തിരിച്ചുള്ള യാത്രയില്‍ വഴിനീളെ കലാപത്തിന്റെ അടയാളങ്ങള്‍. വേദനയുടെ മുറിപ്പാടുകള്‍. വേവലാതിയുടെ കനല്‍ക്കൂമ്പാരങ്ങള്‍. പ്രഭാതത്തിലെ മങ്ങിയ വെളിച്ചത്തില്‍ വേലായുധന്‍ അവയ്ക്കിടയിലൂടെ നീങ്ങി.
പൂക്കോട്ടൂര്‍ കവലയില്‍ എത്തുമ്പോള്‍ വലിയ ബഹളം. നിരത്തിലേക്ക് പത്തഞ്ഞൂറോളം പേര്‍ ചാടിവന്നു. അവര്‍ അവിടെയാകെ പരന്നു. വേലായുധന്‍ അമ്പരപ്പോടെ മഞ്ചേരിക്കാരന്‍ അന്ത്രൂസിന്റെ കാളവണ്ടിയില്‍ നിന്നിറങ്ങി. അന്ത്രൂസ് വളരെ വേഗം വണ്ടിതിരിച്ച് ഓടിച്ച് പോയി.
കോമന്‍മേനോന്റെ വീട്ടില്‍ നിന്നാണെന്ന് ലഹളക്കാരിലൊരാള്‍ കാര്യമന്വേഷിച്ചുകൊണ്ട് അവര്‍ക്കൊപ്പം ചേര്‍ന്ന മറ്റൊരാളോട് പറയുന്നത് കേട്ടു. കോമന്‍മേനോന്റെ മുടി കളയാന്‍ ഒസ്സാന്‍ കത്തി നിവര്‍ത്തിയതേയുണ്ടായിരുന്നുള്ളൂ. നകാരമടിയുടെ ശബ്ദം കേട്ട് എല്ലാവരും ഓടി. പള്ളിയില്‍ നിന്നാണ്. പട്ടാളക്കാരുടെ വരവറിയിക്കുന്ന അപായസൂചനയായിരുന്നു അത്.
വടക്കുനിന്ന് പട്ടാളക്കാര്‍ ഇങ്ങെത്തിയെന്ന് ഒരാള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ബസ്സുകളിലും ലോറികളിലുമാണ് വരവ്. ലഹളക്കാരുടെ എണ്ണം നിമിഷം തോറും പെരുകുകയാണ്. അവര്‍ കവലയില്‍ നിന്ന് വടക്കോട്ട് നീങ്ങി. എവിടുന്നോ ലഭിച്ച ധൈര്യത്തില്‍ വേലായുധനും മുന്നോട്ടുനടന്നു. ഇരുപത്തിയാറാംമൈല്‍ എന്ന സ്ഥലത്ത് നിരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് തെക്ക്‌വടക്ക് കിടക്കുന്ന തോട് കടന്ന് ചെറിയകുന്നിലേക്ക് വേലായുധന്‍ നടന്നു. നിരത്തിന്റെ കിഴക്ക് വിശാലമായ വയല്‍. ലഹളക്കാര്‍ തോടുകളിലും വയല്‍ക്കരയിലുള്ള വീടുകളിലും തോട്ടങ്ങളിലും ഒളിച്ചു. ആയിരങ്ങള്‍ക്കൊളിക്കാന്‍ തോടും വീടും തോട്ടങ്ങളും അതിവേഗം ഇടം നല്‍കിയത് കണ്ട് വേലായുധന്‍ അമ്പരന്നു.
