ഒരു അഭിഭാഷകന്റെ ഓര്‍മ്മക്കുറിപ്പുകള്‍
അഡ്വ. എം.കെ.രഞ്ചിത്ത്
ദി സ്‌കൂള്‍ ഓഫ് ഹഠയോഗ ട്രസ്റ്റ്, കൂത്തുപറമ്പ്
പേജ്: 127 വില: 100 രൂപ
കണ്ണൂര്‍ ജില്ലയിലെ പ്രശസ്ത അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ അഡ്വ.എം.കെ.രഞ്ചിത്തിന്റെ ആത്മകഥയാണ് ‘ഒരു അഭിഭാഷകന്റെ ഓര്‍മ്മക്കുറിപ്പുകള്‍’. തൊഴില്‍ രംഗത്തും സാമൂഹ്യരംഗത്തും സംഘര്‍ഷഭരിതമായ നാളുകളിലൂടെ കടന്നുപോകേണ്ടി വന്ന ഗ്രന്ഥകാരന്‍ തന്റെ അനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവെക്കുകയാണ് ഈ പുസ്തകത്തില്‍.
കണ്ണൂര്‍ ജില്ലയെ കുറിച്ചു കേള്‍ക്കുമ്പോള്‍ തന്നെ സി.പി.എമ്മിന്റെ കൊലപാതകരാഷ്ട്രീയമാണ് ജില്ലയ്ക്കു പുറത്തുള്ളവരുടെ ഓര്‍മ്മയില്‍ പെട്ടെന്ന് വരിക. തൊണ്ണൂറുകളില്‍ ഈ സംഘര്‍ഷത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു കൂത്തുപറമ്പും പരിസരപ്രദേശങ്ങളും. സംഘര്‍ഷത്തിനിടയില്‍ നിരവധി നിരപരാധികളെ കമ്മ്യൂണിസ്റ്റുകാര്‍ കൊലപ്പെടുത്തുകയുണ്ടായി. അതിലൊരാളായിരുന്നു ഗ്രന്ഥകാരന്റെ ഗുമസ്തനായിരുന്ന മോഹനന്‍.
1994 ഏപ്രില്‍ 19-ന് രാവിലെയാണ് വക്കീലോഫീസില്‍ വെച്ച് മോഹനന്‍ കൊല്ലപ്പെടുന്നത്. ‘വിറങ്ങലിച്ച ഒരു ഓര്‍മ്മ’ എന്ന അദ്ധ്യായത്തോടെ, ഭീതിദമായ ആ സംഭവം ഓര്‍മ്മിച്ചുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. ‘ഇത് എന്റെ അഭിഭാഷക ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും സംഭവിച്ച വലിയ ഒരു ആഘാതമായിരുന്നു. അതുകൊണ്ടുതന്നെ ഈ സംഭവത്തിനു മുമ്പും ഈ സംഭവത്തിനുശേഷവുമായി എന്റെ ജീവിതഗതി മാറിപ്പോയി’ എന്നാണ് ഗ്രന്ഥകാരന്‍ എഴുതുന്നത്. മോഹനനെ കുറിച്ച് അദ്ദേഹം പറയുന്നത് നോക്കുക. ‘മോഹനന് കണ്ണിന് കാഴ്ച കുറവായിരുന്നു. നല്ല കാഴ്ചക്കുറവ് ഉണ്ടായിരുന്നു എന്നു തന്നെ പറയാം. ആയതിനാല്‍ തന്നെ അന്നത്തെ കാലത്ത് വ്യാപകമായിരുന്ന സോഡാകുപ്പി ഗ്ലാസ് കണ്ണട മോഹനന്‍ ധരിക്കുക പതിവായിരുന്നു… തലശ്ശേരിയില്‍ തലേദിവസം നടന്ന അക്രമത്തില്‍ മോഹനന്‍ പങ്കെടുത്തു എന്നാണ് നടക്കുന്ന പ്രചരണം. എന്നാല്‍ തീരെ കണ്ണിന് കാഴ്ചയില്ലാത്ത മോഹനന്‍ ഒരു സാധുപ്രകൃതത്തിനു ഉടമ കൂടിയായിരുന്നു. ഒരു ഉറുമ്പിനെപ്പോലും അദ്ദേഹത്തിന് കൊല്ലുവാന്‍ സാധിക്കുമായിരുന്നില്ല.”
കണ്ണൂര്‍ ജില്ലയില്‍ നടന്ന പല അക്രമസംഭവങ്ങളുടെയും പിന്നിലുള്ള യഥാര്‍ത്ഥ വസ്തുതകള്‍ ഒരു അഭിഭാഷകനെന്ന നിലയില്‍ കൃത്യമായ വിവരങ്ങളോടെ പ്രതിപാദിക്കാന്‍ ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിഭാഷക ജീവിതത്തിലെ അനുഭവങ്ങള്‍ പലതും സംഘര്‍ഷഭരിതമാണ്. ഒരു സംഘപ്രവര്‍ത്തകനെന്ന നിലയില്‍ പലയിടത്തും അദ്ദേഹത്തിന് ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആദര്‍ശധീരത ഒന്നുകൊണ്ടു മാത്രമാണ് പലപ്പോഴും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്.
