SARS Cov 2 എന്ന കൊറോണ വൈറസ് സംഹാര താണ്ഡവമാടുകയാണ്. ചൈനയിലെ വുഹാനില്‍ നിന്നും ലോകമെമ്പാടും വ്യാപിച്ച ഈ വൈറസ് പ്രായ ലിംഗ ഭേദമില്ലാതെ എല്ലാവരെയും ബാധിക്കുന്നു. ലോകാരോഗ്യ സംഘടന (WHO) 2020 ജനുവരി 30ന് ആഗോള വ്യാപകമായ ആരോഗ്യ അടിയന്തിരാവസ്ഥയായും (Public health emergency of international concern)മാര്‍ച്ച് 11 ന് മഹാമാരി (pandemic) ആയും പ്രഖ്യാപിച്ചു. വളരെ വേഗത്തില്‍ പകരാനുള്ള കഴിവാണ് ഈ വൈറസിന്റെ ഒരു പ്രത്യേകത.
വ്യാപനം
അണു ബാധയുണ്ടായി 4 ദിവസം ആകുമ്പോഴേക്കും ശ്വാസകോശങ്ങൡലും തൊണ്ടയിലും അണുക്കളുടെ വലിയ സാന്നിധ്യം ഉണ്ടാകുന്നു. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും പുറത്തേക്ക് വരുന്ന ഉമിനീരിന്റെ ചെറിയ തുള്ളികള്‍ (droplet) വഴിയും, വായുവില്‍ കൂടിയും പകരാനുള്ള കഴിവ് ഈ വൈറസിന് ഉണ്ട്. ശരീരത്തിന് പുറത്ത് 4 ദിവസം വരെ നശിക്കാതിരിക്കാനും കഴിയും.
രോഗബാധിതതരാവുന്നതില്‍ മിക്കവരും (85%) പനി, ചുമ, ശരീര വേദന തുടങ്ങി ചെറിയ ബുദ്ധിമുട്ടുകള്‍ മാത്രം അനുഭവിക്കുന്നു. ഒരു ചെറിയ വിഭാഗത്തിന് അതികഠിനമായ ലക്ഷണങ്ങളും മരണം വരെയും സംഭവിക്കുന്നു. 2021 ഏപ്രില്‍ 28ന് ഇന്ത്യയിലെ മരണ സംഖ്യ 2 ലക്ഷം കടന്നുകഴിഞ്ഞു. വാക്‌സിന്‍ വന്നു എന്ന കാരണത്താല്‍ ഭാരത സര്‍ക്കാരിന്റെ നിരന്തര മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും തൃണവല്‍ഗണിച്ചു കോവിഡ് മാനദണ്ഡങ്ങളില്‍ നിന്നും നിയന്ത്രണങ്ങളില്‍ നിന്നും വ്യതിചലിച്ചതാണ് ഇത്ര വ്യാപകവും രൂക്ഷമായ രോഗവ്യാപനത്തിന് ഒരു കാരണം. ഇന്‍ഡ്യയിലെ മരണ നിരക്ക് മേയ് 2020ലെ 3.5ല്‍ നിന്നും ഇപ്പോള്‍ 1.14 ആയി കുറഞ്ഞിട്ടുണ്ട് എന്നത് ആശാവഹമായ വസ്തുതയാണ്.
നമ്മള്‍ ചെയ്യേണ്ടത്
1. വായും മൂക്കും ശരിയായി മറയ്ക്കുന്ന മാസ്‌ക് ഉപയോഗിക്കുക. പരമാവധി 8 മണിക്കൂറില്‍ മാസ്‌ക് മാറണം.
2. സാമൂഹിക അകലം (ഏറ്റവും കുറഞ്ഞത് 6 അടി) പാലിക്കുക.
3. കൊവിഡ് 19 വാക്‌സിന്‍ കഴിയുന്നത്ര വേഗം സ്വീകരിക്കുക
4. വായു സഞ്ചാരം കുറവുള്ള മുറികളില്‍ ഒന്നിച്ച് ഇരിക്കുന്നതും ആള്‍ക്കൂട്ടവും ഒഴിവാക്കുക.
5. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുകയോ ചെയ്യുക. കൈകള്‍ കൊണ്ട് കഴിവതും മുഖത്ത് സ്പര്‍ശിക്കാതിരിക്കുക.
വാക്‌സിനേഷന്‍
2021 ജനുവരി 16നാണ് വാക്‌സിനേഷന്‍ നമ്മുടെ രാജ്യത്ത് ആരംഭിച്ചത്. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പടിപടിയായി 60 കഴിഞ്ഞവര്‍ക്ക്, 45 കഴിഞ്ഞ മറ്റു രോഗമുള്ളവര്‍ക്ക്,45 കഴിഞ്ഞ എല്ലാവര്‍ക്കും, 18 വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും എന്നിങ്ങനെ വാക്‌സിന്‍ നല്‍കാന്‍ ഭാരത സര്‍ക്കാരിന്റെ തീരുമാനമുണ്ടായി.
