അവതാരങ്ങള്‍
ടി. നന്ദകുമാര്‍ കര്‍ത്ത
ഡോണ്‍ ബുക്‌സ്, കോട്ടയം
പേജ്: 411 വില: 430 രൂപ
അഴിമതിയുടെയും ചുകപ്പുനാടയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായ സര്‍ക്കാര്‍ സര്‍വ്വീസ് സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് ഉഷ്ണമേഖലയാണ്. അത്തരക്കാരനായ ഒരു എഞ്ചിനീയറുടെ സംഘര്‍ ഷപൂര്‍ണ്ണമായ ജീവിതത്തിന്റെ കഥയാണ് ടി. നന്ദകുമാര്‍ കര്‍ത്തയുടെ ‘അവതാരങ്ങള്‍’ എന്ന നോവല്‍. ഇതിന്റെ കേന്ദ്ര കഥാപാത്രമായ ബാലചന്ദ്രന്‍ കാര്യങ്ങള്‍ നേരെ ചൊവ്വെ നടക്കണമെന്നാഗ്രഹിക്കുന്ന എഞ്ചിനീയറാണ്. അതുകൊണ്ടുതന്നെ താനറിയാത്ത കുറ്റത്തിന് വിജിലന്‍സ് കോടതി കയറിയിറങ്ങേണ്ടിവരുന്നു. ഉപകാരം ചെയ്തവരുടെ ദ്രോഹത്തിനിരയാകുന്നു. സഹപ്രവര്‍ത്തകരുടെ മരണത്തിന് സാക്ഷിയാകുന്നു. ഒടുവില്‍ ദ്രോഹിച്ച ഉദ്യോഗസ്ഥന്‍ താന്‍ കാണിച്ച പിഴവിന് ഇരയായി മരണം ഏറ്റുവാങ്ങി എന്ന വാര്‍ത്ത ബാലചന്ദ്രന്റെ മുമ്പിലെത്തുന്നു. ഇതേ അവസരത്തിലും മൂകാംബികാ സന്ദര്‍ശനവേളയില്‍ തനിക്ക് ആത്മബലം തരുന്ന അനുഭവങ്ങള്‍ ഉണ്ടാകുന്നു.
കുടുംബബന്ധത്തിന്റെ ഊഷ്മളതയും ഹൃദയബന്ധങ്ങളുടെ വൈകാരികതയും എല്ലാം ഈ നോവലിന്റെ സങ്കീര്‍ണ്ണതകള്‍ക്കിടയില്‍ തെളിഞ്ഞുകാണുന്നുണ്ട്. നോവലിസ്റ്റിന്റെ ആ ത്മാംശം ഇതിലുണ്ടെന്നു അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു. സര്‍വ്വീസ് സ്റ്റോറികള്‍ മലയാളത്തില്‍ ഏറെ വായിക്കപ്പെട്ടവയാണ്. മലയാറ്റൂരിന്റെ ‘യന്ത്ര’വും ഇ.വാസുവിന്റെ ‘ചുകപ്പുനാട’യും ആനന്ദിന്റെ ‘മരണസര്‍ട്ടിഫിക്കറ്റു’മൊക്കെ വഴി നടന്ന പാതയിലാണ് നന്ദകുമാര്‍ കര്‍ത്തയുടെ ‘അവതാരങ്ങ’ളും ഉള്ളത്. പ്രശസ്ത കവി എസ്. രമേശന്‍നായരുടെ അവതാരിക പ്രത്യേകം എടുത്തു പറയേണ്ടതു തന്നെ.
