കാലം കാത്തുവെച്ച ശിലാകാവ്യങ്ങള്‍
(യാത്രാക്കുറിപ്പുകള്‍)
എം.എം. മഞ്ജുഹാസന്‍
പഗോഡ ബുക്ക് ആര്‍ട്ട്, തൊടുപുഴ
പേജ്: 152 വില: 175 രൂപയാത്ര പോകുന്നതു പോലെ തന്നെ രസകരമാണ് യാത്രാക്കുറിപ്പുകള്‍ വായിക്കുന്നതും. മലയാളിയുടെ യാത്രയുമായി ബന്ധപ്പെട്ട അഭിരുചികള്‍ വളര്‍ത്തിയതില്‍ എസ്.കെ. പൊറ്റെക്കാടിനും സമുന്നതമായ സ്ഥാനമാണുള്ളത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സഞ്ചരിച്ച അദ്ദേഹം തന്റെ അനുഭവങ്ങള്‍ നിരവധി കൃതികളിലൂടെ മലയാളികള്‍ക്കു പകര്‍ന്നു നല്‍കി. മലയാളത്തിന്റെ സഞ്ചാരസാഹിത്യശാഖ ഇന്ന് വളരെ വിപുലപ്പെട്ടിരിക്കുന്നു. ഹിമാലയന്‍ യാത്രകളും ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു നടത്തിയ യാത്രകളും വിവരണരൂപത്തില്‍ ഇന്ന് നമുക്ക് വായിക്കാന്‍ കിട്ടും. ഈ കൂട്ടത്തിലേക്ക് ചേര്‍ക്കാന്‍ കഴിയുന്ന ശ്രദ്ധേയമായ ഒരു കൃതിയാണ് എം.എ. മഞ്ജുഹാസന്റെ കാലം കാത്തുവെച്ച ശിലാകാവ്യങ്ങള്‍.
ഭാരതത്തിലെ ഏറ്റവും മികച്ച ശി ല്പവേലകള്‍ ഉള്ളത് അജന്ത-എല്ലോറ ഗുഹകളിലാണല്ലോ. അവിടേയ്ക്കും മഹാരാഷ്ട്രയുടെ മറ്റു ഭാഗങ്ങളിലേയ്ക്കും ഗ്രന്ഥകാരന്‍ നടത്തിയ യാത്രയുടെ അനുഭവങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഛത്രപതി ശിവാജിയുടെ നേതൃത്വത്തില്‍ മറാത്താ സൈന്യം നടത്തിയ പടയോട്ടങ്ങളുടെ ഭാഗമായ സ്ഥലങ്ങള്‍, ശനീശ്വര ക്ഷേത്രം, ആഗാഖാന്‍ പാലസ്, സിംഹഗഢ്, ദേവഗിരിക്കോട്ട തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം നടത്തിയ യാത്രകള്‍ അതി മനോഹരമായി വിവരിച്ചിരിക്കുന്നു. പ്രശസ്ത കവി പി.നാരായണക്കുറുപ്പിന്റെ അവതാരിക പുസ്തകത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു. കളര്‍ ചിത്രങ്ങള്‍ ആര്‍ട്ട് പേപ്പറില്‍ തന്നെ അച്ചടിച്ചു ചേര്‍ത്തത് പുസ്തകത്തിന്റെ മാറ്റ് കൂട്ടിയിട്ടുണ്ട്.
സുദര്‍ശനം
(ശ്രീകൃഷ്ണ മാതൃകാകഥകള്‍)
ഡോ. അനില്‍കുമാര്‍ വടവാതൂര്‍
എസ്പിസിഎസ്, കോട്ടയം
പേജ്: 136 വില: 170
ഭാരതീയ സംസ്‌കാരത്തില്‍ സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ് ഭഗവാന്‍ ശ്രീകൃഷ്ണന്റെ സാന്നിദ്ധ്യവും സ്വാധീനവും. ദ്വാപരയുഗത്തിന്റെ ഒടുവിലാണ് ജീവിച്ചിരുന്നതെങ്കിലും കലിയുഗത്തിലും ജനങ്ങള്‍ക്ക് ധര്‍മ്മമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നതിന് പ്രേരണ നല്‍കുന്നത് മുഖ്യമായും ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെയാണ്. ശ്രീമഹാഭാഗവതവും ശ്രീമദ് ഭഗവദ്ഗീതയും നിത്യപാരായണം ചെയ്തുകൊണ്ട് ജനലക്ഷങ്ങള്‍ ആ ദിവ്യചൈതന്യത്തെ സ്വജീവിതത്തിലേക്ക് ആവാഹിക്കുന്നു.
