വീര ഭഗത് സിംഗിന്റെ സഹോദര പുത്രനും ഉത്തര്‍പ്രദേശിലെ മണ്‍മറഞ്ഞ സ്വാതന്ത്ര്യ സമര സേനാനികളുടെ ആശ്രിതരുടെ സംഘടനയുടെ സംസ്ഥാന അധ്യക്ഷനുമായ കിരണ്‍ജിത് സിംഗ് കേസരി വാരികയ്ക്കു നല്‍കിയ അഭിമുഖം. നേതാജിയുടെ ഐ.എന്‍.എ ഭടനായിരുന്ന കോഴിക്കോട്ടെ നെല്ലിക്കോട് സ്വദേശി ഷഹീദെ ഹിന്ദ് ടി.പി. കുമാരന്‍ നായരുടെ 75-ാ മത് ബലിദാനദിന അനുസ്മരണ പ്രഭാഷണത്തിന് കോഴിക്കോട്ട് എത്തിയതായിരുന്നു അദ്ദേഹം.
രാഷ്ട്രം വീര്‍ ഭഗത് സിംഗിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് പറയുമ്പോഴും, പുതുലമുറ എത്രത്തോളം അദ്ദേഹത്തെ മനസ്സിലാക്കുന്നുണ്ട് ?
ഭാരതീയ യുവത്വത്തെ ഉണര്‍ത്താന്‍ അത്യുദാത്തമായ ത്യാഗം വരിച്ച ഭഗത് സിംഗിന് രാജ്യത്തിന് നല്‍കാനുള്ള ഏറ്റവും വലിയ മാതൃക അദ്ദേഹത്തിന്റെ മാതൃരാജ്യത്തോടുള്ള കൂറ് തന്നെയാണ്. അതിനാല്‍ പുതുതലമുറ തീര്‍ച്ചയായും ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നതില്‍ സംശയമില്ല. അവര്‍ക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല.
രാഷ്ട്രം ഭഗത് സിംഗിനെ ഉചിതമായ രീതിയില്‍ ആദരിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നുണ്ടൊ?
2007 ല്‍ കേന്ദ്രസര്‍ക്കാര്‍ ഞങ്ങളുടെ കുടുംബ സ്മാരകത്തിന് ഫണ്ട് നല്‍കിയിരുന്നു. ഫിറോസ്പൂരില്‍ പഞ്ചാബ് സര്‍ക്കാരും ബി.എസ്.എഫും ഒന്നിച്ചാണ് ഇന്ത്യ – പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ രാജ്ഗുരു – ഭഗത് സിഗ്- സുഖ്‌ദേവ് സ്മാരകത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.
കഴിഞ്ഞ 60 വര്‍ഷമായി ഒരു പ്രത്യേക കുടുംബത്തെ പ്രോല്‍സാഹിപ്പിക്കുന്ന സര്‍ക്കാര്‍ ഭഗത് സിംഗിന്റെ മാതൃരാജ്യത്തോടുള്ള അണയാത്ത കൂറിനെ കണ്ടില്ലെന്ന് നടിക്കുകയല്ലേ?
രാജ്യം എല്ലാ ബലിദാനികള്‍ക്കും കടപ്പെട്ടിരിക്കുകയാണ്. ദൗര്‍ഭാഗ്യവശാല്‍ കഴിഞ്ഞ 60 വര്‍ഷമായി എല്ലാ സര്‍ക്കാരും ഒരു പ്രത്യേക കുടുംബത്തെ പ്രോല്‍സാഹിപ്പിക്കുകയാണ്. അതേസമയം ഇതുപോലെ പോരാടിയ സ്വാതന്ത്ര്യസമര പോരാളികളെ അവഗണിക്കുകയുമാണ്.
ഭഗത് സിംഗിന്റെ ജീവിതസന്ദേശം പുതുതലമുറയ്ക്ക് എത്രത്തോളം പ്രേരണയാവുന്നുണ്ട്?
ഭഗത് സിംഗിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സന്ദേശം. ഇത് ഫലപ്രദമാക്കാന്‍ സര്‍ക്കാര്‍ ഇനിയും ശ്രദ്ധിക്കേണ്ടതുണ്ട്.

തായാട്ട് ബാലനോടൊപ്പം കിരണ്‍ജിത് സിംഗ്
ഭഗത് സിംഗിന്റെ അമ്മ വേദവതിയെ പഞ്ചാബി മാതയായി അംഗീകരിച്ചത് വലിയൊരു അംഗീകാരമല്ലേ?
രാജ്യം 25 വര്‍ഷമെടുത്തു ഭഗത്‌സിംഗിന്റെ അമ്മ വിദ്യാവതിയെ പഞ്ചാബി മാതയായി പ്രഖ്യാപിക്കാന്‍. ബാദല്‍ – ടണ്ഠന്‍ മന്ത്രിസഭ വരേണ്ടിവന്നു. 60 വര്‍ഷമെടുത്തു പാര്‍ലമെന്റില്‍ ഭഗത് സിംഗിന്റെ പ്രതിമ സ്ഥാപിക്കാന്‍.