ഇരുപതിലേറെ ബസ്സുകളും ലോറികളും. ക്യാപ്റ്റന്‍ മെക്കന്റോയിയുടെ നേതൃത്വത്തില്‍ നൂറിലേറെ പട്ടാളക്കാരും പോലീസുകാരും. അവര്‍ ഇരുപത്തിയാറാം മൈലില്‍ പ്രവേശിച്ചതോടെ വെടിയൊച്ചകള്‍ മുഴങ്ങി. വെടിവര്‍ഷങ്ങളില്‍ നാടെമ്പാടും കുലുങ്ങി. ആദ്യത്തെ അന്ധാളിപ്പിനപ്പുറം പട്ടാളക്കാര്‍ വലിയ തോക്കുകളെടുത്തു. അദൃശ്യശത്രുക്കളുടെ നേര്‍ക്ക് ഉന്നംപിടിക്കാതെ ഇടതടവില്ലാതെ വെടിയുതിര്‍ത്തു. ചുറ്റും അലര്‍ച്ചകള്‍ ഉയര്‍ന്നു.
തോക്കുകള്‍ തോറ്റതറിഞ്ഞ് ലഹളക്കാര്‍ ഒളിസങ്കേതങ്ങളുപേക്ഷിച്ചു. വാളുകളും കത്തികളുമേന്തി അവര്‍ പട്ടാളക്കാര്‍ക്ക് നേരെ കുതിച്ചു.
മുന്നില്‍ നിന്ന് ഒരു കരച്ചില്‍ കേട്ട് വേലായുധന്‍ ഏന്തിവലിഞ്ഞു നോക്കി. മുന്നില്‍ നടക്കുകയായിരുന്ന പോലീസ് സൂപ്രണ്ട് ലങ്കാസ്റ്ററുടേതായിരുന്നു ആ ശബ്ദം. അയാള്‍ വെടിയേറ്റ് താഴെവീണു പിടഞ്ഞു.
പട്ടാളം അടങ്ങിയില്ല. കലിതുള്ളിയെത്തിയവരെ അവര്‍ വെടിയുണ്ടകളുടെ മഴപ്പെയ്ത്തുകൊണ്ട് നനയിച്ചു.
വഴിയിലെങ്ങും വെടിയേറ്റ് വീണവരുടെ കബന്ധങ്ങള്‍ നിറഞ്ഞു. ഊക്കു നിലച്ച ലഹളക്കാര്‍ പലവഴി പാഞ്ഞു. മരിച്ച പട്ടാളക്കാരുടെ മൃതദേഹങ്ങളെടുത്ത് വാഹനങ്ങളിലിട്ടു.
പട്ടാളം എതിരാളികളുടെ മൃതദേഹങ്ങള്‍ പെറുക്കി വടക്കേഭാഗത്തെ പുരയില്‍ കൂട്ടിയിട്ടു. അട്ടിയായി കിടക്കുന്ന കബന്ധങ്ങള്‍ക്ക് തീ കൊടുത്ത് അവര്‍ വാഹനങ്ങളില്‍ കയറി. വാഹനങ്ങള്‍ തെക്കുഭാഗത്തേക്ക് ഓടാന്‍ തുടങ്ങവേ വേലായുധന്‍ ഇറങ്ങി നടന്നു.
മോങ്ങത്തെത്തിയപ്പോള്‍ മൗനത്തിന്റെ ചെങ്കോല്‍ അണിഞ്ഞു കിടക്കുന്ന ചന്തസ്ഥലം കണ്ടു. നിത്യേന ഈ സമയമാകുമ്പോള്‍ ആള്‍ത്തിരക്കു കൊണ്ട് ആവേശം കൊള്ളേണ്ട ലോകം വിറങ്ങലിച്ചു നില്‍ക്കുന്നു.
വിയര്‍പ്പൊഴുക്കുന്ന മുഖവും അരയില്‍ കത്തിയുമുള്ള നാലഞ്ചുപേര്‍ ചന്തസ്ഥലത്തിന് വടക്കുള്ള പഴകിയ കെട്ടിടത്തിന്റെ ജനലഴികള്‍ക്കകത്തുകൂടി തന്നെ തുറിച്ചുനോക്കുന്നത് വേലായുധന്‍ കണ്ടു. അവര്‍ പതുക്കെ പുറത്തിറങ്ങി തന്നെചൂണ്ടി പരസ്പരം എന്തോ പറയുന്നു.
‘നിക്കടാ അവ്‌ടെ …’ അതിലൊരാള്‍ അലറി. മൂവരും തനിക്കുനേരെ കുതിക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്ന അതേ നിമിഷം വേലായുധന്‍ ഓടാന്‍ തുടങ്ങി.
