മുള്ളിനെ മുള്ള് കൊണ്ടെടുക്കുക, കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കുക തുടങ്ങിയ നാടന്‍ പ്രയോഗങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത്. ആധുനികകാലത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി നാം വിശേഷിപ്പിക്കുന്ന കൊറോണ വൈറസിന്റെ കാര്യത്തിലും ഈ നാടന്‍ പ്രയോഗം തന്നെയാണ് ഏക പ്രതിവിധിയും. കോവിഡ് 19 എന്ന അതിമാരക പകര്‍ച്ചവ്യാധിയുടെ രംഗപ്രവേശം 2019 അവസാനത്തോടെയായിരുന്നുവെങ്കിലും പകച്ചുനിന്ന മാനവരാശിക്കുമുന്നില്‍ ലഭ്യമായ ശാസ്ത്രീയ അടിത്തറകളുടെ അടിസ്ഥാനത്തില്‍ പ്രതിരോധ മരുന്നിനായി ലോകമൊന്നടങ്കം നെട്ടോട്ടമോടുകയായിരുന്നു.
ചൈനയിലെ വുഹാനില്‍ നിന്നും ഭീതി വിതച്ചെത്തിയ കൊറോണ വൈറസിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നൊന്നായി നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് കേവലം ഒരു വര്‍ഷത്തിനുള്ളില്‍ ഭാരതമുള്‍പ്പെടെ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ഭാരതം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെയും (ICMR), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (NIV)യുടെയും സംയുക്ത സംരംഭത്തിലൂടെ ഭാരത് ബയോടെക്കാണ് ഉത്പാദിപ്പിക്കുന്നത്. രോഗാണുവിനെ തിരിച്ചറിഞ്ഞ ശേഷം കുറഞ്ഞത് നാല് വര്‍ഷമെങ്കിലും വിവിധ പരീക്ഷണ – പരിശോധന – വികസന ഘട്ടങ്ങള്‍ക്കായി വേണ്ടിടത്താണ് കേവലം നാലിലൊന്ന് സമയം കൊണ്ട് 25800 ലധികം പേരില്‍ അന്തിമഘട്ട ട്രയല്‍ നടത്തി ഭാരതം തദ്ദേശീയമായി കോവിഡിനെതിരെ ആശ്വാസമെന്നോണം ഫലപ്രദമായ കോവാക്‌സിന്‍ വികസിപ്പിച്ചത്.
ഇതേ സമയംതന്നെ മഹാരാഷ്ട്രയിലെ പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (SII), സി.ഇ.ഒ. അഡാര്‍ പൂനാവാലയുടെ നേതൃത്വത്തില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് കോവിഷീല്‍ഡ് എന്ന മറ്റൊരു വാക്‌സിനും വികസിപ്പിച്ചെടുത്തു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 2021 ജനുവരി 16 മുതല്‍ ഭാരതത്തില്‍ കോവിഡ് വാക്‌സിനേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ലോകമെങ്ങുമെന്നപോലെ ഭാരതത്തിലും ചില തല്‍പ്പരകക്ഷികളുടെ നേതൃത്വത്തില്‍ വാക്‌സിനേഷനെതിരെ ദുഷ്ടലാക്കോടെയുള്ള പ്രചാരണങ്ങള്‍ക്കും ഇതോടെ തുടക്കമായി. ഏത് കണ്ടെത്തലിനു പിന്നാലെയും ഉയരാറുള്ള ഇത്തരം ജല്പനങ്ങള്‍ ഭാരതത്തില്‍ മോദി സര്‍ക്കാരിനെതിരെയുള്ള പ്രചാരണമാക്കാനും ചില സംഘടിതശ്രമങ്ങളുണ്ടായി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധമരുന്നിനായി മുറവിളികൂട്ടിയവര്‍ തന്നെയായിരുന്നു നമ്മുടെ ശാസ്ത്രപ്രതിഭകളുടെ കഠിനപ്രയത്‌നഫലമായി കണ്ടെത്തിയ വാക്‌സിനെതിരെ വ്യാജ പ്രചാരണങ്ങളുമായി രംഗത്തുവന്നതും. ഗവണ്‍മെന്റിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും മേല്‍നോട്ടത്തില്‍ നടത്തിയ വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ ഇക്കൂട്ടര്‍ സൃഷ്ടിച്ച ആശങ്ക മൂലം ആദ്യദിനങ്ങളില്‍ ജനപങ്കാളിത്തം വളരെ കുറയുകയും ചെയ്തു. എന്നാല്‍ ഏറ്റവും വിചിത്രമായ നടപടി പതിവുപോലെ പിന്നാലെ വന്നു. വാക്‌സിനേഷനെ എതിര്‍ത്തവരെല്ലാം ഒന്നൊന്നായി രഹസ്യമായി വാക്‌സിനെടുക്കാന്‍ പോകുന്ന അത്ഭുതക്കാഴ്ചയായിരുന്നു അത്.
