വിജ്ഞാനാന്വേഷണനിരതനായ ചട്ടമ്പിസ്വാമികളുടെ പരന്നവായനയും ഉയര്‍ന്നചിന്തയും ഗവേഷണമനസ്സും ഉറച്ചധാരണകളും അദ്ദേഹത്തെ ‘വിദ്യാധിരാജ’നാക്കി പണ്ഡിതലോകം വാഴ്ത്താന്‍ കാരണമായ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും തടസ്സമില്ലാതെ വായനയ്ക്കും സ്വതന്ത്രോ ഉപയോഗത്തിനും ലഭിക്കാതിരുന്ന കാലത്തു ജീവിച്ച സ്വാമികള്‍, പുസ്തക ലഭ്യതയുടെ എല്ലാ സാധ്യതകളും തേടിപ്പിടിച്ച് ഉപയോഗപ്പെടുത്തി എന്നതും അദ്ദേഹത്തിന്റെ മഹത്വം തിരയുന്നവര്‍ മനസ്സിലാക്കണം. ഗ്രന്ഥങ്ങളുടെയും ഗ്രന്ഥപ്പുരകളുടെ സേവനങ്ങളുടെ സ്വതലഭ്യതയെയുംപറ്റി (Open access) ഈ കാലഘട്ടത്തിലെ വിജ്ഞാനസമൂഹത്തില്‍ (Knowledge society) നിന്നു നോക്കുമ്പോള്‍, നൂറ്റിയന്‍പതുവര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ ചട്ടമ്പിസ്വാമികള്‍ സ്വതവായനയുടെ മാര്‍ഗം തുറന്നുതന്നുവെന്നത് അദ്ഭുതത്തോടെ മാത്രമേ കാണാന്‍കഴിയൂ.
വായനയിലൂടെയും നിരീക്ഷണങ്ങളിലൂടെയും ലഭിച്ച വിജ്ഞാനം സ്വാമികളുടെ ജീവിതദര്‍ശനത്തെയും വ്യക്തിവൈശിഷ്ട്യത്തെയും അഗാധമായി സ്വാധീനിച്ചുവെന്നു നിസ്സംശയം പറയാന്‍ കഴിയും. സമഗ്രവായനയുടെ ഉള്‍ക്കാമ്പ്, അന്യാദൃശമായ ഓര്‍മ്മശക്തി എന്നിവ ചട്ടമ്പിസ്വാമികളെ മറ്റുള്ളവരുടെ ആരാധനാപാത്രമാക്കിയ ഘടകങ്ങളായിരുന്നു.
എല്ലാറ്റിനുമെന്നപോലെ പുസ്തകവായനയിലും സ്വാമികള്‍ക്കു ചില നിഷ്ഠകളുണ്ടായിരുന്നു. തുറന്നസ്ഥലത്തു കിടക്കുന്നതും ശുദ്ധവായു ശ്വസിക്കുന്നതും സ്വാമിക്കു നിര്‍ബന്ധമായിരുന്നല്ലോ. ചിലപ്പോള്‍ കയറ്റുകട്ടിലിലും, ചിലസമയം വെറുംനിലത്തു മലര്‍ന്നുകിടന്നും വായിക്കുമായിരുന്നു. സ്വാമികളുടെ പുസ്തകവായനയെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്: ”മലര്‍ന്നുകിടന്നുകൊണ്ടു കൈമുട്ടുകള്‍ വളയാതെ രണ്ടുകൈകൊണ്ടും പുസ്തകം നിവര്‍ത്തിപ്പിടിച്ചു പുസ്തകം ഇടവും വലവും ഓടിക്കുകയും (ആട്ടുകയും) ഈ അവസരത്തില്‍ പുസ്തകത്തിന്റെ ചലനമനുസരിച്ചു തല ഉരുട്ടുകയും ചെയ്തിട്ടാണ് ആ വായന.” വളരെവേഗത്തില്‍ വായിക്കാനുള്ള അസാമാന്യമായ കഴിവിന്നുടമയായിരുന്നു സ്വാമികള്‍. കൂപക്കരമഠത്തിലെ ഗ്രന്ഥപ്പുരയില്‍ മൂന്ന് അഹോരാത്രം ഏകാഗ്രനായിരുന്നു പഠനം നടത്തിയ സ്വാമികള്‍, തദ്‌സംബന്ധമായ ഒട്ടെല്ലാഗ്രന്ഥങ്ങളും ഹൃദിസ്ഥമാക്കി.