നിരത്തിലൂടെ ഓടുമ്പോള്‍ അവര്‍ പിറകെ വരുന്നത് കണ്ടു. മോങ്ങം വിട്ട് വളവ് തിരിഞ്ഞ് അവരുടെ ദൃഷ്ടിയില്‍ നിന്ന് മാറി ഇടത്തോട്ടുള്ള ഇടവഴിയിലേക്ക് കയറി. അതിവേഗം ഓടുന്നതിനിടയില്‍ വെട്ടിനശിപ്പിക്കപ്പെട്ട വാഴകള്‍ക്കിടയില്‍നിന്ന് ശങ്കുണ്ണിക്കിടാവ് പറയുന്നത് കേട്ടു.
‘വാളെടുത്തവന്‍ വാളാല്‍’
വാഗണിന് പുറത്തുനിന്ന് പോലീസ് കോണ്‍സ്റ്റബിള്‍ കരുണാകരന്‍ പിള്ള ഇന്‍സ്‌പെക്ടര്‍ കുഞ്ഞിരാമന്‍നായരോട് പറഞ്ഞു. തുറന്നുവെച്ച വാതിലിലൂടെ ചരക്കവശിഷ്ടങ്ങളുടെ ദുര്‍ഗന്ധം പുറത്തേക്ക് വമിച്ചു. ഏറ്റവും മുന്നില്‍ കയറ്റുപടിയുടെ അടുത്തായിരുന്നു കേളപ്പന്‍. ബാലകൃഷ്ണമേനോന്‍ തൊട്ടുപിറകില്‍. ധാരാളം പേരുണ്ട് കൂട്ടത്തില്‍. പിറകില്‍ നിന്ന് പോലീസുകാര്‍ പ്രതികളുടെ സംഘത്തെ ബലമായി തള്ളി.
‘പെട്ടെന്ന് കയറ്, വേഗാവട്ടെ’ ഏതോ പോലീസുകാരന്റെ അലര്‍ച്ച. പിറകില്‍നിന്ന് വന്നെത്തിയ തള്ളില്‍ കേളപ്പന്‍ ചവിട്ടുപടിക്കടുത്തേക്ക് ചാഞ്ഞു. കൈപിടിയില്‍ പിടുത്തം കിട്ടിയതിനാല്‍ വീഴ്ചയില്‍ നിന്ന് ഒരു വിധത്തില്‍ രക്ഷപ്പെട്ടു.
‘മുന്നില്‍നിന്ന് വേഗം കയറി അങ്ങോട്ട് ഒതുങ്ങിനില്‍ക്ക്’. കുഞ്ഞിരാമന്‍ നായരുടെ ശബ്ദമാണതെന്ന് കേളപ്പന് മനസ്സിലായി. ഏതാനും ദിവസം മുമ്പ് രാത്രി പൊന്നാനിയില്‍നിന്ന് ഇരുട്ടിനെ തുളച്ച് തങ്ങള്‍ക്കുനേരെ ദയനീയതയോടെ വന്ന അപേക്ഷയുടെ അതേ ശബ്ദം.
കള്ള്ഷാപ്പിന് തീവെച്ചു എന്ന ക്രിമിനല്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാന്‍ വന്നപ്പോഴും ശബ്ദം ഇതുതന്നെയായിരുന്നു. പക്ഷേ ദയനീയത ദാക്ഷിണ്യരാഹിത്യത്തിലേക്ക് എത്ര പെട്ടെന്നാണ് പരിവര്‍ത്തനം ചെയ്യപ്പെട്ടത്!
