ഏതൊരു ആശയവും ആദ്യം അനുഭൂതിയുടെ തലത്തിലാണ് പ്രകടമാവുക. അനുഭൂതിയില്‍ നിന്ന് ആശയമുണ്ടാവുന്നു. അനുഭൂതിയെ ആശയരൂപത്തിലേക്ക് ആവാഹിക്കുന്നവരാണ് ആചാര്യന്മാര്‍. രാഷ്ട്രം എന്ന അനുഭൂതിയെ സാക്ഷാത്കരിക്കുകയും അതിനെ ആശയരൂപത്തിലേക്ക് പകരുകയും ചെയ്ത അനേകം ആചാര്യന്മാര്‍ ഭാരതത്തിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്ര സങ്കല്പത്തിന്റെ കണികകള്‍ അതിപ്രാചീനകാലം മുതല്‍ക്കേ ഇവിടെയുണ്ടായിരുന്നു. മറ്റ് രാഷ്ട്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭാരതം അതിന്റെ രാഷ്ട്ര ദര്‍ശനത്തെ വികസിപ്പിച്ചെടുക്കുകയും, സ്വന്തം ദേശീയ ജീവിതത്തിന്റെ പരിപോഷണത്തിനാവശ്യമായ ജീവനരസത്തെ വലിച്ചെടുക്കുകയും ചെയ്തിരിക്കുന്നത് വേദേതിഹാസ പുരാണങ്ങളടങ്ങുന്ന അതിന്റെ വിശാലമായ ദര്‍ശന സാകല്യത്തില്‍ നിന്നാണ്.
വേദങ്ങളുടെയും ഇതിഹാസങ്ങളുടെയും മറ്റ് ദര്‍ശനങ്ങളുടെയും സമാഹര്‍ത്താവ് എന്ന നിലയില്‍ ഭാരതത്തിന്റെ രാഷ്ട്രദര്‍ശനത്തിന് മഹത്തായ സംഭവനകളര്‍പ്പിച്ച മഹാപുരുഷനാണ് വേദവ്യാസന്‍. ഇതിഹാസകാരനെന്നോ, ചരിത്രകാരനെന്നോ, മഹാനായ ദാര്‍ശനികനെന്നോ ഉള്ള നിലയില്‍ വ്യാസന്റെ സംഭാവനകളെ ലോകം മുഴുവന്‍ അംഗീകരിച്ചിട്ടുള്ളതാണ്. വ്യാസ വിരചിതമായ മഹാഭാരതം ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത വിധം ഉത്കൃഷ്ടമായ കൃതിയാണെന്ന് ചിന്തകന്മാരും ദാര്‍ശനികന്മാരും സംശയലേശമെന്യേ അഭിപ്രായപ്പെട്ടിട്ടുണ്ട്. ‘പ്രാചീനഭാരതീയ ജീവിതത്തിന്റെയും വിശ്വാസങ്ങളുടെയും സര്‍വ്വവിജ്ഞാനകോശങ്ങളിലൊന്നാണ് മഹാഭാരതം’ എന്നാണ് സ്വാമി വിവേകാനന്ദന്‍ പറയുന്നത്. മനുഷ്യജീവിത വൈപുല്യത്തേയും വൈവിധ്യതയേയും ഇത്രയേറെ വിവേകത്തികവോടെ മറ്റൊരു ഗ്രന്ഥവും വിശകലനം ചെയ്തിട്ടില്ല. ‘മനുഷ്യഹൃദയജ്ഞാനത്തിലും ജീവിതാപഗ്രഥന നൈപുണ്യത്തിലും കഷ്ടിച്ച് ഷേക്‌സ്പിയര്‍ മാത്രമേ വ്യാസന്റെ സമീപത്ത് പോലും ചെല്ലുന്നുള്ളൂ’ എന്ന് വ്യാസപ്രതിഭയെ വിലയിരുത്തിക്കൊണ്ട് കെ.എം മുന്‍ഷി അഭിപ്രായപ്പെടുന്നു.
ഇതിഹാസകാരനായ വ്യാസന്റെ ബഹുമുഖമായ സംഭാവനകളില്‍, രാഷ്ട്ര ജീവിതത്തിന് വ്യാസന്‍ നല്‍കിയ സംഭാവനയെന്തെന്നുള്ള അന്വേഷണം വളരെയേറെ പ്രസക്തമാണ്. വ്യാസമനീഷയുടെ പൂര്‍ണ്ണമായ പ്രതിഭാപ്രസരണം സംഭവിച്ചിരിക്കുന്നത് മഹാഭാരത രചനയിലാണെന്നതുകൊണ്ട് തന്നെ വ്യാസന്റെ ദേശീയ സംഭാവനകളെ വിലയിരുത്താന്‍ ഏറ്റവുമധികം ആശ്രയിക്കാവുന്നതും മഹാഭാരതത്തെ തന്നെയാണ്.
