ആധുനിക കേരളത്തില്‍ ആത്മീയ നവോത്ഥാനത്തിന് നാന്ദി കുറിച്ച മഹാത്മാക്കളാണ് വിദ്യാധിരാജ ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുദേവനും. ഇരുവരുടേയും ആത്മീയോന്നതിയുടെ പ്രാരംഭഘട്ടത്തില്‍ മാര്‍ഗ്ഗദര്‍ശകനായിരുന്നു തൈക്കാട്ട് അയ്യാഗുരു സ്വാമികള്‍. ഇതില്‍ നിന്നു മാത്രം അയ്യാസ്വാമികളുടെ മഹത്വം മനസ്സിലാക്കാവുന്നതേയുള്ളൂ.
അയ്യാസ്വാമികളുടെ പൂര്‍വ്വികര്‍ കേരളീയരായിരുന്നുവത്രേ (കാശ്യപഗോത്രക്കാരായിരുന്നു കുടുംബം). ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മലബാറിലെ പാമ്പുകാട് എന്ന പ്രദേശത്തുനിന്ന് അവര്‍ കവളപ്പാറയിലേക്ക് കുടിയേറി. ഉഗ്രപ്രതാപിയായിരുന്ന കവളപ്പാറ നായരുടെ അടിച്ചമര്‍ത്തലില്‍ നിന്നും രക്ഷപ്പെടുവാനായി കുടുംബം തമിഴ്‌നാട് അതിര്‍ത്തി കടന്ന് ചെങ്കല്‍പ്പേട്ട ജില്ലയിലുള്ള നകലാപുരത്തെത്തി, അവിടെ വാസമുറപ്പിച്ചു.
പരശുരാമസൃഷ്ടിയായി പ്രചരിപ്പിക്കപ്പെട്ട കേരളക്കരയില്‍ യുദ്ധമുറകള്‍ പഠിപ്പിക്കാനായി കുടിയേറി പാര്‍ത്തവരായിരുന്നുവത്രേ ഇവര്‍. ‘പണിക്കര്‍’ എന്ന സ്ഥാനപ്പേരും ഇവര്‍ക്കുണ്ടായിരുന്നു. തമിഴ് നിഘണ്ടുവില്‍ ‘പണിക്കര്‍’ എന്ന പേരിന് ‘ഉപാദ്ധ്യായര്‍’ എന്നും അര്‍ത്ഥമുണ്ട്. അതുകൊണ്ട് ഇവര്‍ക്ക് ‘ഉപാദ്ധ്യായര്‍’ എന്ന സ്ഥാനപ്പേരും നല്‍കി ആദരിച്ചിരുന്നു.
അയ്യാസ്വാമികളുടെ മുത്തച്ഛന്‍ ‘മഹര്‍ഷി ഹൃഷികേശന്‍’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഹൃഷികേശരുടെ മകനായ മുത്തുകുമാരനും പണ്ഡിതനും ഈശ്വരഭക്തനുമായിരുന്നു. ഹൃഷികേശരുടെ സമാധിക്കുശേഷം മുത്തുകുമാരന്‍ അമ്മയോടൊപ്പം ചെന്നൈയിലുള്ള മാതൃഗൃഹത്തിലെത്തി. അവിടെ നിന്നും കൊളംബിലെത്തി അവിടുത്തെ ‘കണ്ടിദേശം’ എന്നറിയപ്പെടുന്ന ഒരു ദേശത്തിലെ നാട്ടുരാജാവിന്റെ ദ്വിഭാഷിയായി പ്രവര്‍ത്തിച്ചു. അവിടെനിന്ന് വേണ്ടത്ര സമ്പത്തുണ്ടാക്കി ചെന്നൈയിലുള്ള അമ്മയെ കാണാന്‍ ജലഗതാഗത മാര്‍ഗ്ഗത്തിലൂടെ പുറപ്പെട്ട മുത്തുകുമാരന്‍ ഒടുവില്‍ എത്തിച്ചേര്‍ന്നത് കേരളത്തിലെ ‘കൊല്ലം’ എന്ന പ്രദേശത്താണ്. അവിടുത്തെ ഒരു കുടുംബത്തില്‍ നിന്ന് രുക്മിണി അമ്മാള്‍ എന്നൊരു സ്ത്രീരത്‌നത്തെ വിവാഹം കഴിച്ചു. കുറച്ചുകാലത്തിനുശേഷം മുത്തുകുമാരന്‍ ഭാര്യാസമേതനായി ചെന്നൈയിലേക്ക് തിരിച്ചുപോകുകയും ചെയ്തു.
