”വലിയോര്‍കളെപ്പോലെ ചെറിയോര്‍കളും മണ്ണില്‍ മരണത്തിനു ശേഷം മാലോകര്‍ക്കിഷ്ടംചേര്‍പ്പൂ” മരിച്ചു കഴിഞ്ഞാല്‍ പിന്നെ വിചാരണകള്‍ വീട്ടിനുള്ളില്‍ മാത്രമാണ്. ബന്ധുക്കള്‍ക്കിടയില്‍ എപ്പോഴും പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതു മരണത്തോടെയാണ്. എന്നാല്‍ സമൂഹം, മരിച്ചാല്‍ പിന്നെ പലപ്പോഴും വെറുതെ വിടും. മരിച്ചിട്ടും വെറുതെ വിടാത്ത കഥകള്‍ ഇല്ലെന്നില്ല. വേലുത്തമ്പി മരിച്ചശേഷവും അദ്ദേഹത്തിന്റെ ശവശരീരത്തെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി. യൂറോപ്പിലൊക്കെ ഒരു വ്യവസ്ഥിതി മാറുമ്പോള്‍ പഴയ വ്യവസ്ഥിതിയുടെ അപ്പോസ്തലന്മാരുടെ ശവകുടീരങ്ങള്‍ പോലും തകര്‍ത്തുകളയുന്നതു കാണാം. കമ്മ്യൂണിസ്റ്റുകളോടുള്ള പക പഴയ സോവിയറ്റു നാടുകളില്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. പഴയ നേതാക്കളുടെ പ്രതിമകളും ശവകുടീരങ്ങളും ആ രാജ്യങ്ങളിലെവിടെയും സുരക്ഷിതമല്ല.
ഭാരതീയരുടെ സംസ്‌കാരം വിഭിന്നമാണ്. എത്ര നൃശംസനാണെങ്കിലും മരിച്ചാല്‍ പിന്നെ ആദരിക്കുക എന്നതാണ് നമ്മുടെ രീതി. രാവണന്‍ ഒരുപാട് ഘോരകര്‍മ്മങ്ങളനുഷ്ഠിച്ച വ്യക്തിയാണ്. എങ്കിലും മരണശേഷം എല്ലാവിധ ആദരവോടും കൂടി ആ ശരീരം സംസ്‌കരിക്കാന്‍ രാമന്‍ തന്നെ എല്ലാ സൗകര്യവും ചെയ്തു കൊടുക്കുകയായിരുന്നു. കൗരവര്‍ മരണപ്പെട്ടുകഴിഞ്ഞപ്പോള്‍ അവര്‍ക്കു വേണ്ടുന്ന എല്ലാ മരണാനന്തര ക്രിയകളും പാണ്ഡവരും ചേര്‍ന്നാണ് നടത്തുന്നത്. ഇതാണ് ഭാരതീയരുടെ രീതി. മൃതദേഹത്തെ ഒരിക്കലും നമ്മള്‍ അനാദരിക്കില്ല. ഗ്രീക്ക് ഇതിഹാസത്തില്‍ ട്രോജന്‍ യുദ്ധത്തിന്റെ സന്ദര്‍ഭത്തില്‍ (ഇലിയഡ്) അഖിലസ്-ഹെക്ടര്‍ സംഘട്ടനം യൂറോപ്യന്മാരുടെ ധാര്‍മികാധഃപതനത്തെ എടുത്തുകാണിക്കുന്നതാണ്. അഖിലസിന്റെ കുന്തത്തിനിരയായ ഹെക്ടറിന്റെ ശവശരീരത്തെ കുത്തി പകപോക്കാന്‍ ഓരോ യവനനേയും അയാള്‍ അനുവദിക്കുന്നു. മാത്രവുമല്ല മൃതദേഹത്തെ തേരിനു പിറകില്‍ കെട്ടിയിട്ട് വലിച്ചുകൊണ്ടു പോയി ട്രോയ് കോട്ടയെ വലം വെക്കുന്നു. ഇത്തരം രീതിയില്‍ മൃതദേഹത്തെ അപമാനിക്കാത്ത ഒരേ ഒരു മണ്ണ് ഭാരതമാണ്. മരണത്തിനുശേഷം നാം ഒരാളെ ഓര്‍ക്കാറുള്ളത് അവരുടെ തിന്മകളുടെ പേരിലല്ല.