ഉണ്ണിയപ്പവും കുറെ ഓര്‍മ്മകളും
(ബാങ്കിങ് കഥകള്‍)
പ്രകാശന്‍ ചുനങ്ങാട്
പേജ്: 147 വില: 180 രൂപ
ബാങ്ക് ജീവിതത്തെക്കുറിച്ചുള്ള നോവലുകളും കഥകളും മലയാളത്തില്‍ കുറവാണ്. രണ്ടു ബാങ്കിങ്ങ് നോവലുകളും ബാങ്കിങ് കഥകളും എഴുതിയ പ്രകാശന്‍ ചുനങ്ങാട് ബാങ്ക് ഉദ്യോഗസ്ഥരുടെ സങ്കീര്‍ണ്ണമായ ജീവിതം അനാവരണം ചെയ്യുന്നതില്‍ ഏറെ വിജയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പുതിയ കഥാസമാഹാരമായ ഉണ്ണിയപ്പവും കുറെ ഓര്‍മ്മകളും ബാങ്കിങ്ങ് കഥകളാണ്; അതിലേറെ ആത്മകഥാ സ്പര്‍ശിയാണ്. യൂനിയന്‍ ബാങ്കിലെ ജീവനക്കാരുടെ യുബിഐഇഎഫ് എന്ന മാസികയില്‍ കഥാകൃത്ത് എഴുതിയ അനുഭവകഥകളുടെ സമാഹാരമാണീ പുസ്തകം. ഒപ്പം ‘വിക്ക്’ എന്ന പേരില്‍ ഒരു നോവലൈറ്റ് കൂടി ഇതില്‍ ചേര്‍ത്തിട്ടുണ്ട്. അതും സ്വന്തം അനുഭവത്തിലുള്ളതാണ്.
ഗുരുവായൂര്‍ ബ്രാഞ്ചിലെ ജീവനക്കാരനായി എത്തിയ കഥാനായകന്റെ അനുഭവങ്ങളാണ് ഉണ്ണിയപ്പവും കുറെ ഓര്‍മ്മകളും എന്ന കഥ. ഭണ്ഡാരം എണ്ണിക്കഴിയുമ്പോള്‍ കിട്ടുന്ന വാരിയരുടെ ഉണ്ണിയപ്പം തിന്നുമ്പോള്‍ കഥാനായകന്‍ അമ്മ ഉണ്ടാക്കിത്തരുന്ന ഉണ്ണിയപ്പത്തെ ഓര്‍ക്കുന്നു. ഏതിനാണ് അധികം സ്വാദ് എന്ന് സ്വയം ചോദിക്കുന്നു. ഗൃഹാതുരത്വത്തിന്റെ സ്പന്ദനങ്ങള്‍ പ്രകാശന്റെ കഥകളില്‍ നിലാവു പോലെ പരക്കുന്നതുകാണാം. വായനക്കാരനെ പിടിച്ചിരുത്തുന്നതും ഒറ്റ ഇരിപ്പിന് വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്നതുമായ രചനാ ശൈലി പ്രകാശന് ജന്മസിദ്ധമാണ്. അതാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ രഹസ്യവും.
സുഭാഷിതങ്ങളും
കുറെ ധ്യാനമന്ത്രങ്ങളും
സേതു എം നായര്‍ കരിപ്പോള്‍
സത്‌സംഗമ, ചെന്നൈ
പേജ്: 155, വില: 100 രൂപ
സുഭാഷിതങ്ങളും കുറെ ധ്യാനമന്ത്രങ്ങളും കുട്ടികള്‍ക്കുള്ള പ്രാര്‍ത്ഥനാചര്യകളും അടങ്ങിയതാണ് സേതു എം നായര്‍ കരിപ്പോള്‍ രചിച്ച ‘സുഭാഷിതങ്ങളും കുറെ ധ്യാനമന്ത്രങ്ങളും’ എന്ന ഗ്രന്ഥം. 303 സുഭാഷിതങ്ങള്‍, ചില വേദസൂക്തങ്ങള്‍, ഓങ്കാരം ഉച്ചരിക്കേണ്ട രീതി, പ്രാര്‍ത്ഥനകള്‍ എന്നിവയെല്ലാം ഇതിലുണ്ട്. കുട്ടികളില്‍ സംസ്‌കൃതത്തിനോട് പ്രതിപത്തിയുണ്ടാക്കാനും അവരുടെ മനസ്സ് ശുദ്ധീകരിക്കാനും ഈ ഗ്രന്ഥം സഹായിക്കും. അവരില്‍ മൂല്യബോധം വളര്‍ത്താനും ഭാഷാസ്വാധീനം വര്‍ദ്ധിപ്പിക്കാനും കഴിയും. സനാതനസങ്കല്പങ്ങളെ പാടെ അവഗണിക്കുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഗ്രന്ഥം പ്രയോജനപ്രദമാണ്.