പരിസ്ഥിതിയെക്കുറിച്ച് ഏറ്റവും കൂടുതല്‍ സംസാരിക്കുന്നവര്‍ മലയാളികളാണ്. എന്നാല്‍ ഒന്നും പ്രവര്‍ത്തിക്കാത്തവരും മലയാളികള്‍ തന്നെ. ദേശീയതലത്തില്‍ വനവിസ്തൃതി 24% കൂടിയപ്പോള്‍ കേരളത്തില്‍ അതു പഴയതിനേക്കാളും താഴോട്ടു പോവുകയാണുണ്ടായത്. വനസംരക്ഷണം, തീരദേശ പരിപാലനം എല്ലാത്തിനെക്കുറിച്ചും മലയാളികള്‍ക്ക് വളരെയധികം പറയാനുണ്ട്. എന്നാല്‍ പ്രായോഗികതലത്തില്‍ വെറും മരം നടീലിനപ്പുറം ഒന്നുമില്ല. പരിസ്ഥിതി നാശത്തിനു കാരണമാകുന്ന പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് ആരും സംസാരിക്കുന്നതു തന്നെയില്ല.
അമിതജനപ്പെരുപ്പം, അഴിമതി, മാലിന്യസംസ്‌കരണത്തിന്റെ അഭാവം ഇതൊക്കെയാണ് കാതലായ പ്രശ്‌നങ്ങള്‍. അതിനെക്കുറിച്ചൊന്നും ഒരാളും സംസാരിക്കുന്നില്ല. ‘ഭൂമി മനുഷ്യനുവേണ്ടി മാത്രമുള്ളതല്ല’ എന്ന് നാഴികയ്ക്കു നാല്പതുവട്ടം പറയുന്നവര്‍ പോലും മറ്റു ജീവികളുടെ ആവാസകേന്ദ്രങ്ങളെ കൈയേറുന്നതരത്തില്‍ മനുഷ്യവംശം പെരുകുന്നതിനെക്കുറിച്ചും നിര്‍ബന്ധിതമായ നിയമങ്ങള്‍ വഴി ജനപ്പെരുപ്പം കുറച്ചു കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നിശ്ശബ്ദരാണ്. വനം കൈയേറുന്നതിനോടു നിസ്സംഗത പുലര്‍ത്തുന്ന മലയാളി റോഡരുകില്‍ യാത്രക്കാര്‍ക്ക് അപകടകരമായ തരത്തില്‍ നില്‍ക്കുന്ന മരങ്ങളെ മുറിച്ചു നീക്കുമ്പോള്‍ വെറുതേ കണ്ണീരൊഴുക്കി അഭിനയിക്കുന്നു.
മാലിന്യ പ്ലാന്റുകള്‍ എവിടെ സ്ഥാപിച്ചാലും അവയ്‌ക്കെതിരെ രംഗത്തിറങ്ങുന്ന നമ്മള്‍ മാലിന്യം മൂലം പകര്‍ച്ചവ്യാധികളുടെ തലസ്ഥാനമായിത്തീര്‍ന്ന കേരളത്തെക്കുറിച്ചു പരിതപിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനു ബോധവല്‍ക്കരണം അല്ല വേണ്ടത്; ശക്തമായ നിയമങ്ങളാണ്. അഴിമതിയ്ക്കുള്ള പഴുതിനായിട്ടാണ് ബോധവല്‍ക്കരണത്തെ കേരളത്തിലെ രാഷ്ട്രീയക്കാര്‍ താലോലിക്കുന്നത്. യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ഒരു പ്രവര്‍ത്തനവും പരിസ്ഥിതി പ്രശ്‌നവുമായി ബന്ധപ്പെട്ടു കേരളത്തില്‍ നടക്കുന്നതേയില്ല.
