ചാന്ദ്രയാന്‍ 2ന്റെ വിക്ഷേപണം മാറ്റിവെച്ചപ്പോള്‍ ഭാരതത്തിന്റെ ബഹിരാകാശ ദൗത്യങ്ങളുടെ ആവശ്യകതയെക്കുറിച്ച്, പ്രത്യേകിച്ച് വളരെ ചെലവേറിയ ഗോളാന്തര പര്യവേക്ഷണങ്ങളെക്കുറിച്ച് ചര്‍ച്ച മുറുകുകയാണ്.
അറുപതുകളില്‍തന്നെ സോവിയറ്റ് യൂണിയന്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അറുപതുകളിലും എഴുപതുകളിലും അമേരിക്ക മനുഷ്യനെ ഇറക്കി, അവിടുന്ന് പാറയും മണ്ണും കൊണ്ടുവന്നു. ചന്ദ്രന്റെ ഉപരിതലം മുഴുവനായി തന്നെ മാപ്പ് ചെയ്യപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ നമുക്ക് സമുദ്രാന്തര്‍ഭാഗത്തെ കുറിച്ച് അറിയുന്നതിലേറെ ചന്ദ്രനെക്കുറിച്ചറിയാം. അങ്ങനെ അര നൂറ്റാണ്ട് മുമ്പ് നടന്ന പരീക്ഷണങ്ങള്‍ ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ച് ഇപ്പോള്‍ ഭാരതം നടത്തേണ്ട കാര്യമുണ്ടോ? ഇതുകൊണ്ട് സാധാരണക്കാരന് എന്ത് പ്രയോജനം? ഈ പണം ഉപയോഗിച്ച് കൂടുതല്‍ കമ്മ്യുണിക്കേഷന്‍ സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചുകൂടെ? വന്‍ശക്തികള്‍ പണം വാരിയെറിഞ്ഞു നടത്തുന്ന ബഹിരാകാശ വെടിക്കെട്ടുകളില്‍ പങ്കെടുത്ത് നാമെന്തിനു സമയവും ഊര്‍ജ്ജവും പണവും മനുഷ്യാധ്വാനവും പാഴാക്കണം?
ഒറ്റ നോട്ടത്തില്‍ പ്രസക്തമാണ് എന്ന് തോന്നിക്കുന്ന ചോദ്യങ്ങള്‍ ആണ് ഇവ.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ നടന്ന ശീതസമരത്തിന്റെ ഭാഗമായാണ് അമ്പതുകളില്‍ ബഹിരാകാശ മത്സരം ആരംഭിക്കുന്നത്. ആദ്യ ഉപഗ്രഹവിക്ഷേപണം, ആദ്യ ബഹിരാകാശ യാത്ര തുടങ്ങി സോവിയറ്റ് യൂണിയന്‍ ബഹുകാതം മുന്നേറിയപ്പോള്‍ പ്രസിഡണ്ട് കെന്നഡിക്കുണ്ടായ വാശിയില്‍ നിന്നുമാണ് ചാന്ദ്രദൗത്യങ്ങള്‍ ആരംഭിക്കുന്നത്. ആയിരക്കണക്കിന് കോടി ഡോളറുകള്‍ വാരിയെറിഞ്ഞു നാസ അത് വിജയിപ്പിക്കുക തന്നെ ചെയ്തു. അതിനിടയില്‍, അമേരിക്ക നടത്തിയ എല്ലാ പരീക്ഷണങ്ങളും മനുഷ്യനില്ലാത്ത പേടകങ്ങള്‍ വെച്ച് സോവിയറ്റ് യൂണിയനും നടത്തി. അന്നെല്ലാം ബഹിരാകാശം എന്നത് ഈ രണ്ടു വന്‍ശക്തികളുടെ മത്സരവേദി മാത്രമായിരുന്നു എന്നതാണ് സത്യം.പക്ഷേ ഈ പരീക്ഷണങ്ങളിലൂടെ അറിവിന്റെയും നേട്ടങ്ങളുടെയും ഒരുപാട് പുതിയ വാതായനങ്ങളാണ് മനുഷ്യരാശിക്ക് തുറന്നു കിട്ടിയത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വന്‍ശക്തികളുടെ ശാക്തിക പോരാട്ടങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ബഹിരാകാശ സാങ്കേതികത ഇത്രയും വളര്‍ച്ച നേടില്ലായിരുന്നു. മനുഷ്യന്‍ ഇന്നും ചന്ദ്രനില്‍ കാല്‍ കുത്തില്ലായിരുന്നു.
