‘രാവിലെ ആയാല്‍ നീ രാത്രി പ്രതീക്ഷിക്കരുത്, രാത്രിയായാല്‍ പകലും.
നിന്റെ ജീവിതത്തില്‍ നീ പരലോകത്തിന് വേണ്ടി കരുതി വെക്കുക.
പ്രവാചകന്‍ ബാലനായ അനസിനോട് പറഞ്ഞ വാചകം പഠിപ്പിച്ചു തീര്‍ത്ത് കുട്ടികളെ വിട്ട് മായന്‍കുട്ടി വടക്കോട്ടിറങ്ങി.
ഇരുവശവുമുള്ള തോട്ടങ്ങളില്‍ കവുങ്ങിന് കിളയ്ക്കുകയും വാഴയ്ക്ക് വളമിടുകയും ചെയ്യുന്നവരെ നോക്കി ഉറക്കെ വിളിച്ചു ചോദിച്ചു.
‘പള്ളി തകര്‍ത്തിട്ടും ബേജാറില്ലാണ്ടായാ? ഇങ്ങളൊക്കെ എന്ത് ജമ്മാന്തരങ്ങളാ? എതിര്‍പ്പാനും പ്രതിഷേധിപ്പാനും ഒന്നൂല്ലാണ്ട് സ്വന്തം കാര്യം നോക്കി പണിയെടുക്ക്വാ?’
കേട്ടവരില്‍ ചിലര്‍ പുറംതിരിഞ്ഞു പണി തുടര്‍ന്നു. കൂടുതല്‍ പേര്‍ ആയുധമെടുത്തിറങ്ങി. പരപ്പനങ്ങാടി എത്തുമ്പോള്‍ അത് വലിയൊരു സംഘമായി മാറിയിരുന്നു.
കമ്പികള്‍ മുറിഞ്ഞു. റെയില്‍ കുത്തിപ്പൊളിക്കാനായി കുറെ പേര്‍, സ്റ്റേഷനകത്തുനിന്നും റിക്കാര്‍ഡുകള്‍ പുറത്തെ പ്ലാറ്റ്‌ഫോമിലേക്ക് പരന്നു. ടിക്കറ്റുകള്‍ ചിതറി, ചരക്കുകള്‍ കടത്തിക്കൊണ്ടുപോയി.
പൂക്കോട്ടൂരില്‍ നിന്നും ഒരു സംഘം കിഴക്കോട്ട് കുതിച്ചു. നിലമ്പൂര്‍ കോവിലകത്തെ പാറാവുകാരുമായി അവര്‍ ഏറ്റുമുട്ടി. പതിനാലുപേര്‍ വെട്ടേറ്റു വീണു.
രണ്ടാംദിനം രാത്രി കടന്നെത്തുമ്പോഴേക്കും പൊന്നാനിപ്പുഴയ്ക്കക്കരെ ആകെ ഇളകിയിരിക്കുന്നതായി അമ്പൂട്ടി കേളപ്പനെ അറിയിച്ചു.
മുന്നില്‍ പാതി നിറഞ്ഞുകിടക്കുന്ന കഞ്ഞിപ്പാത്രം അടച്ചു വെച്ച് കേളപ്പന്‍ എഴുന്നേറ്റു. പറങ്കികളുടെ, ഹൈദരുടെ, ടിപ്പുവിന്റെ, കുഞ്ഞാലിയുടെ പടക്കപ്പലിന്റെയൊക്കെ ആര്‍ത്തിപൂണ്ട ഇരമ്പം ഒരുമിച്ചെത്തുന്നതായി അദ്ദേഹത്തിനു തോന്നി. ഇരുട്ട് അക്രമങ്ങള്‍ക്ക് സൗഹൃദം ഭാവിച്ച് അറകള്‍ തീര്‍ത്തു കൊടുത്ത് നിറഞ്ഞു കിടന്നു. ഇരുട്ടിലൂടെ രണ്ടുപേര്‍ ഓഫീസിന്റെ വരാന്തയിലേക്ക് കയറി. ബാലകൃഷ്ണമേനോനും താനൂക്കാരന്‍ അഹമ്മദും.
