മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ടച്ചങ്കനാണെന്ന് സര്‍ക്കാര്‍ അനുകൂലികളും പാര്‍ട്ടിയിലെ പിണറായി ഭക്തരും പ്രചരിപ്പിക്കുന്നത്. ഇരട്ടച്ചങ്കന്‍ പോയിട്ട് വെറും ഓട്ടച്ചങ്കന്‍ മാത്രമാണെന്ന് പ്രചരിപ്പിക്കുന്ന പാര്‍ട്ടിയിലെ തന്നെ എതിരാളികളും മറ്റൊരു ഭാഗത്തുണ്ട്. കുറച്ചുകൂടി വ്യക്തമാക്കിപ്പറഞ്ഞാല്‍ മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക്ക് ആണെന്ന് പ്രചരിപ്പിച്ച് ട്രോളുകയും ആക്ഷേപിക്കുകയും ചെയ്യുന്നവരും കുറവല്ല. പക്ഷേ, ഇരട്ടച്ചങ്കനായിരുന്നെങ്കില്‍ പാര്‍ട്ടിയില്‍ എതിര്‍ശബ്ദമായി ഉയരാന്‍ സാധ്യതയുള്ളവരെ മുഴുവന്‍ അരിഞ്ഞുവീഴ്ത്തി ഏകഛത്രാധിപതിയായി പഴയ ഔറംഗസീബിനെ അനുസ്മരിപ്പിക്കും വിധം മാറില്ലായിരുന്നു. സഹോദരനെ കൊന്നും പിതാവിനെ തുറങ്കിലടച്ചും സഹോദരിയെ വീട്ടുതടങ്കലിലാക്കിയും സ്വന്തം സ്ഥാനമുറപ്പിക്കാന്‍ ശ്രമിച്ച ഔറംഗസീബിനെയാണ് സുല്‍ത്താന്‍ പിണറായി അനുകരിക്കാന്‍ ശ്രമിക്കുന്നത്. സര്‍ക്കാരില്‍ എതിര്‍പക്ഷത്ത് നിലപാടെടുത്ത തോമസ് ഐസക്കിനെ വെട്ടിവെളിപ്പിക്കുക എന്നത് ആജന്മശത്രുവായതുകൊണ്ട് ശരിയായിരുന്നിരിക്കാം. കഴിഞ്ഞ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഐസക്കിനെതിരായ പോര്‍മുഖം പിണറായി തുറന്നിരുന്നു. ഐസക്കിന് വിവരമില്ലാത്തതുകൊണ്ടോ മോശക്കാരനായതുകൊണ്ടോ അല്ലല്ലോ ധനമന്ത്രിക്കു മുകളില്‍ സൂപ്പര്‍ ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ കൊണ്ടുവന്നത്. ഗീതാ ഗോപിനാഥ് ലോകബാങ്കില്‍ ചീഫ് ഇക്കണോമിസ്റ്റായി പോയതുകൊണ്ട് തോമസ് ഐസക്കുമായുള്ള പോരാട്ടത്തിന് വലിയ ആയുസ്സുണ്ടായില്ല.
