രാവണന്റെ കൈയിലെ വാളിന്റെ പേരാണ് ചന്ദ്രഹാസം. ശിവന്‍ നല്‍കിയതാണിത്. അതിന് പിന്നില്‍ ഒരു കഥയുണ്ട്.
ഒരിക്കല്‍ രാവണന്‍ ബ്രഹ്മാവിനെ തപസ്സുചെയ്യാന്‍ തുടങ്ങി. വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടില്ല. രാവണന്‍ തന്റെ തപസ്സിന്റെ ശക്തി കൂട്ടി. ഓരോ ആയിരം വര്‍ഷം കൂടുമ്പോഴും തന്റെ പത്തുതലകളില്‍ നിന്നും ഓരോന്നായി അറുത്തെടുത്ത് ഹോമിച്ചു. അങ്ങനെ പത്താമത്തെ തലയും അറുക്കാന്‍ തുടങ്ങിയതും രാവണനു മുന്നില്‍ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. ”നിന്റെ തപസ്സില്‍ നാം സംപ്രീതനായിരിക്കുന്നു. നിനക്കെന്തു വരമാണ് നാം നല്‍കേണ്ടത്.” ബ്രഹ്മാവിനെ വണങ്ങി രാവണന്‍ പറഞ്ഞു ”ഒരു മനുഷ്യനല്ലാതെ മറ്റാര്‍ക്കും എന്നെ വധിക്കാന്‍ കഴിയരുത്.” രാവണന്‍ ആവശ്യപ്പെട്ട വരം നല്‍കി ബ്രഹ്മാവ് മറഞ്ഞു.
വരം നേടിയ രാവണന്‍ അഹങ്കാരിയായി. സഹോദരനായ കുബേരനില്‍ നിന്നും പുഷ്പകവിമാനം തട്ടിയെടുത്തു. പിന്നീട് ചെന്നത് കൈലാസത്തിലേക്കാണ്. കൈലാസത്തിലെത്തിയ രാവണനെ ശിവന്റെ ഭൂതഗണമായ നന്ദികേശന്‍ തടഞ്ഞു നിര്‍ത്തി. തന്നെ തടഞ്ഞതില്‍ കോപിഷ്ഠനായ രാവണന്‍ കൈലാസത്തെ കീഴ്‌മേല്‍ മറിക്കാന്‍ തുടങ്ങി. ഇരുപത് കൈകളും കൈലാസപര്‍വ്വത്തിനടിയില്‍ കടത്തി അതിനെ എടുത്ത് കുലുക്കാന്‍ തുടങ്ങിയതോടെ പാര്‍വ്വതിക്ക് ഭയമായി. ശിവന്‍ കാലുകൊണ്ട് കൈലാസത്തെ അടിയിലേക്ക് ചവിട്ടിപ്പിടിച്ചു. അതോടെ രാവണന്റെ കൈകള്‍ കൈലാസത്തിനടിയില്‍ കിടന്ന് ചതഞ്ഞരഞ്ഞു. എത്ര ശ്രമിച്ചിട്ടും രാവണന് തന്റെ കൈകള്‍ പുറത്തേക്കെടുക്കാനായില്ല. വേദനകൊണ്ട് പുളഞ്ഞ രാവണന്‍ ഒടുവില്‍ ശിവനെ ഭജിക്കാന്‍ തുടങ്ങി. ആയിരം വര്‍ഷം ഇത് തുടര്‍ന്നു. ഒടുവില്‍ ശിവന്‍ രാവണനു മുന്നില്‍ പ്രത്യക്ഷപ്പെടുകയും കൈകള്‍ മോചിപ്പിക്കുകയും ചെയ്തു. രാവണന്റെ തപസ്സില്‍ സംപ്രീതനായ ശിവന്‍ വിശേഷപ്പെട്ട ഒരു വാള്‍ സമ്മാനായി നല്‍കി. ആ വാളാണ് ചന്ദ്രഹാസം. ഈ ചന്ദ്രഹാസം കാട്ടി രാവണന്‍ ലോകത്തെ കിടുകിടാ വിറപ്പിച്ചു.