ആരും വായിക്കാത്ത പുസ്തകങ്ങള്‍ വായിക്കാനും, ആരും ചോദിക്കാത്ത ചോദ്യങ്ങള്‍ ചോദിക്കാനും ചെറുപ്പംമുതലേ സ്വാമികള്‍ക്കു താത്പര്യമായിരുന്നു. ഓര്‍മ്മശക്തിയിലും അഗ്രഗണ്യനായിരുന്ന സ്വാമികള്‍ എല്ലാക്കാര്യത്തിലും സവിശേഷമായ അന്വേഷണതൃഷ്ണ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
വിജ്ഞാനദാഹിയായിരുന്ന സ്വാമികള്‍ വായിക്കുന്നതും കേള്‍ക്കുന്നതുമൊക്കെ എപ്പോഴും ഓര്‍മ്മയില്‍ നിലനിര്‍ത്താനുള്ള പ്രത്യേകകഴിവിനുടമയുമായിരുന്നു. അന്യാദൃശമായ ഓര്‍മ്മശക്തി അദ്ദേഹത്തിനു ജന്മസിദ്ധമായിരുന്നു എന്നു പ്രസിദ്ധം.
തിരുവിതാംകൂറിലെ ഗ്രന്ഥശാലകള്‍
മുന്‍കാലത്തു ഭാരതത്തില്‍ നിലനിന്നിരുന്ന വിദ്യാഭ്യാസസമ്പദായത്തിന്റെ ഭാഗമായിരുന്നു ഗ്രന്ഥാലയങ്ങളും ഗ്രന്ഥശാലാസേവനങ്ങളും. അക്കാലത്തു ഗുരുവിന്റെ ഭവനത്തില്‍ (കുലത്തില്‍) താമസിച്ചുപഠിക്കുക എന്ന ”ഗുരുകുല”സമ്പ്രദായമായിരുന്നു നിലനിന്നത്. ഈ രീതിയിലുള്ള പരമ്പരാഗതവിദ്യാഭ്യാസത്തിന്റെ ഭാഗമായി ആയൂര്‍വേദം, ജ്യോതിഷം, തച്ചുശാസ്ത്രം, ആയോധനകലകള്‍ മുതലായവയാണു പ്രധാനമായും പഠിപ്പിച്ചിരുന്നത്. ‘ഗുരുകുല’ങ്ങളോടനുബന്ധിച്ച് നിരവധിപുസ്തകങ്ങളുടെയും താളിയോലകളുടെ വലിയശേഖരം തന്നെയുണ്ടായിരുന്നു. ഈ ഗ്രന്ഥപ്പുരകളായിരുന്നു അക്കാലത്തെ ഗ്രന്ഥാലയങ്ങള്‍. ഇതിനെത്തുടര്‍ന്നാണു തിരുവനന്തപുരത്തെ കാന്തള്ളൂര്‍ശാലയും കൊട്ടാരക്കരശാലയും മറ്റും നിലവില്‍വന്നത്.
കേരളത്തിലെ ആദ്യഗ്രന്ഥശാലയ്ക്കു തുടക്കംകുറിച്ചതു തിരുവിതാംകൂറിലെ നാട്ടുരാജാവായിരുന്ന ശ്രീസ്വാതിതിരുന്നാളാണ്. 1829-ല്‍ തിരുവനന്തപുരത്ത് അദ്ദേഹം സ്ഥാപിച്ച ‘തിരുവനന്തപുരം പബ്ലിക് ലൈബ്രറി’യാണു ഗ്രന്ഥാലയസേവനം പ്രാവര്‍ത്തികമാക്കിയ ഭാരതത്തിലെ തന്നെ ആദ്യത്തെ പൊതുഗ്രന്ഥശാല. 1802-ല്‍ വിശാഖംതിരുനാള്‍ മഹാരാജാവു തിരുവനന്തപുരത്തു വഞ്ചിയൂരില്‍ സ്ഥാപിച്ച സുഗുണപോഷിണിഗ്രന്ഥശാല, 1909-ല്‍ നെയ്യാറ്റിന്‍കരയില്‍ സ്വാതന്ത്രസമരസേനാനിയും പത്രാധിപരും ശ്രീമൂലം പ്രജാസഭാംഗവുമായിരുന്ന നെയ്യാറ്റിന്‍കര എ.പി. നായര്‍ സ്ഥാപിച്ച ജ്ഞാനപ്രദായനിഗ്രന്ഥശാല എന്നിവ തിരുവിതാംകൂറിലെ ആദ്യഗ്രന്ഥശാലകളാണ്. പി.എന്‍. പണിക്കരുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ഗ്രന്ഥശാലസംഘം 1945-ലാണ് തുടക്കംകുറിച്ചത്.