‘മഹാഭാരതം’ എന്ന പേരില്‍ തന്നെ ‘ഭാരതം’ എന്ന രാഷ്ട്രം കൂടി ഉള്‍ച്ചേര്‍ന്നിരിക്കുന്നു. മറ്റൊരു തരത്തില്‍ ഭാരതമില്ലാതെ മഹാഭാരതവും മഹാഭാരതമില്ലാതെ ഭാരത രാഷ്ട്രവുമില്ല. അത്രകണ്ട് പരസ്പരപൂരകമായ ഒരു നാഭീനാളബന്ധം ഇവയ്ക്ക് രണ്ടിനുമിടയിലുണ്ട്. ‘വ്യാസേതിഹാസത്തിന്റെ പേരും രാഷ്ട്രത്തിന്റെ പേരും ഒന്നായിത്തീര്‍ന്നത് കേവലം യാദൃച്ഛികമല്ല’ എന്നാണ് സുകുമാരന്‍ പൊറ്റേക്കാട് അഭിപ്രായപ്പെടുന്നത്. (വ്യാസമഹാഭാരതം, വിദ്വാന്‍ കെ. പ്രകാശം, സുകുമാരന്‍ പൊറ്റേക്കാടിന്റെ അവതാരിക. പേജ് 23.)
മഹാഭാരത രചനയിലൂടെ ഭാരതത്തിന്റെ ദേശീയ ജീവിതത്തെ വ്യാസന്‍ ഒരേ ചരടില്‍ കോര്‍ത്തിണക്കുകയായിരുന്നു. സി. രാജഗോപാലാചാരിയുടെ അഭിപ്രായത്തില്‍ ‘ലോകത്തിലെ ഏറ്റവും സംഖ്യാബഹുലമായ ജനതകളിലൊന്നിന്റെ സ്വഭാവത്തേയും സംസ്‌കാരത്തെയും മെനഞ്ഞെടുക്കാന്‍ ഈ വ്യാസവാങ്മയത്തിന് സാധിച്ചു’.
ദേശീയതയുടെ മന്ത്രദ്രഷ്ടാവായ മഹര്‍ഷി അരവിന്ദന്‍ മഹാഭാരതവും ഭാരത ദേശീയതയും തമ്മിലുള്ള അഭേദ്യതയെ ഇങ്ങനെ സംഗ്രഹിക്കുന്നു ‘മഹാഭാരതം ഒരു ഇതിഹാസകാവ്യമാണെങ്കിലും അത് ഭരതവംശജരുടെ കേവലമായ ജീവിതാഖ്യാനം മാത്രമല്ല. മറിച്ച് അത് ഭാരതത്തിലെ സാംസ്‌കാരിക ജീവിതത്തിന്റെ ആത്മാവും, അതിന്റെ മതപരവും ധാര്‍മ്മികവും സാമൂഹ്യപരവും ദേശീയവുമായ ആദര്‍ശങ്ങളെ വലിയതോതില്‍ ഉള്‍ക്കൊള്ളുന്ന ഒരു മഹാകാവ്യവുമാണ്’ (ശ്രീ അരബിന്ദോ, വോള്യം 14, പേജ് 286)
എസ്.സി ബാനര്‍ജി അദ്ദേഹത്തിന്റെ ‘ഇന്ത്യന്‍ സൊസൈറ്റി ഇന്‍ ദ മഹാഭാരത’ എന്ന പുസ്തകത്തില്‍ ‘മഹാഭാരതം ഭാരതത്തിലെ വൈവിധ്യമാര്‍ന്ന സാമൂഹികവും സാംസ്‌കാരികവുമായ പ്രവാഹങ്ങള്‍ സംഗമിച്ചു ചേരുന്ന ഒരു മഹാസാഗരമാണ്’ എന്നെഴുതി. (എസ്.സി. ബാനര്‍ജി, ഇന്ത്യന്‍ സൊസൈറ്റി ഇന്‍ മഹാഭാരത്, പേജ് 5).