ഈ ദമ്പതികള്‍ക്ക്, 1814ല്‍ അശ്വതി നക്ഷത്രത്തില്‍ ഒരു ശിശു പിറന്നു. സുബ്ബരായന്‍ എന്ന് നാമകരണം ചെയ്ത ഈ ശിശു വളര്‍ന്നാണ് പിന്നീട് തൈക്കാട്ട് അയ്യാസ്വാമികളായത്. സുബ്ബരായന് ഒരു വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ സ്വമാതാവ് ചരമമടഞ്ഞു. അതിനുശേഷം മുത്തുകമാരന്‍ തുളസിയമ്മാളെ വിവാഹം കഴിച്ചു. അവര്‍ക്ക് പിന്നീട് നാല് ആണും മൂന്ന് പെണ്ണും ജനിച്ചുവെങ്കിലും സുബ്ബരായന്‍ അവരുടെ മൂത്ത സന്താനമായിത്തന്നെ വളര്‍ന്നുവന്നു.
സുബ്ബരായന്റെ ജനനത്തിനു മുമ്പേ ഈ ഭവനത്തില്‍ സന്ന്യാസിമാരും അവധൂതന്മാരുമെല്ലാം നിത്യ സന്ദര്‍ശകരായിരുന്നു. ശ്രീ സച്ചിദാനന്ദരും ശ്രീ ചട്ടിപരദേശിയുമായിരുന്നു ഇവരില്‍ പ്രധാനികള്‍. യോഗസാധനാമാര്‍ഗം അവലംബിച്ചിരുന്ന ഇവര്‍ നാനാവിധ യോഗമുറകളിലെന്നപോലെ ചികിത്സാരീതികളിലും നിപുണരായിരുന്നു. അഗസ്ത്യ പരമ്പരയില്‍ പെട്ടവരായിരുന്നു ഇവരെന്നാണ് വിശ്വാസം.
സുബ്ബരായന് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ ഈ സിദ്ധപുരുഷന്മാര്‍ വീണ്ടും വന്നു. മേടമാസത്തിലെ ചിത്രാപൗര്‍ണ്ണമി നാളില്‍ ബാലനായ സുബ്ബരായന് ഇവര്‍ മന്ത്രദീക്ഷ നല്‍കി അനുഗ്രഹിച്ചു. സുബ്ബരായന്‍ നാലു വര്‍ഷക്കാലം നിരന്തരമായി ആ മന്ത്രം ഉപാസന ചെയ്തുവരവെ, ഒരു ദിനം ഈ ഗുരുക്കന്മാര്‍ അദ്ദേഹത്തിന്റെ ഭവനത്തിലെത്തി. മാതാപിതാക്കളുടെ അനുവാദത്തോടെ സുബ്ബരായനെയും കൂട്ടി അവര്‍ ദേശാടനത്തിന് പുറപ്പെട്ടു. മൂന്ന് വര്‍ഷക്കാലം ദേശ-വിദേശങ്ങളിലൂടെ ആ ദേശാടനം നീണ്ടുനിന്നു. ഈ ദേശാടനക്കാലത്തിനിടയിലാണ് സുബ്ബരായന്‍ ഗുരുനാഥന്മാരില്‍ നിന്ന് യോഗാഭ്യാസമുറകളെല്ലാം അഭ്യസിച്ചത്. പത്തൊമ്പതാമത്തെ വയസ്സില്‍ സുബ്ബരായന്‍ സ്വഭവനത്തില്‍ തിരിച്ചെത്തിയപ്പോഴേക്കും ബ്രഹ്മചര്യനിഷ്ഠനായി തീര്‍ന്നിരുന്നു.
