പ്രപഞ്ചത്തിന്റെ കാര്യവും കാരണവുമായ ഏകചൈത്യനത്തെക്കുറിച്ച് ഭാരതീയ മഹര്‍ഷിമാര്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അവര്‍ അതിനെ ബ്രഹ്മം എന്നു വിളിച്ചു. ബ്രഹ്മം നിര്‍ഗ്ഗുണനിരാകാരമാണെങ്കിലും സ്വന്തം ഇച്ഛയാല്‍ സഗുണസാകാരമായി പല രൂപങ്ങളില്‍ പ്രതിഭാസിച്ചുകൊണ്ടിരിക്കുന്നു. സത്യം, ജ്ഞാനം, അനന്തം, സത്ചിത് ആനന്ദം, സത്യം, ശിവം, സുന്ദരം എന്നിങ്ങനെ ബ്രഹ്മം പ്രകീര്‍ത്തിക്കപ്പെടുന്നു. സംസ്‌കൃത വഴിക്ക് ഉപനിഷത്തുകള്‍, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നിങ്ങനെയുള്ള ആര്‍ഷഗ്രന്ഥങ്ങള്‍ ബ്രഹ്മത്തെ നിര്‍വ്വചിക്കുകയും വിവരിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് ദക്ഷിണഭാരതത്തില്‍ ഒരു തമിഴ് വഴി കൂടിക്കാണാം. അറുപത്തിമൂവര്‍ നായനാര്‍മാര്‍, പതിനെട്ടു സിദ്ധന്മാര്‍ തുടങ്ങിയ മാമുനിമാരിലൂടെ സമ്പുഷ്ടമായ ശൈവസിദ്ധാന്തമാണിത്. ചേരനാടുള്‍പ്പെടെയുള്ള മുത്തമിഴ് സംസ്‌കൃതിയുടെ ഈ സദ്ഫലം ഇന്ന് തമിഴ് ഭാഷയുടേതായി ചുരുങ്ങിപ്പോയിട്ടുണ്ട്. സമീപകാലത്ത് ശ്രീവിദ്യാധിരാജ ഷണ്മുഖദാസ ചട്ടമ്പിസ്വാമികളാണ് മലയാളിയുടെ മറവിയുടെ മറനീക്കിയത്. ആ വിശിഷ്ടപാരമ്പര്യത്തിലെ ഒരു ഉപാസകന്റെ അതിവിശിഷ്ടഗ്രന്ഥമാണ് ശ്രീശിവമയം.
ശാന്തം ശിവം അദ്വൈതം, ശൈവസിദ്ധാന്തം, പഞ്ചാക്ഷരീമന്ത്രം, തീര്‍ത്ഥപാദ സമ്പ്രദായം വേദാന്തസിദ്ധാന്ത സമുച്ചയം എന്നിങ്ങനെ നാലദ്ധ്യായങ്ങളിലൂടെ ശുദ്ധതത്ത്വത്തെ ലളിതവും സംശയച്ഛേദിയുമായ വിധത്തില്‍ അവതരിപ്പിക്കുന്നുവെന്നതാണ് ഈ ഗ്രന്ഥത്തിന്റെ മഹിമ. ഫിസിക്‌സിലും ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സിലും ബിരുദാനന്തരബിരുദം നേടിയ ഹരികൃഷ്ണന്‍ ഹരിദാസ് സംസ്‌കൃതത്തിലും തമിഴിലുമുള്ള ആര്‍ഷവചനങ്ങളെ ഉദ്ധരിച്ചു വ്യാഖ്യാനിക്കുമ്പോള്‍ ഐന്‍സ്റ്റീന്‍, നീല്‍സ്‌ബോര്‍, ഹൈസന്‍ ബര്‍ഗ്ഗ് തുടങ്ങിയ ശാസ്ത്രജ്ഞരുടെ സിദ്ധാന്തങ്ങള്‍കൊണ്ട് അവയുടെ ആധികാരികതയും നിത്യനൂതനത്വവും കാട്ടിത്തരുന്നു. ശിവനടനത്തില്‍ നിന്ന് ക്വാണ്ടം ഫിസിക്‌സ് വായിച്ചെടുത്ത ഫ്രി ജോഫ് കാപ്രയുടെ ദര്‍ശനത്തെ പരിചയപ്പെടുത്തുന്നുമുണ്ട്. ഭൗതികശാസ്ത്രത്തിന്റെ ഉന്നതതലങ്ങളില്‍ വിഹരിക്കുന്ന ഈ സാധകന്റെ ഗ്രന്ഥം എല്ലാ ഭാരതീയ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെടേണ്ടതാണ്. ഇംഗ്ലീഷ് വഴി ആധുനിക ധൈഷണിലോകത്തിനും പ്രാപ്തമാക്കണം. ആധുനികകാലത്തെ ബ്രഹ്മവാദിനികളില്‍ പ്രമുഖയും പ്രഗത്ഭയും രസതന്ത്രം അദ്ധ്യാപികയുമായ ചിദ്‌വിലാസിനീ ദേവിയുടെ അവതാരിക ഈ ഗ്രന്ഥത്തിന് വിഭൂതിക്കുറി നല്‍കുന്നു. ഭാരതീയര്‍ക്ക് ആത്മചൈതന്യത്തെ തിരിച്ചറിയാനും ഇതരര്‍ക്ക് അതിന്റെ മഹത്ത്വം മനസ്സിലാക്കിക്കൊടുക്കാനുമുപകരിക്കുന്ന ഇത്തരം ഗ്രന്ഥങ്ങള്‍ ഹരികൃഷ്ണന്‍ ഹരിദാസില്‍ നിന്ന് ഇനിയും ഉണ്ടാകട്ടെ.
ശ്രീശിവമയം
ഹരികൃഷ്ണന്‍ ഹരിദാസ്
ശ്രീവിദ്യാധിരാജ ഗുരുകുലാശ്രമം,
അയിരൂര്‍
പേജ്: 124 വില: 150