ഐസക്കിനെ വെട്ടാന്‍ വേണ്ടിയാണ് രണ്ടുതവണ എം.എല്‍.എ സ്ഥാനം എന്ന മാനദണ്ഡം ശക്തമാക്കിയതും മന്ത്രിസഭയിലെ ഏതാനും പേരെ കൈക്കലയില്ലാതെ തന്നെ പുറത്തേക്ക് വലിച്ചെറിഞ്ഞതും. ഐസക്കിനെ വെട്ടാനുള്ള തത്രപ്പാടില്‍ അവസരം നഷ്ടപ്പെട്ടവരില്‍ പ്രമുഖര്‍ ജി.സുധാകരനും ഇ.പി.ജയരാജനുമാണ്. ഇവര്‍ രണ്ടുപേരും ആകസ്മികമായി വന്നുപെട്ടവരാണ്. മോഹമുക്തനാണെങ്കിലും അമ്പലപ്പുഴയില്‍ ഒരിക്കല്‍ക്കൂടി മത്സരിക്കുന്ന കാര്യത്തില്‍ സുധാകരന് താല്പര്യമുണ്ടായിരുന്നു എന്നത് സത്യമാണ്. നേരത്തെ തന്നെ മണ്ഡലത്തില്‍ അതിനുള്ള നടപടിക്രമങ്ങളും അദ്ദേഹം ഏതാണ്ട് പൂര്‍ത്തിയാക്കിയിരുന്നു. ആരിഫും സജി ചെറിയാനും സംയുക്തമായി സുധാകരനെതിരെ പാര പണിയുന്നു എന്ന ആരോപണം ആലപ്പുഴ ജില്ലയില്‍ ശക്തമായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുശേഷം ജി.സുധാകരന്‍ വേണ്ടത്ര രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന ആരോപണം ഉയര്‍ത്തിയതും ഇവരൊക്കെ തന്നെയായിരുന്നു. ജി.സുധാകരനും അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥി സലാമും ഒന്നിച്ചുള്ള ചിത്രം പതിപ്പിച്ച പോസ്റ്ററുകള്‍ കീറിയെറിഞ്ഞിട്ട് ആരിഫും സലാമും മാത്രമുള്ള പോസ്റ്റര്‍ പതിപ്പിച്ചതിനെതിരെ രംഗത്തുവന്നത് പാര്‍ട്ടിക്കാര്‍ മാത്രമായിരുന്നില്ല; ജി.സുധാകരനും ഉണ്ടായിരുന്നു. സി.പി.എമ്മിലെ ക്രിമിനല്‍വത്കരണത്തെ കുറിച്ച് പത്രക്കാര്‍ക്കു മുന്നില്‍ ആഞ്ഞടിക്കുമ്പോള്‍ ഒട്ടും ദാക്ഷിണ്യവും സുധാകരന്‍ കാട്ടിയില്ല. ഇതിനിടെ പാര്‍ട്ടിയിലെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനെ പുറത്താക്കിയതിനെ തുടര്‍ന്ന് ജാതി മാറി വിവാഹം കഴിച്ചതുകൊണ്ടാണ് പുറത്താക്കിയതെന്ന ഒരുപറ്റം സി.പി.എമ്മുകാരുടെ പ്രചാരണം സുധാകരനെതിരെ വേട്ടനായ്ക്കളെ തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു.
പാര്‍ട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ പുറക്കാട് ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ മുന്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഭാര്യ പരാതി കൊടുക്കുമെന്ന് ജി.