തുടര്‍ന്ന് ആദ്ധ്യാത്മിക സാധനയോടൊപ്പം സുബ്ബരായന്‍ തമിഴിലും ഇംഗ്ലീഷിലും പാണ്ഡിത്യം നേടി. ചെന്നൈ പട്ടണത്തിലെ പ്രസിദ്ധമായിരുന്ന ‘അഷ്ടപദനസഭ’ യില്‍ അദ്ദേഹം അംഗമായി. ആദ്ധ്യാത്മിക വിഷയങ്ങളില്‍ തല്പരരായിരുന്ന അനേകം പണ്ഡിതന്മാരുടെ വിദ്വല്‍സദസ്സായിരുന്നു ‘അഷ്ടപദനസഭ’. ഇക്കാലത്താണ് സുബ്ബരായന്‍ ‘ബ്രഹ്മോത്തരകാണ്ഡ’ മെന്ന വേദാന്തഗ്രന്ഥവും പഴനിയാണ്ടവനെ സ്തുതിച്ചുകൊണ്ടുള്ള ‘പഴനിവൈഭവം’ എന്ന തമിഴ്കൃതിയും രചിച്ചത്.
‘യോഗപൂര്‍ത്തിക്കായി അംബികയുടെ പൂജ ചെയ്യുക’ എന്ന ഗുരൂപദേശം പൂര്‍ത്തീകരിക്കാനായി സുബ്ബരായന്‍ കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെത്തി ഭജനമിരുന്നു. കൊടുങ്ങല്ലൂര്‍ ക്ഷേത്രസന്നിധിയില്‍ വെച്ച്, അനന്തപുരത്തു വെച്ച് ദര്‍ശനം നല്‍കാമെന്നുള്ള ദേവിയുടെ അശരീരി ശ്രവിച്ചു. സുബ്ബരായന്‍ എത്രയുംവേഗം അത് സാക്ഷാത്കരിക്കണമെന്ന അദമ്യമായ ആഗ്രഹത്തോടെ തിരുവനന്തപുരത്തെത്തി.
അക്കാലത്ത് സുബ്ബരായന്റെ ഒരു ബന്ധു, ചിദംബരം ഓതുവാര്‍പിള്ള തിരുവിതാംകൂര്‍ കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്നു. തൈക്കാട്ടുള്ള അദ്ദേഹത്തിന്റെ ഭവനത്തിലാണ് സുബ്ബരായന്‍ താമസിച്ചിരുന്നത്. ഇന്ന് തൈക്കാട് ഉച്ചുമാളി (ഉജ്ജയിനി) അമ്മന്‍കോവില്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തുവെച്ച് സുബ്ബരായന് ദേവീദര്‍ശനം ഉണ്ടായി. അദ്ദേഹം ‘തൈക്കാട്ട് ഉജ്ജയിനി മഹാകാളി പഞ്ചരത്‌ന’മെന്ന പ്രബന്ധം ചൊല്ലി ദേവിയെ സ്തുതിക്കുകയും ചെയ്തുവത്രെ.
അക്കാലത്ത് തിരുവിതാംകൂര്‍ ഭരിച്ചിരുന്നത് സകലകലാവല്ലഭനായിരുന്ന സ്വാതിതിരുനാള്‍ (1829-1847) മഹാരാജാവായിരുന്നു. ഇതിനിടയില്‍ സുബ്ബരായന്റെ മഹത്വം അറിഞ്ഞ് പലരും അദ്ദേഹത്തെ സമീപിച്ചു. എന്നാല്‍ പേരിലും പ്രശസ്തിയിലും വിമുഖനായിരുന്ന സുബ്ബരായന്‍ ചെന്നൈയിലേക്ക് തിരിക്കുകയാണുണ്ടായത്. ഗൃഹത്തിലെത്തിയപ്പോള്‍ പിതാവ് കാശിയിലേക്ക് പോയ വിവരം അറിഞ്ഞ അദ്ദേഹം ഉടനടി കാശിയിലേക്ക് യാത്രയായി. അറിവിലും ഏറിയറിഞ്ഞവനായിത്തീര്‍ന്നിരുന്നു സുബ്ബരായന്‍. പിതാവിനെ കണ്ടുവണങ്ങി, കാശിവിശ്വനാഥനെ ദര്‍ശിച്ച് മടങ്ങിയെത്തി. ‘എന്റെ കാശിയാത്ര’ എന്നൊരു പ്രബന്ധം അദ്ദേഹം പില്‍ക്കാലത്ത് രചിക്കുകയുണ്ടായി. കാശിയാത്രയെ തുടര്‍ന്ന് ജീവിതകാലം മുഴുവന്‍ അദ്ദേഹം വര്‍ഷത്തിലൊരിക്കല്‍ കേദാരേശ്വരവ്രതം ആചരിച്ചിരുന്നു.
