1947 ഓഗസ്റ്റ് 15-ാം തീയതി ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം ഒരു ഡോളറിനു തുല്യമായിരുന്നു. അതിനുശേഷം നിരവധി തവണ രൂപയുടെ മൂല്യം മൂല്യശേഷണം വഴി പുനര്‍നിര്‍ണയം നടത്തിയിട്ടുണ്ട്. ഇപ്പോഴത് ഏകദേശം 73 രൂപയാണ്. 1991ല്‍ നരസിംഹ റാവു സര്‍ക്കാര്‍ അധികാരമേറ്റ സമയം സര്‍ക്കാര്‍ നിരക്കില്‍ 15 ഓ 16 ഓ രൂപയും, അനൗദ്യോഗികമായി 25 മുതല്‍ 32 രൂപവരെയുമായിരുന്നു ഒരു ഡോളറിന്റെ വില. ഇന്ത്യയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് രൂപയുടെ മൂല്യം യഥാര്‍ത്ഥ സ്ഥിതിയിലേക്ക് കുറച്ചുകൊണ്ടു വരുന്നത് അത്യാവശ്യമായിരുന്നു. ഈ മൂല്യശോഷണം നടപ്പാക്കുന്നതിന് അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുമായി ചര്‍ച്ച ചെയ്തപ്പോള്‍, ഇക്കാര്യം വളരെ അത്യാവശ്യമാണെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അത് ചര്‍ച്ച ചെയ്യേണ്ട എന്ന് തീരുമാനിക്കയായിരുന്നു. കാരണം, സോഷ്യലിസ്റ്റ് വക്താക്കളായ കോണ്‍ഗ്രസ്സിലെ ബഹുഭൂരിപക്ഷം നേതാക്കളും അതിനെ എതിര്‍ക്കും എന്നുള്ളതുകൊണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രിയോട് ചോദിച്ച ധനകാര്യമന്ത്രി മന്‍മോഹന്‍ സിംഗിനോട് നരസിംഹ റാവു പറഞ്ഞത്, ഇതിപ്പോള്‍ ആരെയും അറിയിക്കേണ്ട, തീരുമാനം ഞാന്‍ അറിയിക്കാം എന്നായിരുന്നു. അരമണിക്കൂറിനകം നരസിംഹ റാവുവിന്റെ നോട്ട് ധനകാര്യമന്ത്രിയായ മന്‍മോഹന്‍ സിംഗിന് ലഭിച്ചു. രൂപയുടെ മൂല്യശോഷണം നടപ്പാക്കി കൊള്ളാനുള്ള അനുവാദമായിരുന്നു അതില്‍. അത്ഭുതപരതന്ത്രനായ മന്‍മോഹന്‍ സിംഗ് നരസിംഹ റാവുവിനോട് ഇത് എങ്ങനെയാണ് സാധിച്ചത് എന്ന് ചോദിച്ചപ്പോള്‍, നരസിംഹറാവു പറഞ്ഞത്, അന്നത്തെ പ്രതിപക്ഷ നേതാവായ അടല്‍ബിഹാരി വാജ്‌പേയുമായി ഇക്കാര്യം സംസാരിച്ചുവെന്നും, രാജ്യനന്മയ്ക്കായുള്ള ഒരു കാര്യത്തിലും എ.ബി. വാജ്‌പേയും ബിജെപിയും എതിര്‍ നില്‍ക്കില്ല എന്ന് ഉറപ്പുള്ളതിനാല്‍, കോണ്‍ഗ്രസ് നേതാക്കളാരുമായും സംസാരിച്ചില്ല എന്നുമാണ്.