പണ്ടില്ലാത്തവിധം കടല്‍ കരയിലേക്കു കയറുന്നതിനു ഒരു പ്രധാന കാരണം നദികളുടെ സംഗമസ്ഥാനങ്ങളായ അഴിമുഖങ്ങളില്‍, മണല്‍ അടിഞ്ഞ് ആ ഭാഗങ്ങളില്‍ സമുദ്രം തൂര്‍ന്നുപോകുന്നതാണ്. കഴിഞ്ഞ പത്തിരുപതുവര്‍ഷമായി കേരളത്തിലെ നദികളില്‍ മണല്‍നീക്കം പരിസ്ഥിതിപ്രവര്‍ത്തകര്‍ എന്ന ഒരു വിഭാഗം അപ്രായോഗിക അശാസ്ത്രീയ ആക്ടിവിസ്റ്റുകള്‍ തടഞ്ഞുകൊണ്ടിരിക്കുന്നു. ഫലമോ, ആ മണല്‍ മുഴുവന്‍ ആര്‍ക്കും പ്രയോജനമില്ലാതെ സമുദ്രത്തിലേയ്ക്കു പോയി ചിലയിടങ്ങളില്‍ കടലാഴം കുറയ്ക്കുന്നു. സ്വാഭാവികമായും അപ്പോള്‍ കടല്‍ കരയിലേയ്ക്കു കയറേണ്ടിവരുമല്ലോ! കാലാകാലങ്ങളില്‍ മണല്‍ നീക്കാത്തതാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്ന പ്രളയത്തിന്റെ കാരണങ്ങളില്‍ ഒന്ന്.
വയലുകള്‍ നികത്തുന്നു എന്നു പരാതി പറയുന്നവര്‍ പാര്‍പ്പിട പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗ്ഗമെന്തെന്നു പറയുന്നില്ല. വേറെ ഭൂമി കണ്ടെത്തുക എന്നതല്ല ബദല്‍; നിലവില്‍ ഉള്ള ഭൂമിയില്‍ ബഹുനില മന്ദിരങ്ങള്‍ ഉണ്ടാക്കി കൂടുതല്‍ കൃഷിഭൂമിയും വനഭൂമിയും ലഭ്യമാക്കുക എന്നതാണ് പരിഹാരം. നഗരങ്ങളിലെ ചേരികള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ആ ചേരികളുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു ലേലം ചെയ്തു വിറ്റാല്‍ മാത്രം മതി. ആ പണം കൊണ്ടു തന്നെ ഇന്നത്തേതിന്റെ നാലിരട്ടി സൗകര്യങ്ങളുള്ള ബഹുനില ഫ്‌ളാറ്റുകള്‍ അവര്‍ക്കു നിര്‍മ്മിച്ചു നല്‍കാനാവും. പക്ഷെ, ഇതൊക്കെ സ്വപ്‌നങ്ങളായി അവശേഷിക്കുകയേയുള്ളു. കാരണം അഴിമതി അതിന്റെ എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്ന പ്രദേശമാണ് കേരളം. കേരളം പോലെ അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ഒരു പ്രദേശം ഭൂമിയില്‍ ഇല്ല. അഴിമതിക്കെതിരെ സംസാരിക്കുന്നവരെ പരിഹസിക്കുന്ന കേരളത്തിലെ മാധ്യമങ്ങളാണ് ഒന്നാമത്തെ കുറ്റവാളികള്‍. യഥാര്‍ത്ഥ അഴിമതിയെ സമര്‍ത്ഥമായി മൂടിവയ്ക്കുകയും ഇല്ലാത്ത അഴിമതികളെ ഉണ്ടെന്നു പ്രചരിപ്പിച്ച് ആഘോഷിക്കുകയും ചെയ്യുന്ന കേരളത്തിലെ മാധ്യമങ്ങള്‍ നമ്മുടെ വികസനസ്വപ്‌നങ്ങള്‍ക്കു മുകളില്‍ കരിനിഴല്‍ വീഴ്ത്തുന്ന കുറ്റവാളിക്കൂട്ടങ്ങളാണെന്ന കാര്യത്തില്‍ തര്‍ക്കമേതുമില്ല പരിസ്ഥിതി കാപട്യങ്ങള്‍ അവസാനിപ്പിച്ച് യഥാര്‍ത്ഥ പരിഹാരങ്ങളിലേയ്ക്ക് മനസ്സുതിരിക്കാന്‍ മലയാളി ശ്രമിക്കണം.