ആത്മീയാചാര്യന്മാരെ ആദരിക്കുകയെന്നത് തിരുവിതാംകൂര്‍ രാജവംശത്തിന്റെ പൈതൃക സവിശേഷതയായിരുന്നു. സുബ്ബരായന്റെ മഹത്വത്തെക്കുറിച്ച് കേട്ടറിഞ്ഞ സ്വാതിതിരുനാള്‍ അദ്ദേഹത്തെ കാണുവാന്‍ ആഗ്രഹിച്ചു. അങ്ങനെ മഹാരാജാവിനെ സന്ദര്‍ശിക്കാനെത്തിയ സുബ്ബരായനോട് ശേഷിക്കുന്ന കാലം തിരുവിതാംകൂറില്‍ കഴിയണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സുബ്ബരായന്‍ മഹാരാജാവിന്റെ അഭ്യര്‍ത്ഥന വിനയപൂര്‍വ്വം നിരസിച്ചുവെങ്കിലും കുറച്ചുകാലംകൂടി തിരുവനന്തപുരത്ത് തുടര്‍ന്നു. ഇക്കാലത്താണ് ശിങ്കാരത്തോപ്പിലെ (ഇന്നത്തെ കന്യാകുമാരി ജില്ലയിലെ സ്വാമിയാര്‍ തോപ്പ്) ജയിലില്‍ ആത്മീയാനുഭൂതി സിദ്ധിച്ച ഒരാളുണ്ടെന്ന വിവരം സുബ്ബരായന്‍ അറിയുന്നത്. പില്‍ക്കാലത്ത് അയ്യാ വൈകുണ്ഠനാഥര്‍ എന്ന പേരില്‍ പ്രസിദ്ധനായിത്തീര്‍ന്ന മുത്തുക്കുട്ടിയെന്ന യുവയോഗിയായിരുന്നു തടവില്‍ കിടന്നിരുന്നത്. അന്നു നിലനിന്നിരുന്ന സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിന്റെ പരിണിതഫലമായാണ് അദ്ദേഹം തടവറയിലായത്. എന്നാല്‍ സുബ്ബരായനില്‍ നിന്നും യഥാര്‍ത്ഥ വസ്തുത മനസ്സിലാക്കിയ സ്വാതിതിരുനാള്‍ മഹാരാജാവ് ഉടനെ അദ്ദേഹത്തെ തടവറയില്‍ നിന്നും മോചിപ്പിച്ചു.
തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിലെ ബ്രിട്ടീഷ് റസിഡന്റായിരുന്ന മാഗ്രിഗറുടെ നിര്‍ദ്ദേശപ്രകാരം ആയിലും തിരുനാള്‍ മഹാരാജാവ് (1860-1880) സുബ്ബരായനെ തിരുവിതാംകൂര്‍ റസിഡന്‍സിയുടെ മാനേജരായി നിയമിച്ചു. 1873 മുതല്‍ 1909 (കൊ. വ. 1048 മുതല്‍ 1084) വരെ അദ്ദേഹം ആ ജോലിയില്‍ തുടര്‍ന്നു. അപ്പോഴും ആത്മീയാനുഷ്ഠാനങ്ങള്‍ അണുവിട വ്യതിചലിക്കാതെ നടത്തിപ്പോന്നു. തിരുവനന്തപുരത്ത് തൈക്കാട്ടുള്ള ഔദ്യോഗിക വസതിയില്‍ താമസമാക്കിയതിനുശേഷമാണ് സുബ്ബരായന്‍ ‘തൈക്കാട്ട് അയ്യാസ്വാമികള്‍’ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. അതിനു മുമ്പുതന്നെ രാജകുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ‘സൂപ്രണ്ട് സ്വാമി’ എന്നാണ് അഭിസംബോധന ചെയ്തിരുന്നത്.