‘കാര്യം കൈവിട്ടു കേളപ്പജീ. ഏറനാടും വള്ളുവനാടും മിക്കഭാഗങ്ങളും ഇളകിക്കിടക്കുകയാ’. മേനോന് വിറയ്ക്കുന്നുണ്ടായിരുന്നു.
‘തല്‍ക്കാലം വിശ്രമിക്കൂ, നടന്നു വന്നതല്ലേ. നമുക്കാവുംപോലെ നോക്കാം’.
കേളപ്പന്‍ രണ്ടുപേര്‍ക്കും കുടിക്കാന്‍ വെള്ളം കൊടുത്തു.
‘തീരദേശത്ത് അല്പം സമാധാനൂണ്ട്. കിഴക്കോട്ട് ആകെ കുഴപ്പം തന്നെയാ’. അഹമ്മദ് പറഞ്ഞു.
‘നിലമ്പൂര് വല്ലാത്ത കുഴപ്പാ നടന്നേ. മമ്പുറം പള്ളി വെടിവെച്ചു പൊളിച്ചെന്നും പറഞ്ഞാ അക്രമം നടന്നത്. സബ് ഇന്‍സ്‌പെക്ടര്‍ ഉണ്യന്‍ അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അയാളുടെ തലേക്കെട്ട് വലിച്ചെറിഞ്ഞ് തൊപ്പിയിടീച്ച് വാളും കൊടുത്ത് നടക്കാന്‍ പറഞ്ഞു. കോവിലകത്തെ കാവല്‍ക്കാരനായ വെളുത്തേടന്‍ നാരായണനെ വെട്ടി. കോവിലകത്തുള്ളവര് ഒരു നായരുടെ വീട്ടില്‍ അഭയം പ്രാപിച്ചു. അവിടെ പോയി കണ്ടവരെയെല്ലാം വെട്ടീത്രേ’ മേനോന്‍ വികാരാധീനനായി.
‘പന്ത്രണ്ട് ആണുങ്ങളും രണ്ടു പെണ്ണുങ്ങളുമാ മരിച്ചത്’. അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
‘അഹമ്മദും അമ്പൂട്ട്യേട്ടനും ഇവിടെ ഇരി. ഞങ്ങള്‍ ഒന്ന് അന്വേഷിക്കട്ടെ’. കേളപ്പന്‍ മേനോനോട് പുറത്തേക്ക് നടക്കാന്‍ ആംഗ്യം കാട്ടി. ഒരു ചെറു ടോര്‍ച്ച് എടുത്ത് നീട്ടിയടിച്ച് മുന്നില്‍ നടന്നു. ഭീതിദമായ ഇരുട്ടിലൂടെ രണ്ടുപേരും മുന്നോട്ടുനീങ്ങി.
മുന്നില്‍ ചെറിയൊരു ശബ്ദം. പോലീസ് ബൂട്ടിന്റേതാണെന്ന് വ്യക്തമായപ്പോള്‍ കേളപ്പന്‍ ടോര്‍ച്ച് നീട്ടിയടിച്ചു. ഇന്‍സ്‌പെക്ടര്‍ കുഞ്ഞിരാമന്‍ നായര്‍ ഭയചകിതനായി ഇരുട്ടിനെ മറയാക്കി പതുക്കെ നടന്നു വരുന്നു. വിളക്കിലെ പ്രകാശം അയാളെ കൂടുതല്‍ ഭയപ്പെടുത്തിയതിനാല്‍ നടത്തം നിര്‍ത്തി പാതയോരത്തേക്കൊതുങ്ങുമ്പോഴാണ് കേളപ്പനും മേനോനും അയാളെ കണ്ടത്.