മാതൃഭൂമി (ജൂലായ് 4-10) യില്‍ അനിത തമ്പി ഗൗരിയമ്മയെകുറിച്ച് ‘ഗൗരി’ എന്നൊരു കവിത എഴുതിയിരിക്കുന്നു. ജീവിച്ചിരുന്ന കാലത്ത് ഗൗരിയമ്മയെ ഒറ്റപ്പെടുത്തുകയും അവര്‍ക്ക് അര്‍ഹമായിരുന്ന മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കുകയും ചെയ്തവര്‍ തന്നെ മരണത്തിനുശേഷം പ്രതിമയും പാട്ടും സ്മാരകങ്ങളും കവിതയും ഒക്കെ സമര്‍പ്പിക്കുന്നത് മുകളില്‍ സൂചിപ്പിച്ച സംസ്‌കാരത്തിന്റെ മഹത്വം കൊണ്ടായിരിക്കാം. ‘പല്ലു ഞണുങ്ങിയ വാളുപോലെ” എന്നത് കേരളതീരത്തെ താരതമ്യപ്പെടുത്താന്‍ അനിത ഉപയോഗിക്കുന്ന ഉപമാനമാണ്. നന്നായിട്ടുണ്ട്.
”ഇരുണ്ടു നീണ്ടെന്തിതു
ഹന്ത നോക്കുവിന്‍
കരണ്ടിടുന്നു കരപത്ര
മെന്നപോല്‍”
എന്നത് സഹ്യപര്‍വ്വത്തെ സൂചിപ്പിക്കാന്‍ മലയവിലാസത്തില്‍ എ.ആര്‍. രാജരാജവര്‍മ്മ ഉപയോഗിച്ച ഉപമാനമാണ്; കരപത്രം എന്നാല്‍ വാളുതന്നെ. അതിനാല്‍ ഇതില്‍ പുതുമയില്ല. കവിത ഗൗരിയമ്മയെ പുകഴ്ത്തുകയാണെന്നേ മനസ്സിലാകൂ! ബാക്കിയൊക്കെ കവിയ്ക്കു മാത്രം പിടികിടുന്ന ഗൂഢാര്‍ത്ഥപ്രയോഗങ്ങളാണ്. ഉത്തരാധുനികര്‍ എന്നു സ്വയം പറയും. എന്നിട്ട് അതിപൗരാണികപദങ്ങള്‍ ചേര്‍ത്തുവച്ച് എഴുതും ”എന്തിനുപോരാടി നീ തരണീ” – ഇതില്‍ തരണിയ്ക്ക് എന്താണാവോ അര്‍ത്ഥം. സൂര്യനോ നദിയോ അതോ തരണം ചെയ്തവര്‍ എന്നതോ? ഒക്കെ കവിക്കേ അറിയൂ.
എം.ആര്‍. രാധാമണി മാതൃഭൂമിയില്‍ എഴുതിയിരിക്കുന്ന കവിത ‘ലാബ്’ ഗദ്യ കവനമാണെങ്കിലും മനോഹരമാണ്. കവിയുടെ ‘ലാബ്’ ഏതൊരു സ്ത്രീയുടേയും അടുക്കളയാണ്. ‘അലങ്കോലാലങ്ങളാണ് വെറുതെയെന്തിനോ എന്റെ ലാബില്‍ അടുക്കിപ്പെറുക്കി വച്ചിരിക്കുന്നത്’ എന്നതിലെ ധ്വനി എത്ര തന്നെ നമ്മള്‍ ആസ്വദിച്ചാലും ഒടുങ്ങാത്തതു തന്നെ. സ്ത്രീയുടെ പ്രശ്‌നങ്ങളെ അടുക്കളമാത്രം കൂട്ടിനുള്ള അവളുടെ അവസ്ഥകളെ ഇതിനേക്കാള്‍ ധ്വന്യാത്മകമായി അവതരിപ്പിക്കാനാവില്ല.