ഇതിനിടയില്‍ ഗുരുനിര്‍ദ്ദേശപ്രകാരം വിവാഹിതനായ അയ്യാസ്വാമികള്‍ ഭാര്യ കമലമ്മയോടൊപ്പം ഗൃഹസ്ഥാശ്രമജീവിതം നയിച്ചുപോന്നു. ശാസ്ത്രവിധിപ്രകാരമുള്ള ബ്രഹ്മചര്യത്തോട് കൂടിയ വിവാഹജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അഞ്ച് കുട്ടികള്‍ ഈ ദാമ്പത്യത്തില്‍ പിറന്നു. അവരില്‍ ലോകനാഥ പണിക്കര്‍, പഴനിവേല്‍ സ്വാമി എന്നിവര്‍ ആത്മീയമായി വളരെയേറെ ഉന്നതി പ്രാപിച്ചവരായിരുന്നു. അയ്യാസ്വാമികളുടെ ശിഷ്യര്‍ക്കെല്ലാംതന്നെ കമലമ്മാള്‍ ‘സ്വാമിയമ്മ’ യായിരുന്നു. ബ്രഹ്മചാരികള്‍ക്കും ഗൃഹസ്ഥാശ്രമികള്‍ക്കും ആ ദമ്പതികള്‍ ഉത്തമ മാതൃകയായി ജീവിച്ചുപോന്നു. ഗൃഹസ്ഥാശ്രമിയായിരുന്നുകൊണ്ട് യോഗസാധന അനുഷ്ഠിക്കുന്നത് സാധാരണ കാര്യമല്ലല്ലോ.
പേട്ടയില്‍ രാമന്‍പിള്ള ആശാന്‍ രൂപംകൊടുത്ത ‘ജ്ഞാനപ്രജാഗരം’ എന്ന ആത്മീയ സമാജത്തില്‍ ജിജ്ഞാസുക്കളായ പലരുമുണ്ടായിരുന്നു. രാമന്‍പിള്ള ആശാന്റെ പള്ളിക്കൂടത്തിലായിരുന്നു കുഞ്ഞന്‍പിള്ള ചട്ടമ്പിയുടെ പ്രാഥമിക വിദ്യാഭ്യാസം. ഈ സമാജം വഴിയാണ് കുഞ്ഞന്‍പിള്ള ചട്ടമ്പി അയ്യാസ്വാമികളുമായി സമ്പര്‍ക്കത്തിലാകുന്നത്. തുടര്‍ന്ന് ചട്ടമ്പി, അയ്യാസ്വാമികളുടെ ഗൃഹത്തില്‍ കുറെക്കാലം സാധനാനുഷ്ഠാനങ്ങളോടെ കഴിഞ്ഞു. ഹഠയോഗാഭ്യാസങ്ങളാണ് പ്രധാനമായും ചട്ടമ്പി പഠിച്ചത്. അയ്യാസ്വാമികള്‍ തമിഴ് സിദ്ധരുടെ ‘പാടലുകള്‍’ പാടി അര്‍ത്ഥം വിശദീകരിക്കുന്നത് ചട്ടമ്പിയെ അത്യധികം ആകര്‍ഷിച്ചു. അങ്ങനെ തമിഴ് ഭാഷയിലും വേദാന്തത്തിലും അദ്ദേഹത്തിന് അറിവ് നേടാനായി. ഗുരുഗൃഹവാസം അവസാനിപ്പിക്കുന്നതിന് മുമ്പ് അദ്ദേഹം അയ്യാസ്വാമികള്‍ക്ക് ദക്ഷിണയായി ഒരു സാല്‍വയും രണ്ട് മെതിയടികളും സമര്‍പ്പിച്ചു. അയ്യാസ്വാമികള്‍ സാല്‍വ തിരിച്ചുകൊടുത്ത് മെതിയടികള്‍മാത്രം സ്വീകരിച്ചു. ഈ സാല്‍വ തന്റെ മഹാസമാധിവരെ ചട്ടമ്പിസ്വാമികള്‍ സൂക്ഷിച്ചിരുന്നുവത്രെ.