സുധാകരന്‍ മാത്രമല്ല, അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല. നേരത്തെ സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ത്തിയ പരാതി പിന്നീട് പോലീസ് സ്റ്റേഷനിലെത്തി. സ്ത്രീത്വത്തെ അപമാനിച്ചു എന്നുപറഞ്ഞ് രേഖകളുമായാണ് പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലെത്തിയത്. ആദ്യംകേസെടുക്കാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് പോലീസ് കേസെടുത്തു. പരാതിക്കാരിയോട് മന്ത്രിയുടെ പത്രസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ഹാജരാക്കിയ ദൃശ്യങ്ങള്‍ നിയമോപദേശത്തിനായി അയച്ചു കൊടുക്കുകയും ചെയ്തു. ജി.സുധാകരന്‍ കേരളം കണ്ട മികച്ച മന്ത്രിമാരില്‍ ഒരാളാണ്. അഴിമതിയില്ലാത്ത, സത്യസന്ധമായ പൊതുജീവിതത്തിലൂടെ, സുതാര്യമായ ഇടപാടുകളിലൂടെയാണ് സുധാകരന്‍ നിലനിന്നുപോന്നിരുന്നത്. വാക്കുകള്‍ പലപ്പോഴും തനിക്ക് ശത്രുവാകുന്ന പ്രതിഭാസം തുടക്കത്തില്‍ ജി.സുധാകരന്റെ സ്വന്തം റെക്കോര്‍ഡായിരുന്നു. പക്ഷേ, മണിയാശാന്‍ വണ്‍.ടൂ.ത്രീയുമായി എത്തിയതോടെ ആ റെക്കോര്‍ഡ് തകര്‍ന്നു. പിണറായി വിജയന്റെ മാന്‍ഡ്രേക്ക് സിന്‍ഡ്രത്തിന് എല്ലാവിധ ഒത്താശയും ചെയ്തുകൊടുത്ത ആളായിരുന്നു സുധാകരന്‍. ശബരിമല പ്രക്ഷോഭകാലത്ത് പൂജാരിമാര്‍ അടിവസ്ത്രം ഇടാറില്ലെന്നും ജട്ടി വാങ്ങാറില്ലെന്നും ഒക്കെ പറഞ്ഞ് പൂജാരിമാരെയും തന്ത്രിമാരെയും ശബരിമല അയ്യപ്പനെയും ഒക്കെ നിന്ദിക്കാന്‍ കിട്ടിയ ഒരവസരവും പാഴാക്കാത്ത ആളായിരുന്നു ജി.സുധാകരന്‍. അതുകൊണ്ടു തന്നെ ശബരിമല അയ്യപ്പന്റെ അപ്രീതിയോ അനിഷ്ടമോ ജി.സുധാകരനെ തേടി വന്നിട്ടുണ്ടെങ്കില്‍ അത്ഭുതമില്ല. അല്ലെങ്കില്‍ ഇത്രയും ജനപ്രീതിയാര്‍ജ്ജിച്ച, സത്യസന്ധനായ, അഴിമതിക്കാരനല്ലാത്ത, ജനങ്ങളോട് ബന്ധമുള്ള ഒരാളെ മാറ്റിനിര്‍ത്തേണ്ട ഒരു സാഹചര്യവും കാണുന്നില്ല. അഴിമതിക്കാര്‍ അല്ലാത്തവരെ പിണറായിക്ക് ആവശ്യമില്ലെന്ന് ഇപ്പോള്‍ ഈ വൈകിയ വേളയിലെങ്കിലും ജി.സുധാകരന് മനസ്സിലായിട്ടുണ്ടാകും. ഏതായാലും അടുത്ത 10-15 വര്‍ഷം കൂടിയെങ്കിലും സജീവമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്താനുള്ള ശേഷി ജി.സുധാകരനുണ്ട്. ഒരിക്കല്‍ സുധാകരന്‍ ആക്ഷേപിച്ച മെട്രോമാന്‍ ഇ.ശ്രീധരന്‍ രാഷ്ട്രീയരംഗത്തേക്ക് എത്തിക്കഴിഞ്ഞു. സത്യസന്ധതയുള്ള നേതാക്കളെയാണ് അദ്ദേഹം തേടുന്നത്. തീര്‍ച്ചയായും ജി.സുധാകരന് അര്‍ഹമായ അംഗീകാരം ശ്രീധരനോടൊപ്പം ചേര്‍ന്നാല്‍ കിട്ടും എന്ന കാര്യത്തില്‍ സംശയമില്ല. അല്പമെങ്കിലും ആണത്തം അവശേഷിക്കുന്നുണ്ടെങ്കില്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ച മാന്‍ഡ്രേക്കിന്റെ കവിള് പുകച്ചിട്ട് ഇറങ്ങിവന്ന് ശ്രീധരനോടൊപ്പം ചേരാനുള്ള ആര്‍ജ്ജവമാണ് ജി സുധാകരന്‍ കാട്ടേണ്ടത്. തനിക്ക് പറ്റിയ കളമല്ല ഇതെന്ന് സുധാകരന്‍ മനസ്സിലാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