സുദര്‍ശനം എന്ന ഡോ.അനില്‍കുമാര്‍ വടവാതൂരിന്റെ ഈ പുസ്തകത്തില്‍ ഭാഗവതത്തിലെയും മഹാഭാരതത്തിലെയും സുമൂഹൂര്‍ത്തങ്ങളില്‍ നിന്നു കണ്ടെടുത്ത ശ്രീകൃഷ്ണ മാതൃകാ കഥകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. യുക്തിഭദ്രമായ ശാസ്ത്രീയ വീക്ഷണം, പരിസരമലിനീകരണം തുടങ്ങി സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ അധികരിച്ച് തയ്യാറാക്കിയ ശ്രീകൃഷ്ണദര്‍ശനങ്ങളുടെ പൊരുള്‍ തേടുന്ന ശ്രദ്ധേയമായ പുസ്തകമാണിത്. ഓരോ കഥയുടെയും ഒടുവില്‍ ആ കഥയിലെ പൊരുള്‍ എടുത്തുകാണിക്കുന്നത് വായനക്കാര്‍ക്ക് അറിവും കാഴ്ചപ്പാടും ലഭിക്കാന്‍ സഹായിക്കുന്നു. കഥയോടൊപ്പം ചേര്‍ത്തിട്ടുള്ള ചിത്രങ്ങള്‍ ആകര്‍ഷകങ്ങളാണ്. ഭാഗവതവും മഹാഭാരതവും പോലുള്ള പ്രൗഢകൃതികള്‍ ഭാവിയില്‍ വായിക്കാനുള്ള പ്രേരണകുട്ടികള്‍ക്ക് നല്‍കുന്നതാണ് ഇതിലെ ഓരോ കഥയും.
അദ്ധ്യാത്മരാമായണം
(പുനരാഖ്യാനം)
രുഗ്മിണി എ. വാരിയര്‍
ക്രിയാറ്റിഫ് പബ്ലിഷേഴ്‌സ്, തൃശ്ശൂര്‍
പേജ്: 120 വില: 120 രൂപ
കര്‍ക്കിടക മാസത്തില്‍ രാമായണം വായിക്കുകയെന്ന ശീലം മലയാളികളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ലോകത്തില്‍ അനേകം ഭാഷകളില്‍ രാമായണമുണ്ടെങ്കിലും രാമായണപാരായണത്തിനുവേണ്ടി ഒരു മാസം നീക്കിവെച്ച ജനത വേറെ ഉണ്ടെന്നു തോന്നുന്നില്ല. മുതിര്‍ന്നവര്‍ ഈ മാസത്തില്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം വായിക്കുമ്പോള്‍ സ്വാഭാവികമായി ആ സം സ്‌കാരം കുട്ടികള്‍ക്കും പകര്‍ന്നുകിട്ടും. പക്ഷെ അവരെ പെട്ടെന്നുതന്നെ എഴുത്തച്ഛന്റെ രാമായണം വായിപ്പിക്കാന്‍ കഴിഞ്ഞെന്നുവരില്ല.
തുടക്കത്തില്‍ കുട്ടികളും രാമായണം വായിച്ചു ശീലമില്ലാത്ത മുതിര്‍ന്നവരും ഗദ്യത്തിലുള്ള രാമായണം വായിക്കുന്നതാണ് നല്ലത്. അതിനു പറ്റിയ തരത്തില്‍ രുഗ്മിണി എ.വാരിയര്‍ ലളിതമായ ഗദ്യത്തില്‍ പുനരാഖ്യാനം ചെയ്ത പുസ്തകമാണിത്. രാമായണത്തിന്റെ കഥ നന്നായി മനസ്സിലാക്കിയാല്‍ പിന്നെ, പാരായണം എളുപ്പവും ആസ്വാദ്യകരവുമാകും. അദ്ധ്യാത്മരാമായണത്തിന്റെ ആന്തര സൗന്ദര്യം ചോര്‍ന്നു പോകാതെയാണ് ഈ പുനരാഖ്യാനം നിര്‍വ്വഹിച്ചിട്ടുള്ളത്. ഇതിലൂടെ നമ്മുടെ ഭാഷയ്ക്കും സംസ്‌കാരത്തിനും തന്റേതായ സേവനം നല്‍കുകയാണ് ഗ്രന്ഥകാരി ചെയ്തിരിക്കുന്നത്.