ചെമ്പഴന്തിയില്‍ ഭൂജാതനായ നാണു തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിലാണ് കുഞ്ഞന്‍പിള്ള ചട്ടമ്പിയുമായി പരിചയപ്പെടുന്നത്. പരസ്പര ആദരവിലൂടെ വളര്‍ന്നുവന്ന ആ ബന്ധം കൂടുതല്‍ ദൃഢമാകുന്നത്, അയ്യാസ്വാമികളുടെ സന്നിധിയില്‍ വെച്ചാണ്. കുഞ്ഞന്‍പിള്ള ചട്ടമ്പിയിലൂടെ അയ്യാസ്വാമികളുടെ അടുത്തെത്തിയ നാണു ആശാനെ, 1055ലെ ഒരു മേടമാസരാത്രിയില്‍ അദ്ദേഹം മന്ത്രദീക്ഷ നല്‍കി അനുഗ്രഹിച്ചു. തുടര്‍ന്ന് അയ്യാസ്വാമികളുടെ ആശ്രമതുല്യമായ വസതിയില്‍വെച്ചുതന്നെ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കുഞ്ഞന്‍പിള്ള ചട്ടമ്പി നാണു ആശാന് യോഗസാധനയില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി അഭ്യസിപ്പിച്ചു. അവിടെനിന്നുമാണ് ഇരുവരും തീവ്രതപസ്സിനായി മരുത്വാമലയിലേക്കു പോയത്. നിത്യകന്യകയും തപസ്വിനിയുമായ കന്യാകുമാരിയെ വലയം ചെയ്ത് നില്‍ക്കുന്ന തപോഭൂമിയാണ് മരുത്വാമല. ആത്മീയ സന്നിധാനമായ ഇവിടം താപസന്മാരുടെ സങ്കേതമായിരുന്നു. അസംഖ്യം ദിവ്യൗഷധങ്ങളുടെ വിളഭൂമിയാണിത്. ‘മരുന്നുവാഴുമല’ ലോപിച്ചാണ് മരുത്വാമലയായതെന്നും പറയപ്പെടുന്നു. ത്രേതായുഗത്തില്‍ നടന്ന രാമ-രാവണ യുദ്ധത്തിന്റെ മദ്ധ്യത്തില്‍ ഇന്ദ്രജിത്തിന്റെ അസ്ത്രമേറ്റ് വീണുപോയ ലക്ഷ്മണനേയും മറ്റും പുനരുജ്ജീവിപ്പിക്കാന്‍ ഹനൂമാന്‍ ഹിമാലയത്തില്‍ നിന്നും, ‘മൃതസഞ്ജീവനി’ എന്ന ദിവ്യൗഷധമുള്ള മലയെടുത്ത് പറന്നുവരുമ്പോള്‍ അതിലൊരംശം അടര്‍ന്നു വീണിടമാണ് മരുത്വാമലയെന്നും ഐതിഹ്യമുണ്ട്. അയ്യാസ്വാമികളുടെ നിര്‍ദ്ദേശപ്രകാരം തപസ്സിന് പറ്റിയ ഈ സ്ഥലം തന്നെയാണ് നാണുവാശാനും നാണിയമ്മയും തെരഞ്ഞെടുത്തത്. നാണിയമ്മയാണ് പില്‍ക്കാലത്ത് ബ്രഹ്മജ്ഞാനാനന്ദ സര്‍വ്വ സാക്ഷിയമ്മയായി തീര്‍ന്നത്. അയ്യാസ്വാമികളും പ്രൊഫ. പി. സുന്ദരംപിള്ളയും ചേര്‍ന്ന് കൊ.വ. 1060-ല്‍ ‘ശൈവപ്രകാശസഭ’ രൂപീകരിക്കുകയുണ്ടായി. അഗസ്ത്യമഹര്‍ഷിയുടെ സിദ്ധയോഗവും പതഞ്ജലി മഹര്‍ഷിയുടെ രാജയോഗവും കൂടിച്ചേര്‍ന്ന ഒരു യോഗരീതി സ്വീകരിച്ചിരുന്ന അയ്യാസ്വാമികള്‍ ആ ആചരണപദ്ധതി ഈ സഭയിലൂടെ സമൂഹത്തിലാകെ പ്രചരിപ്പിക്കാന്‍ പരിശ്രമിച്ചിരുന്നു.’ശിവരാജയോഗം’ എന്ന പേരിലാണ് ഈ യോഗവിദ്യാ സമ്പ്രദായം പരക്കെ അറിയപ്പെടുന്നത്. പരമപുരുഷാര്‍ത്ഥമായ മോക്ഷം അഥവാ കൈവല്യ സിദ്ധിയാണ് ശിവരാജയോഗത്തിന്റെ പരമമായ ലക്ഷ്യം.