‘ആരാ?’ ചോദ്യത്തില്‍ എന്തോ അപകടത്തിന്റെ ഭാവം തളംകെട്ടി കിടപ്പുണ്ടായിരുന്നു.
‘എന്താ സാറേ, കുഴപ്പം വല്ലതും?’
‘ഓ, നിങ്ങളാ? അടിയന്തരമായി ഇടപെടണം. ലഹളക്കാര്‍ പുഴ കടന്ന് ഇക്കരെ എത്തീട്ടുണ്ട്. തിരൂരും വെട്ടത്തും പള്ളിപ്പുറത്തും നിന്ന് പത്തഞ്ഞൂറോളം പേര് ഇളകി വരികയാണ്. വഴീലുള്ളതെല്ലാം നശിപ്പിച്ചു കഴിഞ്ഞു. വഴിയില്‍ കണ്ട റാക്ക്‌ഷോപ്പുകളെല്ലാം കത്തിച്ചു. അവര്‍ക്കിടയില്‍ നിന്നും ജീവനും കൊണ്ട് രക്ഷപ്പെട്ടതാ. പൊന്നാനി ഖജാന തകര്‍ക്കും. ഖജനാവിന് ചുറ്റും വലിയ സംഘം പോലീസ് ഉണ്ട്. രണ്ടുകൂട്ടരും ഏറ്റുമുട്ടിയാല്‍ ഇവിടെ ചോരപ്പുഴയൊഴുകും’.
അകലെനിന്നും വലിയൊരു ആരവം. തക്ബീര്‍ വിളികളാണ്. പന്തങ്ങള്‍ തീതുപ്പുന്നു.
‘ഒരു കാര്യം ചെയ്യ്. ഓഫീസില് അമ്പൂട്ട്യേട്ടന്‍ ഉണ്ട്. അയാള്‍ടെ വീട്ടില്‍ ഒളിക്ക്. ഇവരെ ഞങ്ങള്‍ നോക്കിക്കോളാം’.
‘ഉപകാരം. നോക്കണം നിങ്ങളെയും ഓര് ഉപദ്രവിച്ചേക്കും’.
‘ഞങ്ങള്‍ ശ്രദ്ധിച്ചോളാം. സാറ് വേഗം പോകൂ’ ബാലകൃഷ്ണമേനോന്‍ തിടുക്കം കാട്ടി.
കുഞ്ഞിരാമന്‍നായര്‍ ഇരുട്ടിലൂടെ പാര്‍ട്ടി ഓഫീസിന് നേരെ നടന്നു. ലഹളക്കാര്‍ തൊട്ടടുത്തെത്തി. ചിലരുടെ കയ്യില്‍ പന്തങ്ങള്‍. ചിലരുടെ കയ്യില്‍ വാളുകള്‍. അരപ്പട്ടയില്‍ തിരുകിയ കത്തികള്‍. രോഷം പൂണ്ട കണ്ണുകള്‍.
റോഡില്‍ വഴിതടസ്സപ്പെടുത്തി നില്‍ക്കുന്ന കേളപ്പനേയും മേനോനേയും കണ്ട് ആദ്യം അവര്‍ അമ്പരന്നു. പിന്നീട് രോഷാകുലരായി. തക്ബീര്‍ വിളി ആകാശം മുട്ടെ വളര്‍ന്നു. വാള്‍ത്തലപ്പുകള്‍ പന്തങ്ങള്‍ തുപ്പുന്ന മഞ്ഞ നിറത്തിലുള്ള വെളിച്ചത്തെ മുറിച്ച് ഉയരുകയും താഴുകയും ചെയ്തു. റോഡിനിരുവശവും ഉള്ള വീടുകളില്‍ വിളക്കുകള്‍ അണഞ്ഞു. വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെട്ടു.
‘നേതാക്കന്മാരെന്താ വഴിമൊടക്ക്വാ?’ ചോദ്യം ഭീഷണി കലര്‍ന്നതായിരുന്നു.
