മോദി വൈറസ് എന്നു വിളിക്കാം; കേന്ദ്രത്തിന്റെ ബയോവെപ്പണ്‍ എന്ന് വിളിക്കാം; എന്നാല്‍ ചൈനാ വൈറസ് എന്നുമാത്രം വിളിക്കരുത്. അതു കേരള മുഖ്യന്‍ വിജയന്‍ സഖാവിനോ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയ്‌ക്കോ സഹിക്കില്ല. അവരുടെ ചങ്കുപൊട്ടും. ഇതൊന്നും വിളിക്കാന്‍ തയ്യാറില്ലെങ്കില്‍ പകരം എന്തു വിളിക്കണമെന്നുവരെ അദ്ദേഹം പറഞ്ഞു തന്നിട്ടുണ്ട്. ഇനി ചൈനാ വൈറസ് എന്ന് വിളിക്കരുതേ എന്നാണ് സഖാവിന്റെ വിനീതമായ അപേക്ഷ. സഖാവിന്റെ വിനീതഭാവത്തിന് എത്ര താഴ്മയുണ്ട് എന്ന് ആരും പറഞ്ഞു തരേണ്ടതില്ലല്ലോ. എങ്കില്‍ ജൂൺ 11-ലെ അദ്ദേഹത്തിന്റെ ആറുമണി തള്ളല്‍ ഒന്നു കാണുക. കൊറോണാ വൈറസിനു പല വകഭേദങ്ങളുണ്ട്. അതിനാല്‍ അവയെ ഒരു രാജ്യത്തിന്റെയും പേരു ചേര്‍ത്തു വിളിക്കേണ്ടതില്ല എന്നാണ് മുഖ്യന്‍ നല്‍കുന്ന ഉപദേശം. പകരം ആല്‍ഫാ, ബീറ്റാ തുടങ്ങിയ പേരുകള്‍ കൊടുക്കാം. ചൈന വൈറസ്, വുഹാന്‍ വൈറസ് എന്നൊന്നും പറയരുത് എന്നാണ് ഈ ഉപദേശത്തിന്റെ സാരം.
രാഹുല്‍ഗാന്ധി കൊറോണാ വൈറസിനെ ‘മോദി വൈറസ്’ എന്ന് ആക്ഷേപിച്ചപ്പോള്‍ സി.പി.എമ്മുകാര്‍ അതിനൊപ്പം കൂടുകയായിരുന്നു. മോദിയുടെ രണ്ടു വര്‍ഷത്തെ ഭരണം ‘വര്‍ച്വല്‍ ഹൊറര്‍’ ആണെന്നു കുറ്റപ്പെടുത്തി പാര്‍ട്ടി ജന.സെക്രട്ടറി യച്ചൂരി അതിന് തീപകര്‍ന്നു കൊടുത്തു. അന്ന് ഈ വൈറസിനെ ആല്‍ഫാ, ബീറ്റാ എന്നൊക്കെ വിളിച്ചാല്‍ മതി എന്നു ഉപദേശിക്കാന്‍ വിജയന്‍ സഖാവിനെ കണ്ടില്ല. ഏറ്റവും ഒടുവില്‍ കയ്യടിയുടെ ഹരം മൂത്ത ലക്ഷദ്വീപിലെ സിനിമാപ്രവര്‍ത്തക എന്ന ലേബലിലിറങ്ങിയ ഇസ്ലാമിസ്റ്റ് ഐഷാസുല്‍ത്താന കേന്ദ്രം ലക്ഷദ്വീപിലിറക്കിയ ജൈവായുധമാണ് കൊറോണ എന്ന് തട്ടിവിട്ടപ്പോള്‍ സഖാക്കള്‍ ആര്‍ത്തുവിളിച്ച് ആഘോഷിച്ചു. അപ്പോഴും ഇതിന്റെ പേര് ആല്‍ഫാ എന്നോ ബീറ്റാ എന്നോ ആണെന്നു തിരുത്തിക്കൊടുക്കാന്‍ മുഖ്യമന്ത്രി സഖാവിന് നാവുപൊന്തിയില്ല. ചൈനയാണ് ഈ ജൈവായുധം ഇറക്കിയതെന്ന് ലോകരാജ്യങ്ങളൊക്കെ പറയാന്‍ തുടങ്ങിയപ്പോഴാണ് വിജയന്‍ സഖാവിന് ധാര്‍മ്മികത തിളച്ചു മറിഞ്ഞത്. ഭാരത പ്രധാനമന്ത്രിയെ അധിക്ഷേപിക്കുമ്പോഴോ രാജ്യദ്രോഹികള്‍ ജൈവായുധം എന്ന് ആരോപിക്കുമ്പോഴോ ഉയരാത്ത ധാര്‍മ്മികത ചൈനയുടെ പേരു പറയുമ്പോഴേയ്ക്കും ഉയര്‍ന്നു വരുന്നതിന്റെ രഹസ്യം എന്താണ് സഖാവേ?