വീടുകളില്‍ കാര്യമായ ഗ്രന്ഥശേഖരം അന്നു വളരെചുരുക്കംപേര്‍ക്കുമാത്രം ഉണ്ടായിരുന്ന സൗഭാഗ്യമാണ്. ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും തറവാടുകളിലും ബ്രാഹ്മണഭവനങ്ങളിലും പണ്ഡിതന്മാരുടെ വീടുകളിലുമായിരുന്നു അമൂല്യഗ്രന്ഥശേഖരങ്ങള്‍ പൊതുവെ ഉണ്ടായിരുന്നത്. പൊതുഗ്രന്ഥശാലകള്‍ സാര്‍വത്രികമല്ലാതിരുന്ന അക്കാലത്തു പണ്ഡിതരുടെ വീടുകളില്‍ സൂക്ഷിച്ചിരുന്ന അമൂല്യഗ്രന്ഥങ്ങളുടെ ശേഖരങ്ങള്‍, ഗ്രന്ഥപ്പുരകളായി പരിരക്ഷിച്ചുവന്നു. പില്ക്കാലത്തു ‘ഹോം ലൈബ്രറി’കളെന്നു വിളിക്കപ്പെടുന്ന ഇങ്ങനെയുള്ള സ്വകാര്യഗ്രന്ഥശേഖരങ്ങളായിരുന്നു സ്വാമികളുടെ പ്രധാനവിജ്ഞാനസ്രോതസ്സുകള്‍. ചട്ടമ്പിസ്വാമികളുടെ വിവിധദേശങ്ങളിലെ താമസക്കാലത്ത്, വിവിധദിക്കുകളിലേക്കു നടത്തിയ ഹ്രസ്വയാത്രകളിലധികവും ജ്ഞാനസമ്പാദനം ലക്ഷ്യമാക്കിയാണെന്നു വ്യക്തം.
അബ്രാഹ്മണര്‍ക്കു പ്രവേശനം നിഷേധിച്ചിരുന്ന വൈജ്ഞാനികമേഖലകളില്‍ യഥേഷ്ടം സഞ്ചരിക്കുവാനും, അതുവഴി ആ വിഭാഗത്തിലുള്ളവര്‍ക്കു പ്രചോദനവും ശക്തിയും നല്കുവാനും സ്വാമിക്കു കഴിഞ്ഞു. അറിവുസമ്പാദിക്കുന്നതിന് എന്തുക്ലേശവും സഹിക്കാന്‍ സ്വാമികള്‍ക്കു തെല്ലും മടിയില്ലായിരുന്നു. അതിനുവേണ്ടി എത്രകഠിനമായ പരീക്ഷയ്ക്കും പരീക്ഷണങ്ങള്‍ക്കും വിധേയനാകാനും സ്വാമി ജീവിതത്തിലുടനീളം സന്നദ്ധനുമായിരുന്നു.