ശിവരാജയോഗം ആത്മാനുഭൂതിയിലേക്കുള്ള സമഗ്രമായ സാധനാപദ്ധതിയാണ് എന്ന് സ്വജീവിതത്തിലൂടെ തെളിയിച്ചതിനാലാണ് അയ്യാസ്വാമികളെ ശിഷ്യന്മാരും ആരാധകരും ‘ശിവരാജയോഗി’ എന്നു വിളിച്ച് ആരാധിച്ച് തുടങ്ങിയത്. വിദ്യ ഗുരുമുഖത്തില്‍ നിന്നുതന്നെ നേരിട്ട് മനസ്സിലാക്കേണ്ടതാണ്. ആദിഗുരുവില്‍ നിന്നും പ്രവഹിച്ച വിദ്യ പരമ്പരാഗതമായി ഇന്നും ഭാരതത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. അഗസ്ത്യമുനിയിലൂടെ ദ്രാവിഡ ദേശത്തിലേക്ക് ആവിര്‍ഭവിച്ച ശൈവസിദ്ധാന്തത്തിലൂടെ കേരളക്കരയെ അനുഗ്രഹിച്ച ഗുരുവര്യനാണ് അയ്യാസ്വാമികള്‍.
ശിഷ്യരെ ഒരിക്കലും ശിഷ്യഭാവത്തില്‍ കണ്ടിരുന്നില്ലെന്നതാണ് അയ്യാസ്വാമികളുടെ മഹത്വം. സാധനാസമ്പൂര്‍ണരായ ശിഷ്യരെ അവരുടെ ഇച്ഛയ്‌ക്കൊത്ത് പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പതിവ്. ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും അടങ്ങുന്ന അയ്യാസ്വാമികളുടെ ശിഷ്യപരമ്പര കാഷായവസ്ത്രം ധരിച്ചിരുന്നില്ലെന്നതും മറ്റൊരു പ്രത്യേകതയാണ്. സനാതനധര്‍മ്മത്തില്‍ അക്കാലത്ത് അടിഞ്ഞുകൂടിയ ജാതീകൃതമായ വൈകൃതങ്ങളെ ഉന്മൂലനം ചെയ്യുവാന്‍ വ്യത്യസ്തമായ മാര്‍ഗ്ഗങ്ങളാണ് അയ്യാസ്വാമികള്‍ സ്വീകരിച്ചത്. വേദാധികാര നിരൂപണത്തിലൂടെ ചട്ടമ്പിസ്വാമികളും ക്ഷേത്രപ്രതിഷ്ഠകളിലൂടെ ശ്രീനാരായണഗുരുവും ലക്ഷ്യമാക്കിയത് ഒന്നുതന്നെ.അക്കാലത്തെ തിരുവിതാംകൂറിന്റെ സാമൂഹികമണ്ഡലത്തില്‍ ശ്രദ്ധേയനായ അയ്യങ്കാളിയും അയ്യാസ്വാമികളുടെ വാത്സല്യഭാജനമായിരുന്നു. എല്ലാ മകരമാസത്തിലെ തൈപ്പൂയനാളിലും അയ്യാസ്വാമികള്‍ ജാതിമതഭേദമെന്യെ എല്ലാ ശിഷ്യരെയും തന്റെ വസതിയില്‍ വരുത്തി സമൂഹസദ്യ നല്‍കിയിരുന്നു. അയ്യാസ്വാമികളുടെ പ്രഥമപുത്രനും സിദ്ധനുമായ ലോകനാഥസ്വാമികള്‍, ദ്വിതീയ പുത്രനായ പഴനിവേല്‍ അവധൂത സ്വാമികള്‍, സ്വയംപ്രകാശയോഗിനിയമ്മ, ഫാദര്‍ പേട്ടയില്‍ ഫെര്‍ണാണ്ടസ്, തക്കല പീര്‍മുഹമ്മദ്, മക്കടി ലബ്ബാ പത്മനാഭ ഭാഗവതര്‍, നന്തന്‍കോട് കൊച്ചുകൃഷ്ണപിള്ള തുടങ്ങിയ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവര്‍ അയ്യാസ്വാമികളുടെ ശിഷ്യവാത്സല്യങ്ങള്‍ക്ക് പാത്രീഭൂതരായിരുന്നവരാണ്.