ഭാരതത്തിന്റെ പ്രാചീനമായ സംസ്‌കാരത്തിന്റെയും ചിന്തകളുടെയും വലിയൊരു ഭാഗം മഹാഭാരതത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. എസ്.എന്‍ ദാസ് ഗുപ്ത അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ് “the entire life of ancient India is reflected in it as in a mirror… it is a great store-house which holds within it at least implicitly a large part of ancient Indian culture and history of thoughts.’- (S.N Dasgupta and De, S.K A history of Sanskrit Literature, University of Calcutta). ഒരുപടി കൂടി കടന്ന് നൂറ്റാണ്ടുകളിലൂടെയുള്ള ഭാരതീയ ജീവിതത്തെ പ്രതിഫലിപ്പിക്കുകയും പ്രതിബിംബിപ്പിക്കുകയും ചെയ്യുന്ന ഒരു കണ്ണാടിയാണത് എന്ന് റോബര്‍ട്ട് അന്റോയിന എഴുതി -“It is a mirror of Indian life throughout several centuries’ (ലാല്‍. പി. മഹാഭാരത് ഓഫ് വ്യാസ, പേജ്-40)
ഭാരതീയ ദേശീയജീവിതത്തിന്റെ ഗംഗാപ്രവാഹത്തെ സൂക്ഷ്മമായി അവലോകനം ചെയ്തുകൊണ്ട് ഡോ.രാധാകൃഷ്ണന്‍, ‘ഭാരതത്തിന്റെ മണ്ണില്‍ ഒത്തുകൂടിയ വ്യത്യസ്ത ജനങ്ങളുടെ സാമൂഹികവും മതപരവുമായ ആശയങ്ങളെ ഒരുമിപ്പിക്കുക വഴി ഭാരതവര്‍ഷത്തിന്റെ അടിസ്ഥാന ഐക്യമെന്ന സന്ദേശത്തെ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ മഹാഭാരതം പരിശ്രമിച്ചു’ എന്ന് നിരീക്ഷിക്കുന്നു. (ഇന്ത്യന്‍ ഫിലോസഫി, ഡോ. എസ്. രാധാകൃഷ്ണന്‍, വോള്യം 1, പേജ് 479)
വ്യാസപക്ഷത്തു നിന്ന് ഇതിഹാസ വായന നിര്‍വ്വഹിച്ച പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ മഹാഭാരതത്തെ അതുല്യമായ ഒരു രാഷ്ട്രീയ ഗ്രന്ഥമെന്ന് വിശേഷിപ്പിക്കുകയുണ്ടായി. തന്റെ മഹാഭാരതപഠന ഗ്രന്ഥത്തില്‍ വ്യാസനും ഭാരതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു. ‘സ്വയം രക്ഷിതനായ ഒരു സാഹിത്യ ആചാര്യന്‍ വ്യാസനെപ്പോലെ വേറെയില്ല. കാരണം അദ്ദേഹത്തിന്റെ മഹാഭാരതത്തിലെ തത്ത്വചിന്തയിന്മേല്‍ ഒരു മഹാദര്‍ശനം ആയിരത്താണ്ടുകളായി നിലനില്‍ക്കുന്നു. ആ ദര്‍ശനത്തിന്മേല്‍ ഒരു രാഷ്ട്രവും അതിലെ ജനങ്ങളും അവരുടെ സംസ്‌കാരവും എല്ലാ വെല്ലുവിളികളെയും പരാജയപ്പെടുത്തിക്കൊണ്ട് ഇന്നും ജീവിക്കുന്നു. അതിജീവനകലയുടെ വിജയരഹസ്യം അറിയാവുന്ന ഈ പരമാചാര്യന്‍ ചിരഞ്ജീവി എന്ന് പ്രശസ്തനാകാനുള്ള കാരണവും ഇതുതന്നെയാണ്. (മഹാഭാരത പര്യടനം: ഭാരതദര്‍ശനം പുനര്‍വായന പേജ്. 366)
ചുരുക്കത്തില്‍, മഹാഭാരതരചനയിലൂടെ വ്യാസന്‍ മഹത്തായ ഒരു ദേശീയ കര്‍ത്തവ്യമാണ് നിര്‍വ്വഹിച്ചത്. അങ്ങനെ ഭാരതമെന്ന രാഷ്ട്രത്തിന്റെ ഭാവിഭാഗധേയത്തെ നിര്‍ണ്ണയിക്കുന്നതില്‍ വ്യാസന്‍ അദ്വിതീയമായ സംഭാവനകളര്‍പ്പിച്ചു. ധര്‍മ്മത്തെ ഭാരത രാഷ്ട്രത്തിന്റെ അധിഷ്ഠാനമായി എന്നന്നേക്കുമായി പ്രതിഷ്ഠിച്ചുറപ്പിച്ചു. ഭാരതേതിഹാസത്തിന്റെ അഭാവത്തില്‍ ഭാരതത്തിന് അസ്തിത്വമോ വ്യക്തിത്വമോ പോലുമില്ല. ഭാരത രാഷ്ട്ര പര്യടനത്തേക്കാള്‍ പതിന്മടങ്ങ് രാജ്യവിജ്ഞാനം മഹാഭാരത പര്യടനത്തിലൂടെ ലഭിക്കുന്നു. അതുകൊണ്ട് ഏകസൂത്രിതമായ ദേശീയ ജീവിതത്തിന്റെ രചനയില്‍ ഭാരത രാഷ്ട്രം ഒന്നാമതായി വ്യാസനോട് കടപ്പെട്ടിരിക്കുന്നു.