പശ്ചിമഘട്ടത്തില്‍ ഉരുള്‍പൊട്ടലുകള്‍ കൂടിയിട്ടില്ല. എന്നാല്‍ പണ്ട് ഉരുള്‍പൊട്ടിയിരുന്ന ഇടങ്ങളില്‍ മനുഷ്യരില്ലാതിരുന്നതിനാല്‍ അതൊന്നും പുറംലോകം അറിഞ്ഞില്ല. ഇപ്പോള്‍ മലയടിവാരങ്ങള്‍ പാവപ്പെട്ടവര്‍ക്കു വീടു വയ്ക്കാന്‍ സര്‍ക്കാര്‍ പകുത്തുകൊടുക്കുന്നു. അവരെ പ്രകൃതിയുടെ നിര്‍ദ്ദയത്വത്തിന് എറിഞ്ഞുകൊടുക്കുന്നു. എന്നാല്‍ ആ ഭൂമി ഏതെങ്കിലും തോട്ടമുടമയ്ക്കു വിറ്റാല്‍ കിട്ടുന്ന പണവും സര്‍ക്കാരിന്റെ ഭവനനിര്‍മാണ വിഹിതവും ചേര്‍ത്താല്‍ സുരക്ഷിതമായ ഏതെങ്കിലുമൊരിടത്ത് അവര്‍ക്കു ഒരു ബഹുനില ഫ്‌ളാറ്റ്‌നിര്‍മ്മിച്ചു നല്‍കാനാവും. പക്ഷെ അതിന് പാവങ്ങളോട് ആത്മാര്‍ത്ഥമായ കാരുണ്യം വേണം. സര്‍ക്കാര്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ മിക്കവാറും നിര്‍മ്മിച്ചു തീരും മുമ്പേ ഇടിഞ്ഞു വീഴുന്ന ഇന്നത്തെ സ്ഥിതിയാണെങ്കില്‍ പ്രയോജനമില്ല. സിങ്കപ്പൂരും യൂറോപ്പിലെ ചെറിയ പല രാജ്യങ്ങളും പാര്‍പ്പിട പ്രശ്‌നം പരിഹരിച്ചിരിക്കുന്നതു കേരളത്തിനു കണ്ടുപഠിക്കാനാവും. മലയാളം വാരിക (മെയ് 31) സര്‍ക്കാരിനെ പരിസ്ഥിതി നയം പഠിപ്പിക്കുന്നു, അരവിന്ദ് ഗോപിനാഥിന്റെ ലേഖനത്തിലൂടെ. അതുകണ്ടപ്പോള്‍ എഴുതിപ്പോയതാണ്. പഴഞ്ചന്‍ പൊതുമേഖലാ പ്രണയം ആവര്‍ത്തിക്കുകയാണ് ലേഖകന്‍. എല്ലാം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആക്കിയാല്‍ ദാരിദ്ര്യം ഇരട്ടിക്കുന്നതാവും ഫലം. ഖനിജങ്ങളൊക്കെ പൊതുനിയന്ത്രണത്തില്‍ കൊണ്ടുവരണംപോലും. അപ്രായോഗികമായ ഇത്തരം വിഡ്ഢിത്തങ്ങളില്‍ നിന്ന് കേരള സമൂഹം എന്നാണാവോ രക്ഷപ്പെടുന്നത്? കേരളത്തിന്റെ ടൂറിസ്റ്റ് സ്‌പോട്ടുകളും ഖനിജങ്ങളുമൊക്കെ അതിവേഗത്തില്‍ സ്വകാര്യവല്‍ക്കരിച്ചുകൊണ്ടേ കേരളത്തിനു പുരോഗമിക്കാനാവൂ. പൊതുമേഖല! പൊതുമേഖല! എന്നിങ്ങനെ ആവര്‍ത്തിക്കുന്നത് കേരളത്തെ അതിവേഗം ബംഗാളാക്കിത്തീര്‍ക്കും.
‘സംവാദാത്മക ക്യാംപസുകളെ ഭരണകൂടം ഭയക്കുമ്പോള്‍’ എന്ന പേരില്‍ കാസര്‍കോട്ടെ കേന്ദ്ര സര്‍വ്വകലാശാലയിലെ അധ്യാപകന്‍ ഡോക്ടര്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെ സസ്‌പെന്റ് ചെയ്തതിനെതിരെയും ഒരു ലേഖനമുണ്ട് മലയാളത്തില്‍. പൂര്‍ണ്ണമായും രാജ്യദ്രോഹിയാണെന്നു ബോധ്യപ്പെട്ടുകഴിഞ്ഞ സ്ഥിതിക്ക് പ്രസ്തുത അധ്യാപകന്റെ ശിക്ഷ വെറും സസ്‌പെന്‍ഷനില്‍ ഒതുക്കിയത് ശരിയായില്ല എന്ന അഭിപ്രായമാണ് ഈ ലേഖകനുള്ളത്. പിരിച്ചുവിടുകതന്നെ വേണമായിരുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ മാതൃകാപരമായി ശിക്ഷിക്കേണ്ടതും കെട്ടുറപ്പുള്ള ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് അനിവാര്യമാണ്.