എല്ലാവരും കയറിയപ്പോള്‍ പോലീസുകാര്‍ വാതിലടച്ചു. അകത്ത് കട്ട പിടിച്ചു കിടക്കുന്ന ഇരുട്ട്. വണ്ടി മുരണ്ട് കൊണ്ട് നീങ്ങാന്‍ തുടങ്ങി. കുരുമുളകോ മറ്റോ കൊണ്ടു പോകുന്ന ബോഗിയാണ്. കണ്ണുകള്‍ നീറുന്നുണ്ട്. നീറ്റല്‍ പതുക്കെ മേലാസകലം പടര്‍ന്നു. ബാലകൃഷ്ണമേനോന്‍ തൊട്ടടുത്ത് നിന്ന് കിതയ്ക്കുന്നുണ്ട്. അല്പം കഴിഞ്ഞപ്പോള്‍ കുറച്ചുപേര്‍ കരയാന്‍തുടങ്ങി. ആരോ വിളിച്ചു
‘ഭാരത് മാതാ കി ജയ് ‘
എല്ലാവരും ഏറ്റു വിളിച്ചു. ശബ്ദം ആ ഇരുളറയ്ക്ക് അകത്തു കിടന്ന് പരക്കംപാഞ്ഞു. മുദ്രാവാക്യം വിളി അല്പം തുടര്‍ന്നപ്പോള്‍ പലരും കിതയ്ക്കാന്‍ തുടങ്ങി. കേളപ്പന്‍ ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു. കിതപ്പ് നില്‍ക്കുന്നില്ല.
ഉച്ഛ്വാസവായുവില്‍ നിന്നുള്ള ഉഷ്ണതരംഗങ്ങള്‍ അകമാകെ നിറഞ്ഞപ്പോള്‍ വിയര്‍പ്പിന്‍ തുള്ളികള്‍ കൊണ്ട് വസ്ത്രങ്ങള്‍ ആകെ നനയുന്നത് ഓരോരുത്തരും അറിഞ്ഞു. ഓരോരുത്തരായി കുഴഞ്ഞ് താഴെ ഇരിപ്പായി. വണ്ടി ഇപ്പോള്‍ എവിടെ എത്തി എന്ന് അറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല. വടക്കോട്ടാണ് യാത്ര എന്ന് മാത്രമറിയാം. ഈ യാത്ര എങ്ങനെ, എവിടെ അവസാനിക്കും?
ശാസംമുട്ടല്‍ അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയെന്ന് തന്നെ കാല്‍ക്കീഴില്‍ ഏതാനുംപേര്‍ പിടയുന്നതറിഞ്ഞപ്പോഴാണ് കേളപ്പന്‍ ശ്രദ്ധിച്ച് തുടങ്ങിയത്. അതെ തനിക്കും അത് ഭീതിദമായ തരത്തിലേക്ക് വളര്‍ന്നിരിക്കുന്നു. ചൂട്, വേവുന്ന ചൂട്. പതുക്കെ കണ്ണടച്ചു. ഇതാ എല്ലാം തീരാന്‍ പോവുകയാണ്. ഉള്‍ക്കാഴ്ച പോലും അടയുന്നു. ചുറ്റും തീച്ചൂള.
പൊടുന്നനെ വെളിച്ചത്തിന്റെ നേര്‍ത്തൊരു നൂലിഴ ആ ഇരുട്ടിനെ തുളച്ച് അകത്തേക്ക് കയറി. അത് പതുക്കെ വലുതായി വരുന്നു. കണ്‍പോളകളില്‍ തട്ടിയപ്പോള്‍ ചുവന്ന ഒരു കടല്‍ ചുറ്റും നിറയുമ്പോലെ. പതുക്കെ അത് വെള്ളി വെളിച്ചത്തിന്റെ ധാരയായി ഉള്ളിലാകെ പടര്‍ന്നു. ആരോ വാതില്‍ തുറന്നു. വണ്ടി ഇപ്പോള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
വാതില്‍ തുറന്ന് രണ്ട് പോലീസുകാര്‍ ഉള്ളിലേക്ക് ഏന്തിവലിഞ്ഞു നോക്കി. താഴെ വീണു കിടക്കുന്നവരെ തട്ടിവിളിച്ചു. തണുപ്പേറിയ കാറ്റ് പുറത്തുനിന്ന് ആവേശത്തോടെ ഉള്ളിലേക്ക് കയറിയപ്പോള്‍ അകത്തെ തീക്കാറ്റ് ഇരയന്വേഷിച്ചെന്നവണ്ണം പുറത്തേക്ക് കുതിച്ചു. മൃത്യുവിന്റെ വക്കത്തുനിന്ന് ചാടിപ്പിടഞ്ഞെഴുന്നേറ്റ് പുറത്തെ കാറ്റിന്റെ തണുപ്പേല്‍ക്കാന്‍ അവര്‍ വാതില്‍പ്പടിയിലേയ്ക്ക് ചാഞ്ഞു നിന്നു.