വാര്‍ത്താവിനിമയത്തിനും സൈനിക ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചുതുടങ്ങിയതോടെയാണ് ബഹിരാകാശ സാങ്കേതികത സാധാരണമനുഷ്യന്റെ ജീവിതത്തെ സ്വാധീനിച്ചു തുടങ്ങിയത്. ലോകത്തിന്റെ ഏതു കോണില്‍ നിന്നുമുള്ള തല്‍സമയ ദൃശ്യങ്ങള്‍ സ്വീകരണമുറികളെ സമ്പന്നമാക്കിയത്. എവിടെനിന്നും എവിടേക്ക് വേണമെങ്കിലും വിളിക്കാനുള്ള സംവിധാനങ്ങള്‍ ഒരുങ്ങിയത്. അതിനെല്ലാം കളമൊരുക്കിയത് പഴയ മത്സരത്തില്‍ നിന്നും ആര്‍ജ്ജിച്ച അറിവുകളും അനുഭവങ്ങളുമാണ്.
പിന്നീട് വളരെപ്പെട്ടന്നാണ് ബഹിരാകാശം, വെള്ളവും വൈദ്യുതിയും വെളിച്ചവും വായുവും പോലെ മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകം ആയത്. അതോടെ ഉപഗ്രഹവിക്ഷേപണം എന്നത് ലോകത്തിലെ ഒരു വന്‍ ബിസിനസ്സ് ആയി മാറി. പക്ഷേ ഈ ശേഷി കൈവരിച്ച രാജ്യങ്ങള്‍ വളരെ കുറവും.അതുകൊണ്ടുതന്നെ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഉപഗ്രഹവിക്ഷേപണത്തിനു വേണ്ടി ഈ വിരലിലെണ്ണാവുന്ന ഏജന്‍സികളെ ആശ്രയിക്കേണ്ടി വന്നു. അവര്‍ പറയുന്ന തുകക്ക്, അവര്‍ പറയുന്ന വ്യവസ്ഥകള്‍ അംഗീകരിച്ച്.
ഈ അവസ്ഥകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുതന്നയാണ് ദീര്‍ഘദര്‍ശിയായ വിക്രംസാരാഭായിയുടെ നേതൃത്വത്തില്‍ ഭാരതവും ഈ രംഗത്തേക്ക് ചുവടുവെച്ചത്.
സ്വാതന്ത്ര്യാനന്തര ഭാരതം നേരിട്ട വന്‍ സാമൂഹ്യ സാമ്പത്തിക വെല്ലുവിളികളുടെയെല്ലാം ഇടയിലൂടെ , മെല്ലെയാണങ്കിലും ഭാരതം ഉപഗ്രഹനിര്‍മ്മാണം, റോക്കറ്റ് സാങ്കേതികവിദ്യ, വിക്ഷേപണം എന്നിവയില്‍ സ്വയംപര്യാപ്തത നേടി. താഴ്ന്ന ഭ്രമണപഥങ്ങളില്‍ സ്ഥാപിക്കുന്ന പോളാര്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന കാര്യത്തില്‍ ഭാരതം നേരത്തെ തന്നെ നായകപദവി നേടിയിരുന്നു. പി.എസ്.എല്‍.വി ഇന്ന് ഈ മേഖലയില്‍ ലോകത്തിലെ ഏറ്റവും വിശ്വസ്തമായ റോക്കറ്റ് ആണ്. ഈ വിശ്വസ്തത നേടിയത് പല ഘട്ടങ്ങള്‍ അതിജീവിച്ചാണ്.
1995 മുതല്‍ നാല്‍പ്പതിലധികം തവണ പി.എസ്.എല്‍.വി നൂറുകണക്കിന് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചു. അതില്‍ ഏതാണ്ട് പകുതിയോളം വിദേശ ഉപഗ്രഹങ്ങള്‍ ആണ് ഭാരതത്തിന്റെ ആദ്യ ചാന്ദ്ര ദൗത്യം ചാന്ദ്രയാന്‍ 1 വിക്ഷേപിച്ചത് പി.എസ്.എല്‍.വി ആണ്. ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളെ, നൂറിലധികം, ഒരുമിച്ച് വിജയകരമായി വിക്ഷേപിച്ച റെക്കോര്‍ഡ് പി.എസ്.എല്‍.വിക്കാണ്. പക്ഷേ ഐ.എസ്.ആര്‍.ഒയുടെ ഈ കരുത്തന്റെ ഏറ്റവും വലിയ നേട്ടം ഭാരതത്തിന്റെ ചൊവ്വ ദൗത്യമായ മംഗള്‍യാന്‍ ആണ്. ഈ പദ്ധതിയിലൂടെ ടെക്സ്റ്റ് ബുക്ക് കൃത്യതയോടെ, ആദ്യശ്രമത്തില്‍ തന്നെ ഒരു ഗ്രഹാന്തര ദൗത്യം പൂര്‍ത്തിയാക്കുന്ന ആദ്യ രാജ്യമായി ഭാരതം മാറുകയായിരുന്നു. നാസക്കും ഗ്ലാവ്‌ക്കോസ്‌മോസിനും യൂറോപ്യന്‍ യൂണിയനും ഒന്നും സാധിക്കാത്ത അപൂര്‍വ്വ നേട്ടം. നമ്മുടെ വിക്ഷേപണ ശേഷിയുടെ കരുത്ത് ലോകത്തെ ബോധ്യപ്പെടുത്താനും അതിലൂടെ പി.എസ്.എല്‍.വി എന്ന വിക്ഷേപണ വാഹനത്തിന്റെ വിശ്വാസ്യത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാനും അതിലൂടെ കൂടുതല്‍ വിദേശ ഓര്‍ഡറുകള്‍ നേടാനും എല്ലാം ഈ ടെക്‌നോളജി ഡെമോന്‍സ്‌ട്രെഷന്‍ കൊണ്ട് സാധിച്ചു.
ചുരുക്കത്തില്‍ ഇങ്ങനെയുള്ള വന്‍ ദൗത്യങ്ങളിലൂടെ നാം ചെയ്യുന്നത് , നമ്മുടെ തന്നെ വിശ്വാസ്യത ലോകത്തെ ബോധ്യപ്പെടുത്തുക എന്നതാണ്. കൂടാതെ ഇങ്ങനെയുള്ള ദൗത്യങ്ങളുടെ ഭാഗമായി ഒരുപാട് പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കേണ്ടിവരും.ആ സാങ്കേതികവിദ്യകള്‍ നമ്മുടെ നിത്യജീവിതത്തിന് പിന്നെ ഒരു മുതല്‍ക്കൂട്ടാവുകയും ചെയ്യും. നമ്മുടെ എഞ്ചിനിയറിംഗ് പ്രതിഭകളുടെ കഴിവും അനുഭവങ്ങളും കൂടുതല്‍ മൂര്‍ച്ചയേറാനും അത് കൂടുതല്‍ ക്രിയത്മകമാക്കാനും ഇത്തരം പദ്ധതികള്‍ ഉപകരിക്കും.
പി.എസ്.എല്‍.വി എന്നത് കഷ്ടിച്ച് രണ്ടായിരം കിലോഗ്രാം വരെയുള്ള പേലോടുകള്‍ ആയിരം കിലോമീറ്റര്‍ ഉയരത്തിലെത്തിക്കാന്‍ പ്രാപ്തിയുള്ള റോക്കറ്റ് ആണ്. പക്ഷേ കൂടുതല്‍ ഭാരമുള്ള കമ്മ്യുണിക്കേഷന്‍ ഉപഗ്രഹങ്ങള്‍ 36000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തില്‍ സ്ഥാപിക്കാന്‍ ക്രയോജെനിക് എഞ്ചിന്‍ ഉപയോഗിച്ചുള്ള റോക്കറ്റുകള്‍ വേണം.അതിനുവേണ്ടിയാണ് ജി.എസ്.എല്‍.വി വികസിപ്പിച്ചത്. ആദ്യ ദൗത്യങ്ങള്‍ പരാജയപ്പെട്ടു എങ്കിലും നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ അതിസങ്കീര്‍ണ്ണമായ ക്രയോജെനിക് സാങ്കേതികവിദ്യ നാം സ്വന്തമാക്കുക തന്നെ ചെയ്തു. മാത്രവുമല്ല 4000 കിലോഗ്രാം വരെ ഭാരം ഭൂസ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിയുന്ന അടുത്ത തലമുറ ഏടഘഢ ങഗ കകകയും നാം വികസിപ്പിച്ചു.