പരിഹാസ വീഥിയിലെ ചരിത്രപ്പിറവി
രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ലോകത്തെ ഒന്നടങ്കം ഗ്രസിച്ച മാരകമായ മറ്റൊരു രോഗപ്പകര്‍ച്ചയായിരുന്നു വസൂരി അഥവാ സ്മാള്‍ പോക്‌സ്. രോഗം പിടിപെടുന്നവരില്‍ 20% പേരും ദേഹം മുഴുവനും വ്രണമരിച്ചും പൊട്ടിയും ചീര്‍ത്തും മരണപ്പെടുന്ന ദാരുണമായ അവസ്ഥ. രോഗമുക്തരാകുന്നവരില്‍പ്പോലും ജീവിതകാലം മുഴുവനും മുഖത്തും ദേഹത്തും രൂപപ്പെടുന്ന കുഴികളും വടുക്കളും വസൂരിക്കലയെന്ന വികൃതമായ അടയാളങ്ങളും അവശേഷിക്കുന്ന സ്ഥിതി. ലോകജനസംഖ്യയുടെ 60%പേരെയും രോഗം പിടികൂടാന്‍ തുടങ്ങിയപ്പോള്‍ അന്നത്തെ ശാസ്ത്രനേട്ടങ്ങള്‍ പോലും നിസ്സഹായാവസ്ഥയിലായി. അക്കാലയളവിലാണ് ഇംഗ്ലണ്ടിലെ നാട്ടിന്‍പുറങ്ങളില്‍ ഡോക്ടറായി സേവനമനുഷ്ഠിച്ചുവന്ന എഡ്വേര്‍ഡ് ജന്നര്‍ എന്ന ചെറുപ്പക്കാരന്‍ രോഗാണുവില്‍ നിന്ന് തന്നെ രോഗപ്രതിരോധശേഷിയുണ്ടാക്കുന്ന വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് ലോകത്തെ വിസ്മയിപ്പിച്ചത്. ആധുനിക കാലഘട്ടത്തിലെ വാക്‌സിനേഷനെന്ന പ്രക്രിയയുടെ കണ്ടെത്തലായിരുന്നു ആ അത്ഭുതനേട്ടം. വസൂരി രൂക്ഷമായ 1796 കാലയളവില്‍ പശുക്കളില്‍ കണ്ടുവരുന്ന കൗപോക്‌സ് അഥവാ ഗോവസൂരിയും മനുഷ്യരിലേക്ക് പടര്‍ന്ന് ഭീതി വിതച്ച സമയം. എന്നാല്‍ എഡ്വേര്‍ഡ് ജന്നറുടെ നിരീക്ഷണത്തില്‍ പശുക്കളെ കറക്കുന്ന പാല്‍ക്കാരി സ്ത്രീകളില്‍ ഈ രോഗം വ്യാപിക്കുന്നില്ലായെന്ന തിരിച്ചറിവുണ്ടാകുകയും രോഗബാധിതരായ സ്ത്രീകള്‍ മുഖത്ത് വടുക്കളുമായി കഴിയുമ്പോഴും നാട്ടിലെ പാല്‍ക്കാരി സ്ത്രീകളെല്ലാം രോഗം പടരാതെ സുന്ദരിമാരായി കാണപ്പെടുകയും ചെയ്തു. പശുക്കളുമായി നിരന്തരം ഇടപഴകുന്ന പാല്‍ക്കാരി സ്ത്രീകള്‍ ഗോവസൂരിയുടെ പ്രതിരോധശേഷി ക്രമേണ ആര്‍ജ്ജിച്ചെടുത്തതാവാം ഇതിന് കാരണമെന്ന് കണ്ടെത്തിയ ജന്നര്‍ 1796 മെയ് മാസം ഗോവസൂരി ബാധിച്ച സാറാ നെല്‍മ്‌സ് എന്ന പാല്‍ക്കാരിയുടെ ദേഹത്ത് നിന്നെടുത്ത ഗോവസൂരി പഴുപ്പ്, തന്റെ തോട്ടക്കാരന്റെ എട്ട് വയസ്സുകാരനായ ജയിംസ് ഫിപ്‌സിന്റെ കയ്യില്‍ മുറിവുണ്ടാക്കി അതില്‍ നിക്ഷേപിച്ചു. രണ്ടു ദിവസം പനിയുണ്ടായതൊഴിച്ചാല്‍ കുട്ടിക്ക് മറ്റസുഖങ്ങളൊന്നുമുണ്ടാകാതിരുന്നതിനെത്തുടര്‍ന്ന് രണ്ട് മാസത്തിനുശേഷം ജന്നര്‍, വസൂരി വന്ന് ഗുരുതരാവസ്ഥയില്‍ക്കഴിയുന്ന മറ്റൊരു രോഗിയുടെ ദേഹത്തെ കുമിളയില്‍ നിന്നുള്ള പഴുപ്പ് ഫിപ്‌സിന്റെ ശരീരത്തില്‍ കുത്തിവച്ചു. ഗോവസൂരിക്കെതിരായ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിച്ചിരുന്നതിനാല്‍ ബാലനായ ഫിപ്‌സിന് വസൂരി രോഗം ഉണ്ടാകാതെ രക്ഷപ്പെട്ടതാണ് വാക്‌സിനേഷന്‍ എന്ന അത്ഭുതനേട്ടത്തിന് കളമൊരുക്കിയത്. പശു എന്നര്‍ത്ഥം വരുന്ന ഇറ്റാലിയന്‍ പദമായ വാക്ക ് (acca),ഗോവസൂരിക്കുള്ള വാക്‌സിനിയ എന്നീ പദങ്ങളില്‍ നിന്നാണ് ‘വാക്‌സിന്‍’ എന്ന വാക്ക് ഉടലെടുത്തത്. വാക്‌സിന്‍ ശരീരത്തില്‍ കുത്തിവയ്ക്കുന്ന പ്രക്രിയയെ വാക്‌സിനേഷന്‍ അഥവാ ഇനോക്കുലേഷന്‍ എന്നാണ് ജന്നര്‍ വിശേഷിപ്പിച്ചത്.
അങ്ങനെ നൂറ്റാണ്ടുകളോളം ഭൂമിയില്‍ മരണതാണ്ഡവമാടിയ വസൂരിക്കെതിരെ, വസൂരിയില്‍നിന്നുതന്നെ വാക്‌സിന്‍ കണ്ടെത്തി ആയിരക്കണക്കിന് പേരില്‍ പലഘട്ടങ്ങളില്‍ പരീക്ഷിച്ചാണ് ജന്നര്‍ സമൂഹത്തിന് മുന്നില്‍ വാക്‌സിനേഷന്റെ പ്രാധാന്യം തെളിയിച്ചത്. എന്നാല്‍ റോയല്‍ സൊസൈറ്റിക്ക് മുന്നില്‍ ജന്നര്‍ സമര്‍പ്പിച്ച ഈ കണ്ടെത്തലിന്റെ റിപ്പോര്‍ട്ട് അവര്‍ നിഷ്‌കരുണം തള്ളിക്കളഞ്ഞു.