എന്തുകൊണ്ടാണ് പാകിസ്ഥാന്‍ ഭഗത് സിംഗിനോട് പ്രത്യേക മമത കാണിക്കുന്നത്? അവിഭക്ത ഭാരത ചരിത്രം ഒന്നാണെന്ന ബോധ്യമല്ലേ അതിനു കാരണം ?
അദ്ദേഹത്തെ തൂക്കിലേറ്റിയത് ലാഹോര്‍ സെന്‍ട്രല്‍ ജയിലിലാണ്. അവര്‍ക്ക് ചരിത്രത്തെ മറച്ച് വെക്കാനാവില്ല. അദ്ദേഹത്തിനും അനുയായികള്‍ക്കും കാര്യമായ സ്മാരകങ്ങളൊന്നും ഇതുവരെയുണ്ടാക്കിയിട്ടില്ല. പാകിസ്ഥാനില്‍ ഭഗത് സിംഗിന് അനവധി ആരാധകരുണ്ട്. മണ്ണിന്റെ മകനെന്ന നിലയില്‍ അവരും ആരാധിക്കുന്നു. കാരണം അദ്ദേഹത്തിന്റെ ജന്മദേശം അവിഭക്ത പഞ്ചാബിലെ ഫയിസല്‍ബാദ് എന്ന ലയാല്‍പൂരിലാണ്. പാകിസ്ഥാന്റെ ക്ഷണപ്രകാരം ഞാന്‍ അവിടെ സന്ദര്‍ശിച്ചപ്പോള്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. അവര്‍ ചരിത്രത്തില്‍ ഇടംപിടിക്കാന്‍ ഏറെ പാടുപെടുന്നുണ്ട്.
താങ്കളും ഭഗത് സിംഗിന്റെ കുടുംബവും പ്രത്യേക സ്മാരകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടല്ലോ?
ഞങ്ങളുടെ കുടുംബം സ്വന്തമായി മ്യൂസിയവും ഹാളും പ്രതിമയും ഉത്തര്‍പ്രദേശിലെ ഞങ്ങളുടെ കുടുംബ ഗ്രാമത്തില്‍ 1963 ല്‍ തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഞങ്ങളുടെ മൂന്ന് തലമുറയാണ് സ്വാതന്ത്ര്യത്തിനായി പോരാടിയത്. അതൊരു മഹാഭാഗ്യമായി മുത്തശ്ശി പറയാറുണ്ടായിരുന്നു.

ഇന്ത്യന്‍ പാര്‍ലമെന്റിലെയും ലാഹോറിലെയും ഭഗത് സിംഗിന്റെ വീരകഥകള്‍ എത്രത്തോളം ഇന്ന് സ്മരിക്കപ്പെടുന്നുണ്ട്?
തീര്‍ച്ചയായും. അതുകൊണ്ടു തന്നെയാണ് ബാദല്‍ സര്‍ക്കാര്‍ അമ്മയെ പഞ്ചാബി മാതയായി പ്രഖ്യാപിച്ചത്.
ഇന്ന് അദ്ദേഹത്തിന്റെ വിപ്ലവം നീണാള്‍ വാഴട്ടെയെന്ന മുദ്രാവാക്യം ഇടത് പക്ഷം കൊണ്ടു നടക്കുന്നു?
ഭഗത് സിംഗ് അവസാനമായി ഇളയ സഹോദരന്‍ എസ്.കുല്‍ത്താര്‍ സിംഗിന് എഴുതിയ കത്തില്‍ ‘മനുഷ്യ ശരീരം ഒരു പിടി ചാരമാണ്. ഇത് നിലനില്ക്കുമൊയെന്നതിലല്ല പ്രധാന്യം, എന്റെ ആശയവും സന്ദേശവും അനശ്വരമാകുമെന്നും ഭാവിതലുറക്ക് അത് വെളിച്ചം വീശുമെന്നുള്ളതാണ്.’ എന്നാണ് എഴുതിയത്. ഇത് ജനങ്ങള്‍ ഒന്നടങ്കം ഏറ്റെടുക്കേണ്ടതാണ്. വെറും വാചക കസര്‍ത്തല്ല. ബോംബും വാളും കൊണ്ടല്ല പരിവര്‍ത്തനം വേണ്ടത്. ചിന്താ വിപ്ലവം നേടണമെന്നാണ് അദ്ദേഹം നല്‍കിയ മുദ്രാവാക്യത്തിന്റെ സന്ദേശം. നിരന്തര വായനയും എഴുതിയ കത്തുകളും ഇതാണ് സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഒരോ മുദ്രാവാക്യവും മാതൃരാജ്യത്തോടുള്ള തികഞ്ഞ കൂറായിരുന്നു.