വിവേകാനന്ദനുമായി കൂടിക്കാഴ്ച
ചട്ടമ്പിസ്വാമികള്‍ എറണാകുളത്തു താമസിക്കുന്ന കാലത്താണു സ്വാമി വിവേകാനന്ദനുമായി കൂടിക്കാഴ്ച നടന്നത്. തമിഴില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്ന സ്വാമികള്‍, ചില തമിഴ്ക്കൃതികളെ ആസ്പദമാക്കിയാണ് സംസാരിച്ചുതുടങ്ങിയതെങ്കിലും, ഇരുവരും ആശയവിനിമയംനടത്തിയതു സംസ്‌കൃതത്തിലായിരുന്നു. ആ കൂടിക്കാഴ്ചയില്‍ സ്വാമികള്‍ ചിന്മുദ്രയെക്കുറിച്ച്, ബൃഹദാരണ്യകോപനിഷത്തിലെ പ്രസക്തഭാഗം ഉദ്ധരിച്ചു പ്രമാണസഹിതം വിവേകാനന്ദസ്വാമിക്കു വിവരിച്ചുകൊടുത്തു. ചട്ടമ്പിസ്വാമികളുടെ അഗാധമായപാണ്ഡിത്യവും സംസ്‌കൃതത്തിലുള്ള പ്രാവീണ്യവും അതുവഴി വേദങ്ങളിലും ഉപനിഷത്തിലുള്ള അദ്ദേഹത്തിന്റെ അസാമാന്യമായ അറിവും വിവേകാനന്ദസ്വാമികളെ ആശ്ചര്യപ്പെടുത്തി. അതിനെത്തുടര്‍ന്ന്, ”ഞാന്‍ മഹാനായ ഒരു മനുഷ്യനെക്കണ്ടു”(Here, I met a remarkable man) എന്നാണു ചട്ടമ്പിസ്വാമികളെക്കുറിച്ച് അദ്ദേഹം രേഖപ്പെടുത്തിയത്. ശങ്കരാചാര്യരുടെ നാട്ടില്‍ ചട്ടമ്പിസ്വാമികളിലൂടെ യഥാര്‍ത്ഥ കേരളപ്രതിഭയെ ദര്‍ശിക്കുവാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കുകയായിരുന്നു.
സ്വാമി വിവേകാനന്ദനെക്കുറിച്ച് ചട്ടമ്പിസ്വാമികള്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: ”കണ്ണിന് ഒന്‍പതുഗുണങ്ങള്‍ ശാസ്ത്രീയമായിട്ടുണ്ട്. അവ ഒന്‍പതുംതികഞ്ഞ കണ്ണുകള്‍ വിവേകാനന്ദസ്വാമികള്‍ക്കല്ലാതെ മറ്റാര്‍ക്കും കണ്ടിട്ടില്ല.” മഹാത്മാക്കള്‍ പരസ്പരം മനസ്സിലാക്കുന്നതിനു നിദര്‍ശനമാണ് ഈ സംഭവം.
ചട്ടമ്പിസ്വാമികളെക്കുറിച്ച് മഹാത്മാക്കള്‍
ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള
മലയാളത്തിലെ ആദ്യത്തെ അംഗീകൃതനിഘണ്ടുവായ ”ശബ്ദതാരാവലി”യുടെ കൈയെഴുത്തുപ്രതിയുമായി ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള ചട്ടമ്പിസ്വാമികളെ കാണാനായി തിരുവനന്തപുരത്തു പുത്തന്‍ചന്തയില്‍പോയി. കൈയെഴുത്തുപ്രതി വാങ്ങി ഒന്നു മറിച്ചുനോക്കിയശേഷം പെട്ടെന്നുതന്നെ സ്വാമികള്‍ തിരികെനല്കി. ”ആര്‍ഭാടമില്ലെങ്കിലും കൊള്ളാം” എന്നുപറഞ്ഞാണ് മടക്കിനല്കിയത്. സ്വാമികള്‍ ഗ്രന്ഥംമുഴുവന്‍ മറിച്ചുനോക്കുകയോ ഇടയ്ക്കിടയ്‌ക്കെങ്കിലും വായിച്ചുനോക്കുകയോ ചെയ്യാതെ തിരിച്ചുകൊടുത്തതില്‍ ശ്രീകണ്‌ഠേശ്വരത്തിനു കുണ്ഠിതംതോന്നി. തന്റെ നിഘണ്ടു വീട്ടില്‍പോയി ഒരിക്കല്‍കൂടി മറിച്ചുനോക്കിയ ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള അത്ഭുതപ്പെട്ടുപോയി, ”ആര്‍ഭാടം” എന്നവാക്ക് നിഘണ്ടുവിലില്ല! ഉടനെ അദ്ദേഹം ആ പദം എഴുതിച്ചേര്‍ക്കുകയും സ്വാമികളെ മനസ്സാനമസ്‌കരിക്കുകയും ചെയ്തു. സ്വാമികളുടെ ദിവ്യദൃഷ്ടിയും, ക്ഷിപ്രവായനയും തെളിയിന്ന ഒരു സംഭവമായി ശ്രീകണ്‌ഠേശ്വരം ഇതു പ്രസ്താവിച്ചിട്ടുണ്ട്.