2 വാക്‌സിനുകള്‍ ആണ് ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡും. കോവാക്‌സിന്‍ 4 മുതല്‍ 6 വരെ ആഴ്ച ഇടവിട്ടും കോവിഷീല്‍ഡ് 6 മുതല്‍ 8 വരെ ആഴ്ച ഇടവിട്ടും 2 ഡോസ് ആണ് എടുക്കേണ്ടത്. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് രണ്ടാഴ്ച ആകുമ്പോഴേക്കും ആവശ്യമായ പ്രതിരോധം ലഭിക്കുന്നു. സ്പുട്‌നിക് തുടങ്ങിയ വിദേശ നിര്‍മിത വാക്‌സിനുകള്‍ താമസിയാതെ എത്തുന്നുണ്ട്.
ഇരട്ട ജനിതക വ്യതിയാനം B.1.617 (ഇന്ത്യ), B.1.135 (ആദ്യമായി ദക്ഷിണ ആഫ്രിക്കയില്‍ കണ്ടത്)
ആ.1.1.7(UK യില്‍ ആദ്യമായി കണ്ടത്) തുടങ്ങി നിരവധി ജനിതക വ്യതിയാനങ്ങള്‍ വന്ന വൈറസുകള്‍ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ കോവിഡ് വ്യാപനം രൂക്ഷമായി ഉള്ളത്. ഇത് വരെയുള്ള പഠനങ്ങളില്‍ വാക്‌സിനേഷന്‍ എല്ലാ വൈറസുകളെയും പ്രതിരോധിക്കുന്നുണ്ട്. വാക്‌സിന്‍ എടുത്തവര്‍ക്ക് ഒരു പക്ഷെ രോഗം വന്നാല്‍ പോലും വളരെ ലഘുവായി മാത്രമേ വരുന്നുള്ളൂ എന്നത് ഏറെ ആശ്വാസ ദായകമാണ്.
രോഗിക്ക് വീട്ടില്‍ തന്നെ തുടരാം
രോഗം വന്നാല്‍ മിക്കവര്‍ക്കും ചെറിയ തോതില്‍ ഉള്ള ലക്ഷണങ്ങളേ കാണുന്നുള്ളൂ. രോഗലക്ഷണങ്ങളായ പനി, ശരീര വേദന, തലവേദന തൊണ്ട വേദന, ചുമ, രുചി അല്ലെങ്കില്‍ മണം അറിയാതാവുക, വായയും തൊണ്ടയും വരളുക, വയറു വേദന, വയറിളക്കം, കണ്ണില്‍ വേദന, കണ്ണിനു ചുവപ്പ് നിറം ആദിയായവ മാത്രമേ ഉള്ളൂ എങ്കില്‍ വീട്ടില്‍ തന്നെ റൂം ഐസോലേഷന്‍ ചട്ടങ്ങള്‍ പാലിച്ച് ഇരിക്കാവുന്നതാണ്. വീട്ടിലുള്ളവരെല്ലാം ക്വാറെന്റീനില്‍ ഇരിക്കണം. പള്‍സ് ഓക്‌സിമീറ്റര്‍, തേര്‍മോമീറ്റര്‍ എന്നിവ കരുതണം. ആവശ്യത്തിന് വെള്ളം കുടിക്കണം. വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. സമീകൃത ആഹാരം കഴിക്കണം. ശ്വസന വ്യായാമം ചെയ്യുന്നത് നല്ലതാണ്. മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ പ്രതിരോധ ജന്യങ്ങളായ ഔഷധങ്ങള്‍ ചെറിയ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പള്‍സ് ഓക്‌സി മീറ്റര്‍ ഉപയോഗിച്ച് 3 നേരവും രക്തത്തിലെ ഓക്‌സിജന്‍ അളവ് പരിശോധിക്കണം. ഓക്‌സിജന്‍ അളവ് 94 ല്‍ കുറഞ്ഞാല്‍ ആശുപത്രിയിലേക്ക് മാറണം. ക്വാറന്റീന്‍ ഇരിക്കുന്ന മുറിക്കുള്ളില്‍ രാവിലെയും വൈകിട്ടും 10 മിനിറ്റ് നടക്കണം. കാലിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കാതിരിക്കാന്‍ ഇത് സഹായിക്കും. ആഹാരത്തിന് 15 മിനിറ്റ് മുന്‍പ് ഉപ്പുവെള്ളമോ ബീറ്റാഡിന്‍ ചേര്‍ത്ത വെള്ളമോ ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്യുന്നത് നല്ലതാണ്. 24 മണിക്കൂറും ഒരു ആരോഗ്യ പ്രവര്‍ത്തകനുമായി കമ്മ്യൂണിക്കേഷന്‍ സൗകര്യം ഉണ്ടായിരിക്കണം. മറ്റെന്തെങ്കിലും അസുഖത്തിന് മരുന്നുകള്‍ കഴിക്കുന്നുണ്ട് എങ്കില്‍ അത് തുടരണം.
