ്രയാറെത്തിയപ്പോള്‍ കരുവണ്ണൂര്‍ പുഴയിലേക്ക് കിഴക്കുനിന്നും വെട്ടം അടര്‍ന്നു വീഴുന്നത് കണ്ടു. രാത്രി ചാറിയ വേനല്‍മഴയില്‍ നനഞ്ഞു കിടന്ന നിരത്തും വയലുകളും നറുവെളിച്ചത്തില്‍ തിളങ്ങി നിന്നു. ചേറ്റുവത്തടാകം കടക്കുമ്പോഴേക്കും വയറിനകത്ത് കാളല്‍. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതാണ്. അതില്‍പ്പിന്നെ ഭക്ഷണകാര്യം ഓര്‍ത്തതേയില്ല.
‘നിങ്ങള് പുല്ലുതിന്നുമ്പം ഓര്‍ത്തോടാ ന്റെ വയറിന്റെ കാര്യം?’ കാളകള്‍ അത് കേട്ട് ചിരിച്ചു കാണണം.
പട്ടാമ്പിയില്‍ എത്തുമ്പോഴേക്കും വെയില്‍ ശക്തിയാര്‍ജ്ജിച്ചിരുന്നു. പുറത്ത് സൂര്യാഗ്‌നി, അകത്ത് ജഠരാഗ്‌നി. വഴിയരികിലുള്ള മാവിന്‍ചോട്ടിലേക്ക് വണ്ടിയൊതുക്കി. വണ്ടിയിലിരുന്നുതന്നെ മാവില ഒന്ന് എത്തിപ്പറിച്ച് ചുരുട്ടി പല്ലുതേപ്പ് തുടങ്ങി.
വലതുവശത്തു കണ്ട ഇടവഴിയിലൂടെ നടന്നു. ഇടവഴിക്കപ്പുറം ഭാരതപ്പുഴയുടെ തുറസ്സ്. മണല്‍പ്പരപ്പില്‍ വിരിച്ചു വെച്ചിരിക്കുന്ന നീലച്ചേലപോലെ ജലപ്പരപ്പ്. ചരിത്രകഥകളുടെ നീരൊഴുക്ക്. കാലവും ദേശവും കടന്ന് നിള പടര്‍ന്നിറങ്ങുന്നു.
ഒന്ന് മുങ്ങി നിവര്‍ന്നു. തോര്‍ത്തുമുണ്ടിനാല്‍ തല തുടച്ച് മുണ്ടും ജുബ്ബയും പിഴിഞ്ഞെടുത്തു. മണലില്‍ വിരിച്ചിട്ടു. വളരെ വേഗം ഉണങ്ങിക്കിട്ടിയ അവയെടുത്ത് വീണ്ടും ധരിച്ച് നടന്നു.
‘എവിടേങ്കിലും ഹോട്ടല് കണ്ടാല്‍ നില്‍ക്കണം ട്ടാ’. വണ്ടിയില്‍ കയറി കാളകളെ നടത്തിക്കുന്നതിനിടയില്‍ വേലായുധന്‍ അവയോട് പറഞ്ഞു. വിശപ്പിനോടുള്ള തന്റെ സഹനശക്തി പരീക്ഷിക്കാനെന്നവണ്ണം വയലുകള്‍ ഇരുപുറവും വിശാലമായി പരന്നു കിടന്നു. കുളി കഴിഞ്ഞിട്ടിപ്പോള്‍ അരമണിക്കൂറെങ്കിലും പിന്നിട്ടു കഴിഞ്ഞിരിക്കണം.
(തുടരും)
Comments