നെല്ലിക്ക കഴിക്കാത്ത കൂട്ടുകാരുണ്ടാവില്ല അല്ലേ. കവിതകളിലൂടെയും കഥകളിലൂടെയും പഴഞ്ചൊല്ലുകളിലൂടെയും കൂട്ടുകാര്‍ നെല്ലിക്കയുടെ സവിശേഷതകള്‍ കേട്ടിരിക്കുമല്ലോ. ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലാദേശ്, ചൈന, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ സുലഭമായി നെല്ലി മരങ്ങള്‍ വളരുന്നു. ചൂടുകാലത്ത് ഇലപൊഴിക്കുന്ന നെല്ലിമരം പൂക്കുന്നത് ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്.
പൂങ്കുലകളായി വിരിയുന്ന ചെറിയ പൂക്കള്‍. പച്ചനിറത്തിലും, മഞ്ഞ കലര്‍ന്ന പച്ചനിറത്തിലുമുള്ള നെല്ലിക്കായകള് കാണാം. ഔഷധ പോഷകഗുണ സമ്പന്നമാണ് നെല്ലിക്ക. കാട്ടില്‍ വളരുന്നതും നാട്ടില്‍ വളരുന്നതുമായ നെല്ലിക്കയുണ്ട്. ഗുണത്തില്‍ കാട്ടുനെല്ലിക്കയാണ് മുന്പില്. പ്രമേഹം, നേത്ര രോഗങ്ങള്‍, നാഡീരോഗങ്ങള്‍, അകാലനര, പുളിച്ചുതികട്ടല്‍, ത്വക്രോഗങ്ങള്, രക്തസ്രാവം തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ക്ക് ഔഷധമായി നെല്ലിക്ക ഉപയോഗിക്കുന്നു.
കുട്ടികളുടെ തളര്‍ച്ച മാറാനും വളര്‍ച്ചക്കും ബുദ്ധിശക്തിക്കും
കൊടുക്കുന്ന ച്യവനപ്രാശത്തിലെ മുഖ്യഘടകം നെല്ലിക്കയാണ്. മാനസിക വിഭ്രാന്തിയുള്ളവര്‍ക്ക് നെല്ലിക്ക തളം വച്ച് ചികില്‍സിക്കാറുണ്ട്. മുന്‍പ് കേരളത്തിലെ എല്ലാ വീടുകളിലും നെല്ലി മരം പിടിപ്പിച്ച് പരിപാലിച്ചിരുന്നു. ഭരണി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് നെല്ലി. വീടിന്റെ കിഴക്ക് ഭാഗത്ത് നെല്ലി വളരുന്നത് ഐശ്വര്യമാണെന്ന് കരുതുന്നു. പഴയ വീടുകളില്‍ കിണറിന്റെ അടിയില്‍ നെല്ലിപ്പലകയുടെ തട്ട് ഇട്ടിരുന്നു. ഇതു മൂലം വെള്ളത്തിന് തണുപ്പും ഔഷധഗുണവും ലഭിക്കുന്നു.
‘ക്ഷമയുടെ നെല്ലിപ്പലക കണ്ടു’ എന്ന് പഴമക്കാര്‍ പറയുന്നത് കൂട്ടുകാര്‍ കേട്ടിരിക്കുമല്ലോ. ഒരിക്കലും വറ്റാത്ത കിണറിന്റെ അടിത്തട്ടിലെ നെല്ലിപ്പലക കണ്ടു എന്നാണ് വിവക്ഷിക്കുന്നത്. നെല്ലിക്ക ഉപയോഗിച്ച് വീട്ടില്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ മുതിര്‍ന്നവരോട് ചോദിച്ചു മനസ്സിലാക്കൂ. അതില്‍ തേന്നെല്ലിക്കയാവും കൂട്ടുകാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത്. അതോടൊപ്പം തൊടിയില്‍ ഒരു നെല്ലിമരവും ഐശ്വര്യമായി നട്ടു പരിപാലിക്കണം
കൂട്ടുകാരെ.