‘ചമ്രവട്ടം മുതല്‍ പൊന്നാനി വരെയുള്ള കമ്പികള്‍ എല്ലാം മുറിച്ചിട്ടുണ്ട്. വെളക്കുകളെല്ലാം കളഞ്ഞിട്ടുണ്ട്. ഇനി എന്താന്ന് വെച്ചാ പറഞ്ഞേക്ക് ‘. വേറൊരാള്‍ ആവേശം കൊണ്ടു. ആ ആവേശം സംഘത്തിന്റെ പിറകിലേക്ക് ഒഴുകിപ്പരന്നു. കൂവലും വിളിയുമായത് വളര്‍ന്നുപൊങ്ങി. കേളപ്പന്‍ എന്തോ പറയാന്‍ തുടങ്ങി. പിറകിലേക്ക് ശബ്ദം പോകുന്നില്ലെന്നും തങ്ങളെ മുന്‍നിരയിലുള്ളവരൊഴിച്ച് മറ്റാരും കാണുന്നില്ലെന്നും മേനോന്‍ തിരിച്ചറിഞ്ഞു.
പെട്ടെന്ന് മേനോന്‍ മുട്ടുകുത്തി. കേളപ്പജിയെ കൈ തട്ടി വിളിച്ചു തോളില്‍ കയറാന്‍ ആംഗ്യം കാട്ടി. ക്ഷീണിതനായ ആ യുവാവിന്റെ തോളിലേക്ക് കേളപ്പന്‍ വൈമനസ്യത്തോടെ കയറി. മേനോന്‍ നിവര്‍ന്നു നിന്നപ്പോള്‍ കേളപ്പന്‍ ഉയര്‍ന്നു. ഇപ്പോള്‍ ലഹളസംഘത്തിന്റെ പകുതി ഭാഗത്തോളം കാണാനാവുന്നുണ്ടെന്ന് മനസ്സിലാക്കി.
ആരവം കേട്ട് പിറകില്‍ നിന്നും മൂന്നുപേര്‍ നടന്നുവരുന്നത് മേനോന്‍ ശ്രദ്ധിച്ചു. പഞ്ചിളിയകത്ത് മുഹമ്മദാജിയും അനുചരന്മാരും. കേളപ്പന്‍ മുഹമ്മദാജിയെ വണങ്ങി. പറയാന്‍ ആരംഭിച്ചു.
‘സോദരങ്ങളേ, ഇതാ, തിരൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദാജി നമ്മുടെയൊക്കെ ഭാഗ്യത്തിന് ഇവിടെയുണ്ട്. ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഇത് അവിവേകത്തിനുള്ള സമയമല്ല. ദയവുചെയ്ത് മടങ്ങിപ്പോകണം. നിങ്ങളുടെ ആവശ്യങ്ങള്‍ എന്താണെന്നറിഞ്ഞാല്‍ പറ്റുന്നതാണെങ്കില്‍ ഞങ്ങള്‍ നിറവേറ്റാന്‍ സഹായിക്കാം’.
”ഞങ്ങള്‍ക്ക് സര്‍ക്കാര്‍ ഖജാന തകര്‍ക്കണം. പോലീസ് സ്റ്റേഷന്‍ ഇല്ലാണ്ടാക്കണം. അവിടുത്തെ തോക്കുകള്‍ വേണം. ജയിലിലുള്ള തടവുകാരെ വിട്ടയക്കണം. പറ്റ്വോ പരിഹാരൂണ്ടാക്കിത്തരാന്‍?”
നേതാവിന്റെ സ്വരം മറ്റുള്ളവര്‍ക്ക് ആവേശമായി. അവര്‍ ആര്‍ത്തുവിളിച്ചു. കേളപ്പന്‍ ശബ്ദം അടക്കാന്‍ ആംഗ്യം കാട്ടി.