”സാരി നീ ചെരിച്ചേറ്റി പോകെ. നിന്‍മൃദു-
രോമ ചാരുവാം കണങ്കാല്‍ കണ്ടെനിക്കുപാവം തോന്നി” എന്ന് പണ്ട് സ്ത്രീത്വത്തിന്റെ ദയനീയസ്ഥിതിയെ കുറ്റബോധത്തോടെ വൈലോപ്പിള്ളി കണ്ണീര്‍പ്പാടത്തില്‍ അവതരിപ്പിച്ചതാണ് പെട്ടെന്നു ഓര്‍മ്മ വന്നത്. രാധാമണിയുടെ അടുക്കളയെ ലാബിനോടുള്ള താരതമ്യപ്പെടുത്തല്‍ തന്നെ എല്ലാം ധ്വനിപ്പിക്കുന്നുണ്ട്.
”തളര്‍ച്ചകളെ മെടഞ്ഞൊരുക്കുവാന്‍
ഏകാന്ത(ത)യുടെ മിന്നലുകളെ
ഞാനെന്റെ കൂടെകൂട്ടുന്നു” (‘ത’ അച്ചടിയില്‍ വിട്ടുപോയതാണോ എന്നറിയില്ല.) ആരിലും മനഃപരിവര്‍ത്തനം ഉണ്ടാക്കാന്‍ പോന്ന മനോഹര രചന. കവി അഭിനന്ദനം അര്‍ഹിക്കുന്നു.
മാതൃഭൂമി വീണ്ടും സാഹിത്യത്തിലേയ്ക്കു മടങ്ങി വരുന്നോ എന്ന് സംശയം തോന്നുന്നു. ഈ ലക്കം സ്ത്രീകളുടേതു മാത്രമാക്കിയിരിക്കുന്നു. പക്ഷെ ഫാസിസ്റ്റുകളെ പിടിത്തമോ മതതീവ്രവാദ പ്രചരണമോയില്ല. സാഹിത്യം മാത്രം. ഇത്തരം ഒരു മാതൃഭൂമിയെ വായിക്കാനാണ് സാഹിത്യപ്രണയികള്‍ക്ക് താല്പര്യം. ഇരുണ്ടകാലം ഇനി തിരിച്ചു വരില്ലെന്നു സമാധാനിക്കാം. ആരാണ് സാഹിത്യത്തിലേക്കുള്ള ഈ മടങ്ങിപ്പോക്കിനു പിറകിലെങ്കിലും അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. എഴുത്തുകാരനായ സുഭാഷ് ചന്ദ്രന്‍ ചുമതലയിലേയ്ക്ക് വന്നതാണോ കാരണം? എന്തായാലും ഇപ്പോള്‍ മാതൃഭൂമി വാരിക നമ്മെ മടുപ്പിക്കുന്നില്ല.