കേരള ക്ഷേത്ര സംരക്ഷണസമിതിയുടെ സംസ്ഥാന സെക്രട്ടറി, ആര്‍.എസ്.എസ്. കൂത്തുപറമ്പ് താലൂക്ക് സംഘചാലക്, ബിജെപി. മണ്ഡലം പ്രസിഡന്റ് തുടങ്ങിയ വിവിധ ചുമതലകള്‍ വഹിച്ച ഗ്രന്ഥകാരന്‍ തന്റെ അനുഭവങ്ങള്‍ സത്യസന്ധമായി ആവിഷ്‌ക്കരിക്കുന്നു. നല്ലൊരു ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായതിനാല്‍ ആ നിലയിലുള്ള അനുഭവങ്ങളും ഈ പുസ്തകത്തില്‍ വായിക്കാം. കൂത്തുപറമ്പ് ഹൈസ്‌കൂളിന്റെ മാനേജിംഗ് കമ്മറ്റിയില്‍ പ്രവര്‍ത്തിച്ചതിന്റെയും കോട്ടയം തൃക്കൈകുന്ന് ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് നേതൃത്വം നല്‍കിയതിന്റെയും വിവരണം ശ്രദ്ധേയമാണ്. അമേരിക്കയിലേക്കും സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലണ്ട് എന്നീ രാജ്യങ്ങളിലേക്കും നടത്തിയ യാത്രകളുടെ അനുഭവവും വായനക്കാരുമായി പങ്കുവെക്കുന്നു. എല്ലാംകൊണ്ടും ശ്രദ്ധേയമായ ഒരു ആത്മകഥയാണിത്.
സി.എം. രാമചന്ദ്രന്‍
വൈശാഖസന്ധ്യ
കെ.വിജയം
യെസ് പ്രസ്സ് ബുക്‌സ്, പെരുമ്പാവൂര്‍
പേജ്: 80 വില: 90 രൂപ
ഒന്‍പത് ചെറുകഥകളുടെ സമാഹാരമാണ് ‘വൈശാഖസന്ധ്യ’. പ്രതീക്ഷയുടെ തായ്‌വേരറ്റ് ചരിഞ്ഞ വൃക്ഷത്തിന്റെ ഇത്തിരി തണലിലിരുന്ന് നിറം മങ്ങി പോയ ജീവിതത്താളിലെ കടും നിറങ്ങളെ തിരയുകയാണ് കഥാകാരി. സ്വന്തം ജീവിതത്തില്‍ നിന്നും ജീവിത പരിസരങ്ങളില്‍ നിന്നും കണ്ടെടുത്ത കഥാതന്തുക്കളെ ഭാവനയുടെ നിറം പൂശി ഭംഗിയായും ചിട്ടയായും ഒരുക്കിയിരിക്കുകയാണ് ഓരോ കഥകളിലും.
സ്ത്രീ മനസ്സുകളുടെ സംഘര്‍ഷ വേലിയേറ്റങ്ങള്‍ അടയാളപ്പെടുത്തുന്ന ചെറുകഥകള്‍ വായനക്കാരുടെ മനസ്സിലും കയറ്റിറക്കങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമില്ല. ‘വൈശാഖ സന്ധ്യ’ എന്ന കഥയില്‍ സുരക്ഷിതമെന്നു കരുതിയ കുടുംബജീവിതത്തിലും അകാരണമായി വിള്ളല്‍ സൃഷ്ടിക്കുന്ന പുരുഷ കഥാപാത്രത്തെ തന്റേടത്തോടെ നേരിടുന്ന ‘നന്ദിനി’ എന്ന സ്ത്രീ നമുക്കിടയില്‍ ഒരുപാട് പതിഞ്ഞു കഴിഞ്ഞ മുഖമാണ്. ‘ഒരിക്കല്‍ക്കൂടി’ എന്ന കഥയില്‍ അമ്മയുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ‘ഗാഥ’ എന്ന മകളേയും ഇന്ന് സമൂഹത്തില്‍ കാണാം.
മഴനൂലുകള്‍ക്കപ്പുറം, അമ്മ വേഴാമ്പല്‍, പറയാന്‍ മറന്നത്, സഹയാത്രികന്‍, ഒളിക്കുവാനൊരിടം, ഋതു ഭേദങ്ങള്‍, തുമ്പിക്കൊരുമ്മ എന്നിവയാണ് മറ്റ് കഥകള്‍. വിഷയങ്ങളുടെ വ്യത്യസ്തതയും ഭാഷാപ്രയോഗങ്ങളും ഈ കഥാസമാഹാരത്തെ വേറിട്ടുനിര്‍ത്തുന്നു.
രജനി സുധീഷ്