ഡോ. ശൂരനാട്ട് കുഞ്ഞന്‍പിള്ള
സ്വാമികളെക്കുറിച്ചു യശഃശരീരനായ ശൂരനാട്ടു കുഞ്ഞന്‍പിള്ള ഇപ്രകാരം വിലയിരുത്തി (ചട്ടമ്പിസ്വാമിശതാബ്ദസ്മാരകഗ്രന്ഥം):
”സാമാന്യജീവിതംനയിച്ച ഒരു അസാമാന്യന്‍, കാഷായം ധരിക്കാത്ത ഒരു സന്ന്യാസി, കാടുകയറാതെ തപസ്സുചെയ്ത ഒരു മഹര്‍ഷി, ഒന്നിനോടും ബന്ധമില്ലാതെ സമസ്തജീവരാശികളെയും ഒന്നുപോലെ സ്‌നേഹിച്ച ഒരുലോകബന്ധു, സമുദായജീവിതത്തോടു കെട്ടുപെടാതെ സമുദാബന്ധങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനംചെയ്ത മഹാചിന്തകന്‍ഗുരുമുഖാഭ്യാസംകൂടാതെ പരിണിതപ്രജ്ഞനായ ഒരു മഹാപണ്ഡിതന്‍. ഇതാണ് ശ്രീചട്ടമ്പിസ്വാമികള്‍.”
സ്വാമികളുടെ ”പ്രാചീനമലയാളം” എന്ന കൃതി പ്രകാശിതമായത് 1913-ലാണ്. ”നമ്മുടെ ചരിത്രഗവേഷണാന്തരീക്ഷത്തിലെ പെരുമീന്‍ ഉദയം” എന്നാണ് ഈ കൃതിയെ വിശേഷിപ്പിച്ചുകൊണ്ടു ഡോ. ശൂരനാടു കുഞ്ഞന്‍പിള്ള പറഞ്ഞത്.
മഹാകവി വള്ളത്തോള്‍
മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ സ്വാമികളെ ആദ്യമായിക്കാണുന്നത്, തൃശ്ശൂരിലെ ‘മംഗളോദയ’ത്തിന്റെ ഓഫീസില്‍വച്ചാണ്. തൃശ്ശൂര്‍ക്ഷേത്രസത്രത്തില്‍ അന്വേഷിച്ചുചെന്ന മഹാകവിക്കു സ്വാമികളെ കാണാന്‍ കഴിയാതിരുന്നതും, തുടര്‍ന്നു സ്വാമികള്‍, മഹാകവിയെ തിരക്കി അദ്ദേഹത്തിന്റെ ഓഫീസിലെത്തിയതും വള്ളത്തോള്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടി:
”….മംഗളോദയത്തിലെത്തിയ അദ്ദേഹത്തെ ബഹുമാനപുരസ്സരം സ്വീകരിച്ച് അടുത്തുള്ള മുറിയില്‍ പുല്‍പ്പായവിരിച്ച് ഇരുത്തി. തികള്‍ പൂജകള്‍ചെയ്യുന്നതിനുമുന്‍പ് മഞ്ഞപ്പൊടികൊണ്ടും അരിപ്പൊടികൊണ്ടും കരിപ്പൊടികൊണ്ടുംമറ്റും കളംവരയ്ക്കുന്നതിനെപ്പറ്റി ചില സംശയങ്ങള്‍ അദ്ദേഹത്തോടു ചോദിച്ചു. ഓരോ ദേവന്മാര്‍ക്കും ദേവിമാര്‍ക്കും ചമയ്ക്കുന്ന വൈവിധ്യമാര്‍ന്ന കളങ്ങളെപ്പറ്റി അദ്ദേഹം ഏതാണ്ടു രണ്ടുമണിക്കൂര്‍നേരം സംസ്‌കൃതത്തിലെയും തമിഴിലെയും വിശിഷ്ടഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചുകൊണ്ടു സവിസ്തരം എനിക്കു വിവരിച്ചുതന്നു. അദ്ദേഹം നേടിയിരുന്ന വിജ്ഞാനത്തിന്റെ ആഴവും പരപ്പും എന്നെ വിസ്മയിപ്പിച്ചു. ഞാന്‍ ആ അതിമാനുഷന്റെ തൃപ്പാദങ്ങളില്‍ ആദ്യമായി നമസ്‌കരിച്ചു.”