ജെനി ആന്‍ഡ്രൂസ്, വിജയരാജ മല്ലിക, ആര്യാംബിക, അനിതവിശ്വം, ഇന്ദിര അശോക്, നൂറവരിക്കോടന്‍ എന്നിവരുടെയൊക്കെ കവിതകളുണ്ട്; കുറെ കഥകളും. കവിതകളൊക്കെ ശരാശരി വായനയെ മാത്രമേ പ്രോത്സാഹിപ്പിക്കുന്നുള്ളൂ. കൂട്ടത്തില്‍ നിഷ നാരായണന്റെ ‘ശുഭ്രം’ മാത്രം എടുത്തെഴുതാന്‍ തക്ക പ്രത്യേകതകള്‍ ഉള്ളതായി പറയാം. ‘ഒരിക്കല്‍ മൂവന്തിക്കു കൂട്ടുകൂടിയിരിക്കുന്ന’ രണ്ടു യുവാക്കളെക്കുറിച്ച്, അവര്‍ വൈജാത്യങ്ങള്‍ക്കിടയ്ക്കും ഒന്നിക്കുന്നതിനെക്കുറിച്ചൊക്കെ കവി പറയുന്നു. പക്ഷെ കവിയുടെ വ്യംഗ്യം കൂടുതല്‍ ഗഹനമായിപ്പോയതിനാല്‍ വായിച്ചെടുക്കുക ദുഷ്‌കരം. വായനക്കാരനെ പറ്റേ അവഗണിച്ച് കവികള്‍ ആത്മരതി നടത്തരുത്. കവിത കൂടുതല്‍ ഗഹനവും കരുത്തുള്ളതുമാവുന്നത് തീര്‍ച്ചയായും സബ്ജക്ടീവ് ആകുമ്പോള്‍ തന്നെയാണ്; എന്നാല്‍ കവിയുടെ ‘സബ്ജക്ടിവിറ്റി’യ്ക്കു ചില പരിമിതികള്‍ ഉണ്ട്. അത് സമാനഹൃദയത്തോടെങ്കിലും സംവദിക്കണം. അല്ലെങ്കില്‍ അച്ചടിച്ച പുറത്തിനപ്പുറം സഞ്ചരിക്കില്ല. അതല്ലല്ലോ കവിതയുടെ ലക്ഷ്യം. അത് താളുകളില്‍ നിന്ന് അനുവാചകന്റെ ഹൃദയത്തിലേയ്ക്കു കുടിയേറണ്ടേ? എന്നാലല്ലേ വായനയുടെ മുഹൂര്‍ത്തത്തെ അതിജീവിച്ചു മുന്നോട്ടു പോകൂ! ഇവിടെ അതിനുള്ള സാധ്യത അടഞ്ഞു പോകുന്നു. ”ഇസങ്ങളോരോ മരച്ചിമിഴിലിരുന്നതാ കനിവിന്‍ വരിനൂല്‍ക്കും കഥകള്‍ നുണയുന്നു. അകലെ കൊടി നാട്ടും മനുഷ്യര്‍ സാജാത്യത്തിന്‍ കരുത്താല്‍ കഥകേള്‍ക്കാന്‍ കിതപ്പോടണയുന്നു” എന്നൊക്കെ എഴുതുന്നത് ‘അഖിലലോകതൊഴിലാളികളേ സംഘടിക്കുവിന്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ചങ്ങലകള്‍ മാത്രം’ എന്ന് ചിലര്‍ പറഞ്ഞതിന്റെ ധ്വാന്യാത്മകമായ ആവര്‍ത്തനമാണോ? എങ്കില്‍ അതൊക്കെ കാലഹരണപ്പെട്ടു കഴിഞ്ഞു.
കേരളത്തില്‍ സ്ത്രീകളുടേതായി രൂപപ്പെട്ടിരിക്കുന്ന വായനാസമൂഹം ഏകദേശം അറുപതു കൊല്ലം പിറകില്‍ ആണ് സഞ്ചരിക്കുന്നത് എന്നു സോഷ്യല്‍ മീഡിയയിലെ അവരുടെ ഇടപെടലുകളും എഴുത്തും കാണുമ്പോള്‍ തോന്നിപ്പോകുന്നു. മാതൃഭൂമിയില്‍ ഫര്‍സാന എഴുതിയിരിക്കുന്ന ‘ചെന്താരകം’ എന്ന കഥയും ആ ധാരണയെ ബലപ്പെടുത്തുന്നു. 1990കളോടു കൂടിത്തന്നെ ലോകം മുഴുവന്‍ ഇടതുപക്ഷ രാഷ്ട്രീയത്തെ വെറുക്കാനും ഭയക്കാനും തുടങ്ങി. 90കള്‍ക്കും വളരെ മുന്‍പു തന്നെ യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ത്രീവിമോചനപ്രസ്ഥാനങ്ങള്‍ ഉടലെടുത്തു കഴിഞ്ഞിരുന്നു. 1968-ല്‍ അമേരിക്കയില്‍ ”മിസ് അമേരിക്ക കോണ്‍ട്രസ്റ്റി’ നെതിരെ സംഘടിച്ച 200 ഓളം സ്ത്രീവിമോചന പ്രസ്ഥാനക്കാരാണ് പില്‍ക്കാലത്ത് ‘Burn the Bra’ പോലുള്ള വന്യമായ വനിതാ വിമോചന പ്രസ്ഥാനങ്ങള്‍ക്കു തുടക്കമിട്ടത്.