അടല്‍ജി, നരസിംഹറാവുവിന്റെ നിര്‍ദ്ദേശം യാതൊരു എതിര്‍പ്പും കൂടാതെ സമ്മതിക്കയും, അന്നത്തെ പ്രധാന പ്രതിപക്ഷമായിരുന്നിട്ടുകൂടി ഇതേക്കുറിച്ച് പിന്നീട് യാതൊരു പ്രക്ഷോഭങ്ങള്‍ക്കും മുതിരാതിരിക്കയും ചെയ്തു. ഇന്ത്യയുടെ 47 ടണ്‍ സ്വര്‍ണം 1990ല്‍ ബ്രിട്ടീഷ് ബാങ്കില്‍ പണയം വെച്ച് വിദേശനാണ്യം വാങ്ങിയിരുന്ന രാജ്യം പുതിയതായി നടപ്പാക്കിയ ധനകാര്യ ഉദാരവല്‍ക്കരണ നടപടികളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു രൂപയുടെ മൂല്യം കുറയ്ക്കല്‍. ഇതുവഴി കയറ്റുമതി വര്‍ദ്ധിപ്പിച്ച് വിദേശനാണ്യശേഖരം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കി. പ്രതിപക്ഷം എന്ന നിലയില്‍ സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കാമായിരുന്ന ഈ നടപടിയെ എതിര്‍ക്കുന്ന നടപടിയല്ല അന്നത്തെ പ്രധാന പ്രതിപക്ഷമായ ബിജെപിയും, പ്രതിപക്ഷ നേതാവായിരുന്ന അടല്‍ബിഹാരി വാജ്‌പേയും സ്വീകരിച്ചത്.
ഇതുപോലെ 1994 ല്‍ ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ കാശ്മീരിനെ സംബന്ധിച്ച ഒരു സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്ത്യ സംഘത്തിന്റെ ലീഡറായി പങ്കെടുക്കുന്നതിന് അന്നത്തെ പ്രധാന മന്ത്രിയായിരുന്ന നരസിംഹറാവു നിയോഗിച്ചത് എ.ബി. വാജ്‌പേയെ ആയിരുന്നു. ആ തവണ, പാകിസ്ഥാന്‍ ഉണ്ടാകുന്നതിനും എത്രയോ മുമ്പ് കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നു എന്ന് സമര്‍ത്ഥിക്കാന്‍ ഒരു ചെറിയ കഥകൊണ്ട് എ.ബി വാജ്‌പേയിക്ക് സാധിച്ചു. പ്രതിപക്ഷമായിരുന്നിട്ടു കൂടി സര്‍ക്കാരിനെ താഴെ ഇറക്കുന്നതിനോ, രാഷ്ട്ര സുരക്ഷയെ തുരങ്കം വെയ്ക്കുന്നതിനോ ഉള്ള ഒരു നടപടിയ്ക്കും അന്നത്തെ പ്രതിപക്ഷം ഒരിക്കലും മുതിര്‍ന്നിട്ടില്ല. പ്രഥമ പരിഗണന എപ്പോഴും രാഷ്ട്രത്തിനായിരുന്നു.