ആശുപത്രി വാസം എപ്പോള്‍
1. ശ്വാസം മുട്ടല്‍
2. ഓക്‌സിജന്‍ ലെവല്‍ പള്‍സ് ഓക്‌സി മീറ്ററില്‍ 94ല്‍ കുറയുക
3. നെഞ്ചുവേദന അനുഭവപ്പെടുക
4. മാനസികാസ്വാസ്ഥ്യം അനുഭവപ്പെടുക
എന്നിവ ഉണ്ടായാല്‍ ആശുപത്രിയിലേക്ക് മാറണം.
ഒരു ചികിത്സയും പൂര്‍ണമായി ഫലപ്രദമല്ലാത്തതിനാല്‍ ഓരോ രോഗിയുടെയും അവസ്ഥയ്ക്കനുസരണമായ ചികിത്സയാണ് നല്‍കുന്നത്. ആന്റി വൈറല്‍ മരുന്നുകള്‍, ഇമ്യുണ്‍ മോഡുലേറ്റേഴ്‌സ്, സ്റ്റിറോയിഡുകള്‍ തുടങ്ങി നിരവധി മരുന്നുകള്‍ ഉപയോഗത്തിലുണ്ട്. ശ്വാസകോശങ്ങള്‍ ആണ് ഏറ്റവും അധികം ബാധിക്കപ്പെടുന്നത്. കണ്‍സോളിഡേഷന്‍, ഫൈബ്രോസിസ് തുടങ്ങിയ ആപല്‍കരങ്ങളായ അവസ്ഥകളിലേക്ക് രോഗി അതിവേഗം എത്തപ്പെടുന്നു. ശ്വാസകോശങ്ങളില്‍ നടക്കുന്ന ഓക്‌സിജന്‍ ആഗിരണം നടക്കാതാവുന്നു. പലപ്പോഴും ഓക്‌സിജനും വെന്റിലേറ്റര്‍ സഹായവും ആവശ്യമായി വരുന്നു.
3 വിധം ബെഡ്ഡുകളാണ് ആശുപത്രി അഡ്മിഷന്‍ ആവശ്യത്തിനായി വേണ്ടിവരുന്നത്.
1. സാധാരണ കിടക്കകള്‍. നല്ല ഒരു വിഭാഗം രോഗികള്‍ക്കും ഇത് മതിയാകും
2. ഓക്‌സിജന്‍ ലഭ്യതയുള്ള കിടക്കകള്‍. ശ്വാസം മുട്ടല്‍ മൂര്‍ച്ഛിച്ചാല്‍ ഓക്‌സിജന്‍ നല്‍കേണ്ടിവരും.
3. വെന്റിലേറ്റര്‍ സഹായമുള്ള കിടക്കകള്‍. സ്വയം ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടായാല്‍ വെന്റിലേറ്റര്‍ സഹായം ആവശ്യമായി വരും.
ഓക്‌സിജന്‍ ലഭ്യതയും വെന്റിലേറ്റര്‍ സൗകര്യവും കേരളത്തിലും അപ്രാപ്യമായിക്കൊണ്ടിരിക്കുന്നു.
സര്‍ക്കാരിന്റെയും സ്വകാര്യ ആശുപത്രികളുടെയും ഏകോപനം ആവശ്യമാണ്. സ്വകാര്യ ആശുപത്രികളുടെ കോവിഡ് ചികിത്സാ നിരക്കുകള്‍ ഏകീകരിക്കുകയും സാധാരണക്കാര്‍ക്ക് പ്രപ്യമാക്കുകയും വേണം.
സേവനം
ആരോഗ്യ മേഖലയില്‍ ധാരാളം സേവന സന്നദ്ധരായ ചെറുപ്പക്കാരെ ആവശ്യം ഉള്ള ഒരു സാഹചര്യത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ഗൃഹചികിത്സയിലുള്ള രോഗിയുടെ വീടിലുള്ളവരും ക്വാറെന്റീന്‍ ഇരിക്കണം എന്നുള്ളതുകൊണ്ട് അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാനും, രോഗിയെ ആവശ്യം വന്നാല്‍ ആശുപത്രിയിലേക്ക് മാറ്റാനും ഒക്കെയുള്ള സൗകര്യങ്ങള്‍ ഇന്ന് അപര്യാപ്തമാണ്. ദേശീയ സേവാഭാരതി പോലുള്ള സംഘടനകളെ പൂര്‍ണമായി കേരള സര്‍ക്കാര്‍ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.
സ്വയം രോഗത്തിന് അടിമയാകാതിരിക്കാനും രോഗം മറ്റാരിലേക്കും പകര്‍ത്താതിരിക്കാനും നമുക്ക് പ്രതിജ്ഞയെടുക്കാം. നാടിനെയും നാട്ടാരെയും സംരക്ഷിക്കാം.
(ലേഖകന്‍ ആരോഗ്യഭാരതി സംസ്ഥാന അധ്യക്ഷനാണ്)