കോഴിക്കോട് സ്റ്റേഷന്‍ ആണെന്ന് വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്നയാള്‍ പറഞ്ഞു.
‘ഹൊ, ഇപ്പൊ തുറന്നില്ലായിരുന്നെങ്കില്‍ കൊറേയെണ്ണം ചത്തേനെ. വെറുതെയൊന്ന് നോക്കാന്‍ തോന്നീത് ഭാഗ്യമായി’. പ്രധാനവാതില്‍ അടച്ച് വാതിലിലെ ചെറുദ്വാരത്തിന്റെ കൊച്ചു വാതില്‍ ഊരിമാറ്റുന്നതിനിടയില്‍ ഒരു പോലീസുകാരന്‍ മറ്റേയാളോട് പറയുന്നത് അകത്തുള്ളവരെല്ലാം കേട്ടു. വണ്ടി നീങ്ങിത്തുടങ്ങി. അപ്രതീക്ഷിതമായി ആ ചെറുദ്വാരത്തിലൂടെ ദൈവസ്പര്‍ശവുമായെത്തിയ കാറ്റിനും വെളിച്ചത്തിനും തങ്ങളുടേതെല്ലാം സമര്‍പ്പിച്ച് ഉള്ളിലുള്ളവര്‍ കണ്ണീര്‍കണങ്ങള്‍ പൊഴിച്ചു. സഹ്യനും സമുദ്രവും ഇരുവശവും നിന്ന് തങ്ങള്‍ക്ക് വെഞ്ചാമരം വീശുകയായിരിക്കണം. കേളപ്പന്‍ ഉള്ള ഊര്‍ജ്ജം തൊണ്ടയിലേക്ക് ഒരുവിധമെത്തിച്ച് ചുണ്ടിലൂടെ ഒഴുക്കി.
‘ഭാരത് മാതാ കീ ജയ് ‘
കണ്ണൂരെത്തുമ്പോഴേക്കും മിക്കവരും തളര്‍ന്നിരുന്നു. പോലീസ് വാഹനത്തിലിട്ട് ജയിലില്‍ എത്തിച്ച ശേഷമാണ് കുടിക്കാന്‍ വെള്ളം ലഭിച്ചത്.
ജയില്‍വാസത്തിന് രണ്ടാമത്തെ അധ്യായം. കോഴിക്കോട് ജയിലിലെ പോലെ ആയിരുന്നില്ല. ഇവിടെ അല്പം കൂടി ക്രൂരമായിരുന്നു പെരുമാറ്റം.
മതലഹളയ്ക്ക് നേതൃത്വം നല്‍കിയതാണ് കുറ്റം. വലിയ വിരോധം അതിന്റെ പേരില്‍ ജയിലധികൃതര്‍ സൂക്ഷിക്കുന്നുണ്ട് എന്നത് ഓരോ പീഡനത്തിലും കേളപ്പന്‍ വായിച്ചെടുത്തു.
മാസങ്ങള്‍ ഓരോന്ന് പിന്നിട്ടപ്പോള്‍ സന്ധികളില്‍ ആകെ നിറഞ്ഞിരിക്കുന്ന വേദന മറക്കാനുള്ള വഴികളന്വേഷിച്ച് കേളപ്പന്‍ ചുറ്റും നോക്കിക്കൊണ്ടിരുന്നു. കണ്ടത് വേദനകളുടെ കുത്തിനോവിക്കുന്ന കാഴ്ചകള്‍ മാത്രം.