‘അക്രമം അല്ല നമ്മുടെ മാര്‍ഗ്ഗം. പൊതുമുതല്‍ ഒന്നും നശിപ്പിക്കരുത്. അനിഷ്ടമൊന്നും സംഭവിക്കരുത്. ചോര വീഴ്ത്തുന്ന സമരമല്ല നമ്മള്‍ ഉദ്ദേശിക്കുന്നത്. കൊള്ളയും കൊലയും നമുക്ക് അനുയോജ്യമല്ല’. കേളപ്പന്റെ വാക്കുകള്‍ ലഹളക്കാരുടെ തലകള്‍ക്കുമുകളിലൂടെ പിറകോട്ട് പാഞ്ഞു. പലരും മുഖം ചുളിച്ചു.
മുഹമ്മദാജി പറഞ്ഞു. ‘വരൂ നമുക്ക് സംസാരിക്കാം’. ബഹളക്കാരുടെ മൂന്നു നേതാക്കന്മാരെ മുന്നോട്ട് വിളിച്ചു. ഹാജി സമാധാന വാക്കുകള്‍ പറയുന്നതിനിടെ കേളപ്പന്‍ താഴെയിറങ്ങി.
പിറകില്‍ നിന്നും രോഷത്തോടെ കുറച്ചു ചെറുപ്പക്കാര്‍ കത്തിയൂരി മുന്നോട്ടുവന്നു. ‘ഞങ്ങള്‍ക്ക് പോയേ തീരൂ. തടയരുത്’.
പൊടുന്നനെ അപ്രതീക്ഷിതമായി ഉയര്‍ന്നുവന്ന കരുത്തും ഗൗരവും ചേര്‍ത്ത് കേളപ്പന്‍ നെഞ്ചുവിരിച്ചു. ഇരുകൈകളും വശങ്ങളിലേക്ക് നീട്ടി ദൃഢതയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു.
‘എന്റെ ശവത്തില്‍ ചവിട്ടി മാത്രമേ പക്ഷേ നിങ്ങള്‍ക്ക് മുന്നോട്ടുനീങ്ങാനാവൂ’.
മൗനം പൊടുന്നനെ അവിടമാകെ നിറഞ്ഞു. അല്പനിമിഷം കഴിഞ്ഞ് ലഹളക്കാരുടെ നേതാക്കള്‍ അണികളോട് മടങ്ങാന്‍ ആംഗ്യം കാണിച്ചു.
ആള്‍ക്കൂട്ടം മടങ്ങുമ്പോള്‍ തങ്ങളെ ശപിക്കുകയും ശകാരിക്കുകയും ചെയ്യുന്നത് മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെ കേളപ്പനും മേനോനും മുഹമ്മദ്ഹാജിയും കേട്ടു.
ദീര്‍ഘനിശ്വാസത്തെ ഇരുട്ടിലേക്ക് വിട്ട് മൂവരും ഹാജിയുടെ അനുചരന്മാരെയും കൂട്ടി ഓഫീസിലേക്ക് നടന്നു.
ആ രാത്രിയും കടന്നുപോയി.
പൊന്നാനി ആശ്വാസത്തിന്റെ നിശ്വാസത്തോടെ ഉണര്‍ന്നു. മറ്റൊരു തരത്തില്‍ പുലരേണ്ടതായിരുന്നു ഈ ദിനം. കയ്യൊഴിഞ്ഞു പോയ അപായത്തെ മനസ്സില്‍ സങ്കല്‍പ്പിച്ചു കിടക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്ക് വെളിച്ചം കിഴക്കുനിന്ന് വന്നുവീണു. പ്രഭാതകൃത്യങ്ങള്‍ തീര്‍ത്ത് പ്രാതലിനായി അമ്പൂട്ടിയെ കാത്ത് കേളപ്പനും ബാലകൃഷ്ണമേനോനും അകത്തെ കസേരകളില്‍ ഇരുന്നു. ഉറക്കക്ഷീണം.
