വര്‍ഷങ്ങള്‍ക്കു മുമ്പ്, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഒരു ജനസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് അപ്പോഴത്തെ കേസരി വാരികയുടെ പത്രാധിപര്‍ ആര്‍.സഞ്ജയനോടൊപ്പം, തലമുതിര്‍ന്ന ഒരു രാഷ്ട്രീയനേതാവിനെ കാണുവാന്‍, നേരത്തേക്കൂട്ടി അനുവാദം വാങ്ങിയ പ്രകാരം, ഞാനും ചെന്നു. കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍, പൊതുവെ ഭാരതത്തിലും കേരളത്തില്‍ പ്രത്യേകിച്ചും നിലനില്‍ക്കുന്ന സ്ഥിതികളെക്കുറിച്ച് ആ നേതാവ് വ്യക്തമാക്കിയ അഭിപ്രായങ്ങളും പ്രകടിപ്പിച്ച നിലപാടുകളും ഇന്നത്തെ ശൈലിയില്‍ പറഞ്ഞാല്‍ തികച്ചും ‘ഹിന്ദു വര്‍ഗ്ഗീയത’യായിരുന്നു. വസ്തുനിഷ്ഠവും യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതുമായ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും വാദമുഖങ്ങളും വിശ്ലേഷണങ്ങളും ഖണ്ഡിക്കാന്‍ സാധിക്കാത്തവയായിരുന്നു. ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന സംസാരത്തിനുശേഷം ഞങ്ങള്‍ യാത്ര പറയാന്‍ തുടങ്ങിയപ്പോള്‍, ഒരു കുസൃതിച്ചിരിയോടെ അദ്ദേഹം പറഞ്ഞു: ”ഞാന്‍ ഇവിടെ നിന്ന് ഇപ്പോള്‍ പോകുന്നത് എന്റെ രാഷ്ട്രീയകക്ഷിയുടെ പൊതുയോഗത്തില്‍ പങ്കെടുക്കാനാണ്. അവിടെ ഞാന്‍ പറയാന്‍ പോകുന്നത് നിങ്ങളോട് പറഞ്ഞതിന് കടകവിരുദ്ധമായ കാര്യങ്ങളാണ്. ഒരുപക്ഷെ, ഞാന്‍ യോഗത്തില്‍ സംസാരിച്ച കാര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്ത പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചാല്‍ അത് വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഞെട്ടലുണ്ടാകാതിരിക്കാനാണ് ഞാനിത് പറയുന്നത്!” അദ്ദേഹം ഒരുപക്ഷെ അപ്രകാരം പറഞ്ഞത് നേരമ്പോക്കിനു വേണ്ടിയാകാം. ഏതായാലും രാജനൈതിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ രീതികളെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ഞങ്ങള്‍ക്ക് അദ്ദേഹം പറഞ്ഞതു കേട്ടപ്പോള്‍ ഞെട്ടലുണ്ടാവുകയോ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുകയോ ചെയ്തില്ല. രാജനൈതിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത്തരത്തില്‍ ആത്മവഞ്ചന നടത്താന്‍ എങ്ങനെ കഴിയുന്നു എന്നതാണ് ഗൗരവത്തോടെ കാണേണ്ടത്. യാതൊരു മനഃസാക്ഷിക്കുത്തും കൂടാതെ അവസരവാദപരമായി എന്തും പറയാനും പ്രവര്‍ത്തിക്കാനും സ്വയം പരിശീലനം നേടിയ ഇത്തരം രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് ജനങ്ങളെ സേവിക്കാനും ജനക്ഷേമം ഉറപ്പാക്കാനും എങ്ങനെ സാധിക്കും? നമ്മുടെ രാജനൈതിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ യാതൊരു തത്വദീക്ഷയും കൂടാതെ ഇപ്രകാരം പ്രവര്‍ത്തിക്കുന്നതിന്റെ കാരണമെന്ത്? ഇതിലേക്ക് വെളിച്ചം വീശുന്നതാണ് പരംപൂജനീയ ശ്രീ ഗുരുജിയുടെ ഈ വാക്കുകള്‍: ”ഇപ്പോള്‍ എല്ലാവരും രാജനൈതിക കാഴ്ചപ്പാടിലുടെ മാത്രമാണ് ചിന്തിക്കുന്നത്. ഓരോരുത്തരും രാജനൈതിക സാഹചര്യം മുതലാക്കി വ്യക്തിപരമോ, ജാതീയമോ ആയ സ്വാര്‍ത്ഥം നേടുന്നതില്‍ വ്യാപൃതരാണ്. ഈ സാഹചര്യത്തില്‍ മാറ്റം വരുത്താന്‍ ഒരൊറ്റ പോംവഴി മാത്രമാണുള്ളത്. രാജനീതിയെ ദേശതാല്പര്യത്തിന്റെ കാഴ്ചപ്പാടില്‍ മാത്രം കാണുക എന്നതാണ് ആ പരിഹാരം. അടുത്തയിടെ ഞാന്‍ ദല്‍ഹിയില്‍ ചെന്നപ്പോള്‍ എന്നെ കാണുവാന്‍ വന്നവരുടെ കൂട്ടത്തില്‍ ഭാരതീയ ക്രാന്തിദള്‍, സംഘടനാ കോണ്‍ഗ്രസ് മുതലായ കക്ഷികളുടെ ആളുകളും ഉണ്ടായിരുന്നു. സംഘത്തെ ഞങ്ങള്‍ പ്രത്യക്ഷ രാജനീതിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഏതായാലും എന്റെ ചില പഴയ സുഹൃത്തുക്കള്‍ ഭാരതീയ ജനസംഘത്തില്‍ ഉള്ളതുകൊണ്ട്, ചില കാര്യങ്ങളില്‍ മധ്യസ്ഥം വഹിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അവര്‍ വന്നത്. ഞാന്‍ സ്വാഭാവികമായ ഒരു ചോദ്യം അവരോട് ഉന്നയിച്ചു: ”നിങ്ങള്‍ എപ്പോഴും സ്വന്തം കക്ഷിയെക്കുറിച്ചും സ്വന്തം കക്ഷിയെ ഭരണത്തിലെങ്ങനെ എത്തിക്കാം എന്നതിനെക്കുറിച്ചും മാത്രമാണ് ചിന്തിക്കുന്നത്. മറിച്ച്, കക്ഷിയോടുള്ള നിഷ്ഠ, കക്ഷിതാല്പര്യം എന്നിവയോടൊപ്പം സമ്പൂര്‍ണ ദേശത്തിന്റെയും ഹിതത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” അവര്‍ക്കാര്‍ക്കും ‘ഉണ്ട്’ എന്ന് മറുപടി പറയാനായില്ല! ~ഒരുപക്ഷെ, സമ്പൂര്‍ണ ദേശത്തിന്റെ ഹിതത്തെ കുറിച്ച് അവര്‍ ചിന്തിച്ചിരുന്നുവെങ്കില്‍ അവര്‍ തീര്‍ച്ചയായും അത് പറയുമായിരുന്നല്ലൊ! അവരങ്ങനെ പറയാതിരുന്നതിന്റെ അര്‍ത്ഥം ഒരു കക്ഷിയും സമ്പൂര്‍ണ ദേശത്തെക്കുറിച്ചും ചിന്തിക്കുന്നില്ലെന്നാണ്.(1)
ഇത് കേവലം ശ്രീ ഗുരുജിയുടെ മാത്രം അഭിപ്രായമല്ല. 1962ല്‍ ചൈനയുടെയും 1965ല്‍ പാകിസ്ഥാന്റെയും അക്രമണ സമയത്ത് ഭാരത രാഷ്ട്രപതിയായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്‍, 1967ലെ തന്റെ അവസാനത്തെ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു: ”…. നിര്‍ഭാഗ്യമെന്ന് പറയട്ടെ, നാമിന്നോളം അഖിലഭാരതീയമായ കാഴ്ചപ്പാട് വളര്‍ത്തിയെടുത്തിട്ടില്ല. നിസ്സാരമായ കാര്യങ്ങളുടെയും പ്രാദേശികമായ നേട്ടങ്ങളുടെയും പേരില്‍ നാം പരസ്പരം പൊരുതുന്നു. അത്തരം തുച്ഛമായ താല്പര്യങ്ങളെ വിശാലമായ ദേശീയ താല്പര്യങ്ങളുടെ പശ്ചാത്തലത്തില്‍ അപ്രധാനമായി കാണേണ്ടതാണ്.
എല്ലാം രാഷ്ട്രത്തിനുവേണ്ടി എന്നതാണ് സംഘത്തിന്റെ എക്കാലത്തേയും കാഴ്ചപ്പാട്. അപ്പോള്‍ പിന്നെ രാജനൈതികതയുടെ കാര്യം പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ. രാഷ്ട്രീയം രാഷ്ട്രീയത്തിനുവേണ്ടി എന്ന രാഷ്ട്രീയ കക്ഷികളുടെ ഇപ്പോഴത്തെ നിലപാട് എന്തുകൊണ്ടും ഹാനികരമാണ്. രാഷ്ട്രീയവും പൂര്‍ണമായ രാഷ്ട്രഹിതത്തിനുവേണ്ടി ആയിരിക്കണം.