വ്യാസന്‍ രാഷ്ട്ര ജീവിതത്തിനും ദേശീയ ഐക്യത്തിനും നല്‍കിയ സംഭാവനയെന്തെന്നുള്ള ചോദ്യത്തിന് സുകുമാരന്‍ പൊറ്റേക്കാട് മറുപടി നല്‍കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു ‘ഭാരതവര്‍ഷ സംസ്‌കാരത്തിന്റെ ശില്പി ആരെന്നതിനെപ്പറ്റി ഒട്ടും തര്‍ക്കത്തിനവകാശമില്ല. വ്യാസഭാവനയുടെ വിശാല വേദിയില്‍ ഭാരത ഉപഭൂഖണ്ഡത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഒത്തൊരുമയോടെ കൈകോര്‍ത്തു പിടിച്ചുനില്‍ക്കുന്നു. സാംസ്‌കാരിക ഭാരതത്തെ സംബന്ധിച്ചിടത്തോളം ഗംഗയും കാവേരിയും തമ്മില്‍ ചേരാതെ ഒഴുകുന്ന നദികളല്ല. ഈ ഉപഭൂഖണ്ഡത്തിലെ എല്ലാ സാംസ്‌കാരിക പ്രവാഹങ്ങളേയും ഭാരതേതിഹാസം എന്ന ബൃഹന്നദിയില്‍ ലയിപ്പിച്ച് ഒന്നാക്കുവാന്‍ വ്യാസന് കഴിഞ്ഞു. ആശയതലത്തില്‍ പണ്ടേ നടപ്പാക്കപ്പെട്ട ഒരു ദസ്തുര്‍പ്ലാന്‍! അല്ലെങ്കില്‍ ഭാരതമെന്ന സങ്കല്പത്തിനുപോലും സ്ഥാനമില്ലാതെ നമ്മുടെ രാജ്യം ഛിന്നഭിന്നമാകുമായിരുന്നു. രാഷ്ട്രീയമായ ശിഥിലീകരണ ശക്തികള്‍ എത്ര ആഞ്ഞടിച്ചാലും കടപുഴക്കി പിഴുതെറിയാന്‍ സാധിക്കാത്തവണ്ണം അത്യധികം ദൃഢരൂഢമാണ് ആ സംസ്‌കാരത്തിന്റെ വേരുകള്‍. വ്യാസസംസ്ഥാപിതമായ ആ വേരോട്ടത്തിനു ഇതിഹാസം പുരണ്ട മണ്ണിന്റെ വളക്കൂറ് ബലവും വീര്യവും പകരുന്നു’. (വ്യാസമഹാഭാരതം, വിദ്വാന്‍ കെ പ്രകാശം, സുകുമാരന്‍ പൊറ്റേക്കാടിന്റെ അവതാരിക, പേജ് 23)
ആസേതുഹിമാചലം വ്യാപിച്ചു കിടന്ന ഭാരതവര്‍ഷത്തിന്റെ ഏകീകരണത്തിനും ഐക്യത്തിനും വ്യാസന്‍ അനിഷേധ്യവും അതുല്യവുമായ സംഭാവനകളര്‍പ്പിച്ചു. ഭാരതത്തിന്റെ വൈജ്ഞാനിക നിധിശേഖരങ്ങളില്‍ മുഴുവന്‍ വ്യാസന്റെ കരസ്പര്‍ശമേറ്റിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭാരതം മുഴുവന്‍ വ്യാസനെ പരമഗുരുവായി അംഗീകരിച്ചു പോന്നു.
സഹായകഗ്രന്ഥങ്ങള്‍
1.Complete Works of Swami Vivekananda
2. Sri Aurobindo Complete Works
3.വ്യാസമഹാഭാരതം, വിദ്വാന്‍ കെ. പ്രകാശം
4. Indian Philosophy, Dr. S. Radhakrishnan
5. Indian Society in the-Mahabharata, S.C Banerjee
6.മഹാഭാരത പര്യടനം: ഭാരതദര്‍ശനം പുനര്‍വായന, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍
Comments