അമ്പൂട്ടി ചായയുമായി വന്നു. കുഞ്ഞിരാമന്‍ നമ്പ്യാര്‍ അയാളുടെ വീട്ടില്‍ ഒരു വിധം നേരം പുലര്‍ത്തിയെന്നും നേരിയ വെട്ടം വന്നപ്പോള്‍ സ്റ്റേഷനിലേക്ക് പോയി എന്നും പറഞ്ഞു കൊണ്ട് അയാള്‍ രണ്ടു പ്ലേറ്റുകളില്‍ അപ്പം വിളമ്പി.
‘കെ മാധവേട്ടന്‍ മഞ്ചേരീന്ന് പൂക്കോട്ടൂര് പോയിരുന്നോലും. നാരായണമേനോനും കൂടെയുണ്ടായിരുന്നു. അദ്ദേഹം പ്രസംഗിച്ചിട്ടൊന്നും ലഹളക്കാര് അടങ്ങീലെന്നാ കേട്ടത്. അങ്ങനെയാ അവര് നിലമ്പൂര്‍ക്ക് പോയത്. കാളികാവിലും ചെമ്പ്രശ്ശേരീലും ഒക്കെ ഉള്ളവര് അവരെക്കണ്ട് ലഹളക്കിറങ്ങി’.
അറിഞ്ഞ കാര്യങ്ങള്‍ വിവരിക്കുമ്പോള്‍ അമ്പൂട്ടിക്ക് വിറയ്ക്കുന്നുണ്ടായിരുന്നു.
‘നമുക്ക് വേഗം ഇറങ്ങണം. പറ്റാവുന്നത്ര രക്ഷിക്കണം. കൊള്ളയും കൊലയും നമുക്കല്ല, വലിയൊരു പ്രസ്ഥാനത്തിനാ നാണക്കേട് ഉണ്ടാക്കുന്നത് ‘. ഭക്ഷണം കഴിച്ച് ജുബ്ബ എടുത്തണിഞ്ഞ് കേളപ്പന്‍ ആദ്യം വരാന്തയിലേക്ക് ഇറങ്ങി. ബാലകൃഷ്ണമേനോന്‍ പിറകെയും. ഖിലാഫത്ത് പ്രവര്‍ത്തകനായ അച്ചുവിന്റെ കാളവണ്ടിയില്‍ തിരൂര് എത്തി. അനേകായിരം പേര്‍ കച്ചേരി വളഞ്ഞിരിപ്പാണ്. ഏതുനിമിഷവും പൊട്ടിയൊലിച്ചു പരന്നേക്കാവുന്ന സംഘര്‍ഷത്തെ ഭയന്ന് പട്ടണം പതുങ്ങിക്കിടപ്പാണ്.
കച്ചേരിക്കകത്ത് പട്ടാളക്കാര്‍ തിരയും വെടിമരുന്നും സൂക്ഷിച്ചിട്ടുണ്ട് പോലും. തിരൂരങ്ങാടിയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാക്കി വന്നതാണ്. പരപ്പനങ്ങാടി എത്തുമ്പോള്‍ ലഹളക്കാര്‍ തടഞ്ഞു. അതിനാല്‍ തിരൂരങ്ങാടി കൊണ്ടുപോകാന്‍ ആവാതെ തിരൂര്‍ക്ക് കൊണ്ടുവന്ന് സൂക്ഷിച്ചതാണ്. മജിസ്‌ട്രേറ്റും ലിന്‍സ്റ്റര്‍ പട്ടാളക്കാരും റിസര്‍വ് പോലീസും കാവലിരിപ്പാണ്.
‘ഇത് തിരൂര്‍കാര്‍ക്കെതിരെ പ്രയോഗിക്കാന്‍ കൊണ്ടുവന്നതാ’. ലഹളക്കാര്‍ പരസ്പരം പറഞ്ഞു. റെയില്‍വേ സ്റ്റേഷനിലേക്ക് പാഞ്ഞ ഒരു സംഘം ഗുഡ്‌സ് ട്രെയിന്‍ കൊള്ള ചെയ്തു. പാലത്തിന്മേലും അതിനപ്പുറവും ഉള്ള റയിലുകള്‍ നീക്കംചെയ്തു. ആവേശം കൊണ്ട് വീണ്ടും കച്ചേരി വളപ്പിലേക്ക് ലഹളപ്പുഴ ഒഴുകി.