ഇപ്പോള്‍ ചൈനയില്‍ നിന്നും ഉത്ഭവിച്ച്, അവരുടെ തികഞ്ഞ അലംഭാവം കൊണ്ടോ അല്ലെങ്കില്‍ കൃത്യമായ പദ്ധതികള്‍ മൂലമോ, ലോകം മുഴുവന്‍ മഹാമാരിയായി പടര്‍ന്ന കോവിഡ് – 19 എന്ന വൈറസ് എല്ലാ രാജ്യങ്ങളിലും രൂപപരിണാമം നടത്തി സംഹാരതാണ്ഡവം നടത്തുമ്പോള്‍, ഇന്ത്യയിലെ പ്രതിപക്ഷങ്ങള്‍ എന്താണ് ചെയ്യേണ്ടത്? രാഷ്ട്രത്തിലെ ജനങ്ങള്‍ക്കും രാഷ്ട്രത്തിനും വേണ്ടി താല്ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ മാറ്റിനിര്‍ത്തി എ.ബി. വാജ്‌പേയ് കാണിച്ച മാര്‍ഗ്ഗത്തിലൂടെ ഒരുമിച്ച് നില്‍ക്കുകയല്ലെ വേണ്ടത്? വാക്‌സീന്‍ സ്വന്തമായി നിര്‍മ്മിച്ച ഏക വികസ്വര രാജ്യം ഇന്ത്യയാണെന്നോര്‍ക്കുക. വാക്‌സീന്‍ ഉല്പാദിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, എത്രയും വേഗം വാക്‌സീന്‍ വികസിപ്പിക്കുന്നത് അപകടകരമാണെന്നും, വളരെ നാളത്തെ പരീക്ഷണങ്ങള്‍ക്കു ശേഷമെ മനുഷ്യനു ഉപയോഗിക്കാവുന്ന വിധത്തില്‍ വാക്‌സീന്‍ പുറത്തിറക്കാവുവെന്നും, വാക്‌സീന്‍ പുറത്തിറക്കിയപ്പോള്‍ അതിന്റെ സുരക്ഷ സംശയാസ്പദമാണെന്നും പറഞ്ഞ് പരമാവധി നിരുത്സാഹപ്പെടുത്തുകയും ചെയ്തു. കേരളത്തിലടക്കം കോവിഡ് പോരാളികള്‍ക്ക് ഇത് നല്‍കിയപ്പോള്‍ കുത്തിവെയ്പ് എടുക്കാതെ വീരസ്യം പറഞ്ഞ അലോപ്പതി ഡോക്ടര്‍മാരുടെ വാര്‍ത്തകള്‍ക്ക് വന്‍ പ്രാധാന്യം നല്‍കിയതും നാം കണ്ടതാണ്. നൂറുകണക്കിന് കോടി രൂപ പരസ്യം നല്‍കുന്ന ദല്‍ഹി മുഖ്യമന്ത്രിയെപ്പോലെ അവസാനം സിംഗപ്പൂരിനെവരെ ചൊറിഞ്ഞ് വടികൊടുത്ത് അടി വാങ്ങിയ പല പ്രതിപക്ഷ വീരന്മാരും ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്‌സീന്‍ കുത്തിവെയ്പ് എടുക്കുന്നതിനായി മത്സരം നടത്തുന്നതും നാം ഇപ്പോള്‍ കാണുന്നു. ഇപ്പോഴാകട്ടെ വാക്‌സീന്‍ പോരാ പോരാ എന്ന മുറവിളിയും. ആരോഗ്യരംഗം ഭരണഘടനാപരമായി ആര്‍ട്ടിക്കിള്‍ 7-ാം ഷെഡ്യൂളിലെ രണ്ടാമത്തെ ലിസ്റ്റില്‍ (സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ 6 ഇനം അനുസരിച്ച് സംസ്ഥാനങ്ങളുടെ പൂര്‍ണ ചുമതലയില്‍ ഉള്ളതാണ്. എന്നിരുന്നാലും പകര്‍ച്ചവ്യാധി നിയമവും ദേശീയ ദുരന്തനിവാരണ നിയമവും അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നേതൃത്വം നല്‍കി ഈ മഹാമാരിയെ നേരിടുന്നത്. ഇതുപോലെ തന്നെ സംസ്ഥാന പട്ടികയിലുള്ള കാര്യങ്ങളാണ് പബ്ലിക് ഓര്‍ഡറും പോലീസുമെല്ലാം (ഇനം 1,2). പക്ഷേ, സംസ്ഥാനങ്ങളുടെ പൂര്‍ണ ചുമതലയില്‍ വരുന്ന ഇത്തരം കാര്യങ്ങളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ സംഭരണത്തിലടക്കമുള്ള സംവിധാനങ്ങള്‍ ഒരു വര്‍ഷമായിട്ടും ഉണ്ടാകാതിരുന്നത് ആരുടെ കുറ്റമാണ്?