സ്ത്രീവിമോചനം പോലുള്ള സംഗതികള്‍ ഇടതുപക്ഷക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ബൂര്‍ഷ്വാ പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളാണ്. ലോകത്തൊരിടത്തും നടന്ന സ്ത്രീവിമോചന പ്രക്ഷോഭങ്ങള്‍ക്കു ഇടതുപക്ഷ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല. മാത്രവുമല്ല എല്ലായിടത്തം അതൊക്കെ ബൂര്‍ഷ്വാപ്രക്ഷോഭ നാട്യങ്ങള്‍ എന്നു പറഞ്ഞ് അവര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേരളത്തില്‍ പുതുതായി രൂപപ്പെട്ട സ്ത്രീപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ‘കഥയറിയാതെ ആട്ടം കാണുകയാണ്.’ അവര്‍ക്കു ലഭിച്ചിരിക്കുന്ന സാംസ്‌കാരിക സാമൂഹ്യ സ്വാതന്ത്ര്യം കേരളത്തിലെ ഇടതുപക്ഷത്തിന്റെ സംഭാവനയാണെന്നു തെറ്റിദ്ധരിച്ച് അന്ധമായ ഇടതുപക്ഷാഭിമുഖ്യം കാണിക്കുന്നതില്‍ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ മുന്നിട്ടുനില്‍ക്കുന്നു. എന്നു മാത്രവുമല്ല സ്ത്രീസഹജമായ നിര്‍ബ്ബന്ധബുദ്ധിയോടെ എല്ലാ അഴിമതികളേയും അനീതികളേയും അവര്‍ ന്യായീകരിക്കുകയും ചെയ്യുന്നു. ഇവര്‍ അറിയുന്നില്ല തങ്ങള്‍ ന്യായീകരിക്കുന്ന രാഷ്ട്രീയപ്രത്യയശാസ്ത്രം ലോകം മുഴുവന്‍ കാലഹരണപ്പെട്ടതും തങ്ങളുടെ സാംസ്‌കാരിക സ്വാതന്ത്ര്യപ്രക്ഷോഭങ്ങളെ പുച്ഛിച്ചതുമാണെന്ന്. ഇടതുപക്ഷത്തിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരെ”Second Sex’ പോലുള്ള കൃതികള്‍ രചിച്ച സീമണ്‍ ഡി ബോവര്‍ Simone De Beauvoir) മാര്‍ഗരറ്റ് മീഡ് ((Margeret Mead) Male and Female- തുടങ്ങിയവര്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. വര്‍ഗ്ഗസമരം തുടങ്ങിയവയെ അവര്‍ പുച്ഛിച്ചുതള്ളി. ‘ആഗോള വനിതകള്‍ സംഘടിക്കട്ടെ’ എന്ന പഴയ മുദ്രാവാക്യത്തെ അവര്‍ പരിഷ്‌കരിക്കുക കൂടി ചെയ്തു. ഇതൊന്നുമറിയാതെ കേരളത്തിലെ സ്ത്രീപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തെ ന്യായീകരിക്കുന്നത് വളരെ പഴഞ്ചന്‍ നിലപാടാണെന്നേ പറയാനാവൂ. തങ്ങളുടെ സ്വത്വം തിരിച്ചറിയാന്‍ കേരളത്തിലെ പെണ്ണെഴുത്തുകാര്‍ ഇനിയെങ്കിലും തയ്യാറാകണം എന്നാണ് പറയാനുള്ളത്.