ഇനി വേണ്ടത് പി.എസ്.എല്‍.വിയുടെ കാര്യത്തിലെന്ന പോലെ ലോകത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള റോക്കറ്റ് എന്ന പദവിയിലേക്ക് ജിഎസ്എല്‍വിയെയും ഉയര്‍ത്തുക എന്നതാണ്. സങ്കീര്‍ണ്ണമായ ദൗത്യങ്ങള്‍ വിജയിപ്പിക്കുക, അങ്ങനെ നമ്മുടെ വിക്ഷേപണവാഹനങ്ങളുടെ കരുത്ത് ലോകത്തെ ബോധ്യപ്പെടുത്തുക എന്നതാണ് ഇവിടെയും ചെയ്യേണ്ടത്. മാത്രവുമല്ല. ബഹിരാകാശ ടൂറിസം, ഭാവിയുടെ വലിയൊരു മാര്‍ക്കറ്റ് ആണ്. ഈ മാര്‍ക്കറ്റില്‍ കളിക്കാന്‍ അതീവ വിശ്വാസ്യതയുള്ള റോക്കറ്റുകള്‍ ആവശ്യമാണ്. 2022 ല്‍ മനുഷ്യനെ ബഹിരാകാശത്ത് അയച്ച് ഈ രംഗത്തും നമുക്ക് കാലുറപ്പിക്കേണ്ടതുണ്ട്.
ഇങ്ങനെ ഒരുപാട് ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി കണ്ട്, വളരെ ദൂരവ്യാപകമായ ഫലങ്ങളില്‍ കണ്ണുനട്ടാണ് ഓരോ ബഹിരാകാശ പദ്ധതികളും ആസൂത്രണം ചെയ്യുന്നത്. ഇപ്പോള്‍ ചെയ്യുന്നത് നിക്ഷേപമാണ്. വളര്‍ന്നു വലുതായി ഒരു പണം കായ്ക്കുന്ന മരമല്ല, ഒരു വനം തന്നയാണ് പത്തുപതിനഞ്ചു കൊല്ലങ്ങള്‍ക്കപ്പുറം ഭാരതത്തെ കാത്തിരിക്കുന്നത്. അതിനുവേണ്ടി ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ശുക്രനിലേക്കും ഒക്കെ പേടകങ്ങള്‍ അയക്കേണ്ടി വരും. മനുഷ്യരെ ബഹിരാകാശത്തേക്ക് വിടേണ്ടി വരും. ശതകോടികള്‍ ഒഴുക്കേണ്ടി വരും ലക്ഷക്കണക്കിന് മനുഷ്യാധ്വാനം ചെലവാക്കേണ്ടി വരും. അങ്ങനെയാണ് സാങ്കേതിക വിദ്യകള്‍ വളര്‍ന്നത്. അങ്ങനെയാണ് ശാസ്ത്രം സാധാരണക്കാരന് പ്രാപ്യമായത്. കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും ഉണ്ടാക്കിയത്. അവന്റെ നിത്യജീവിതത്തെ കൂടുതല്‍ പ്രകാശമാനമാക്കിയത്.
ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു ഗോളാന്തര ദൗത്യം പിഴവുകളില്ലാതെ, സംശയാതീതമായി നടക്കാന്‍ ഏതറ്റം വെരയും പോകേണ്ടതുണ്ട്. നമ്മുടെ ശാസ്ത്രജ്ഞരുടെ സൂക്ഷ്മതയുടെയും കഴിവിന്റെയും തെളിവാണ് അവസാന നിമിഷങ്ങളിലെ ചെറിയ പിഴവുകള്‍ പോലും കണ്ടെത്താന്‍ സഹായകമായത്. അതുകൊണ്ടുതന്നെ നമുക്കവരെ പൂര്‍ണ്ണമായും വിശ്വസിക്കാം. ചാന്ദ്രയാന്‍ ചന്ദ്രന്റെ പ്രതലം ചുംബിക്കുക തന്നെ ചെയ്യും. അതിലൂടെ പുതിയ ചരിത്രങ്ങളുടെയും നേട്ടങ്ങളുടെയും വഴിത്താരകള്‍ തുറക്കപ്പെടുകയും ചെയ്യും.