തിരയും മരുന്നും കിട്ടണം. ഇല്ലെങ്കില്‍ ഉദ്യോഗസ്ഥരുടെ തലവെട്ടും. കച്ചേരി ചുട്ടു കളയും. തടുക്കാവുന്നതിനപ്പുറമാണെന്ന
റിഞ്ഞപ്പോള്‍ ഉദ്യോഗസ്ഥര്‍ മധ്യസ്ഥത്തിനൊരുങ്ങി. പഞ്ചിളിയകത്ത് മുഹമ്മദാജിയെ അങ്ങോട്ട് വിട്ട് കേളപ്പന്‍ ഖിലാഫത്ത് കമ്മിറ്റി ഓഫീസില്‍ നിന്ന് എഴുന്നേറ്റു.
‘ഹാജിയാര് പോയാല്‍ പ്രശ്‌നം തീരും’.
മേനോനെ അവിടെ നിര്‍ത്തി വണ്ടിക്കാരന്‍ അച്ചുവിനേയും കൂട്ടി കേളപ്പന്‍ പൂക്കോട്ടൂരേക്ക് വിട്ടു. വണ്ടി മുന്നോട്ട് നീങ്ങുമ്പോള്‍ ഇരുവശത്തു കൂടെയും നിരവധിപേര്‍ തിരൂരിലേക്ക് ഓടുകയാണ്. ഓട്ടം മുഴുവന്‍ ആവേശം തുടിച്ചു നില്‍പ്പുണ്ട്. കേളപ്പനെ കണ്ടവര്‍ സലാം പറഞ്ഞു.
കുറ്റിപ്പാല കവലയിലെത്തുമ്പോഴേക്കും ഒരു കാളവണ്ടി പിറകില്‍ നിന്നും അതിവേഗം വരുന്നതു കണ്ട് അച്ചുവിനോട് വണ്ടി ഓരത്തേക്കൊതുക്കാന്‍ പറഞ്ഞു. കടന്നു പോകുന്ന വണ്ടി കൈ കാണിച്ച് നിര്‍ത്തി.
‘എന്തുണ്ട് തിരൂര് വിശേഷം?’
വണ്ടിക്കാരന്‍ നെറ്റിയിലെ വിയര്‍പ്പ് തുടച്ചു.
‘മൊത്തം കൊയമാന്തരായി. കച്ചേരി കയ്യേറി മൊത്തം നശിപ്പിച്ചിരിക്കാണ്. മമ്മദാജി മധ്യസ്ഥം പറഞ്ഞ് ഉണ്ടയും മരുന്നും തെരയുമെല്ലാം പുഴയിലിടാന്‍ പോകുമ്പം ലഹളക്കാര് അതെല്ലാം പിടിച്ചടക്കി. പോലീസ് സ്റ്റേഷനിലെ തോക്കെല്ലാം കൊണ്ടുപോയി. തടവുകാരെ ജയിലിന്ന് എറക്ക്ന്ന്ണ്ട്. കച്ചേരീലെ കടലാസുകളെല്ലാം കത്തിക്കൊണ്ടിരിക്ക്വാണ ്’.
”ഉം’ മറ്റൊന്നും പറയാന്‍ കേളപ്പന് വാക്കുകള്‍ വന്നില്ല. അയാളുടെ വണ്ടി പൊടിപറത്തി കടന്നു പോയി.