ഏതായാലും ഇപ്പോള്‍ ഓക്‌സിജന്റെ കുറവില്ലായ്മയെപ്പറ്റി ശബ്ദങ്ങള്‍ കേള്‍ക്കുന്നില്ല. ഇപ്പോള്‍ ബ്ലാക്ക് ഫംഗസും വൈറ്റ് ഫംഗസുമാണ്. കുംഭമേള നടത്തിയതുകൊണ്ട് കേരളത്തിലും മഹാരാഷ്ട്രയിലും പഞ്ചാബിലും ദല്‍ഹിയുലമാണ് ഏറ്റവുമധികം കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചത്! കേരളത്തിന്റെ ഏഴിരട്ടി ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ അങ്ങനെ ഉണ്ടായില്ല എന്നതും വാസ്തവമാണ്. കര്‍ഷകസമരം മൂലം കോവിഡ് ആര്‍ക്കും ബാധിച്ചില്ല! അനാവശ്യമായി കര്‍ഷകസമരം 7,8 മാസങ്ങള്‍ തുടര്‍ന്നിട്ടും കോവിഡ് ആരെയും ബാധിച്ചില്ലത്രെ!
പലരും ‘ടൂള്‍ കിറ്റുകള്‍’ ഇറക്കി അസത്യങ്ങളും വ്യാജവാര്‍ത്തകളും പടച്ചു വിടുന്നത് തികച്ചും രാഷ്ട്രീയ ലാഭത്തിനു മാത്രമായാണ്. കഴിഞ്ഞ 6 വര്‍ഷമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെ ചൈനയുടെ വുഹാന്‍ വൈറസ് വഴിയെങ്കിലും നാണം കൊടുത്തുവാനും താഴെ ഇറക്കുവാനുമുള്ള ശ്രമം. ഇത്തരം നേതാക്കളെ, ഈ രീതിയില്‍ വാര്‍ത്തകള്‍ വ്യാജമായി ഉണ്ടാക്കയും വെളച്ചൊടിക്കയും ചെയ്യുന്ന നേതാക്കളെ, ലോകരാജ്യങ്ങളില്‍ ഇന്ത്യയെക്കാള്‍ അതിസമ്പന്നമായ രാജ്യങ്ങളില്‍ എന്തു സംഭവിച്ചുവെന്ന് അറിഞ്ഞിട്ടും അത് പറയാന്‍ കൂട്ടാക്കാത്ത നേതാക്കളെ, ജനങ്ങള്‍ ശ്രദ്ധിക്കണം. അവരുടെ ലക്ഷ്യം അധികാരം മാത്രമാണ് – ജനങ്ങളുടെ സുരക്ഷയോ, രാഷ്ട്രത്തിന്റെ സുരക്ഷയോ അല്ല.
ഡി.ആര്‍.ഡി.ഓയും റെഡ്ഡീസ് ലബോറട്ടറിയും ചേര്‍ന്ന് 2ഡിജി മരുന്ന് വികസിപ്പിച്ചിട്ടുണ്ട്. ഇതുവരെ നല്‍കിയ ഫലങ്ങള്‍ വളരെ ആശ്വാസകരവും ആശാവഹവുമാണ്. ഇതെല്ലാം ചെയ്യുമ്പോഴും ‘ടൂള്‍കിറ്റുകള്‍’ ഉണ്ടാക്കി രാജ്യത്തെ ജനങ്ങളെ ഭയവിഹ്വാലരാക്കണോ? രാജ്യത്തെ, വിദേശരാഷ്ട്രങ്ങള്‍ക്കു മുന്‍പില്‍ നാണം കെടുത്തണോ? അതോ, പ്രതിപക്ഷമായാലും രാഷ്ട്രത്തിന്റെ കാര്യത്തില്‍ എ.ബി. വാജ്‌പേയി ചെയ്തതു പോലെ ഒരുമിച്ചു നില്‍ക്കണോയെന്ന സന്ദേശം ജനങ്ങള്‍ നല്‍കട്ടെ.