കണ്ണൂരിലെ ജയരാജന്മാരുടെ സിംഹാസനവും ആടിയുലഞ്ഞിരിക്കുന്നു. ഫാന്‍സ് അസോസിയേഷനുകളും സ്വന്തം റെഡ് ആര്‍മിയും ഒന്നും രക്ഷിക്കാന്‍ ഉണ്ടാകില്ലെന്നും രാജാവിന്റെ പാദങ്ങള്‍ തിരുമ്മുന്നവരെ മാത്രമേ ഇനി സംഘടനയില്‍ ആവശ്യമുള്ളൂ എന്ന കാര്യം ഇ.പി.ജയരാജനും പി.ജയരാജനും ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാകും. സീറ്റ് നിഷേധിച്ചതിന് എതിര്‍ശബ്ദം ഉയര്‍ത്തി ഇനി മത്സരിക്കാന്‍ ഇല്ലെന്ന് പരസ്യമായി പറഞ്ഞ ഇ.പി.ജയരാജന് വയറുനിറച്ച് കിട്ടി. ഒപ്പം അത് പാര്‍ട്ടി തീരുമാനിക്കുമെന്ന താക്കീതും. പി.ജയരാജന് ചാവേറാകാന്‍ വന്ന സ്വന്തം അനുയായിയെ ബലി കൊടുത്ത് സ്വന്തം ആര്‍മ്മിയെ തള്ളിപ്പറയേണ്ട ഗതികേടിലേക്കാണ് എത്തിയത്. താരതമ്യേന ഭേദപ്പെട്ട പ്രകടനവും സത്യസന്ധമായ കാഴ്ചപ്പാടും പുലര്‍ത്തിയ മന്ത്രി രവീന്ദ്രനാഥിന് വധശിക്ഷയല്ല, ദയാവധമാണ് പിണറായി നല്‍കിയത്. ശാസ്ത്രസാഹിത്യ പരിഷത്തിലൂടെയും ദശാബ്ദങ്ങള്‍ നീണ്ടുനിന്ന കോളേജ് അദ്ധ്യാപക പരിചയ സമ്പത്തിന്റെയും കടയ്ക്കല്‍ കത്തിവെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് എടുത്തുമാറ്റി കെ.ടി.ജലീലിന് കൊടുത്തത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് ഇനിയും മനസ്സിലായിട്ടില്ല.
മോഹമുക്തനായ കോണ്‍ഗ്രസ്സുകാരനെന്ന് വിശേഷിപ്പിച്ച പാവം ചെറിയാന്‍ ഫിലിപ്പ് വീണ്ടും മണ്ണും ചാരി ഇരുന്നവന്‍ പെണ്ണും കൊണ്ട് പോയത് കണ്ടിരുന്നു. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജോണ്‍ ബ്രിട്ടാസിനുള്ള യോഗ്യത ചോദ്യം ചെയ്യുന്നില്ല. അദ്ദേഹത്തിനൊപ്പം ചെറിയാന്‍ ഫിലിപ്പിനെ കൂടി പരിഗണിക്കാമായിരുന്നു. ശിവദാസന് പ്രായമൊന്നും കൂടുതലായില്ലല്ലോ? ഇനിയും തിരിച്ചുപോകാന്‍ ഒരിടമില്ലാത്തതുകൊണ്ട് ചെറിയാന്‍ ഫിലിപ്പ് ഏ.കെ.ജി സെന്ററില്‍ ദയാവധം കാത്ത് കിടക്കും എന്നാണ് പിണറായി പ്രഭൃതികള്‍ ചിന്തിക്കുന്നത്. തലയില്‍ ആള്‍ത്താമസവും സാമാന്യ ബുദ്ധിയും യുക്തിയുമുള്ള ചെറിയാനെ ഒതുക്കിയതിലൂടെ സി.പി.എമ്മിന്റെ പാപ്പരത്തവും സ്വജനപക്ഷപാതവുമാണ് പുറത്തുവരുന്നത്. അതേ, ചുടലപ്പറമ്പിലേക്കുള്ള യാത്രയ്ക്കു മുന്‍പ് കാട്ടുന്ന അവസാന ആളിക്കത്തലാണ് ഇന്ന് സി.പി.എമ്മില്‍ നടക്കുന്നത്. സ്വച്ഛന്ദമൃത്യുവിന് അനുഗ്രഹാശിസ്സുകള്‍.