ബാലകൃഷ്ണമേനോന് ഇടയ്ക്കിടെ ക്ഷീണം വരാന്‍ തുടങ്ങി.
മകരത്തണുപ്പണിഞ്ഞ പ്രഭാതത്തിലെ ആലസ്യത്തില്‍ നിന്നും മധ്യാഹ്നച്ചൂടിലേക്ക് ജയില്‍വളപ്പ് മാറിക്കൊണ്ടിരിക്കുന്ന ഒരു പകല്‍നേരത്ത് കേളപ്പന്‍ സെല്ലിലേക്ക് നടക്കുകയായിരുന്നു. വരാന്തയില്‍ തളര്‍ന്നുകിടക്കുന്ന മേനോനെ കണ്ട് തല കൈകൊണ്ട് താങ്ങി മടിയില്‍വെച്ച് ഒരു ഗ്ലാസ് വെള്ളം കൊണ്ടുവരാന്‍ തടവുകാരിലൊരാളോട് പറഞ്ഞു.
‘പൊള്ളുന്ന ചൂട് ‘. മേനോന്റെ നെറ്റിയിലെ വിയര്‍പ്പു തുള്ളികള്‍ കൈകൊണ്ടു തുടച്ച് കേളപ്പന്‍ പറഞ്ഞു. വെള്ളം കൊടുത്ത് രണ്ടുപേര്‍ താങ്ങി സെല്ലിനകത്ത് കൊണ്ട് കിടത്തി.
കേളപ്പന്‍ അന്ന് രാത്രി മേനോന്റെ സെല്ലില്‍ കിടക്കാനുള്ള അനുവാദം വാങ്ങി. സന്ധ്യയാകുമ്പോഴേക്കും ചൂട് മൂര്‍ച്ഛിച്ചു. മേലാസകലം സെല്ലിലെ മുഷിഞ്ഞ പുല്‍പ്പായയില്‍ നിന്ന് കിടന്ന് വിറകൊള്ളുന്നു. മെയ്യിലൊന്ന് തൊട്ടപ്പോള്‍ പൊള്ളല്‍ കൊണ്ട് കൈ പിന്‍വലിച്ചു. താന്‍ തൊട്ടത് മേനോന്‍ അറിഞ്ഞിട്ടേയില്ല എന്ന തിരിച്ചറിവില്‍ കേളപ്പന്‍ ഒന്നുകൂടി കയ്യും കാലും തലോടി. മേനോനില്‍ യാതൊരു പ്രതികരണവും അതുണ്ടാക്കിയില്ല.
സന്നിയുടെ ലക്ഷണമാണ്.
രാത്രി ഏറെ വൈകി എന്തോ ശബ്ദം കേട്ടാണ് കേളപ്പന്‍ ഉണര്‍ന്നത്. നോക്കുമ്പോള്‍ അകത്തേക്ക് അല്പമായി ഉതിര്‍ന്നുവീഴുന്ന നിലാവിലൂടെ മേനോന്‍ അങ്ങോട്ടുമിങ്ങോട്ടും വേച്ച് വേച്ച് നടക്കുന്നു. എന്തൊക്കെയോ പുലമ്പുന്നു, ചിരിക്കുന്നു, കരയുന്നു. പരസ്പരബന്ധ മില്ലാതെ ഭാവങ്ങള്‍ മാറിമറിഞ്ഞു കൊണ്ടിരിക്കുന്നു. കേളപ്പന്‍ എഴുന്നേറ്റ് ബലംപ്രയോഗിച്ച് ഒരുവിധം അയാളെ പായയിലിരുത്തി. വെള്ളം കുടിപ്പിച്ച് കൈകാലുകള്‍ ശക്തമായി തിരുമ്മി. മേനോന്‍ ഒരു കൊച്ചുകുട്ടിയെന്നവണ്ണം പുഞ്ചിരി നല്‍കി. മൂളലിന്റെ ഉയര്‍ച്ചതാഴ്ചകള്‍ക്കൊപ്പം പായയിലേക്ക് കിടന്നു.
(തുടരും)
Comments