തുടര്‍ന്നും തളരാതെ തന്റെ 11 മാസം മാത്രം പ്രായമുള്ള റോബെര്‍ട്ടെന്ന നവജാത ശിശുവിലടക്കം നിരവധിപേരില്‍ താന്‍ കണ്ടെത്തിയ വാക്‌സിനേഷന്‍ എന്ന ചികിത്സാവിധി വെല്ലുവിളിയായി ഏറ്റെടുത്തു പൂര്‍ത്തിയാക്കിയ ജന്നര്‍ വിജയമാവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ജന്നറുടെ കണ്ടെത്തലിനെ കളിയാക്കുകയും കാര്‍ട്ടൂണുകളായി പരിഹസിക്കുകയും ചെയ്ത അതേ ബുദ്ധിജീവിസമൂഹം പിന്നീട് വാക്‌സിനേഷനായി ജന്നറെ സമീപിച്ചതും കൗതുകമായി. ലോകം ആദ്യമാദ്യം പരിഹസിച്ചെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് തോമസ് ജഫേഴ്‌സണ്‍, ഏഴാം പീയുസ് മാര്‍പ്പാപ്പ, ഇറ്റാലിയന്‍ ഡോക്ടര്‍ ലൂയിജി സാക്കോ എന്നിങ്ങനെ ഒട്ടേറെ പ്രമുഖര്‍ ജന്നറെ അനുകൂലിച്ചതോടെ ശാസ്ത്രലോകം വാക്‌സിനേഷന്റെ പിതാവായി ജന്നറെ വാഴ്ത്തി.
ബ്രിട്ടനുമായി യുദ്ധത്തിലായിരുന്ന നെപ്പോളിയന്‍ തന്റെ മുഴുവന്‍ സൈനികര്‍ക്കും ജെന്നര്‍വാക്‌സിന്‍ നല്‍കിയതോടെ ലോകം മുഴുവന്‍ അദ്ദേഹത്തെ അംഗീകരിച്ചുതുടങ്ങി. ഈ മഹത്തായ കണ്ടെത്തലിന് പകരമായി നെപ്പോളിയന്‍ ജന്നര്‍ക്ക് ഒരു മെഡല്‍ സമ്മാനിക്കുകയും യുദ്ധത്തടവുകാരായി പിടിച്ച ഏതാനും ബ്രിട്ടീഷ് പ്രമുഖരെ ജന്നറുടെ നിര്‍ദ്ദേശപ്രകാരം വിട്ടയക്കുകയും ചെയ്തു. ഇതേക്കുറിച്ച് നെപ്പോളിയന്‍ പറഞ്ഞ വാക്കുകളും ചരിത്രത്തിലിടംപിടിച്ചു. ‘മനുഷ്യരാശിയുടെ ഏറ്റവും മഹാനായ ഉപകാരിയുടെ അഭ്യര്‍ത്ഥന നിരസിക്കാന്‍ എനിക്കെങ്ങനെ കഴിയും’എന്നായിരുന്നു ആ വാക്കുകള്‍.
ലാഭേച്ഛയില്ലാത്ത കാവലും കരുതലും
കോടിക്കണക്കിന് മനുഷ്യജീവനുകള്‍ അപഹരിച്ച മഹാമാരിയില്‍ നിന്നും ലോകത്തെ എന്നെന്നേക്കുമായി രക്ഷിച്ചെടുത്ത എഡ്വേര്‍ഡ് ജന്നര്‍ പക്ഷേ ഒരു ചില്ലിക്കാശ് പോലും തന്റെ കണ്ടെത്തലിന് പ്രതിഫലം വാങ്ങിയിരുന്നില്ല. ഇന്നാകട്ടെ കോവിഡ് പ്രതിരോധത്തിനായി രാജ്യം ഒരുമിച്ച് പോരാടുമ്പോഴും ഈ മഹാമാരിയെപ്പോലും വിറ്റ് കാശാക്കുന്ന ചില സ്വകാര്യ ആശുപത്രികളുടെ കഥകളും നമ്മുടെ നാട്ടില്‍ പ്രചരിക്കുന്നത് കാണാതിരുന്നുകൂട. മരണാസന്നനായ രോഗിക്ക് ഒരു നേരം കൊടുത്ത കഞ്ഞിക്ക് ആയിരക്കണക്കിന് രൂപാ ഈടാക്കിയ മനുഷ്യത്വരഹിത നടപടി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ അരങ്ങേറിയത് നമ്മള്‍ ഞെട്ടലോടെയാണ് അറിഞ്ഞത്. ദരിദ്രരായ നാട്ടിന്‍പുറത്തുകാര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കുന്നതിനായി സ്വന്തം പുരയിടത്തില്‍ ജന്നര്‍ പണിത മുറിയുടെ പേര് തന്നെ വാക്‌സിന്‍ ക്ഷേത്രം (Temple of vaccinia) എന്നായിരുന്നു. വാക്‌സിനെടുക്കാന്‍ തന്റെ കീഴില്‍ പരിശീലനം നേടിയിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നല്‍കിയിരുന്ന ഉപദേശവും നിങ്ങള്‍ കണ്ടുമുട്ടുന്നവര്‍ ആരാണെന്നോ ഏത് ദേശക്കാരെന്നോ നോക്കാതെ എല്ലാവര്‍ക്കും സൗജന്യമായി ഈ സേവനം നല്‍കണം എന്നായിരുന്നു. കോടികള്‍ വില വരുന്ന സാമ്പാദ്യങ്ങള്‍ വച്ച് നീട്ടിയ രാഷ്ട്രത്തലവന്മാരോട് വാക്‌സിനേഷന്‍ തനിക്ക് പണസമ്പാദനത്തിനുള്ള മാര്‍ഗമല്ലെന്നും തന്റെ സഹജീവികളുടെ ജീവനാണ് തനിക്ക് വലുതെന്നും മറുപടി പറഞ്ഞ എഡ്വേര്‍ഡ് ജന്നര്‍ എന്ന എക്കാലത്തെയും ഏറ്റവും വലിയ മനുഷ്യസ്‌നേഹി 1823 ജനുവരി 26 ന് വിടപറയുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പും വസൂരി വന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കൊപ്പം അവരുടെ ജീവന്‍ രക്ഷിക്കുന്ന തത്രപ്പാടിലായിരുന്നു. മനുഷ്യകുലത്തിന്റെ സര്‍വ്വനാശത്തിനു പോലും കാരണമായേക്കാവുന്ന ഒരു മാരക പകര്‍ച്ചവ്യാധിക്കെതിരെ പ്രതിരോധം സൃഷ്ടിച്ച ആ മാനവസ്‌നേഹി തന്റെ കണ്ടെത്തലിന് ഒരു പേറ്റന്റ് പോലും എടുക്കാന്‍ തയ്യാറായതുമില്ല.
യാഥാസ്ഥിതിക ലോകത്തിന്റെ കടുത്ത പരിഹാസങ്ങളേറ്റിട്ടും തന്റെ നവജാത ശിശുവിന് പോലും വാക്‌സിന്‍ കുത്തിവെച്ച് മാതൃക കാട്ടാന്‍ തയ്യാറായ ഈ ശാസ്ത്രപ്രതിഭയുടെ കണ്ടെത്തലിന് ഒടുവില്‍ 1980 ല്‍ ഭൂമുഖത്തുനിന്ന് വസൂരി തുടച്ചുനീക്കാനായെന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനത്തിലൂടെ ശാസ്ത്രലോകത്തിന് അംഗീകാരം നല്‍കേണ്ടിവന്നു.
ലോകാ സമസ്താ സുഖിനോ ഭവന്തു
ലോകജനസംഖ്യയുടെ 15% ത്തോളം ജനങ്ങളുള്ള ഭാരതം സൗജന്യ വാക്‌സിനേഷനെന്ന പദ്ധതിയിലൂടെ കോവിഡ് മഹാമാരിയുടെ പ്രതിസന്ധിഘട്ടത്തിലും തലയുയര്‍ത്തി നില്‍ക്കുമ്പോഴും സ്വന്തമായി വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ നിവൃത്തിയില്ലാത്ത ദരിദ്രരാഷ്ട്രങ്ങള്‍ക്കുള്‍പ്പെടെ ഏറ്റവും കുറഞ്ഞ വിലയില്‍ വാക്‌സിന്‍ നല്‍കി മാതൃക സൃഷ്ടിക്കുന്നു. വര്‍ഗ വര്‍ണ്ണ ദേശ ചിന്തകള്‍ക്കതീതമായി ആപല്‍ ഘട്ടത്തിലും ആഗോള ജനതയെ ഇത്രത്തോളം ചേര്‍ത്തു പിടിച്ച് മുന്നേറുന്ന ഭാരതത്തിന്റെ ഉദാത്ത മാതൃക ഇതിനകം ലോകമെങ്ങും വാഴ്ത്തപ്പെട്ടു കഴിഞ്ഞു. ചരിത്ര വഴികളില്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ലോകത്തിനു മുഴുവന്‍ സുഖം പകരുന്ന നമ്മുടെ പ്രാര്‍ത്ഥനകളും പ്രവര്‍ത്തനങ്ങളും എന്നും വിലമതിക്കപ്പെടും.