ശ്രീ ഗുരുജിയെ സംബന്ധിച്ച് രാഷ്ട്രമായിരുന്നു സര്‍വ്വപ്രധാനം. ഹിന്ദുസമൂഹത്തോടുപോലും അദ്ദേഹത്തിനുണ്ടായിരുന്ന ആഭിമുഖ്യം അതിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ഈ വാക്കുകള്‍: ”ഞാന്‍ സമഗ്ര ദേശത്തെക്കുറിച്ചും ചിന്തിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. പക്ഷെ, നാളെ ഹിന്ദുക്കളും ദേശത്തിന്റെ താല്പര്യങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍, പിന്നെ അവരുടെ കാര്യത്തില്‍ എനിക്ക് എന്ത് താല്പര്യമാണുണ്ടാവുക?” 1949 ആഗസ്റ്റില്‍ ദല്‍ഹിയില്‍ വെച്ച് പത്രക്കാര്‍ക്കു നല്‍കിയ അഭിമുഖത്തില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളും അതിന് പരമപൂജനീയ ശ്രീ ഗുരുജി നല്‍കിയ മറുപടിയും ഇത്തരുണത്തില്‍ സംഗതമാണെന്നു തോന്നുന്നു. താങ്കള്‍ രാഷ്ട്രീയത്തിലില്ലെന്ന് പറയുന്നു. താങ്കളുടെ സംഘടന ഏതെങ്കിലും അവസരത്തില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെ കുറിച്ച് താങ്കള്‍ വിഭാവനം ചെയ്തിട്ടുണ്ടോ? ഒരുപക്ഷെ നമ്മുടെ സ്വാതന്ത്ര്യം അപകടത്തിലാവുകയോ, സര്‍ക്കാര്‍ പാകിസ്ഥാന്‍ പ്രീണനനയം സ്വീകരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ താങ്കളുടെ നിലപാട് എന്തായിരിക്കും?
ഈ ചോദ്യത്തിന് ശ്രീ ഗുരുജിയുടെ മറുപടി ഇപ്രകാരമായിരുന്നു: ”ഇവിടത്തെ ജനങ്ങളുടെ നിലപാട് എന്തായിരുന്നാലും അത് സംഘാംഗങ്ങളിലും പ്രതിഫലിക്കും. ഞങ്ങളുടെ ഇപ്പോഴത്തെ സാംസ്‌കാരിക പ്രവര്‍ത്തനം എന്ന നിലപാട് ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന ഒരു ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഒരുപക്ഷെ അത്തരം ഗുരുതരമായ വിപത്ത് സംജാതമായാല്‍ രാജനൈതികമായ കാര്യങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ചയുള്ള എന്റെ സഹപ്രവര്‍ത്തകര്‍ ആ വിഷയത്തെക്കുറിച്ച് ചിന്തിക്കും. എന്നാല്‍, ഞങ്ങളുടെ സംഘടന രാഷ്ട്രീയത്തില്‍ ഇടപെടാതെ സ്വതന്ത്രമായി നിലകൊള്ളും.
ചോദ്യം: ഒരുപക്ഷെ, കോണ്‍ഗ്രസ് ശിഥിലമാവുകയും രാജ്യത്ത് അരാജകത്വം നടമാടുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഉണ്ടാവുന്ന സാഹചര്യത്തിലും താങ്കളുടെ പ്രവര്‍ത്തനം സാംസ്‌കാരിക കാര്യങ്ങളില്‍ ഒതുങ്ങിക്കൊണ്ടുള്ളതായിരിക്കുമോ?
ശ്രീഗുരുജി: കോണ്‍ഗ്രസ് പൂര്‍ണമായും ശിഥിലമാവുകയും രാജ്യത്ത് അരാജകത്വം നടമാടുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഭരണം ഏറ്റെടുക്കാന്‍ തയ്യാറാവാതിരിക്കുകയും എല്ലാവരും ഞങ്ങളെ അതിന് നിര്‍ബന്ധിക്കുകയും ചെയ്യുന്ന സന്ദിഗ്ധാവസ്ഥയില്‍ സ്വാഭാവികമായ ഞങ്ങളുടെ സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ ഒരംശം ത്യജിച്ച് ഞങ്ങള്‍ ആ ചുമതല ഏറ്റെടുക്കും.”
1. ഡോ. സൈഫുദ്ദീന്‍ ജിലാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ നിന്ന് ശ്രീ ഗുരുജി സമഗ്ര ദര്‍ശന്‍ വാല്യം 6 പുറം 265-266
2. ടി പുസ്തകം പുറം 266
3. സ്‌പോട്ട്‌ലൈറ്റ്‌സ് പുറം 156