1924 മാര്‍ച്ച് 30നാണ് വൈക്കം സത്യഗ്രഹം ആരംഭിച്ചത്. നായര്‍, ഈഴവ, ഹരിജന്‍ സമുദായങ്ങളെ പ്രതിനിധീകരിച്ച് ഗോവിന്ദപിള്ള, ബാഹുലേയന്‍, കുഞ്ഞാപ്പി എന്നീ മൂന്നു പേരാണ് ആദ്യദിവസം അറസ്റ്റ് വരിച്ചത്. പിന്നീട് കെ.പി. കേശവമേനോന്‍, ടി.കെ. മാധവന്‍, രാമസ്വാമി നായ്ക്കര്‍, അയ്യാമുത്തു ഗൗണ്ടര്‍, ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫ് തുടങ്ങി പല പ്രമുഖരും അറസ്റ്റ് വരിച്ചു. 1925 നവംബര്‍ 23ന് സത്യഗ്രഹം പിന്‍വലിച്ചു. 20 മാസമാണ് സമരം തുടര്‍ന്നത്. നിത്യേന മൂന്നു പേരുവീതം വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ തീണ്ടല്‍ പലക സ്ഥാപിച്ചിട്ടുള്ള സ്ഥലം കടന്ന് ക്ഷേത്രത്തിലേക്ക് നീങ്ങുക. അങ്ങിനെ മുന്നോട്ടു നീങ്ങുന്നവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുക. അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ആറ് മാസമാണ് ജയില്‍ ശിക്ഷ വിധിച്ചിരുന്നത്. സമരക്കാരെ പോലീസ് മര്‍ദ്ദിച്ചിരുന്നു. യാഥാസ്ഥിതികരുടെ ഗുണ്ടകള്‍ സമരത്തിനെത്തുന്നവരെ ക്രൂരമായി മര്‍ദ്ദിക്കുക, മലം കലക്കി തലയില്‍ ഒഴിക്കുക, കണ്ണില്‍ ചുണ്ണാമ്പെഴുതുക തുടങ്ങി പല രീതിയില്‍ ഉപദ്രവിക്കുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തിരുന്നു.
പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തെത്തുടര്‍ന്ന് ചിറ്റേടത്ത് ശങ്കുപ്പിള്ള എന്നയാള്‍ക്ക് ജീവഹാനി സംഭവിക്കുകയും രാമന്‍ ഇളയത് എന്നയാളിന് കണ്ണില്‍ ചുണ്ണാമ്പ് എഴുതിയതിനെത്തുടര്‍ന്ന് പൂര്‍ണ്ണമായും കാഴ്ച നഷ്ടപ്പെടുകയും ജീവിതകാലം മുഴുവനും അന്ധനായി ജീവിക്കേണ്ടി വരികയും ചെയ്തു.
വൈക്കം സത്യഗ്രഹം ആരംഭിച്ചതിനുശേഷം ജൂലായ് 6-ാം തീയതി ചെങ്ങന്നൂരില്‍ വളരെ വലിയ ഒരു സമ്മേളനം നടക്കുകയുണ്ടായി. ആദ്യം അയിത്താചരണം നിലനിര്‍ത്തണമെന്നു വാദിച്ചവര്‍ക്ക് നേതൃത്വം കൊടുത്ത ഇണ്ടംതുരുത്തി നമ്പ്യാതിരി അടക്കമുള്ള സവര്‍ണ്ണ സമുദായ പ്രമുഖര്‍ യോഗത്തില്‍ സംബന്ധിക്കുകയും അയിത്താചരണത്തിനെതിരായ പ്രമേയത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. 1924 നവംബര്‍ 1-ാം തീയതി, ആദ്യമായി ഒരു പദയാത്ര വൈക്കത്തുനിന്ന് ആരംഭിച്ച് വഴിനീളെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തിരുവനന്തപുരത്തെത്തി ഒരു ലക്ഷംപേര്‍ ഒപ്പിട്ട ഒരു നിവേദനം മഹാറാണിക്കു സമര്‍പ്പിച്ചു. ആ ജാഥ നയിച്ചത് മന്നത്തു പത്മനാഭനും, മഹാറാണിയെ സന്ദര്‍ശിച്ച പ്രതിനിധി സംഘത്തെ നയിച്ചത് ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയുമായിരുന്നു. വൈക്കം സത്യഗ്രഹത്തെ തുടക്കം മുതല്‍ പിന്നില്‍നിന്ന് നയിച്ചത് മഹാത്മാഗാന്ധി ആയിരുന്നുവെങ്കില്‍ മുന്നില്‍ നിന്നു നയിച്ചത് ‘കേരള അയിത്തോച്ചാടന സമിതി’ ആയിരുന്നു. കേരള അയിത്തോച്ചാടന സമിതിയിലെ അംഗങ്ങള്‍ കെ. കേളപ്പന്‍, ടി.കെ.മാധവന്‍, കുറ്റൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍, കെ. വേലായുധമേനോന്‍ എന്നിവരായിരുന്നു. കേളപ്പജി ആയിരുന്നു കണ്‍വീനര്‍. വൈക്കം സത്യഗ്രഹത്തിന്റെ പ്രചരണസമിതിയെ നയിച്ചിരുന്നത് കെ.പി. കേശവമേനോന്‍. പദയാത്രയുടെ മുഖ്യസംഘാടകന്‍ എ.കെ.പിള്ള.