മലയാളത്തില്‍ പെന്‍ഷന്‍ പറ്റിപ്പിരിഞ്ഞ പോലീസ് ഉദ്യോഗസ്ഥന്‍ എ.ഹേമചന്ദ്രന്‍ ഐ.പി.എസ്സിന്റെ ഔദ്യോഗികകാല സ്മരണകള്‍ കുറെക്കാലമായി തുടരുന്നുണ്ട്. ഇപ്പോഴത് 47-ാം ലക്കത്തിലെത്തിയിരിക്കുന്നു. എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ജീവിതം ഏതാണ്ടൊരുപോലൊക്കെത്തന്നെയാണ്. അങ്ങനെയാകാനേ തരമുള്ളു. എത്ര ന്യായസ്ഥനായ പോലീസ് ഓഫീസര്‍ക്കും രാഷ്ട്രീയക്കാരെ ഭയക്കാതെ ജോലി ചെയ്യാനാവില്ല. വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ സമരം ചെയ്യുന്ന മലയാളിയുടെ വ്യാജരാഷ്ട്രീയ ബോധത്തെ അദ്ദേഹം മാരാരിക്കുളം പോലീസ് വെടിവയ്പിന്റെ ഓര്‍മകളവതരിപ്പിച്ചുകൊണ്ട് തുറന്നു കാണിക്കുന്നുണ്ട്. എന്നാലിപ്പോഴും സര്‍വ്വീസില്‍ തുടരുന്ന ഒരാളെപ്പോലെ വിമര്‍ശനത്തിലൊക്കെ മിതത്വം പാലിക്കാനും ശ്രമിക്കുന്നുണ്ട്. ബുദ്ധിമാനായ ഒരു ഉദ്യോഗസ്ഥന് രാഷ്ട്രീയക്കഴുകന്മാരുടെ കണ്ണുകളെ വെട്ടിച്ചു കൗശലപൂര്‍വ്വം നിയമം നടപ്പാക്കാനാവും. ആ ബുദ്ധി ഹേമചന്ദ്രന്റെ എഴുത്തില്‍ നിന്നു നമുക്കു വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്.
”തെളിക്കുന്നവഴി പോയില്ലെങ്കില്‍ പോകുന്ന വഴി തെളിക്കണം” എന്നൊരു ചൊല്ലുണ്ട്. ആ ചൊല്ലാണ് ദേശമംഗലം രാമകൃഷ്ണന്റെ മലയാളത്തിലെ കോളം വായിച്ചപ്പോള്‍ തോന്നുന്നത്. മേതിലിന്റെ മാതൃഭൂമി കോളവും ദേശമംഗലത്തിന്റെ മലയാളം കോളവും വായനയെ ഒട്ടും പ്രോത്സാഹിപ്പിക്കുന്നവയല്ല. രണ്ടുപേരും കവികളാണെങ്കിലും അവരുടെ ഗദ്യം ആകര്‍ഷകമല്ല. അവതരിപ്പിക്കുന്നതൊക്കെ വമ്പന്‍ വിഷയങ്ങള്‍, പക്ഷെ ഒരടുക്കും ചിട്ടയും നല്ല ഭാഷയുമൊന്നുമില്ല. ഗദ്യത്തിനു അവശ്യം വേണ്ട താളഭംഗി സൂക്ഷിക്കാന്‍ കവികള്‍ക്കാകുന്നില്ല.
ഇത്തവണ മലയാളത്തില്‍ ദേശ മംഗലം എഴുതുന്നത് റോളാങ്ബാര്‍ ത്തിന്റെ (Rolland Barthes) incidents എന്ന ആത്മകഥാപരമായ ലേഖനസമാഹാരത്തെക്കുറിച്ചാണ്. ലേഖനങ്ങളിലൊന്നില്‍ അദ്ദേഹത്തിന്റെ സ്വവര്‍ഗ്ഗഭോഗ താല്പര്യങ്ങളെ കമനീയമായി ആവിഷ്‌ക്കരിച്ചിരിക്കുന്നുവത്രേ! വേശ്യാലയങ്ങള്‍ സന്ദര്‍ശിക്കുന്നവരും സ്ഥിരമായ സ്വവര്‍ഗ്ഗഭോഗ താല്പര്യം വച്ചു പുലര്‍ത്തുന്നവരുമൊക്കെ സമൂഹത്തിലെ ഒരു നിസ്സാര ന്യൂനപക്ഷമാണ്. അവര്‍ക്കുവേണ്ടിയാണോ സാഹിത്യം. അല്പ ഭൂരിപക്ഷത്തില്‍ സാഹിത്യാസ്വാദനക്ഷമതയുള്ളവരെ ഉദ്ദേശിച്ചാണ് സാഹിത്യം.