മലപ്പുറത്തെത്തിയപ്പോള്‍ ഒരാള്‍ കൈ നീട്ടി. വണ്ടി നിര്‍ത്തിയ മാത്രയില്‍ അയാള്‍ അനുവാദം ചോദിക്കാതെ ചാടിക്കയറി. കിതപ്പു മാറ്റുന്നതുവരെ ഒന്നും ചോദിച്ചില്ല. മുഷിഞ്ഞ വെള്ളമുണ്ട് കൊണ്ട് അയാള്‍ മുഖം തുടച്ചു.
‘എവിട്ന്നാ?’ കേളപ്പന്‍ ആ ദയനീയതയിലേക്ക് ഒരു ചോദ്യത്തിന്റെ വിത്തെറിഞ്ഞു.
‘അരുകിഴായീന്ന്. മൊത്തം കൊഴപ്പാ അവിടെ. ഇല്ലത്തുള്ള സകലതും ലഹളക്കാര് കൊണ്ടോയി’. അയാള്‍ കേളപ്പനെ സാകൂതമൊന്നു നോക്കി. പിന്നീട് കാളകളെ ശകാരിച്ചുകൊണ്ടിരിക്കുന്ന അച്ചുവിനേയും. വീണ്ടും പറയാന്‍ തുടങ്ങി.
‘ഉച്ചവരെ പറമ്പില് കൂലിപ്പണിക്ക് വന്നിരുന്നോരാണ് ഉച്ചയാകുമ്പം കൊള്ളയ്ക്ക് വന്നത്. എത്ര പെട്ടെന്നാ ഭാവവും രൂപവും മാറ്ന്നത്. ഈശ്വരയ്യര്ണ്ട് അയല്‍വാസിയായിട്ട്. രാവിലെ അയാള്‍ടെ മഠത്തില് കന്നുനോക്കിയിരുന്ന മാപ്പിളയാണ് ഉച്ചതിരിഞ്ഞപ്പോ അയാള്‍ടെ ചാരുകസേരയില് കേറിയിരുന്ന് പണം വെക്കാന്‍ പറഞ്ഞത്. എന്റെ വീടൊക്കെ കുത്തിപ്പൊളിച്ചിരിക്ക്വാ. ജീവന്‍ പോകുംന്ന് തോന്ന്യപ്പോ മക്കളേം പെങ്ങന്മാരേം അരീക്കോട്ടേക്ക് ഒരു വണ്ടീല് വിട്ടു’.
”എങ്ങോട്ടാ?’
അച്ചുവാണ് അയാളുടെ വിവരണത്തിനിടയിലേക്ക് ചോദ്യമിട്ടത്.
‘പൂക്കോട്ടൂര്. അമ്മാവന്റെ വീടുണ്ടവ്‌ടെ. അദ്ദേഹൂം അമ്മായീം മാത്രേ ഉള്ളൂ. കൂട്ടിനൊരാളില്ലാതെ പറ്റില്ല’.
”ഉം’ കേളപ്പന്‍ അയാളുടെ കൈ പിടിച്ചു. വിറയല്‍ കൂടുമാറിയെത്തുന്നതറിഞ്ഞു.
‘മഞ്ചേരീല് ഖജാന കൊള്ളയടിച്ച് പത്തിരുപത് ലക്ഷം രൂപ കൊണ്ടു പോയീന്ന് കേള്‍ക്കുന്നു’. അയാള്‍ക്ക് പറയാനേറെയുണ്ടെന്നറിഞ്ഞ് കേളപ്പന്‍ പറഞ്ഞു.
‘ഞങ്ങള്‍ പൂക്കോട്ടൂര്‍ക്കാ, അവിടെയിറക്കാം’.
വെട്ടം ഭാഗത്ത് നിന്ന് ഒരു കാറ്റ് കടന്നു പോയപ്പോള്‍ ഒരു കിളി ചിലച്ചു. അപ്പോള്‍ അച്ചു ആ താളത്തില്‍ പതുക്കെ മൂളി.
‘വാരണവൃന്ദവും വാജി സമൂഹവും തേരുകളും വെന്തു വെന്തു വീണീടുന്നു’.
(തുടരും)