ജാതിവ്യത്യാസമില്ലാതെ ഹിന്ദുക്കളിലെ എല്ലാവിഭാഗം ജനങ്ങളും തോളോടുതോള്‍ ചേര്‍ന്ന് ഹൈന്ദവ സമൂഹത്തില്‍ നിലനില്‍ക്കുന്ന അയിത്തം എന്ന ദുര്‍ഭൂതത്തെ – ദുരാചാരത്തെ – ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി നടന്ന ഹൈന്ദവ നവോത്ഥാന മുന്നേറ്റമായിരുന്നു വൈക്കം സത്യഗ്രഹത്തിലൂടെ അരങ്ങേറിയത്.
എന്നാല്‍ ഇടതുപക്ഷചിന്താഗതിക്കാര്‍ ഇവിടെ പ്രചരിപ്പിക്കുന്നതോ? സവര്‍ണ്ണമേധാവിത്വത്തിനെതിരെ അവര്‍ണ്ണവിഭാഗത്തില്‍പ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗം നടത്തിയ സമരമായിരുന്നു എന്നാണവര്‍ പ്രചരിപ്പിക്കുന്നത്. സഞ്ചാരസ്വാതന്ത്ര്യം പിടിച്ചു വാങ്ങിയ അവകാശം എന്നാണ് അവരുടെ വാദം. വൈക്കം സത്യഗ്രഹത്തിന് നേതൃത്വം കൊടുത്തവര്‍ ആര്, പദയാത്രയും ചെങ്ങന്നൂര്‍ സമ്മേളനവും സംഘടിപ്പിച്ചത് ആര് എന്നൊക്കെ നിഷ്പക്ഷമായി വിലയിരുത്തുക. ഹൈന്ദവ സമൂഹത്തിലെ പുരോഗമനേച്ഛുക്കള്‍ ജാതിചിന്തക്കതീതമായി വര്‍ണ്ണവര്‍ഗ്ഗവ്യത്യാസമില്ലാതെ ഒന്നിച്ചണിനിരന്നതാണിവിടെ നാം കണ്ടത്. അല്ലാതെ വര്‍ണ്ണവര്‍ഗ്ഗപ്പോരാട്ടമല്ല. അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുപോലുമില്ല. ക്ഷേത്രപ്രവേശന വിളംബരം (1936) ഉണ്ടായി ഏതാനും വര്‍ഷം പിന്നിട്ട ശേഷം 1939-ല്‍ ആണിവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിത്ത് മുളച്ചതു തന്നെ എന്നും എല്ലാവരും അറിയേണ്ടതുണ്ട്.
ഗാന്ധിജി ഹിന്ദു മതവിശ്വാസി
ഗാന്ധിജി ശരിക്കും ഹിന്ദുമതവിശ്വാസി ആയിരുന്നു എന്നുപറഞ്ഞാല്‍ ഇവിടത്തെ കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും നെറ്റിചുളിക്കും. ഗാന്ധി ‘മത-ഇതര’ ചിന്താഗതിക്കാരനാണ് എന്ന് പ്രചരിപ്പിക്കുകയാണല്ലോ അവരിപ്പോള്‍.
വൈക്കം സത്യഗ്രഹം നടക്കുന്നതിനിടയില്‍ ഗാന്ധിജിയില്‍ നിന്നുണ്ടായ രണ്ട് പ്രതികരണങ്ങള്‍ മാത്രം നോക്കിയാല്‍ സത്യം നമുക്ക് വ്യക്തമാകും. ഗാന്ധിജി ശരിക്കും ഹിന്ദുമതചിന്താഗതിക്കാരന്‍ തന്നെ ആയിരുന്നു എന്ന്.
1. വൈക്കം സത്യഗ്രഹസമരത്തില്‍ പങ്കെടുത്ത് ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫ് അറസ്റ്റ് വരിച്ചു എന്നറിഞ്ഞപ്പോള്‍ ഗാന്ധിജി കമ്പി അടിച്ച് പ്രതികരിച്ചതിങ്ങനെ – ”അത് വേണ്ടായിരുന്നു, ഹിന്ദുക്കളുടെ ഇടയിലെ പ്രശ്‌നമല്ലെ, അതവര്‍ തന്നെ കൈകാര്യം ചെയ്യട്ടെ.” വൈക്കം സത്യഗ്രഹത്തില്‍ പൂര്‍ണ്ണമായി നിയന്ത്രണമുള്ള ഗാന്ധിജിയാണ് പറയുന്നത് – ഹിന്ദുക്കളുടെ മാത്രം പ്രശ്‌നം, അതവര്‍ തന്നെ തീര്‍ക്കട്ടെ!