”വിജ്ഞന്മാരഭിനന്ദിച്ചാല്ലേ
വിജ്ഞാനം സാധുവായ് വരൂ!” (കേരളവര്‍മ്മ ശാകുന്തളം തര്‍ജ്ജമ) എന്നൊക്കെ പറയാറുണ്ടെങ്കിലും ചെറുവിഭാഗങ്ങള്‍ക്കു മാത്രമായി സാഹിത്യം നിലനിന്നുപോകില്ല. പൂന്താനത്തിനും നമ്പ്യാര്‍ക്കും ചങ്ങമ്പുഴയ്ക്കും ലഭിച്ച അംഗീകാരം അവര്‍ ഭൂരിപക്ഷത്തെ രസിപ്പിച്ചു എന്നതാണ്. സ്വവര്‍ഗ്ഗഭോഗികള്‍ക്കായി എഴുതിയാല്‍ ആ എഴുത്ത് നിലനില്‍ക്കില്ല. ശരിയായ വഴിക്കു നീങ്ങിയിട്ടും രക്ഷയില്ലാത്തതുകൊണ്ടാവണം ദേശമംഗലം പോകുന്നവഴി തെളിക്കാന്‍ നോക്കുന്നത്.
സ്വവര്‍ഗ്ഗഭോഗം, ലൈംഗികത്തൊഴിലാളികള്‍ ഇതൊക്കെ എഴുത്തിലെ വൈവിധ്യം തിരക്കിപ്പോയ ചിലരുടെ സംഭാവനകളാണ്. സത്യത്തില്‍ ലൈംഗിക തൊഴിലാളി എന്ന പദപ്രയോഗം തന്നെ എത്ര അപമാനകരമാണ്. ലൈംഗികത ഒരു തൊഴിലാണോ? അതിനു സാമൂഹിക മാന്യത ഉണ്ടാക്കിയെടുക്കുന്നതു ശരിയാണോ? ബര്‍ണാഡ് ഷായുടെ “Lady Warren’s Profeesion എന്ന നാടകം ഈ വിഷയമാണ് ചര്‍ച്ച ചെയ്തത്. ഒരു പഴയ വേശ്യയായിരുന്ന ലേഡി വാറന് ഇപ്പോള്‍ താന്‍ നടത്തുന്ന (Brothel House) വേശ്യാലയത്തിന്റെ ആവശ്യകത ഒരിക്കലും തന്റെ മകളെ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ല. അതുപോലെ വേശ്യാവൃത്തിയെ ആദര്‍ശവല്‍ക്കരിക്കുന്ന ലൈംഗികത്തൊഴിലാളി എന്ന പദപ്രയോഗം അപമാനകരമാണ്. ലൈംഗികത ഒരിക്കലും ഒരു തൊഴിലല്ല, പ്രകൃതി പ്രേരണയാണ്. അതിന്റെ ഉദാത്തീകരണമാണ് പ്രണയം. എല്ലാക്കാലത്തും ഒരു ചെറിയ ശതമാനം ആളുകള്‍ അപഥ സഞ്ചാരികളായി ഉണ്ടാകും. അത് ഒരു സാമൂഹ്യ യഥാര്‍ത്ഥ്യമാണ്. എന്നുകരുതി അതാണ് ജീവിതത്തിന്റെ നേര്‍പകര്‍പ്പ് എന്ന രീതിയിലുള്ള എഴുത്ത് പ്രയോജനകരമല്ല. വേശ്യകളെ എറിഞ്ഞുകൊല്ലുന്ന കാടന്‍ നിയമങ്ങളും ആശാസ്യമല്ല. ഇത്തരം വൈകല്യങ്ങള്‍ കൂടി ഉള്ളതുതന്നെയാണ് മനുഷ്യവംശം. അവരെ അവഗണിക്കുക, ആഘോഷിക്കരുത്. ആഘോഷിച്ചാല്‍ അതാണ് ശരിയായ മാതൃക എന്നു പുതുതലമുറ തെറ്റിദ്ധരിക്കും.