ആരുടെ മുന്‍പിലും തലകുനിച്ചിട്ടില്ലാത്ത മഹാകവി വള്ളത്തോളാണ് ചട്ടമ്പിസ്വാമികളുടെ മുന്‍പില്‍ നമസ്‌ക്കരിച്ചതെന്നു ശ്രദ്ധേയമാണ്.
സ്വാമികളും ഗുരുദേവനും
വാമനപുരത്തു താമസിക്കുമ്പോഴാണ് ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണഗുരുവിനെ ആദ്യം കാണുന്നത്. ചെമ്പഴന്തിക്കടുത്തുള്ള അണിയൂര്‍ക്ഷേത്രത്തില്‍വച്ച്, കൊടിപ്പറമ്പില്‍ നാരായണപിള്ളയാണു സ്വാമികളെ ശ്രീനാരായണഗുരുവുമായി സംഗമിപ്പിച്ചത്. അക്കാലത്തു വാമനപുരത്തും അണിയൂരിലും പരിസരപ്രദേശങ്ങളിലുമുള്ള പലഗ്രന്ഥപ്പുരകളിലും സന്ദര്‍ശിച്ചു ഗ്രന്ഥപാരായണത്തിലേര്‍പ്പെടുമായിരുന്നു. ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയും നിലനിന്ന ആ കാലഘട്ടത്തില്‍ സ്വാമികള്‍ ശ്രീനാരായണഗുരുവുമായി സഹകരിച്ചു എന്നതുതന്നെ, താഴ്ന്നജാതിയിലുള്ളവര്‍ക്കു പ്രവേശനമില്ലാതിരുന്ന വൈജ്ഞാനികമേഖലകളില്‍ യഥേഷ്ടം കടന്നുചെല്ലാന്‍ എല്ലാവര്‍ക്കും പ്രേരണയുംപ്രചോദനവും നല്കിയ സംഭവമായിരുന്നു.
ചട്ടമ്പിസ്വാമികള്‍ വായിച്ചതിന്റെ ഒരംശം പുസ്തകങ്ങള്‍ പോലും താന്‍ വായിച്ചിട്ടില്ലെന്നു നാരായണഗുരുസ്വാമി പില്ക്കാലത്തു പറഞ്ഞിട്ടുണ്ട്. സ്വാമികളെ എപ്പോള്‍ കണ്ടാലും ഒരുപുസ്തകം കൈയില്‍ക്കാണുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചട്ടമ്പിസ്വാമികള്‍ക്ക് പുസ്തകങ്ങളോടുള്ള ബന്ധവും, വായനാഭിമുഖ്യവും വിശദമാക്കുന്നതാണ് നാരായണഗുരുവിന്റെ ഈ വെളിപ്പെടുത്തലുകള്‍.
സര്‍വ്വജ്ഞനും സ്വതന്ത്രചിന്തകനുമായ ചട്ടമ്പിസ്വാമികളെപ്പറ്റി ശ്രീനാരായണഗുരു ഇപ്രകാരം പറഞ്ഞു ”വ്യാസനും ശങ്കരനും കൂടിച്ചേര്‍ന്നാല്‍ നമ്മുടെ സ്വാമിയായി.” ”സ്വാമിക്കറിയാന്‍പാടില്ലാത്തതായി ഒന്നുമില്ലായിരുന്നല്ലോ. അവിടുന്നെല്ലാമറിഞ്ഞിരുന്നു!” എന്നിങ്ങനെ പലവുരു പലസന്ദര്‍ഭങ്ങളില്‍ ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെപ്പറ്റി പരാമര്‍ശിച്ചിരുന്നു.
Comments