കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തോറ്റു തുന്നം പാടിയതിന്റെ കാരണം തേടി പാഴൂര്‍ പടിപ്പൂര വരെ പോകേണ്ടതില്ലെങ്കിലും മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഓരോ വീട്ടിലും കയറി കാരണമന്വേഷിക്കുകയാണ്. ഗൃഹസമ്പര്‍ക്ക പരിപാടിയുമായി ചിരിച്ചുകൊണ്ടെത്തിയ സഖാക്കള്‍ പല വീടുകളില്‍ നിന്നും ഇറങ്ങിപ്പോയത് മുഖം വീര്‍പ്പിച്ചുകൊണ്ടായിരുന്നു എന്നാണ് കേട്ടത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള വര്‍ക്കുള്ള അനുഭവം അത്ര നല്ലതായിരുന്നില്ല. അനുഭവം മുഴുവന്‍ തുറന്നുപറയാന്‍ പറ്റില്ലെങ്കിലും ചിലതൊക്കെ ബാലകൃഷ്ണന്‍ സഖാവ് പാര്‍ട്ടി പത്രത്തിലെ ലേഖനത്തിലൂടെ സൂചിപ്പിച്ചിട്ടുണ്ട്. ‘ശബരിമല കാരണമാണ് വോട്ടുമാറി ചെയ്തതെന്ന് ചില വീട്ടമ്മമാര്‍ തുറന്നു പറഞ്ഞു’ എന്ന് സഖാവ് പറഞ്ഞതില്‍ നിന്നുതന്നെ ഈ ‘തുറന്നു പറച്ചി’ലിന്റെ ഭാഷ അത്ര സുഖകരമായിരുന്നില്ല എന്നു വ്യക്തം. മാപ്പപേക്ഷയുടെ സ്വരം സഖാക്കളുടെ ഭാഷയില്‍ ഉണ്ടായിരുന്നുവെന്നു അദ്ദേഹത്തിന്റെ ലേഖനത്തില്‍ വ്യക്തമാണ്. തിരുത്തപ്പെടേണ്ട തെറ്റുകള്‍ ഏതെന്നു പരിശോധിക്കുമെന്നു ലേഖനത്തില്‍ പറയുന്നു.
ഗൃഹസമ്പര്‍ക്കത്തിനു പാര്‍ട്ടി സെക്രട്ടറി നേരിട്ടിറങ്ങിയിട്ടും മുന്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുമായ വിജയന്‍ സഖാവിനെ കൂടെകൂട്ടാതിരുന്നത് എന്തുകൊണ്ടാണാവോ? മനീതിസംഘത്തെ ശബരിമലയിലെത്തിക്കാന്‍ പറ്റാത്തതിന്റെ കലിപ്പ് ഇപ്പോഴും തീര്‍ന്നിട്ടില്ല വിജയന്‍ സഖാവിന്. പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലിരിക്കുമ്പോള്‍ പോലും അദ്ദേഹത്തിനു അതു തികട്ടിവന്നുവെന്നു മാത്രമല്ല പോലീസ് ആര്‍.എസ്.എസ്സിനു ചാരപ്പണി നടത്തി എന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഈ സഖാവിനെ ഗൃഹസമ്പര്‍ക്കത്തിനു കൂടെ കൂട്ടിയിരുന്നെങ്കില്‍ വീട്ടമ്മമാര്‍ ചൂലെടുത്ത് ‘കടക്ക് പുറത്ത്’ എന്നു പറയുമെന്ന ഉത്തമബോധ്യമുള്ളതുകൊണ്ടാവാം വിജയന്‍ സഖാവിനെ ഒഴിവാക്കിയത്.