2. വൈക്കം സത്യഗ്രഹത്തിന് പിന്തുണ സമാഹരിക്കുവാന്‍ കൊല്ലത്തു നടന്ന പൊതുയോഗത്തില്‍ ഗാന്ധിജി ആലി സഹോദരന്മാരെ പരാമര്‍ശിച്ച് പറഞ്ഞത് നോക്കുക.
”എപ്പോഴും എന്നോടൊപ്പമുണ്ടാകാറുള്ള ആലി സഹോദരന്മാരിലാരും എന്നോടൊപ്പമില്ലാത്തത് എന്തുകൊണ്ടാണ് എന്ന് നിങ്ങള്‍ക്ക് തോന്നാം. അവര്‍ക്കിതിലെന്തു താത്പര്യം, ഞാന്‍ പറഞ്ഞതുകൊണ്ടാണ് അവര്‍ വരാതിരുന്നത്.” അതായത് വൈക്കം സത്യഗ്രഹം ഹിന്ദുക്കളുടെ ഇടയിലുള്ള പ്രശ്‌നം മാത്രമാണെന്നും അതില്‍ മറ്റു മതസ്ഥര്‍ ഇടപെടേണ്ടതില്ലെന്നും വ്യംഗ്യം.
ഇതര മതസ്ഥരെ സ്വസഹോദരന്മാരെപ്പോലെ കണക്കാക്കിയ ഗാന്ധിജി തന്റെ മതപരമായ വീക്ഷണം എന്തായിരുന്നു എന്ന് തന്റെ ആത്മകഥയില്‍ – എന്റെ സത്യാന്വേഷണപരീക്ഷണങ്ങളില്‍ – വ്യക്തമാക്കുന്നുണ്ട് . ”എന്നെ മതംമാറ്റാന്‍ ക്രിസ്ത്യാനികളെപ്പോലെ മുസല്‍മാന്‍മാരും കഠിനശ്രമം ചെയ്തു… ബ്രഹ്മവിദ്യാസംഘം പ്രസിദ്ധീകരിച്ച ഉപനിഷത്തുക്കളുടെ തര്‍ജ്ജമ ഞാന്‍ വായിച്ചിട്ടുണ്ട്. അത് ഹിന്ദുമതത്തോടുള്ള എന്റെ ബഹുമാനം വര്‍ദ്ധിപ്പിക്കുകയും അതിന്റെ മനോഹാരിത എന്നില്‍ വളര്‍ത്തുകയും ചെയ്തു. വിശ്വപ്രേമത്തിന്റെ അനന്തസാദ്ധ്യതകള്‍ എനിക്ക് അധികമധികം അനുഭവപ്പെട്ടുതുടങ്ങി. ഹിന്ദുമതത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ചറിഞ്ഞപ്പോള്‍, നിഷ്പക്ഷമായ നിരീക്ഷണത്തില്‍ എനിക്ക് മനസ്സിലായത് ആത്മതത്ത്വത്തെക്കുറിച്ച് സൂക്ഷ്മവും അഗാധവും വ്യക്തവുമായ നിരീക്ഷണം ഹിന്ദുമതത്തിലുള്ളതുപോലെ അന്യമതങ്ങളില്‍ ദൃശ്യമല്ലെന്നാണ്.”
വൈക്കം സത്യഗ്രഹം ഹൈന്ദവ ഏകീകരണത്തിന് വളരെ പ്രയോജനപ്പെട്ടു എങ്കിലും ഛിദ്രശക്തികള്‍ ഹൈന്ദവരില്‍ ഭിന്നത വളര്‍ത്താനും രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായും അതുപയോഗിക്കുന്നു; ഉത്തമ ഹൈന്ദവനായ മഹാത്മജിയെ മത ഇതരനാക്കാനും ശ്രമിക്കുന്നു. ഭാരതത്തിന്റെ പുരോഗതിക്കും ദൃഢതയ്ക്കും അത്യന്താപേക്ഷിതമായ പൗരത്വഭേദഗതി നിയമത്തെ ജനങ്ങളില്‍ ഭിന്നത വളര്‍ത്തുവാനും അവര്‍ ഉപയോഗിക്കുന്നു.
നമ്മുടെ നാടിന്റെ ഐക്യത്തിനും പുരോഗതിക്കും ഉപോത്ബലകമായതിനെയെല്ലാം തെറ്റിദ്ധരിപ്പിച്ച് നാടിനെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന വിഘടനചിന്താഗതിക്കാരെ നാം കരുതിയിരിക്കേണ്ടതുണ്ട്.