1873-ല്‍ 59-ാം വയസ്സിലാണ് അദ്ദേഹം റസിഡന്‍സി മാനേജര്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചത്. മുപ്പത്താറു വര്‍ഷക്കാലം അദ്ദേഹം ആ ജോലിയില്‍ തുടര്‍ന്നു. ആയില്യം തിരുനാള്‍, വിശാഖം തിരുനാള്‍, ശ്രീമൂലം തിരുനാള്‍ തുടങ്ങിയ മഹാരാജാക്കന്മാരുടെ കാലങ്ങളില്‍ അയ്യാസ്വാമികള്‍ റസിഡന്‍സി മാനേജരായിരുന്നു. സ്വാതിതിരുനാളിന്റെ കാലം മുതല്‍ തിരുവിതാംകൂര്‍ രാജവംശവുമായി ആത്മബന്ധമുണ്ടായിരുന്ന അയ്യാസ്വാമികള്‍ മഹാസമാധി പ്രാപിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമേ ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചുള്ളൂ. 1909 ജൂണില്‍ (കൊ.വ. 1084മാണ്ട് മിഥുനമാസത്തിലെ അവസാന ചൊവ്വാഴ്ച) അയ്യാസ്വാമികള്‍ക്ക് 96 വയസ്സായി. ആ അവസരത്തില്‍ അദ്ദേഹം രാജസന്നിധിയില്‍ ചെന്ന് താന്‍ ഉദ്യോഗത്തില്‍ നിന്നും വിരമിക്കുന്നതായും അടുത്ത ചൊവ്വാഴ്ച നിത്യവിശ്രമത്തിനുള്ള തീയതി നിശ്ചയിച്ചിരിക്കുകയാണെന്നും അറിയിച്ചിരുന്നു.
തിരുവിതാംകൂര്‍ രാജകുടുംബവുമായി അയ്യാസ്വാമികള്‍ക്കുണ്ടായിരുന്ന ആത്മബന്ധം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ഛായാചിത്രം അവിടുത്തെ പള്ളിത്തേവാരത്തില്‍ വെച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ പരമപവിത്രമായ ഒരു ആരാധനാസ്ഥലമാണ് പള്ളിത്തേവാരം. അവിടെ അയ്യാസ്വാമികളുടെ ചിത്രം വെക്കണമെങ്കില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അദ്ദേഹത്തോടുണ്ടായിരുന്ന ആദരവ് മനസ്സിലാക്കാന്‍ കഴിയുമല്ലോ.
സമാധിദിനം മുന്‍കൂട്ടി കണ്ടറിഞ്ഞ ക്രാന്തദര്‍ശിയായിരുന്നു അദ്ദേഹം.
യോഗശാസ്ത്രാനുസരണം സമാധിയാകുന്നതിനായി ഏഴ് ദിവസം മുമ്പെ അദ്ദേഹം ഭക്ഷണം ഉപേക്ഷിച്ചു. ഏഴാമത്തെ ദിവസം ‘കര്‍പ്പൂര ദീപാരാധന’ എന്ന് മകനോട് കല്പിച്ചു. പിന്നീട് പത്മാസനത്തിലിരുന്ന് ഗുരുപൂജാസ്‌ത്രോത്രം ചൊല്ലി ധ്യാനത്തിലാണ്ടു. 1909 ജൂലായ് മാസം 20ന് (1084 കര്‍ക്കിടകം 4ന്) മകം നാളിലാണ് അയ്യാസ്വാമികള്‍ മഹാസമാധിയായത്