ആയുഷ് മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദത്തിന്റെ പരമോന്നത ഗവേഷണ സ്ഥാപനമായ സി.സി.ആര്.എ.എസ് വികസിപ്പിച്ചെടുത്ത മരുന്നാണ് ആയുഷ് 64. ഏഴിലം പാലയുടെ പുറം തൊലി, കടുകുരോഹിണിയുടെ വേര്, കിര്യാത് സമൂലം, കഴഞ്ചിക്കുരു ഇവയാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.
കേന്ദ്ര ആയുഷ് മന്ത്രാലയവും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും (സി.എസ്.ഐ.ആര്) സംയുക്തമായി നടത്തിയ പഠനത്തില്‍ ആയുഷ് 64 കോവിഡ് രോഗികളുടെ ചികിത്സക്ക് ഫലപ്രദവും സുരക്ഷിതവും ആണെന്ന് കണ്ടെത്തിയിരുന്നു. ലക്ഷണങ്ങള്‍ ഇല്ലാത്തതോ മിതമായ ലക്ഷണങ്ങള്‍ ഉള്ളതോ ആയ കോവിഡ് രോഗികളില്‍ രോഗം സ്ഥിരീകരിച്ചു 7 ദിവസത്തിനകം ഈ മരുന്ന് ഉപയോഗിച്ച് തുടങ്ങേണ്ടതാണ്.
നിലവിലുള്ള മറ്റു ചികിത്സാ സമ്പ്രദായങ്ങള്‍ക്കൊപ്പം ആയുഷ് 64 കൂടെ ഉള്‍പ്പെടുത്തുന്നവരില്‍ രോഗം ഗുരുതരം ആവാതെ ഇരിക്കുകയും രോഗമുക്തി വേഗം സാധ്യമാവുകയും ചെയ്യുന്നതായാണ് കണ്ടു വരുന്നത്. ഒപ്പം തന്നെ കോവിഡ് അനുബന്ധമായി ഉണ്ടാകുന്ന ആരോഗ്യക്കുറവ്, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, മാനസിക സമ്മര്‍ദം മുതലായവയിലും ആയുഷ് 64 ഫലപ്രദമാണ്. പ്രമേഹം, രക്തസമ്മര്‍ദം മുതലായ രോഗങ്ങള്‍ക്ക് നിലവില്‍ മരുന്ന് കഴിക്കുന്നവര്‍ക്കും ഒരു ആയുര്‍വേദ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ഈ മരുന്ന് ഉപയോഗിക്കാവുന്നതാണ്.